വിനായകന്‍ അയ്യന്‍കാളിയാകുമ്പോള്‍ നാം കാണാതെ പോകുന്നതെന്ത്?

നടന്‍ വിനായകന് സംസ്ഥാന അവര്‍ഡ് കിട്ടി. വളരെ സന്തോഷം. കാരണം അദ്ദേഹത്തിന് കറുത്ത നിറമാണ്. കേരളത്തിലെ ജനങ്ങളുടെ 90% വും കറുത്തവരാണ്. സിനിമാക്കാരുടെ ആര്‍ഭാടം എന്നത് അവരുടെ പണം ആണ്. അതുകൊണ്ട് കറുത്തവനായ ദരിദ്ര വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയത് നല്ലത്. പക്ഷേ ഞാന്‍ സിനിമയുടെ ആളല്ല. ഏത് സിനിമ ആയാലും അത് സാമൂഹ്യദ്രോഹമാണ് ചെയ്യുന്നു എന്നാണ് എന്റെ പക്ഷം. എന്നാല്‍ അത് എന്തുകൊണ്ടെന്ന വിശദീകരിക്കുക വിഷമമാണ്, അതുപോലെ അതല്ല ഈ കുറിപ്പിന്റെ ലക്ഷ്യവും.

അവാര്‍ഡ് കിട്ടിയതിനാല്‍ അതുവരെ മറഞ്ഞിരുന്ന ക്യാമറയും, മൈക്കും അദ്ദേഹത്തിന് നേരെ തിരിഞ്ഞു. പല പച്ചയായ സത്യങ്ങളും അദ്ദേഹത്തിന് വിളിച്ച് പറയാന്‍ അതിനാല്‍ അവസരമുണ്ടായി. അതിന്റെ കൂട്ടത്തില്‍ കേട്ട ഒരു കാര്യമാണ് ഈ ലേഖനത്തിന് കാരണമായിരിക്കുന്നത്.

അയ്യന്‍കാളി ചെയ്തത് പോലെ തനിക്ക് ഒരു ഫെറാറി കാറില്‍ സ്വര്‍ണ്ണം കൊണ്ടുള്ള കിരീടം വെച്ച് പോകണം എന്ന് അദ്ദേഹം ആലങ്കാരികമായി പറയുകയുണ്ടായി. അഭിമുഖത്തിനിടയിലെ വെറുമൊരു അഭിപ്രായ പ്രകടനമെന്നതിലപ്പുറം അതിന് ഒരു രാഷ്ട്രീയമുണ്ട്. അദ്ദേഹം അത് ബോധപൂര്‍വ്വം പറഞ്ഞതല്ല. കാരണം നമ്മളേയെല്ലാം പഠിപ്പിച്ചിരിക്കുന്നത് അത്തരത്തില്‍ പ്രതികരിക്കാനാണ്.

പ്രശ്നങ്ങളെല്ലായിടത്തുമുണ്ട്. എന്നാല്‍ അത് അവനവന്‍ വ്യക്തിപരമായി പരിഹരിക്കണം എന്നതാണ് പ്രചരിപ്പിക്കപ്പെടുന്നത രീതി. അതായത് നമ്മുടെ വ്യക്തിപരമായ കുറവുകള്‍ കൊണ്ടാണ് നമുക്ക് പ്രശ്നങ്ങളുണ്ടാവുന്നത് എന്ന് വരുത്തിത്തീര്‍ക്കുകയാണ് അധികാരികള്‍. ഈ ആഖ്യാനത്തിന് വലിയ ഗുണമുണ്ട്. അത് അധികാരികളെ പ്രശ്നത്തില്‍ നിന്ന് മറച്ച് വെക്കുന്നു. 2008 ല്‍ സാമ്പത്തിക തകര്‍ച്ചയുണ്ടായതിന് ശേഷം അമേരിക്കയില്‍ കോടിക്കണക്ക് വീടുകളാണ് ബാങ്കുകാര്‍ ജപ്തി ചെയ്തത്. അത് ഇപ്പോഴും തുടരുന്നു. ഈ ജപ്തി അനുഭവിച്ച വീട്ടുകാര്‍ പോലും കള്ളന്‍മാരായ ബാങ്ക് മുതലാളിമാരെ പഴിക്കുന്നതിന് പകരം തങ്ങളെ തന്നെയാണ് പഴിക്കുന്നത്. എല്ലാ പ്രശ്നങ്ങളും നമ്മുടെ വിധി എന്ന് സമാധാനിക്കാനാണ് വ്യവസ്ഥ നമ്മേ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെ അല്ല എന്ന തോന്നലുണ്ടായാല്‍ ആളുകള്‍ ചോദ്യം ചെയ്യില്ലേ. അതൊഴുവാക്കണം.

നാമോരോരുത്തവരും വ്യക്തിപരമായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളില്‍ വ്യക്തിപരമായ ഒരു അംശമുണ്ടെങ്കില്‍ കൂടിയും അതൊരു സാമൂഹ്യ പ്രശ്നമാണ്. എന്നാല്‍ പീഡനമേല്‍ക്കുന്ന വ്യക്തിക്കോ സമൂഹത്തിനോ അതിന്റെ രാഷ്ട്രീയ, സാമൂഹ്യ വശങ്ങള്‍ കണ്ടെത്താനുള്ള അവസരം ഒരിക്കലുമുണ്ടാകില്ല. അടിച്ചമര്‍ത്തലിന്റെ വേദനയില്‍ നിന്ന് എങ്ങനെയും രക്ഷ നേടുക എന്നതാണ് അവരുടെ ഏറ്റവും വലിയ ലക്ഷ്യം. ആ ശ്രമത്തില്‍ കുറച്ച് പേര്‍ക്ക് വിജയിക്കാനാകും. ആ വിജയങ്ങളെ വ്യവസ്ഥ പിന്നീട് ആ സമൂഹത്തിന്റെ വിജയമായി വരുത്തിത്തീര്‍ക്കും. ഒബാമ പ്രസിഡന്റായപ്പോള്‍ ലോകം മൊത്തം ആനന്ദാശ്രുക്കള്‍ പൊഴിച്ചതുപോലെ.

സമൂഹത്തില്‍ നാം അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനും ദാരിദ്ര്യത്തിനുമൊക്കെ പ്രതിവിധിയെന്നത് നമ്മള്‍ അധികാരിയും സമ്പന്നനും ആകുക എന്നതാണെന്നും, കഠിനമായി അദ്ധ്വാനിച്ചാല്‍ നമുക്കത് നേടാനാവും എന്നും നിരന്തരം പ്രചരിപ്പിക്കുന്ന കാര്യമാണ്. അത്തരത്തില്‍ വിജയിക്കുന്ന ആളുകളുടെ കഥകള്‍ വലിയ മാധ്യമവാര്‍ത്തകാളാകാറുമുണ്ട്. ആ ജീവിത വിജയങ്ങള്‍ ഒരു സാധാരണ സംഭവങ്ങളായിരുന്നുവെങ്കില്‍ മാധ്യമവാര്‍ത്ത ആകുമായിരുന്നോ? അതായത് വിജയിക്കാനുള്ള നിതാന്ത ശ്രമത്തില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുകയാണ്.

ജോര്‍ജ് ബുഷ് ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ 3 ഷിഫ്റ്റ് പണിചെയ്യുന്ന കറുത്ത സ്ത്രീയെ പുകഴ്ത്തിക്കൊണ്ട്, എപ്പോഴാണ് അവര്‍ ഉറങ്ങുന്നതെന്ന് അത്ഭുതം പ്രകടിപ്പിച്ചു. അതേ നാം കഠിനമായി അദ്ധ്വാനിക്കുകയാണ്. അങ്ങനെ അദ്ധ്വാനിച്ച അദ്ധ്വാനിച്ച് ലോകത്തെ ഏറ്റവും താഴെയുള്ള 350 കോടി ജനങ്ങളുടെ സമ്പത്തിനേക്കാള്‍ കൂടുതല്‍ സമ്പത്ത് വെറും 8 പേരില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയിലെത്തി.

വില്ലുവണ്ടിയും ഫെറാറിയുമൊക്കെ വ്യവസ്ഥക്കകത്തെ വ്യക്തിപരമായ വിജയത്തിനപ്പുറം ഒരു സാമൂഹ്യമാറ്റമായി വ്യാഖ്യാനിക്കരുത്. അതത് വംശക്കാര്‍ക്ക് പൊങ്ങച്ചം പറഞ്ഞ് ആത്മനിര്‍വൃതിയടാം എന്ന് മാത്രം. എന്നാല്‍ അത്, ഇപ്പോള്‍ മാരുതി ഫാക്റ്ററിയിലെ സമരത്തില്‍ പങ്കെടുത്തനിന് കള്ളക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് വിധിക്കപ്പെട്ട തൊഴിലാളികളെ പോലെ, ദരിദ്രരുടെ ജീവിതവൃത്തിക്കായുള്ള പരക്കംപാച്ചിലില്‍ നിന്ന് ഊറ്റിയെടുക്കുന്നതാണ് ആ സമ്പത്തുകളെല്ലാം എന്ന് തിരിച്ചറിയുക.

സമൂഹത്തിലെ 80% ജനങ്ങളും പരമ ദരിദ്രരാണ്. മദ്ധ്യവര്‍ഗ്ഗമെന്ന് പറയുന്ന 19% പിന്നെ അതി സമ്പന്നരായ 1% വും. ഇതാണ് ലോകത്തെല്ലായിടത്തും സമൂഹത്തിന്റെ ഘടന. 80%ക്കാരില്‍ കുറച്ച് പേര്‍ക്ക് മുകളിലത്തെ തട്ടിലേക്ക് കയറാന്‍ കഴിഞ്ഞെന്നു കരുതി, പിന്നേയും 80% അതുപോലെ നില്‍ക്കും. അവര്‍ക്ക് വേണ്ടത് അതാണ്. പണിചെയ്യാനുള്ള ബഹുഭൂരിപക്ഷവും അതിന്റെ ഗുണം അനുഭവിക്കാന്‍ ഒരു ചെറിയ ന്യൂനപക്ഷവും. ആ സാമൂഹ്യഘടന ഇല്ലാതാക്കുകയാണ് ശരിക്കും വേണ്ടത്. ഒറ്റക്കൊറ്റക്ക് മുകളിലേക്ക് കയറാന്‍ അനുവദിക്കുന്നത് അങ്ങനെയൊരു മാറ്റമുണ്ടാകാതിരിക്കാനാണ്.

ഇത് വിനായകനെതിരായ ഒരു വിമര്‍ശനമല്ല. പകരം ഇത് നമ്മളോടെല്ലാമുള്ള വിമര്‍ശനമാണ്. ദാരിദ്ര്യവും അടിച്ചമര്‍ത്തലുകളുമെല്ലാം സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളാണ്. അവക്ക് പരിഹാരം സാമൂഹ്യമായും രാഷ്ട്രീയമായുമേ കാണാനാവൂ. പക്ഷേ നമ്മേ അതില്‍ നിന്ന് തടയാനായി മുതലാളിത്തം എല്ലായ്പോഴും പൊതു പ്രശ്നങ്ങളെ വ്യക്തിപരമായ പ്രശ്നങ്ങളായി പ്രചരിപ്പിച്ച് വ്യക്തിപരമായി അതിന് പരിഹാരം കാണാന്‍ അത് നമ്മോട് ആവശ്യപ്പെടും. ആ തട്ടിപ്പ് നാം തിരിച്ചറിയണം. വിനായകനും, അദ്ദേഹത്തിന്റെ സമൂഹവും, നമ്മളെല്ലാവരും ഉള്‍പ്പെട്ട 99% ജനങ്ങളും ഒന്നിച്ച് വേണം പ്രവര്‍ത്തിക്കാന്‍. എന്നാല്‍ അത് 1% ക്കാരെ ശത്രുവായി കണക്കാക്കി അവര്‍ക്ക് എതിരായ സമരമല്ല. പകരം മുഴുവന്‍പേരും ഉള്‍പ്പെട്ട എല്ലാവര്‍ക്കും, മറ്റ് ജീവിജാലങ്ങള്‍ക്കും സുഖകരമായി ജീവിക്കാനുള്ള വ്യവസ്ഥ നിര്‍മ്മിക്കാനുള്ള സമാധാനപരമായ സാമൂഹ്യമാറ്റമാകണം. തിരിച്ചറിവാണ് അതിന്റെ ആയുധം. ഒന്നിച്ച് നാം വളരും.
____
എഴുതിയത്: ജഗദീശ്.എസ്സ്.

സമാധാനപരമായ പ്രതിഷേധമാണ് ശരിയായ വഴി

സര്‍ക്കാരുകളുടെ അടിസ്ഥാനം എന്നത് ജനസമ്മതിയാണ്. നമ്മുടെ സമ്മതം കൊണ്ടാണ് ഇന്ന് നാം കാണുന്ന സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. വെറും ഒരു 10% ആളുകള്‍ അതിനെ വിസമ്മതിച്ചാല്‍ എത്ര വലിയ ഏകാധിപതിയായാലും ശരി, ഉരുക്കു കോട്ടകള്‍ നിമിഷ നേരം കൊണ്ട് തവിടുപൊടിയാവും. അതാണ് ലോകം മൊത്തമുള്ള ചരിത്രം നമ്മേ പഠിപ്പിക്കുന്നത്. ജനത്തിന് അടിച്ചമര്‍ത്തുന്നവനെക്കുറിച്ച് ഭയം ഇല്ലാതാകുമ്പോള്‍ അത് താനെ സംഭവിക്കും.

ജനത്തിന്റെ പ്രശ്നങ്ങള്‍

നാം ധാരാളം പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. അതിലേതെങ്കിലുമൊന്നിന് ഒരു പരിഹാരം നിങ്ങള്‍ക്കുണ്ടെന്ന് കരുതുക. നിങ്ങള്‍ അത് നടപ്പാക്കാന്‍ പരിശ്രമിക്കുന്നു. നിങ്ങളുടെ ആശയത്തില്‍ വിശ്വസിക്കുന്നതും അധികാരളെ വിസമ്മതിക്കുന്നതുമായ ഒരു കൂട്ടം critical mass ആളുകളെ ഒത്തുകൂട്ടുക എന്ന കാര്യമാണ് ഇനി വേണ്ടത്.

അധികാരികള്‍ അത് അനുവദിക്കുന്നില്ല. പക്ഷേ ആ പരിഹാരം 100% ശരിയാണെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് എന്ത് വിലകൊടുത്തും അത് നടപ്പാക്കാനായി അധികാരികള്‍ക്കെതിരെ അക്രമത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നു. എന്നാല്‍ അധികാരകള്‍ വെറുതെയിരിക്കില്ല. അവര്‍ ഇതുവരെ നടത്തിയതിനേക്കാള്‍ കൂടുതല്‍ ശക്തമായ രീതിയില്‍ അടിച്ചമര്‍ത്തല്‍ അഴിച്ചുവിടുന്നു. നിങ്ങള്‍ തിരിച്ചും.

ഫലത്തില്‍ നിങ്ങള്‍ എന്തിനെക്കുറിച്ച് സംസാരിക്കാനാഗ്രഹിച്ചിരുന്നുവോ അത് ആളുകള്‍ മറക്കുകയും പകരം ചര്‍ച്ച മുഴുവന്‍ നിങ്ങളുണ്ടാക്കിയ പുതിയ അക്രമ പ്രവര്‍ത്തനത്തെക്കുറിച്ചാവും നടക്കുക. അതുകൊണ്ട് നിങ്ങള്‍ നടത്തിയ പ്രവര്‍ത്തനം ശരിക്കും പ്രതിലോമകരമായി മാറുന്നു. പഴയ പ്രശ്നം അതുപോലെ തന്നെ നിലനില്‍ക്കുകയും അധികാരികളുടെ വര്‍ദ്ധിച്ച അടിച്ചമര്‍ച്ചല്‍ ജനം സഹിക്കേണ്ടി വരുകയും ചെയ്യും.

അതുകൊണ്ട് ഏത് പ്രതിഷേധത്തേയും വേഗം അക്രമത്തിലേക്ക് എത്തിക്കുക എന്നത് ഏത് അധികാരികളും ആഗ്രഹിക്കുന്ന കാര്യമാണ്. സമാധാനപരമായ രീതിയില്‍ നിങ്ങള്‍ മുന്നോട്ട് പോയാലും കഴിയുന്നത്ര പ്രകോപനമുണ്ടാക്കി നിങ്ങളെ അക്രമത്തിലേക്ക് എത്തിക്കും. തല്ലും കൊല്ലലുമൊക്കെ നടക്കും. നിങ്ങള്‍ ജീവന്‍ രക്ഷക്കെങ്കിലും അക്രമമാര്‍ഗ്ഗം തെരഞ്ഞെടുക്കുമെന്ന് അധികാരികളുടെ പ്രതീക്ഷയാണ്.

നിങ്ങള്‍ ശരിക്കും സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെ നീങ്ങിയാലും, അധികാരികളുടെ ഗുണ്ടകള്‍ അക്രമം നടത്തി അതിന്റെ കുറ്റം നിങ്ങളുടെ തലയില്‍ വെക്കുന്നതും സാധാരണ സംഭവമാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രസ്ഥാനത്തിലേക്ക് ആ ഗുണ്ടകള്‍ വേഷം മാറി അംഗങ്ങളായി കടന്നുകൂടുകയും അവര്‍ സ്വയം കുറ്റകൃത്യങ്ങള്‍ ചെയ്യുകയോ, നിങ്ങളുടെ സംഘടനയെ അക്രമത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയോ ചെയ്യാം. അമേരിക്കയിലെ Black Panther Party യെ ആയുധമണിയച്ചത് ജപ്പാന്‍കാരനായ അത്തരം ഒരു പോലീസ് informant ആണെന്ന് ആരോപണമുണ്ട്. സാധാരണ മനുഷ്യരില്‍ തീവൃവാദം കുത്തിവെച്ച്, അവര്‍ക്ക് പൊട്ടാത്ത ബോംബ് നല്‍കി, പിന്നെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നത് അമേരിക്കയിലെ സാധാരണ സംഭവമാണ്. പരിസ്ഥിതി സംഘടനകളില്‍ പോലും പോലീസിന്റെ ഇത്തരം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മാധ്യമങ്ങള്‍ അധികാരികളുടെ പക്ഷത്തായതിനാല്‍ അവര്‍ക്ക് അത്തരം സംഭവങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുമാകും. നിങ്ങള്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ചാവും വാര്‍ത്തകള്‍ വരുക. അത് നിങ്ങളെക്കൊണ്ട് അക്രമ സമരം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

വിജയം

ഇനി നിങ്ങള്‍ അക്രമമാര്‍ഗ്ഗത്തിലൂടെ വിജയിച്ചെന്ന് കരുതുക. നിങ്ങളായി പുതിയ അധികാരി. അപ്പോഴും പ്രശ്നം ഇല്ലാതാവില്ല. നിങ്ങളുടെ നയം നടപ്പാക്കാനും അധികാരം നിലനിര്‍ത്താനും നിങ്ങള്‍ക്ക് ജനത്തിന് മേല്‍ അടിച്ചമര്‍ത്തല്‍ നടത്തേണ്ടിവരും. വാളെടുത്തവന്‍ വാളാലെ എന്ന് പറയുന്നത് പോലെ.

അക്രമ ആശയ തീവൃവാദങ്ങള്‍

ഭൌതികമായി അക്രമം പോലെയാണ് ആശയ തീവൃവാദങ്ങള്‍. ഉദാഹരണത്തിന് യുക്തിവാദം, ഫെമിനിസം, മതം തുടങ്ങിയവ. ഭൌതികമായി അക്രമപ്രവര്‍ത്തനങ്ങളൊന്നും അവര്‍ ചെയ്യുന്നില്ല. എന്നാന്‍ അവര്‍ വിശ്വസിക്കുന്ന ആശയങ്ങളെ കണ്ണടച്ച് വിശ്വസിക്കുകയും അതിനെ അംഗീകരിക്കാത്തവരേയും വിമര്‍ശിക്കുന്നവരേയും മോശക്കാരായും കണ്ടുകൊണ്ട് ആശയവിനിമയത്തില്‍ അക്രമത്തിന്റെ ഭാഷ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാല്‍ അത് ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നില്ല. ഈ വിദ്വാന്‍മാരുടെ ഗീര്‍വ്വാണം കേട്ട് അനുയായികള്‍ ചിലപ്പോള്‍ സാഹസ പ്രവര്‍ത്തികളില്‍ എടുത്തുചാടി സ്വയം നശിക്കാം. അതുപോലെ മറ്റുള്ളവര്‍ ഇതിനെ നേരിടാന്‍ അവരവരുടെ വിശ്വാസ പ്രതിരോധം ശക്തമാക്കുകയും ചെയ്യുന്നു. സമൂഹം ഇവര്‍ക്കെതിരെ സംഘടിച്ച് പ്രതികരിക്കുകയും ചെയ്യാം. നമ്മുടെ ആശയം സമാധാനപരമായി പരസ്പര ബഹുമാനത്തോടെ എതിര്‍ക്കുന്നവരെക്കൂടി ഉള്‍ക്കൊണ്ട് വേണം ചെയ്യാന്‍. ആളുകളെന്തെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിന് കാരണമുണ്ടാകും. ആ കാരണം കണ്ടെത്തി അതിനെയാണ് അഭിസംബോധന ചെയ്യേണ്ടത്.

നമുക്ക് പുറത്തുള്ള ആളുകളെ ശത്രുക്കളായി ഒരിക്കലും കണക്കാക്കരുത്. അവരുടെ സമ്മതമില്ലാതെ നമുക്കൊരിക്കലും അവരുടെ മനസിലേക്ക് കയറാനാവില്ല.

സാമൂഹ്യമാറ്റത്തിന് സമാധാനപരമായ പ്രതിഷേധം മാത്രമാണ് വഴി. അതിന് ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. ജാഥ നടത്താം, സമ്മേളനം നടത്താം, പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കാം, സമരം നടത്താം, സമാധാനപരമായി നിയമം ലംഘിച്ച് ജയിലില്‍ പോകാം അങ്ങനെ അനേകം വഴികളുണ്ട്. സമാധാനപരമല്ലാത്ത വഴികളെല്ലാം ഇപ്പോഴത്തെ അധികാരികളെ സഹായിക്കുന്ന വഴികളാണ് എന്ന സത്യം തിരിച്ചറിയുക. അതുകൊണ്ട് ഒരു പ്രശ്നത്തിലും വികാരം കൊള്ളരുത്. അഥവാ അങ്ങനെ തോന്നുന്നെങ്കില്‍ തിരിച്ചറിയുക നിങ്ങള്‍ അധികാരികളെ സഹായിക്കുകയാണെന്ന്.
____
എഴുതിയത്: ജഗദീശ്.എസ്സ്.

ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017

c5f5uqwukaayuaaകൊച്ചിയില്‍ ഫെബ്രുവരി 19, 2017 ന് കേരളത്തില്‍ ആദ്യമായി വേഡ് ക്യാമ്പ് നടക്കുന്നു എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇന്‍ഡ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 300 പ്രതിനിധികള്‍ പങ്കെടുത്ത ആ വേഡ് ക്യാമ്പ് കൊച്ചി 2017 ഗംഭീരമായി നടന്നു. അങ്ങനെ ആദ്യമായി ഞാനും സന്നദ്ധപ്രവര്‍ത്തകനായി വേഡ് ക്യാമ്പില്‍ പങ്കെടുത്തു. ശരിക്കും അത്ഭുതകരമായ ഒരു അനുഭവമായിരുന്നു അത്.

2000 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പ്രചാരകനാണ് ഞാന്‍. എന്നാല്‍ ഇന്നുവരെ ഒരു പൊതു പരിപാടിയിലും പങ്കെടുത്തിട്ടില്ല. സോഫ്റ്റ്‌വെയറിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്ന എഞ്ജിനീയര്‍മാര്‍ അവരുടെ വിശ്രമ സമയത്തും ചെറിയ സംഭാവനകള്‍ സ്വീകരിച്ചും നമുക്കെല്ലാം വേണ്ട സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നു എന്ന് അറിയാം. അത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകള്‍ 2004 മുതല്‍ വ്യക്തിപരമായ ആവശ്യത്തിന് ഞാന്‍ സ്ഥിരം ഉപയോഗിക്കുന്നുമുണ്ട്.

c5alzg9wcaalsrvപക്ഷെ വേഡ്പ്രസ് എന്ന ഒരൊറ്റ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുകൊണ്ട് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന ഇന്‍ഡ്യയിലേയും വിദേശത്തേയും 300 ഓളം പേരെ കണ്ടത് എന്നെ ഞെട്ടിച്ചു. എത്രയേറെ ധീരരായ ചെറുപ്പക്കാരാണിവര്‍, വേഡ്പ്രസ് സമൂഹം എന്ന ഒരു കൂട്ടായ്മ അവരുണ്ടാക്കി. തങ്ങളുടെ അറിവും സാദ്ധ്യതകളും പരസ്പരം പങ്കുവെക്കുന്നു. ഒന്നിച്ച് അവര്‍ വളരുന്നു. തങ്ങളുടെ അടിസ്ഥാനം വേഡ്പ്രസ് സമൂഹം ആണെന്നും അതിനാല്‍ ആ സമൂഹത്തിന് വേണ്ടി തിരികെ എന്തെങ്കിലും ചെയ്യെണമെന്നും ബോധമുള്ളവരാണ് അവര്‍. തീര്‍ച്ചയായും എത്ര അഭിനന്ദിച്ചാലും മതിയാവാത്തതാണ് അവരുടെ പ്രവര്‍ത്തി.

എന്നിരുന്നാലും ചില പ്രശ്നങ്ങളും ഞാന്‍ അവിടെ കണ്ടു. അത് ചില ആശയപരമായ കാര്യമാണ്. വിമര്‍ശനമല്ല.
dsc_0194
ഏത് സമൂഹത്തിന്റെ അടിത്തറ തത്വചിന്താപരമായ രാഷ്ട്രീയമാണ്. ഉദാഹരണത്തിന് നമ്മുടെ സ്വാതന്ത്ര്യ സമരം നോക്കൂ. അതിന് ശേഷം രാഷ്ട്രീയമുള്‍പ്പടെ സമഗ്ര മേഖലയിലും പ്രവര്‍ച്ചിച്ചവര്‍ എങ്ങനെയുള്ളവരായിരുന്നു? അവരെല്ലാം ഉയര്‍ന്ന ധാര്‍മ്മിക മൂല്യമുള്ളവരായിരുന്നു. പക്ഷേ ഇന്നോ? മൊത്തം ജീര്‍ണ്ണത എന്ന് പല ന്യായം പറഞ്ഞ് രക്ഷപെട്ടിട്ട് കാര്യമില്ല. രാഷ്ട്രീയ ബോധത്തിന്റെ തീ ജനത്തിന്റെ മനസില്‍ കത്തിച്ച് നിര്‍ത്താന്‍ കഴിയാതിരുന്നതാണ് ജീര്‍ണ്ണതയുടെ കാരണം.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലും അത് ബാധകമാണ്. സ്വാതന്ത്ര്യത്തിന്റെ തീ മനസില്‍ നാം കത്തിച്ച് നിര്‍ത്തിയില്ലെങ്കില്‍ കാലക്രമത്തില്‍ എല്ലാം പഴയതുപോലെയാകും. അതുകൊണ്ട് ആ രംഗത്തേക്കുകൂടി വേഡ്പ്രസ് സമൂഹം ശ്രദ്ധചെലുത്തണമെന്നാണ് എന്റെ ആഗ്രഹം.
c5bzuq-wqaatrm3
തട്ട് കമ്പനികളുടെ സേവനം

വേഡ് ക്യാമ്പില്‍ പങ്കെടുത്ത ചില ആളുകള്‍ ഗൂഗിള്‍, ട്രേസ്‌ബുക്ക് പോലുള്ള തട്ടുകമ്പനികളുടെ(platform company) സേവനം പാക്കേജ് ചെയ്ത് വില്‍ക്കുന്നവരായിരുന്നു. അവരാര്‍ക്കും ഈ കമ്പനികളുടെ ചതിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. ഈ കള്ള കമ്പനികളോട് അന്ധമായ ഒരു വിധേയത്തമാണ് അവരില്‍ കണ്ടത്. 2004 കളില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ പറഞ്ഞിരുന്നതും, ശേഷം വിക്കീലീക്സ് പുറത്തുകൊണ്ടുവന്ന, അവസാനം എഡ്വേര്‍ഡ് സ്നോഡന്‍ രേഖാമൂലം വ്യക്തമാക്കിയതുമായ കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ല എന്ന് തോന്നുന്നു. ഈ ബ്ലോഗില്‍ തന്നെ നൂറുകണക്കിന് പോസ്റ്റുകള്‍ ആ പ്രശ്നത്തെ സംബന്ധിച്ചുണ്ട്. സര്‍ക്കാരും കോര്‍പ്പറേറ്റുകളും ജനത്തെ ശത്രുവായി കണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭീഷണിയെക്കുറിച്ച് കൂടി വേഡ്പ്രസ് സമൂഹം ശ്രദ്ധിക്കണം.

എന്തൊക്കെയായാലും എന്നെ സംബന്ധിച്ചടത്തോളം അത്യധികം സന്തോഷവും, ധൈര്യവും, പ്രതീക്ഷയുമൊക്കെ നല്‍കിയതായിരുന്നു ഈ കഴിഞ്ഞ വേഡ് ക്യാമ്പ് കൊച്ചി 2017. പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നു. ഒന്നിച്ച് നമുക്ക് മുന്നോട്ട് പോകാം സൂഹൃത്തുക്കളേ.

