ഓര്‍മയിലുണ്ടാകണം ചോരയും കണ്ണീരും

എന്തൊരു ആഘോഷമായിരുന്നു! ഗള്‍ഫിലെ ശില്‍പ്പഭംഗിയാര്‍ന്ന മുസ്ലിംദേവാലയത്തിലേക്ക് ഭക്ത്യാദരനാട്യങ്ങളോടെ കടന്നുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചുറ്റും പരമ്പരാഗത അറേബ്യന്‍വേഷത്തില്‍ അതിസമ്പന്നരായ ഷേഖുമാര്‍. മോഡി ഷേഖുമാര്‍ക്ക് ഹസ്തദാനം നല്‍കുന്നു… മതിവരാതെ അവരെ ആലിംഗനംചെയ്യുന്നു…മുന്നിലെ ടെലിവിഷന്‍ സ്ക്രീനിന്‍ ഈ നാടകം കണ്ടിരിക്കെ എന്റെ മനസ്സിലേക്ക് കടന്നുവന്നത് അഹമ്മദാബാദിലെ നരോദപാട്യയിലുള്ള മറ്റൊരു മുസ്ലിംദേവാലയമാണ്. അതിനുള്ളില്‍ കത്തിക്കരിഞ്ഞുകിടക്കുന്ന നിരപരാധികളായ 20 മനുഷ്യരുടെ ശവശരീരങ്ങളാണ്.മുസ്ലിംരാഷ്ട്രങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്ന നരേന്ദ്ര മോഡി ഒരു നിമിഷം ഓര്‍ക്കുമോ

2002ല്‍ തന്റെ മൗനാനുവാദത്തോടെ മതഭ്രാന്തന്മാര്‍ വയര്‍പിളര്‍ന്നും കൈകാലുകള്‍ വെട്ടിയരിഞ്ഞശേഷം പെട്രോളൊഴിച്ച് കത്തിച്ചും ഗ്യാസ്സിലിണ്ടര്‍ സ്ഫോടനം നടത്തി വീടുമുഴുവന്‍ അഗ്നിക്കരിയാക്കിയും കൊന്നൊടുക്കിയ രണ്ടായിരത്തോളം മനുഷ്യജീവനുകളെ. ഒരു പാവം ഗര്‍ഭിണിയുടെ വയര്‍പിളര്‍ന്ന് ശൂലത്തില്‍ കുത്തിയെടുത്ത കുരുന്നിനെ. അച്ഛന്റെയും സഹോദരന്മാരുടെയും മുന്നില്‍ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും. ടാര്‍പൂശി പെരുവഴിയാക്കിയ ചരിത്രസ്മാരകം- ഉറുദുകവിതയുടെ പ്രകാശഗോപുരമായ വാലി ഗുജറാത്തിയുടെ കബര്‍. ഇല്ല അങ്ങനെ മറക്കാനിടയില്ല. കാരണം ഓരോ അതിക്രമവും മുന്‍കൂട്ടി ആസൂത്രണംചെയ്തതാണല്ലോ.

ഇന്ത്യയിലെ ഏത് മഹാനടനെയും വെല്ലുന്ന അഭിനേതാവാണ് നരേന്ദ്ര മോഡി. പക്ഷേ, അദ്ദേഹം യുഎഇയില്‍ അത്താഴവിരുന്നുകളില്‍ പങ്കെടുക്കുമ്പോള്‍ തന്റെ സ്വന്തം സംസ്ഥാനത്ത് അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയായിരുന്നു. ഗുജറാത്തിലെ ഭൂവുടമകളും കച്ചവടക്കാരുമായ പട്ടേല്‍സമുദായം സംവരണാവശ്യവുമായി തെരുവിലിറങ്ങാന്‍ തയ്യാറെടുക്കുന്ന വിവരം ഭരണകൂടം അറിഞ്ഞില്ല.

