ഫാസിസം എന്നാൽ എന്ത്

ആധുനിക കാലത്ത്, ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ വളരെ കുറച്ച് ബിസിനസ്സുകാര്‍ നിയന്ത്രിക്കുകയും ആ രാജ്യത്തെ സമ്പത്തും അധികാരവും അവരിലേക്ക് കേന്ദ്രീകരിക്കുകയും അവര്‍ പൌരന്‍മാരുടെ ഉടമകളായി മാറുകയും ചെയ്യുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് വിളിക്കുന്നത്.

ഈ നിര്‍വ്വചനം വളരെ ലഘുവായതാണെന്ന് താങ്കള്‍ക്ക് തോന്നാം. കാരണം ഫാസിസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചിത്രങ്ങള്‍ വളരെ ഭീതിയുണ്ടാക്കുന്നവയാണ്. അതൊന്നും പരിഗണിക്കാതെ ഇത്ര ഉപരിപ്ലവവും ലളിതവുമായ നിര്‍വ്വചനം എങ്ങനെ നല്‍കാനാകും എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത് മാത്രമല്ല ഈ നിര്‍വ്വചന പ്രകാരം ലോകത്തെ എല്ലാ രാജ്യങ്ങളും ഫാസിസ്റ്റ് രാജ്യങ്ങളാകണമല്ലോ. പക്ഷേ നാം അവയെ അങ്ങനെ കണക്കാക്കാറുമില്ല. അതുകൊണ്ട് ഈ നിര്‍വ്വചനത്തിന് കൂടുതല്‍ വ്യക്തമായ ഒരു വിശകലനം ആവശ്യമാണ്.

ജനാധിപത്യം ശരിക്കും ജനാധിപത്യമാണോ

ഈ വിമര്‍ശനത്തില്‍ നിന്ന് നമുക്ക് തുടങ്ങാം. ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ അധികരത്തിന്റെ ആധിപത്യം എന്നാണല്ലോ. (1)അത് പ്രകാരം നിങ്ങള്‍ വോട്ട് കൊടുത്ത് ഒരാളെ തെരഞ്ഞെടുക്കുന്നു. അയാളോട് നിങ്ങളുടെ സ്ഥലത്തെ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നു. അയാള്‍ അത് പാര്‍ളമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടുന്നു. അത് നാട്ടില്‍ നടപ്പാക്കുന്നു. അതുപോലെ പാര്‍ളമെന്റ് എടുക്കന്ന നയങ്ങള്‍ തിരികെ നിയോജക മണ്ഡലത്തില്‍ ജനത്തോട് പറഞ്ഞ് അവരുടെ സമ്മതം നേടി പാര്‍ളമെന്റില്‍ പിന്നീട് പാസാക്കുന്നു. വിമര്‍ശനങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാവണം ജനാധിപത്യ സര്‍ക്കാര്‍.

എന്നാല്‍ ലോകത്ത് ഒരിടത്തും ഇതുവരെ ഇങ്ങനെ ശരിക്കും ജനത്തിന് അധികാരമുള്ള വ്യവസ്ഥയുണ്ടായിട്ടില്ല. (2)അതിന് പകരം പാര്‍ട്ടികള്‍ പ്രകടന പത്രിക പ്രഖ്യാപിക്കുന്നു. അത് പാര്‍ട്ടിക്കകത്ത് ജനാധിപത്യപരമായി ചര്‍ച്ചകളിലൂടെ ഉരുത്തിരുഞ്ഞ് വന്നതോ അതല്ല നേതാക്കന്‍മാര്‍ സ്വയം തയ്യാറാക്കുന്നതോ ആവാം. ജനം അതില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിക്കാരെ തെരഞ്ഞെടുക്കുന്നു. അധികാരം കിട്ടിയ പാര്‍ട്ടി അവരുടെ ഇഷ്ടപ്രകാരം പത്രികയിലുള്ളതോ അല്ലാത്തതോ ആയ പദ്ധതികള്‍ നടപ്പാക്കുന്നു.

