എൻജിനീയറിംഗിലെ കവിത

[ഈ ലേഖനത്തിലെ ആശയം ലേഖകന്റതാണ്.]

എഴുതിയത്: പ്രൊഫ്. (ഡോ:) സി. എം. നാരായണൻ

പലരും എന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട് : എൻജിനീയറിംഗിൽ കവിതയുണ്ടോ ? ഉണ്ട്, എന്നാണ് എൻറ്റെ ഉറച്ച ഉത്തരം. പക്ഷെ , നിങ്ങളിൽ മിക്കവരും ഇതിനോട് വിയോജിക്കുകയാണ് ചെയ്യുക എന്നെനിക്കറിയാം , പലരും ഇത് കേട്ട് ഒരു നല്ല ഫലിതമായി കരുതി ഉറക്കെ ചിരിച്ചെന്നും വരാം. തുറന്നു പറയട്ടെ , അവരെ ഞാൻ പൂർണ്ണമായും കുറ്റപ്പെടുത്തുന്നുമില്ല.

എൻജിനീയറിംഗ് എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിവരുന്നത് എന്തൊക്കെയാണ് ? കറുപ്പും മഞ്ഞയും കലർന്ന പുക തുപ്പുന്ന അംബരചുംബികളായ കുറേ ചിമ്മിനികളോ, ശബ്ദമുഖരിതമായ, പൊടിപടലങ്ങൾ നിറഞ്ഞ ഭീമാകാരത്തിലുള്ള വർക്ക്ഷോപ്പുകളോ, കത്തിജ്വലിക്കുന്ന ചുളകളോ ആകാനാണ് സാധ്യത. ഒരു എൻജിനീയറിംഗ് പ്രൊഫസ്സറെ കുറിച്ച് നിങ്ങളുടെ മനസ്സിലുള്ള ചിത്രം എന്താണ്? പഞ്ഞിപോലെ നരച്ച തലമുടിയും ചുളിവുകൾ വീണ മുഖവുമുള്ള, കലങ്ങിച്ചുവന്ന കണ്ണുകളോടെ ലാപ്ടോപ്പിലേക്കും നോക്കിയിരുന്ന് അനേകായിരം അക്കങ്ങളോടും സമവാക്യങ്ങളോടും മണിക്കൂറുകളോളം സല്ലപിക്കുന്ന ഒരു മധ്യവയസ്‌കൻ, അല്ലേ ? നിങ്ങളെല്ലാവരുടേയും ഉത്തരം അതെ എന്നാണെന്ന് എനിക്കറിയാം.

ലോകത്തിലെ ഏറ്റവും മഹത്തായ പ്രൊഫഷൻ ആണ് എൻജിനീയറിംഗ്. എന്നാൽ ജനങ്ങളുടെ ഇടയിൽ ഏറ്റവും അധികം മിഥ്യാധാരണകളും അബദ്ധധാരണകളും ഉള്ളതും ഈ പ്രൊഫഷനെക്കുറിച്ചു തന്നെ ആണ്.

എൻജിനീയറിംഗിൽ കവിതയുണ്ട്, എൻജിനീയർ (ശ്രദ്ധിക്കുക, ഞാൻ ഉദ്ദേശിക്കുന്നത് ഒരു യഥാർത്ഥ എൻജിനീയറെ ആണ്, ഒരു വെറും എൻജിനീയറിംഗ് ബിരുദധാരിയെ അല്ല ) ഒരു ഭാവനാസമ്പന്നനായ കവിയും കലാകാരനും കൂടിയാണ് എന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞാൽ നിങ്ങളിൽ പലർക്കും ബോധ്യമായില്ലെന്ന് വരും. ഇത് തെളിയിക്കുവാൻ (വസ്തുനിഷ്ഠമായിത്തന്നെ തെളിയിക്കുവാൻ) നമുക്ക് ചില ചോദ്യങ്ങൾ ചോദിക്കാം , അതിനുള്ള ഉത്തരങ്ങൾ കണ്ടുപിടിക്കുകയും ചെയ്യാം.

ചോദ്യം ഒന്ന് : താജ് മഹൽ നിർമ്മിച്ചത് (താജ് മഹലിന് രൂപകൽപ്പന നൽകിയത്) ആരാണ് ?