പട്ടേല്‍ സമരംപട്ടേല്‍സമുദായത്തെ അസ്വസ്ഥമാക്കിയത് സര്‍ക്കാര്‍ജോലിക്കുവേണ്ടിയുള്ള ആഗ്രഹമാണോ? ഗുജറാത്തിനെ അറിയുന്നവര്‍ അങ്ങനെ കരുതില്ല. കാരണം, തലമുറകളായി നല്ല സാമ്പത്തികസ്ഥിതിയുള്ളവരാണ് അവര്‍. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ പട്ടേലുകള്‍ക്കുണ്ട്. ഏതാനും മാസങ്ങളായി പട്ടേല്‍സമുദായത്തിനുള്ളില്‍ മറ്റൊരഗ്നിപര്‍വതം പുകയുന്നുണ്ട്. വ്യാപാരികളുടെ സഹജകൗശലത്തോടെ, അടിപിടികേസുകളില്‍പ്പോലും പെടാതെ കഴിഞ്ഞുകൂടിപ്പോന്ന അവരില്‍ അമ്പതോ അറുപതോ പേര്‍ ജീവപര്യന്തതടവിന് ശിക്ഷിക്കപ്പെട്ട് ഇരുമ്പഴിക്കുള്ളിലായിരിക്കുന്നു. 2002ലെ കലാപവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളിലായി 120 പേരെയാണ് കോടതി ശിക്ഷിച്ചത്. അവരില്‍ ഭൂരിപക്ഷം പട്ടേലുകള്‍. ആരുടെ പിന്‍ബലത്തിലാണോ തങ്ങള്‍ ശൂലവും പെട്രോള്‍ക്യാനുകളും ഗ്യാസ്സിലിണ്ടറുമായി തെരുവിലിറങ്ങി മുന്നില്‍വന്ന മുസ്ലിങ്ങളെയെല്ലാം കൊലപ്പെടുത്തിയത് അയാള്‍ പ്രധാനമന്ത്രിയായി സര്‍വ അധികാരങ്ങളോടെയും ഇരിക്കുന്നു. പട്ടേലുകളാകട്ടെ ജയിലിലും.

ഇന്ത്യാചരിത്രത്തില്‍ ഒരു വംശീയ ഉന്മൂലനകലാപത്തില്‍ ഇത്രയധികംപേരെ ശിക്ഷിക്കുന്നതുതന്നെ ആദ്യമായാണ്. കലാപത്തില്‍നിന്ന് മോഡിമാത്രം ലാഭമെടുത്തു എന്നാണവര്‍ പറയുന്നത്.തകര്‍ക്കാനാകാത്ത ആത്മവീര്യംവിരലിലെണ്ണാവുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളെ സജീവമാക്കുന്നു. കമ്യൂണലിസം കോംബറ്റ് മാസികയുടെ പത്രാധിപരായ ടീസ്റ്റ സെത്തല്‍വാദാണ് അതില്‍ മുമ്പന്തിയിലെന്ന് എല്ലാവര്‍ക്കുമറിയാം. സാധാരണയായി പറയാറുണ്ട്. “നരേന്ദ്ര മോഡിക്ക് ഒരാളോടേ സ്നേഹമുള്ളൂ. അത് നരേന്ദ്ര മോഡിയോടാണ്. അയാള്‍ക്ക് ഒരാളെ മാത്രമേ ഭയമുള്ളൂ. അത് ടീസ്റ്റ സെത്തല്‍വാദിനെയാണ്’ എന്ന്.