(3)ഇത് രണ്ടുമല്ലാതെ വേറൊരു രീതിയും ഉണ്ട്. പാര്‍ട്ടിക്കാരല്ലാത്ത പാര്‍ട്ടികളോടും ജനങ്ങളോടും ഉത്തരവാദിത്തമില്ലാത്ത അദൃശ്യരായ മൂന്നാമതായ ആളുകള്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി പത്രിക തയ്യാറാക്കുന്നു. സ്ഥാനാര്‍ത്ഥികളെ അവര്‍ കണ്ടെത്തുന്നു. അവര്‍ക്ക് ജനപ്രീതിയുണ്ടാക്കിക്കൊടുക്കുന്നു. വിജയിച്ച ശേഷം മൂന്നാമന്‍മാരായ അവരുടെ പദ്ധതികള്‍ ജനം തെരഞ്ഞെടുത്തവരെ കൊണ്ട് നടത്തിപ്പിക്കുന്നു.

ഉദാഹരണത്തിന് American Legislative Exchange Council എന്നൊരു സംഘം അമേരിക്കയിലുണ്ട്. ഇവര്‍ എഴുതിയ 24,000 നിയമങ്ങള്‍ അതേ പടി അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കിയിട്ടുണ്ട്. സംസ്ഥാന ജനപ്രതിനിധികള്‍, യാഥാസ്ഥിതിക ചിന്തകര്‍, കോര്‍പ്പററ്റ് കക്ഷികള്‍ തുടങ്ങിയവരാണ് ഈ സംഘത്തിലെ അംഗങ്ങള്‍. കോര്‍പ്പററ്റ് താല്‍പ്പര്യം സംരക്ഷിക്കകയും കൂടുതല്‍ ലാഭം നേടുകയും ആണ് അവരുടെ ലക്ഷ്യം. സംസ്ഥാന ജനപ്രതിനിധികളില്‍ നാലിലൊന്ന് പേര്‍ ഇതില്‍ അംഗങ്ങളാണ്.

ഈ അവസാനം പറഞ്ഞ രീതിയിലാണ് ഇപ്പോള്‍ ലോകത്തെ മിക്ക രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നത്. വീണ്ടും പറയുന്നു, ആധുനിക കാലത്ത്, ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ വളരെ കുറച്ച് ബിസിനസ്സുകാര്‍ നിയന്ത്രിക്കുകയും ആ രാജ്യത്തെ സമ്പത്തും അധികാരവും അവരിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് വിളിക്കുന്നത്.

അരാഷ്ട്രീയവല്‍ക്കരിച്ച ഫാസിസം

നിഷ്ഠൂരവും അക്രമാസക്തവുമായ ഏകാധിപത്യ ഭരണത്തെയാണ് പൊതുവെ എല്ലാവരും ഫാസിസം എന്ന് വിളിക്കുന്നത്. എന്നാല്‍ കേവലം ഒരു നിഷ്ഠൂര ഭരണത്തെ മാത്രം ഫാസിസം എന്ന് നാം വിളിക്കുമ്പോള്‍, അത് എന്തുകൊണ്ട് സംഭവിച്ചു എന്നോ എങ്ങനെ അത് പ്രവര്‍ത്തിക്കുന്നുവെന്നോ ഒന്നും നമുക്ക് മനസിലാക്കാന്‍ കഴിയില്ല. കുറ്റം മുഴുവന്‍ ഒരു ഫാസിസ്റ്റ് നേതാവിന്റെ സ്വഭാവം മാത്രമായി അതില്‍ പഴിചാരി സ്വയം മണ്ടരാവും. കാലം കഴിയുമ്പോള്‍ വീണ്ടും അതേ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നു. 1930 കളാണല്ലോ ഇപ്പോള്‍ ലോകം മൊത്തം ആവര്‍ത്തിക്കുന്നത്.

പ്രശ്നമെന്താണെന്ന് അറിയാതെ നമുക്ക് അതിന് പരിഹാരം കണ്ടെത്താന്‍ കഴിയില്ല. അതുകൊണ്ട് ഇത്തരം കേവലവാദ വിശകലനത്തെ നാം ഉപേക്ഷിച്ച് ശാസ്ത്രീയമായ വിശകലനം നടത്തണം. കാര്യങ്ങളെ അതിന്റെ സ്ഥല-കാല ചുറ്റുപാടില്‍ തന്നെ നിര്‍ത്തിക്കൊണ്ട് സമഗ്രമായ പഠനം നടത്തണം. അങ്ങനെ നോക്കുമ്പോഴാണ് ഫാസിസം എന്നത് പുതിയ ഒരു കാര്യമല്ലെന്നും അത് ജനാധിപത്യത്തിന്റെ മുഖംമൂടി അഴിച്ച് കളഞ്ഞ, പച്ചയായ മുതലാളിത്തമാണെന്ന് നമുക്ക് കാണാനാവും. മുതലാളിത്തത്തിന്റെ ശരിയായ പേരാണ് ഫാസിസം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ആധുനികകാലത്തെ രാജവാഴ്ച.

