സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

സോഫ്റ്റ്‌വെയറിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങള്‍ ഈയിടെയായി ഞാന്‍ കാണുന്നുണ്ട്. അവ എന്നെ അത്ഭുതപ്പെടുത്തുന്നു, ഈ ലോകത്തിന് എന്ത് പറ്റി? എല്ലാവരും പുണ്യവാളന്‍മാരും മാലാഖമാരും ഒക്കെയായോ, Saint IGNUcius ഒഴിച്ച് (1)? ഇതില്‍ കൂടുതലും വരുന്നത് OEM(open) സോഴ്സ് സോഫ്റ്റ്‌വെയര്‍ ലോകത്ത് നിന്നാണ്. അതില്‍ എനിക്കത്ഭുതം നോന്നുന്നില്ല. വ്യവസ്ഥയെ സന്തോഷിപ്പിക്കാനുള്ള എന്തും അവര്‍ ചെയ്യും.

അവരുടെ “ധാര്‍മ്മികത” വളരെ വിപുലമായതിനാല്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും ഇത്രയേറെ ധാര്‍മ്മികതകള്‍ ഈ ലോകത്തുണ്ടോ എന്ന്. അവര്‍ ഈ ലോകത്തുള്ള ഒരുപാട് കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കുന്നു. അടിമത്തം, indentured servitude, ചൂതുകളി, പുകയില, adversely addictive behaviors, ആണവോര്‍ജ്ജം, യുദ്ധം, ആയുധ നിര്‍മ്മാണം, യുദ്ധക്കുറ്റം. ആ പട്ടിക അങ്ങനെ നീണ്ടുപോകും. ഈ അധാര്‍മ്മികമായ കാര്യങ്ങള്‍ കാണാനാകുന്ന അവരുടെ വിശാലമായ തുറന്ന മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഭൂമിയിലെ ജീവന്റെ ചരിത്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് സഹസ്രാബ്ദങ്ങള്‍ മാത്രം പ്രായമുള്ള മനുഷ്യ സമൂഹത്തില്‍ ഇത്രയേറെ അധാര്‍മ്മിക പ്രശ്നങ്ങള്‍ എന്തുകൊണ്ടുണ്ടാവുന്നു എന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?

സോഫ്റ്റ്‌വെയറിന് എന്തെങ്കിലും ധാര്‍മ്മികതയുണ്ടോ

ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് മുമ്പ് ആദ്യം “എന്തുകൊണ്ട് സോഫ്റ്റ്‌വെയര്‍”എന്ന ചോദ്യം ആദ്യം ചോദിക്കാം. ആളുകള്‍ക്ക് അവരുടെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനോ കമ്പ്യൂട്ടിങ് നടത്താനോ ആണ് സോഫ്റ്റ്‌വെയര്‍. സോഫ്റ്റ്‌വെയര്‍ കമ്പോളത്തില്‍ കിട്ടുന്ന ഒരു സാധനവും ആണ്. അത് അതിന്റെ ഉപഭോക്താക്കളെ (ഉപയോക്താക്കള്‍ എന്ന് വിളിക്കുന്നു). (ആരോ എന്നോട് പറഞ്ഞിരുന്നു, ഈ ലോകത്ത് രണ്ട് വ്യവസായങ്ങളേ അവരുടെ ഉപഭോക്താക്കളെ “ഉപയോക്താക്കള്‍” എന്ന് വിളിക്കുന്നുള്ളു. ഒന്ന് സാങ്കേതികവിദ്യാ കമ്പനികളാണ്. മറ്റേത് മയക്കുമരുന്ന് കമ്പനികളും.) എന്തെങ്കിലും ആകട്ടെ. കമ്പോള നിയമ പ്രകാരം വില്‍പ്പനക്കാരന്‍ വിശ്വാസയോഗ്യനായിരിക്കണം. ഉപഭോക്താക്കളോട് ബഹുമാനമുള്ളവനും ആയിരിക്കണം. പറ്റിക്കരുത്. അതുകൊണ്ട് സോഫ്റ്റ്‌വെയറിന്റെ ധാര്‍മ്മികതയില്‍ ആദ്യത്തേത് അത് അതിന്റെ ഉപഭോക്താക്കളെ/ഉപയോക്താക്കളെ എങ്ങനെ പരിഗണിക്കുന്നു എന്നതിനെക്കുറിച്ചാണ്.

