താങ്കള്‍ക്കെത്ര ബോധമുണ്ട്?

brain-neuron-external
നമ്മുടെ തലച്ചോറില്‍ 10000 കോടി ന്യൂറോണ്‍ എന്ന കോശങ്ങളുണ്ട്. കോശ മര്‍മ്മം അടങ്ങിയ ഒരു ഭാഗവും ഇതില്‍ നിന്ന് തുടങ്ങുന്ന വേരുകള്‍ പോലുള്ള ന്യൂറൈറ്റ് എന്ന് വിളിക്കുന്ന മറ്റൊരു ഭാഗവുമുള്ളവയാണ് ഈ കോശങ്ങള്‍. ന്യൂറൈറ്റ് രണ്ട് തരമുണ്ട്. ഡെന്ട്രൈറ്റും ആക്സോണും. ഓരോ കോശവും തൊട്ടടുത്തുള്ള 5000 മുതല്‍ 10000 വരെ തൊട്ടടുത്തുള്ള കോശങ്ങളുടെ ന്യൂറൈറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എങ്കിലും ഈ വേരുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നില്ല. ഇടക്ക് ഒരു വിടവുണ്ട്. ഇതാണ് സിനാപ്സ്. അതുകൊണ്ട് ഈ ബന്ധത്തെ സിനാപ്സ് ബന്ധം എന്ന് വിളിക്കുന്നു. ഒരു ഇലക്ട്രോണിക് സര്‍ക്ക്യൂട്ട് പോലെ neuro transmitters എന്ന് വിളിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് സിഗ്നലുകള്‍ ഈ ബന്ധങ്ങളിലൂടെ കടന്ന് പോകുന്നു.

തലച്ചോര്‍ എന്ത് ചെയ്യുന്നു

ശരീരത്തിലെ ആന്തരിക-ബാഹ്യ അവയവങ്ങളുടെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങി ജീവികളുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. മനുഷ്യനെ പോലെ സങ്കീര്‍ണ്ണത കൂടിയ തരം ജീവികളില്‍ ശരീരത്തിന്റെ അവയവ നിയന്ത്രങ്ങള്‍ക്കുപരി ബോധം, മനസ് എന്ന അവസ്ഥ കൂടി തലച്ചോര്‍ സൃഷ്ടിക്കുന്നുണ്ട്.

നവജാതശിശുവിന് മുതിര്‍ന്നവരുടെ അത്ര തന്നെ ന്യൂറോണുകളുണ്ടെടെങ്കിലും അവ വളരെ കുറവ് മാത്രമേ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുള്ളു. അതുകൊണ്ട് ഈ ഒറ്റപ്പെട്ട ന്യൂറോണ്‍ കൂട്ടങ്ങളടങ്ങിയ കുട്ടിത്തലച്ചോറിന് പരിമിതമായ കഴിവുകളേയുണ്ടാവൂ. ഉദാഹരണത്തിന്, ജീവന്‍ നിലനിര്‍ത്താനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക, അന്തരീകാവയവങ്ങള്‍ നിയന്ത്രിക്കുക, കൈകാലുകളിട്ടടിക്കുക, കരയുക തുടങ്ങിയവ വളരെ കുറവ് കഴിവുകള്‍ മാത്രം. എന്നാല്‍ അത് തുടക്കമാണ്.

ന്യൂറോണുകള്‍ പരസ്പരം ബന്ധങ്ങള്‍ സൃഷ്ടിച്ചാണ് തലച്ചോര്‍ വളരുന്നത്. കൂടുതല്‍ ബന്ധങ്ങളുണ്ടായില്‍ തലച്ചോറിന് കൂടുതല്‍ കഴിവ് കിട്ടുന്നു. തലച്ചോറിന്റെ രൂപീകരണം തുടങ്ങുന്നതുമുതല്‍ തലച്ചോര്‍ അതിന്റെ സ്വയം പ്രോഗ്രാമിങ് തുടങ്ങുകയാണ്. 2 – 4 മാസം പ്രായമായ കുട്ടികളില്‍ Brodmann area 17 എന്ന ചെറു ഭാഗത്ത് പോലും സെക്കന്റില്‍ 10 ലക്ഷത്തിലധികം ബന്ധങ്ങള്‍ എന്ന തോതിലാണ് സിനാപ്സ് ബന്ധങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നത്.

8 മാസം പ്രായമായ കുട്ടിയില്‍ 1000 സഹസ്രകോടി സൈനാപ്സ് ബന്ധം ഉണ്ടാകും. സൈനാപ്സ് ബന്ധം ഏറ്റവും കൂടുതല്‍ ഉണ്ടാവുക 1-2 വയസ് പ്രായമായ കുട്ടികളിലാണ്. ഏറ്റവും ശക്തിയായി തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് അക്കാലത്താണ്. മുതിര്‍ന്നവരേക്കാള്‍ ഇരട്ടി ശക്തിയിലാവും തലച്ചോര്‍ അപ്പോള്‍ പ്രവര്‍ത്തിക്കുക.

എത്രമാത്രം ഉപയോഗിക്കുന്നു എന്നനുസരിച്ച് പേശികള്‍ വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്നതുപോലെ, ഉപയോഗിക്കുന്നതനുസരിച്ച് ന്യൂറോണുകളും വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്നു. കൂടുതലുപയോഗിക്കുമ്പോള്‍ കൂടുതല്‍ രക്തം അവിടേക്കൊഴുകുന്നു. അതായത് കൂടുതല്‍ ഓക്സിജനും മറ്റ് പോഷകങ്ങളും അവിടേക്കെത്തിക്കുന്നു, അവിടെ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് ശുദ്ധീകരിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും അതീവ പ്രാധാന്യത്തോടെ കുട്ടിയുടെ തലച്ചോര്‍ വിശകലനം ചെയ്യുകയും ന്യൂറോണുകള്‍ കൂടുതല്‍ കൂടുതല്‍ പരസ്പര ബന്ധങ്ങളുണ്ടാക്കുകയും ചെയ്യുന്നു. പുതിയ പുതിയ സര്‍ക്യീട്ടുകള്‍ ഉണ്ടാവുന്നു. ഉദാഹരണത്തിന് കുട്ടി ഒരു പൂവ് കാണുമ്പോള്‍, അതിന്റെ ആകൃതി, നിറം, മണം, രുചി തുടങ്ങി അനേകം വിവരങ്ങളാണ് തലച്ചോറിലേക്ക് ന്യൂറോണുകള്‍ പരസ്പരം ബന്ധങ്ങള്‍ സൃഷിക്കുന്നത് വഴി രേഖപ്പെടുത്തുന്നത്. ഭാഷക്കുള്ള സര്‍ക്യൂട്ട്, സംസാരിക്കാനുള്ള സര്‍ക്യൂട്ട്, പേശികള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്യൂട്ട്, ചിന്തിക്കാനുള്ള സര്‍ക്യൂട്ട്, യുക്തി തുടങ്ങി എല്ലാ കാര്യത്തിനും അതിന്റേതായ സര്‍ക്യൂട്ടുകള്‍ തലച്ചോറില്‍ ഉണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന പ്രപഞ്ചം കുട്ടി(മുതിര്‍ന്നവരും) തന്റെ തലച്ചോറിലെ ബന്ധങ്ങളാക്കി മാറ്റുന്നു.

