ഗാന്ധിക്ക് പേന

ഗാന്ധിയുടെ പടമുള്ള £15,500 പൌണ്ട് വിലയുള്ള പരിമിത എണ്ണം പേന Montblanc പുറത്തിറക്കി. ഗാന്ധിയുടെ ചര്‍ക്ക സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഈ ആര്‍ഭാടവസ്തുവിന്റെ വിരോധാഭാസം വേദനയുണ്ടാക്കുന്നതാണ്. ഗാന്ധി പറഞ്ഞു:

മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്, എന്നാല്‍ അത്യാഗ്രഹത്തിന് തികയില്ല.

സ്വന്തം ജീവിതത്തില്‍ ഒരു മനുഷ്യന്‍ അവന്റെ ആവശ്യത്തിന് വേണ്ടിമാത്രമേ എടുക്കാവൂ എന്ന് ലോകത്തിന് കാണിച്ച് തന്ന ആളാണ് ഗാന്ധി. സുസ്ഥിരമായ ഒരു സമൂഹത്തിലാണ് അദ്ദേഹം ജീവിച്ചത്. ലളിതമായ പരമ്പരാഗത വേഷം അദ്ദേഹം ധരിച്ചു. സസ്യഭുക്കായിരുന്നു.

അദ്ദേഹം വിശദീകരിച്ചു:

ലോകത്തില്‍ വരുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളില്‍ തന്നെ കാണാന്‍ കഴിയണം.

ഒരു സന്നദ്ധ പ്രവര്‍ത്തകന്‍, ദാര്‍ശനികന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇന്നും ആ ദര്‍ശനം ആളുകളെ പ്രചോദിപ്പിക്കുന്നു. കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവര്‍ത്തിക്കുമ്പോഴും, ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുമ്പോഴും പ്രാദേശിക സുസ്ഥിര ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും ആളുകള്‍ ഗാന്ധിയുടെ ചിത്രവും തത്വചിന്തയും വഴികാട്ടിയായി ഇന്നും ഉപയോഗിക്കുന്നു.

അദ്ദേഹത്തിന്റെ ലളിത ജീവിതരീതി മാത്രമല്ല പരിസ്ഥിതി പ്രവര്‍ത്തകരെ സ്വാധീനിക്കുന്നത്. കാലാവസ്ഥാ മാറ്റവും വിഭവ ചൂ‍ഷണവും അനുഭവിക്കുന്ന ഒരു തലമുറക്ക് സത്യത്തെ സ്വീകരിക്കാതെ മാറ്റം സാദ്ധ്യമല്ല എന്ന അദ്ദേഹത്തിന്റെ വിശ്വാസം വളരെ മൂല്യമുള്ളതാണ്. പുരോഗതിയുടെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു:

നിങ്ങള്‍ തെറ്റായ ദിശയിലാണ് പോകുന്നതെങ്കില്‍ വേഗത പ്രസക്തമല്ല.

ലോകത്തെ ഭീഷണിപ്പെടുത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെങ്കില്‍ വേഗത നിലനിര്‍ത്തിക്കൊണ്ട് നാം നമ്മുടെ ഗതി മാറ്റണമെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

ഗാന്ധി നമ്മേ ഓര്‍മ്മിപ്പിക്കുന്നു:

നമ്മുടെ പിതാമഹന്‍മാരില്‍ നിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല ഈ ഭൂമിയും, വായുവും, കരയും, ജലവും. അത് നാം അടുത്ത തലമുറക്ക് കടം കൊടുക്കാനുള്ളതാണ്.

അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ സ്വീകരിച്ചുകൊണ്ടാവണം അദ്ദേഹത്തിന്റെ ജന്മദിനം നാം ആഘോഷിക്കാന്‍. വിലപിടിച്ച ഒരു വസ്തു വാങ്ങിക്കൊണ്ടാവരുത്.

— സ്രോതസ്സ് treehugger.com

ഒരു അഭിപ്രായം ഇടൂ