സിനിമാക്കാരേയും പ്രതി ചേര്‍ക്കുക

നാലാംക്ലാസുകാരനെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊന്നു : ബിഹാറില്‍ ഒന്‍പതുകാരനെ പതിന്നാലുവയസ്സുള്ള കുട്ടികള്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദൂന്‍ അക്കാദമി സ്‌കൂളിലെ നാലാംക്ലാസ്‌ വിദ്യാര്‍ഥിയായ സത്യത്തിനെയാണ്‌ കൂട്ടുകാരും അയല്‍ക്കാരുമായ അവിനാശും മോനുവും ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയശേഷം കഴുത്തുഞെരിച്ചു കൊന്നത്‌. തട്ടിക്കൊണ്ടുപോകല്‍ വിഷയമാക്കിയ ‘അപഹരണ്‍’ എന്ന ചിത്രമാണ്‌ ഇതിന്‌ പ്രേരിപ്പിച്ചതെന്ന്‌ കുട്ടികള്‍ പോലീസിനോട്‌ പറഞ്ഞു.
– മാതൃഭൂമി.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ലോകം മുഴുവന്‍ സിനിമ എന്ന ഹിപ്നോടിക് മാദ്ധ്യമം ദുര്‍ബല മനസ്കരെ എന്തും ചെയ്യാന്‍ തയ്യാറാക്കുന്നുണ്ട്. “Heat”എന്ന ഇംഗ്ലീഷ് സിനിമ അങ്ങനെ ഒന്നാണ്. അങ്ങനെ എത്ര അനേകം. വലിയ കുറ്റകൃത്ത്യങ്ങള്‍ മാത്രമേ വാര്‍ത്ത ആകൂ. അല്ലാതെ വീടിനകത്തും പുറത്തും ഇവര്‍ പ്രേരിപ്പിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് കണ്ടെത്താന്‍ തന്നെ പ്രയാസം.

തീര്‍ച്ചയായും സിനിമ നിര്‍മ്മിച്ചവര്‍ക്കും സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും സിനിമ പ്രതിപാതിക്കുന്ന കുറ്റകൃത്ത്യങ്ങളില്‍ പങ്ക് ഉണ്ട്. അവരേയും കൂട്ടു പ്രതികളാക്കണം. ആ സിനിമകള്‍ വഴി അവര്‍ നേടിയ പണം അപകപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വിതരണം ചെയ്യുക.

പണത്തിന് വേണ്ടിയാണ് സിനിമ ഇതൊക്കെ ചെയ്യുന്നത്. സിനിമക്ക് വേണ്ടി നമ്മള്‍ പണം മുടക്കരുത്. എങ്കിലേ അവര്‍ ഇത്തരം മൃഗീയ സിനിമകള്‍ ഉണ്ടാക്കാതിരിക്കു.
വിനോദം സൗജന്യവും സ്വതന്ത്രവുമാക്കുക.

6 thoughts on “സിനിമാക്കാരേയും പ്രതി ചേര്‍ക്കുക

  1. അറിവില്ലാത്ത ഒരു കുട്ടി വൈക്കോൽ‌കൂനയ്ക്ക് തീയിട്ടതിനു തീപ്പെട്ടി നിരോധിക്കണോ? തീപ്പെട്ടി ഉണ്ടാക്കിയ ആളെ പ്രതിയാക്കണോ?

    താങ്കൾ ആനന്ദിന്റെ ‘ഗോവർദ്ധന്റെ യാത്രകൾ’ കഴിയുമെങ്കിൽ ഒന്നു വായിക്കൂ.

    കുറ്റകൃത്യങ്ങൾ പ്രതിപാദിക്കുന്ന സിനിമകൾ പ്രായപൂർത്തിയും പക്വതയും ഇല്ലാത്തവർക്കു കാണാൻ അവസരമൊരുക്കുന്നവരല്ലേ തെറ്റുകാർ?

    ഇനി, വിനോദം സൗജന്യവും സ്വതന്ത്രവുമാക്കിയാൽ ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാവുമോ?

  2. സിനിമ നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല. അവരെ പ്രതിചേര്‍ക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.

    സിനിമാക്കാര്‍ ഇതൊക്കെ ചെയ്യുന്നത് മനപ്പൂര്‍വ്വമല്ല. അവര്‍ക്ക് പണം വേണം അത്രമാത്രം. ഒരു സിനിമ എടുക്കുന്നതുവഴി സാമ്പത്തിക ലാഭം ഒന്നും ലഭിക്കില്ല എന്നുവന്നാല്‍ സിനിമ എന്ന കലയോട് ആത്മാര്‍ത്ഥ ഉള്ളവരു മാത്രം സിനിമ എടുക്കും. അങ്ങനെയുള്ളവര്‍ക്ക് മൃഗീയത വില്‍ക്കേണ്ട കാര്യമില്ല.