മുന് വിധികളും നിയന്ത്രണങ്ങളും ഇല്ലാത്തതിനാല്‍ വിവരങ്ങളെ മുന്‍വിധിയില്ലാതെ തുല്യ പ്രാധാന്യത്തോടെയാവും കുട്ടി സ്വീകരിക്കുക. ഉദാഹരണത്തിന് വീട്ടിലെ അപ്രധാനമായ വസ്തുക്കളുടെ സ്ഥാനം മാറിയത് പോലും കുട്ടി ശ്രദ്ധിച്ചായി നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

എന്നാല്‍ കുട്ടി 2 വയസ് വരെയെത്തുന്ന അവസരം വരെ തീവൃമായി വളരുന്ന സൈനാപ്സ് ബന്ധങ്ങള്‍ പിന്നീട് കുറഞ്ഞ് വരുന്നു. കിട്ടിയ അറിവിന്റെ അടിസ്ഥാനത്തില്‍ ചിന്തകള്‍ക്കും വിശകലനങ്ങള്‍ക്കും മുന്‍ഗണമാക്രമം നല്‍കുന്നതിനാലാണിത് സംഭവിക്കുന്നത്. അതായത് അപ്രധാനമായ കാര്യങ്ങളെക്കുറിച്ചുള്ള ബന്ധങ്ങള്‍ നശിക്കുന്നു. അത് കുട്ടി തലച്ചോര്‍ സ്വയം ചെയ്യുന്നതും ബാഹ്യമായി രക്ഷകര്‍ത്താക്കളും, സമൂഹവും ഇടപെടലിന്റെ ഫലവുമായാണ്. 16-17 വയസ്സാകുമ്പോഴേക്കും അവന്‍-അവള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ ജീവിക്കാനുതകും വിധം വേണ്ട സൈനാപ്സ് ബന്ധങ്ങളെല്ലാം ഉരുത്തിരിഞ്ഞിട്ടുണ്ടാവും.

ന്യൂറോണുകള്‍ പരസ്പരം ബന്ധങ്ങളുണ്ടാക്കുന്ന സ്വഭാവം കുട്ടികളില്‍ മാത്രം കാണുന്ന പ്രക്രിയയല്ല. നമ്മുടെ ഒരു ചിന്ത പോലും തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ഈ (പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?) ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. തലച്ചോര്‍ ഇങ്ങനെ സ്വയം രൂപമാറ്റം വരുത്തുന്നതിനെ ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന് പറയുന്നു. നാം ജോലി ചെയ്യുമ്പോളും, പഠിക്കുമ്പോളും, ചിന്തുക്കുമ്പോളും, ഓര്‍ക്കുമ്പോളും തുടങ്ങി നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും തലച്ചോറില്‍ മാറ്റങ്ങളുണ്ടാവുന്നു.

കണെക്റ്റം

തലച്ചോറിലെ മൊത്തം ന്യൂറോണുകളും അവയുടെ മൊത്തം പരസ്പര ബന്ധത്തെയും കൂടി കണെക്റ്റം(connectome) എന്നാണ് വിളിക്കുന്നത്. കണെക്റ്റം സ്ഥിരമായ ഒന്നല്ല. നമുക്ക് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന വിവരങ്ങളും നമ്മുടെ തന്നെ ചിന്തകളും ഒക്കെ ഈ ബന്ധങ്ങളെ മാറ്റുന്നു. അതായത് ഇന്നലെയുണ്ടായിരുന്ന സിനാപ്സ് ബന്ധങ്ങളല്ല നിങ്ങള്‍ക്കിന്നുള്ളത്, 5 നിമിഷം മുമ്പുണ്ടായിരുന്ന ബന്ധങ്ങളല്ല ഇപ്പോഴുള്ളത്. ഈ ലേഖനം വായിക്കുന്നതിന് മുമ്പുള്ള സിനാപ്സ് ബന്ധങ്ങളല്ല വായിച്ചതിന് ശേഷം ഉണ്ടാക്കാകുക.

White matter fiber architecture from the Connectome Scanner dataset. The fibers are color-coded by direction: red = left-right, green = anterior-posterior, blue = ascending-descending (RGB=XYZ). http://www.humanconnectomeproject.org

നമ്മുടെ അനുഭവങ്ങളെന്നാല്‍ നമ്മുടെ മാത്രം അനുഭവങ്ങളാണ്. ആ unique അനുഭവങ്ങളാണ് ഈ മാറ്റങ്ങളുണ്ടാക്കുന്നത്. ചില സൈനാപ്സ് ബന്ധങ്ങള് ശക്തിപ്പെടുകയോ ദുര്‍ബലമാകുകയോ ചെയ്യും(reweighting), ചിലത് ഇല്ലാതാകുകയോ ചിലപ്പോള്‍ പുതിയ ബന്ധങ്ങളുണ്ടാകും(reconnection), ന്യൂറോണുകള്‍ക്ക് പുതിയ ശാഖകള്‍ വളരുകയോ നശിക്കുകയോ ചെയ്യും(rewiring), പുതിയ ന്യൂറോണുകള്‍ ഉണ്ടാകുകയു ചെയ്യും(regeneration).

സത്യത്തില്‍ കണക്റ്റം എന്നാല്‍ നമ്മുടെ വ്യക്തിത്വം തന്നെയാണ്. നമ്മുടെ unique അനുഭവങ്ങളാണ് അത് സൃഷ്ടിച്ചത്. അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഓര്‍ക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തെ സംബന്ധിച്ചടത്തോളം, എന്ത് തരം വിവരങ്ങള്‍ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടണം എന്നത് അത്യധികം പ്രധാനപ്പെട്ട വിഷയമാണ്.

ശരീരവും മനസ്സും

നല്ല ഊര്‍ജ്ജച്ചിലവുള്ള അവയവമാണ് തലച്ചോര്‍. ശരീരം മൊത്തമുപയോഗിക്കുന്ന ഓക്സിജന്റേയും രക്തചംക്രമണത്തിന്റേയും 20% ഉപയോഗിക്കുന്നത് തലച്ചോറാണ്. അതില്‍ 80% വും അടിസ്ഥാന ജീവ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ക്യൂട്ടുകളാണ് ഉപയോഗിക്കുന്നത്. തലച്ചോര്‍ കാര്യമായി ഒന്നും ചെയ്യാതിരിക്കുന്ന അവസരത്തില്‍ പോലും ഈ സര്‍ക്യൂട്ടകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. തലച്ചോറിന്റെ ഇരുണ്ട ഭാഗമായ അവിടെ എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നമുക്ക് അറിയാനാവില്ല. പരിണാമപരമായി വളരേറെ പഴക്കം ചെന്നവയാണ് ഈ അടിസ്ഥാനപരമായ സര്‍ക്യൂട്ടുകള്‍.

എന്നാല്‍ ഇതല്ലാതെ വേറൊരു തരം സര്‍ക്യൂട്ടുകളും തലച്ചോറിലുണ്ട്.

നിങ്ങള്‍ ഉറങ്ങുന്നു എന്നുകരുതി തലച്ചോറിന് ഉറങ്ങാനാവില്ലല്ലോ. ഹൃദയമിടിപ്പ്, ശരീരത്തിന്റെ താപനിലാ നിയന്ത്രണം തുടങ്ങി എന്തെല്ലാം കാര്യങ്ങളാണ് തലച്ചോര്‍ അപ്പോഴും ചെയ്യുന്നത്. പക്ഷേ നാം ഉറങ്ങുമ്പോള്‍ നമ്മോടൊപ്പം ഉറങ്ങുന്നതും എന്നാല്‍ ഉണരുമ്പോള്‍ നമ്മോടൊപ്പം ഉണരുന്നതുമായ ഒന്നിന്റെ നിലനില്‍പ്പ് നാം തിരിച്ചറിയുന്നുണ്ടല്ലോ. അതിനെയാണ് നാം ബോധം എന്ന് വിളിക്കുന്നത്. രണ്ടാമത്തെ തരം സര്‍ക്യൂട്ടുകളാണ് നമുക്ക് ഈ ബോധം നല്‍കുന്നത്. pre-frontal cortex ലെ സര്‍ക്യൂട്ടുകളാണിത്. രണ്ട് വയസുവരെയുള്ള കുട്ടികളില്‍ ഇവ വികസിതമായിരിക്കില്ല. അതുകൊണ്ട് അവര്‍ക്ക് സ്വത്വ ബോധം ഉണ്ടാകില്ല. രണ്ട് വയസ് കഴിയുന്നതോടെ സാവധാനം ഈ ഭാഗം വികസിക്കുന്നു. കുട്ടികള്‍ കണ്ണാടിയില്‍ അവരുടെ പ്രതിഫലനം തിരിച്ചറിയുകയും ചെയ്യുന്നത് ആ ബോധത്തിന്റെ ഫലമായാണ്.

ബോധം

രണ്ട് തരത്തിലുള്ള ബോധമുണ്ട്. ഒന്ന് വൈകാരിക ബോധം (emotional sense). ഇത്‍ കൂടുതല്‍ അടിസ്ഥാനപരവും ശക്തമുമാണ്. പേടി, ദേഷ്യം, ആക്രമണം, സന്തോഷം തുടങ്ങി പല വികാരങ്ങളും നാം അനുഭവിക്കുന്നുണ്ട്. അവ എവിടെ നിന്ന് തുടങ്ങി എങ്ങനെ അവസാനിക്കുന്നു എന്ന് നമുക്ക് ബോധമില്ലെങ്കിലും അവയുടെ ഫലം നാം അറിയുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. മനുഷ്യരില്‍ മാത്രമല്ല, മറ്റ് ജീവികളിലും ഇതേ വൈകാരിക ബോധമുണ്ട്. ജീവികള്‍ക്ക് അവയുടെ നിലനില്‍പ്പിന് വേണ്ടി പരിണമ ഫലമായി ഉരുത്തിരിഞ്ഞ് വന്നവയാണ് അടിസ്ഥാനപരമായ ഈ വികാരങ്ങള്‍. പാമ്പിനെപ്പോലുള്ള ഇഴജന്തുക്കളോട് സസ്തനികള്‍ക്കുള്ള പേടി മുതലായാവ ഇവിടെ വാര്‍ത്ത് വെച്ചിരിക്കുകയാണ്. തലച്ചോറിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ പഴക്കം ചെന്ന limbic system ആണിതിന്റെ കേന്ദ്രം.

ആക്രമിക്കണോ അതോ ഓടിരക്ഷപെടണോ എന്ന് ഇത് തീരുമാനിക്കും. തലച്ചോറിന്റെ വളരെ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവയില്‍ പലതും നമുക്ക് നിയന്ത്രിക്കാനും ആവില്ല. ആ ഒഴുക്കിനൊത്തു പോകുകമാത്രം. ആ കൊടുംകാറ്റ് കഴിഞ്ഞ് ശോ.. അത്രക്ക് ദേഷ്യപ്പെടേണ്ടീരുന്നില്ല എന്നത് പോലെ പശ്ചാത്തപിക്കാനോ/ഭംഗിയായി എന്ന് സമാധാനിക്കാനോ മാത്രമേ കഴിയൂ.

ഇതില്‍ നിന്ന് വ്യത്യാസമുള്ള വേറൊരു ബോധം മനുഷ്യനും ആള്‍ക്കുരങ്ങ് വര്‍ഗ്ഗത്തിനുമുണ്ട്. (ചിലപ്പോള്‍ മറ്റ് സസ്തനികള്‍ക്കും ഉണ്ടാകാം). അതാണ് അന്തര്‍ദര്‍ശന ബോധവും(cognitive sense). നാം നമ്മുടെ ഉള്ളിലെ ഒരാളോട് എപ്പോഴും സംസാരിക്കുന്നില്ലെ. അവനാണ് ഇവന്‍. പൂര്‍ണ്ണമായ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണിത്. പ്രധാനമായും തലച്ചോറിന്റെ മുമ്പിലെ prefrontal cortex എന്ന ഭാഗത്തെ സക്യൂട്ടുകളാണ് ഈ സ്വഭാവത്തിനുത്തരവാദി. ശ്രദ്ധ, ഓര്‍മ്മ, ഗ്രഹണം, പേശികള്‍ ചലിപ്പിക്കാനുള്ള കഴിവ്, ഭാഷ, കാഴ്ച്ച വിശകലം ചെയ്യുക, വസ്തുക്കളുടെ ഇടത്തിന്റെ പരസ്പര ബന്ധം, ആസൂത്രണം ചെയ്യുക, മറ്റുള്ളവരുടെ അന്തര്‍ബോധത്തെക്കുറിച്ചുള്ള അറിവ്, പ്രതീക്ഷ, പ്രശ്ന പരിഹാരം, തീരുമാനമെടുക്കല്‍, വികാര നിയന്ത്രണം, തന്മയീഭാവശക്തി തുടങ്ങിയവയൊക്കെ ഈ അന്ത ര്‍ദര്‍ശനബോധത്തിന്റെ ഭാഗമാണ്.

വൈകാരിക ബോധം നമ്മളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് സ്ഥലകാലം ബോധം ഉണ്ടാവില്ല. അത്യധികമായ സന്തോഷമോ, ദുഖമോ, ഭീതിയോ, ദേഷ്യമോ ഒക്കെ നമ്മളില്‍ ആ വൈകാരിക ബോധം സൃഷ്ടിക്കുന്നു. അപ്പോള്‍ നാം ആ നിമിഷത്തിന് വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഭൂതകാലമില്ല, വര്‍ത്തമാനില്ല, ഭാവിയില്ല. നാം എവിടെ നില്ക്കുന്നു എന്നറിയില്ല. നമുക്ക് ഒന്നും തന്നെ അറിയില്ല. ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ അറിയില്ല.

എന്നാല്‍ അന്തര്‍ദര്‍ശനബോധം നമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നാം എല്ലാം അറിയുന്നുണ്ട്. നമുക്ക് സ്ഥലകാല ബോധമുണ്ട്. വരും വരാഴ്യകള് അറിയാം. നാം മനുഷ്യനാണ് അപ്പോള്‍.

ഈ രണ്ടുബോധങ്ങളും ഒരാളുടെ തന്നെ തലച്ചോറിലുള്ളതുകൊണ്ട് രണ്ടും പൂരകമായി പ്രവര്‍ത്തിച്ച് നല്ല ഫലങ്ങളുണ്ടാക്കില്ലേ? ഇല്ല എന്നതാണ് ദുഖ സത്യം. അന്തര്‍ദര്‍ശനബോധം ദുര്‍ബലമാണ്. പരിണാമത്തിന്റെ അവസാന സമയത്ത് രൂപീകൃതമായ വളരെ ചെറുപ്പമായ തലച്ചോറിന്റെ ഭാഗമാണ് അത് സൃഷ്ടിക്കുന്നത്. അതിനേക്കാള്‍ വളരെ വളരെ ശക്തമാണ് വൈകാരിക ബോധം. അത് തലച്ചോറിന്റെ ആഴങ്ങളിലേക്ക് short circuit ചെയ്തിരിക്കുകയാണ്. എന്നുകരുതി അതിന് മാറ്റമുണ്ടാക്കാന്‍ കഴിയില്ലന്നല്ല. തലച്ചോറിന് പ്ലാസ്റ്റികതയുണ്ട്. അതായത് നിങ്ങളുടെ കണക്റ്റം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. എങ്കില് …

തുടരും …

ഭാഗം 1: രോഗം അകറ്റാന്‍‌ മായാവാദമോ?
ഭാഗം 2:പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?
ഭാഗം 4:താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “താങ്കള്‍ക്കെത്ര ബോധമുണ്ട്?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )