നടന് വിനായകന് സംസ്ഥാന അവര്‍ഡ് കിട്ടി. വളരെ സന്തോഷം. കാരണം അദ്ദേഹത്തിന് കറുത്ത നിറമാണ്. കേരളത്തിലെ ജനങ്ങളുടെ 90% വും കറുത്തവരാണ്. സിനിമാക്കാരുടെ ആര്‍ഭാടം എന്നത് അവരുടെ പണം ആണ്. അതുകൊണ്ട് കറുത്തവനായ ദരിദ്ര വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയത് നല്ലത്. പക്ഷേ ഞാന്‍ സിനിമയുടെ ആളല്ല. ഏത് സിനിമ ആയാലും അത് സാമൂഹ്യദ്രോഹമാണ് ചെയ്യുന്നു എന്നാണ് എന്റെ പക്ഷം. എന്നാല്‍ അത് എന്തുകൊണ്ടെന്ന വിശദീകരിക്കുക വിഷമമാണ്, അതുപോലെ അതല്ല ഈ കുറിപ്പിന്റെ ലക്ഷ്യവും.
അവാര്‍ഡ് കിട്ടിയതിനാല്‍ അതുവരെ മറഞ്ഞിരുന്ന ക്യാമറയും, മൈക്കും അദ്ദേഹത്തിന് നേരെ തിരിഞ്ഞു. പല പച്ചയായ സത്യങ്ങളും അദ്ദേഹത്തിന് വിളിച്ച് പറയാന്‍ അതിനാല്‍ അവസരമുണ്ടായി. അതിന്റെ കൂട്ടത്തില്‍ കേട്ട ഒരു കാര്യമാണ് ഈ ലേഖനത്തിന് കാരണമായിരിക്കുന്നത്.
അയ്യന്‍കാളി ചെയ്തത് പോലെ തനിക്ക് ഒരു ഫെറാറി കാറില്‍ സ്വര്‍ണ്ണം കൊണ്ടുള്ള കിരീടം വെച്ച് പോകണം എന്ന് അദ്ദേഹം ആലങ്കാരികമായി പറയുകയുണ്ടായി. അഭിമുഖത്തിനിടയിലെ വെറുമൊരു അഭിപ്രായ പ്രകടനമെന്നതിലപ്പുറം അതിന് ഒരു രാഷ്ട്രീയമുണ്ട്. അദ്ദേഹം അത് ബോധപൂര്‍വ്വം പറഞ്ഞതല്ല. കാരണം നമ്മളേയെല്ലാം പഠിപ്പിച്ചിരിക്കുന്നത് അത്തരത്തില്‍ പ്രതികരിക്കാനാണ്.
പ്രശ്നങ്ങളെല്ലായിടത്തുമുണ്ട്. എന്നാല്‍ അത് അവനവന് വ്യക്തിപരമായി പരിഹരിക്കണം എന്നതാണ് പ്രചരിപ്പിക്കപ്പെടുന്നത രീതി. അതായത് നമ്മുടെ വ്യക്തിപരമായ കുറവുകള്‍ കൊണ്ടാണ് നമുക്ക് പ്രശ്നങ്ങളുണ്ടാവുന്നത് എന്ന് വരുത്തിത്തീര്‍ക്കുകയാണ് അധികാരികള്‍. ഈ ആഖ്യാനത്തിന് വലിയ ഗുണമുണ്ട്. അത് അധികാരികളെ പ്രശ്നത്തില്‍ നിന്ന് മറച്ച് വെക്കുന്നു. 2008 ല്‍ സാമ്പത്തിക തകര്‍ച്ചയുണ്ടായതിന് ശേഷം അമേരിക്കയില്‍ കോടിക്കണക്ക് വീടുകളാണ് ബാങ്കുകാര് ജപ്തി ചെയ്തത്. അത് ഇപ്പോഴും തുടരുന്നു. ഈ ജപ്തി അനുഭവിച്ച വീട്ടുകാര്‍ പോലും കള്ളന്മാരായ ബാങ്ക് മുതലാളിമാരെ പഴിക്കുന്നതിന് പകരം തങ്ങളെ തന്നെയാണ് പഴിക്കുന്നത്. എല്ലാ പ്രശ്നങ്ങളും നമ്മുടെ വിധി എന്ന് സമാധാനിക്കാനാണ് വ്യവസ്ഥ നമ്മേ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെ അല്ല എന്ന തോന്നലുണ്ടായാല്‍ ആളുകള്‍ ചോദ്യം ചെയ്യില്ലേ. അതൊഴുവാക്കണം.