അവര്‍ എന്നെത്തിരക്കി വന്നില്ലല്ലോ

പക്ഷേ ഇത് നമുക്ക് ഫാസിസമായി അനുഭവപ്പെടില്ല. കാരണം ഈ സമയത്തും നമുക്ക് ജനാധിപത്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. പൌരാവകാശങ്ങളും പൌരസ്വാതന്ത്ര്യവും തടയപ്പെട്ടിട്ടുമുണ്ടാവില്ല. പക്ഷേ ഇതൊരു ശിഖരബിന്ദു ആണ്. മുതലാളിത്തത്തിന് അതിന്റെ ലാഭം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ പ്രശ്നമൊന്നും ഉണ്ടാവില്ല. സമൂഹം ആ ശിഖരബിന്ദുവില്‍ തന്നെ നില്‍ക്കും. എത്രനാള്‍ ഈ അവസ്ഥ നിലനിര്‍ത്താനാവും എന്നത് ആ സമൂഹത്തിന്റെ ഭാഗ്യമെന്ന് കരുതിയാല്‍ മതി. കാരണം അടുത്ത പടി എന്നത് വിശ്വസിക്കാന്‍ പറ്റാത്തവിധമുള്ള അക്രമാസക്തമായ വ്യവസ്ഥയായിരിക്കും. (എന്തുകൊണ്ട് എന്ന് ചോദിക്കണം. അതിനെക്കുറിച്ച് പിന്നെ പറയാം.)

ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഫാസിസ്റ്റ് സര്‍ക്കാരുകളുമായി ചങ്ങാത്തം കൂടുന്നതിന് ഒരു മടിയും ഇല്ല. മുസോളിനി, ഹിറ്റ്‌ലര്‍, ഫ്രാങ്കോ, പിനോഷെ, സുഹാര്‍ത്തോ തുടങ്ങിയ എല്ലാ ഫാസിസ്റ്റുകളോടും ഏകാധിപതികളോടും അമേരിക്ക, ബ്രിട്ടണ്‍, ക്യാനഡ, സ്വീഡന്‍ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളിലെ അധികാരികള്‍ക്കും സമ്പന്നര്‍ക്കും ആരാധനയാണുണ്ടായിരുന്നത്. മുസോളിനിയേയും, ഹിറ്റ്‌ലറേയും “ആരാധ്യരായ മാന്യരെ”ന്നാണ് (“admirable gentleman”) എന്ന് വിളിച്ച് അവര്‍ ബഹുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് റിപ്പബ്ലിക്കിന്റെ സഹായ അഭ്യര്‍ത്ഥനയെ നിരസിച്ച് അവര്‍ ഫ്രാങ്കോയെ സഹായിച്ചു. IBM, Texaco, Ford, GE, Coca-Cola, Sullivan & Cromwell, J. P. Morgan തുടങ്ങി 20 ല്‍ അധികം കോര്‍പ്പറേറ്റുകളും ബാങ്കുകളും ഫാസിസ്റ്റ് സര്‍ക്കാരുകളുമായി വ്യാവസായിക-സാമ്പത്തിക ബന്ധം പുലര്‍ത്തിയിരുന്നു. എന്തിന് രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോള്‍ പോലും ഈ ബന്ധം തുടര്‍ന്നിരുന്നു. രണ്ട് പക്ഷത്തിനും അവര്‍ ആയുധം വില്‍ക്കുന്നുണ്ടായിരുന്നു. അമേരിക്ക ജര്‍മ്മനിയില്‍ ബോംബ് വര്‍ഷം നടത്തുമ്പോള്‍, ഈ കോര്‍പ്പറേറ്റുകളുടെ ഫാക്റ്ററികളെ ഒഴുവാക്കിയുരുന്നു. അതില്‍ നിന്ന് പടിഞ്ഞാറന്‍ ജനാധിപത്യത്തിന് ഫാസിസ്റ്റുകളുമായി എത്ര അടുത്ത ബന്ധമായിരുന്നു എന്ന് നമുക്ക് മനസിലാക്കാം.(3)

