മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 16,010 കോടി രൂപ വായ്പ തിരിച്ചടയ്ക്കാന്‍ പൊതുമേഖല ബാങ്കുകള്‍ 16 വര്‍ഷത്തെ അവധി നല്കി. രാഷ്ട്രീയസമ്മര്ദത്തെതുടര്ന്നാണ് കോര്പറേറ്റുഭീമന് അനര്‍ഹമായ ഈ ആനുകൂല്യം അനുവദിച്ചത്. വായ്പത്തിരിച്ചടവ് കുടിശ്ശികകള്‍ പെരുകിയതിനാല്‍ പൊതുമേഖല ബാങ്കുകള്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന് പറയുന്നമ്പോള്‍ തന്നെയാണ് ഈ തീരുമാനം.
ഇതോടെ, അടുത്ത നാലുവര്‍ഷത്തിനകം കമ്പനി അടച്ചുതീര്‍ക്കേണ്ട 16,010 കോടി രൂപ 2031ഓടെ അടച്ചുതുടങ്ങിയാല്‍ മതി. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനിയായ റിലയന്‍സ് ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചറിനാണ് (ആര്‍ജിടിഐഎല്‍) ബാങ്കുകളില്‍നിന്ന് വന്‍ ഇളവ് ലഭിച്ചത്. മുകേഷ് അംബാനിയുടെ ഏതെങ്കിലും കമ്പനിക്ക് ഇത്തരത്തില്‍ വായ്പത്തിരിച്ചടവ് മൊറട്ടോറിയം ലഭിക്കുന്നത് ആദ്യം. കമ്പനി നിയന്ത്രണത്തിലുള്ള കൃഷ്ണ- ഗോദാവരി ഡിആറ് ബ്ലോക്കില്‍നിന്നുള്ള പ്രകൃതിവാതക ഉല്‍പ്പാദനം ഇടിഞ്ഞ സാഹചര്യത്തിലാണ് തിരിച്ചടവിന് ദീര്‍ഘകാല അവധിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ആന്ധ്ര തീരത്തെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന 1386 കിലോമീറ്റര്‍ പൈപ്പ്ലൈന് കൈകാര്യംചെയ്യുന്ന കമ്പനിയാണ്ആര്ജിടിഐഎല്. അംബാനിക്ക് 45.24 ശതമാനം ഓഹരിപങ്കാളിത്തമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ആര്ജിടിഐഎല്ലിന് ഈ ബിസിനസ് നല്‍കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍നിന്ന് മുകേഷ് അംബാനിക്ക് കഴിഞ്ഞവര്‍ഷം ലഭിച്ച ലാഭവിഹിതം മാത്രം 1464 കോടി രൂപ. സാങ്കേതികകാരണങ്ങളാലാണ് പ്രകൃതിവാതക ഉല്‍പ്പാദനം കുറഞ്ഞതെന്ന വിശദീകരണമാണ് മുമ്പ് റിലയന്‍സ് നല്‍കിയത്.
— സ്രോതസ്സ് deshabhimani.com