#WCKochi
____
എഴുതിയത്: ജഗദീശ്.എസ്സ്.

കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല

പ്രമുഖ കൃഷി ശാസ്ത്രജ്ഞനായ K M ശ്രീകുമാര്‍ ഒരു പ്രഭാഷണത്തില്‍ അല്‍പ്പം തമാശയായി പറഞ്ഞതാണ് ആ വാചകം. കുറച്ച് വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ഉള്ളിക്ക് വില വര്‍ദ്ധിച്ചു. വില പിടിച്ച് നിര്‍ത്താന്‍ കോടതി സര്‍ക്കാരിനോട് അവശ്യപ്പെടുകയും സര്‍ക്കാര്‍ ഉള്ളി ഇറക്കുമതിയോ മറ്റോ ചെയ്ത് വില നിലക്ക് നിര്‍ത്തുകയും ചെയ്തു എന്നതാണ് സംഭവം. കൃഷിക്കാരന് അല്‍പ്പം സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ആരും സമ്മതിക്കുന്നില്ല എന്നാണ് കൃഷി ശാസ്ത്രജ്ഞന്റെ ആരോപണം.

എന്നാല്‍ കമ്പോളം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. പത്ത് രൂപക്ക് നിര്‍മ്മാതാവിന്റെ കൈയ്യില്‍ ഉല്‍പ്പന്നം വാങ്ങി, പല ഇടനിലക്കാരിലൂടെ കറങ്ങി അവസാനം നമുക്ക് അടുത്തുള്ള കമ്പോളത്തിലെത്തുമ്പോഴേക്കും സാധനത്തിന്റെ വില പത്തിരട്ടിയോ അതിലധികമോ വര്‍ദ്ധിച്ചിരിക്കും. പക്ഷേ ചാത്രം പഠിച്ചാല്‍ പിന്നെ ഇതൊക്കെ മറന്ന് പോകും. ചാത്രീയത മാത്രമേ പിന്നെ വരൂ.

കൃഷിക്കാരന്‍ വിത്തും വളവും കീടനാശിനിയും വാങ്ങുന്നു. അതുപയോഗിച്ച് കൃഷിചെയ്യുന്നു. വിള കൊയ്ത് കമ്പോളത്തില്‍ വില്‍ക്കുന്നു. അത്ര മാത്രമേ കൃഷിശാസ്ത്രപ്രകാരമുള്ള വിളയുടെ ജീവിത ചക്രം. ഇതാണ് കേവല കൃഷിശാസ്ത്രം. തങ്ങള്‍ക്ക് ആവശ്യമായതിനെ മാത്രം കണക്കാക്കി, ബാക്കിയുള്ള വിപുലമായ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്ന കേവലവാദങ്ങള്‍.

സത്യത്തില്‍ വേറൊരു കാര്യം സൂചിപ്പിക്കാനാണ് ഇതെഴുതിയത്. നമ്മുടെ കാര്‍ഷികോര്‍പ്പന്നങ്ങളുടെ വിലയെ കൂടുതല്‍ അസ്ഥിരവും കൊള്ളക്ക് സഹായകവുമാക്കുന്ന ഒരു സാമ്പത്തിക രാക്ഷസനെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിവിട്ടിരിക്കുകയാണ്. Commodity Option trading എന്നതാണ് അത്. അതിനെക്കുറിച്ച് ഒരു വലിയ ലേഖനം വിവര്‍ത്തനം ചെയ്തുകൊടുത്തിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ വായിക്കുക: ഇന്‍ഡ്യന്‍ കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം

മനുഷ്യന്‍ കഴിക്കാനുള്ള ആഹാരത്തെ ഒരു ചെറിയ കൂട്ടം ഊഹക്കച്ചവടക്കാരുടെ ലാഭത്തിനായി മാറിയിരിക്കുകയാണ്. നിങ്ങള്‍ വാങ്ങുന്ന ആഹാരത്തിന് വില കൂടുന്നത് കണ്ടിട്ട് നിങ്ങള്‍ പാവം കര്‍ഷകനെ സഹായിക്കുകയാണെന്ന വിഢിത്തം വിശ്വസിക്കരുത്. ശരിക്കും കൃഷിക്കാരന് ഗുണമുണ്ടാകണമെങ്കില്‍ ഇടനിലക്കാര്‍ ഇല്ലാതായി ഉപഭോക്താവ് നേരിട്ട് കര്‍ഷകനില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന അവസ്ഥയുണ്ടാകണം. അത് ഇന്നത്തെ വ്യാവസായി കൃഷി ഉപയോഗിച്ച് ചെയ്യാനാവില്ല. കൃഷി പ്രാദേശികമാകണം.
____
എഴുതിയത്: ജഗദീശ്.എസ്സ്.

വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?

വില്‍പ്പനക്ക് വെച്ചിട്ടുള്ള എല്ലാ സാധനങ്ങള്‍ക്കും കൃത്യമായ ഒരു വിലയുണ്ട്. ആ തുക നമ്മള്‍ കൊടുത്താല്‍ അത് നമുക്ക് വാങ്ങാം. ചില വസ്തുക്കള്‍ ലേലം വിളിച്ചാവും വില തീരുമാനിക്കുന്നത്. അവിടെയും നമ്മുടെ മുമ്പില്‍ വെച്ചാണ് ലേലം നടക്കുന്നത്. അവസാനം വില്‍ക്കുന്നവന് ലാഭമാകുന്ന അവസ്ഥയില്‍ ലേലം ഉറപ്പിക്കുകയും ആ വിലയില്‍ ഉപഭോക്താവ് അത് വാങ്ങുകയും ചെയ്യുന്നു. അതിന് ശേഷം വിലക്ക് ഒരു മാറ്റവും സംഭവിക്കില്ല. ഇതാണ് കമ്പോളത്തിന്റെ അടിസ്ഥാന തത്വം.

എന്നാല്‍ വില്‍പ്പന നടന്ന ഒരു വസ്തുവിന്റെ വിലയില്‍ ഒരു ചെറിയ വര്‍ദ്ധനവ് മുതലാളിക്കുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഏങ്ങനെയിരിക്കും? മുതലാളിക്ക് കൊള്ള ലാഭമാകും. പണം ഡിജിറ്റലായതിന്റെ ഒരു പാര്‍ശ്വഫലമാണിത്.

പക്ഷേ എല്ലാ മുതലാളിക്കും അത് സാദ്ധ്യമല്ല. പുരോഗതി കാരണം ചില മുതലാളിക്ക് ആ കഴിവ് കിട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം 86% കറന്‍സികളും പിന്‍വലിച്ച് ജനത്തെ നിര്‍ബന്ധിപ്പിച്ച് ഡിജിറ്റല്‍ പണം അടിച്ചേല്‍പ്പിച്ചത് ഇത്തരം മുതലാളിമാര്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമാണുണ്ടാക്കിയത്.

മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്ത നോക്കൂ.

“500 രൂപവരെയുള്ള ഒരു ഇടപാടിന് 10 രൂപവരെയാണ് സര്‍വീസ്ചാര്‍ജ്. 500 രൂപയ്ക്ക് പെട്രോളോ ഡീസലോ അടിച്ചാല്‍ 10 രൂപയും രണ്ടരശതമാനം നികുതിയും ഈടാക്കും. സ്മാര്‍ട്ട്കാര്‍ഡ്‌ സ്വൈപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്ലിപ്പില്‍ ഈ അധികതുക രേഖപ്പെടുത്താതെയാണ് പണം ഈടാക്കുന്നത്. അതിനാല്‍ അധികമാരും ഇത് ശ്രദ്ധിക്കില്ല.”

നാം വീട്ടില്‍ തന്നെ ഇരുന്ന് നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടാണെങ്കില്‍ വേണമെങ്കില്‍ യാത്രയുടെ ചിലവും സമയവും ലാഭമായി എന്ന് കരുതാം. എന്നാല്‍ കൂടുതല്‍ ഇടപാടും നാം കടയില്‍ പോയി നടത്തുന്നതും യാത്രയുടെ ഇടയില്‍ നടത്തുന്നതുമാണല്ലോ. അങ്ങനെയാകുമ്പോള്‍ ആ ഇളവ് ഇല്ലാതാകുന്നു.

ക്രഡിറ്റ് കാര്‍ഡ് ആണ് വേറൊരു രംഗം. സാധനം വാങ്ങിയിട്ട് ഒന്നര മാസം കഴിഞ്ഞ് പണം കൊടുത്താമതി എന്നതാണ് അതിന്റെ ഒരു സൌകര്യം. ചെറിയ ഗഡുക്കളായിയും പണം അടക്കാം. അപ്പോള്‍ പലിശ കൊടുക്കണമെന്ന് മാത്രം. കഴുത്തറക്കുന്ന പലിശാണ് അവര്‍ ഈടാക്കുന്നത്. അതും സ്ഥിരമല്ല. ഒരു ദിവസം വൈകിയാല്‍ പലിശ നിരക്കും വര്‍ദ്ധിക്കും ഒപ്പം പിഴയും സര്‍വ്വീസ് ചാര്‍ജ്ജും ഒക്കെ കൊടുക്കണം. 2005 ലെ ഒരു കണക്ക് പ്രകാരം ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഇന്‍ഡ്യയില്‍ നിന്ന് പിഴയും നികുതിയും ഒക്കെയായി 3500 കോടി ഡോളര്‍ 2005 ല്‍ കൊണ്ടുപോയി. (ഞാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ പരിപാടി അന്ന് നിര്‍ത്തിയതാണ്.) സത്യത്തില്‍ ക്രഡിറ്റ് കാര്‍ഡ് കമ്പനിയുടെ വരുമാനം എന്നത് നാം അടക്കുന്ന പിഴയാണ്. (കാണുക സിനിമ: ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം).

ക്രഡിറ്റ് കാര്‍ഡുകള്‍ സമ്പത്തിന്റെ പ്രതീകമായാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നതെങ്കിലും സത്യത്തില്‍ അങ്ങനെയല്ല. ദാരിദ്ര്യത്തെ ആണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഒരു കാര്‍ഡിന്റെ പരിധി കഴിയുമ്പോള്‍ കടം രണ്ടാമത്തെ കാര്‍ഡിലേക്ക് മാറ്റും. നാം സാധാരണ ഒരു വട്ടിപ്പലിശക്കാരനില്‍ നിന്ന് മറ്റൊരാളിലേക്ക് മാറുന്നത് പോലെ. എന്നാല്‍ അവിട പലിശ സ്ഥിരമായതാണ്. കാര്‍ഡിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഏതെങ്കിലും കാര്‍ഡില്‍ നാം പണം അടക്കാന്‍ വൈകിയാല്‍ നമ്മുടെ എല്ലാ കാര്‍ഡിലേയും പലിശയുടേയും പിഴയുടേയും ശതമാനം നാം അറിയാതെ തന്നെ വര്‍ദ്ധിക്കും. (അതിനൊക്കെയുള്ള അധികാരം നാം തന്നെ കമ്പനിക്ക് തുടക്കത്തിലൊപ്പിട്ട് കൊടുത്തിട്ടുണ്ട്).

അങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ 100 രൂപക്ക് നാം വാങ്ങിയ ഒരു സാധനത്തിന് ചിലപ്പോള്‍ 200 ഓ 300 ഓ ഒക്കെ കൊടുക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

കച്ചവടക്കാര്‍ ഭരിക്കുന്ന രാജ്യം

സംഭവങ്ങളുടെ ക്രമമാണ് ഇതില്‍ രസകരമായിട്ടുള്ളത്. ആദ്യം നോട്ട് നിരോധിച്ച് ഡിജിറ്റല്‍ പണത്തിന് കമ്പോളമുണ്ടാക്കി.

നോട്ട് നിരോധിച്ച് ഡിജിറ്റലായപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. പക്ഷേ സര്‍വീസ്ചാര്‍ജ്ജും മറ്റും കൊടുത്തു തുടങ്ങിയത് തിരിച്ചറിഞ്ഞപ്പോള്‍ ആളുകളില്‍ എതിര്‍പ്പിന്റെ സ്വരം വന്നു. പണം ഒരു അകൌണ്ടില്‍ നിന്ന് മറ്റൊരു അകൌണ്ടിലേക്ക് മാറ്റാന്‍ കുറഞ്ഞത് 3 രൂപയെങ്കിലും വേണം. പണ്ട് കറന്‍സി വഴി ഒരു അധിക ചിലവുമില്ലാതെ ചെയ്തിരുന്നടത്താണ് ഇപ്പോള്‍ ജനത്തിന് ഈ അധിക തുക കൊടുക്കേണ്ടിവരുന്നത്.

സര്‍ക്കാരിന് ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറണമെന്നുണ്ടെങ്കില്‍ സാവധാനം ആളുകളെ ബോധവല്‍ക്കരിച്ച് പേപ്പര്‍ കറന്‍സികളേക്കാല്‍ മെച്ചപ്പെട്ട സേവനം നല്‍കി അതിലേക്ക് മാറാം. സത്യത്തില്‍ സര്‍ക്കാര്‍ ഈ പണിയൊക്കെ ചെയ്യുന്നത് നാട് നന്നാക്കാനല്ല. bjp യെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന കമ്പനികള്‍ക്ക് നമ്മുടെ എല്ലാ ഇടപാടുകളില്‍ നിന്നും കമ്മീഷന്‍ വേണം. അത്രയേയുള്ളു. അങ്ങനെ വരുമ്പോള്‍ പതിയെയുള്ള മാറ്റം ശരിയാവില്ല. അതിനാണ് ഈ അടിയന്തിരാവസ്ഥ സൃഷ്ടിച്ചത്.

ഇതൊരു പാഠ്യപദ്ധതിയാണ്. bjp യുടെ നേതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, നാം പണ ഇടപാട് നടത്തുമ്പോള്‍ അത് സൌജന്യമല്ലെന്നും, അതിന് സര്‍വ്വീസ് ചാര്‍ജ്ജുണ്ടെന്നും ജനത്തിന്റെ ചന്തിക്കടിച്ച് പഠിപ്പിക്കുന്നു. ജനം കരയുന്നു. അപ്പോള്‍ രാജാവ് പ്രത്യക്ഷപ്പെട്ട് “പ്രജകളുടെ കഷ്ടപ്പാട് മനസിലാക്ക് നോം തല്‍ക്കാലത്തേക്ക് സര്‍വ്വീസ് ചാര്‍ജ്ജില്‍ നിന്ന് ഇളവ് നല്‍കുന്നു. പോരാത്തതിന് നിങ്ങള്‍ സമ്മാനവും തരും” എന്ന് അരുളിചെയ്യുന്നു. ജനം ജയ് വിളിച്ചു. കടക്കാര്‍ക്കും ബാങ്കുകാര്‍ക്കും വിജ്ഞാപനം എത്താത്തതിനാല്‍ അവര്‍ പഴയതുപോലെ വല്യമുതലാളിക്ക് വേണ്ടി പിഴിയല്‍ നടത്തുന്നു. വിഢികളായ ജനം അവരെ ചീത്തപറയുമ്പോഴും രാജാവിന് ജയ് വിളിക്കുന്നു.

സര്‍വ്വീസ് ചാര്‍ജ്ജില്‍ നിന്ന് ഇളവ് നല്‍കുന്നു എന്നതിന്റെ അര്‍ത്ഥം എന്താണ്? തീര്‍ച്ചയായും ഭാവിയില്‍ അവര്‍ക്ക് പണമിടപാടിന്റെ കുത്തക കിട്ടുമ്പോള്‍ ഈ ഇളവെല്ലാം എടുത്തുകളയുകയും ഇത്രയും നാളത്തെ നഷ്ടം കൂടി ചേര്‍ച്ച് വന്‍തുക ഈടാക്കും എന്നതാണ് അത്. ഈ തലമുറയെ സംബന്ധിച്ചടത്തോളം പേപ്പര്‍ കറന്‍സികള്‍ കൈകാര്യം ചെയ്ത ഓര്‍മ്മയുള്ളതിനാല്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കും. പക്ഷേ കാലം ചെല്ലുമ്പോള്‍ പുതിയ തലമുറ അത് കാണാത്തതിനാല്‍ അവരെ സംബന്ധിച്ചടത്തോളം അവരുടെ സാധാരണത സര്‍വ്വീസ് ചാര്‍ജ്ജുള്ള ഡിജിറ്റല്‍ പണമാകും. അവര്‍ സര്‍വ്വീസ് ചാര്‍ജ്ജും കൊടുത്ത് മുതലാളിയുടെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് വാചാലരാവും.

അതുകൊണ്ട് അധികാരികളുടെ ഇത്തരം തട്ടിപ്പില്‍ നാം സ്വയം പോയി വീഴരുത്.

സര്‍ക്കാര്‍ രാജ്യസ്നേഹം തെളിയിക്കുക

ദേശസ്നേഹം വഴിഞ്ഞൊഴുകുന്നു എന്ന് പറയയുന്ന bjp, rss സര്‍ക്കാര്‍ ജനത്തിന്റെ രാജ്യസ്നേഹം എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയല്ലേ. പക്ഷേ bjp, rss ന് എത്രമാത്രം ദേശസ്നേഹമുണ്ടെന്ന് ജനത്തിന് അറിയല്ല. എന്നാല്‍ ഇപ്പോള്‍ അത് തെളിയിക്കാനുള്ള അവസരം വന്നിരിക്കുകയാണ്.

ഡിജിറ്റല്‍ കറന്‍സിയേയും പെയ്മെന്റ് സംവിധാനങ്ങളേയും ദേശസാല്‍ക്കരിക്കുക, അവ സൌജന്യമാക്കുക.

നട്ടെല്ലുണ്ടോ? ചങ്കൂറ്റമുണ്ടോ? ജനത്തോട് സ്നേഹമുണ്ടോ? രാജ്യസ്നേഹമുണ്ടോ? തെളിയിക്കുക.
____
എഴുതിയത്: ജഗദീശ്.എസ്സ്.
നോട്ട് നിരോധനങ്ങളെക്കുറിച്ചുള്ള മറ്റു ലേഖനങ്ങള്‍ കാണുക.

എന്താണ് കള്ളപ്പണം

ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എന്തൊക്കെയോ ഒരു ധാരണയുണ്ടാകുന്നില്ലെ? അതാണ് ഭാഷയുടെ ശക്തി.

സത്യത്തില്‍ കള്ളപ്പണം എന്നൊരു പണമില്ല. RBI അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. എന്നാല്‍ ചിലര്‍ സ്വന്തമായും നോട്ടുകളച്ചടിക്കും. അതാണ് കള്ളനോട്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ അളവ് വളരെ കുറവാണെന്നാണ് RBI പറയുന്നത്. എന്നാലും അതിനെ തടയണം. മെച്ചപ്പെട്ട പോലീസിങ്ങും, ഇന്റലിജെന്‍സും ഒക്കെ അതിനുള്ള വഴിയാണ്.

എന്നാല്‍ കള്ളപ്പണമെന്നത് കള്ളനോട്ട് പോലെ പ്രത്യേകം ചുണ്ണാമ്പ് തേച്ച് മാറ്റിവെക്കാവുന്ന ഒന്നല്ല. കള്ളപ്പണമുണ്ടാകുന്നത് കണക്കുപുസ്തകത്തിലാണ്. അല്ലാതെ RBI അച്ചടിച്ച കറന്‍സി കൈവശം വെക്കുന്നതില്‍ നിന്നല്ല. അതായത് നിങ്ങളുടെ കണക്ക് പുസ്തകത്തില്‍ നിയമ പ്രകാരം നികുതി അടക്കാതെ കൈവശം വെച്ചേക്കുന്ന വരുമാനമാണ് കള്ളപ്പണം. നികുതി അടച്ചിട്ട് ആ വിവരം കണക്ക് പുസ്തകത്തിലെഴുതി വെച്ചാല്‍ ആ വരുമാനം നല്ല പണമായി. അത്രയേയുള്ളു. സത്യത്തില്‍ കള്ളപ്പണം എന്നല്ല, കള്ളപ്പണക്കാരന്‍ എന്നാണ് പറയേണ്ടത്. പണം എപ്പോഴും വെള്ള തന്നെയാണ്.

നികുതി അടക്കുന്നതിന് സര്‍ക്കാര്‍ ഒരു കുറവ് പരിധി വെച്ചിട്ടുണ്ട്. അതിന് മുകളില്‍ വരുമാനം വരുന്ന വ്യക്തികളും സ്ഥാപനങ്ങളും കമ്പനികളുമാണ് നികുതി അടക്കേണ്ടത്. ആ പരിധിക്ക് താഴെയുള്ളവര്‍ നികുതി അടക്കേണ്ട. പക്ഷേ ഇതൊക്കെ മനുഷ്യന്‍ എഴുതി വെക്കുന്ന നിയമങ്ങളാണ്. അല്ലാതെ ആകാശത്തു നിന്ന് വരുന്ന അരുളിപ്പാടൊന്നുമല്ല.

ഇനി വേറൊരു കാര്യം. നിങ്ങള്‍ നേരെ ഡല്‍ഹിയില്‍ പോയി അധികാരികളെ കണ്ട് എന്തെങ്കിലും ‘കാര്യങ്ങള്‍’ അവരെ വിശ്വസിപ്പിച്ച് നിങ്ങള്‍ നികുതി അടക്കേണ്ടതില്ല എന്ന് ഉത്തരവിറക്കാന്‍ കഴിഞ്ഞാലും നിങ്ങളുടെ വരുമാനം വെള്ളപ്പണമാകും. സര്‍ക്കാര്‍ ആ നികുതി എഴുതിത്തള്ളും. അതായത് നിയമപ്രകാരം അടക്കേണ്ട നികുതി അടക്കാതെ തന്നെ പണം വളുപ്പിച്ച് കിട്ടും. പക്ഷേ സാധാരണക്കാരായ നമുക്ക് അതിനുള്ള കഴിവില്ല. നമ്മുടെ രാജ്യത്തെ മറ്റു ചിലര്‍ക്ക് അത് സാധിക്കുന്നുണ്ട്.

സത്യത്തില്‍ ആ പണം നികുതിയായി അടക്കേണ്ടതാണ്. എന്നാല്‍ അവര്‍ സര്‍ക്കാരിനെ സ്വാധീനിച്ച് പണം അടക്കുന്നതില്‍ നിന്ന് രക്ഷനേടി. കോര്‍പ്പറേറ്റുകള്‍ എന്ന് വിളിക്കുന്ന വമ്പന്‍ കമ്പനികളാണ് ഇവര്‍. പ്രതിവര്‍ഷം കോര്‍പ്പറേറ്റുകളുടെ 3 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുന്നത്. അത് കൂടാതെ കോര്‍പ്പറേറ്റുകളുടെ നികുതി നിരക്ക് സര്‍ക്കാരിന് കുറച്ചുകൊണ്ടുവരാം. ചില രാജ്യങ്ങളില്‍ ആ നിരക്ക് 0% ആണ്. ലോകത്തെ വമ്പന്‍മാരായ കമ്പനികളുടെ പണം മുഴുവന്‍ നികുതി സ്വര്‍ഗ്ഗം എന്ന് വിളിക്കുന്ന അത്തരം രാജ്യങ്ങളിലാവും സൂക്ഷിക്കുന്നത്. എല്ലാവരുടേയും പ്രീയപ്പെട്ട ആപ്പിള്‍, ഗൂഗിള്‍, ഫേസ്‌ബുക്ക് തുടങ്ങിയ മാന്യന്‍മാരും ഈ കൂട്ടത്തിലുണ്ട് (അവരുടെ സ്വന്തം നാട്ടിലും മറ്റ് രാജ്യങ്ങളിലും). കൂടുതല്‍ വിവരങ്ങള്‍ക്ക് നികുതി വിഭാഗം കാണുക. നികുതി അടച്ചാലും പ്രത്യേകം സബ്സിഡികള്‍ അവര്‍ക്ക് കൊടുക്കാം. അവര്‍ എടുത്ത് വായ്പകള്‍ എഴുതിത്തള്ളാം. 6 ലക്ഷം കോടി രൂപയാണ് ഈ വര്‍ഷം എഴുതിത്തള്ളിയത്.

അതുകൊണ്ട് കള്ളപ്പണക്കാരന്‍ എന്നാല്‍ നികുതി അടക്കേണ്ടവനായിട്ടുകൂടി നികുതി അടക്കാതെയോ, നികുതിയില്‍ നിന്ന് അന്യായമായി ഒഴുവാക്കല്‍ നേടുന്നവനോ ആണ് കള്ളപ്പണക്കാരന്‍. പക്ഷേ ആ രണ്ടാമനെതിരെ ആരും ഒന്നും പറയില്ല, ഒരു നടപടിയും കാണുന്നില്ല. കാരണം അവരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്ക് വേണ്ടിയുള്ള പാവകളെയാണ് ജനാധിപത്യത്തിന്റെ പേരില്‍ നാം തെരഞ്ഞെടുത്ത് വിടുന്നത്.
____
എഴുതിയത്: ജഗദീശ്.എസ്സ്.

ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു

സിനിമ തിയേറ്ററില്‍ ഷോയ്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും കാഴ്ചക്കാരെല്ലാം അപ്പോള്‍ അതിനെ ബഹുമാനിക്കണമെന്നും ഒരു ഉത്തരവ് സുപ്രീംകോടതി ജഡ്ജി ഇറക്കി. സത്യത്തില്‍ തെറ്റായതും അപ്രായോഗികവുമായ ഒരു ഉത്തരവാണത്. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ദേശീയ പതാക പാറിക്കാമെന്നതിനെക്കുറിച്ച് ധാരാളം നിയമങ്ങളുണ്ട്. എന്നാല്‍ ദേശീയ ഗാനത്തിന് അങ്ങനെയൊരു നിയമമില്ലേ? തീര്‍ച്ചയായും നിയമം ഉണ്ടാകണം. അത് ജനകീയ ചര്‍ച്ചകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളാവണം രൂപീകരിക്കേണ്ടത്. അല്ലാതെ കോടതിയല്ല. അപ്രായോഗികമല്ലാത്ത നിയമങ്ങളുണ്ടാക്കി, ജനത്തെ കുറ്റക്കാരെന്ന് വിധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

കാഷ്മീരില്‍ അതിര്‍ത്തി കടന്ന് 8 കിലോമീറ്റര്‍ യാത്ര ചെയ്ത്, നമ്മുടെ സൈനിക താവളത്തിലെത്തി സൈനികരെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് ഒരു തടസവുമില്ല. ലാഹോറില്‍ നിന്ന് ബോട്ടില്‍ കയറി ബോംബേ തീരത്തെത്തി നൂറുകണക്കിന് ആളെ കൊന്ന് രണ്ട് മൂന്ന് ദിവസം രാജ്യത്തെ മുള്‍ മുനയില്‍ നിര്‍ത്തുന്നവര്‍ക്കും ഒരു പ്രതിബന്ധവുമില്ല. കോടതികളില്‍ കുന്നു കൂടുന്ന കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാവാതെ വൈകുന്നത് നീതിനിഷേധമാണ്. അപ്പോഴാണ് പോലീസിനും കോടതിക്കും പണിയായി തിയേറ്ററിലെ രാജ്യസ്നേഹ പഠനക്കളരി.

എന്നാല്‍ ഇതിലൊരു മാതൃക നിങ്ങള്‍ കാണുന്നുണ്ടോ? ന്യായമെന്ന് തോന്നുന്ന ഒരു വാചകം. അതിനെ തീവൃമായി അനുകൂലിക്കുന്ന ഒരു വിഭാഗം ഒരു പക്ഷത്തും അതിനെ എതിര്‍ക്കുന്ന ചെറിയൊരു പക്ഷം മറുഭാഗത്തും. ബഹുഭൂരിപക്ഷം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുന്നു. രണ്ട് മൂന്ന് വര്‍ഷമായി നടന്നവരുന്ന ഒരു സമൂഹ പാഠമാണ് ഇത്.

രഹസ്യാന്വേഷണം

ചലചിത്രമേളയില്‍ പോലീസ് നിരീക്ഷണമില്ലായിരുന്നു. എന്നിട്ടും ആരോ പോലീസിനെ വിളിച്ച് വരുത്തി ആളുകളെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. പണ്ട് ജര്‍മ്മനിയില്‍ നിലനിന്നിരുന്ന രീതിയുടെ തുടക്കമാണത്. നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരെ നിരീക്ഷിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതുപോലെ അവരും നിങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം. നിങ്ങളുടെ അയല്‍ക്കാരന്‍ സര്‍ക്കാരിന് എതിരായ പ്രവര്‍ത്തി ചെയ്യുന്നത് നിങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളാകും കുറ്റവാളി. ഇത്തരത്തില്‍ ജനത്തെ എപ്പോഴും ഭീതിയുടെ നിഴലില്‍ നിര്‍ത്തി അടിച്ചമര്‍ത്തുകയാണ് അധികാരികള്‍.

ആവര്‍ത്തിക്കുന്ന മാതൃക

ബീഫ് നിരോധിക്കണം, രാജ്യസ്നേഹം, കള്ളപ്പണം ഇല്ലാക്കാനുള്ള നോട്ട് നിരോധനം, ഡിജിറ്റല്‍ പണം. ഇതിലെല്ലാം ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കണം അല്ലെങ്കില്‍ നിങ്ങള്‍ തെറ്റുകാരാണ് എന്ന് വരുത്തി തീര്‍ക്കുന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. ജനത്തെ തമ്മിലടിപ്പിക്കുക, യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധയെ വഴിമാറ്റിവിടുക എന്നതാണ് അവരുടെ ശരിക്കുള്ള ലക്ഷ്യം. അത് വഴി മുതലാളിമാര്‍ക്ക് എതിര്‍പ്പുകളില്ലാതെ ജനത്തെ കൂടുതല്‍ അടിമപ്പെടുത്താനും അവരില്‍ നിന്ന് സമ്പത്ത് ചൂഷണം ചെയ്യാനും കഴിയും.

എന്നാല്‍ ഇതാ ഇപ്പോള്‍ സിനിമാശാലകളില്‍ ദേശീയഗാനം പാടി ബഹുമാനം കാണിക്കണം എന്നതാണ് പുതിയ തിട്ടൂരം. ബഹുമാനിച്ചാലും ഇല്ലെങ്കിലും ദേശീയഗാനം രാജ്യത്തിന് മൊത്തമായ ഒന്നാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും അവരുടെ പോഷക സംഘടനകളുടേയും കുത്തകയല്ല. ദേശീയഗാനത്തെ പോലും സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയും മനുഷ്യരില്‍ അതിവൈകാരികമായി വെറുപ്പ് കുത്തിവെക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നത് അതി ഗൌരവകരമായ രാജ്യദ്രോഹ പരിപാടിയാണ്. ആ കുറ്റകൃത്യത്തിനാണ് ആദ്യം കേസെടുക്കേണ്ടത്.

പ്രതിഷേധത്തിന്റെ മാര്‍ഗ്ഗം

ഈ പുതിയ പ്രശ്നത്തില്‍ ഒരു താത്വികമായ കാര്യം അവശേഷിക്കുന്നുണ്ട്. ജനാധിപത്യ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു നിയമം നമ്മള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരല്ലേ എന്നതാണ് അത്. തീര്‍ച്ചയായും നാം അനുസരിക്കണം. പക്ഷേ ജന പ്രതിനിധികളും കോടതിയിലെ ജഡ്ജിയും ഒക്കെ മനുഷ്യരാണ്. അവര്‍ക്ക് തെറ്റ് പറ്റാം. തെറ്റായ നിയമമാണെങ്കില്‍ ജനങ്ങളില്‍ നിന്ന് എതിര്‍പ്പുകളുണ്ടാവും. ഭരണകൂടത്തിന് ശക്തി ഉപയോഗിച്ച് അത് അടിച്ചമര്‍ത്താനായേക്കാം, ചിലപ്പോള്‍ അതിനെ അതിജീവിച്ച് ജനം നിയമം മാറ്റുകയും ചെയ്യാം. നമുക്ക് ഇപ്പോഴുള്ള ഭരണഘടനയും ദേശീയഗാനവുമൊക്കെ അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെ അതിജീവിച്ച നിയമ ലംഘന പ്രതിഷേധത്തിന്റെ ഫലമാണെന്ന് നാം തിരിച്ചറിയണം. അല്ലാതെ ഏതെങ്കിലും ഒരു ജഡ്ജിയുടെ ഉത്തരവില്‍ നിന്നല്ല.

അമേരിക്കയുടെ ദേശീയഗാനം

അമേരിക്കക്കാര്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ കൈ നെഞ്ചത്ത് പിടിച്ചുകൊണ്ട് എഴുനേറ്റ് നില്‍ക്കും. നമുക്കെന്താ അങ്ങനെ ദേശസ്നേഹം തോന്നാത്തത്. നമ്മളെ വിദൂരത്തുള്ള ആളുകളുമായി താരതമ്യം ചെയ്യിക്കുക മറ്റൊരു വാചാടോപ തന്ത്രമാണ്. കാരണം നമുക്ക് പെട്ടെന്ന് ആ സ്ഥലത്തെ ശരിക്കുള്ള യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാന്‍ പറ്റില്ലല്ലോ.

അമേരിക്കയില്‍ ജനം അവരുടെ രാജ്യത്തെക്കുറിച്ച് വലിയ അഭിമാനം കാണിക്കുന്നവരാണ്. നൂറ്റാണ്ടുകളായുള്ള പ്രചാരവേലയുടെ ഭാഗമായി വളര്‍ത്തിയെടുത്തതാണ് ആ ബോധം. കാരണം അമേരിക്ക ഒരു ഫാസിസ്റ്റ് രാജ്യമാണ്. അവര്‍ക്ക് ലോകം മൊത്തം 1000ല്‍ അധികം സൈനിക കേന്ദ്രങ്ങളുണ്ട്. സമാധാനത്തിന് നോബല്‍ സമ്മാനം കിട്ടിയ അമേരിക്കന്‍ പ്രസിഡന്റ് തന്നെ 7 രാജ്യങ്ങളില്‍ പുതിയ യുദ്ധങ്ങളാണ് തുടങ്ങിയത്. അതിനൊക്കെ പോകാന്‍ ആള് വേണമെങ്കില്‍ തീവൃ ദേശീയ ഉയര്‍ത്തിയേ മതിയാവൂ.

പക്ഷേ എന്നിട്ടും ഈ അടുത്ത കാലത്ത് ആ ദേശീയഗാനം പാടിയപ്പോള്‍ കോളിന്‍ കോപ്പര്‍നിക്ക് എന്ന് പേരായ NFL 49 ന്റെ കളിക്കാരന്‍ എഴുനേറ്റ് നിന്നില്ല. പകരം അദ്ദേഹം മുട്ടുകുത്തി നിന്നു. “കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല”, എന്നാണ് അദ്ദേഹം സധൈര്യം പറഞ്ഞത്. അമേരിക്കയില്‍ ഇപ്പോള്‍ പോലീസിന്റെ വെടിയേറ്റ് വര്‍ഷം തോറും 1000 ല്‍ അധികം നിരപരാധികളായ കറുത്തവരാണ് മരിക്കുന്നത്. കോപ്പര്‍നിക്കിന്റെ പ്രതിഷേധം അവിടെ നിന്നില്ല ധാരാളം കളിക്കാര്‍ അതിനെ പിന്‍തുണച്ച് ദേശീയഗാനത്തെ ബഹുമാനിക്കാതെ പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കയുടെ പ്രസിഡന്റ് ഒബാമ പോലും കോപ്പര്‍നിക്കിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ “ഭരണഘടനാപരമായ അവകാശമാണ് പ്രകടിപ്പിക്കുന്നത്” എന്ന് പറഞ്ഞു.

The 49ers’ Colin Kaepernick kneeling during the national anthem in a protest of racial inequality. Credit Chris Carlson/Associated Press

അത് ആദ്യ സംഭവമല്ല. 1968 ലെ ഒളിമ്പിക്സ് ന്യൂ മെക്സിക്കോ സിറ്റിയില്‍ നടന്നപ്പോള്‍ അമേരിക്കയുടെ കായിതാരങ്ങളില്‍ രണ്ടുപേര്‍ ദേശീയഗാനാലാപന സമയത്ത് മുഷ്ടിചുരുട്ടി കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് (Black Power salutes) പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട കറുത്തവര്‍ വിയറ്റ്‌നാമിലെ ദരിദ്രരെ കൊല്ലാന്‍ പോകരുത് എന്നായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍കിങ് പറഞ്ഞത്. യുദ്ധകാലത്തും ശക്തമായ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ അമേരിക്കയിലുണ്ടായി. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക തോല്‍ക്കാന്‍ ഒരു കാരണം സ്വന്തം ജനങ്ങളുടെ പ്രതിഷേധമാണ്. (എന്നാല്‍ 2003 ആയപ്പോഴേക്കും ജനത്തെ ബൌദ്ധികമായി അടിച്ചമര്‍ത്താനുള്ള കരുക്കളെല്ലാം അവര്‍ നിരത്തിയാണ് ഇറാഖില്‍ യുദ്ധത്തിന് പോയത്.)

മാറ്റുവിന്‍ ചട്ടങ്ങളെ

ലോകം മൊത്തമുള്ള ചരിത്രം അതിന്റെ സാക്ഷിയാണ്. നമ്മുടെ രാജ്യമുണ്ടായതും അതിന് ദേശീയഗാനമുണ്ടായതും നിയമ ലംഘനത്തില്‍ നിന്നാണ്. അടിമത്തം ഇല്ലാതാക്കിയത്, സ്ത്രീകള്‍ക്ക് വോട്ടവകാശം, 8 മണിക്കൂര്‍ ജോലി തുടങ്ങി എല്ലാ പുരോഗമനപരമായതും പൊതുജനത്തിന് ഗുണകരമായ നിയമങ്ങളെല്ലാം ജനത്തിന്റെ ദീര്‍ഘകാലത്തെ സമരത്തില്‍ നിന്നും നിയമ ലംഘനത്തില്‍ നിന്നുമാണുണ്ടായത്. അപ്പോഴെല്ലാം നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. കാരണം നിയമങ്ങള്‍ തെറ്റായിരുന്നു. അങ്ങനെ മനുഷ്യന്റെ ചരിത്രത്തെ നിയമലംഘനത്തിന്റെ ചരിത്രം എന്ന് പോലും വേണമെങ്കില്‍ പറയാം.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തടവിലാക്കിയ നാസികള്‍ വിചാരണ സമയത്ത് പറഞ്ഞത്, തങ്ങള്‍ നിയമം പാലിക്കുക മാത്രമായിരുന്നു എന്നാണ്. എന്നാല്‍ ആ വാദത്തെ വിചാരണ കോടതി തള്ളിക്കളയും അവരെ കുറ്റക്കാരായി തന്നെ വിധിക്കുകയാണുണ്ടായത്.

നിയമപരവും നിയമ വിരുദ്ധവും എന്നതില്‍ നിന്ന് വളരെ വ്യത്യസ്ഥമായ കാര്യമാണ് തെറ്റും ശരിയും എന്നത്. നിയമം എന്നത് ധാര്‍മ്മികതക്ക് പകരമല്ല. നിയമത്തെക്കാള്‍ വലുതാണ് ധാര്‍മ്മികത. നിയമ വിരുദ്ധമാണെങ്കിലും നിങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ അടിയുറച്ച് നിന്ന് സമാധാനപരമായി നിയമം ലംഘിക്കുന്നത് ഓരോ പൌരന്റേയും കടമയാണ്.
_____
എഴുതിയത്: ജഗദീശ്. എസ്സ്

ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ് ബാങ്കുകള്‍. അവ നമ്മുടെ ആവശ്യകതക്ക് അനുസരിച്ച് കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് പണത്തെ കൃത്യമായ സ്ഥലത്ത് എത്തിക്കുന്നു. അതിന് എന്തെങ്കിലും തടസമുണ്ടാകുകയാണെങ്കില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് ജോലി ചെയ്തതിന്റെ കൂലിയായി കിട്ടിയ പണം നിങ്ങള്‍ ചിലവാക്കുന്നു. അതില്‍ ബാക്കി എന്തെങ്കിലും വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് ബാങ്കില്‍ നിക്ഷേപിക്കും. അങ്ങനെ അനേകമാളുകള്‍ നിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ധാരാളം നിക്ഷേപമുണ്ടാകുകയും അത് പണത്തിന്റെ ആവശ്യമുള്ളവര്‍ക്ക് അവര്‍ വായ്പയായി കൊടുക്കുകയും ചെയ്യുന്നു എന്നാണ് നമ്മുടെ ധാരണ.

ഏന്നാല്‍ ബാങ്കുകളെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പാണിത്. ബാങ്ക് ഒരിക്കലും നിങ്ങള്‍ നടത്തിയ നിക്ഷേപത്തിന്റെ പുറത്തല്ല വായ്പ കൊടുക്കുന്നത്. 2008 ലെ സാമ്പത്തിക തകര്‍ച്ച നടക്കുന്ന സമയത്ത് ബ്രിട്ടണിലെ ബാങ്കുകള്‍ 1.25 പൌണ്ടിന് 100 പൌണ്ട് എന്ന തോതിലായിരുന്നു വായ്പ കൊടുത്തിരുന്നത്. അതായത് ബാങ്കിന്റെ കൈവശം ഒരു രൂപ കിട്ടിയാല്‍ നൂറ് പേര്‍ക്ക് അവര്‍ ഒരു രൂപ വീതം വെച്ച് കൊടുത്തു എന്ന് അര്‍ത്ഥം. ഈ തോത് സ്ഥിരമായ ഒന്നല്ല. സാമ്പത്തിക തകര്‍ച്ച ഒരു വര്‍ഷം കഴിഞ്ഞാണ് നടന്നിരുന്നതെങ്കില്‍ അത് ചിലപ്പോള്‍ 200 ഓ 300 ഓ ഒക്കെയായി വര്‍ദ്ധിച്ചേനേ.

ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ അടിസ്ഥാനത്തിലല്ല ബാങ്ക് വായ്പ കൊടുക്കുന്നത്.

സ്വര്‍ണ്ണം വെള്ളി പോലുള്ള ലോഹങ്ങള്‍ കണ്ടെത്തിയതിന് ശേഷം ആളുകള്‍ അവയാണ് ക്രയവിക്രയത്തിന്റെ അടിസ്ഥാനമായി ഉപയോഗിച്ചത്. വീട്ടില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ബാങ്കുകളില്‍ അത് സൂക്ഷിച്ചു. പിന്നീട് ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന സ്വര്‍ണ്ണത്തിന്റെ രസീതുകള്‍ ആളുകള്‍ കൈമാറ്റത്തിനായി ഉപയോഗിച്ചു. നോട്ടുകള്‍ അങ്ങനെയുണ്ടായി. അത്യാര്‍ത്തിക്കാരായ ബാങ്കുകാര്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിധികം നോട്ടുകള്‍ അച്ചടിച്ചത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുകയും 1844 ല്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ Bank charter act കൊണ്ടുവരുകയും, ബാങ്കുകള്‍ നോട്ട് അടിക്കുന്നത് നിരോധിക്കുകയും ആ ജോലി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുയും ചെയ്തു. അങ്ങനെ അടിക്കുന്ന നോട്ടിന് ഒരു പരിധി സ്വര്‍ണ്ണം നിര്‍ണ്ണയിച്ചു.

പിന്നീട് 1971 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന നിക്സണ്‍ നോട്ടിന്റെ സ്വര്‍ണ്ണവുമായുള്ള ബന്ധം ഇല്ലാതാക്കി. അതോടെ ലോകം മൊത്തം കറന്‍സികള്‍ക്ക് സ്വര്‍ണ്ണ അടിത്തറ ഇല്ലാതെയായി. സര്‍ക്കാരിന് എത്ര വേണമെങ്കിലും അടിച്ചിറക്കാമെന്ന അവസ്ഥയായി. പക്ഷേ മിക്ക സര്‍ക്കാരുകള്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതാകെയാല്‍ അവര്‍ സമ്പദ്‌ഘടനയുടെ സ്ഥിരതയും ആവശ്യവും അനുസരിച്ച് മാത്രമാണ് അത് ചെയ്തിരുന്നത്. ഉദാഹരണത്തിന് സാമ്പത്തിക വളര്‍ച്ചയുള്ള കാലത്ത് കുറവ് നോട്ടും, മാന്ദ്യ കാലത്ത് കൂടുതല്‍ നോട്ടും ആണ് സ്ഥിരക്ക് ആവശ്യം. അല്ലെങ്കില്‍ കുമിളകളുണ്ടായി പൊട്ടുകയോ പണമില്ലാതായി സമ്പദ്‌ഘടന നിശ്ഛലമാകുകയോ ചെയ്യും (മോഡി ഇപ്പോള്‍ ചെയ്യുന്നത് സമ്പദ്‌ഘടനയെ നിശ്ഛലമാക്കുന്ന പ്രവര്‍ത്തിയാണ്). അങ്ങനെയല്ലാതെ താല്‍ക്കാലിക രക്ഷക്കായി ഇതിന് വ്യത്യാസമായി ചെയ്യുന്ന സര്‍ക്കാര്‍ വലിയ ദുരന്തമുണ്ടാക്കുകയും ചെയ്യും.

ബാങ്ക് മുതലാളിമാര്‍ വെറുതെ കൈയ്യും കെട്ടിയിരിക്കുകയായിരുന്നില്ല. സ്വകാര്യവല്‍ക്കരണവും നവലിബറല്‍ നയങ്ങളുമെല്ലാം ബാങ്കുകള്‍ക്ക് വീണ്ടും ഉണര്‍വ്വ് കൊടുത്തു. മുമ്പ് പറഞ്ഞത് പോലെ ഒരു രൂപ കിട്ടിയാല്‍ നൂറുപേര്‍ക്ക് ഒരു രൂപാ വീതം കൊടുക്കുന്ന രീതിയൊക്കെ കൊണ്ടുവന്നു. ക്ഷേമ രാഷ്ടം എന്ന ആശയത്തെ കാറ്റില്‍ പറത്തിക്കൊണ്ട് ബാങ്കുകള്‍ പിന്നെയും രാജാക്കന്‍മാരായി. അവരുടെ വീഴ്ചകള്‍ക്ക് നികുതിദായകര്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ കൊടുത്ത് അവരെ രക്ഷപെടുത്തിക്കൊണ്ടിരിക്കുന്നു.

ചരിത്രം ആവര്‍ത്തിക്കം. ആദ്യം ഒരു ദുരന്തമായും പിന്നീട് ഒരു പ്രഹസനമായും. ആ പ്രഹസനത്തിന് തയ്യാറെടുക്കുന്ന ഊളകളാണ് നമ്മള്‍

ഓടോ: നമ്മള്‍ നടത്തുന്ന നിക്ഷേപത്തില്‍ നിന്നാണ് ബാങ്ക് വായ്പ കൊടുക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കരുതേ…

കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ പ്രശ്നം നവംബര്‍ 8 ന് രാജ്യം നേരിട്ടിരുന്നുമില്ല. പിന്നെ എന്തിന് ഈ സാഹസത്തിന് സര്‍ക്കാര്‍ മുതിര്‍ന്നു?

ഞെട്ടല്‍ സിദ്ധാന്തം

ജനങ്ങളുടെ ചര്‍ച്ചയില്ലാതെ തീരുമാനങ്ങള്‍ ഏകപക്ഷീയമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരികളുപയോഗിക്കുന്ന ഒരു തന്ത്രമാണ് ഞെട്ടല്‍ സിദ്ധാന്തം (Shock Doctrine). എന്തെങ്കിലും ഒരു അത്യാഹിത സംഭവം സൃഷ്ടിക്കുക. ജന ശ്രദ്ധമുഴുവന്‍ അതിന്റെ പിറകിലാകുമ്പോള്‍ നമുക്ക് വേറെ വഴിയില്ല എന്ന് പറഞ്ഞ് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തീരുമാനം നടപ്പാക്കുക. പാവം ജനം അത് വിശ്വസിച്ചുകൊള്ളും. ഭീകരവാദം, സാമ്പത്തിക തകര്‍ച്ച തുടങ്ങി അനേകം സംഭവങ്ങള്‍ അധികാരികള്‍ അതിനായി ഉപയോഗിക്കുന്നുണ്ട്. 2008 ലെ സാമ്പത്തിക തകര്‍ച്ച അതിന്റെ നല്ല ഒരു ഉദാഹരണമാണ്.

തകര്‍ച്ച എന്നത് ലാഭം നേടാനുള്ള സുവര്‍ണ്ണാവസരമാണ്

രാജ്യത്തെ 85% കറന്‍സികളും ഒരു രാത്രി ഇല്ലാതാക്കിയാലുണ്ടാവുന്ന ഫലത്തെക്കുറിച്ച് അറിയാന്‍‌ ‍വയ്യാത്തവരാണ് രാജ്യം ഭരിക്കുന്നത് എന്ന് വിശ്വസിക്കുക സാദ്ധ്യമല്ല. ഇതിന്റെ പിറകില്‍ പല ലക്ഷ്യങ്ങളുമുണ്ടാകാം. ഏറ്റവും പ്രധാനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അമേരിക്കയിലേതുപോലെ കുത്തഴിഞ്ഞതാക്കുക എന്നതാണ്. വളരെ കൃത്യവും, കര്‍ക്കശവും ആയ നിയന്ത്രണങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. അതുകൊണ്ടാണ് അത് സുസ്ഥിരമായി നിലനില്‍ക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും പാപ്പരായി എന്ന് പ്രഖ്യാപിച്ച 2008 ലെ ലോക സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് പോലും ഇന്‍ഡ്യയില്‍ കാര്യമായ കുഴപ്പമൊന്നും വന്നില്ല.

എന്നാല്‍ അമേരിക്കയുടെ സ്ഥിതി അങ്ങനെയല്ല. 1930 ല്‍ മഹാ സാമ്പത്തിക തകര്‍ച്ചയുണ്ടായി. പിന്നീട് 2008 ല്‍ അത് വീണ്ടും ആവര്‍ത്തിച്ചു. ഈ 80 വര്‍ഷ കാലയളവില്‍ 11 ചെറിയ സാമ്പത്തിക തകര്‍ച്ചകള്‍ അമേരിക്കയിലുണ്ടായിട്ടുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാവും. അതായത് സമ്പന്ന വര്‍ഗ്ഗത്തെ ഈ തകര്‍ച്ച ബാധിക്കില്ലെന്ന് മാത്രമല്ല, അവര്‍ക്ക് അമിത ലാഭം തകര്‍ച്ച വഴി കിട്ടുന്നു. 2008 ന് ശേഷമുള്ള കണക്കുകളെല്ലാം അത് വ്യക്തമാക്കുന്നതാണ്. അതേ സമയം ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ സംബന്ധിച്ചടത്തോളം അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു, കിടപ്പാടം നഷ്ടപ്പെടുന്നു, സാമ്പത്തികമായി തകരുകയും ചെയ്യുന്നു.

ഇത്രയൊക്കെ ആഗോളവല്‍ക്കരണം നടന്നിട്ടുകൂടി നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇനിയും ധാരാളം സംരക്ഷണങ്ങളാല്‍ സുരക്ഷിതമാണ്. അത് തകര്‍ത്ത് വിദേശ മൂലധന ശക്തികള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കണം എന്ന് രാജ്യത്തെ പ്രധാനമന്ത്രിക്ക് ജനത്തോട് നേരിട്ട് പറയാനാവുമോ? ഇല്ല. പിന്നെ എന്ത് ചെയ്യും. രാജ്യത്ത് ആര് ഭരിച്ചാലും നയം ലോക പോലീസ് പറയുന്നതാണല്ലോ. ആരെങ്കിലും എതിര്‍ത്താല്‍ സദ്ദാമിന്റേയും, ഗദ്ദാഫിയുടേയും അവസ്ഥ കിട്ടും. (അവരെ ന്യായീകരിക്കുകയല്ല. അവര്‍ നിഷ്ഠൂരരായ ഏകാധിപതികളായിരുന്നു. ലോക പോലീസിന്റെ വലിയ ചങ്ങാതി സൌദി അറേബ്യയേക്കാള്‍ ഭേദം എന്ന് മാത്രം.)

അതിനാണ് അഴിമതി, ഭീകരവാദം, കള്ളപ്പണം, കള്ളനോട്ട്, പാകിസ്ഥാന്‍ തുടങ്ങിയവക്കെതിരായ സമരം എന്ന് പ്രഖ്യാപിക്കുക. ജനങ്ങള്‍ക്ക് അവക്കെതിരെ ഒരു പൊതു സെന്റിമെന്‍സുമുണ്ടെങ്കിലും ഇവയൊന്നും 100% വ്യക്തതയില്ലാത്തതാണ്. അരാഷ്ട്രീയവുമാണ്. സിനിമ ഉള്‍പ്പടെയുള്ള മാധ്യങ്ങളിലൂടെ നിരന്തരം വരുന്ന പ്രചാരവേലകളുടെ ഫലമാണ് ജനങ്ങള്‍ ഇത്തരം അരാഷ്ട്രീയ പ്രശ്നങ്ങളില്‍ വിശ്വസിക്കുന്നത്.

ആരാണ് ലാഭമുണ്ടാക്കുന്നത്

അങ്ങനെ ഒരു സുപ്രഭാതത്തില്‍ (സുഅര്‍ദ്ധരാത്രിയില്‍) നോട്ട് നിരോധിച്ചു. പകരം നോട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും എത്തിച്ചിട്ടില്ല. ഡജിറ്റല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്ക് വമ്പന്‍ വളര്‍ച്ചയാണെന്നാണ് റിപ്പോര്‍ട്ട്. അതിലൊരു കമ്പനി പ്രധാനമന്ത്രിയുടെ പടവും വെച്ച് മുഴു പേജ് പരസ്യം ആദ്യതാളില്‍ തന്നെ പത്രങ്ങളില്‍ കൊടുക്കുകയുണ്ടായി. അവര്‍ക്ക് 1000% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഓണ്‍ലൈന്‍ബാങ്കിങ്, ഡബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് തുടങ്ങി ഡിജിറ്റല്‍ കറന്‍സികള്‍ സേവനം കഴിഞ്ഞ 15 കൊല്ലത്തില്‍ അധികമായി ഇന്‍ഡ്യയിലുണ്ട്. എങ്കിലും അവക്ക് വലിയ പ്രചാരം കിട്ടിയിട്ടില്ല. ഈ സേവനങ്ങള്‍ ലഭ്യമായവര്‍ പോലും പേപ്പര്‍ കറന്‍സികളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. അത് മാറ്റി എല്ലാവരേയും കൊണ്ട് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചാല്‍ ബാങ്കുകള്‍ക്ക് വലിയ ലാഭമാണുണ്ടാകുന്നത്. (കാണുക ഭാഗം 2 ഡിജിറ്റല്‍ പണം അപകടകരം). മന്ത്രിമാരും, വിദഗ്ദ്ധരും, പൊങ്ങച്ചക്കാരുമെല്ലാം ജനങ്ങളോട് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നു. ഈ ഒരു അടിയന്തിരാവസ്ഥ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്കിത് ചെയ്യാനാവില്ലല്ലോ.

10 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുതിയ കറന്‍സികള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിമുഖതയാണ് കാണിക്കുന്നത്. അതായത് വേറെന്തോ അവര്‍ കരുതുന്നുണ്ട്. വളരെ ലളിതവും സൌകര്യപ്രദവുമായ ഡിജിറ്റല്‍ കറന്‍സി സംവിധാനം ആകും അത്. ഇപ്പോഴുള്ള എതിര്‍പ്പൊക്കെ അന്ന് ഇല്ലാതാവും. അരാഷ്ട്രീയരായ ജനവും രാഷ്ട്രീയ പാര്‍ട്ടികളും ജയ് ഗോമാത വിളിച്ച് വിദേശികളൊരുക്കിയ കുഴിയില്‍ വീഴുകയും ചെയ്യും.

പേപ്പര്‍ കറന്‍സി ഉപയോഗിക്കുന്ന സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

ഗ്രാമീണ സഹകരണ സംഘങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരും BJPക്കാരും വളരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്തി നികുതി അടപ്പിച്ചാല്‍ പോരെ. അതിന് രാജ്യത്തെ മൊത്തം ജനത്തേയും എന്തിന് ദ്രോഹിക്കുന്നു? 9 ആം ദിവസം ആയപ്പോഴേക്കും മരണ സംഖ്യ 55 ആയാണ് ഉയര്‍ന്നു. (huffingtonpost.in). ആ സംഖ്യ ഇനിയും കൂടും.

അതത് നാട്ടിലെ പണം അതത് നട്ടില്‍ തന്നെ ചിലവാക്കുന്ന ഈ സംഘങ്ങള്‍ പേപ്പര്‍ കറന്‍സിയാണ് ഉപയോഗിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് വളരെ വലിയ ഒരു തുക ഈ രീതില്‍ ക്രയവിക്രയം ചെയ്യുന്നത് ആഗോള ബാങ്കിങ് ഭീമന്‍മാര്‍ക്ക് സ്വീകാര്യമായ ഒരു കാര്യമല്ല. ആ പണം കൂടി ആഗോള ശ്രംഖലയിലെ ചൂതാട്ടത്തിന് എത്തിക്കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അതിനാല്‍ അവര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. SBT യെ വിഴുങ്ങിയതിന്റേയും ലക്ഷ്യം വേറൊന്നല്ല. (ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം)

മോഡിയെ പ്രശംസിക്കുന്നവര്‍

ഈ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതിന് ശേഷം മോഡിയെ പ്രശംസിക്കുന്നവരേയുള്ളു നാട്ടില്‍. എന്തന് കള്ളപ്പണം വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ട് എന്ന് വാര്‍ത്ത വന്ന അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി തുടങ്ങിയവര്‍ പോലും കള്ളപ്പണത്തിനെതിരായ നടപടിയെ പ്രശംസിച്ചു. സിനിമാക്കാര്‍ ഒന്നടങ്കം മോഡിയുടെ പിറകിലാണ്. സത്യത്തില്‍ സിനിമ മേഖലയെന്നത് കള്ളപ്പണത്തിന്റെ കേന്ദ്രമാണ്.

പലരും സ്വന്തം കഷ്ടപ്പാടും ജനങ്ങളുടെ കഷ്ടപ്പാടും കണ്ടാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അവരെ കള്ളപ്പണക്കാരായി ചിത്രീകരിക്കുകയാണ് BJP യും അനുയായികളും. എന്നാല്‍ കള്ളപ്പണമുള്ളവര്‍ സര്‍ക്കാരിന് മണിയടിച്ച് തങ്ങള്‍ക്കെതിരായ അന്വേഷണങ്ങളെ തടയാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.

വിദേശ ബാങ്കുകള്‍ പോലും മോഡിയെ പുകഴ്ത്തുമ്പോള്‍ …

യൂറോപ്യന്‍ യൂണിയന്റെ തലവനും വിദേശ ബാങ്കായ UBS ഉം മോഡിയെ പ്രശംസിച്ചുകൊണ്ട് വന്നിട്ടുണ്ട്. താങ്കള്‍ ഈ സൈറ്റിന്റെ സ്ഥിരം സന്ദര്‍ശകനാണെങ്കില്‍ UBS എന്താണെന്ന് വിശദീകരിക്കേണ്ട കാര്യമില്ല എന്നറിയാം. പെരും കള്ളന്‍മാരാണ് അവര്‍. (ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി). റേറ്റിങ് ഏജന്‍ഡസിയായ മൂഡീസ്(Moody’s) ആണ് വേറൊരു കൂട്ടര്‍. കണ്ടതിനും പിടിച്ചതിനുമൊക്കെ രാജ്യങ്ങളുടെ റേറ്റിങ് ഉടനടി താഴതുന്ന ഇവര്‍ കഴിഞ്ഞ 10 ദിവസമായി ഇന്‍ഡ്യയെ തൊട്ടില്ല. എന്നാല്‍ നമുക്കറിയാം നമ്മുടെ രാജ്യത്ത് നോട്ട് മാറ്റലല്ലാതെ വേറൊന്നും നടക്കുന്നില്ലെന്ന്. ഉത്പാദനം എത്രമാത്രം കുറഞ്ഞിട്ടുണ്ട്. ഓഹരി വിപണി തകര്‍ച്ചയിലാണ്. രൂപയുടെ മറ്റ് കറന്‍സികളെ അപേക്ഷിച്ച് മൂല്യം കുറഞ്ഞു. ഈ സാമ്പത്തിക അരാജകത്വത്തിലും മൂഡീസിന് കുലുക്കമില്ല. ഒരു സംശയവുമില്ല.

ഇനിയും ധാരാളം വിദേശികള്‍ അങ്ങനെ വരും. കാരണം ഇതുവഴി ലാഭം അവര്‍ക്കാണല്ലോ. അതുമല്ല ഈ പരിപാടി പോലും അവരുടേതാണല്ലോ. Washington consensuses ന് പാളിച്ചയുണ്ടാകാന്‍ പാടില്ലല്ലോ.

ഗ്രാമ സ്വരാജ് സായിപ്പിന് ഇഷ്ടമല്ല

സുസ്ഥിരമായ ഗ്രാമ സ്വരാജ് എന്നത് മഹാത്മാ ഗാന്ധിയുടെ സ്വപ്നമായിരുന്നു. പക്ഷേ ഗാന്ധിജിയെ കൊന്നവര്‍ക്ക് എന്ത് ഗ്രാമ സ്വരാജ്? അവര്‍ക്ക് അമേരിക്കയില്‍ നിന്ന് വരുന്ന കല്‍പ്പനകള്‍ മാത്രം അനുസരിക്കുന്നവരാണ്. പക്ഷേ നമുക്ക് നമ്മുടെ സ്വാതന്ത്ര്യം ആര്‍ക്കും വിട്ടുകൊടുക്കാനാവില്ല. ആഗോള മൂലധന ശക്തികള്‍ നമ്മുടെ ഭരണഘടനയും നിയമങ്ങളും തകര്‍ത്ത് ഇന്‍ഡ്യയെ അകത്തുനിന്ന് ആക്രമിക്കുന്നതിനെതിരെ, സാങ്കേതികവിദ്യയുടെ പൊങ്ങച്ചവും താല്‍ക്കാലിക സൌകര്യങ്ങളും തള്ളിക്കളഞ്ഞ്, നാം രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങാന്‍ സമയമായി.

ഭാഗം 1: കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
ഭാഗം 2: ഡിജിറ്റല്‍ പണം അപകടകരം
അനു 1: ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
___
എഴുതിയത്: ജഗദീശ്.എസ്സ്.

ഡിജിറ്റല്‍ പണം അപകടകരം

500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുജനത്തിന് മേല്‍ വലിയ ഒരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തിന്റെ ഒരു ലക്ഷ്യം ജനങ്ങളെ കൊണ്ട് cashless economy യിലേക്ക് മാറാന്‍ പ്രേരിക്കുക എന്നാണെന്നും പറയുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍, “വാട്ട്സ് ആപ്പെടുത്ത് ഫേസ്‌ബുക്കില്‍ കുത്തിയിട്ട്, യൂസർ ഐഡി വാങ്ങി എസ്.എ.എസ് അയച്ച് …” എന്ന് തുടങ്ങി ജനങ്ങളെ ഡിജിറ്റല്‍ പണം കൈകാര്യം ചെയ്യാന്‍ തയ്യാറാക്കുന്ന അക്ഷമരായ സാങ്കേതികവിദ്യാ കുതുകികള്‍ മാത്രമേയുള്ളു. നോട്ട് പിന്‍വലിക്കലിന്റെ തീ പാറുന്ന ചര്‍ച്ച നടക്കുമ്പോഴും ഡിജിറ്റല്‍ പണത്തിന്റെ കാര്യം പറയുമ്പോള്‍ എല്ലാത്തരം മാധ്യമങ്ങളിലും എല്ലാവര്‍ക്കും എതിരഭിപ്രായമില്ല. എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ രാജ്യം തയ്യാറായോ എന്ന ഒരു പ്രായോഗിക ചോദ്യം കുറച്ചുപേര്‍ ചോദിക്കുന്നതല്ലാതെ, പൊങ്ങച്ച പ്രകടനത്തിനപ്പുറം എന്താണീ കുന്തം എന്ന അടിസ്ഥാന ചോദ്യം നാം ചോദിക്കേണ്ടേ?

പേപ്പര്‍ കറന്‍സിയും ഡിജിറ്റല്‍ കറന്‍സിയും

നമുക്ക് സൌകര്യപ്രദമെന്ന് തോന്നിയാലും സാധനം എന്താണെന്ന് പരിശോധിച്ചല്ലേ നാം സാധനങ്ങള്‍ സ്വീകരിക്കാറ്. അതുകൊണ്ട് പേപ്പര്‍ കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറിയാല്‍ നമുക്ക് എന്തൊക്കെ കിട്ടും, എന്തൊക്കെ നഷ്ടപ്പെടും എന്ന ചോദ്യമാണ് നാം ആദ്യം ചോദിക്കേണ്ടത്. പക്ഷേ ഒരു അര്‍ദ്ധരാത്രി എല്ലാ ജനാധിപത്യ മര്യാദകളേയും ലംഘിച്ച് 85% വരുന്ന കറന്‍സികള്‍ പിന്‍വലിച്ച് ബോധപൂര്‍വ്വം ആഘാതം സൃഷ്ടിക്കുക വഴി ജനത്തിന് അത്തരം ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് അവര്‍ ചെയ്തത്.

പേപ്പര്‍ കറന്‍സിയുടെ സവിശേഷത

 • അത് ഭൌതികമായി തന്നെ നിങ്ങള്‍ക്ക് സ്വന്തമാണ്. നിങ്ങള്‍ക്കത് സ്പര്‍ശിക്കാം, പോക്കറ്റിലിടാം, മടക്കാം, പേഴ്സില്‍വെക്കാം, ഫ്രെയിം ചെയ്തുവെക്കാം ഏത് ഭൌതിക വസ്തുവിനേയും പോലെ കണക്കാക്കാം. എന്നിരുന്നാലും അതിന്റെ മൂല്യം എന്നത് ഒരു വിശ്വാസമാണെന്ന് മുമ്പെഴുതിയിരുന്നത് കണ്ടുകാണുമെന്ന് കരുതുന്നു. (കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്)
 • നിങ്ങളാണ് അതിന്റെ ഉടമ. ആരുടേയും അനുമതിയോ, സമ്മതിയോ, ഔദാര്യമോ അതിന് വേണ്ട.
 • ആരോടും പറയാതെ അത് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവും. അതായത് anonymous ആയി അത് ചിലവാക്കാം.
 • സര്‍ക്കാരിന് മാത്രമേ നോട്ട് അടിക്കാനാവൂ. വേറെ ആരും നോട്ട് അടിച്ചാല്‍ അത് കള്ളനോട്ട് ആകും.

ഡിജിറ്റല്‍ കറന്‍സിയുടെ സവിശേഷത

 • അത് ലഭിക്കാന്‍ ബാങ്കില്‍ പോകേണ്ട കാര്യമില്ല.
 • ഉപയോഗിക്കാന്‍ എളുപ്പമാണ്.

അങ്ങനെ അനേകം ഗുണങ്ങളുണ്ടെങ്കിലും പേപ്പര്‍ കറന്‍സിയുടെ മുകളില്‍ പറഞ്ഞ മൂന്ന് ഗുണങ്ങളും ഇതുവഴി നമുക്ക് നഷ്ടമാകും.

 • ഭൌതികമായ ഒരു നിലനില്‍പ്പ് ഡിജിറ്റല്‍ കറന്‍സിക്കില്ലാത്തതിനാല്‍ നമ്മളാവില്ല അതിന്റെ ഉടമ. എവിടെയോയുള്ള ഒരു സെര്‍വ്വര്‍ നമ്മുടെ സ്ക്രീനില്‍ തെളിയിക്കുന്ന നമ്പരായി മാത്രമേ അതിന് നിലനില്‍പ്പുള്ളു.
 • അതിന്റെ ഉപയോഗത്തിന് നമ്മള്‍ക്കതീതമായ ഒരു അനുമതിയുടെ ആവശ്യമുണ്ട്. ആ അനുമതി കിട്ടിയില്ലെങ്കില്‍ നമുക്ക് ഇടപാട് നടത്താനാവില്ല.
 • മറ്റൊരു കമ്പനി നല്‍കുന്ന സേവനമായതിനാല്‍ ഡിജിറ്റല്‍ കറന്‍സിക്ക് പ്രത്യേകം ഫീസും മറ്റും അവര്‍ക്ക് ചാര്‍ത്താനാവും
 • നിങ്ങളുടെ anonymity ന‍ഷ്ടപ്പെടുന്നു. നിങ്ങള്‍ നില്‍ക്കുന്ന സ്ഥാനം, ആരുമായി ഇടപാട് നടത്തുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും സിസ്റ്റം അനന്തമായ കാലത്തേക്ക് രേഖപ്പെടുത്തി വെക്കുന്നു. (Edward Snowden പുറത്തുകൊണ്ടുവന്ന എല്ലാ പ്രശ്നങ്ങളും ഓര്‍ക്കുക.)
 • ഈ പണത്തിന്റെ നിര്‍മ്മാണ സ്രോതസ് പരിശോധിക്കാനാവില്ല. സ്ക്രീനിലെ വെറും ഒരു സംഖ്യമാത്രമാണത്.

എന്നിരുന്നാലും ഈ ഈ കുഴപ്പങ്ങള്‍ ഒഴുവാക്കി ഡിജിറ്റല്‍ കറന്‍സികള്‍ വേണമെങ്കില്‍ നിര്‍മ്മിക്കാനാവും. എന്നാല്‍ ഇവിടെ ഡിജിറ്റല്‍ കറന്‍സി അടിച്ചേല്‍പ്പിക്കുന്നവരെ സംബന്ധിച്ചടത്തോളം അവരുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അവര്‍ അത് ചെയ്യില്ല.

കടുത്ത സാങ്കേതികവിദ്യാവാദികള്‍ക്കും ഫാഷന്‍ പ്രേമികള്‍ക്കും പൊങ്ങച്ചക്കാര്‍ക്കും ഇതൊക്കെ പുഛിച്ച് തള്ളാനുള്ള വെറും ആരോപണങ്ങള്‍ മാത്രമാവും. പ്രായോഗികമായി പല കാര്യങ്ങളും അവര്‍ക്ക് നിര്‍ദ്ദേശീക്കാനുമുണ്ടാകും. എന്നാല്‍ കാര്യങ്ങള്‍ ഇതിലും കൂടുതല്‍ സങ്കീര്‍ണമാണ്. അതിനാല്‍ ആ പ്രായോഗിക പ്രശ്നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.

താരതമ്യ പഠനം

ശരി നാം cashless economy യിലേക്ക് പോകുകയാ എന്ന് പറഞ്ഞ് എടുത്തു ചാടേണ്ട കാര്യമുണ്ടോ? മദ്ധ്യവര്‍ഗ്ഗത്തിന്റെ സാങ്കേതികവിദ്യാ പൊങ്ങച്ചത്തിനും സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കുന്ന അവരുടെ മക്കളും മരുമക്കള്‍ ഫോണിലൂടെ അറിയിക്കുന്ന വാഴ്തലുകള്‍ക്കുമപ്പുറം ഈ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എന്ത് നമുക്കറിയാം. സമ്പദ്‌വ്യവസ്ഥയിലെ 97% പണവും ഡിജിറ്റല്‍ ആയ ബ്രിട്ടണിലെ 10% MP മാര്‍ക്ക് പോലും പണം എങ്ങനെയുണ്ടാവുന്നു എന്ന് അറിയില്ല. അപ്പോള്‍ ഈ രംഗത്തെ നമ്മുടെ കാര്യം പറയാനുണ്ടോ? അതുകൊണ്ട് നമുക്ക് വളരെ മുമ്പേ ഡിജിറ്റലായ ആ രാജ്യങ്ങളിലെ സ്ഥിതി നാം ഒന്ന് നിരീക്ഷിക്കണം. അതിന് ശേഷമേ എടുത്ത് ചാടാവൂ.

അല്‍പ്പം ചരിത്രം

1844 ന് മുമ്പ് ബ്രിട്ടണില്‍ നോട്ടുകള്‍ അടിച്ചിരുന്നത് സ്വകാര്യ ബാങ്കുകളായിരുന്നു. തങ്ങളുടെ കൈവശമുള്ള സമ്പത്തിലും അധികം നോട്ടുകള്‍ അടിച്ചിറക്കി സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതിനെ തുടര്‍ന്ന് 1844 ല്‍ യാഥാസ്ഥിതിക സര്‍ക്കാര്‍ Bank Charter Act കൊണ്ടുവന്ന് സ്വകാര്യ ബാങ്കുകളെ നോട്ട് അടിക്കുന്നതില്‍ നിന്ന് വിലക്കുകയും ആ ചുമതല Bank of England ന് കൊടുക്കുകയും ചെയ്തു. നമ്മുടെ റിസര്‍വ്വ് ബാങ്ക് പോലുള്ള ബ്രിട്ടണിലെ ബാങ്കാണത്. ഒരു ശതാബ്ദത്തിലധികം കാലം ആ രീതി തുടര്‍ന്നു വന്നു. അതായത് നോട്ട് അടിക്കാന്‍ സര്‍ക്കാരിന് മാത്രമേ അവകാശമുള്ളു. 1971 വരെ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ അടിസ്ഥാനമായി ആയിരുന്നു ലോകത്തെ എല്ലാ കറന്‍സികളും അടിച്ചിരുന്നത്. എന്നാല്‍ 1971 ല്‍ നിക്സണ്‍ ആ അടിസ്ഥാനം ഇല്ലാതാക്കി (ഭാഗം 1). അപ്പോഴും സര്‍ക്കാരായിരുന്നു കറന്‍സികളുടെ നിര്‍മ്മാണം നടത്തിയിരുന്നത്. നമ്മുടെ രാജ്യത്ത് ആ ജോലി ചെയ്യുന്നത് റിസര്‍വ്വ് ബാങ്ക് ആണ്. മിക്ക രാജ്യങ്ങളിലും സെന്‍ട്രല്‍ ബാങ്ക് എന്നാണ് അതിനെ വിളിക്കുന്നത്. അമേരിക്കയില്‍ അത് ഫെഡറല്‍ റിസര്‍വ്വ് ആണ്. സാമ്പത്തിക വളര്‍ച്ച, നശിച്ച് പോകുന്ന നോട്ടുകള്‍, ബാങ്കുകാരുടെ കളികള്‍ തുടങ്ങിയ പല കാര്യങ്ങളും കണക്കാക്കി അവര്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഓരോ വര്‍ഷവും പുതിയ നോട്ടുകള്‍ അടിച്ചിറക്കിയിരുന്നു. അടിക്കുന്നത് കൂടുതലോ കുറവോ ആയാല്‍ പണപ്പെരുപ്പമോ, പണഞെരുക്കമോ ആകും ഫലം. അതുകൊണ്ട് സര്‍ക്കാര്‍ വളരെ സൂക്ഷിച്ചാണ് മിക്കപ്പോഴും നോട്ട് അടിക്കുന്നത്.

1980കള്‍ക്ക് ശേഷം കമ്പ്യൂട്ടര്‍ വ്യാപകമായി ബാങ്കിങ് മേഖലയില്‍ ഉപയോഗിച്ച് തുടങ്ങി. നിങ്ങളുടെ പണം കമ്പ്യൂട്ടര്‍ സ്ക്രീനിലെ ഒരു അക്കങ്ങളായി മാറി. സ്വര്‍ണ്ണത്തിന് പകരം ബാങ്ക് നല്‍കുന്ന പേപ്പര്‍ ഉപയോഗിച്ചത് പോലെ ആളുകള്‍ക്ക് സ്ക്രീനിലെ അക്കങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യാനുമുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഡബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് (സിനിമ: ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം), ഓണ്‍ലൈന്‍ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങി അനേകം സംവിധാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ 95% ല്‍ അധികം പണവും ഇത്തരത്തില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ്. ഉദാഹരണത്തിന് ബ്രിട്ടണിലെ സമ്പദ്‌വ്യവസ്ഥയില്‍ വെറും 3% മാത്രമാണ് സര്‍ക്കാര്‍ അച്ചടിക്കുന്ന കറന്‍സികളും നാണയങ്ങളും. ബാക്കി 97% പണവും ഡിജിറ്റല്‍ കറന്‍സിയായാണ് നിലനില്‍ക്കുന്നത്.

അവ നമുക്ക് വളരെ വളരെ സൌകര്യപ്രദമായ ഉപയോഗം ആണ് നല്‍കുന്നത്. അതിനാല്‍ നേരത്തെ തന്നെ ഡിജിറ്റല്‍ കറന്‍സികളുടെ cashless economy യിലേക്ക് മാറിയ പൊങ്ങച്ചക്കാരും സാങ്കേതിവിദ്യാവാദികളും എല്ലാം നടത്തുന്ന ഈ സൌകര്യങ്ങളുടെ പുകഴ്ത്തല്‍ മാത്രമേ ഇപ്പോള്‍ എവിടെയും കേള്‍ക്കുാന്നുള്ളു. എന്നാല്‍ ഈ പണം എവിടെനിന്നു വന്നു എന്ന് ആരും ചോദിക്കാറില്ല.

ബാങ്കിങ്ങിന്റെ തട്ടിപ്പ്

നമുക്കെല്ലാം അറിയാവുന്നതാണ് ബാങ്കിന്റെ പ്രവര്‍ത്തനം അല്ലേ? നാം നമ്മുടെ അകൌണ്ടില്‍ മിച്ചം വരുന്ന ചെറിയ തുകയിടുന്നു. അങ്ങനെ അനേകം പേര്‍ നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് പണത്തിന്റെ ആവശ്യമുള്ളവര്‍ക്ക് ബാങ്ക് വായ്പ കൊടുക്കുന്നു. അവരില്‍ നിന്ന് ഈടാക്കുന്ന പലിശയുടെ ഒരു പങ്ക് നിക്ഷേപകര്‍ക്കും ബാക്കി ബാങ്കും എടുക്കുന്നു. അതാണ് നമുക്ക് അറിയാവുന്ന ബാങ്കിങ്, അല്ലേ? എന്നാല്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചടത്തോളെ ഇത് ശുദ്ധ മണ്ടത്തരമാണ്. (ഭാഗം 4). പേപ്പര്‍ കറന്‍സി സ്വര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അടിക്കുന്നതെന്ന വിശ്വാസം പോലെെ.

പണം അഥവാ കടം

1704 ലെ Promissory Notes Act ന് ശേഷമാണ് ഇതെല്ലാം തുടങ്ങിയത്. അതോടുകൂടി കടം എന്നത് ഒരു ‘negotiable’ ഉപകരണമായി മാറി. സമ്പദ്‌വ്യവസ്ഥ cashless ആയതോടെ ഈ പ്രവര്‍ത്തിയുടെ തീവൃതയും വേഗതയും വര്‍ദ്ധിച്ചു. ആ തോതില്‍ ബാങ്കുകളുടെ ലാഭവും വര്‍ദ്ധിച്ചു. cashless economy യിലെ വലിയ സൌകര്യത്തിന്റെ ശരിക്കുള്ള ഫലം എന്നത് പണത്തിന്റെ നിര്‍മ്മാണത്തെ നാം സ്വകാര്യവല്‍ക്കരിച്ചു എന്നതാണ്. അതായത് കള്ളനോട്ടടിക്കാരന്‍ ചെയ്യുന്ന പ്രവര്‍ത്തി. ഇപ്പോള്‍ അത് വലിയ ബാങ്കുകളാണ് ചെയ്യുന്നത് എന്ന് മാത്രം.

2014 മാര്‍ച്ചില്‍ Bank of England പുറത്തുവിട്ട “Money Creation in the Modern Economy” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു:
“വാണിജ്യ ബാങ്കുകള്‍ പുതിയ ലോണ്‍ കൊടുക്കുമ്പോള്‍ ബാങ്ക് ഡിപ്പോസിറ്റിന്റെ രൂപത്തില്‍ അവര്‍ പണം നിര്‍മ്മിക്കുന്നു. ഉദാഹരണത്തിന് ആരെങ്കിലും ഒരു വീട് വാങ്ങാന്‍ കടം എടുക്കുന്നുണ്ടെങ്കില്‍ അതിന് ആയിരക്കണക്കിന് പൌണ്ട് ബാങ്ക് നോട്ടുകള്‍ കൊടുത്താവില്ല അത് ചെയ്യുന്നത്. പകരം അത് അവരുടെ ബാങ്ക് അകൌണ്ടില്‍ വായ്പയുടെ വലിപ്പത്തിന് തുല്യം തുക ക്രഡിറ്റ് ചെയ്യുകയാണ്. ആ നിമിഷം പുതിയ പണം നിര്‍മ്മിക്കപ്പെടുന്നു” – bankofengland.co.uk

നിങ്ങള്‍ വീട് വാങ്ങാനായുള്ള വായ്പക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ ബാങ്ക് നിങ്ങള്‍ക്ക് തിരിച്ചടക്കാന്‍ കഴിയുമോ ഇല്ലയോ എന്നൊക്കെയുള്ള നിങ്ങളുടെ യോഗ്യതകള്‍ പരിശോധിക്കുന്നു. തൃപ്തികരമെന്ന് തോന്നിയാല്‍, മാസം തോറും ഇത്ര പണം പലിശ സഹിതം തിരിച്ചടച്ചോളും എന്ന നിങ്ങളുടെ കടപ്പാടിന്റെ അടിസ്ഥാനത്തില്‍ മുമ്പ് പറഞ്ഞ പോലെ ബാങ്ക് പണം വായുവില്‍ നിന്ന് സൃഷ്ടിച്ച് നിങ്ങളുടെ അകൌണ്ടില്‍ ക്രഡിറ്റ് ചെയ്യുന്നു. അങ്ങനെ നമ്മുടെ അകൌണ്ടിലെ ആ കടം കിട്ടിയ പണം നാം സിമന്റ് വാങ്ങാനായി ചിലവാക്കുമ്പോള്‍ നമ്മുക്ക് കിട്ടിയ കടത്തിന്റെ ഒരു ഭാഗം സിമന്റ് കടക്കാരന് നല്‍കുകയാണ്. അയാള്‍ അത് പച്ചക്കറിവാങ്ങാന്‍ ചിലവാക്കുമ്പോള്‍ പച്ചക്കറിക്കച്ചവടക്കാരനും കടത്തിന്റെ ഒരു പങ്ക് കിട്ടുന്നു. അങ്ങനെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുടെ കൈവശമുള്ള പണം എന്ന് പറയുന്നത് സത്യത്തില്‍ മറ്റാരെങ്കിലും എടുത്ത കടമാണ്. ഇനി നിങ്ങള്‍ നിങ്ങളുടെ കടം വീട്ടിക്കഴിയുമ്പോള്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട പണം നശിക്കുന്നു. നിങ്ങള്‍ മാസം തോറും അടക്കുന്ന പലിശ ബാങ്കിന്റെ ലാഭമാണ്. ശൂന്യതയില്‍ നിന്ന് കിട്ടുന്ന ലാഭം. അത് അവര്‍ കീശയിലിടുന്നു.

പ്രത്യാഘാതം

ഈ വ്യവസ്ഥ ബാങ്കുകള്‍ക്ക് 1844 ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് പോകാന്‍ സൌകര്യം കൊടുക്കുകയാണ്. സമ്പദ്‌വ്യവസ്ഥ അസ്ഥിരമാകുകയും, പണവും അധികാരവും കേന്ദ്രീകരിക്കുകയും, അസമത്വം വര്‍ദ്ധിക്കുകയുമാകും ഫലം. കിട്ടുന്ന പലിശ മുഴുവന്‍ ലാഭമായതിനാല്‍ നല്ല കാലത്ത് കൂടുതല്‍ കടം കോടുക്കണം എന്ന പ്രവണത ബാങ്കുള്‍ക്ക് കൂടിവരും. അത് കൂടുതല്‍ വിലക്കയറ്റത്തിന് കാരണമാകും. മോശം കാലത്ത് തിരിച്ചും. എന്നാല്‍ പണത്തിന്റെ നിര്‍മ്മാണം നേരെ തിരിച്ചാണ് വേണ്ടത്, നല്ല കാലത്ത് കുറവും മോശം കാലത്ത് കൂടുതലും. ബാങ്കാണ് പണം നിര്‍മ്മിക്കുന്നതെങ്കില്‍ അവര്‍ അത് ചെയ്യില്ല. 2008 ന്റെ സാമ്പത്തിക തകര്‍ച്ചയില്‍ അത് വ്യക്തമായിരുന്നല്ലോ.

എന്താണ് നമുക്ക് വേണ്ടത്

സാങ്കേതികവിദ്യ മൊത്തം കുഴപ്പമാണെന്നും, എല്ലാം ഉപേക്ഷിക്കണമെന്നും ഒന്നുമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സമ്പന്ന രാജ്യങ്ങളില്‍ തന്നെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തായി അവിടെ ജനകീയമായ ശ്രമം നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലും അത്തരം ശ്രമമാണ് ഉണ്ടാവേണ്ടത്. കള്ളപ്പണം, പാകിസ്ഥാന്‍, ഭീകരവാദം എന്ന സ്ഥിരം തട്ടിപ്പുകള്‍ കേട്ട് സ്വയം ഊളകളാവരുത്. (97% പണവും ഡിജിറ്റല്‍ കറന്‍സിയായാ ബ്രിട്ടണും അമേരിക്കയുമാണ് ലോകത്തിലെ ഏറ്റവും വലിയ കള്ളപ്പണ സമ്പദ്‌വ്യവസ്ഥകള്‍)

മുകളില്‍ പറഞ്ഞ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനം Fractional reserve banking ആണ്. അത് പുതിയ കാര്യമൊന്നുമല്ല. പക്ഷെ ബാങ്ക് പുതിയതായി നിര്‍മ്മിക്കുന്ന പണത്തിന് തുല്യമായി റിസര്‍വ്വ് ബാങ്ക് കൂടുതല്‍ കറന്‍സി അച്ചടിക്കേണ്ടത് ഒരു പ്രശ്നമാണ്. എന്നാല്‍ സമ്പദ്‌വ്യവസ്ഥ cashless ആയാല്‍ ആ പ്രശ്നം പരിഹരിക്കാനാവും. അതിനാണ് കോര്‍പ്പറേറ്റുകളാല്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്നേഹത്തിന്റെ അടിസ്ഥാനം.

cashless economy ഒക്കെ നല്ലതാണ്. പക്ഷേ ജനങ്ങളാവണം അതിന്റെ ഉടമ. സുതാര്യമായാവണം തീരുമാനങ്ങളെടുക്കേണ്ടത്. തീരുമാനങ്ങള്‍ ജനകീയമാകണം. Fractional reserve banking ഉപേക്ഷിച്ച് Full Reserve Banking ലേക്ക് പോകാനുള്ള അവസരമൊരുക്കുന്ന ചര്‍ച്ചകളുണ്ടാകണം. സാങ്കേതികവിദ്യയുടെ മേന്മകളെക്കുറിച്ച് നാം പറയുന്നതോടൊപ്പം അതിന്റെ രാഷ്ട്രീയ വശത്തെക്കുറിച്ച് ചോദ്യം ചെയ്യാനും ചര്‍ച്ച ചെയ്യാനും തയ്യാറാവണം. അല്ലെങ്കില്‍ നാം സ്വയം ആപ്പ് കേറ്റുന്ന അവസ്ഥയിലെത്തും.

ഭാഗം 1: കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
ഭാഗം 3: കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു
അനു 1: ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

End fractional reserve banking

കൂടുതല്‍ വിവരങ്ങള്‍:

സിനിമ: പണം എവിടെ നിന്ന് വന്നു
സിനിമ: റിയല്‍ എസ്റ്റേറ്റ് മോചനദ്രവ്യത്തിന് വേണ്ടി
സിനിമ: കടാധിപത്യം – ഡറ്റോക്രസി
സിനിമ: പണം അധവാ കടം
____
എഴുതിയത്: ജഗദീശ്.എസ്സ്.
എനിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ല. ഗതികേടുകൊണ്ടാണ് അത് പഠിക്കാന്‍ ശ്രമിക്കുന്നത്.