നാമോരോരുത്തവരും വ്യക്തിപരമായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളില്‍ വ്യക്തിപരമായ ഒരു അംശമുണ്ടെങ്കില്‍ കൂടിയും അതൊരു സാമൂഹ്യ പ്രശ്നമാണ്. എന്നാല്‍ പീഡനമേല്‍ക്കുന്ന വ്യക്തിക്കോ സമൂഹത്തിനോ അതിന്റെ രാഷ്ട്രീയ, സാമൂഹ്യ വശങ്ങള് കണ്ടെത്താനുള്ള അവസരം ഒരിക്കലുമുണ്ടാകില്ല. അടിച്ചമര്‍ത്തലിന്റെ വേദനയില്‍ നിന്ന് എങ്ങനെയും രക്ഷ നേടുക എന്നതാണ് അവരുടെ ഏറ്റവും വലിയ ലക്ഷ്യം. ആ ശ്രമത്തില്‍ കുറച്ച് പേര്‍ക്ക് വിജയിക്കാനാകും. ആ വിജയങ്ങളെ വ്യവസ്ഥ പിന്നീട് ആ സമൂഹത്തിന്റെ വിജയമായി വരുത്തിത്തീര്‍ക്കും. ഒബാമ പ്രസിഡന്റായപ്പോള്‍ ലോകം മൊത്തം ആനന്ദാശ്രുക്കള്‍ പൊഴിച്ചതുപോലെ.
സമൂഹത്തില്‍ നാം അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനും ദാരിദ്ര്യത്തിനുമൊക്കെ പ്രതിവിധിയെന്നത് നമ്മള് അധികാരിയും സമ്പന്നനും ആകുക എന്നതാണെന്നും, കഠിനമായി അദ്ധ്വാനിച്ചാല്‍ നമുക്കത് നേടാനാവും എന്നും നിരന്തരം പ്രചരിപ്പിക്കുന്ന കാര്യമാണ്. അത്തരത്തില്‍ വിജയിക്കുന്ന ആളുകളുടെ കഥകള്‍ വലിയ മാധ്യമവാര്‍ത്തകാളാകാറുമുണ്ട്. ആ ജീവിത വിജയങ്ങള്‍ ഒരു സാധാരണ സംഭവങ്ങളായിരുന്നുവെങ്കില്‍ മാധ്യമവാര്‍ത്ത ആകുമായിരുന്നോ? അതായത് വിജയിക്കാനുള്ള നിതാന്ത ശ്രമത്തില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുകയാണ്.
ജോര്‍ജ് ബുഷ് ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ 3 ഷിഫ്റ്റ് പണിചെയ്യുന്ന കറുത്ത സ്ത്രീയെ പുകഴ്ത്തിക്കൊണ്ട്, എപ്പോഴാണ് അവര്‍ ഉറങ്ങുന്നതെന്ന് അത്ഭുതം പ്രകടിപ്പിച്ചു. അതേ നാം കഠിനമായി അദ്ധ്വാനിക്കുകയാണ്. അങ്ങനെ അദ്ധ്വാനിച്ച അദ്ധ്വാനിച്ച് ലോകത്തെ ഏറ്റവും താഴെയുള്ള 350 കോടി ജനങ്ങളുടെ സമ്പത്തിനേക്കാള്‍ കൂടുതല്‍ സമ്പത്ത് വെറും 8 പേരില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയിലെത്തി.
വില്ലുവണ്ടിയും ഫെറാറിയുമൊക്കെ വ്യവസ്ഥക്കകത്തെ വ്യക്തിപരമായ വിജയത്തിനപ്പുറം ഒരു സാമൂഹ്യമാറ്റമായി വ്യാഖ്യാനിക്കരുത്. അതത് വംശക്കാര്‍ക്ക് പൊങ്ങച്ചം പറഞ്ഞ് ആത്മനിര്‍വൃതിയടാം എന്ന് മാത്രം. എന്നാല്‍ അത്, ഇപ്പോള്‍ മാരുതി ഫാക്റ്ററിയിലെ സമരത്തില്‍ പങ്കെടുത്തനിന് കള്ളക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് വിധിക്കപ്പെട്ട തൊഴിലാളികളെ പോലെ, ദരിദ്രരുടെ ജീവിതവൃത്തിക്കായുള്ള പരക്കംപാച്ചിലില്‍ നിന്ന് ഊറ്റിയെടുക്കുന്നതാണ് ആ സമ്പത്തുകളെല്ലാം എന്ന് തിരിച്ചറിയുക.
സമൂഹത്തിലെ 80% ജനങ്ങളും പരമ ദരിദ്രരാണ്. മദ്ധ്യവര്‍ഗ്ഗമെന്ന് പറയുന്ന 19% പിന്നെ അതി സമ്പന്നരായ 1% വും. ഇതാണ് ലോകത്തെല്ലായിടത്തും സമൂഹത്തിന്റെ ഘടന. 80%ക്കാരില് കുറച്ച് പേര്‍ക്ക് മുകളിലത്തെ തട്ടിലേക്ക് കയറാന്‍ കഴിഞ്ഞെന്നു കരുതി, പിന്നേയും 80% അതുപോലെ നില്ക്കും. അവര്‍ക്ക് വേണ്ടത് അതാണ്. പണിചെയ്യാനുള്ള ബഹുഭൂരിപക്ഷവും അതിന്റെ ഗുണം അനുഭവിക്കാന്‍ ഒരു ചെറിയ ന്യൂനപക്ഷവും. ആ സാമൂഹ്യഘടന ഇല്ലാതാക്കുകയാണ് ശരിക്കും വേണ്ടത്. ഒറ്റക്കൊറ്റക്ക് മുകളിലേക്ക് കയറാന്‍ അനുവദിക്കുന്നത് അങ്ങനെയൊരു മാറ്റമുണ്ടാകാതിരിക്കാനാണ്.
ഇത് വിനായകനെതിരായ ഒരു വിമര്‍ശനമല്ല. പകരം ഇത് നമ്മളോടെല്ലാമുള്ള വിമര്‍ശനമാണ്. ദാരിദ്ര്യവും അടിച്ചമര്‍ത്തലുകളുമെല്ലാം സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളാണ്. അവക്ക് പരിഹാരം സാമൂഹ്യമായും രാഷ്ട്രീയമായുമേ കാണാനാവൂ. പക്ഷേ നമ്മേ അതില്‍ നിന്ന് തടയാനായി മുതലാളിത്തം എല്ലായ്പോഴും പൊതു പ്രശ്നങ്ങളെ വ്യക്തിപരമായ പ്രശ്നങ്ങളായി പ്രചരിപ്പിച്ച് വ്യക്തിപരമായി അതിന് പരിഹാരം കാണാന്‍ അത് നമ്മോട് ആവശ്യപ്പെടും. ആ തട്ടിപ്പ് നാം തിരിച്ചറിയണം. വിനായകനും, അദ്ദേഹത്തിന്റെ സമൂഹവും, നമ്മളെല്ലാവരും ഉള്‍പ്പെട്ട 99% ജനങ്ങളും ഒന്നിച്ച് വേണം പ്രവര്‍ത്തിക്കാന്‍. എന്നാല്‍ അത് 1% ക്കാരെ ശത്രുവായി കണക്കാക്കി അവര്‍ക്ക് എതിരായ സമരമല്ല. പകരം മുഴുവന്‍പേരും ഉള്‍പ്പെട്ട എല്ലാവര്ക്കും, മറ്റ് ജീവിജാലങ്ങള്‍ക്കും സുഖകരമായി ജീവിക്കാനുള്ള വ്യവസ്ഥ നിര്‍മ്മിക്കാനുള്ള സമാധാനപരമായ സാമൂഹ്യമാറ്റമാകണം. തിരിച്ചറിവാണ് അതിന്റെ ആയുധം. ഒന്നിച്ച് നാം വളരും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.