വിനായകന്‍ അയ്യന്‍കാളിയാകുമ്പോള്‍ നാം കാണാതെ പോകുന്നതെന്ത്?

നടന്‍ വിനായകന് സംസ്ഥാന അവര്‍ഡ് കിട്ടി. വളരെ സന്തോഷം. കാരണം അദ്ദേഹത്തിന് കറുത്ത നിറമാണ്. കേരളത്തിലെ ജനങ്ങളുടെ 90% വും കറുത്തവരാണ്. സിനിമാക്കാരുടെ ആര്‍ഭാടം എന്നത് അവരുടെ പണം ആണ്. അതുകൊണ്ട് കറുത്തവനായ ദരിദ്ര വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയത് നല്ലത്. പക്ഷേ ഞാന്‍ സിനിമയുടെ ആളല്ല. ഏത് സിനിമ ആയാലും അത് സാമൂഹ്യദ്രോഹമാണ് ചെയ്യുന്നു എന്നാണ് എന്റെ പക്ഷം. എന്നാല്‍ അത് എന്തുകൊണ്ടെന്ന വിശദീകരിക്കുക വിഷമമാണ്, അതുപോലെ അതല്ല ഈ കുറിപ്പിന്റെ ലക്ഷ്യവും.

അവാര്‍ഡ് കിട്ടിയതിനാല്‍ അതുവരെ മറഞ്ഞിരുന്ന ക്യാമറയും, മൈക്കും അദ്ദേഹത്തിന് നേരെ തിരിഞ്ഞു. പല പച്ചയായ സത്യങ്ങളും അദ്ദേഹത്തിന് വിളിച്ച് പറയാന്‍ അതിനാല്‍ അവസരമുണ്ടായി. അതിന്റെ കൂട്ടത്തില്‍ കേട്ട ഒരു കാര്യമാണ് ഈ ലേഖനത്തിന് കാരണമായിരിക്കുന്നത്.

അയ്യന്‍കാളി ചെയ്തത് പോലെ തനിക്ക് ഒരു ഫെറാറി കാറില്‍ സ്വര്‍ണ്ണം കൊണ്ടുള്ള കിരീടം വെച്ച് പോകണം എന്ന് അദ്ദേഹം ആലങ്കാരികമായി പറയുകയുണ്ടായി. അഭിമുഖത്തിനിടയിലെ വെറുമൊരു അഭിപ്രായ പ്രകടനമെന്നതിലപ്പുറം അതിന് ഒരു രാഷ്ട്രീയമുണ്ട്. അദ്ദേഹം അത് ബോധപൂര്‍വ്വം പറഞ്ഞതല്ല. കാരണം നമ്മളേയെല്ലാം പഠിപ്പിച്ചിരിക്കുന്നത് അത്തരത്തില്‍ പ്രതികരിക്കാനാണ്.

പ്രശ്നങ്ങളെല്ലായിടത്തുമുണ്ട്. എന്നാല്‍ അത് അവനവന്‍ വ്യക്തിപരമായി പരിഹരിക്കണം എന്നതാണ് പ്രചരിപ്പിക്കപ്പെടുന്നത രീതി. അതായത് നമ്മുടെ വ്യക്തിപരമായ കുറവുകള്‍ കൊണ്ടാണ് നമുക്ക് പ്രശ്നങ്ങളുണ്ടാവുന്നത് എന്ന് വരുത്തിത്തീര്‍ക്കുകയാണ് അധികാരികള്‍. ഈ ആഖ്യാനത്തിന് വലിയ ഗുണമുണ്ട്. അത് അധികാരികളെ പ്രശ്നത്തില്‍ നിന്ന് മറച്ച് വെക്കുന്നു. 2008 ല്‍ സാമ്പത്തിക തകര്‍ച്ചയുണ്ടായതിന് ശേഷം അമേരിക്കയില്‍ കോടിക്കണക്ക് വീടുകളാണ് ബാങ്കുകാര്‍ ജപ്തി ചെയ്തത്. അത് ഇപ്പോഴും തുടരുന്നു. ഈ ജപ്തി അനുഭവിച്ച വീട്ടുകാര്‍ പോലും കള്ളന്‍മാരായ ബാങ്ക് മുതലാളിമാരെ പഴിക്കുന്നതിന് പകരം തങ്ങളെ തന്നെയാണ് പഴിക്കുന്നത്. എല്ലാ പ്രശ്നങ്ങളും നമ്മുടെ വിധി എന്ന് സമാധാനിക്കാനാണ് വ്യവസ്ഥ നമ്മേ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെ അല്ല എന്ന തോന്നലുണ്ടായാല്‍ ആളുകള്‍ ചോദ്യം ചെയ്യില്ലേ. അതൊഴുവാക്കണം.

നാമോരോരുത്തവരും വ്യക്തിപരമായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളില്‍ വ്യക്തിപരമായ ഒരു അംശമുണ്ടെങ്കില്‍ കൂടിയും അതൊരു സാമൂഹ്യ പ്രശ്നമാണ്. എന്നാല്‍ പീഡനമേല്‍ക്കുന്ന വ്യക്തിക്കോ സമൂഹത്തിനോ അതിന്റെ രാഷ്ട്രീയ, സാമൂഹ്യ വശങ്ങള്‍ കണ്ടെത്താനുള്ള അവസരം ഒരിക്കലുമുണ്ടാകില്ല. അടിച്ചമര്‍ത്തലിന്റെ വേദനയില്‍ നിന്ന് എങ്ങനെയും രക്ഷ നേടുക എന്നതാണ് അവരുടെ ഏറ്റവും വലിയ ലക്ഷ്യം. ആ ശ്രമത്തില്‍ കുറച്ച് പേര്‍ക്ക് വിജയിക്കാനാകും. ആ വിജയങ്ങളെ വ്യവസ്ഥ പിന്നീട് ആ സമൂഹത്തിന്റെ വിജയമായി വരുത്തിത്തീര്‍ക്കും. ഒബാമ പ്രസിഡന്റായപ്പോള്‍ ലോകം മൊത്തം ആനന്ദാശ്രുക്കള്‍ പൊഴിച്ചതുപോലെ.

സമൂഹത്തില്‍ നാം അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനും ദാരിദ്ര്യത്തിനുമൊക്കെ പ്രതിവിധിയെന്നത് നമ്മള്‍ അധികാരിയും സമ്പന്നനും ആകുക എന്നതാണെന്നും, കഠിനമായി അദ്ധ്വാനിച്ചാല്‍ നമുക്കത് നേടാനാവും എന്നും നിരന്തരം പ്രചരിപ്പിക്കുന്ന കാര്യമാണ്. അത്തരത്തില്‍ വിജയിക്കുന്ന ആളുകളുടെ കഥകള്‍ വലിയ മാധ്യമവാര്‍ത്തകാളാകാറുമുണ്ട്. ആ ജീവിത വിജയങ്ങള്‍ ഒരു സാധാരണ സംഭവങ്ങളായിരുന്നുവെങ്കില്‍ മാധ്യമവാര്‍ത്ത ആകുമായിരുന്നോ? അതായത് വിജയിക്കാനുള്ള നിതാന്ത ശ്രമത്തില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുകയാണ്.

ജോര്‍ജ് ബുഷ് ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ 3 ഷിഫ്റ്റ് പണിചെയ്യുന്ന കറുത്ത സ്ത്രീയെ പുകഴ്ത്തിക്കൊണ്ട്, എപ്പോഴാണ് അവര്‍ ഉറങ്ങുന്നതെന്ന് അത്ഭുതം പ്രകടിപ്പിച്ചു. അതേ നാം കഠിനമായി അദ്ധ്വാനിക്കുകയാണ്. അങ്ങനെ അദ്ധ്വാനിച്ച അദ്ധ്വാനിച്ച് ലോകത്തെ ഏറ്റവും താഴെയുള്ള 350 കോടി ജനങ്ങളുടെ സമ്പത്തിനേക്കാള്‍ കൂടുതല്‍ സമ്പത്ത് വെറും 8 പേരില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയിലെത്തി.

വില്ലുവണ്ടിയും ഫെറാറിയുമൊക്കെ വ്യവസ്ഥക്കകത്തെ വ്യക്തിപരമായ വിജയത്തിനപ്പുറം ഒരു സാമൂഹ്യമാറ്റമായി വ്യാഖ്യാനിക്കരുത്. അതത് വംശക്കാര്‍ക്ക് പൊങ്ങച്ചം പറഞ്ഞ് ആത്മനിര്‍വൃതിയടാം എന്ന് മാത്രം. എന്നാല്‍ അത്, ഇപ്പോള്‍ മാരുതി ഫാക്റ്ററിയിലെ സമരത്തില്‍ പങ്കെടുത്തനിന് കള്ളക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് വിധിക്കപ്പെട്ട തൊഴിലാളികളെ പോലെ, ദരിദ്രരുടെ ജീവിതവൃത്തിക്കായുള്ള പരക്കംപാച്ചിലില്‍ നിന്ന് ഊറ്റിയെടുക്കുന്നതാണ് ആ സമ്പത്തുകളെല്ലാം എന്ന് തിരിച്ചറിയുക.

സമൂഹത്തിലെ 80% ജനങ്ങളും പരമ ദരിദ്രരാണ്. മദ്ധ്യവര്‍ഗ്ഗമെന്ന് പറയുന്ന 19% പിന്നെ അതി സമ്പന്നരായ 1% വും. ഇതാണ് ലോകത്തെല്ലായിടത്തും സമൂഹത്തിന്റെ ഘടന. 80%ക്കാരില്‍ കുറച്ച് പേര്‍ക്ക് മുകളിലത്തെ തട്ടിലേക്ക് കയറാന്‍ കഴിഞ്ഞെന്നു കരുതി, പിന്നേയും 80% അതുപോലെ നില്‍ക്കും. അവര്‍ക്ക് വേണ്ടത് അതാണ്. പണിചെയ്യാനുള്ള ബഹുഭൂരിപക്ഷവും അതിന്റെ ഗുണം അനുഭവിക്കാന്‍ ഒരു ചെറിയ ന്യൂനപക്ഷവും. ആ സാമൂഹ്യഘടന ഇല്ലാതാക്കുകയാണ് ശരിക്കും വേണ്ടത്. ഒറ്റക്കൊറ്റക്ക് മുകളിലേക്ക് കയറാന്‍ അനുവദിക്കുന്നത് അങ്ങനെയൊരു മാറ്റമുണ്ടാകാതിരിക്കാനാണ്.

ഇത് വിനായകനെതിരായ ഒരു വിമര്‍ശനമല്ല. പകരം ഇത് നമ്മളോടെല്ലാമുള്ള വിമര്‍ശനമാണ്. ദാരിദ്ര്യവും അടിച്ചമര്‍ത്തലുകളുമെല്ലാം സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളാണ്. അവക്ക് പരിഹാരം സാമൂഹ്യമായും രാഷ്ട്രീയമായുമേ കാണാനാവൂ. പക്ഷേ നമ്മേ അതില്‍ നിന്ന് തടയാനായി മുതലാളിത്തം എല്ലായ്പോഴും പൊതു പ്രശ്നങ്ങളെ വ്യക്തിപരമായ പ്രശ്നങ്ങളായി പ്രചരിപ്പിച്ച് വ്യക്തിപരമായി അതിന് പരിഹാരം കാണാന്‍ അത് നമ്മോട് ആവശ്യപ്പെടും. ആ തട്ടിപ്പ് നാം തിരിച്ചറിയണം. വിനായകനും, അദ്ദേഹത്തിന്റെ സമൂഹവും, നമ്മളെല്ലാവരും ഉള്‍പ്പെട്ട 99% ജനങ്ങളും ഒന്നിച്ച് വേണം പ്രവര്‍ത്തിക്കാന്‍. എന്നാല്‍ അത് 1% ക്കാരെ ശത്രുവായി കണക്കാക്കി അവര്‍ക്ക് എതിരായ സമരമല്ല. പകരം മുഴുവന്‍പേരും ഉള്‍പ്പെട്ട എല്ലാവര്‍ക്കും, മറ്റ് ജീവിജാലങ്ങള്‍ക്കും സുഖകരമായി ജീവിക്കാനുള്ള വ്യവസ്ഥ നിര്‍മ്മിക്കാനുള്ള സമാധാനപരമായ സാമൂഹ്യമാറ്റമാകണം. തിരിച്ചറിവാണ് അതിന്റെ ആയുധം. ഒന്നിച്ച് നാം വളരും.
____
എഴുതിയത്: ജഗദീശ്.എസ്സ്.

കൂടുതല്‍ മുതിര്‍ന്നവരും അവര്‍ കരുതുന്നതിനെക്കാള്‍ കൂടുതല്‍ സമയം ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ചിലവാക്കുന്നു

8 – 18 വയസ് പ്രായമുള്ള 1,800 കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ Common Sense Media നടത്തിയ ഒരു ദേശീയ സര്‍വ്വേയില്‍, രക്ഷകര്‍ത്താക്കള്‍ പ്രതിദിനം 9 മണിക്കൂര്‍ 22 മിനിട്ട് സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങി വിവിധ സ്ക്രീനുകളുടെ മുന്നിലിരിക്കുന്നു എന്ന് കണ്ടെത്തി. അതില്‍ 8 മണിക്കൂര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ്, ജോലിക്കല്ല ചിലവാക്കുന്നത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ തങ്ങള്‍ നല്ല റോള്‍ മോഡലുകളെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 78% രക്ഷകര്‍ത്താക്കളും സ്വയം കരുതുന്നത്. മള്‍ട്ടീ മീഡിയ engaging ഉം habit-forming ഉം ആകാനായി രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ്. അതുകൊണ്ട് എത്ര സമയം ചിലവാക്കി എന്ന് നാം തിരിച്ചറിയില്ല എന്ന് The Big Disconnect എന്ന പുസ്തകമെഴുതിയ Catherine Steiner-Adair പറയുന്നു.

— സ്രോതസ്സ് scientificamerican.com

5 ല്‍ 1 കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളാല്‍ ഉറക്കമില്ലാത്തവരാണ്

രാത്രിയില്‍ ഉണര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം നോക്കുകയോ അയക്കുകയോ ചെയ്യുന്നവരാണ് 5 ല്‍ 1 കുട്ടികള്‍ എന്ന് Journal of Youth Studies ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പറയുന്നു. ഈ രാത്രികാല പ്രവര്‍ത്തി കാരണം അങ്ങനെ ചെയ്യാത്ത കുട്ടികളെ അപേക്ഷിച്ച് ഈ കുട്ടികള്‍ സ്കൂളുകളില്‍ മൂന്ന് മടങ്ങ് കൂടുതല്‍ ക്ഷീണിതരായി കാണപ്പെട്ടു. ഇത് കുട്ടികളുടെ സന്തോഷത്തേയും സുഖത്തേയും ബാധിക്കുന്നു. രാത്രിയില്‍ ഇങ്ങനെ ഇടക്കിടക്ക് ഉണര്‍ന്ന് സോഷ്യല്‍മീഡിയ അകൌണ്ട് പരിശോധിക്കുന്ന സ്വഭാവം ആണ്‍ കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.

— സ്രോതസ്സ് alphagalileo.org

കുട്ടികള്‍ കഴിവതും സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക. ഇന്റെര്‍നെറ്റില്‍ നിന്ന് പോലും.

ഒന്നിനേയും വിശ്വസിക്കാത്ത അമേരിക്കയിലെ ആളുകള്‍

ഞെട്ടിപ്പിക്കുന്നതാണ് അത്തരക്കാരുടെ എണ്ണം. എന്നാല്‍ ഗാലപ്പ് പോള്‍ കാണിക്കുന്ന സംഖ്യകള്‍ സത്യമാണ്. ചില ഉദാഹരണങ്ങള്‍ ഇതാ –

* ധാരാളം ആളുകള്‍ സുപ്രീംകോടതിയെ വിശ്വസിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1998 ല്‍ അമേരിക്കയിലെ 50% ആളുകള്‍ സുപ്രീം കോടതിയെ വിശ്വസിച്ചിരുന്നു. 1988 ല്‍ അവരുടെ ശതമാനം 56% ആയിരുന്നു.

* 2016 ല്‍ ബാങ്കുകളെ വിശ്വസിക്കുന്നവരുടെ എണ്ണം 27% ആണ്. എന്നാല്‍ 2004 ല്‍ 53% പേരും ബാങ്കുകളെ വിശ്വസിച്ചിരുന്നു.

* പള്ളിയേയും മത സ്ഥാപനങ്ങളേയും വിശ്വസിക്കുന്നവര്‍ ഇന്ന് 41% ആണ്. 2001 ല്‍ 60% ആയിരുന്നു അവരുടെ എണ്ണം. 1975 ല്‍ 68 പേരും പള്ളിയെ വിശ്വസിച്ചിരുന്നു.

— സ്രോതസ്സ് washingtonpost.com

സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?

സാധാരണ നാം ചോദിക്കാത്ത ഒരു ചോദ്യമാണ് അത്, അല്ലേ? നമ്മേ സംബന്ധിച്ചടത്തോളം സമൂഹം എന്നുമുണ്ടായിരുന്നു. എന്നാല്‍ ജീവന് ഒരു തുടക്കമുണ്ടെങ്കില്‍ സമൂഹത്തിനും ഒരു തുടക്കമുണ്ടാകണം. എന്നാണ് അതുണ്ടായത്? ആരാണത് ചെയ്തത്?

ജീവി വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ദുര്‍ബലമായ ഒരു ജീവിയാണ് മനുഷ്യന്‍. മാനിനേ പോലെ ഓടാനോ കടുവയേ പോലെ ഇരപിടിക്കാനോ, കുരങ്ങിനെ പോലെ മരം കയറാനോ ഒന്നും മനുഷ്യന് കഴിവില്ല. സത്യത്തില്‍ പ്രകൃതി നിര്‍ദ്ധാരണത്താല്‍ ഉന്‍മൂലനം ചെയ്യപ്പെടേണ്ട ഒരു ജീവിയായിരുന്നു മനുഷ്യന്‍. എങ്ങനയോ ആ ജീവി രക്ഷപെട്ടു.

അതുപോലെ മനുഷ്യ കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ച എത്താതെയാണ് ജനിക്കുന്നത്. അതിന് സ്വന്തം കാര്യം നോക്കുന്ന അവസ്ഥയിലെത്തണമെങ്കില്‍ കുറഞ്ഞത് 4-5 വര്‍ഷം വേണം. അതായത് ഇത്രയും കാലം അതിനെ ആരെങ്കിലും സംരക്ഷിച്ചേ മതിയാകൂ.

ഈ രണ്ട് പ്രശ്നങ്ങളും മനുഷ്യന്‍ എങ്ങനെയാണ് തരണം ചെയ്തത്? അതിന്റെ ഉത്തരമാണ് സമൂഹം. നമ്മള്‍ തന്നെ സൃഷ്ടിച്ച് നമ്മള്‍ തന്നെ നിയമനിര്‍മ്മാണം നടത്തി പിന്‍തുടര്‍ന്നു പോരുന്ന ഒന്നാണ് നമ്മുടെ സമൂഹം.

ആഹാരം കണ്ടെത്തണം. അതിനായി മനുഷ്യര്‍ കൂട്ടമായി കായ് കനികള്‍ തേടുകയോ വേട്ടയാടുകയോ ചെയ്തു. കിട്ടിയ ആഹാരം അവര്‍ പങ്കുവെച്ച് കഴിച്ചിരിക്കാം. അതുപോലെ കുട്ടികളെ നോക്കാനും അവര്‍ ഒത്തുകൂടിയിട്ടുണ്ടാവണം. അതാണ് ആദ്യത്തെ സമൂഹം. അതിന്റെ തുടക്കത്തില്‍ മാനുഷരെല്ലാരും ഒന്നുപോലെ എന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

എന്തുകൊണ്ട് അത് രൂപീകൃതമായി. തീര്‍ച്ചയായും ആഹാരം എന്ന ഉല്‍പ്പന്നം നേടാനും, കുട്ടികളേയും അതുപോലെ മുറിവേറ്റവരേയും രോഗികളേയും സംരക്ഷിക്കുക എന്ന സേവനം ലഭിക്കാനും വേണ്ടിയാണ് അത് രൂപീകൃതമായത്. അല്ലാതെ വേറൊന്നിനുമല്ല. ഇനി നാം വ്യക്തികള്‍ക്ക് തനിയെ ആഹാരം കണ്ടെത്താനും നമ്മുടെ അടുത്ത തലമുറ തനിയെ തന്നെ വളരാന്‍ കരുത്തുള്ളവരുമായിരുന്നെങ്കില്‍ മനുഷ്യന്‍ ഒരിക്കലും സമൂഹത്തെ സൃഷ്ടിക്കില്ലായിരിക്കാം.

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നാം ആ അവസ്ഥയില്‍ കഴിഞ്ഞു. എന്നാല്‍ പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ഒരു മാറ്റം സംഭവിക്കുകയും നമ്മുടെ ചെറു ലളിതം സമൂഹം വലിയ പരിവര്‍ത്തനങ്ങളിലൂടെ കടന്ന് പോയി വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലെത്തിച്ചേര്‍ന്നു.

പക്ഷേ അപ്പോഴും സമൂഹത്തിന്റെ അടിസ്ഥാന ആവശ്യം, പണ്ടത്തേതു പോലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നേടുകയും നിലനില്‍ക്കുകയും ചെയ്യുക എന്നതാണ്.

തുടരും …
____
എഴുതിയത്: ജഗദീശ്.എസ്സ്.

സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്

ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ നാട്ടില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ വരെ ഇന്ന് അവക്കെ അടിമപ്പെടുന്നു ആ അവസ്ഥ മാറ്റിയെടുക്കാന്‍ സര്‍ക്കാരും സര്‍ക്കാരേതര സംഘങ്ങളും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ആരോഗ്യക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ജാഥകള്‍ ഒക്കെ നടത്തുന്നു. വാര്‍ത്താ മാധ്യമങ്ങളും ഇതിന് പൂര്‍ണ്ണ പിന്‍തുണ നല്‍കി ലേഖനങ്ങളും മറ്റ് വിവരങ്ങളും ഒക്കെ വളരെ ആത്മാര്‍ത്ഥയോടെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പക്ഷേ ഇതൊക്കെ ഫലവത്താവുന്നുണ്ടോ? ഇല്ലെന്നതാണ് ദുഖ സത്യം. അവയുടെ ഉപയോഗം വര്‍ദ്ധിക്കുക മാത്രമാണ് വാര്‍ത്തകളില്‍ നിന്ന് നമുക്ക് മനസിലാവുന്ന കാര്യം. അതുകൊണ്ട് നമ്മുെട ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു വിമര്‍ശന ബുദ്ധിയോടെ കാണേണ്ടത് ആവശ്യമായിരിക്കുകയാണ്.
തുടര്‍ന്ന് വായിക്കൂ →

യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍

നമുക്ക് വരുന്ന ചില രോഗങ്ങളെ തടയാന്‍ വൈദ്യശാസ്ത്രം കണ്ടെത്തിയ ഒരു മരുന്നാണ് വാക്സിന്‍. ശക്തി കുറഞ്ഞതോ, മൃതമായതോ ആയ രോഗകാരി അണുക്കളോ, അവയുടെ കോശ ഭാഗങ്ങളോ വളരെ ചെറിയ അളവില്‍ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിട്ട്, ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് രോഗപ്രതിരോധ ശേഷി നേടിയെടുക്കുക എന്നതാണ് അതിന്റെ രീതി. രോഗത്തെ തടയാന്‍ രോഗാണുവിനെ തന്നെ കുത്തിവെക്കുന്നു.

അതായത് നാം പ്രതീക്ഷിക്കുന്ന ഒരു ഫലം കിട്ടാനായി അതിന് നേരെ വിപരീതമായ ഒരു കാര്യം ചെയ്യുന്നു എന്ന് സാരം.

എന്നാല്‍ ഈ രീതി വൈദ്യശാസ്ത്ര രംഗത്ത് മാത്രം ഒതുക്കി നിര്‍ത്താവുന്ന ഒരു തത്വമല്ലെന്നാണ് അടുത്ത കാലത്തായി നടക്കുന്ന ചില മാറ്റളില്‍ നിന്ന് എനിക്ക് തോന്നുന്നു.
സാമൂഹ്യശാസ്ത്രത്തിലും ഇത്തരമൊരു വാക്സിന്‍ പ്രയോഗം നടത്തുന്നില്ലേ സംശയം.

സാമൂഹ്യശാസ്ത്രത്തിലെ വാക്സിന്‍ പ്രയോഗം

കഴിഞ്ഞ ഒരു നാല്‍പ്പത് കൊല്ലത്തെ നമ്മുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ ഒന്ന് വിശകലനം ചെയ്യൂ. പല രംഗത്തുള്ള പല സംഘടനകളും പല പ്രമുഖ വ്യക്തികളും ഒക്കെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അവയില്‍ ഒരുപാടെണ്ണം നിര്‍ജ്ജീവമായി, ചിലവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ കൂടുതലും ജനങ്ങളുടെ പക്ഷത്ത് നിന്ന് അധികാരികളും കമ്പനികളും ഒക്കെ ചെയ്യുന്ന ദ്രോഹ പ്രവര്‍ത്തികളെ ജന ശ്രദ്ധയിലേക്ക് കൊണ്ടുവരികയും അതിനുള്ള സമരങ്ങള്‍ നടത്തുകയും ഒക്കെ ചെയ്യുന്ന സംഘടനകളും വ്യക്തികളുമുണ്ടായിരുന്നു. പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ വളരെ പ്രധാനപ്പെട്ടതും എന്നാല്‍ ശ്രദ്ധിക്കപ്പെടാത്തതുമായ പല രംഗത്തേയും പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശാന്‍ അവര്‍ക്ക് കഴിഞ്ഞു.

ഉന്നതി വിദ്യാഭ്യാസമുള്ള, ഉന്നത സ്ഥാനങ്ങളലങ്കരിച്ചിരുന്ന, അംഗീകാരങ്ങളും പുരസ്താരങ്ങളും ഒക്കെ ലഭിച്ചിരുന്ന മഹദ്‌ വ്യക്തികളും അവര്‍ നയിച്ചിരുന്ന സംഘടനകളുമൊക്കെയായിരുന്നു അവ. അറിവ് പ്രചരപ്പിക്കുകയും അറിവിന്റെ തെറ്റായ ഉപയോഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത ഇത്തരം സംഘടനങ്ങള്‍ ജനങ്ങളുടെ സമരങ്ങളില്‍ അറിവിന്റെ പുതിയൊരു ആയുധമായിരുന്നു സമ്മാനിച്ചത്. സംഘടനകളിലെ അംഗങ്ങളും ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗക്കാരും ആയിരുന്നു. അങ്ങനെയുള്ള ഇവര്‍ റോഡിലൂടെ കൊടിയും പിടിച്ച് ജാഥ നടത്തിയാല്‍ സമൂഹത്തിലുണ്ടാവുന്ന സ്വാധീനം പറയാതെ തന്നെ താങ്കള്‍ക്ക് അറിയാമല്ലോ.

ജനപക്ഷത്ത് നിന്ന ഇവരെ നിശബ്ദരാക്കാനോ പറ്റുമെങ്കില്‍ വ്യവസ്ഥക്ക് വേണ്ടി വാദിക്കുന്നവരോ ആയി മാറ്റാന്‍ എങ്ങനെ കഴിയും? ആലോചിച്ചിട്ടുണ്ടോ? പണ്ട് രാജഭരണ കാലത്താണെങ്കില്‍ രാജഭടന്‍മാര്‍ വന്ന് ഭീഷണിപ്പെടുത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് രാജഭരണത്തേക്കാള്‍ എളുപ്പമുള്ള വ്യവസ്ഥയാണ്. ജയിലോ, ചാട്ടയോ ഒന്നുമില്ലാതെ സ്വതന്ത്രരെന്ന് സ്വയം കരുതുന്ന ഈ വ്യക്തികളേയും അവരുടെ സംഘടനകളേയും അധികാരികളുടെ കിങ്കരന്‍മാരാക്കാന്‍ കഴിയും.

സാമൂഹ്യ വാക്സിന്റെ ഘടന

ഈ പുരോഗമന പ്രസ്ഥാനങ്ങള്‍ അറിവിന്റേയും ശാസ്ത്രീയതയുടേയും അടിസ്ഥാനത്തിലായിരുന്നു വ്യവസ്ഥയിലെ പ്രശ്നങ്ങളെ ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ വിവരക്കേടും, അശാസ്ത്രീയതയും അടിസ്ഥാനമായ വേറൊരു കൂട്ടര്‍ വ്യവസ്ഥയിലെ പ്രശ്നങ്ങളെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിച്ചാലെങ്ങനെയിരിക്കും? അതാണ് സാമൂഹ്യ വാക്സിന്‍.

വ്യവസ്ഥ കുറെയൊക്കെ ശാസ്ത്രീയമാണ്. അതുകൊണ്ട് പുരോഗമന പ്രസ്ഥാനങ്ങള്‍ വ്യവസ്ഥയുടെ കൂടെ നിന്നുകൊണ്ട് പുതിയതായി വന്ന ഈ കടുത്ത അസംബന്ധങ്ങളെ എതിര്‍ക്കാന്‍ തുടങ്ങി. അതൊടെ മുമ്പ് ഈ സംഘടനകള്‍ നിന്നിരുന്ന സ്ഥലത്ത് ഒരു ശൂന്യതയുണ്ടാവുകയും അവിടേക്ക് കൂടി പുതിയ അസംബന്ധ പ്രസ്ഥാനങ്ങള്‍ കയറിക്കൂടിത് അവര്‍ക്ക് സമൂഹത്തില്‍ സ്ഥാനമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

ഉദാഹരണത്തിന് ആരോഗ്യരംഗം നോക്കൂ. ഇന്ന് എത്ര വ്യാജവൈദ്യന്‍മാരാണ് നാട് വാഴുന്നത്. അവര്‍ക്കെതിരെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് പുരോഗമന പ്രസ്ഥാനങ്ങള്‍ സമരത്തിലാണ്. സ്വകാര്യമായാലും സര്‍ക്കാരായാലും ആധുനികവൈദ്യശാസ്ത്രം ആണോ, നമ്മളെല്ലാം ഒറ്റക്കെട്ടാണെന്ന വിചാരമാണ് ഇപ്പോള്‍. എന്തിന് 80കളില്‍ മരുന്ന് വ്യവസായത്തെ വിമര്‍ശിച്ചത് തെറ്റായി പോയി എന്ന് തുറന്ന് പറയുന്ന പുരോഗമനകാരികള്‍ പോലുമുണ്ട്. എന്ത് വിലകൊടുത്തും മുതലാളിയോടൊപ്പം നിന്ന് ശാസ്ത്രബോധം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുകയാണ് അവര്‍.

ദശാബ്ദങ്ങളോളം കേരള സമൂഹത്തില്‍ ശാസ്ത്രബോധം പ്രചരിപ്പിച്ച് പ്രചരിപ്പിച്ച് അവര്‍ ഇപ്പോള്‍ നമ്മളോട് ചോദിക്കുന്നത്, “കേരളത്തിനെന്ത് പറ്റി?” എന്നാണ്. തങ്ങളുടെ പ്രവര്‍ത്തി മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നത്തേക്കുറിച്ച് പോലും അറിയാത്ത ഇവരുടെ ശാസ്ത്രബോധത്തെ തന്നെ സംശയിപ്പിക്കുന്ന ചോദ്യമാണത്. കഷ്ടം എന്നേ പറയനാവുന്നുള്ളു.

ഫലത്തില്‍ എന്താണ് സംഭവിച്ചത്. ആരോഗ്യ രംഗത്തെ തെറ്റായ കാര്യങ്ങള്‍ മുമ്പത്തേതിനേക്കാള്‍ ഭീകരമായി. എന്തിന് ഇത്ര സ്വകാര്യ ആശുപത്രികള്‍. എന്തിന് മരുന്നിന് പേറ്റന്റ്, എന്നൊക്കെ ആരും ഒരു ചോദ്യവും ചോദിക്കുന്നില്ല. പേടിയാണ്. എന്തെങ്കിലും വിമര്‍ശിച്ചാല്‍ ആ വ്യജ വൈദ്യന്‍മാര്‍ അത് ഏറ്റടുത്ത് കൂടുതല്‍ ശക്തരാകില്ലേ എന്ന പേടിയാണ്. അത് തന്നെയാണ് വ്യവസ്ഥയും ആഗ്രഹിച്ചത്.

ശാസ്ത്രീയതയും അറിവും അടിസ്ഥാനത്തിലുള്ള സമരങ്ങളെ നേരിടാനായി കപടശാസ്ത്രീയതയും വിവരക്കേടും മറയായ ഒരു വാക്സിന്‍ കടത്തി വിട്ടു. അപ്പോള്‍ ശരിയായ സമരങ്ങള്‍ ആ പണി നിര്‍ത്തിയിട്ട് കപട സമരങ്ങളെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ മാത്രം നടത്തുന്നു.

എന്തിനേയും ഉള്‍ക്കൊള്ളുന്ന വ്യവസ്ഥ

ശതാബ്ദങ്ങളായി നമ്മുടെ ഈ ചൂഷണ വ്യവസ്ഥ ഒരു മാറ്റം കൂടാതെ നിലനില്‍ക്കുന്നതില്‍ താങ്കള്‍ക്ക് അത്ഭുതം തോന്നുണ്ടാവും. എന്നാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. എതിര്‍ക്കുന്നവരേയും കൂടി വ്യവസ്ഥയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതാണ് ഈ വ്യവസ്ഥയുടെ ഗുണം.

ഉദാഹരണത്തിന് ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് ബോധമുള്ള കാര്യമാണ്. അതിനെതിരെ ശാസ്ത്രീയതയില്‍ അടിസ്ഥാനമായ ജനകീയ എതിര്‍പ്പ് വളര്‍ന്ന് വന്നാല്‍ അത് അധികാരികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. അത് സംഭവിക്കാതെ സ്വാഭാവികമായ എതിര്‍പ്പിനെ വഴിതിരിച്ച് വിടണം. അതാണ് വ്യാജവൈദ്യ ചികില്‍സകള്‍. ചികില്‍സമാത്രമാണ് ലക്ഷ്യമെങ്കില്‍ ഈ വ്യാജന്‍മാര്‍ക്ക് ശാസ്ത്രീയ ആരോഗ്യ കാര്യങ്ങള്‍ പറഞ്ഞാല്‍ പോരെ? അല്ല രാഷ്ട്രീയമാണെങ്കില്‍ ശാസ്ത്രീയ രാഷ്ട്രീയം പറ‍ഞ്ഞാല്‍ പോരേ? എന്നാല്‍ ഇതുരണ്ടുമല്ല. കാപട്യം നിറഞ്ഞ ആരോഗ്യവും രാഷ്ട്രീയവുമാണ് അവര്‍ പറയുന്നത്. അതായത് ശരിയായ സംവാദത്തില്‍ സ്വയം തോല്‍ക്കപ്പെടുന്ന ആശയങ്ങള്‍. അങ്ങനെ ജനകീയ സമരങ്ങള്‍ക്ക് സ്വയം മുനയൊടിഞ്ഞോളും.

ഭീകരവാദമാണ് മറ്റൊരു ഉദാഹരണം. അവിടെയും ഇതേ തന്ത്രമാണ് പ്രയോഗിക്കുന്നത്. മുതലാളിത്തത്തിന്റെ, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിഭവ ചൂഷണത്തിനെതിരെ സ്വാഭാവിക ജനകീയ പ്രതിഷേധമുണ്ട്. എന്നാല്‍ അതിനെ മറച്ച് വെച്ച് അവര്‍ തീവൃവാദി സംഘങ്ങളെ സൃഷ്ടിച്ച്, തീവൃവാദികളെ പ്രതിപക്ഷമായി വരുത്തിത്തീര്‍ത്തും. അതോടെ സ്വാഭാവിക ജനകീയ പ്രതിഷേധത്തിന് നിലയില്ലാതെയായി. തീവൃവാദികള്‍ക്ക് പണവും ആയുധവും നല്‍ക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളാണ്.

ഫെമിനിസം, സ്വത്വവാദം ഒക്കെ മറ്റുള്ള ഉദാഹരണങ്ങളാണ്.. അങ്ങനെ എല്ലായിടത്തും അവര്‍ സൃഷ്ടിക്കുന്ന കപട പ്രതിപക്ഷ അരങ്ങിലെ വെറും കഥാപാത്രങ്ങള്‍ മാത്രമായി നാം മാറുകയാണ്.

അങ്ങനെ സാമൂഹ്യ വാക്സിനുകള്‍ വിജയിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സംസാരിക്കാന്‍ ഡിഗ്രിയും സര്‍ട്ടിഫിക്കറ്റും ഒന്നുമില്ലാത്തെ വെറും വ്യാജന്‍മാത്രം അവശേഷിക്കുന്നു. (ഞന്‍ ഉള്‍പ്പടെ).
___
ഓടോ- എന്റെ അഭിപ്രായം, എന്റെ വിശ്വാസം എന്ന വാക്കുകള്‍ വ്യാജവൈദ്യന്‍മാര്‍ സ്ഥിരമായി പറയുന്നത് ശ്രദ്ധിച്ചിരിക്കും. മനസിലാക്കുക, അത് വളരെ വലിയ ഒരു രാഷ്ട്രീയ plot ആണ്. Dark Age 2.0 യിലേക്കുള്ള യാത്രക്കായി സത്യം എന്നത് വെറുമൊരു അഭിപ്രായം മാത്രമാണെന്ന് സമൂഹത്തെ പഠിപ്പിക്കുകയാണത്.

എഴുതിയത്: ജഗദീശ്.എസ്സ്

ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം

ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള ശിശുക്കളുടെ Sudden unexpected infant death (SUID) അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്നു. അതില്‍ sudden infant death syndrome (SIDS) ഉം ഉള്‍പ്പെടുന്നു. The Journal of Pediatrics ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നതനുസരിച്ച് കൌമാരക്കാരായ അമ്മമാര്‍ക്ക് ഉറങ്ങാനുള്ള സുരക്ഷിതമായ രീതികള്‍ അറിയാമെങ്കിലും മിക്കവരും അത് പാലിക്കുന്നില്ല. പഠനത്തില്‍ പങ്കെടുത്ത എല്ലാ കൌമാരക്കാരായ അമ്മമാര്‍ക്കും ആ ശുപാര്‍ശകള്‍ അറിയാം. എന്നിട്ടും അവര്‍ സുരക്ഷിതമായ ആ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ല.

— സ്രോതസ്സ് eurekalert.org

പക്ഷേ കൌമാരക്കാര്‍ അമ്മമാരാകുന്ന അവസ്ഥയാണ് കൂടുതല്‍ വലിയ പ്രശ്നം.

ഒരു എലിയുടെ ലൈംഗിക സദാചാരം

പ്രയറീ വോളുകള്‍(Prairie Voles) എന്നൊരു ജീവിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കാന്‍ വഴിയില്ല. കാരണം നമ്മുടെ നാട്ടിലുള്ള ജീവിയല്ല അത്. അമേരിക്കയില്‍ കാണപ്പെടുന്ന എലിയേപ്പോലുള്ള ഒരു ചെറിയ സസ്തനികളാണിവ. ഭൂമിക്കടിയിലെ മാളങ്ങളില്‍ താമസിക്കുന്നു. ഇവക്കൊരു പ്രത്യേകതയുണ്ട്. അവ ഒരിക്കലും ഇണ പിരിയാറില്ല എന്നതാണ് ആ പ്രത്യേകത. അതായത് അത് ആദ്യം കണ്ടെത്തുന്ന ഇണയുമായി മരണം വരെ വിശ്വസ്ഥത പുലര്‍ത്തുന്നു. ഇണകളിലൊന്നിന്റെ മരണ ശേഷമോ? ജീവിച്ചിരിക്കുന്ന ഇണ പിന്നീടൊരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല. ഹോ.. എത്ര ആത്മാര്‍ത്ഥമായ ബന്ധം അല്ലേ. കവികളും സാഹിത്യകാരും (പഴയത്. ആധുനികര്‍ ആഭാസകളും ആഭാസന്‍മാരുമാണല്ലോ. പണമാണല്ലോ അവര്‍ക്ക് വലുത്.) കാല്‍പ്പനികതയോടെ വാഴ്ത്തുന്ന ഉദാത്ത ബന്ധം.

അതേ സമയം മനുഷ്യനോ. മജ്ജയെ മരവിപ്പിക്കുന്ന തരത്തിലുള്ള അതിക്രമങ്ങളാണ് നാം മാധ്യമങ്ങളിലൊക്കെ കാണുന്നത്. സമൂഹത്തില്‍ ഉന്നതരെന്ന് കരുതപ്പെടുന്ന, ഉയര്‍ന്ന ജോലിയും സ്ഥാനവുമുള്ള ആളുകള്‍ പോലും അതി ക്രൂരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു. ജീവപരിണാമത്തിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കുന്ന, വലിയ തലച്ചോറുള്ള, മനുഷ്യരെ പോലും നാണിപ്പിക്കുന്ന തരത്തിലെ ‘മഹത്വമാര്‍ന്ന’ ജീവിതം വെറും ‘മൃഗമായ’ ഈ ജീവികള്‍ക്ക് എങ്ങനെയാണ് നയിക്കാനാവുന്നത്?.

അതിന്റെ രഹസ്യം മനസിലാക്കിയാല്‍ മനുഷ്യര്‍ക്ക് അത് ഉപകാരപ്പെട്ടേക്കാം അല്ലേ. സത്യത്തില്‍ അതെല്ലാം മുമ്പ് തന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ള കാര്യമാണ്. അതില്‍ മഹത്വവും ഉദാത്തവുമായി ഒന്നും ഇതിലില്ല. പരിണാമത്തിന്റേയും ന്യൂറോളജിയുടേയും കളികള്‍ മാത്രം.

ലൈംഗിക സദാചാരത്തിന്റെ ശാസ്ത്രം

നമ്മുടെ അനുഭവങ്ങളും ചിന്തകളും പ്രവര്‍ത്തികളുമെല്ലാം അടിസ്ഥാനപരമായി നമ്മുടെ തലച്ചോറിലെ കോശങ്ങളുലൂടെ പായുന്ന സിഗ്നലുകളാണ്. ശരീരം നിര്‍മ്മിക്കുന്ന neurotransmitters എന്ന് വിളിക്കുന്ന ജൈവ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് സിഗ്നലുകള്‍ സഞ്ചരിക്കുന്നത്. ഈ സിഗ്നലുകള്‍ തലച്ചോറിനകത്ത് പുതിയ ന്യൂറല്‍ സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കുകയോ, ശക്തമാക്കുകയോ, ദുര്‍ബലമാക്കുകയോ, മറ്റ് ന്യൂറോട്രാന്‍സ്മിറ്ററുകളേയും ഹോര്‍മോണുകളേയും ഉത്പാദിപ്പിക്കുകയോ ഒക്കെ ചെയ്യാം. അതില്‍ പ്രധാനപ്പെട്ട ഒരു ഹോര്‍മോണാണ് ഡോപ്പമിന്‍. മുമ്പൊരു ലേഖനത്തില്‍ പറഞ്ഞത് പോലെ (ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്) ജീവികളില്‍ സന്തോഷവും, സംതൃപ്തിയും നല്‍കുന്ന ഹോര്‍മോണാണ് അത്. തലച്ചോറിലെ ventral tegmental area (VTA) ഭാഗത്താണ് ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.

തലച്ചോറിലെ പരിശോധകന്‍

തലച്ചോറിനകത്ത് ഒരു പരിശോധകനുണ്ട്, ഒരു സമ്മാന സംവിധാനം (Reward system). സമ്മാനം(Reward) എന്നാല്‍ സംത്രപ്തിക്ക് നല്‍കുന്ന മാര്‍ക്ക് എന്ന് കരുതാം. ഒരു സിഗ്നല്‍ എത്രമാത്രം ഡോപ്പമിന്‍ ഉത്പാദിപ്പിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക്. എത്രമാത്രം സംതൃപ്തി കിട്ടി എന്നര്‍ത്ഥം. അതായത് ഡോപ്പമിന്റെ കൂടിയ ഉത്പാദനം കൂടുതല്‍ സംതൃപ്തിയും അതുവഴി കൂടുതല്‍ മാര്‍ക്കും നേടും.

വരുന്ന എല്ലാ സിഗ്നലുകളേയും പരിശോധിച്ച് മാര്‍ക്കിട്ട്, ആ വിവരം പട്ടികയായി സൂക്ഷിക്കുകയാണ് പരിശോധകന്റെ ജോലി. തലച്ചോറിലെ mesolimbic dopamine system ല്‍ ആണ് ഈ പരിശോധകന്‍ സ്ഥിതിചെയ്യുന്നത്. vasopressin, oxytocin, dopamine, corticosterone എന്ന 4 പ്രധാന ന്യൂറോ ട്രാന്‍സ്മിറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സംതൃപ്തിക്ക് കാരണമയ ഉത്തേജനത്തെ VTA-NAc എന്ന ഈ സര്‍ക്യൂട്ട് കണ്ടെത്തി അതിന് ഒരു സമ്മാനവും(മാര്‍ക്ക്) നല്‍കി ആ ഉത്തേജനത്തിന്റെ പേരില്‍ രേഖപ്പെടുത്തും.. ഉത്തേജനം എന്നതുകൊണ്ട് ഡോപ്പമിന്റെ ഉത്പാദനത്തിന് കാരണമായ സംഭവത്തെയാണ് ഉദ്ദേശിക്കുന്നത്.

സാധാരണ ആഹാരം, ലൈംഗികവേഴ്ച്ച എന്നിവക്കാണ് ഏറ്റവും അധികം ഡോപ്പമിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുക. പരിണാമപരമായ കാരണത്താലാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (ഡാര്‍വിനോ നമ:) എന്നാല്‍ ഹെറോയിന്‍ പോലുള്ള മയക്ക് മരുന്നുകള്‍ക്കും ഉയര്‍ന്ന തോതില്‍ ഡോപ്പമിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടാതെ ചീട്ട് കളി പോലുള്ള പ്രവര്‍ത്തികളും ഡോപ്പമിന്‍ ഉത്പാദിപ്പിക്കും. തലച്ചോറിനുള്ള പ്ലാസ്റ്റികത, അതായത് രൂപമാറ്റം നടത്താനുള്ള കഴിവ്, കാരണം ഓരോ തലച്ചോറിനും സ്വന്തമായി സാഹചര്യമനുസരിച്ച് അവനവന്റേതായ കൂടുതല്‍ ഡോപ്പമിന്‍ നല്‍കുന്ന അനുഭവങ്ങള്‍ കണ്ടെത്താനാവും.

സമ്മാന സംവിധാനം മാര്‍ക്കിടുന്ന എല്ലാ സംഭവങ്ങളും, അതുമായി ബന്ധപ്പെടുത്തി അതിന്റെ മാര്‍ക്കും തലച്ചോര്‍ ഓര്‍മ്മയില്‍ ഒരു പട്ടികയായി സൂക്ഷിക്കുന്നുണ്ട്. സംഭവം എന്ന് പറയുമ്പോള്‍ ആ ഉത്തേജനവും, പരിസ്ഥിതിയും, ചുറ്റുപാടും, കാഴ്ച്കളും, നിറം, മണവും തുടങ്ങി പഞ്ചേന്ദ്രിയങ്ങളില്‍ നിന്ന് കിട്ടുന്ന മുഴുവന്‍ വിവരങ്ങളും ആണ്. ഇതില്‍ പലതും നമ്മുടെ ബോധ മനസ് തിരിച്ചറിയുന്നുണ്ടാവില്ല. (ബോധമനസിന് കിട്ടുന്ന സ്ഥലത്തല്ല ഇത്. കാണുക – താങ്കള്‍ക്കെത്ര ബോധമുണ്ട്.)

വ്യായാമവും പേശീബലവും

നാം വ്യായാമം ചെയ്യുമ്പോള്‍ രക്തം കൂടുതല്‍ അതത് പേശികളേക്ക് കൂടുതല്‍ ഒഴുകുന്നു എന്ന് നമുക്ക് അറിയം. പേശിയിലേക്ക് കൂടുതല്‍ രക്തം അതായത് പോഷകങ്ങള്‍ എത്തുന്നതിനാല്‍ അതിന് ആരോഗ്യവും ശക്തിയും കൂടും.

തലച്ചോറും ഒരു വലിയ പേശിയാണ്. പക്ഷേ അവിടെ ന്യൂറല്‍ സര്‍ക്യൂട്ടുകളാണ് പ്രവര്‍ത്തിയെടുക്കുന്നത്. അവയെക്കൊണ്ട് ജോലി കൂടുതല്‍ ചെയ്യിപ്പിച്ചാല്‍ അവിടേക്ക് രക്തത്തിലൂടെ കൂടുതല്‍ പോഷകങ്ങളെത്തുകയും അവക്ക് ശക്തി കൂടുകയും ചെയ്യും. അതായത് ഉത്തേജനം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍, അതേ ന്യൂറല്‍ സര്‍ക്യൂട്ടുകള്‍ വീണ്ടും പ്രവര്‍ത്തിക്കപ്പെടുന്നതാനാല്‍ അവയുടെ ശക്തി കൂടും എന്ന് സാരം. ഉത്തേജനവും അതിന് കരണമാകുന്ന സംഭവവും തമ്മിലുള്ള ബന്ധം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ശക്തമായി തലച്ചോറിലെ സമ്മാന സംവിധാനം രേഖപ്പെടുത്തും. അതായത് ആവര്‍ത്തനം മൂലം ആ സംഭവത്തിന്റെ മാര്‍ക്ക് കൂടിക്കൊണ്ടിരിക്കും. കൂടുതല്‍ കൂടുതല്‍ പ്രീയപ്പെട്ടതാകും.

പ്രയറീ വോളുകളിലേക്ക് ഇനി നമുക്ക് തിരിച്ച് വരാം

തലച്ചോറിലെ ഈ സമ്മാന സംവിധാനം കാരണം പ്രയറീ വോളുകള്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ആ ഇണകളുടെ തലച്ചോറില്‍ ഉയര്‍ന്ന തോതില്‍ ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടും. പരിശോധകന്‍ അതിന് മാര്‍ക്കിട്ട് സൂക്ഷിമ്പോള്‍ ആ സംഭവുമായി ബന്ധമുള്ള എല്ലാ കാര്യങ്ങളും കൂടി സൂക്ഷിക്കുമെന്ന് മുമ്പ് പറഞ്ഞല്ലോ. അതില്‍ ഏറ്റവും പ്രധാനമായത് ഇണ എന്ന രണ്ടാമത്തെ ജീവിയാണ്. അതിനാല്‍ മറ്റുള്ള പ്രയറീ വോളുകളേക്കാള്‍ അതിന്റെ പങ്കാളി കൂടുതല്‍ പ്രീയപ്പെട്ടതായി മാറുന്നു. തന്റെ ഇണയുമായല്ലാതെ ഒരു ബന്ധമുണ്ടാക്കാന്‍ ഈ സമ്മാന സംവിധാനം പ്രോത്സാഹനം നല്‍കാത്തതിനാല്‍ വേറെ ബന്ധങ്ങളൊന്നും ഉണ്ടാകുന്നുമില്ല. ഇണകളിലൊന്ന് മരിച്ചാലും ജീവിച്ചിരിക്കുന്ന ഇണക്ക് പുതിയ ബന്ധമുണ്ടാക്കുന്നതില്‍ നിന്ന് തടയുന്നതും ഈ സമ്മാന സംവിധാനമാണ്.

മണ്ണിരകളിലും ഈച്ചകളിലും കാക്കകളിലും ഒക്കെ സമ്മാന സംവിധാനം കാണപ്പെടുന്നുണ്ട്. ഏകദേശം 100-200 കോടി കൊല്ലങ്ങള്‍ക്ക് മുമ്പാണ് ചില ജീവികളില്‍ ഈ വ്യൂഹം പരിണമിച്ചതെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതാണ് പ്രയറീ വോളുകളുടെ ലൈംഗിക സദാചാരത്തിന്റെ രഹസ്യം.

മനുഷ്യനും പ്രയറീ വോളുകളും

വലിയ തലച്ചോറ് കാരണം മനുഷ്യ കുഞ്ഞ് പൂര്‍ണ്ണമായി വളര്‍ച്ചയെത്തായാണ് ജനിക്കുന്നത്. കുറഞ്ഞത് 4,5 വര്‍ഷം മുതിര്‍ന്നവരുടെ സഹായമുണ്ടെങ്കുിലേ അവന് ജീവന്‍ നിലനിര്‍ത്താനാകൂ. അതുപോലെ സഹായത്തിന് ഒരാള്‍ കൂടെയുള്ളതും നല്ലതാണല്ലോ. പ്രയറീ വോളുകളുകളുടെ തലച്ചോറിലുള്ള അതേ സര്‍ക്യൂട്ടുകളും അതേ ന്യൂറോ ട്രാന്‍സ്മിറ്റര്‍ രാസവസ്തുക്കളും നമ്മുടെ തലച്ചോറിലുമുണ്ട്. അതുകൊണ്ട് പ്രയറീ വോളുകളുടെ തലച്ചോറിലുണ്ടായതു പോലുള്ള അടയാളപ്പെടുത്തല്‍ മനുഷ്യന്റെ തലച്ചോറിലും ഉണ്ടാകുന്നുണ്ട്. ആവര്‍ത്തിക്കപ്പെടുന്നത് വഴി ആ അടയാളപ്പെടുത്തല്‍ കൂടുതല്‍ ശക്തമാകുകയാണ്. അങ്ങനെ പരിണാമ സിദ്ധാന്തപ്രകാരം മനുഷ്യവംശത്തില്‍ ഈ സ്വഭാവമുള്ള മനുഷ്യ സ്പീഷീസുകളേ നിലനിന്നുള്ളു. പിന്നീട് മനുഷ്യ സമൂഹം സങ്കീര്‍ണ്ണമായി. അപ്പോഴും അതത് കാലത്ത് ശക്തമാകുന്ന ആശയസിദ്ധാന്തങ്ങള്‍ അവരുടെ അറിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് നിലനില്‍പ്പിന്റെ അടിസ്ഥാനമായ ഈ സിദ്ധാന്തങ്ങളെ നിയമങ്ങളുപയോഗിച്ച് നടപ്പാക്കി പോന്നു. സദാചാരമെന്ന് അതിനെ നാം വിളിക്കുന്നു.

തുടരും …
________
ഭാഗം 1: സദാചാരം എങ്ങനെയുണ്ടായി