താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?

താങ്കള്‍ക്ക് കഴിയുമോ അത്, ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍? പിന്നെന്താ അത് നിസാരമല്ലേ എന്നാവും നിങ്ങളുടെ ചിന്ത. ഒന്നുകൂടി ഉറപ്പാക്കിയോ? ശരി.

നാം ചിന്തിക്കുന്നത് തലച്ചോറുപയോഗിച്ചാണ്. തലച്ചോറിന്റെ അടിസ്ഥാന കോശമായ ന്യൂറോണുകള്‍ പരസ്പരം ബന്ധപ്പെട്ട് അനേകം ശൃംഖലകളായി കാണപ്പെടുന്നു. ശൃംഖലകളിലൂടെ വൈദ്യുത-രാസ സിഗ്നലുകള്‍ പായിച്ചാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ ചിപ്പിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ. ഓരോ കാര്യത്തിനും പ്രത്യേകം പ്രത്യേകം ശൃംഖലകളുണ്ടാവും. നമ്മുടെ ഓരോ ചിന്തകള്‍ക്കും ഓരോ ശൃംഖലകളുണ്ടാവും. Cognitive Linguistics എന്ന ശാസ്ത്രശാഖയാണ് ഈ രീതിയില്‍ മനുഷ്യന്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് പഠിക്കുന്നത്. 1975 മുതല്‍ ഇത്തരം പഠനങ്ങള്‍ നടക്കുന്നുണ്ട്.

ആശയചട്ട (Conceptual Frames)

നാം ചിന്തിക്കുന്നത് ആശയചട്ടകള്‍(Conceptual Frames) ഉപയോഗിച്ചാണ്. ഓരോ വാക്കിനും തത്തുല്യമായി നമ്മുടെ തലച്ചോറില്‍ ഒരു കൂട്ടം ന്യൂറോണുകള്‍ പ്രത്യേക രീതിയില്‍ ബന്ധപ്പെട്ട ഒരു ഘടനയുണ്ടാകുന്നു. അതിനെയാണ് ആശയചട്ട എന്ന് വിളിക്കുന്നത്. ഭാഷയിലെ ഓരോ വാക്കും ഓരോ ആശയചട്ടയോ ആശയചട്ടയുടെ ഘടകമോ ആണ്. ഉദാഹരണത്തിന് പാത്രം. ആ വാക്ക് കേട്ടപ്പോള്‍ തന്നെ നിങ്ങളുടെ മനസിലേക്ക് പാത്രത്തിന്റെ ആകൃതി, സ്വഭാവം ഒക്കെ ഓടിവന്നിട്ടുണ്ടാവും. പാത്രം എന്ന വാക്കിന്റെ അര്‍ത്ഥം താങ്കള്‍ക്ക് മനസിലാവണമെങ്കില്‍ താങ്കളുടെ തലച്ചോറില്‍ മുമ്പ് തന്നെ പാത്രത്തിന്റെ ആശയചടയുണ്ടാവണം. ശാരീരികമായി(physical) തലച്ചോറിനകത്ത് ഒരു കൂട്ടം ന്യൂറോണുകള്‍ പ്രത്യേകരീതിയില്‍ ബന്ധിപ്പിക്കപ്പെട്ട ഒരു ഘടന. ആ ഘടനയിലൂടെ സിഗ്നലുകള്‍ പായുമ്പോഴാണ്, താങ്കള്‍ക്ക് പാത്രം എന്ന ശബ്ദം കേള്‍ക്കുമ്പോഴോ, പാത്രം എന്നത് വായിക്കുമ്പോഴോ, ചിന്തിക്കുമ്പോഴോ അത് മനസിലാവുന്നതും അതിന്റെ ചിത്രം മനസിലെത്തുകയും ചെയ്യുന്നത്.
ആശയചട്ടകള്‍(ഫ്രെയിം) ഒറ്റപ്പെട്ടതല്ല. ഓരോ ആശയചട്ടയും അതിനേക്കാള്‍ വലിയ ആശയചട്ടകള്‍ക്കകത്താണ് നിലനില്‍ക്കുന്നത്. പാത്രം എന്ന് പറയുമ്പോള്‍ മിക്കപ്പോഴും അടുക്കളിലെ പാത്രത്തെയാവും ഓര്‍ക്കുക. അടുക്കള എന്ന ആശയചട്ടക്കകത്തെ ലഘു ആശയചട്ടയായോ ഘടകമായോ(element) പാത്രത്തെ കണക്കാക്കാം.

ആശയചട്ടകള്‍(ഫ്രെയിം) ലളിതമായതോ സങ്കീര്‍ണമായതോ ആവാം. പാത്രം ലളിതമായതാണ്. എന്നാല്‍ ആശുപത്രി സങ്കീര്‍ണ്ണമായതാണ്. അതില്‍ ഡോക്റ്റര്‍, രോഗി, നഴ്സ്, റിസപ്ഷനിസ്റ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍, മരുന്ന്, ഉപകരണങ്ങള്‍ ഒക്കെയുണ്ട്. ഇവയെല്ലാം വലിയ ഫ്രേയ്മിന്റെ ചെറിയ ഘടകങ്ങളാണ്.

ആശയചട്ടകള്‍ക്ക് നാല് ഭാഗങ്ങളുണ്ട്. അന്തര്‍ഭാഗം, ബാഹ്യഭാഗം, അരിക്, കര്‍ത്തവ്യം(റോള്‍). നമ്മുടെ ആശുപത്രിയെ സംബന്ധിച്ചടത്തോളും അതിന് ഒരു അന്തര്‍ഭാഗമുണ്ട്, ബാഹ്യഭാഗമുണ്ട്, ഒരു അരികും ഉണ്ട്. അതിലെ ഓരോ ഘടകത്തിനും ഓരോ കര്‍ത്തവ്യവുമുണ്ട്. ആ ഫ്രേമിനകത്തെ ഘടങ്ങള്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്നതാണ് കര്‍ത്തവ്യം കൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ആശുപത്രിയിലെ രോഗിയായ താങ്കള്‍ക്ക് ഡോക്റ്ററെ ഓപ്പറേറ്റ് ചെയ്യാനാവില്ലല്ലോ.

ജന്മനാ നമ്മുടെ തലച്ചോറില്‍ വളരെ കുറവ് ന്യൂറോണ്‍ ബന്ധങ്ങളേയുണ്ടാവൂ (കാണുക – താങ്കള്‍ക്കെത്ര ബോധമുണ്ട്?). അതായത് കുറവ് ആശയചട്ടകള്‍. പിന്നീട് നാം കണ്ടും അറിഞ്ഞു കാര്യങ്ങള്‍ പഠിക്കുന്നു. പഠിക്കുക എന്നത് തലച്ചോറില്‍ പുതിയ ആശയചട്ടകളുണ്ടാക്കുന്ന പ്രവര്‍ത്തിയാണ്.. ഒരിക്കല്‍ ഒരു ആശയചട്ടയുണ്ടായിക്കഴിഞ്ഞാല്‍ അത് സ്ഥിരമായി തലച്ചോറില്‍ നിലനില്‍ക്കില്ല. ആ ആശയചട്ടയിലെ ന്യൂറോണുകളും അവ തമ്മിലുള്ള ബന്ധത്തിന്റേയും ശക്തി അനുസരിച്ചിരിക്കും അതിന്റെ ആയുസ്. ഒരു ആശയത്തെ നാം വീണ്ടും വീണ്ടും കാണുകയോ, ഓര്‍ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോര്‍ ആ ആശയചട്ടയിലെ(ഫ്രെയിം) ന്യൂറോണുകളെ പ്രവര്‍ത്തിപ്പിക്കും. അതിനായി കൂടുതല്‍ ഓക്സിജനും ഊര്‍ജ്ജവും അവിടേക്ക് തലച്ചോര്‍ ഒഴുക്കും. അങ്ങനെ അതിന് ശക്തി കൂടുതല്‍ കിട്ടും. നാം വ്യായാമം ചെയ്ത് പേശികള്‍ക്ക്(muscles) ശക്തികൂട്ടുന്നത് പോലെ. (തലച്ചോറും ഒരു പേശിയാണ്). ആവര്‍ത്തനം ന്യൂറല്‍ കണക്ഷനുകളെ ശക്തമാക്കും.

ഇനി പറയൂ ആനയെക്കുറിച്ച് താങ്കള്‍ക്ക് ചിന്തിക്കാതിരിക്കാമോ? ഇല്ല. ആന എന്ന് പറയുമ്പോള്‍ ‍തന്നെ തലച്ചോറില്‍ ആനയുടെ ആശയചട്ട(ഫ്രെയിം) പ്രവര്‍ത്തിക്കും. ആനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടാവും പിന്നെയെങ്ങനെയാണ് ചിന്തിക്കാതിരിക്കുന്നത് അല്ലേ! ഒരു ആശയചട്ടയെ negate ചെയ്യണമെങ്കില്‍ ആദ്യം അതിനെ activate ചെയ്യണം. അതായത് ആദ്യം അതിനെക്കുറിച്ച് ചിന്തിക്കണം. അത് അതിനെ കൂടുതല്‍ ശക്തമാക്കും.

ആശയഭാവാര്‍ത്ഥം (conceptual metaphor)

സാഹിത്യത്തിലെ ഭാവാര്‍ത്ഥം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ ഭാവാര്‍ത്ഥത്തിന് കാരണമാകുന്ന തലച്ചോറിനകത്തെ ഭാവാര്‍ത്ഥത്തെയാണ് ആശയഭാവാര്‍ത്ഥം (conceptual metaphor) എന്ന് വിളിക്കുന്നത്. ആശയചട്ട പോലെ തലച്ചോറിലെ ശാരീരകമായ(physical) ഒരു ബന്ധമാണ്. ഒരു വാക്ക് കേള്‍ക്കുമ്പോള്‍ അതിന്റെ ആശയചട്ട തലച്ചോര്‍ ലോഡ് ചെയ്യുന്നു എന്ന നമുക്കറിയാം. ചിലപ്പോള്‍ ഒരു ആശയചട്ട ആവില്ല ആ വാക്കുമായി ബന്ധപ്പെട്ട് വേറെയും ആശയചട്ട തലച്ചോര്‍ ലോഡ് ചെയ്യാം. അത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചാല്‍ ആ ആശയചട്ടകള്‍ക്ക്(ഫ്രെയിം) ശക്തി കൂടുകയും, വളര്‍ന്ന് വികസിച്ച് ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. അതാണ് ആശയഭാവാര്‍ത്ഥം.

George Lakoff

ഉദാഹരണത്തിന് താങ്കള്‍ കുട്ടിയായിരുന്നപ്പോള്‍ നിങ്ങളുടെ അമ്മ നിങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചിട്ടുണ്ടാവും. അപ്പോള്‍ താങ്കള്‍ എന്താണ് അനുഭവിക്കുന്നത്. തീര്‍ച്ചയായും അമ്മയുടെ സ്നേഹം അനുഭവിക്കുന്നുണ്ട്. അതോടൊപ്പം അമ്മയുടെ ശരിരത്തിന്റെ ചൂടും അനുഭവിക്കുന്നുണ്ട്. ഈ സമയത്ത് തലച്ചോറിലെ സ്നേഹത്തിന്റെ ഭാഗവും താപനിലയുടെ ഭാഗവും ഒരേപോലെ പ്രവര്‍ത്തിക്കുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഇവ ശക്തമാകുകയും വികസിച്ച് ബന്ധിക്കപ്പെടുകയും ചെയ്യും. സ്നേഹവും ചൂടും ഒരു പോലെ അനുഭവിക്കുന്നു. അതുകൊണ്ടാണ് നാം “ഉഷ്മളമയ സ്നേഹം” എന്ന് പറയുന്നത്. ഇത് ഒരു ആശയഭാവാര്‍ത്ഥം ആണ്. എല്ലാ ഭാഷയിലും ഈ ആശയഭാവാര്‍ത്ഥം കാണണമെന്നില്ല. ഭൂമദ്ധ്യരേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഈ മെറ്റഫര്‍ ഇല്ല. ഉദാഹരണത്തിന് തമിഴ്. തമിഴ്നാട്ടില്‍ സ്വതേ ചൂട് കൂടിയ അവസ്ഥയായതിനാലാണിത്.

കൂടുതല്‍ എന്നാല്‍ ഉയര്‍ച്ച, കുറവ് എന്നാല്‍ താഴ്ച എന്നതും ഒരു ആശയഭാവാര്‍ത്ഥം(മെറ്റഫര്‍) ആണ്.. gdp ഉയരുന്നു, ഓഹരി താഴുന്നു എന്ന് പറയാറുണ്ടല്ലോ. അമ്മ കുപ്പിയിലേക്ക് പാല്‍ നിറക്കുന്നത് കുട്ടി കാണുമ്പോള്‍ അവന്റെ തലച്ചോറില്‍ അളവിനെക്കുറിച്ചുള്ള ഭാഗവും ഉയര്‍ച്ചയെക്കുറിച്ചുള്ള ഭാഗവും പ്രവര്‍ത്തിക്കും. ആ കാഴ്ച അവന്‍ അനേകം പ്രാവശ്യം കാണുമ്പോള്‍ മുമ്പ് പറഞ്ഞതുപോലെ ഈ രണ്ട് ആശയചട്ടകളും(ഫ്രെയിം) ബന്ധിക്കപ്പെടും. അതുകൊണ്ടാണ് gdp ഉയര്‍ന്നു എന്ന് പറയുമ്പോള്‍ നമുക്ക് കാര്യം മനസിലാവുന്നത്. ഇതും ഒരു ആശയഭാവാര്‍ത്ഥം ആണ്.

ആറ് വയസാകുമ്പോഴേക്കും കുട്ടികള്‍ ഇതുപോലെ നൂറ് കണക്കിന് ആശയഭാവാര്‍ത്ഥങ്ങള്‍ പഠിച്ചിട്ടുണ്ടാവും. ഇതെല്ലാം ശാരീരികമായി നിങ്ങളുടെ തലച്ചോറിലെ ബന്ധിപ്പിപ്പിക്കപ്പെട്ട ന്യൂറോണുകളുടെ കൂട്ടങ്ങളാണ്. സ്ഥിരമായ ഒന്നല്ല ഇത്. ബന്ധങ്ങള്‍ക്ക് കാലക്രമത്തില്‍ മാറ്റം വരാം.

ആശയചട്ടയുടേയും ആശയഭാവാര്‍ത്ഥത്തിന്റേയും പ്രസക്തി

ബോധമനസ് അബോധമനസ് എന്ന് രണ്ടായി തലച്ചോറിനെ വിഭജിക്കാം. അതില്‍ ബോധമനസിലെ ചിന്തയുടെ പോലും വെറും 2% മാത്രമേ നമുക്ക് അറിയാന്‍ കഴിയൂ. ബോധ ചിന്തയുടെ ബാക്കി 98% വും തലച്ചോറിന്റെ ആഴങ്ങളില്‍ നമുക്ക് ലഭ്യമല്ലാതിരിക്കുന്നതാണ്. അതായത് ഒരു ആശയചട്ടയുണ്ടാക്കുന്ന എല്ലാ ന്യൂറല്‍ ബന്ധങ്ങളുടേയും 98% വും നമുക്ക് അറിയാന്‍ കഴിയാത്താണെന്ന് അര്‍ത്ഥം.

നമ്മുടെ യുക്തിചിന്ത എന്നത് 98% വും നമ്മുടെ അബോധ മനസിലെ ആശയചട്ടയിലുള്ള ആശയഭാവാര്‍ത്ഥമാണ്. സത്യത്തില്‍ നമ്മുടെ ആ ബോധപൂര്‍വ്വമായ പഠനത്തിന്റെ പോലും 98% വും അബോധമാണ്. നാം ബോധപൂര്‍വ്വം കീബോര്‍ഡിലെ ഒരു കീ അമര്‍ത്തുന്നത് പോലും തലച്ചോര്‍ അര സെക്കന്റ് മുമ്പ് തന്നെ ചെയ്ത ന്യൂറല്‍ കമ്പ്യൂട്ടേഷനുകളാണ്. അതായത് തലച്ചോര്‍ അര സെക്കന്റ് മുമ്പ് തന്നെ ആ പ്രവര്‍ത്തി ചെയ്തുകഴിഞ്ഞു. നമ്മള്‍ അറിഞ്ഞില്ലെന്ന് മാത്രം.

എത്ര വലിയ അത്ഭുതകരമായ കാര്യമാണിത്. അതൊടൊപ്പം തന്നെ വളരെ ഗൌരവകരവുമാണ്. താങ്കള്‍ ഒരു തിയേറ്ററില്‍ പോയി ഒന്നരയോ മൂന്നോ മണിക്കൂര്‍ സമയം പൂര്‍ണ്ണ ശ്രദ്ധകൊടുത്ത് ഒരു സിനിമ കാണുന്നു. അതിന്റെ ഓരോ സെക്കന്റിലും താങ്കള്‍ മനസിലാക്കുന്നത് വെറും 2% മാത്രമാണ്. 98% വും താങ്കളുടെ തലച്ചോറിന്റെ ആഴങ്ങളില്‍ എന്തൊക്കെയോ മാറ്റങ്ങളുണ്ടാക്കുന്നു. അവയെന്തെന്ന് ഇപ്പോള്‍ നമുക്കറിയില്ല. അതുപോലെ ടെലിവിഷനും, പരസ്യങ്ങളും, പുസ്തകങ്ങളും, പത്രങ്ങളുമെല്ലാം, മതിലുകളിലെ പോസ്റ്ററുകളും എല്ലാം എന്തെല്ലാം മാറ്റം നമ്മളിലുണ്ടാക്കുന്നുണ്ടാവും.

നമ്മുടെ നാട്ടില്‍ നടക്കുന്ന ധാരാളം പ്രശ്നങ്ങളെ വെറും സാമൂഹ്യ ജീര്‍ണ്ണതയാണെന്ന് പറഞ്ഞ് കൈകഴുകയാണ് മിക്ക എഴുത്തുകാരും, ഗവേഷകരും, ബുദ്ധിജീവികളും, സര്‍ക്കാരുമൊക്കെ. സത്യത്തില്‍ സമൂഹത്തില്‍ പ്രക്ഷേപണം ചെയ്യുന്ന ആശയങ്ങളുടെ പ്രതിഫലനമാണ് ഈ പ്രശ്നങ്ങളുടെയെല്ലാം കാരണം. ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരില്‍ എന്ത് ആഭാസവും വിളമ്പുന്ന അവസ്ഥക്ക് മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. (കാണുക – മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും)

അങ്ങനെ, ആശയചട്ട(ഫ്രെയിം), ആശയഭാവാര്‍ത്ഥം(മെറ്റഫര്‍), image schemas, ആഖ്യാനം(narratives), cascades തുടങ്ങി അനേകം പുതിയ കാര്യങ്ങള്‍ കണ്ടെത്തിക്കൊണ്ട് Cognitive Linguistics മനുഷ്യന്റെ ചിന്തയെക്കുറിച്ചുള്ള പഠനത്തില്‍ ജൈത്രയാത്ര തുടരുന്നു. ഈ കണ്ടുപിടുത്തങ്ങള്‍ തത്വചിന്ത, രാഷ്ട്രീയം, സാമൂഹ്യം, ജനാധിപത്യം, സാഹിത്യം, കല, സദാചാരം, വ്യക്തിജീവിതം തുടങ്ങി മനുഷ്യന്റെ മൊത്തം മണ്ഡലങ്ങളേയും സ്വാധീനിക്കുയോ പൊളിച്ചെഴുതുകയോ ചെയ്യത്തക്ക രീതിയില്‍ മൌലികമായതാണ്. അടിസ്ഥാനപരമായി ഓരോ വാക്കിന്റേയും ചിന്തയുടേയും അര്‍ത്ഥം എന്തെന്ന് കണ്ടെത്തുകയാണവിടെ.

അനുബന്ധം:
1. കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കാത്തതെന്താണ്?
_______
Reference – George Lakoff, Charles Fillmore, Irving Goffman, Srini Narayanan …
ന്യൂറോ സയന്‍സ്(Neuro science), ന്യൂറോ കമ്പ്യൂട്ടേഷന്‍(Neuro computation), കൊഗ്നിറ്റീവ് ലിഗ്വിസ്റ്റിക്സ്(Cognitive Linguistics), ബോഡി കൊഗ്നിഷന്‍(Body Cognition).

ഭാഗം 1: രോഗം അകറ്റാന്‍‌ മായാവാദമോ?
ഭാഗം 2: പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?
ഭാഗം 3: താങ്കള്‍ക്കെത്ര ബോധമുണ്ട്?

തുടരും …


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