എത്രയോ വര്‍ഷമായി അധികാരത്തിന്റെ കരുത്തും ധാര്‍ഷ്ട്യവുമുപയോഗിച്ചുകൊണ്ട് നരേന്ദ്ര മോഡി ടീസ്റ്റയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, അവര്‍ അങ്ങനെ തളരില്ല. കാരണം, അവര്‍ ചെയ്യുന്ന ഒരു പ്രവൃത്തിയും അവര്‍ക്കുവേണ്ടിയല്ല. ഭരണകൂടങ്ങളോ ഫാസിസ്റ്റ് ശക്തികളോ ചവിട്ടിയരയ്ക്കുന്ന ഇരകള്‍ക്കുവേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും ടീസ്റ്റയുണ്ടാകും.കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു. ടീസ്റ്റയുടെ നേതൃത്വത്തിലുള്ള സബ്രംഗ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം മരവിപ്പിക്കാനാണിത്. നേരത്തെ രാജ്യാന്തരതലത്തില്‍ അംഗീകാരമുള്ള ഫോഡ് ഫൗണ്ടേഷനില്‍നിന്ന് ലഭിക്കുന്ന സംഭാവനകളുടെ വിനിയോഗം സംബന്ധിച്ച് ടീസ്റ്റയ്ക്കെതിരെ കേസെടുത്തിരുന്നു. ഭരണകൂടത്തിന്റെ പ്രചാരണവും മാധ്യമവാര്‍ത്തകളും കണ്ടാല്‍ ടീസ്റ്റ വലിയ സാമ്പത്തിക അഴിമതിനടത്തിയതുപോലെ തോന്നും. പക്ഷേ, സാമൂഹ്യസേവനത്തിനായി ലഭിച്ച തുക അതുമായി ബന്ധപ്പെട്ട ഓഫീസ് പ്രവര്‍ത്തനത്തിനുകൂടി വിനിയോഗിച്ചതിനാണ് കേസ്. വെറും സാങ്കേതികം.

ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കാനും ഒന്നരലക്ഷംപേരെ അഭയാര്‍ഥികളാക്കാനുമിടയാക്കിയ കലാപത്തിന്റെ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് അധികാരത്തിന്റെ പിന്‍ബലമൊന്നുകൊണ്ടുമാത്രം രക്ഷപ്പെട്ടുനില്‍ക്കുന്ന മോഡിയാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ സൃഷ്ടിക്കുന്നതെന്നോര്‍ക്കുക!രണ്ടായിരത്തിയഞ്ചുമുതല്‍ എനിക്ക് ടീസ്റ്റയെ അറിയാം. സാമൂഹ്യപ്രതിബദ്ധതകൊണ്ടുമാത്രമാണ് അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരിക്കുന്നത്. പണമുണ്ടാക്കാനാണെങ്കില്‍ അവര്‍ ഈ വഴി തെരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നില്ല. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലെ അത്യുന്നതനായ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ അറ്റോര്‍ണി ജനറലായ എം സി സെത്തല്‍വാദിന്റെ മകന്റെ മകളാണ്. തികഞ്ഞ നിരീശ്വരവാദി. സമ്പത്തിനൊന്നും കുറവില്ല. ബോംബെ ജൂഹുവില്‍ പരമ്പരാഗതമായി ലഭിച്ച വിശാലമായ പറമ്പിലാണ് വീട്. അതുതന്നെയാണ് പോരാട്ടങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സും!

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വനിതയെയാണ് നിയമക്കുരുക്കില്‍പ്പെടുത്തി പീഡിപ്പിക്കുന്നത്. അവര്‍ ചെയ്ത കുറ്റമോ. നിരാലംബരായ ഇരകള്‍ക്കുവേണ്ടി രംഗത്തിറങ്ങി എന്നതും.ബെസ്റ്റ് ബേക്കറി കേസില്‍ മുഖ്യസാക്ഷി സഹീറ ഷേഖിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മൊഴികൊടുപ്പിച്ചു എന്ന് ആരോപിച്ച് ടീസ്റ്റക്കെതിരെ കേസെടുത്തിരുന്നു. സുപ്രീംകോടതി ആ കേസില്‍ അവരെ വെറുതെവിടുകമാത്രമല്ല കള്ളം പറഞ്ഞതിന് സഹീറയെ ശിക്ഷിക്കുകയുംചെയ്തു. 18 ലക്ഷം രൂപ കൈപ്പറ്റിയാണ് സഹീറ ഷേഖ് മൊഴിമാറ്റപ്പറഞ്ഞതെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തി. ബെസ്റ്റ് ബേക്കറി കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു. ടീസ്റ്റയുടെ പോരാട്ടത്തിന്റെ ഫലമായി 2000 കേസുകളില്‍ ഇങ്ങനെ പുനരന്വേഷണം നടക്കുന്നു. മോഡിക്ക് ഭയംതോന്നാന്‍ മറ്റെന്തെങ്കിലും വേണോ?

ഉദ്യോഗസ്ഥ പീഡനങ്ങള്‍ഇരകള്‍ക്കുവേണ്ടി നിലപാടെടുക്കുകയും ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ വേട്ടയാടുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിച്ച നാനാവതി കമീഷന് വിവരങ്ങള്‍ നല്‍കിയെന്നതിന്റെ പേരിലാണ് ഇപ്പോള്‍ എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒരു ജുഡീഷ്യല്‍ കമീഷന് സത്യം മനസ്സിലാക്കാന്‍ സഹായിക്കുന്ന വിവരംനല്‍കുന്നത് കുറ്റമായി കണക്കാക്കുന്നത് ഫാസിസമാണ്. ജനാധിപത്യത്തിന്റെ രീതി അതല്ല. ഉദ്യോഗസ്ഥരുടെ സര്‍വീസ് ചട്ടങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ നടപടി. അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണല്‍ എനിക്കനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ ഇതുമായി ഹൈക്കോടതിയിലേക്ക് പോയി. അഡ്വക്കറ്റ് ജനറല്‍ നേരിട്ടാണ് ഹാജരായത്. ഒരുവര്‍ഷത്തിലധികമായി കേസ് മാറ്റിവയ്പിക്കാന്‍ സര്‍ക്കാര്‍ ശുഷ്കാന്തികാട്ടി! തങ്ങള്‍ക്കനുകൂലമായി വിധി ലഭിക്കുമെന്ന് ഉറപ്പായ ബെഞ്ചിലേക്ക് കേസ് വന്നുചേരാനായിരുന്നു ഈ തന്ത്രം.

ഹൈക്കോടതി വിധി പ്രതീക്ഷിച്ചതുതന്നെ. ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭിച്ചാലുടന്‍ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.ഗുജറാത്തില്‍ 30 പൊലീസ് ജില്ലകളാണ്. ഇതില്‍ കലാപകാലത്ത് ഒരു കൊലപാതകംപോലും നടക്കാത്ത ജില്ലകളുണ്ട്. ആ പ്രദേശത്തിന്റെ ചുമതലയുണ്ടായിരുന്ന പൊലീസ് ഓഫീസര്‍മാരുടെ ശരിയായ ഇടപെടലാണ് കാരണം. പക്ഷേ, അവരെല്ലാം സര്‍വീസില്‍ പിന്നീട് വലിയ വില കൊടുക്കേണ്ടതായി വന്നു. ഹിമാംശുഭട്ടിന്റെ കാര്യം ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗത്തിലെ ഓഫീസറായിരുന്നു ഭട്ട്. എംബിഎ ബിരുദധാരി. ഊരിയ വാളുമായി തന്റെ കണ്‍മുന്നില്‍ കലാപത്തിനു നേതൃത്വം നല്‍കിയ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി കൈകൊണ്ടതാണ് ഹിമാംശുവിന് വിനയായത്. സര്‍ക്കാരിന്റെ ദ്രോഹം സഹിക്കവയ്യാതെ സത്യസന്ധനായ ആ ഉദ്യോഗസ്ഥന്‍ അവധിക്കപേക്ഷിച്ചിട്ട് അതും നല്‍കിയില്ല. രണ്ടുംകല്‍പ്പിച്ച് ഹിമാംശു അമേരിക്കയിലേക്കുപോയി. അവിടെ ഗവേഷണംചെയ്യുന്നു.രാഹുല്‍ ശര്‍മയുടെ കഥയും വ്യത്യസ്തമല്ല. ഐഐടി ബിരുദധാരിയായ ശര്‍മ കലാപകാലത്ത് ഭാവ്നഗര്‍ പൊലീസ് സൂപ്രണ്ടായിരുന്നു. അവിടെ മുന്നൂറ്റമ്പതോളം അന്തേവാസികളുണ്ടായിരുന്ന യത്തീംഖാന ആക്രമിക്കാന്‍ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം എത്തി. അവരെ അതിനുവദിച്ചില്ലെന്നതാണ് രാഹുല്‍ ശര്‍മയോടുള്ള വിരോധത്തിനടിസ്ഥാനം.