    ഒരാള്‍ മറ്റൊരാളെ പ്രേരിപ്പിച്ച് ഒരു കുറ്റകൃത്ത്യം നടത്തിയാല്‍ പ്രേരിപ്പിച്ച ആളും കുറ്റവാളിയാണ്. എന്നാല്‍ സിനിമ വഴി അത് ചെയ്താല്‍ എന്തുകൊണ്ട് അത് പ്രേരണാ കുറ്റം ആകുന്നില്ല? പരസ്യങ്ങള്‍ എന്തുകൊണ്ടാണ് സിനിമാ താരങ്ങളേയും മറ്റ് സെലിബ്രിറ്റികളേയും ഉപയോഗിക്കുന്നത്? സെലിബ്രിറ്റികക്ക് സമൂഹത്തില്‍ വലിയ പ്രാധാന്യം ഉള്ളതുകൊണ്ട് ആണ്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഷാരുഖ് ഖാനുമൊക്കെ കധാപാത്രങ്ങളായല്ല ജനങ്ങളുടെ മുമ്പില്‍ എത്തുന്നത്. അവര്‍ ആ വ്യക്തികളായി തന്നെ ആണ്.

    ഒരുവശത്ത് വിദ്യാഭ്യാസ വ്യവസ്ഥ തകര്‍ന്നു. കേരളം ഭേദമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കാര്യം വളരെ കഷ്ടമാണ്. ഏത് കല ആയാലും അത് അതായിട്ട് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സമൂഹത്തിന്റെ മുന്നിലേ അത് അവതരിപ്പിക്കാവൂ. പക്ഷേ എങ്ങനെ നമുക്കത് പ്രാവര്‍ത്തികമാക്കാം. എനിക്കറിയില്ല. ഒരുപക്ഷേ സൗജന്യവും സ്വതന്ത്രവുമായ വിനോദത്തിന് അത് കഴിയുമായിരിക്കും.

  3. ജഗദീഷിന്റെ ഈ അഭിപ്രായത്തോട് എനിക്കെന്തുകൊണ്ടോ യോജിക്കാന്‍ പറ്റുന്നില്ല. ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ പ്രോസ്പെക്റ്റഡ് ഓഡിയന്‍സ് ആരെന്ന് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകും… പടം ഏ ആണോ യൂ ആണോ എന്നൊക്കെ. ബ്ലഡ് ആന്‍ഡ് ഗോര്‍ ഉള്ള പടങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ അന്നും ഇന്നും ഏ സര്‍ട്ടിഫിക്കറ്റ് തന്നെയാണ്. അതിനാല്‍ തന്നെ, കുട്ടികളും ദുര്‍ബ്ബല ഹൃദയരും ഇത് കാണാതിരിക്കുകയാണ് നല്ലത്.

    കഴിയുമെങ്കില്‍ താങ്കള്‍ Hostel (3 parts), Saw (4 parts), final destination എന്നീ പടങ്ങള്‍ ഒന്നു കണ്ട് നോക്കൂ. ഹോസ്റ്റലും സായും കാണുമ്പോള്‍ തന്നെ ഒരുമാതിരി പെട്ടവന്റെ ഗ്യാസ് പോവും 🙂

  4. എനിക്കത് മനസിലാക്കാം സന്തോഷ്.

    സര്‍ട്ടിഫിക്കേറ്റ് നോക്കി സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വിവേകം എത്ര പേര്‍ക്ക് ഉണ്ട്? സ്വയം ദുര്‍ബല ഹൃദയര്‍ ആണെന്ന് ആര് അംഗീകരിക്കും? താനാരാണെന്ന് തിരിച്ചറിവുള്ളവര്‍ എന്ത് സിനിമ കണ്ടാലും ഒരു കുഴപ്പവുണ്ടാവില്ല. എന്നാല്‍ ആ സ്വഭാവം ഇന്ന് വളരെ കുറവാണ് ജനങ്ങള്‍ക്ക്.
    സ്വയം ആരെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇന്നത് വെറും തൊഴില്‍ നേടാനുള്ള സര്‍ടിഫിക്കേറ്റ് നല്‍കുന്ന സ്ഥാപനം എന്നതിലുപരി ഒന്നുമല്ല. ജനങ്ങള്‍ക്ക് ജീവിത വീക്ഷണം നല്‍കുന്നത് ഈ സിനിമയും മറ്റുമാണ്. അതോ സംവിധായകന്റേയോ തിരക്കഥാ കൃത്തിന്റേയോ വികലമായ ചിന്താഗതിയുടെ പ്രൊപഗണ്ട ആണ്

    നമ്മുടെ സിനിമകള്‍ പരസ്യപെടുത്തുന്നത് തന്നെ സകുടുംബ ചിത്രമെന്നാണ്. എങ്ങനെ ഒരേ സമയത്ത് തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള ചിത്രമാകും? കുട്ടി അഭിനയിച്ചെന്നുവെച്ച് ചിത്രം കുട്ടികളുടേതാവില്ല.

  5. കുറ്റകൃത്യങ്ങൾക്ക് പ്രേരണയുണ്ടാക്കുന്നതും കുറ്റം തന്നെ .സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ വേണ്ടത് തന്നെ. സമൂഹത്തിനു നല്ല സന്ദേശങ്ങൾ കൈമാറുന്ന സിനിമകൾ ഇന്ന് വളരെ വിരളമാണ് അക്രമ വാസനയും ഭീതിയും വിതക്കുന്ന തരത്തിലുള്ളത് നിരോധിക്കുക തന്നെ വേണം. കലയുടേ പേരിൽ എന്തുമാവാമെന്ന സ്ഥിതി നല്ലതല്ല.

ഒരു അഭിപ്രായം ഇടൂ