പ്രസിദ്ധമായ ജര്‍മ്മന്‍ കവിതയില്‍ പറയുന്നത് പോലെ, “അവര്‍ കമ്യൂണിസ്റ്റ്കാരെ അന്വേഷിച്ച് വന്നപ്പോള്‍ ഞാനൊന്നും പറഞ്ഞില്ല, കാരണം ഞാന്‍ കമ്യൂണിസ്റ്റ്കാരനല്ലായിരുന്നു”. പക്ഷേ അവര്‍ അപ്പോഴും ഫാസിസ്റ്റുകളായിരുന്നു. കുട്ടികളെക്കൊണ്ട് പണിയെടിപ്പിച്ചപ്പോഴും, സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലി കൊടുക്കുമ്പോഴും, സ്ത്രീ ശരീരത്തിന്റെ ഉടമസ്ഥരായിരിക്കുമ്പോഴും, ദരിദ്രര്‍ക്കുള്ള ചികില്‍സയും മരുന്നും നിഷേധിക്കുമ്പോഴും, പരസര മലിനീകരണം നടത്തുമ്പോഴും, ആയുധങ്ങള്‍ വില്‍ക്കുമ്പോഴും, യുദ്ധങ്ങളുണ്ടാക്കുമ്പോഴും, ആഗോളതപനം സൃഷ്ട്രിക്കമ്പോഴും, ആരോഗ്യവും വിദ്യാഭ്യാസവും കച്ചവടമാക്കുമ്പോഴും, സമ്പത്ത് കേന്ദ്രീകരിക്കുമ്പോഴും ഒക്കെ അവര്‍ ഫാസിസ്റ്റുകളായിരുന്നു.

അന്ന് അവര്‍ക്ക് ജനാധിപത്യത്തിന്റെ മുഖംമൂടിയുണ്ടായരുന്നത് കൊണ്ട് നാം കണ്ടില്ലെന്നേയുള്ളു. പക്ഷേ ധാരാളം സൂചനകളുണ്ടായിരുന്നു. നമ്മുടെ നേരെ വരാത്തതിനാലോ, നമ്മുടെ ശ്രദ്ധമാറ്റപ്പെട്ടതിനാലോ നാം അത് കാര്യമാക്കിയില്ല. അവസാനം അവര്‍ നമ്മളെ തന്നെ അന്വേഷിച്ച് വരുമ്പോള്‍ മാത്രം അവര്‍ ഫാസിസ്റ്റുകളായി എന്ന് നമുക്ക് തോന്നിയിട്ട് എന്ത് കാര്യം!

ഫാസിസം എന്നത് ഒരു ചീത്ത മനുഷ്യനല്ല. അത് ഒരു പ്രക്രിയയാണ്. ഒരു വ്യവസ്ഥയാണ്. സമ്പത്തും അധികാരവും കുറച്ച് ബിസിനസുകാരിലേക്ക് കേന്ദ്രീകരിക്കപ്പെട്ട ഒരു വ്യവസ്ഥ. അതാണ് മുതലാളിത്ത ചക്രത്തിന്റെ അവസാന ഫലം. നമുക്ക് വേണമെങ്കില്‍ വലിയ വില കൊടുത്ത് അത് തകര്‍ക്കാനാകും. പക്ഷേ അത് വീണ്ടും അതിന് ജനാധിപത്യത്തിന്റെ ഒരു മുഖംമൂടിയിട്ടുകൊടുക്കാനാണെങ്കില്‍ ആ ചക്രം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യും. അതുകൊണ്ട് നമ്മുടെ മുമ്പിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, നമുക്ക് മുതലാളിത്തത്തേക്കാള്‍ മെച്ചപ്പെടാനാകുമോ എന്നതാണ്.

[തുടരും …]

1. ഫാസിസം എന്നാൽ എന്ത്
2. ഫാസിസത്തിന്റെ ഘടന
3. ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ
4. എന്തുകൊണ്ട് ഫാസിസം
5. എങ്ങനെയാണ് ഫാസിസത്തെ അമര്‍ച്ച ചെയ്യേണ്ടത്?

അനുബന്ധം:
1. കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
2. ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍
3. സിനിമ: ഹിറ്റ്‌ലറിന്റെ അമേരിക്കന്‍ ബിസിനസ് പങ്കാളികള്‍


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഫാ‍ഷിസം, fascism

ഒരു അഭിപ്രായം ഇടൂ