സഞ്ജയ് ഭട്ടിന്റെ കഥ മാധ്യമങ്ങള്‍ വളരെ വിശദമായി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഐഎഎസ് ഉദ്യോഗസ്ഥരും മോഡിയുടെ ശത്രുതയ്ക്ക് പാത്രമായിട്ടുണ്ട്. ജെ എസ് റാണ ഗുജറാത്തിലെ ട്രാന്‍സ്പോര്‍ട്ട് കമീഷണറായി പ്രവര്‍ത്തിക്കുമ്പോള്‍, മോഡി തന്റെ രാഷ്ട്രീയപ്രചാരണത്തിന് സര്‍ക്കാര്‍ ബസ് ആവശ്യപ്പെട്ടു. റാണ ഇതിന് വഴങ്ങിയില്ല. സ്ഥലംമാറ്റങ്ങളുടെ പരമ്പരയായി പിന്നീട്. ഒടുവില്‍ റാണ സ്വയം വിരമിച്ചു.

കോണ്‍ഗ്രസ് ചെയ്തത്മോഡിയുടെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കിയവരില്‍ പലരും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനും പ്രിയങ്കരരായിരുന്നു. മോഡിക്ക് പ്രിയപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ഇ എസ് എല്‍ നരസിംഹനെ യുപിഎ സര്‍ക്കാര്‍ ഛത്തീസ്ഗഡ് ഗവര്‍ണറായി നിയമിച്ചു. ഗുജറാത്തിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ സുധീര്‍കുമാറിനെ അവര്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ അംഗമാക്കി. അഞ്ചുവര്‍ഷത്തേക്കുള്ള സ്ഥിരനിയമനമാണത്. സിഖ് കൂട്ടക്കൊലയ്ക്ക് ഒത്താശചെയ്ത അന്നത്തെ ദില്ലി പൊലീസ് ഓഫീസര്‍ നിഖില്‍കുമാറിനെ കേരള ഗവര്‍ണറായി നിയമിച്ച പാരമ്പര്യവും യുപിഎയ്ക്കുണ്ടല്ലോ. നാനാവതി കമീഷന്‍ഗോധ്ര തീവയ്പിനെയും പിന്നീട് ഗുജറാത്ത് കലാപത്തെയുംകുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. നീണ്ട 12 വര്‍ഷങ്ങള്‍ക്കുശേഷം !! 2002 മാര്‍ച്ചില്‍ കമീഷന്‍ പ്രവര്‍ത്തനം തുടങ്ങി. ആറുവര്‍ഷം കഴിഞ്ഞ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ഗോധ്ര തീവയ്പ് ആസൂത്രിതമെന്നായിരുന്നു കമീഷന്റെ കണ്ടെത്തല്‍. 25 തവണ കമീഷന്റെ കാലാവധി നീട്ടിനല്‍കി. നിയമിച്ചകാലത്തുതന്നെ ജസ്റ്റിസ് നാനാവതി മോഡിയുടെ ആളാണെന്ന് ആരോപണമുണ്ടായിരുന്നു. കമീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കാനാകും നാനാവതി ശ്രമിച്ചിട്ടുണ്ടാവുക എന്നതില്‍ ആര്‍ക്കും സംശയമില്ല.

— source deshabhimani.com by ആര്‍ ബി ശ്രീകുമാര്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s