“ഓപ്പണ്‍ സോഴ്സ്” വക്താക്കളെ ഇനി പറയൂ, നിങ്ങളെവിടെയാണ് നില്‍ക്കുന്നത്? ആരാണ് ഉപയോക്താക്കളെ ഏറ്റവും കൂടിയ നിലയില്‍ ബഹുമാനിക്കുന്നത് ആരാണ്? ഉപയോക്താക്കളെ പരിഗണിക്കുന്നതില്‍ നിങ്ങളുടെ നില എന്താണ്?

കമ്പ്യൂട്ടറൈസ്ഡ് ഹോട്ടല്‍

കമ്പ്യൂട്ടര്‍ ആദ്യമായി നമ്മുടെ സമൂഹത്തിലെത്തിയപ്പോള്‍ ധാരാളം ബിസിനസ് സ്ഥാപനങ്ങള്‍ അതിനെ സ്വീകരിച്ചു. കൂടുതലും രേഖകള്‍ സൂക്ഷിക്കുന്നതിന്, അകൌണ്ടിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരുന്നു. എന്നാല്‍ അവരുടെ സ്ഥാപനം കമ്പ്യൂട്ടറൈസ് ചെയ്തതാണെന്ന് അവര്‍ പരസ്യം കൊടുത്തിരുന്നു. അക്കാലത്ത് കമ്പ്യൂട്ടര്‍ എന്തോ ഒരു വലിയ കേമം പിടിച്ച വിലപടിച്ച ഒരു സാധനമാണെന്ന കാഴ്ചപ്പാടുള്ളതിനാല്‍ കച്ചവടക്കാര്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി കടയില്‍ വെച്ചു. അവരുടെ കേമത്തരത്തിന് ഒരു പ്രചരണമായി പരസ്യത്തില്‍ അതിനെക്കുറിച്ചും ചേര്‍ത്ത് പറഞ്ഞിരുന്നു. കമ്പ്യൂട്ടറൈസ്ഡ് ആശുപത്രി, കമ്പ്യൂട്ടറൈസ്ഡ് ഹോട്ടല്‍, കമ്പ്യൂട്ടറൈസ്ഡ് ചായക്കട, കമ്പ്യൂട്ടറൈസ്ഡ് ബാര്‍ബര്‍ഷാപ്പ് തുടങ്ങി അങ്ങനെ പലതും. തിളങ്ങുന്ന ചില കമ്പ്യൂട്ടറുകള്‍ അവിടെയുണ്ടായേക്കാം. പക്ഷേ ബാക്കിയെല്ലാ കാര്യങ്ങളും പഴയുതപോലെയാകും. ഉപഭോക്താവിന് പഴയ സംവിധാനത്തിന്റെ എല്ലാ പ്രശ്നങ്ങളും അനുഭവിക്കേണ്ടിവന്നേക്കാം. എന്നാല്‍ അവര്‍ ബില്ല് കമ്പ്യൂട്ടറില്‍ അടിച്ചാകും കൊടുക്കുന്നത്. മഹത്തരം അല്ലേ? എന്നാല്‍ മിക്കപ്പോഴും കമ്പ്യൂട്ടറിന്റെ ചിലവും നിങ്ങളുടെ ബില്ലില്‍ നിങ്ങളറിയാതെ ചേര്‍ത്തിട്ടുണ്ടാവും.

ആ വീക്ഷണത്തില്‍ ഒരു ഉപഭോക്താവിന് വളരെ കുറവ് ഗുണങ്ങളെ കിട്ടുന്നുള്ളു. അതുകൊണ്ട് ഉപഭോക്താവിന്റെ വീക്ഷണത്തില്‍ നിങ്ങള്‍ കമ്പ്യൂട്ടറൈസ്ഡ് ബില്ലിങ് ഉപയോഗിക്കുന്നുവോ ഇല്ലയോ എന്നത് പ്രസക്തമല്ല. ഉല്‍പ്പന്നത്തില്‍ നിന്ന് എന്ത് കിട്ടുന്നു എന്നതാണ് ഉപഭോക്താവിനെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാല്‍ ഉപഭോക്താക്കള്‍ അറിവില്ലാത്തവരാണ്. അവരെ എളുപ്പം കൗശലപ്പണി നടത്തി വിഢികളാക്കാം. അവര്‍ കോര്‍പ്പറേറ്റ് പ്രചാരവേലയുടെ കെണിയില്‍ വീഴും. നല്ല ഉദാഹരണം ലഘുപാനീയങ്ങളാണ്. അത് മനുഷ്യന്റെ കുടലിനും പല്ലിനും ദോഷമുണ്ടാക്കുകയും പ്രമേഹം പോലുള്ള രോഗങ്ങളുണ്ടാക്കുകയും ചെയ്യുന്നു. പക്ഷെ എന്നിട്ടും ആളുകള്‍ക്ക് അത്തരം പാനീയങ്ങള്‍ പ്രീയപ്പെട്ടതാണ്. സിഗററ്റ്, ഫോസിലിന്ധനങ്ങള്‍ തുടങ്ങി അനേകം. ഇത്തരത്തിലുള്ളവ തീവൃമായതാണ്. CO2 ആഗോളതപനം ഉണ്ടാക്കുമെന്ന് എക്സോണിന് 1960കള്‍ മുതലേ അറിയാമായിരുന്നു. അതിന് ശേഷം അവര്‍ എന്ത് ചെയ്തു എന്ന് പരിശോധിച്ച് നോക്കൂ.

ഇനി പറയൂ, സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം വികസിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ജിനീയര്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ? ശരി. ഇല്ല … ഇല്ല… അതൊരു വലിയ കാര്യമാണ്. നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നത് ഒരു വലിയ നല്ല കാര്യമാണ്. എല്ലാ മനുഷ്യരും തുല്യരാണെന്ന ബോധം നല്ലതാണ്. വളരെ നന്ദി. പക്ഷേ ഉപയോക്താവിന് അതുകൊണ്ട് എന്ത് കാര്യം?

എന്റെ സോഫ്റ്റ്‌വെയര്‍ എന്നെ സേവിക്കണം എന്നതാണ് എനിക്ക് വേണ്ടത്. അതുകൊണ്ട് ഈ “ഓപ്പണ്‍ സോഴ്സ്” ആള്‍ക്കാര്‍ എന്നോട് പറയുന്ന എന്തൊക്കെ ധാര്‍മ്മികതയായാലും അത് പ്രചാരവേലയാണ് (സിഗററ്റ്, ഫോസിലിന്ധനം ഒക്കെ ചെയ്തത് പോലുള്ള)

GPL ആണ് ഒരു സോഫ്റ്റ്‌വെയറിന് കിട്ടാവുന്ന ഏറ്റവും ഉന്നത ധാര്‍മ്മികമായ കാര്യം

ഉയര്‍ന്ന ധാര്‍മ്മിക മൂല്യമുള്ള ഒരു മനുഷ്യന്‍ 1983 ല്‍ സോഫ്റ്റ്‌വെയറുകളെക്കുറിച്ച് ചില ശുദ്ധമായ ചോദ്യങ്ങള്‍ ചോദിച്ചു. മനുഷ്യ ചിന്തയുടെ വിവിധ വശങ്ങളിലും വിവിധ വിഷയങ്ങളിലും നടന്ന ഒരു നിശബ്ദ വിപ്ലവമായിരുന്നു അതിന്റെ ഫലം. (അത് മനുഷ്യവംശത്തിന് എക്കാലത്തേക്കും വേണ്ടിയുള്ള ഒരു സംഭാവനയായിരുന്ന, അല്ലാതെ നാല് വരി കോഡായിരുന്നില്ല.). അദ്ദേഹം പ്രസംഗിച്ച ആ ആശയങ്ങള്‍ അദ്ദേഹം വലിയ വ്യക്തിപരമായ ത്യാഗം സഹിച്ച് നടപ്പാക്കുകയും ചെയ്തു.

സോഫ്റ്റ്‌വെയറുകളുടെ നാല് നിയമങ്ങള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും നിര്‍വ്വചിച്ചു. അതിനെ പൊതുവായി GNU General Public License എന്ന് വിളിക്കുന്നു. പകര്‍പ്പുപേക്ഷ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലൈസന്‍സ് പ്രവര്‍ത്തിക്കുന്നത്. അത് ഉപയോക്താക്കള്‍ക്ക് അവര്‍ വാങ്ങുന്നതോ അവര്‍ക്ക് ലഭിക്കുന്നതോ ആയ സോഫ്റ്റുവെയറുകളുടെ മേല്‍ പൂര്‍ണ്ണ അധികാരവും പൂര്‍ണ്ണ നിയന്ത്രണവും നല്‍കുന്നു. സോഫ്റ്റ്‌വെയറുകളെ സംബന്ധിച്ചടത്തോളും ഉപയോക്താക്കളുടെ അവകാശം എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

അതുകൊണ്ട്, സോഫ്റ്റ്‌വെയറിന്റെ ആത്യന്തികമായ “ധാര്‍മ്മികത” GPL പോലുള്ള ഒന്നാണ്. പ്രീയപ്പെട്ട ധാര്‍മ്മികതാ പ്രാസംഗികരെ, നിങ്ങളുടെ ധാര്‍മ്മികത നിങ്ങളുടെ ഉപയോക്താക്കളെ അപേക്ഷിച്ച് എന്താണെന്ന് എന്നോട് പറയൂ …

നിങ്ങളുടെ ധാര്‍മ്മികത ആളുകളെ ശിക്ഷിക്കുകയാണ്

നിങ്ങളുടെ ധാര്‍മ്മികത എന്നത് ശിക്ഷിക്കുന്ന തരത്തിലുള്ളതാണെന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. നിങ്ങള്‍ വെറും സാഡിസ്റ്റുകളാണ്. നിങ്ങള്‍ നിങ്ങളുടെ യജമാനന്‍മാരെ മാത്രം സേവിക്കുകയാണ്. നിങ്ങള്‍ വ്യക്തികളെ ലക്ഷ്യം വെക്കുന്നു, അവരെ ഒറ്റപ്പെടുത്തുന്നു, നിങ്ങളുടെ ധാര്‍മ്മികത അവരില്‍ അടിച്ചേല്‍പ്പിക്കുന്നു. നിങ്ങള്‍ അവരില്‍ നിന്ന് ഒരു വില്ലനെ നിര്‍മ്മിച്ചെടുക്കുന്നു. പിന്നീട് അവരെ കൊല്ലാന്‍ സമൂഹത്തോട് ആവശ്യപ്പെടുന്നു. ഇത് ക്ലാസിക് ഫാസിസ്റ്റ് രീതിയാണ്.

രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയമായേ പരിഹാരം കാണാനാകൂ. അത് ഏതെങ്കിലും ഒരു മനുഷ്യന്റെ ഒരു കൂട്ടം ധാര്‍മ്മികതയെക്കുറിച്ചല്ല. അധാര്‍മ്മിക വ്യവസ്ഥ അധാര്‍മ്മികമായ സ്വഭാവത്തെ ശക്തിപ്പെടുത്തും. അതുകൊണ്ട് വ്യവസ്ഥയെ മാറ്റാനായി ശ്രമിക്കുക. അതിനായി നിങ്ങള്‍ എല്ലാ ആളുകളോടും ചേര്‍ന്ന് ചിന്തിക്കണം പ്രവര്‍ത്തിക്കണം. വ്യക്തിപരമായി നിങ്ങള്‍ക്കത് പരിഹരിക്കാനാവില്ല. ‘റദ്ദാക്കല്‍ സംസ്കാരം’ കൊണ്ട് അത് പരിഹരിക്കാനാവില്ല.

നിങ്ങളുടെ ധാര്‍മ്മികത ഒരു കെണിയാണ്

1. ഉപയോക്തൃ സൌഹൃദം

സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളോടുള്ള താല്‍പ്പര്യം വഴി നിങ്ങള്‍ ഉപയോക്തൃ സൌഹൃദം എന്ന മറ്റൊരു കെണി കൂടിയുണ്ടാക്കിയിരിക്കുകയാണ്. ഉപയോക്താക്കള്‍ മണ്ടന്‍മാരാണെന്നും ആ മണ്ടന്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും നിങ്ങള്‍ ചെയ്യുന്നു എന്ന് അനുമാനിക്കുന്നു. തീര്‍ച്ചയായും സോഫ്റ്റ്‌വെയര്‍ അതിന്റെ ജോലി കഴിയുന്നത്ര ശരിയായി തന്നെ ചെയ്യണം. എന്നാല്‍ അത് മാത്രമല്ല കാര്യം. നിങ്ങള്‍ അതിനെ അവരുടെ അവകാശങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റാനായി ഉപയോഗിക്കുന്നു. അവരെ കൊള്ളയടിക്കാനുപയോഗിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കോളനി വാഴ്ചക്കാര്‍ കോളനി രാജ്യങ്ങളെ സാംസ്കാരിക്കവല്‍ക്കരിക്കാനായി പരിശ്രമിച്ചത് പോലെ.

2. ഉപഭോക്തൃ അവകാശങ്ങള്‍
പുരോഹിതരെ പോലെ നിങ്ങള്‍ ധാര്‍മ്മികതയെക്കുറിച്ച് ധാരളം സംസാരിക്കുന്നു. ഞങ്ങള്‍ക്കറിയാം അത് ഒരു കെണി ആണെന്ന്. ശരിക്കുള്ള ധാര്‍മ്മിക പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റാനുള്ള പരിപാടിയാണത്. യഥാര്‍ത്ഥ ധാര്‍മ്മിക പ്രശ്നത്തെ മറച്ചു വെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം അത് നിങ്ങളുടെ യജമാനന്‍മാരുടെ ലാഭത്തിന് നാശമുണ്ടാക്കുന്നു. അത് നിങ്ങളുടെ യജമാനന്‍മാര്‍ക്ക് ഉപയോക്താക്കളിലുള്ള നിയന്ത്രണത്തെ ഇല്ലാതാക്കുന്നു. ദീര്‍ഘകാലമായി നിങ്ങളുടെ യജമാനന്‍മാര്‍ നടത്തിയിരുന്ന രഹസ്യാന്വേഷണത്തിനുള്ള ശേഷി അത് ഇല്ലാതാക്കുന്നു. നിങ്ങളുടെ യജമാനന്‍മാരുടെ മനശാസ്ത്രപരമായ കൗശലപ്പണി ശേഷിയെ ഇല്ലാതാക്കുന്നു.

അങ്ങനെ നിങ്ങള്‍ ഒരു കെണി നിര്‍മ്മിച്ചു. നിങ്ങളുടെ മൊത്തം മാധ്യമ ശക്തി കൊണ്ട് അതിനെ നിങ്ങള്‍ കേന്ദ്ര പ്രശ്നമാക്കി. എന്നാല്‍ നിങ്ങള്‍ തട്ടിപ്പുകാരെന്ന് ഞങ്ങള്‍ക്കറിയാം. സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ഈ കപട പ്രശ്നങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ ശ്രദ്ധ നിങ്ങള്‍ മാറ്റുകയാണ്. നമ്മുടെ സമൂഹത്തില്‍ മറ്റൊരു പ്രശ്നവും ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ സോഫ്റ്റ്‌വെയറുകളെ സംബന്ധിച്ചടത്തോളം ഉപയോക്താക്കളുടെ സ്വാതന്ത്ര്യമാണ് ഒന്നാമത്തെ പ്രശ്നം. കാരണം സോഫ്റ്റ്‌വെയര്‍ മറ്റേതൊരു ഉല്‍പ്പന്നം പോലെയല്ല. മറ്റെല്ലാ പ്രശ്നങ്ങളും ഇതിന് ശേഷമേ വരൂ. ഒരിക്കല്‍ ഉപയോക്താക്കളെ സ്വതന്ത്രമാക്കിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് മറ്റ് പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കാം. അതുകൊണ്ട് കളികളെല്ലാം നിര്‍ത്തുക. നിങ്ങളുടെ ‘ethicswash’ നിര്‍ത്തുക.

ആദ്യം GPL ഉം അതുപോലുള്ള ലൈസന്‍സുകള്‍ അംഗീകരിക്കുക. പിന്നെ നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അതിന് മുകളില്‍ ധാര്‍മ്മികത കൂട്ടിച്ചേര്‍ക്കുക

ധാര്‍മ്മികത നിര്‍വ്വചിക്കാനുള്ള അവകാശം അധികാരികള്‍ക്കില്ല

അവസാനമില്ലാത്ത യുദ്ധങ്ങളില്‍ നിരപരാധികളായ ജനങ്ങളെ കൊന്ന അതേ സര്‍ക്കാരുകളേയും രാഷ്ട്രീയക്കാരേയും ധാര്‍മ്മികതയുടെ ഉടമസ്ഥരായി കണക്കാക്കാനാകില്ല. എന്താണ് ധാര്‍മ്മികത, എന്താണ് അധാര്‍മ്മികത എന്നതിന് സമൂഹമാണ് ആ തീരുമാനമെടുക്കേണ്ടത്. സര്‍ക്കാര് അടിമകളെ സ്വതന്ത്രരാക്കുന്നതിന് എതിരായിരുന്നു എന്ന് ഓര്‍ക്കുക. അതുകൊണ്ട് ഒരു സര്‍ക്കാരും, ഒരു കമ്പനിയും, ഒരു സംഘടനയും ധാര്‍മ്മികത നിര്‍വ്വചിക്കേണ്ട, അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട. അവര്‍ അത് ചെയ്യുന്നുണ്ടെങ്കില്‍, അത് വെറും ഒരു CoC, code of censorship, ആണ്. പ്രതികാരം, ശിക്ഷ, ‘റദ്ദാക്കല്‍ സംസ്കാരം’ ഇവയെല്ലാം തന്നത്താനെ അധാര്‍മ്മികമാണ്. അത് ഒരു ഫാസിസ്റ്റ് പദ്ധതിയാണ്.

അതുകൊണ്ട് നാം ഈ കോര്‍പ്പറേറ്റ് തന്ത്രങ്ങളെ മനസിലാക്കണം. അവയാല്‍ സ്വയം വിഢികാളാകാതിരിക്കാന്‍ നോക്കണം. വരൂ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനും ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്കുമായി നമുക്ക് ഒന്നിക്കാം.

അനുബന്ധം: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ധാര്‍മ്മിക പ്രശ്നമല്ല, അത് ഉപയോക്താവിന്റെ അവകാശ പ്രശ്നമാണ്എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.