ഉത്തരം : എല്ലാ സ്‌കൂൾ വിദ്യാർത്ഥികളും ഏകകൺഠമായി ഉത്തരം പറയും : ഷാജഹാൻ. അവരെ ഞാൻ കുറ്റം പറയുകയില്ല. കാരണം, ഈ ഉത്തരം പറഞ്ഞാൽ മാത്രമേ അവരുടെ ടീച്ചർ അവർക്ക് നൂറ് ശതമാനം മാർക്ക് കൊടുക്കുകയുള്ളു. പക്ഷെ , ഷാജഹാൻ ചക്രവർത്തിക്ക് ശില്പകല ഒട്ടുംതന്നെ അറിയില്ലായിരുന്നു എന്നുള്ളതാണ് നിർഭാഗ്യകരമായ പരമാർത്ഥം. ശില്പകലയിലോ , ആർക്കിടെക്ച്ചറിലോ ഷാജഹാന് യാതൊരു പ്രാവീണ്യവും ഉണ്ടായിരുന്നില്ല. താജ് മഹലിൻറ്റെ നിർമ്മാണത്തിന് ഉത്തരവ് നൽകിയതും അതിനുള്ള ധനച്ചെലവ് വഹിച്ചതും ഷാജഹാൻ ചക്രവർത്തി ആയിരുന്നു എന്നുള്ളത്‌ വാസ്തവമാണ്. എന്നാൽ താജ് മഹൽ നിർമ്മിച്ചതും അതിന് രൂപകൽപ്പന നൽകിയതും ഉസ്താദ് ഇസ എന്ന മഹാനായ ശിൽപ്പിയാണ് (അതിന് ഷാജഹാൻ ചക്രവർത്തി അദ്ദേഹത്തിന് നൽകിയ പാരിതോഷികം അദ്ദേഹത്തിൻറ്റെ വലത് കൈ ഛേദിപ്പിച്ച് കളയുകയായിരുന്നു എന്ന ക്രൂരമായ സത്യം നമുക്ക് വിസ്മരിക്കുക).

ചോദ്യം രണ്ട് : അപ്പോൾ ഉസ്താദ് ഇസയെ നാം എന്ത് വിളിക്കണം ? ശിൽപ്പിയെന്നോ , എൻജിനീയറെന്നോ , കലാകാരനെന്നോ ?

ഉത്തരം : പലർക്കും ഇതിന് ഉത്തരം നൽകുവാൻ പ്രയാസമായിരിക്കും. എന്നാൽ എൻറ്റെ ഉത്തരം തീർത്തും ലളിതമാണ് : അദ്ദേഹം ഒരു നല്ല കലാകാരനായിരുന്നു, ഒരു സമർത്ഥനായ എൻജിനീയർ ആയിരുന്നു, അതേ സമയം ഭാവനാശാലിയായ ഒരു ശില്പിയും. വലത് കരം ഛേദിപ്പിക്കപ്പെട്ട്, രക്തത്തിൽ കുളിച്ച് വേദനയോടെ പിടയുമ്പോൾ, ഉസ്താദ് ഇസ പറഞ്ഞുവത്രെ : “ചക്രവർത്തി തിരുമനസ്സേ , താജ് മഹൽ പൂർത്തിയായിട്ടില്ല. അതിൻറ്റെ മേൽക്കൂരയിൽ ഒരു ചെറിയ ദ്വാരം ഇപ്പോഴും ബാക്കിയുണ്ട്. യമുനാതീരത്ത് മഴ പെയ്യുമ്പോൾ ആ ദ്വാരത്തിലൂടെ വെള്ളത്തുള്ളികൾ താങ്കളുടെ ശവകുടീരത്തിലേക്ക് ഇറ്റിറ്റ് വീണുകൊണ്ടിരിക്കും, ഉസ്താദ് ഇസയുടെ കണ്ണുനീർതുള്ളികളായി “.

കരിങ്കൽഭിത്തികളുടെ ഇരുവശത്തും മാർബിൾ ഫലകങ്ങൾ പതിച്ചാണ് താജ് മഹൽ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അത്രയും കട്ടിയുള്ള ഒരു ഭിത്തിയിലൂടെ, ഒരു സൂക്ഷ്മസുഷിരം ഭിത്തിക്ക് യാതൊരു കേടുപാടുകളും വരുത്താതെ എങ്ങിനെ നിർമ്മിക്കുവാൻ കഴിഞ്ഞു എന്നുള്ളത് ഇന്നത്തെ ലോകപ്രസിദ്ധരായ എഞ്ചിനീയർമാരെപ്പോലും അതിശയിപ്പിച്ചിട്ടുള്ള ഒരു വസ്തുതയാണ്. താജ് മഹൽ, അപ്പോൾ, ഒരു ശില്പകലാത്ഭുതം മാത്രമല്ല, ഒരു എൻജിനീയറിംഗ് പ്രതിഭാസം കൂടിയാണ്. എൻജിനീയറിംഗിൽ ബിരുദം നേടിയിട്ടില്ലെങ്കിലും ഉസ്താദ് ഇസയെ ഒരു മഹാനായ എൻജിനീയർ എന്ന് വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ല (ഉസ്താദ് ഇസയുടെ ഈ കണ്ണുനീർ തുള്ളികൾ കാലവർഷക്കാലത്ത് ഞാൻ പലകുറി കണ്ടിട്ടുണ്ട്, വിദേശസഞ്ചാരികളും സന്ദർശകരും ഇത് കണ്ട് അത്ഭുതസ്തബ്ധരായിട്ടുണ്ട്. പൗർണ്ണമി നിലാവിൽ യമുനയുടെ ഓളങ്ങളിൽ താജ് മഹൽ എന്ന മാർബിൾ സ്മാരകം പൂർണ്ണമായും പ്രതിബിംബിക്കുന്നത് ഉദ്വേഗപൂർണ്ണമായ കാഴ്ചയാണ്. അതേസമയം ശവകുടീരത്തിൽ നിപതിക്കുന്ന ഈ വെള്ളത്തുള്ളികൾ ഉളവാക്കുന്നതോ മഹാനായ ആ ശില്പിക്ക് ലഭിച്ച ക്രൂരമായ പ്രതിഫലത്തെക്കുറിച്ച് ഓർക്കുമ്പോഴുണ്ടാകുന്ന ഹൃദയം കീറിമുറിക്കുന്ന വേദനയും).

ചോദ്യം മൂന്ന് : മോണാ ലിസ എന്ന സ്വപ്നസുന്ദരിയുടെ മനോഹരമായ ചിത്രം രചിച്ച ലിയനാഡോ ഡാവിൻസി ഒരു സമർത്ഥനായ എൻജിനീയർ കൂടി ആയിരുന്നില്ലേ ?

ഉത്തരം : തീർച്ചയായും ആയിരുന്നു. അദ്ദേഹം തൻറ്റെ ചെറിയ വർക്ക്ഷോപ്പിൽ വിമാനങ്ങൾ വരെ നിർമ്മിച്ചിരുന്നു, റൈറ്റ് സഹോദരന്മാർ ഇവ കണ്ടുപിടിക്കുന്നതിന്ന് വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ. അദ്ദേഹത്തിൻറ്റെ ഇത്തരം നിർമ്മിതികൾക്കും കണ്ടുപിടിത്തങ്ങൾക്കും വേണ്ടത്ര പ്രസിദ്ധിയോ പ്രചാരമോ ലഭിച്ചില്ല എന്നുള്ളത് നിർഭാഗ്യകരമായ ഒരു പരമാർത്ഥമാണെങ്കിലും, പ്രഗത്‌ഭനായ ഈ ചിത്രകാരൻറ്റെ ഭാവനയിൽനിന്നും കലോപാസനാശേഷിയിൽനിന്നുമാണ് ഈ സാങ്കേതിക കണ്ടുപിടിത്തങ്ങൾ രൂപം കൊണ്ടിട്ടുള്ളത് എന്ന വസ്തുത നാം ഇവിടെ വിസ്മരിച്ചുകൂടാ, അദ്ദേഹത്തിൻറ്റെ കലാപരമായ ഭാവനാശേഷിയാണ് ഇത്തരം കണ്ടുപിടിത്തങ്ങൾ നടത്തുവാൻ അദ്ദേഹത്തെ സഹായിച്ചിട്ടുള്ളത് എന്നുള്ളതും.

ചോദ്യം നാല് : അപ്പോൾ എൻജിനീയറിംഗിൽ കലയുണ്ട്, കവിതയുണ്ട്. കലയും എൻജിനീയറിംഗും ഒരേ ഞെട്ടിയിലെ രണ്ട് പുഷ്പങ്ങളാണ്, ശരിയല്ലേ ?

ഉത്തരം : തീർച്ചയായും അതെ. ഒരു യഥാർത്ഥ എൻജിനീയർ (എൻജിനീയറിംഗ് ബിരുദധാരി മാത്രമായാൽ പോരാ) ക്രാന്തദർശിയായ ഒരു കലാകാരൻ കൂടിയാണ്, സൗന്ദര്യനിരീക്ഷകൻ കൂടിയാണ്. പ്രകൃതിയിലെ നിറങ്ങളും വർണ്ണങ്ങളും, ചലനങ്ങളും നാദങ്ങളും അദ്ദേഹത്തെ ആവേശഭരിതനാക്കുന്നു. അതുകൊണ്ടുതന്നെ, പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുവാനും ഗവേഷണം ചെയ്യുവാനും അയാൾ വളരെ ഉത്സുകനായിത്തീരുന്നു. കടൽതീരത്ത് ഇരുന്ന് സൂര്യാസ്തമനം കണ്ട് ആസ്വദിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, അസ്തമയ സൂര്യൻറ്റെ സ്വർണ്ണകിരണങ്ങൾ പതിച്ച് തിരമാലകൾ വെട്ടിത്തിളങ്ങുന്നത് കാണുമ്പോൾ, നിങ്ങൾ ആലോചിച്ചിട്ടുണ്ടോ സൂര്യഗോളത്തിൽ നടക്കുന്ന അഭൂതപൂർവമായ താപ അണുസംയോജന പ്രക്രിയകളെ (thermonuclear fusion reactions ) കുറിച്ച്, ഈ കിരണങ്ങൾ വഴി ഭൂമിയുടെ പ്രതലത്തിൽ എത്തിച്ചേരുന്ന അപാരമായ താപോർജ്ജത്തെ (ഒരു സെക്കൻഡിൽ ഏതാണ്ട് പതിനായിരം ട്രില്യൺ ജൂൾസ് എന്ന കണക്കിൽ) കുറിച്ച്, ഈ കിരണങ്ങളിൽ അടങ്ങിയിട്ടുള്ള കത്തിജ്വലിക്കുന്ന അനേകായിരം കോസ്മിക് കണികകളെ കുറിച്ച്? ഒരു എൻജിനീയർ എന്ന നിലയിൽ ഇത്തരം ചിന്തകൾ ധാരാളമായി എൻറ്റെ മസ്തിഷ്ക്കത്തിലൂടെ കടന്നു പോയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് (2012 – ൽ) ഞാനും എൻറ്റെ സഹപ്രവർത്തകരും അമേരിക്കയിലെ ഫിലഡെൽഫിയയിൽ ഒരു അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കുവാൻ പോയപ്പോൾ, ലോകപ്രസിദ്ധമായ നയാഗ്രാ വെള്ളച്ചാട്ടം സന്ദർശിക്കുകയുണ്ടായി. കണ്ണെത്താത്ത ഉയരങ്ങളിൽ നിന്നും താഴേക്ക് ഉഗ്രശക്തിയോടെ നിപതിക്കുന്ന ഈ ഭയാനകമായ വെള്ളച്ചാട്ടം കണ്ടുകൊണ്ടിരിക്കുമ്പോൾ (നേരിട്ടോ, ഇൻറ്റർനെറ്റ് വഴിക്കോ), നിങ്ങൾ എപ്പോഴെങ്കിലും കണക്കുകൂട്ടുവാൻ ശ്രമിച്ചിട്ടുണ്ടോ ഇത്രയും ജലഭാരത്തിൽ നിന്നും ഉത്പ്പാദിപ്പിക്കാവുന്ന അനേകലക്ഷം ടൺ ഹൈഡ്രജൻ ഗ്യാസിൻറ്റെ അളവിനെക്കുറിച്ച്, ഈ ജലവിസ്മയത്തിൽ അടങ്ങിയിട്ടുള്ള മുപ്പത് മുക്കോടി മൈക്രോബുകളെ കുറിച്ചോ ഇതിൽ നിന്ന് ലഭ്യമാകാവുന്ന കണക്കില്ലാത്ത ജലവൈദ്യുതിയെ (hydroelectric power) കുറിച്ചോ ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? പ്രകൃതിയെ സ്നേഹിക്കുന്നവനാണ് ഒരു യഥാർത്ഥ എൻജിനീയർ, പ്രകൃതിയിൽ നിന്ന് അവൻ പലതും പഠിക്കുന്നു, പ്രകൃതിരഹസ്യങ്ങൾ അവനെ പ്രചോദിതനാക്കുന്നു.

ചോദ്യം അഞ്ച് : അങ്ങിനെയാണെങ്കിൽ ഈ ഭൗതികലോകത്ത് ജീവൻ തുടിക്കുന്നതും നിലനിൽക്കുന്നതും വികസിക്കുന്നതും എൻജിനീയർ കാരണമാണെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തി ആവില്ലല്ലോ ?

