ആത്മീയ ധാര്‍മികത: ഞാറയ്ക്കല്‍ കോണ്‍വെന്റ് സ്കൂള്‍

കൊച്ചി: ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളെ മര്‍ദിച്ചതായി ആരോപിക്കപ്പെടുന്ന കേസില്‍ അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് തോമസ് ചക്യത്തും മൂന്ന് വൈദികരുമുള്‍പ്പെടെ 16 പേര്‍ക്കെതിരെ, കോടതി സമന്‍സ് പുറപ്പെടുവിച്ചു. 2009 ജനവരി 25-നാണ് ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റില്‍ സംഘര്‍ഷമുണ്ടായത്. കോണ്‍വെന്റ് സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പള്ളിയും കോണ്‍വെന്റും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കന്യാസ്ത്രീകളും പള്ളി അധികൃതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ സിസ്റ്റര്‍ റെയ്‌സി റോസിനെയും മറിയംകുട്ടി എന്ന അന്തേവാസിയേയും ആസ്​പത്രിയിലാക്കിയിരുന്നു.
-മാതൃഭൂമി. 01 Apr 2010

മര്‍ദനമേറ്റ കന്യാസ്‌ത്രീയായ സിസ്‌റ്റര്‍ റെയ്‌സി റോസ്‌ നല്‍കിയ അന്യായത്തില്‍ എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ്‌ തോമസ്‌ ചക്യത്തിന്റെ അറിവോടും പ്രേരണയോടെയുമാണു കോണ്‍വെന്റില്‍ അതിക്രമങ്ങള്‍ നടന്നതെന്നു പറഞ്ഞിട്ടുള്ളതിന്റെ അടിസ്‌ഥാനത്തിലാണു സഹായമെത്രാനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്‌. അക്രമികളോടൊപ്പമുണ്ടായിരുന്ന മൂന്നു വൈദികരും അവരുടെ സഹായികളുമാണു പന്ത്രണ്ടു പ്രതികളിലെ മറ്റുള്ളവര്‍.

വിദ്യാഭ്യാസ മേഖലയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റിലെ സംഭവവികാസങ്ങള്‍ ഇത്രയും വഷളായ സ്‌ഥിതിയിലെത്തുന്നതില്‍ ഒരുവിധത്തില്‍ ഉത്തരവാദികള്‍ കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നതിനു സംശയമില്ല. വൈദികരുടെ ഒരു സംഘവും കേരളത്തിനകത്തും പുറത്തുമുള്ള കന്യാസ്‌ത്രീകളടക്കമുള്ള ഒരു ദേശീയ സമിതിയും ഞാറക്കല്‍ സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തുകയുണ്ടായി. കന്യാസ്‌ത്രീ സമൂഹത്തോടു നീതി പുലര്‍ത്തിക്കൊണ്ടു ഞാറക്കല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കണമെന്നു മെത്രാന്‍ സമിതിയോടു വൈദിക അന്വേഷണസംഘം അഭ്യര്‍ഥിച്ചിരുന്നതാണ്‌. പക്ഷേ, അടുത്തകാലത്തായി സഭാ മേലദ്ധ്യക്ഷന്മാര്‍ അനുരഞ്‌ജനത്തിന്റെ പാത ഉപേക്ഷിച്ചു സംഘര്‍ഷത്തിന്റെ പാതയാണു സ്വീകരിച്ചിരിക്കുന്നതെന്നതുകൊണ്ട്‌ ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ സഭാ നേതൃത്വം തയാറായില്ല. അന്തിമമായി തങ്ങളുടെ അധികാരശക്‌തിക്കു മുമ്പില്‍ എല്ലാവരും കീഴടങ്ങിക്കൊള്ളുമെന്ന തെറ്റായ കണക്കുകൂട്ടലാണു സഭാ പിതാക്കള്‍ക്കുണ്ടായത്‌.

ഞാറക്കലില്‍ സി.എം.സി. എന്നു പേരുള്ള കര്‍മലീത്ത സന്യാസിനി സഭയുടെ വകയായി 1945-ല്‍ തുടങ്ങിയ ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂളിന്റെ ഉടമസ്‌ഥാവകാശത്തെച്ചൊല്ലിയാണ്‌ ഇടവക വികാരിയും സന്യാസിനി സമൂഹവും തമ്മില്‍ തര്‍ക്കമുണ്ടായത്‌. വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസില്‍ നടത്തിയ ചില തിരിമറികളുടെ അടിസ്‌ഥാനത്തില്‍ ഈ ഹൈസ്‌ക്കൂളിന്റെ ഉടമസ്‌ഥാവകാശം ഞാറക്കല്‍ സിറിയന്‍ പള്ളി വികാരി തട്ടിയെടുത്തു. ഇതിനെതിരായി കോണ്‍വെന്റിലെ കന്യാസ്‌ത്രീകള്‍ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. ഉന്നത വിദ്യാഭ്യാസ ഡയറക്‌ടര്‍ ഈ പരാതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തിയതിനു ശേഷം ഹൈസ്‌ക്കൂളിന്റേയും അനുബന്ധ വസ്‌തുക്കളുടേയും ഉടമസ്‌ഥാവകാശം സി.എം.സി. സമൂഹത്തിന്റെ മദര്‍ സുപ്പീരിയറില്‍ പുനഃസ്‌ഥാപിച്ചുകൊണ്ടും മദര്‍ സുപ്പീരിയറിനെ സ്‌കൂള്‍ മാനേജരായി അംഗീകരിച്ചുകൊണ്ടും സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. 2008 സെപ്‌റ്റംബറില്‍ പുറപ്പെടുവിച്ച ആ ഉത്തരവില്‍ രേഖകളില്‍ തിരിമറി നടത്തിയും വ്യാജരേഖകള്‍ സൃഷ്‌ടിച്ചും അധാര്‍മിക മാര്‍ഗങ്ങളിലൂടെയാണു സ്‌കൂള്‍ ഉടമസ്‌ഥത 1971-ല്‍ അതീവ രഹസ്യമായി പള്ളി വികാരിയിലേക്കു മാറ്റിയതെന്നു വ്യക്‌തമായി പറഞ്ഞിട്ടുണ്ട്‌.

നിയമക്കോടതികളും സര്‍ക്കാരും സന്യാസിനി സമൂഹത്തിന്റെ അവകാശം ശരിവച്ചതിനെത്തുടര്‍ന്നു നിയമപരമായി സ്‌കൂളിന്റെ ഉടമാവകാശം നഷ്‌ടപ്പെട്ട പള്ളി വികാരിയും അതിരൂപതയും മുഷ്‌ക്കിന്റേയും അധികാര ധാര്‍ഷ്‌ട്യത്തിന്റേയും ഗുണ്ടായിസത്തിന്റേയും അടിസ്‌ഥാനത്തില്‍ കന്യാസ്‌ത്രീകളില്‍ നിന്ന്‌ ആ ഉടമസ്‌ഥാവകാശം തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങളാണു ഞാറക്കല്‍ പ്രശ്‌നം സഭയ്‌ക്കാകമാനം അപമാനമുണ്ടാക്കുംവിധം വഷളാക്കിയതെന്ന്‌ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.

സമീപകാലത്തായി കത്തോലിക്കാ സഭാനേതൃത്വത്തിന്‌ പണത്തോടുണ്ടായ ആര്‍ത്തിയാണ്‌ ഈ സംഭവവികാസങ്ങള്‍ക്കെല്ലാം കാരണം. കന്യാസ്‌ത്രീകളില്‍നിന്ന്‌ സ്‌കൂളിന്റെ ഉടമസ്‌ഥാവകാശം കൈവശപ്പെടുത്തിയതിനുശേഷം കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടയില്‍ നടത്തിയ അധ്യാപക നിയമനത്തിലൂടെ കുറഞ്ഞത്‌ എണ്‍പത്തിയഞ്ചുലക്ഷം രൂപയെങ്കിലും പള്ളി വികാരിയും സഭാ നേതാക്കളും കൈക്കലാക്കിയിട്ടുണ്ടെന്നാണ്‌ സ്‌കൂള്‍ ഭരണം വീണ്ടും ഏറ്റെടുത്ത കന്യാസ്‌ത്രീകള്‍ പരസ്യമായി ആരോപിച്ചിരിക്കുന്നത്‌. അധ്യാപക നിയമനത്തിന്‌ കന്യാസ്‌ത്രീകളില്‍നിന്ന്‌ കോഴപ്പണം വാങ്ങാന്‍ കഴിയുകയില്ലെന്നതുകൊണ്ട്‌ കന്യാസ്‌ത്രീകളെ അധ്യാപകരാക്കുകയില്ലെന്ന നയമാണ്‌ സഭാനേതൃത്വം സ്വീകരിച്ചത്‌. ഒരുകാലത്ത്‌ 30 കന്യാസ്‌ത്രീകള്‍വരെ പഠിപ്പിച്ചിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ഇപ്പോള്‍ ആറു കന്യാസ്‌ത്രീകള്‍ മാത്രമാണ്‌ അധ്യാപകര്‍. അധ്യാപക നിയമനത്തിന്‌ കന്യാസ്‌ത്രീകളില്‍നിന്ന്‌ ലക്ഷങ്ങള്‍ കോഴ വാങ്ങാന്‍പറ്റില്ലല്ലോ?

ഈ കച്ചവട മനോഭാവത്തിന്റെ ഇരകളാണ്‌ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വന്റിലെ കന്യാസ്‌ത്രീകള്‍. സഭാ നേതൃത്വത്തിന്റെ നിലപാടും ആ നേതൃത്വത്തിന്‌ സന്യാസിനീ സമൂഹം പൂര്‍ണമായും കീഴടങ്ങണമെന്നും അവരുടെ അനുസരണക്കേട്‌ കൊടും പാപമാണെന്നുമാണ്‌. ഈവകകാര്യങ്ങളില്‍ എന്തുകൊണ്ടാണ്‌ സഭാനേതൃത്വം അനുരഞ്‌ജനത്തിന്റെ വഴി തേടാത്തത്‌?

ഞാറക്കല്‍ കോണ്‍വന്റിലെ വൈദികരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണത്തില്‍ തലയ്‌ക്കടിയേറ്റ്‌ ബോധംകെട്ടു വീണ സിസ്‌റ്റര്‍ റെയ്‌സിയുടെ ശിരോവസ്‌ത്രം അവര്‍ വലിച്ചൂരിയെന്നും അവരെ വീണ്ടും മര്‍ദിക്കുന്നത്‌ തടയാന്‍ ഓടിയെത്തിയ അനാഥയായ മറിയക്കുട്ടിച്ചേടത്തിയേയും അവര്‍ മര്‍ദിച്ചു എന്നുമാണ്‌ വൈദികരുടെ അന്വേഷണ സംഘം തയാറാക്കിയ സുദീര്‍ഘമായ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കന്യാസ്‌ത്രീകളെ ആരെങ്കിലും അലോസരപ്പെടുത്തിയാല്‍ അതിനെതിരേ പ്രതിഷേധറാലി നടത്താന്‍ വിശ്വാസികളോടു ആഹ്വാനം ചെയ്യുന്ന കേരളത്തിലെ മെത്രാന്‍ സമിതി ഇനിയെന്തു ചെയ്യും? കേരളത്തില്‍ വൈദികരുടെ സംഘംതന്നെ കന്യാസ്‌ത്രീകളെ മര്‍ദിക്കുന്നതിന്റെനേരെ മൗനമവലംബിക്കുന്ന മെത്രാന്‍ സമിതിക്ക്‌ ഇനി അന്യസംസ്‌ഥാനത്തെ കന്യാസ്‌ത്രീകളുടെ നേരെയുള്ള കൈയേറ്റങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ എന്താണ്‌ ധാര്‍മികമായ അര്‍ഹത.

ഇതിനേക്കാള്‍ ദുഃഖകരമല്ലേ കഴിഞ്ഞ ദുഃഖവെള്ളിയാഴ്‌ച പിറവത്തിനടുത്ത്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ രണ്ടു വിഭാഗം ൈക്രസ്‌തവ സഭാംഗങ്ങള്‍ തമ്മിലുണ്ടായ കൈയേറ്റവും തുടര്‍ന്നു പള്ളിക്കുള്ളില്‍ നടന്ന പോലീസ്‌ ലാത്തിച്ചാര്‍ജും. ദുഃഖവെള്ളിയാഴ്‌ച കുരിശില്‍ തറയ്‌ക്കപ്പെട്ടു കിടക്കുന്ന യേശുക്രിസ്‌തുവിനോടു പ്രാര്‍ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയാണത്രേ രണ്ടു വിഭാഗങ്ങള്‍ പള്ളിക്കകത്ത്‌ തമ്മില്‍ തല്ലിയത്‌. അന്തിമമായി ആ കൈയേറ്റത്തിനു പിന്നിലുള്ളതും അധികാരത്തിനും പണത്തിനുമായുള്ള ആര്‍ത്തിയാണ്‌.

– from chinthaabhaaram

ആലുവ: സഭാനേതൃത്വം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നാരോപിച്ച് സിസ്റ്റര്‍ ടീന ആലുവ മൗണ്ട് കാര്‍മല്‍ ജനറലേറ്റില്‍ നടത്തുന്ന ഉപവാസ സമരം ഒന്‍പതാം ദിവസം പിന്നിട്ടു. ഞാറയ്ക്കലില്‍ പള്ളി ഇടവകയും കന്യാസ്ത്രീകളും തമ്മിലുള്ള തര്‍ക്കത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്നതിനെ തുടര്‍ന്ന് സിഎംസി സഭ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സിസ്റ്റര്‍ ടീന ഉപവാസം നടത്തുന്നത്. സഭയിലെ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുപ്പിക്കാതെയും ഉത്തരവാദിത്വങ്ങള്‍ നല്‍കാതെയും അവഗണിക്കുകയാണെന്നും സിസ്റ്റര്‍ ആരോപിക്കുന്നു.
-മാതൃഭൂമി. 29 Sep 2010

കുറച്ചു നാള്‍ മുമ്പ് സ്വകാര്യ വിദ്യാലയങ്ങള്‍ നടത്തുന്നതിനേക്കുറിച്ചുള്ള ചര്‍ച്ച കേട്ടിരുന്നു. ധാര്‍മികത പഠിപ്പിക്കാനത്രേ ളോഹയിട്ട ഇടയന്‍മാര്‍ ശ്രമിക്കുന്നതെന്ന്. മുകളില്‍ പറഞ്ഞ ധാര്‍മികതയാണോ അച്ചായാ പഠിപ്പിക്കുന്നത്?

മതം സമൂഹത്തിന്റെ നന്മക്ക് വേണ്ടിയല്ല നിര്‍മ്മിച്ചിരിക്കുന്നത്. അത് അധികാരികള്‍ക്ക് സുഖകരായി ഭരിക്കാന്‍ അവസരം ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )