നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് മധ്യപ്രദേശിൽ 19 വയസ്സുകാരിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ആകാംക്ഷ ചതുർവേദിയാണ് ജീവനൊടുക്കിയത്. വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യം തനിക്കില്ലെന്ന് വ്യക്തമാക്കുന്ന ആകാംക്ഷയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മേയ് 3ന് നടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളായിരുന്നു ആകാംക്ഷ. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പരീക്ഷയിൽ ഏകദേശം 650 മാർക്ക് വരെ ആകാംക്ഷ പ്രതീക്ഷിച്ചിരുന്നതായി കുടുംബം പറയുന്നു. പരീക്ഷ റദ്ദാക്കിയതോടെ വലിയ മാനസിക സമ്മർദത്തിലായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത വിഷാദത്തിലായിരുന്നു. കർഷകനായ അച്ഛൻ മകളെ ഡോക്ടറാക്കുക എന്ന സ്വപ്നത്തിനായി വലിയ സാമ്പത്തിക ത്യാഗങ്ങളാണ് സഹിച്ചിരുന്നത്. തുച്ഛമായ വരുമാനം മാത്രമുള്ള കുടുംബം കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്ന് ലക്ഷം രൂപ വായ്പയെടുത്താണ് നാഗ്പൂരിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആകാംക്ഷയെ പഠിപ്പിച്ചിരുന്നത്. മകളുടെ പഠനച്ചെലവ് കണ്ടെത്താനായി കർഷകനായ പിതാവ് കൃഷ്ണകുമാർ ചതുർവേദി നാഗ്പൂരിൽ പാചകക്കാരനായും ജോലി ചെയ്തിരുന്നു.
ഇത്തവണ മകൾക്ക് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കുടുംബം. സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ആശങ്കകളാണ് ആകാംക്ഷയുടെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. ‘അമ്മേ, അച്ഛാ.. നിങ്ങളുടെ മകൾ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു. വീണ്ടും പരീക്ഷ എഴുതിയാൽ എനിക്ക് നന്നായി എഴുതാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല’’ – കത്തിൽ പറയുന്നു.
ജാർഖണ്ഡിലും 16 വയസ്സുകാരിയായ മറ്റൊരു നീറ്റ് ഉദ്യോഗാർഥി കടുത്ത വിഷാദത്തെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. പത്താം ക്ലാസിനു ശേഷം ഡൽഹിയിലെ പ്രമുഖ കോച്ചിങ് സെന്ററിൽ ചേർന്ന് പഠിച്ച ഈ പെൺകുട്ടിയും പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെയാണ് ജീവനൊടുക്കിയത്.
— സ്രോതസ്സ് manoramaonline.com, mathrubhumi.com | June 04, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.