ഉത്തരം : ഇല്ലേ , ഇല്ല. മറിച്ച് അതാണ് തികഞ്ഞ പരമാർത്ഥവും. സമൂഹത്തിൽ ശുചിത്വവും ആരോഗ്യവും ഉണ്ടെങ്കിൽ ഡോക്ടർമാർക്ക് (വൈദ്യന്മാർക്ക്) തൊഴിലില്ലാതായിത്തീരും. രോഗശമനത്തേക്കാൾ എത്രയോ ഫലപ്രദമാണ് രോഗപ്രതിരോധം (Prevention is better than cure). തുറന്ന് പറയട്ടെ, കഴിഞ്ഞ നാൽപ്പത് വർഷങ്ങൾക്കുള്ളിൽ കേവലം രണ്ട് പ്രാവശ്യം മാത്രമാണ് ഞാൻ ഒരു ഡോക്ടറെ സന്ദർശിച്ചിട്ടുള്ളത് (അതും എൻറ്റെ മക്കളുടെ നിർബ്ബന്ധം കാരണം). അതുപോലെ, നിങ്ങൾക്ക് ഒരു വക്കീലിൻറ്റെ ആവശ്യം വരുന്നത് കലഹങ്ങളും കലാപങ്ങളും ഉണ്ടാകുമ്പോഴാണ്. സമൂഹത്തിൽ പരസ്പര ധാരണയും വിശ്വാസവും നിലനിൽക്കുന്നുണ്ടെങ്കിൽ വക്കീലന്മാരും തൊഴിലില്ലാത്തവരായി തീരും. എന്നാൽ, എൻജിനീയർമാർ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് സ്വപ്നം കാണുവാൻ പോലും സാധ്യമല്ല. ഡോക്ടർ മരുന്നുകളുടെ പേരെഴുതി തരുന്നു (സാധാരണയായി, ഡോക്ടർക്ക് മാത്രം വായിക്കാവുന്ന ഒരു കൈയക്ഷരത്തിൽ), എന്നാൽ ഈ മരുന്നുകൾ നിർമ്മിക്കപ്പെടുന്നത് എൻജിനീയറുടെ വ്യവസായശാലയിലാണ്. ഡോക്ടർ ധരിക്കുന്ന വസ്ത്രങ്ങളും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും ആശുപത്രി നിർമ്മിക്കുവാൻ ഉപയോഗിച്ചിട്ടുള്ള സിമൻറ്റും കോൺക്രീറ്റും എല്ലാം എൻജിനീയർമാർ ഉത്പ്പാദിപ്പിക്കുന്നവയാണ്. ഒരു വക്കീലിന് നിങ്ങളുടെ വസ്തുതർക്കം പരിഹരിക്കുവാൻ കഴിഞ്ഞെന്നിരിക്കും. എന്നാൽ നിങ്ങളുടെ വസ്തുവിൽ (ഭൂമിയിൽ) കൃഷി ചെയ്യുവാൻ, ഭക്ഷണം ഉത്പ്പാദിപ്പിക്കുവാൻ, നിങ്ങൾക്ക് രാസവളങ്ങൾ വേണം, കീടനാശിനികൾ വേണം, ജലസേചനത്തിന്നുള്ള പമ്പുകൾ വേണം, കാർഷികോത്‌പ്പന്നങ്ങൾ വിതരണം ചെയ്യുവാൻ വാഹനങ്ങൾ വേണം, വാഹനങ്ങൾ ഓടിക്കുവാൻ ഇന്ധനങ്ങൾ വേണം. ഇതെല്ലം ലഭ്യമാകുന്നത് ഒരു എൻജിനീയറുടെ പണിശാലയിൽ നിന്നാണ്. നിത്യജീവിതത്തിൽ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ പദാർത്ഥങ്ങളും , നിങ്ങൾ കഴിക്കുന്ന ഭക്ഷണം, നിങ്ങൾ കുടിക്കുന്ന ശുദ്ധജലം, നിങ്ങൾ താമസിക്കുന്ന ഭവനം, നിങ്ങൾ സഞ്ചരിക്കുന്ന വാഹനം, മൊബൈൽ ഫോണും ടെലിവിഷനും മൈക്രോ ഓവനും തുടങ്ങി നിങ്ങൾക്ക് ഒഴിച്ചുകൂടാത്ത, നിങ്ങൾക്ക് ഉല്ലാസം പകരുന്ന, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ, നിങ്ങൾ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധന സാമഗ്രികൾ, മരുന്നുകൾ, നിങ്ങൾ ധരിക്കുന്ന വർണ്ണശബളങ്ങളായ വസ്ത്രങ്ങൾ, നിങ്ങളുടെ ആത്മമിത്രങ്ങളായ പത്രങ്ങളും പുസ്തകങ്ങളും കടലാസുകളും, എന്നുവേണ്ട നിങ്ങൾക്ക് സ്പർശിക്കാവുന്ന, രുചിക്കാവുന്ന, ദർശിക്കാവുന്ന, മണക്കാവുന്ന എല്ലാ വസ്തുക്കളും പദാർത്ഥങ്ങളും എൻജിനീയറിംഗ് പ്രൊഫഷൻറ്റെ നിർമ്മിതികളാണ്, ഉത്പ്പന്നങ്ങളാണ്.

ചോദ്യം ആറ്: അപ്പോൾ ആരാണ് ഈ ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ എൻജിനീയർ ?

ഉത്തരം : ഇതിന് തൃപ്തികരമായ ഒരു ഉത്തരം പറയുവാൻ സാധ്യമല്ല എന്നായിരിക്കും നിങ്ങളിൽ മിക്കവരുടേയും പ്രതികരണം. എന്നാൽ, ഇവിടേയും എൻറ്റെ ഉത്തരം വളരെ ലളിതമാണ് : ഈ ലോകത്തിലെ , ഈ പ്രപഞ്ചത്തിലെ തന്നെ , ഏറ്റവും മഹാനായ എൻജിനീയർ ബ്രഹ്മാവ് അഥവാ ബ്രഹ്മദേവൻ ആണ്. കാരണം, ലോകത്തിലെ ഏറ്റവും മികച്ച എൻജിനീയറിംഗ് പ്രതിഭാസമായ മനുഷ്യശരീരം സൃഷ്ടിച്ചത് അദ്ദേഹമാണെന്നാണല്ലോ പറയപ്പെടുന്നത്. മനുഷ്യശരീരത്തേക്കാൾ മികവേറിയ ഒരു രാസവ്യവസായശാല (chemical plant) അഥവാ എൻജിനീയറിംഗ് നിർമ്മിതി ഇതുവരെ ഉണ്ടായിട്ടില്ല. നമ്മുടെ മുഷ്ടിയുടെയത്ര മാത്രം വലുപ്പമുള്ള നമ്മുടെ ഹൃദയം, എൻജിനീയറിംഗ് ഭാഷയിൽ പറഞ്ഞാൽ, ഒരു പെരിസ്റ്റാൽറ്റിക് പമ്പ് (peristaltic pump) ആണ്. എന്നാൽ, ഇതിൻറ്റെ കുതിരശക്തി വെറും 0.00148 HP മാത്രമാണ് (അതായത് ഒരു HP മോട്ടോറിൻറ്റെ ആയിരത്തിൽ ഒരു അംശം മാത്രം). ഈ ചെറിയ പമ്പ് രാത്രിയും പകലും, വർഷത്തിലെ 365 ദിവസവും, മനുഷ്യരക്തം എന്ന വിസ്‌കോ ഇലാസ്റ്റിക് (visco-elastic) ദ്രാവകത്തെ ആയിരം കിലോമീറ്ററിൽ കൂടുതൽ നീളമുള്ള നമ്മുടെ രക്തധമനികളിലൂടെ (നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളെ മുഴുവൻ നിവർത്തിയാൽ ആയിരം കിലോമീറ്ററിൽ കൂടുതൽ നീളം വരും) നിർത്താതെ പമ്പ് ചെയ്തുകൊണ്ടിരിക്കുന്നു , യാതൊരു തളർച്ചയുമില്ലാതെ. വിസ്മയാവഹം എന്നല്ലേ പറയുവാൻ കഴിയുകയുള്ളു.

ചോദ്യം ഏഴ് : എൻജിനീയർ ഒരു നല്ല കവിയും കലാകാരനും കൂടിയാണ് എന്ന് സ്ഥിരീകരിക്കുവാൻ സ്വന്തം ജീവിതത്തിലെ ഏതെങ്കിലും അനുഭവം ഉദ്ധരിക്കുവാൻ കഴിയുമോ ?

ഉത്തരം : തീർച്ചയായും കഴിയും. വർഷങ്ങൾക്ക് മുമ്പ് ഞാൻ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഒരു യുവ എൻജിനീയറിംഗ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ, ബോംബെയിലെ ജെ.കെ.കെമിക്കൽസിൽ ഒരു മാസത്തെ വേനൽക്കാല പരിശീലനം (summer training) നേടുകയുണ്ടായി. ട്രെയിനിംഗ് റിപ്പോർട്ടിൽ ഒരിടത്ത് ഞാൻ “കൃത്രിമ സാഗരം” (artificial sea) എന്ന് എഴുതിവെച്ചു. ആ ഫാക്ടറിയിലെ കാസ്റ്റിക്ക് – ക്ളോറിൻ പ്ലാൻറ്റിൽ അനേകായിരം ടൺ കറിയുപ്പ് (rock salt) ഭീമാകാരത്തിലുള്ള ടാങ്കുകളിൽ ജലത്തിൽ ലയിപ്പിച്ച് ഉപ്പുവെള്ളം (brine) ഉണ്ടാക്കുന്നു. ടാങ്കുകളുടെ അടിയിൽനിന്നും ഉയർന്ന മർദ്ദത്തിൽ വായുവിനെ കടത്തിവിട്ടാണ് ലയനം സാധ്യമാക്കുന്നത്. ഈ ടാങ്കുകളുടെ ഉള്ളിൽ ഇളകിമറിയുന്ന (പതഞ്ഞുയരുന്ന) ഉപ്പുജലത്തെ നോക്കിനിന്നപ്പോൾ എനിക്ക് അലയടിക്കുന്ന അലയാഴിയെ ആണ് ഓർമ്മ വന്നത്. എന്നാൽ, ടെക്നിക്കൽ റിപ്പോർട്ടിൽ കാവ്യഭാഷ ഉപയോഗിച്ചതിന്ന് പ്ലാൻറ്റ് മാനേജർ എനിക്ക് മൈനസ് മാർക്ക് തരുകയുണ്ടായി എന്ന സത്യവും ഞാൻ ഇവിടെ നിഷേധിക്കുന്നില്ല.

ചോദ്യം എട്ട് : ഇത്രയൊക്കെ ആണെങ്കിലും, നിങ്ങളിൽ എത്ര പേർ ഒരു കാര്യസാധ്യത്തിനായി ഒരു എൻജിനീയറുടെ സമീപിച്ചിട്ടുണ്ട് ?

ഉത്തരം : ഈ ലേഖനം വായിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ എല്ലാവരുടേയും മനസ്സിൽ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം മേൽപ്പറഞ്ഞതായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ശരിയാണ്, നിങ്ങളിൽ പലരും (ഞാൻ ഒഴികെ) പലപ്പോഴും ഒരു മെഡിക്കൽ ഡോക്ടറുടെ അടുത്ത് പോയിട്ടുണ്ടാകും (മരുന്നുകളുടെ കുറിപ്പുകൾക്ക് വേണ്ടി, ശരീരത്തിൽ സൂചികൾ കുത്തിക്കയറ്റുവാൻ വേണ്ടി , ചിലപ്പോൾ ശരീരം കീറിമുറിക്കുവാൻ വേണ്ടി). അതുപോലെ, നിങ്ങളിൽ പലരും പലപ്പോഴും ഒരു വക്കീലിനേയും സമീപിച്ചിട്ടുണ്ടാകും, ഒരു വസ്തുതർക്കത്തിൻറ്റെ പേരിൽ, ഒരു വിവാഹമോചനം ലഭിക്കുവാനായി (ഇത് ലഭിക്കുവാൻ ഇപ്പോൾ വളരെ പ്രയാസമാണ്) , അതല്ലെങ്കിൽ നിങ്ങളുടെ മകനോ മകൾക്കോ എൻജിനീയറിംഗ് കോളേജിൽ പ്രവേശനം സാധ്യമാക്കുവാൻ വേണ്ടി. എന്നാൽ, നിങ്ങളിൽ ആരെങ്കിലും എപ്പോഴെങ്കിലും ഒരു പ്രത്യേക ആവശ്യത്തിന്നായി ഒരു എൻജിനീയറുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ടോ ? മിക്കവാറും ഉണ്ടാകില്ല. ഇതിൽ അത്ഭുതപ്പെടേണ്ട ആവശ്യവുമില്ല. നിങ്ങളുടെ കാർ റിപ്പയർ ചെയ്യുവാൻ നിങ്ങൾ സമീപിക്കുന്നത് ഒരു ഓട്ടോമൊബൈൽ എൻജിനീയറെ അല്ല (ഒരു മെക്കാനിക്കിനെ ആണ്), നിങ്ങളുടെ വീട്ടിലെ പൈപ്പ് പൊട്ടിയാൽ നിങ്ങൾ വിളിക്കുന്നത് ഒരു സിവിൽ എൻജിനീയറെ അല്ല, വീട്ടിലെ ഇൻവേർട്ടർ കേടുവന്നാൽ പോകുന്നത് ഒരു പത്താം ക്‌ളാസ്സുകാരൻ ഇലക്ട്രീഷ്യൻറ്റെ അടുത്തേക്കാണ്, ഒരു ഇലെക്ട്രിക്കൽ എൻജിനീയറുടെ അടുത്തേക്കല്ല. നിങ്ങളുടെ ടെലിവിഷൻ കേടുവന്നാൽ , കംപ്യൂട്ടർ വേണ്ടവിധം പെരുമാറാതിരുന്നാൽ നിങ്ങൾ അന്വേഷിക്കുന്നത് ഒരു ഇലക്ട്രോണിക് എൻജിനീയറേയോ കംപ്യൂട്ടർ എൻജിനീയറേയോ ആവില്ല. ഇതിൻറ്റെ കാരണം വളരെ വ്യക്തമാണ്. ഒരു എൻജിനീയറുടെ സ്ഥാനം ഒരു സാധാരണ പൗരൻറ്റെ സ്ഥാനത്തേക്കാൾ വളരെ ഉയരത്തിലാണ്. അതുകൊണ്ട്, ഒരു സാധാരണ പൗരന് തൻറ്റെ ദൈനംദിന ആവശ്യങ്ങൾക്കായി ഒരു എൻജിനീയറെ സമീപിക്കേണ്ടുന്ന ആവശ്യം ഉണ്ടാകില്ല. പക്ഷെ, എൻജിനീയറുടെ നിർമ്മിതികളും കണ്ടുപിടിത്തങ്ങളും ആണ് അവൻറ്റെ ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളുടേയും ഉറവിടം എന്ന പരമാർത്ഥം അവൻ പലപ്പോഴും മറന്നുപോകുന്നു എന്നുമാത്രം.

മേൽപ്പറഞ്ഞ വസ്തുതയെ അൽപ്പംകൂടി വിശദമാക്കുവാൻ എനിക്കുണ്ടായ ഒരു അനുഭവം (രസകരവും അതേസമയം അൽപ്പം ക്ലേശിപ്പിക്കുന്നതുമായ ഒരു അനുഭവം) ഇവിടെ ഉദ്ധരിക്കട്ടെ : വർഷങ്ങൾക്ക് മുമ്പ്, മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എയറണോട്ടിക് എൻജിനീയറിംഗിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിരുന്ന എൻറ്റെ ഒരു സുഹൃത്തിനെ ഞാൻ സന്ദർശിക്കുകയുണ്ടായി (ഇന്ന് അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ്). ഒരു ചെറിയ ചായസൽക്കാരത്തിന്ന് ശേഷം (അദ്ദേഹത്തിൻറ്റെ ഭാര്യ രുചികരമായ കോഫി ഉണ്ടാക്കുമായിരുന്നു, പക്ഷെ അവരുടെ ചായ പലപ്പോഴും കാസ്റ്റിക്ക് സോഡാ ലായനിയെ ആണ് അനുസ്മരിപ്പിച്ചിരുന്നത്) , അദ്ദേഹത്തിൻറ്റെ സ്കൂട്ടറിൽ ഞങ്ങൾ ഞാൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് യാത്ര തിരിച്ചു. നിർഭാഗ്യമെന്ന് പറയട്ടെ , വഴിയിൽ വെച്ച് സ്കൂട്ടർ തകരാറിലായി (പണി മുടക്കി). ഞങ്ങൾ ഉന്തിയും തള്ളിയും അതിനെ റോഡരികിലുള്ള കരിപുരണ്ട ഒരു ഷെഡ്‌ഡിൽ എത്തിച്ചു. ഇപ്പോൾ വീഴുമെന്ന് തോന്നിക്കുന്ന ആ ഷെഡ്‌ഡിൻറ്റെ മുമ്പിൽ അതിലേറെ കരിപുരണ്ട ഒരു ബോർഡ് തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു : CAR REPAIRING SHOP. ഷെഡ്‌ഡിലുണ്ടായിരുന്ന, കീറിയ ബനിയനും വൃത്തികെട്ട നിക്കറും ധരിച്ച ഒരു കറുത്ത പയ്യൻ എന്തൊക്കെയോ തട്ടുകയും മുട്ടുകയും അഴിക്കുകയും മുറുക്കുകയും ചെയ്തപ്പോൾ സ്കൂട്ടർ വീണ്ടും സജീവമായി. നന്ദി പറഞ്ഞ് പൈസ കൊടുത്തപ്പോൾ, പയ്യൻ ചോദിച്ചു ആരാണ് കൂടെയുള്ള വ്യക്തി എന്ന് (എൻറ്റെ സുഹൃത്ത് അപ്പോൾ റോഡിൻറ്റെ മറുവശത്തുള്ള ഒരു മുറുക്കാൻ കടയിലേക്ക് സിഗററ്റ് വാങ്ങുവാൻ പോയിരിക്കുകയായിരുന്നു). എയറണോട്ടിക് എൻജിനീയർ എന്ന് പറഞ്ഞാൽ അവന് മനസ്സിലാവുകയില്ല എന്ന് അറിയാമായിരുന്നത് കൊണ്ട്, ഞാൻ പറഞ്ഞു , അദ്ദേഹം വിമാനങ്ങൾ നിർമ്മിക്കുന്ന എൻജിനീയർ ആണെന്ന്. ചെറുക്കൻറ്റെ കണ്ണുകൾ പുറത്തേക്ക് തള്ളി : “സർ, വിമാനങ്ങൾ നിർമ്മിക്കുന്ന എൻജിനീയർ സാറാണോ സ്കൂട്ടർ നേരെയാക്കുവാൻ എൻറ്റെ അടുത്ത് വന്നത് ?”
എനിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു.

റഫറൻസ് : 1. Narayanan, C.M., Is there Poetry in Engineering ?, International J. of Advance Research and Innovative Ideas in Education, Vol.4, Issue – 3, pp. 835 – 37, 2018.

ABOUT THE AUTHOR
ലേഖകൻ ദുർഗ്ഗാപ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ആയി വിരമിച്ച വ്യക്തി ആണ്‌. നൂറ്റഞ്ച് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെമിക്കൽ എഞ്ചിനീയറിങ്ങിലും ബയോടെക്നോളജിയിലും ആയി ആറ് പുസ്തകങ്ങളുടെ രചയിതാവാണ്. ഭാരത് ജ്യോതി അവാർഡ്, മോസ്റ്റ് എമിനൻറ്റ് എഞ്ചിനീയറിംഗ് പേഴ്സണാലിറ്റി അവാർഡ്, മോസ്റ്റ് ഡിസ്റ്റിൻഗ്വിഷ്ഡ് അലൂമിനസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ നിരവധി ലോകസമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒരു സ്വതന്ത്ര കൺസൾട്ടൻറ്റ് ആയി സേവനം അനുഷ്ഠിക്കുന്നു.
_____

ഈ ലേഖനത്തിലെ ആശയം ലേഖകന്റതാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )