സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?

[ഏറ്റവും അധികം വായനക്കാര്‍ എത്തുന്ന കുറിപ്പുകളിലൊന്നാണിത്. ഇവിടെ സന്ദര്‍ശിച്ചതിന് വളരെ നന്ദി.
ആരാണ്, എങ്ങനെ ഇവിടെ എത്തി, എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്.
ദയവുചെയ്ത് ആ വിവരം ഇവിടെ അറിയിക്കാമെങ്കില്‍ വളരെ ഉപകാരമായിരുന്നു.]

***

സ്ത്രീകള്‍ക്ക് ഇപ്പോള്‍ തന്നെ വേണ്ടതിലധികം സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവരാണ് കൂടുതലാളുകളും. എന്നാല്‍ കുടുംബത്തിലേയും സമൂഹത്തിലേയും നിയന്ത്രണങ്ങളില്‍ അസംതൃപ്തരായവരും ഫെമിനിസ്റ്റുകളും ഫാഷന്‍ പ്രേമികളും പറയുന്നത് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം പോരെന്നാണ്. സ്ത്രീകളുടെ ഇപ്പോഴത്തെ സ്വാതന്ത്ര്യം ആണ് എല്ലാ കുഴപ്പത്തത്തിനും കാരണമെന്നും അതുകൊണ്ട് അവരെ ചാക്ക് തുണിയില്‍ പൊതിഞ്ഞ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന മത വിശ്വാസികളുമുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വേഷങ്ങള്‍ അണിയാനും അവരേ പോലെ ജീവിക്കാനുമുള്ള അവസ്ഥയായി സ്വാതന്ത്ര്യത്തെ നിര്‍വ്വചിക്കുന്ന ‘മോഡേണ്‍’ സ്ത്രീകളും ഉണ്ട്.

സത്യത്തില്‍ സ്ത്രീകള്‍ എത്രമാത്രം സ്വതന്ത്രരാണ്? ശരിക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ സ്വതന്ത്രരാണോ? അവര്‍ക്ക് എന്തിനൊക്കെയുള്ള സ്വാതന്ത്ര്യമാണുള്ളത്? അവരെ അനുകരിക്കുന്ന നമ്മുടെ നാട്ടിലെ സ്ത്രീകള്‍ എത്ര സ്വതന്ത്രരാണ്? ശരിക്കും എന്താണ് സ്വാതന്ത്ര്യം?

നിയന്ത്രണങ്ങളില്ലാത്ത അവസ്ഥയാണ് സ്വാതന്ത്ര്യം. പക്ഷേ അതിന് ഭൗതികവും ആശയപരവുമായ പരിധിയുണ്ട്. പറക്കണമെന്ന് നമുക്ക് ആഗ്രഹിക്കാമെങ്കിലും സ്വയം പറക്കാന്‍ നമുക്ക് കഴിയില്ല. അതായത് പറക്കാന്‍ നമുക്ക് സ്വാതന്ത്ര്യമില്ല. അതുപോലെ ശൂന്യത, അനന്തത തുടങ്ങിയ ആശയങ്ങള്‍ പൂര്‍ണ്ണമായി നമ്മുടെ തലച്ചോറിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതായത് ആ ആശയം മനസിലാക്കാനുള്ള സ്വാതന്ത്ര്യമില്ല. അതുകൊണ്ട് കേവല സ്വാതന്ത്ര്യം എന്നൊന്ന് നിലനില്‍ക്കുന്നില്ല. പ്രകൃതി നിയമങ്ങള്‍ക്കതീതമായ ഒരു സ്വാതന്ത്ര്യം നമുക്ക് അസാധ്യമായ കാര്യമാണ്. നാം നമ്മേക്കാള്‍ വളരെ വലുതായ പ്രകൃതിയുടെ നിയമങ്ങളും അതേപോലെ സാമൂഹ്യജീവിയായതിനാല്‍ സമൂഹത്തിന്റെ നിയമങ്ങളും അനുസരിക്കേണ്ടിവരും. ഇതാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പൊതുവായ കാര്യം.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ചരിത്രം

സമൂഹത്തിന്റെ ആദികാലം മുതല്‍ക്കേ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്ത് ജീവിക്കുന്ന രീതി ഉണ്ടായിരുന്നു. ഗോത്ര സൂഹത്തില്‍ നിന്ന് മാറി പിന്നീട് നഗരങ്ങളും രാജ്യങ്ങളുമുണ്ടായി. ഏകാധിപത്യപരമായ രാജ്യങ്ങളായിരുന്നു മിക്കവയും. അതിനിന്ന് ചെറിയ വ്യത്യാസത്തോടെ ജനങ്ങളുടെ പൊതു സമ്മതിയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ ഭരിക്കുന്ന രീതി പ്രാചീന ഏഥന്‍സില്‍ നിലനിന്നിരുന്നു. വോട്ടെടുപ്പിലൂടെ ആണ് അവര്‍ എല്ലാ കാര്യങ്ങളും ചെയ്തത്. അങ്ങനെ നഗരജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ അവിടെ ഈ അവകാശങ്ങളെല്ലാം കുറച്ച് പേര്‍ക്ക് മാത്രമുള്ളതായിരുന്നു. അടിമകള്‍ക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരവകാശവുമില്ല. അത് നിലനിര്‍ത്താനുള്ള നിയമങ്ങള്‍ അധികാരികള്‍ സമൂഹത്തില്‍ കൊണ്ടുവന്നു. പിന്നീട് ലോക സമൂഹം മതഭരണത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് കടന്നു. അടിമത്തമായും, ജന്‍മിത്തമായും, സാമ്രാജ്യത്വമായും അധികാര രാഷ്ട്രീയം വളര്‍ന്നു.

എന്നാല്‍ സമൂഹം എന്നത് മനുഷ്യ സൃഷ്ടിയായതിനാല്‍ ആ നിയമങ്ങള്‍ നമുക്ക് മാറ്റാവുന്നവയാണ്. പലപ്പോഴായ സമൂഹം ഈ അടിത്ത ചൂഷണ നിയമങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ പ്രധാനമായ ഒരു സമരമായിരുന്നു ഫ്യൂഡലിസത്തെ തകര്‍ത്ത് മുതലാളിത്തത്തിലേക്ക് യൂറോപ്പിനെ കൊണ്ടുപോകുന്നതില്‍ വലിയ ഒരു പങ്ക് വഹിച്ച ഫ്രഞ്ച് വിപ്ലവം. സ്വാതന്ത്ര്യം, സമത്വം, സാഹോദ്യം എന്ന ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുവന്നു. പക്ഷേ ഇതൊക്കെ പുരുഷന് മാത്രം ബാധകമായയിരുന്നു. സ്ത്രീകളും ഫ്രഞ്ച് വിപ്ലവത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും സ്ത്രീകളെ രണ്ടാം തരം പൗരന്‍മാരായാണ് കണക്കാക്കിയിരിക്കുന്നതെന്ന പതിനായിരം വര്‍ഷത്തെ ചരിത്രത്തിന് ഒരു മാറ്റവും ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ചില്ല.

വിപ്ലവം Declaration of the Rights of Man and of the Citizen എന്ന നിയമ സംഹിത പ്രഖ്യാപിച്ചു. സ്ത്രീകള്‍ടെ അവസ്ഥയെക്കുറിച്ച് ഇതില്‍ പ്രതിപാതിച്ചിരുന്നില്ല. അതായത് സ്ത്രീകള്‍ക്ക് നിലനിന്നിരുന്ന അതേ അവസ്ഥയില്‍ തന്നെ തുടരേണ്ടി വരുന്നു. വിപ്ലവ ആശയങ്ങള്‍ കേട്ട സ്ത്രീകള്‍ക്കും ഒരു പുത്തന്‍ തിരിച്ചറിവും ഉണര്‍വ്വും ഉണ്ടായി. അനീതിക്കെതിരെ സമൂഹത്തില്‍ ലിംഗനീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Olympe de Gouges നെപ്പോലുള്ളവര്‍ Declaration of the Rights of Woman and the Female Citizen മുന്നോട്ട് കൊണ്ടുവന്നു. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നടന്ന വിപ്ലവം ഈ സ്ത്രീയെ കുറ്റവാളികളായ യജമാനന്‍മാരെ കൊല്ലാനുപയോഗിച്ച അതേ ഗില്ലറ്റിനില്‍ വെച്ച് സമൂഹം കൊല്ലുകയുണ്ടായി. ഹെയ്തിയുടെ കാര്യവും അതേ പോലെയായിരുന്നു. ഹെയ്തിയെ വെറുതെയങ്ങ് സ്വതന്ത്രമാക്കാന്‍ ഫ്രാന്‍സിലെ വിപ്ലവകാരികള്‍ തയ്യാറായില്ല.

സാമ്രാജ്യത്വം പിന്നീട് ജനാധിപ്ത്യത്തിന് വഴിമാറിക്കൊടുത്തു. ജനാധിപ്ത്യം മുതലാളിത്തത്തവുമായി ബാന്ധവമായി. നൂറ്റാണ്ടുകളുടെ സമരത്തിന്റെ ഫലമായി സ്ത്രീകള്‍ക്ക് വോട്ടവകാശം മുതല്‍ ധാരാളം അവകാശങ്ങള്‍ നേടിയെടുക്കാനായി. എന്നാല്‍ മുതലാളിത്തമെന്ന സുന്ദര മുഖത്തിന്റെ പിന്നില്‍ കൂടുതല്‍ രാക്ഷസനായ പഴയ സാമ്രാജ്യത്വമാണ് നിലകൊള്ളുന്നത്. അയഥാര്‍ത്ഥമായ വ്യവസ്ഥ സൃഷ്ടിച്ച് അത് കൂടുതല്‍ ഭീകരമായ അടിമത്തം സമൂഹത്തില്‍ മൊത്തം അടിച്ചേല്‍പ്പിക്കുന്നു. അടിമക്ക് ചങ്ങലകളേക്കുറിച്ച് ബോധമുണ്ടായങ്കിലല്ലേ അത് പൊട്ടിച്ചെറിയാന്‍ തോന്നൂ. സ്ത്രീകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.

സ്ത്രീ സ്വാതന്ത്ര്യം

ഇന്നത്തെ സ്ത്രീക്ക് പണ്ടുണ്ടായിരുന്നവരേക്കാള്‍ ധാരാളം സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും മെട്രോ നഗരങ്ങളിലേയും സ്ത്രീകള്‍ക്ക്. അവിടെ സ്ത്രീകള്‍ക്ക് തൊഴിലുണ്ട്, സ്വന്തമായി വരുമാനം ഉണ്ട്, സ്വന്തം വാഹനമുണ്ട്. അവിടെ സ്ത്രീകള്‍ക്ക് പണം ചിലവാക്കാനും വ്യായാമം ചെയ്യാനും ശരീരം ഭംഗിയാക്കാനും പ്രദര്‍ശിപ്പിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ട്. വാഹനം കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുന്നു. പണം എന്ത് ഉത്പന്നവും സേവനവും വാങ്ങാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു.

എന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സമൂഹത്തില്‍ കൂടി വരുന്നു. മതപരമായും ‘സംസ്കാരത്തിന്റെ’ പേരിലും ഈ ഇടങ്ങളിലേക്ക് ബാഹ്യ ശക്തികള്‍ ധാരാളം നിയന്ത്രണങ്ങള്‍ അവളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ധാരാളം നടക്കുന്നുണ്ട്. അവള്‍ അത് തിരിച്ചറിയുന്നുണ്ട്. അതു പോലെ പുരുഷന്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ അതുപോലെ തങ്ങള്‍ക്കും ചെയ്യാനനുവദിക്കാത്തതിലും സ്ത്രീക്ക് അമര്‍ഷമുണ്ട്. അതിനൊക്കെയെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടി അവള്‍ ശബ്ദിക്കുന്നു. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കൂടുതലും വിഷയമാക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയേക്കുറിച്ചുമാണ്.

എന്തുകൊണ്ട് സ്ത്രീ ശരീരം ചര്‍ച്ചാവിഷയമായി

മുതലാളിത്ത വ്യവസ്ഥയില്‍ എല്ലാം കച്ചവട വസ്തുക്കളാണ്. ലാഭമുണ്ടാക്കുകമാത്രമാണ് ലക്ഷ്യം. അതിനായി എന്തും ചെയ്യാം. കമ്പോളം സ്വയം നിയന്ത്രിച്ചോളുമെന്നാണ് അവരുടെ വാദം. [ഏറ്റവും വലിയ കള്ളം] സ്ത്രീ ശരീരവും അങ്ങനെ കച്ചവട വസ്തുവായി. സ്ത്രീ ശരീരത്തിന് പ്രാധാന്യം കൂട്ടാന്‍ മുതലാളിത്ത വ്യവസ്ഥ വലിയൊരു പങ്ക് വഹിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ വെറുത്താന്‍ അത് നന്നാക്കാന്‍ വേണ്ടി നിങ്ങള്‍ ശ്രമിക്കും. അത് നന്നാക്കാന്‍ ഉത്പന്നങ്ങളാശ്യമാണ്. അത് നിര്‍മ്മിക്കുകയും വിറ്റഴിക്കുകയും ചെയ്യുക വഴി മുതലാളിത്തത്തിന്റെ എഞ്ജിന് സുഗമമായി തിരിയാല്‍ സാധിക്കും. അങ്ങനെ സ്ത്രീ സ്വാതന്ത്ര്യ ചര്‍ച്ചയെ അവളുടെ ശരീരത്തില്‍ തളച്ചിടുന്നത് വഴി മുതലാളിത്തത്തിന് കൂടുതല്‍ ലാഭമുണ്ടാക്കാനും യഥാര്‍ത്ഥ പ്രശ്നത്തെ മറച്ച് വെക്കാനും കഴിയുന്നതുകൊണ്ടാണ് അത്തരം ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യം കിട്ടുന്നത്. ഒപ്പം അത് കേവലവും ലളിതവും ആയതിനാല്‍ കൂടുതല്‍ പ്രചാരവും കിട്ടുന്നു.

2007 ല്‍ ലോകം മൊത്തമുള്ള സൗന്ദര്യവര്‍ദ്ധക ഉത്പന്ന കമ്പോളം 17,000 കോടി ഡോളറിന്റേതായിരുന്നു. ഇതില്‍ 4000 കോടി ഡോളര്‍ അമേരിക്കന്‍ കമ്പോളവും 6300 കോടി ഡോളര്‍ യൂറോപ്യന്‍ കമ്പോളവും ആണ്. അതുപോലെ പ്രധാനമാണ് സൗന്ദര്യ ശസ്ത്രക്രിയാ (cosmetic surgery) വ്യവസായം. 2008 ല്‍ അത് $3170 കോടി ഡോളറിന്റേതായിരുന്നും. ഈ വ്യവസായവും വലിയ പുരോഗതിയാണ് നേടുന്നത്. നമ്മുടെ രാജ്യക്കാരെ മിസ് വേള്‍ഡും യൂണിവേഴ്സുമൊക്കെയാക്കി ഇവിടുത്തെ കമ്പോളം വികസിപ്പിക്കാനുള്ള ശ്രമം നല്ല രീതിയില്‍ നടക്കുന്നു.

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍ തുടങ്ങി അനേകം ഉത്പന്നങ്ങളില്‍ എത്രമാത്രം വൈവിദ്ധ്യ ഉത്പന്നങ്ങളാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളത്. സ്ത്രീകള്‍ അവര്‍ വാങ്ങുന്ന ചെരുപ്പുകളില്‍ പകുതി പോലും ഉപയോഗിക്കാറില്ല എന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീകള്‍ക്ക് സൗന്ദര്യവര്‍ദ്ധക സാമഗ്രികള്‍ ഉത്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും വഴി പൂരകമായി പുരുഷന്‍മാരും ശരീര സൗന്ദര്യത്തില്‍ കൂടുതല്‍ ആകൃഷ്ടരാകുന്നു. അങ്ങനെയും ഈ വ്യവസായം പൊടിപൊടിക്കുന്നു.

പ്രത്യുല്‍പ്പാദനത്തിന്റെ പ്രതിഫലം

പ്രത്യുല്‍പ്പാദനത്തിന്റെ മൊത്തം അദ്ധ്വാനവും ഏറ്റെടുക്കുന്നതു കൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. അത് തെറ്റായ ആശയമാണ്, കാരണം അത് സ്ത്രീയെ വെറും പ്രത്യുല്‍പ്പാദനത്തിനുള്ള ഉപകരണമായി കണക്കാക്കുന്നു. വിലപിടുപ്പുള്ള മൊബൈല്‍ ഫോണുള്ളവര്‍ അത് സൂക്ഷിച്ച് സംരക്ഷിക്കുന്നതു പോലെ സ്ത്രീയേയും പൊതിഞ്ഞ് സംരക്ഷിക്കുന്ന പല മതങ്ങളും ഉണ്ടല്ലോ. അവരുടെ ചിന്താഗതിയില്‍ അത് ശരിയാണ്. അവരെ സംബന്ധിച്ചടത്തോളം അത്യധികം വിലമതിക്കാനാവാത്ത പ്രത്യുല്‍പ്പാദനത്തിന്റെ മൊത്തം അദ്ധ്വാനം എന്ന ത്യാഗം ചെയ്യുന്ന സ്ത്രീകളെ അവര്‍ സംരക്ഷികയാണെന്നാണ് അവരുടേയും വിചാരം.

ആര്‍ ആര്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നു? സ്ത്രീകള്‍ പ്രകടിപ്പിക്കുന്നതായാലും പുരുഷന്റെ അഹങ്കാരമാണ് ആ ചിന്തകളില്‍. അധികാരിക്ക് ത്യാഗം ചെയ്തുകൊടുക്കുന്നിന്റെ പ്രതിഫലമായി നല്‍കുന്ന ഔദാര്യം. ആരോഗ്യ കാരണത്താല്‍ പ്രത്യുല്‍പ്പാദനം നടത്താന്‍ കഴിയാത്ത സ്ത്രീകളെ എന്തു ചെയ്യും? സമൂഹം അത് വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ടല്ലോ. അതുകൊണ്ട് സ്ത്രീയുടെ ജീവശാസ്ത്രപരമായ ആവശ്യകതക്കനുസരിച്ചല്ല സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യത വേണമെന്ന് പറയുന്നത്.

ഈ ഭൂമിയില്‍ ജിവിക്കാന്‍ എല്ലാവര്‍ക്കും (ജീവജാലങ്ങള്‍ക്കും) അവകാശമുണ്ട്. അത് ആരുടേയെങ്കിലും സേവനവുമോ ഔദാര്യമോ അല്ല. സമൂഹം സൃഷ്ടിക്കുന്നത് മനുഷ്യനാണ്. ആ സമൂഹത്തില്‍ എല്ലാത്തരം വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യര്‍ തുല്യരാണ്. സ്വാതന്ത്ര്യവും സമത്വവുമൊക്കെ എന്തെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിലുള്ളതല്ല. അത് സാര്‍വ്വത്രികമായ സ്ഥിരമായ ആശയങ്ങളാണ്.

ചായക്കോപ്പയിലെ തിരമാലകള്‍, അഥവാ കമ്പോള സ്ത്രീവിമോചനം

സ്ത്രീകളെ ആക്രമിക്കരുത്, അവര്‍ക്കിഷ്ടമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുന്നത് ആരും തടയാന്‍ പാടില്ല. …. അങ്ങനെ സ്ത്രീ ശരീരത്തെ ആധാരമാക്കി വാദമുഖങ്ങള്‍ കൊണ്ടുവരുന്ന ഒരു കൂട്ടം ആള്‍ക്കാരുണ്ട്. ഇറുകിയ ബനിയനും നിക്കറുമൊക്കെയിട്ട് ബാംഗ്ലൂരില്‍ വിലസുന്ന തരുണീമണികളെ ഓട്ടോക്കാരും മറ്റു തറകളും തുറിച്ചുനോക്കുന്നുവെന്ന് കുറച്ച് കാലം മുമ്പ് വലിയ പരാതിയായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്കാരായ അവര്‍ നെറ്റ്‌വര്‍ക്കില്‍ പ്രതിക്ഷേധ പ്രകടനങ്ങളും മറ്റും നടത്തി. ഒന്നോര്‍ത്തു നോക്കൂ നമ്മുടെ നാട്ടിലെ 80% ആളുകളും പരമ ദരിദ്രരാണ്. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ ജനത്തിന് എന്ത് സ്വാതന്ത്ര്യമാണ് വിലപിടിപ്പുള്ള ഒരു പ്രത്യേക വേഷം ധരിക്കുന്നതുകൊണ്ട് കിട്ടുക. ആ ജനത്തെ നോക്കി കൊഞ്ഞണം കുത്തുകയാണ് കമ്പോള സ്ത്രീവിമോചനക്കാരുടെ സ്വാതന്ത്ര്യ വാദങ്ങള്‍ (1).

അത് മാത്രമല്ല ഈ ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം ദരിദ്ര ജനങ്ങള്‍ക്ക് നേരെയുള്ള ഒരു വര്‍ഗ്ഗ സമരമാണ്. അത്തരം ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയാത്തവരെ സമൂഹം മോശക്കാരായി കണക്കാക്കുകയും അവരെ നിന്ദിക്കുകയും ചെയ്യുന്നു. അത് അവരെ മാനസികമായി തളര്‍ത്തുകയും, ആത്മാഭിമാനം നശിപ്പിക്കുകയും, ആഡംബര കൊച്ചമ്മമാരോടും കൊച്ചേമാന്‍മാരോടും ഉള്ള പക അവര്‍ക്ക് താഴെ വരുന്ന ദുര്‍ബലരോട് കുറ്റകൃത്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിലേക്കും നയിക്കുന്നു. ആ അവഗണ നിങ്ങള്‍ക്ക് മനസിലാകണമെങ്കില്‍ ഫാഷനല്ലാത്ത പഴകിയ വേഷം ധരിച്ച് ഹോട്ടലുകളിലോ കടകളിലോ പോയാല്‍ മതി. നിങ്ങളവിടെ എത്തി എന്ന് അവര്‍ പരിഗണിക്കുക പോലും ചെയ്യില്ല.

സ്ത്രീ മനസിലെ സമ്മതിയുടെ നിര്‍മ്മിതി

മുതലാളിയുടെ കൂലിപടയാളികളാണ് മാധ്യമങ്ങള്‍. നാം നമ്മുടെ ശരീരത്തില്‍ സംതൃപ്തരാണെങ്കില്‍ ഈ സൗന്ദര്യ കമ്പോളം പൂജ്യത്തിനടുത്തേക്ക് വരും. അതുകൊണ്ട് മറ്റെല്ലാ വിഷയങ്ങളും മാറ്റിവെച്ച് സ്വന്തം ശരീരത്തെ വെറുക്കാനുള്ള പ്രചാരവേല സിനിമാ, ചാനല്‍, പരസ്യ മാധ്യമങ്ങള്‍ ചെയ്യുന്നു. ആരും നിങ്ങള്‍ വെറുക്കപ്പെട്ടളാണെന്ന് നേരിട്ട് പറയില്ല. പകരം നേരിട്ടല്ലാതെ അവര്‍ അത് അവതരിപ്പിക്കും. എല്ലാ ദൃശ്യങ്ങളിലും അത് വ്യക്തമാണ്. എന്തിന് കൊച്ചുകുട്ടികളുടെ പരിപാടികളിലും അത് കാണാം. 74% പെണ്‍കുട്ടികളും സ്വന്തം ശരീരത്തെയോര്‍ത്ത് വിഷമിക്കുന്നവരാണ്. സ്ത്രീകള്‍ക്കുള്ള മാസികളും ചാനല്‍ പരിപാടികളുമൊക്കെ നോക്കൂ. എല്ലാം ആഹാരം, ആര്‍ഭാടം, ലൈംഗികത എന്നിവ മാത്രം പ്രാധാന്യം കൊടുത്തുള്ളവയാണ്. ശ്രദ്ധ മൂഴുവന്‍ തന്നിലേക്ക് കേന്ദ്രീകരിക്കൂ. പുറമേയുള്ളതൊക്കെ അവഗണിക്കൂ. അതാണവര്‍ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളുടെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് വിശദമായി മുമ്പ് എഴുതിയിട്ടുണ്ട് (2).

അധികാരം കൊണ്ട് സാമൂഹ്യമായും സാമ്പത്തികമായും മുന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ ആരോഗ്യ, സുരക്ഷിതത്വ, മാന്യത, സാമൂഹ്യ സുസ്ഥിരത തുടങ്ങിയ കാരണങ്ങളാല്‍ മറ്റുള്ളവര്‍ വിര്‍ശിക്കാറുണ്ട്. അപ്പോഴൊക്കെ എന്താ ഞങ്ങള്‍ക്കത് ചെയ്താല്‍, എന്ന ചോദ്യവുമായി കപട സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവരും കമ്പോള മാധ്യമങ്ങളും വലിയ ആക്രമണം അഴിച്ചുവിടുന്നു. അക്കാരണത്താല്‍ തെറ്റായ പ്രവണതകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മത തീവൃവാദികള്‍ ഒഴിച്ച് ആരും മിണ്ടാറില്ല. ഇത് മാധ്യമങ്ങളും സ്ഥിരം പണിയായ പ്രശ്നത്തെ വഴിതിരിച്ച് വിടുക എന്ന തട്ടിപ്പാണ്. മിക്കപ്പോഴും ഇത്തരത്തിലുള്ള തര്‍ക്കം ഉണ്ടാവുന്നത് കമ്പോളത്തിലെ ഏതെങ്കിലും ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ ഉപയോഗത്തിന്റെ പേരിലായിരിക്കും. മുതലാളിയെ സംബന്ധിച്ചടത്തോളം 50% വരുന്ന സ്ത്രീജനങ്ങളെ ഉപഭോക്താക്കളായി കിട്ടുന്നതിനാല്‍ അവരുെട ചെരിപ്പ് നക്കികളായ മാധ്യമങ്ങള്‍ക്ക് വലിയ താല്‍പ്പര്യമുള്ള വിഷയമാണിത്. എന്നാല്‍ മുതലാളിമാര്‍ക്ക് നഷ്ടമുണ്ടാകുന്ന ആശയമാണ് സ്ത്രീകള്‍ ആവശ്യപ്പെടുന്നതെങ്കില്‍ കാണാം അവരുടെ ശരിക്കുള്ള മുഖം. (ഇവിടെ മുതലാളി എന്ന് പറഞ്ഞത് എതെങ്കിലുമൊരു മുതലാളിയല്ല, മൊത്തം മൂലധന ശക്തികളെയാണ്.)

എല്ലാം ഉള്‍ക്കൊള്ളുന്ന വ്യവസ്ഥ

പരമ്പരാഗത നാടന്‍ മൂല്യങ്ങളുള്‍ക്കൊണ്ട സ്ത്രീകള്‍ക്ക് അവരുടെ അവസ്ഥയില്‍ വിഷമമില്ലെങ്കില്‍ അവര്‍ അങ്ങനെ തന്നെ തുടരുന്നു. എന്ന് അവരില്‍ ചിലര്‍ക്ക് അസംതൃപ്തിയുണ്ടാകുന്നോ അന്ന് വ്യവസ്ഥ അവരെ പുറംതള്ളാതെ അവര്‍ക്ക് പുതിയ മേച്ചില്‍ സ്ഥലങ്ങളൊരുക്കിക്കൊടുക്കുന്നു. അത് ചിലപ്പോള്‍ പുതിയ തരം വസ്ത്രങ്ങളുപയോഗിക്കുന്നതിലാകാം, തീവ്രവാദിനികള്‍ക്ക് സിഗററ്റ്, മദ്യം തുടങ്ങി പുരുഷനുപയോഗിക്കുന്ന ഉത്പന്നളിലൂടെയാവാം അല്ലെങ്കില്‍ തനത് നാടിന് അപരിചിതമായ ജീവിത രീതി സ്വീകരിക്കുന്നതിലൂടെയോ ആവാം. വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍ പുകവലി കുറഞ്ഞു വരുകയാണ്. ജനസംഖ്യയില്‍ 50% സ്ത്രീകളാണല്ലോ. അവരേം കൂടി വലിക്കാരാക്കിയാല്‍ എത്ര ലാഭമാണുണ്ടാകുക. നമ്മുടെ നാട്ടില്‍ സിനിമയും മാധ്യമങ്ങളും അതിനായി വലിയ പരിശ്രമം നടത്തുകയാണ്. എങ്ങനേയും സ്ത്രീയെ സ്വതന്ത്രയാക്കിട്ടേ അടങ്ങൂ. 10 മീറ്റര്‍ തുണിചുറ്റിയ സാരിയേക്കാള്‍ എന്തായാലും സൗകര്യം ജീന്‍സും ടി ഷര്‍ട്ടുമിടുന്നതാണ്. മരുന്ന് പുരട്ടി മുഖ സൗന്ദര്യം വര്‍ദ്ധിപ്പിച്ചത് വഴി കൂടുതലാളുകളുടെ അംഗീകരം നേടാനായത് സന്തോഷകരമായി തോന്നാം. ചുരുണ്ട മുടി നേരേയാക്കുന്നതെ നേരെയുള്ള മുടി ചുരുണ്ടതാക്കുന്നതോ അത്മസംതൃപ്തി നല്‍കാം. അതിവേഗത്തില്‍ വാഹനമോടിച്ചോ കൂട്ടുകാരൊന്നിച്ച് വിദൂരയാത്രകള്‍ നടത്തിയോ പബ്ബുകളില്‍ സമയം ചിലവഴിച്ചോ റസ്റ്റോറന്റുകളില്‍ നിന്ന് ആഹാരം ഓര്‍ഡര്‍ ചെയ്ത് രാജകീയമായി കഴിക്കുന്നതിലുമൊക്കെ സന്തോഷം കണ്ടെത്താം. സമ്പത്ത് സാധനങ്ങള്‍ വാങ്ങാനുള്ള സ്വാതന്ത്ര്യം തരുന്നു. അത് സ്ത്രീ സ്വാതന്ത്ര്യമായും പിന്നോക്കാവസ്ഥ മറികടക്കാനുള്ള വഴിയായും വ്യാഖ്യാനിക്കപ്പെടുന്നു (3).

അങ്ങനെ വ്യവസ്ഥയില്‍ അസംതൃപ്തരായവര്‍ക്ക് വേണ്ടി വ്യത്യസ്ഥ ഉത്പന്നങ്ങളും ആശയങ്ങളും നിര്‍മ്മിക്കുക വഴി അവരേയും ഈ പുരാതന ചൂഷണ വ്യവസ്ഥയുടെ ഭാഗമാക്കാന്‍ കഴിയുന്നു എന്നതാണ് ഈ വ്യവസ്ഥയുടെ സൗന്ദര്യം. സ്ത്രീകളെ അവരുടെ ശ്രദ്ധ മുഴുവന്‍ തങ്ങളിലേക്ക് തന്നെ കേന്ദ്രീകരിച്ച് ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളേയും പുച്ഛിച്ച് അവയെക്കുറിച്ച് അഭിപ്രായമില്ലാത്ത പൗരന്‍മാരാക്കുമ്പോള്‍ മുതലാളിത്തത്തിന്റെ എഞ്ജിനെ പ്രവര്‍ത്തിപ്പിക്കുന്നതിലുപരിയായി അധികാരികള്‍ വലിയൊരു കാര്യമാണ് നേടുന്നത്. അനുസരണശീലമുള്ള, അധികാരികള്‍ക്ക് വിധേയരായ, ചോദ്യങ്ങളില്ലാത്ത ഒരു പൗരസമൂഹത്തെ അവര്‍ക്ക് വെറുതേ കിട്ടുന്നു. യാതൊരു സാമൂഹ്യമാറ്റവും കൂടാതെ വ്യവസ്ഥ എല്ലാവരേയും ഉള്‍ക്കൊണ്ട് പണക്കാരന് വേണ്ടി പണിയെടുപ്പിക്കുന്നു. ഒരു നല്ല നാളെ വരുമെന്ന പ്രതീക്ഷയോട്.

ശ്രദ്ധയില്‍ വരാത്ത പ്രായോഗികമായ വിവേചനം

സ്ത്രീകള്‍ക്കെതിരെ പൊതു സമൂഹത്തില്‍ വിവേചനം കാണിക്കുന്നു. തുല്യ ജോലിക്ക് തുല്യ വേതനം ഒരു രാജ്യത്തുമില്ല. അമേരിക്കയില്‍ ആണുങ്ങള്‍ക്ക് ശരാശരി ഒരു ഡോളര്‍ ശമ്പളം കിട്ടുമ്പോള്‍ അതേ ജോലി ചെയ്യുന്ന വെള്ളക്കാരായ പെണ്ണുങ്ങള്‍ക്ക് ശരാശരി 77 സെന്റേ ശമ്പളം കിട്ടൂ. ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീകള്‍ക്ക് 69 സെന്റും, ലാറ്റിന്‍ സ്ത്രീകള്‍ക്ക് 59 സെന്റും വീതമാണ് ശമ്പളം ലഭിക്കുക.

ഹിലറി ക്ലിന്റണ്‍ ‘ഫെമിനിസ്റ്റ്’ എന്ന ലേബലില്‍ അറിയപ്പെടുന്നുവെങ്കിലും, വിക്കീലീക്സ് പുറത്തുവിട്ട ഇമെയിലുകളുടെ അടിസ്ഥാനത്തില്‍ Clinton Foundation ഉം അവരുടെ സെനറ്റ് ഓഫീസും പുരുഷ ജോലിക്കാര്‍ക്ക് ഒരോ ഡോളര്‍ ശമ്പളം കൊടുക്കുമ്പോള്‍ സ്ത്രീ ജോലിക്കാര്‍ക്ക് 72 സെന്റ് വീതം മാത്രമാണ് നല്‍കുന്നത്.(4)

അവിടെ അടുത്ത കാലത്ത് Walmart ലെ സ്ത്രീകള്‍ ഈ അനീതിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് കൊടുത്തു. എന്നാല്‍ കോടതി കമ്പനിയുടെ ഒപ്പമായിരുന്നു. കേസ് തള്ളിക്കളഞ്ഞു. മുതലാളി സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി നില നില്‍ക്കുന്നെങ്കില്‍ ഇത് സംഭവിക്കില്ലല്ലോ. മുതലാളിക്ക് കമ്പോളത്തിലെ സ്ത്രീ സ്വാതന്ത്ര്യമാത്രമേ വേണൂ. ഇപ്പോഴത്തെ അവസ്ഥയില്‍ മുതലാളി തുല്യ വേതനം കൊടുത്താലും നഷ്ടമില്ല. കാരണം സ്ത്രീകള്‍ അച്ചടക്കമുള്ള, ശബ്ദമില്ലാത്ത, അനുസരണയുള്ള തൊഴിലാളികളാണല്ലോ.

വിദ്യാഭ്യാസത്തിനുള്ള അവസരം സ്ത്രീകള്‍ക്ക് പലയിടത്തും തടയപ്പെടുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ കാര്യം പറയാനില്ല. അമേരിക്കയില്‍ ഒരു ദിവസം 500 ന് അടുത്ത് സ്ത്രീകളാണ് ബലാല്‍ക്കാരം ചെയ്യപ്പെടുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ അതിലേറെയാണ്. ഈ അക്രമങ്ങള്‍ ആരുടെ മേലെ നടന്നാലും അത് അക്രമമാണ്. സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. സ്ത്രീകള്‍ക്കെതിരായ ഈ അക്രമങ്ങളെല്ലാം ഒരു ക്രമസമാധാന പ്രശ്നമാണ് (5). പക്ഷേ ഇതൊക്കെ ഉപരിതലത്തില്‍ പ്രകടമാകുന്ന പാര്‍ശ്വഫലങ്ങളാണ്. അടിസ്ഥാന പ്രശ്നങ്ങള്‍ ഇതൊന്നുമല്ല.

വ്യവസ്ഥയുടെ പാലകരായ സ്വതന്ത്ര സ്ത്രീകള്‍

എപ്പോഴൊക്കെ ഒരു സ്ത്രീ രാഷ്ട്രീയ അധികാരിയായി വരുമേപോഴോ, കമ്പനിയിലെ ഉയര്‍ന്ന സ്ഥാനത്തെത്തുമ്പോഴോ, വാര്‍ത്തക്കള്‍ സൃഷ്ടിക്കുമ്പോഴോ അവരുടെ വ്യക്തിഗത നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ച് അത് സ്ത്രീ സ്വാതന്ത്ര്യമായും കമ്പോള മാധ്യമങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. വ്യവസ്ഥയുടെ പാലനത്തിനായ സര്‍ക്കാര്‍, നിയമ(കോടതി), കമ്പനി തൊഴില്‍ രംഗത്ത് ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം സ്ത്രീ സ്വതന്ത്രയാകുന്നതായി അവര്‍ തെറ്റിധരിപ്പിക്കുന്നു. 80% ദരിദ്ര സ്ത്രീകളുടെ അവസ്ഥയില്‍ മനംനൊന്ത് സര്‍ക്കാര്‍ ധനികരായ സ്ത്രീകള്‍ക്ക് നികുതിയിളവും നല്‍കുന്നു. നമുക്ക് വനിതാ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറുമൊക്കെയുണ്ടായിട്ടുണ്ട്. ബഹുരാഷ്ട്രാ കോര്‍പ്പറേറ്റ് ഭീമന്‍മാരെ നയിക്കുന്ന സ്ത്രീകളുണ്ട്.

പ്ലേറ്റോയുടെ കാലം മുതല്‍ക്കുള്ള ഒരു തട്ടിപ്പാണിത്. അടിച്ചമര്‍ത്തപ്പെട്ട് കിടക്കുന്ന ജനവിഭാഗങ്ങളില്‍ നിന്ന് ‘മുത്തുകളെ’ കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനേക്കുറിച്ച് റിപ്പബ്ലിക്കില്‍ അദ്ദേഹം പറയുന്നുണ്ട്. ശരിക്കും ഇത്തരം മുത്തുകള്‍ ഒരു സാമൂഹ്യമാറ്റവും ഉണ്ടാക്കാതെ വ്യവസ്ഥയെ തകരാതെ അസംതൃപ്തരെ അനുനയിച്ച് കൊണ്ടുപോകുകയാണ് ചെയ്യുന്നത്.

99% സമ്പത്തും അധികാരവും കൈയ്യാളുന്ന പുരുഷനുവേണ്ടിയാണ് ലോകം മുഴുവന്‍ യുദ്ധവും അക്രമവും ഉണ്ടാകുന്നത്. അതിന്റെ ഗുണഭോക്താക്കാള്‍ പുരുഷനാണ്. എന്നാല്‍ അതിന്റെ കൊടിയ യാതന അനുഭവിക്കുന്നത് ഒരധികാരവുമില്ലാത്ത സ്ത്രീകളും കുട്ടികളും. അധികാരത്തിലെത്തുന്ന സ്ത്രീകളും അക്രമത്തിന്റെ ഈ വഴി തുടരുകമാത്രമാണ് ചെയ്യുന്നത്. കാരണം അവര്‍ക്ക് സ്വന്തമായി അഭിപ്രായമില്ല. സ്വാര്‍ത്ഥതമാത്രമാണ് അവര്‍ പഠിച്ച പാഠം. ബൗദ്ധികമായി ഒറ്റപ്പെട്ട് ഒന്നും അറിയാതെ ജീവിച്ച് ഒരു ദിവസം അധികാരത്തിലേക്ക് എത്തുന്ന അവര്‍ക്ക് മറ്റെന്തുചെയ്യാനാണ്. അതുകൊണ്ട് അധികാരത്തിലെത്തുന്ന സ്ത്രീകളും, ജീവിത വിജയം നേടിയ സ്ത്രീകളും പുരുഷാധിപത്യം തന്നെയാണ് നടപ്പാക്കുന്നത്.

സ്ത്രീ സ്വാതന്ത്ര്യം

ഇന്‍ഡ്യയുടെ ആദ്യത്തെ ലോക് സഭയില്‍ 23 പേര്‍ സ്ത്രീകളായിരുന്നു. എന്നാല്‍ 60 കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോള്‍ 59 പേര്‍ മാത്രം സ്ത്രീകള്‍. സംവരണമൊക്കെ നല്‍കിയാണിത്രയും എത്തിച്ചതെന്ന് പറയുമ്പോള്‍ നാണക്കേട് തോന്നും. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. അമേരിക്കന്‍ സര്‍ക്കാരില്‍ ഇപ്പോള്‍ പോലും 17% ജനപ്രതിനിധികളേ സ്ത്രീകളായുള്ളു.

എന്തുകൊണ്ട് സ്ത്രീകള്‍ക്ക് രാഷ്ട്രീയ അഭിപ്രായം ഉണ്ടാവുന്നില്ല? പരിസ്ഥിതി ബോധം ഉണ്ടാവുന്നില്ല? സാമ്പത്തിക, സാമൂഹ്യ, ചരിത്ര, ശാസ്ത്ര അവബോധം ഉണ്ടാവുന്നില്ല? അഥവാ ഇത്തരം വിഷയങ്ങളോട് സ്ത്രീകള്‍ എന്തുകൊണ്ട് വെറുപ്പ് പ്രകടിപ്പിക്കുന്നു? 50% പൗരന്‍മാരും സ്ത്രീകളാണ്. ബോധമുള്ള ജനതക്കേ നല്ല ജനാധിപത്യം നടപ്പാക്കാനാവൂ.

സ്ത്രീ പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമാണ്. അതിന് രാഷ്ട്രീയമായാണ് പരിഹാരം കാണേണ്ടത്. നിര്‍ഭാഗ്യവശാല്‍ പതിനായിരക്കണിക്കിന് വര്‍ഷങ്ങളിലെ അടിമത്ത ഫലമായും ആധുനിക ദാരുണ മുതലാളിത്തത്തിന്റെ മായാ ലോകത്തിന്റെ പ്രഭാവവും കാരണം സ്ത്രീകള്‍ക്ക് രാഷ്ട്രീയമായ നിലപാടുണ്ടാക്കാന്‍ കഴിയുന്നില്ല. അറിയാനുള്ള അവസരമുള്ളവര്‍ പോലും ശരീരത്തെ ചുറ്റിപ്പറ്റിയും, പുരുഷന്‍ എന്ന ശത്രു ജീവിയെക്കുറിച്ചുള്ള വെറുപ്പിലും മുഴുകി പ്രശ്നത്തെ തെറ്റിധരിപ്പിക്കുന്നു.

മറ്റെല്ലാ സ്വത്വവാദം പോലെ സ്ത്രീ സ്വത്വവാദവും ആവശ്യപ്പെടുന്നത് ഒരു കാര്യമാണ്. നിലനില്‍ക്കുന്ന ഈ വ്യവസ്ഥ ഇതുപോലെ തന്നെ നിലനിര്‍ത്തിക്കൊണ്ട് തങ്ങള്‍ അനുഭവിക്കുന്ന ചില പ്രശ്നങ്ങള്‍ ഇല്ലാതാക്കി തന്ന് തങ്ങളിലെ ചിലരെയെങ്കിലും വ്യവസ്ഥയുടെ സുഖങ്ങള്‍ അനുഭവിക്കാന്‍ അനുവദിക്കണം എന്നാണ് അവര്‍ പറയുന്നത്.

അടിച്ചമര്‍ത്തലിന്റെ അടിസ്ഥാനം

ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. 1. സ്ത്രീകളുടെ പ്രശ്നം എന്നത് അവര്‍ക്കെതിരായ ആക്രമണം ആണെന്നും അതിന് പരിഹാരം ആവശ്യപ്പെടുന്നത് വഴി യഥാര്‍ത്ഥ പ്രശ്നത്തെ മറച്ച് വെക്കുക. 2. മുതലാളിത്തത്തിന്റെ ലാഭത്തിനായി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന തോന്നലുണ്ടാക്കുന്ന കമ്പോളത്തില്‍ പരസ്യപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന കമ്പോള ഫെമിനിസത്തെ പരിഹാരമായി വരുത്തിത്തീര്‍ക്കുക. അത് തട്ടിപ്പാണ്. ആ കെണിയില്‍ നാം വീണുപോകരുത്.

ഏത് പ്രശ്നത്തേയും നാം സമീപിക്കുമ്പോള്‍ ഏറ്റവും ആദ്യം ഏറ്റവും പ്രാധാന്യത്തോടെയും നാം ചെയ്യേണ്ട കാര്യം എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കുകയാണ്. അതായത് എന്തുകൊണ്ട് വ്യവസ്ഥ സ്ത്രീയെ അടിച്ചമര്‍ത്തുന്നു? അതിന് കമ്പോള ഫെമിനിസം കണ്ടെത്തുന്നത് പുരുഷന്‍ ദുഷ്ടനാണ് എന്ന കേവലയുക്തിയിലാണ്.

മുതലാളിത്ത വ്യവസ്ഥയിലെ എല്ലാ അടിച്ചമര്‍ത്തലിന്റേയും പ്രധാന കാരണം ലാഭമാണ്. സ്ത്രീകളുടെ അദ്ധ്വാന ശേഷിയെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണ് അടിച്ചമര്‍ത്തുന്നത്. സ്ത്രീയെ രാഷ്ട്രീയ അഭിപ്രായമില്ലാത്തവളാക്കി മാറ്റുന്നതിലൂടെ അവളെ വ്യവവസ്ഥക്ക് വിധേയയായ, അനുസരണയുള്ള വ്യവസ്ഥയുടെ ഒരു കാവല്‍ പടയാളിയായി അവര്‍ക്ക് മാറ്റാനാകുന്നു. ഉദാഹരണത്തിന് മുതലാളിത്തത്തിന്റെ ലാഭത്തെ ബാധിക്കുന്ന പരിസ്ഥിതിവാദത്തെ ആക്രമിക്കാന്‍ മുതലാളിത്തം ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് സ്ത്രീ. സൈക്കിളിലിരിക്കുന്ന വിയര്‍ത്ത് മുഷിഞ്ഞ ഒരു പുരുഷനെ കാര്‍ ഓടിക്കുന്ന ഒരു സ്ത്രീ കളിയാക്കിച്ചിരിക്കുന്ന ചിത്രം ആണ് കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ഒരു കാര്‍ കമ്പനിയുടെ ഒരു പരസ്യമായി കൊടുത്തത്. നിങ്ങളുടെ വീട്ടില്‍ പോലും ചെറിയ മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ശക്തമായി മുന്നോട്ട് വരുന്ന വീട്ടിലെ സ്ത്രീകളായിരിക്കും എന്ന് പരിസ്ഥിതി ബോധമുള്ളവര്‍ക്ക് അനുഭവമുണ്ടായിരിക്കും. ആര്‍ഭാഡ, ആഡംബര ബോധത്തിന് അടിമപ്പെട്ട സ്ത്രീ മുതലാളിത്തിന്റെ ലാഭം ഉറപ്പാക്കുന്നു.

മുതലാളിത്തം അതിന്റെ ലാഭം ഉറപ്പിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ കാണുന്ന എല്ലാ ചീത്ത കാര്യങ്ങളുടേയും അടിസ്ഥാനം. സമൂഹത്തില്‍ അതിനെതിരായി ഒരു ശബ്ദവും ഉയരാതിരിക്കുന്നത് ഉറപ്പാക്കാന്‍ മുതലാളി വര്‍ഗ്ഗം എപ്പോഴും ശ്രമിക്കുന്ന കാര്യമാണ്. ഏത് പ്രശ്നത്തേയും അവര്‍ അവര്‍ക്കനുകൂലമായതായി മാറ്റും. സ്ത്രീകളുടെ കാര്യവും അങ്ങനെയാണ്. ഫെമിനസത്തിന്റെ തുടക്കത്തില്‍ തന്നെ അതിനെ ഏറ്റെടുത്തത് മുതലാളിത്തമാണ്. ഉദാഹരണത്തിന് ആഹാരം വീട്ടിലെ അടുക്കളയിലുണ്ടാക്കുന്നത് മോശം പരിപാടിയാണ്. നിങ്ങളുടെ ആഹാരം കടയില്‍ നിന്ന് വാങ്ങി കഴിക്കുന്നതാണ് അടുക്കളയിലെ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്നായിരുന്നു 60കളില്‍ അമേരിക്കയിലെ ഫാസ്റ്റ്ഫുഡ് കമ്പനികളുടെ പരസ്യം.

ഈ ചൂഷണ വ്യവസ്ഥയെ സ്പര്‍ശിക്കാത്ത ഒരു കാര്യവും അടിസ്ഥാനമായി ഒരു മാറ്റവും ഉണ്ടാകില്ല. താല്‍ക്കാലികമായി പരിഹരിച്ച പ്രശ്നങ്ങള്‍ എല്ലാം ഭാവിയില്‍ പ്രഹസനമായി ആവര്‍ത്തിക്കും. സ്ത്രീ സ്വാതന്ത്ര്യം തീര്‍ച്ചയായും ഈ വ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്നതാകണം. പണത്തിന്റെ ഒഴുക്കിനെ ചോദ്യം ചെയ്യുന്നതാകണം.

സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ സ്ത്രീകളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം

അതുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിമോചനം, ഫെമിനിസം എന്നതുകൊണ്ട് സ്ത്രീകളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഒരു വ്യക്തി പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിയേണ്ടാത്ത അവസ്ഥയിലേക്ക് സമൂഹം എത്തിച്ചേരുന്ന അവസ്ഥ ഉണ്ടാകണം. സ്ത്രീകളുടെ രാഷ്ട്രീയമായ ഉയര്‍ത്തെഴുനേല്‍പ്പിലൂടെയേ അത് സാദ്ധ്യമാകൂ. അതായത് അടിസ്ഥാനപരമായി ഫെമിനിസം ഒരു മുതലാളിത്ത വിരുദ്ധ പ്രവര്‍ത്തനമാകണം.

അമ്മ അറിയുക

അതിന് ആദ്യം വേണ്ടത് ഈ ലോകത്ത് നടക്കുന്ന കാര്യങ്ങളെന്തെന്ന് അമ്മമാരറിയണം. അവര്‍ക്ക് അഭിപ്രായമുണ്ടാകണം. അത് അവര്‍ തുറന്ന് പറയണം. സമൂഹം അത് ശ്രദ്ധിക്കണം. ശരിയായവ ഉള്‍ക്കൊള്ളണം. സ്ത്രീ എന്ന പരിഗണനയില്ല ഇത് ചെയ്യേണ്ടത്. മനുഷ്യന്‍, പൗരന്‍ എന്ന നിലയില്‍ വേണം. ആര്‍ക്കും ഔദാര്യവും സംവരണവും വേണ്ട. അവകാശം അംഗീകരിക്കുകയാണ് വേണ്ടത്. അതുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യം അല്ലെങ്കില്‍ സ്ത്രീ പുരുഷ സമത്വം എന്നൊക്കെ പറയുന്നതുകൊണ്ട് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ കാര്യത്തിലും തുല്യതയാണ്. സ്ത്രീ വര്‍ഗ്ഗീയതയിലടിസ്ഥാനമായി സംഘടിക്കുന്നതിന് പകരം പൊതുവായ എല്ലാ പ്രശ്നങ്ങങ്ങളിലും സ്ത്രീകള്‍ ഇടപെടണം. മറ്റ് വര്‍ഗ്ഗീയതകള്‍ പോലെ സ്ത്രീ വര്‍ഗ്ഗീയതയും ഒന്നിനും ഒരു പരിഹാരമല്ല. അത് പ്രശ്നത്തെ വഴിതിരിച്ച് വിടുകമാത്രമാണ് ചെയ്യുന്നത്. അതിന് വ്യവസ്ഥ സ്ത്രീകള്‍ക്കെന്ന് പറഞ്ഞ് അനുവദച്ചുള്ള ആഹാരം, ആര്‍ഭാടം, ലൈംഗികത തുടങ്ങിയ വിഷയങ്ങള്‍ക്കതീതമായി എല്ലാ കാര്യത്തിലും സമഗ്രമായ അറിവ് നേടാനും സ്വന്തമായ അഭിപ്രായമുണ്ടാകാനും ശ്രമമുണ്ടാകണം. കൂടുതല്‍ ശരിയായ അറിവ് കിട്ടുമ്പോള്‍ സ്വന്തം തെറ്റ് തിരുത്താനുള്ള സന്നദ്ധത കാട്ടണം. സ്വന്തം ശരീരത്തെക്കുറിച്ചുള്ള അഭിനിവേശത്തിന്റെ ചങ്ങലയില്‍ നിന്ന് മോചിതയാകണം. ഇവയാണ് സ്ത്രീ സമൂഹം അവശ്യം ചെയ്യേണ്ട കാര്യം.

സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്തെങ്കിലും ശാരീരികമായ, ഭൌതികമായ വിലക്കുകളെ മറികടക്കുക എന്നതല്ല. ശരീരം നിങ്ങള്‍ക്ക് സൌജന്യമായി കിട്ടുന്നതാണ്. അല്ലാതെ ആരും സ്വയം നിര്‍മ്മിക്കുന്നതല്ലല്ലോ. അതുകൊണ്ട് അതിനെ അവഗണിക്കുക. (ആരോഗ്യം നോക്കണേ. അതുപോലെ മറ്റ് പ്രായോഗിക പ്രശ്നങ്ങളും. അത് വേറെ കാര്യങ്ങള്‍.) സത്യത്തില്‍ സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ അറിവില്ലായ്മയില്‍ നിന്നുള്ള മോചനമാണ്. അത് നാം സ്വയം ചെയ്യേണ്ട കാര്യമാണ്.

അനുബന്ധം:
1. കമ്പോള സ്ത്രീ വിമോചന വാദം
2. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
3. പിന്നോക്കക്കാരുടെ പരിസര മലിനീകരണം
4. ‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ്‍ സ്ത്രീ ജോലിക്കാര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നത്
5. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമാണോ

(പുതുക്കി: 2020/10/31)


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

11 thoughts on “സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?

  1. പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ വന്നപ്പോള്‍ നമ്മുടെ മനോഭാവം വ്യക്തമായി. സ്കാന്റിനേവിയന്‍ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ 50% ത്തില്‍ അധികം സ്ത്രീകളുണ്ട്.

    1. സംവരണം ഇല്ലാതെ തന്നെ സ്വാഭാവികമായി സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന അവസ്ഥയുണ്ടാക്കണം. അതാണ് യഥാര്‍ത്ഥ പ്രശ്നം. സംവരണം അത് മറച്ച് വെക്കുകയാണ്.

  2. Biological role played by female influences the socio-political involvement of female. This is a reality. Religion and such kind of ideas uses this fact in a negative sense to misinterpret it as a natural incapability of female to enter in public space. But the time constraint which restrict females from political and social entry should be identified and proper infrastructure should be provided to overcome this reality. At presently gender discussions are trying to create enemity in between male female and this is actually a planned agenda of the market. Body related discussions are trying to keep female a private property of male and it seems to be progressive but hidden agenda is regressive.

  3. The article is good. At least such discussions and thought processes are taking place in Kerala. Thanks. what Mallika says is true. the time constraint is a major issue, for which the role of women in the family has to be reconstituted and redefined. Do we need a separate time schedule for women? Do we need such big separate houses which takes lion’s share of womens’ time ( mind it women’s alone) do we need such an elaborate cooking? Do we need separate kitchen as it is? What about a commune kitchen? packed food so that her burden can be minimised and her time can be and (should be) used for the social upliftment and her social committment. Her own idea about her role has to be changed. Take for eg. If the husband/father/mother/child anyone is sick at home, she cancels her seminar/class/work/programme and sit at home. But when she is ill, none of the other members cancels their programme. She as well as her dedication/sincereity is taken for a ride. It is considered a cheap and free labour. This attitude has to be eradicated from her as well as from the society.
    Our public sphere should start thinking of accomodating women according to the time feasible for her.

    What was missing in the article ( ofcourse, one cannot drag all the details but a major issue) is the role of women in Kerala in the labour force. we always talk about middle class issues and their problems, there is atleast 30+% who are not living but surviving and survival becomes an issue. The false notions created by the bourgeoning middle class has silenced them. They feel ashamed to say they are poor/underprivileged. For them “freedom” is not an issue, but “living” is an issue The neo-liberal values and policies in the work front have taken them for granted. They are being sqeezed of their energy for mere income like Rs. 150/-per day. This is not the case of women alone. Men in Calicut working in the textile shops in S.M. Street are getting Rs. 150/- per day. what they will do with this? They have no bargaining power because they are not orgnaised, it is not possible to organise workers in the neo-liberal society. What we should disicuss in details is their plight, than wearing jeans and tights.

  4. @mallika :
    സ്ത്രീകളുടെ ശാരീരികമായ അവസ്ഥ അല്ല അവളുടെ പിന്നോക്ക അവസ്ഥക്ക് കാരണമായത്. വിശദമായി എഴുതേണ്ടതുകൊണ്ട് അത് വേറൊരു ലേഖനമാക്കാം.

    @Anandi:
    വ്യവസ്ഥയുടെ പരിപാലനത്തിനുള്ള തൊഴിലുകളില്‍ പ്രാതിനിധ്യവും അതില്‍ തല്യ വേതനവും നേടുക എന്നതല്ല സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ തുല്യത നേടിയാലും അത് ഈ വ്യവസ്ഥയേ മുന്നോട്ട് കൊണ്ടുപോകുക മാത്രമേ ചെയ്യൂ. സാമ്പത്തിക, പരിസ്ഥിതി, സാമൂഹ്യ, സാസ്കാരിക, വ്യവസ്ഥകളെയൊക്കെ തകര്‍ത്ത്, 100% പരാജയമാണെന്ന് പ്രായോഗിഗമായി തെളിയിച്ച (150 വര്‍ഷം മുമ്പ് അറിവുള്ളവര്‍ പറഞ്ഞതാണിത്) ഈ കാലത്തും തകര്‍ന്ന ആ വണ്ടിയെ സ്ത്രീ സമത്വത്തിലൂടെ തള്ളി നീക്കുന്നുതെന്തിനാണ്? പുതിയ വ്യവസ്ഥ വേണം. അത് മൊത്തം ജനങ്ങളും ഇടപെട്ട് സമാധാനപരമായി പടിപടിയായ മാറ്റങ്ങളിലൂടെ വേണം. അതിന് ഏറ്റവും പ്രധാനം തിരിച്ചറിവാണ്.
    തിരിച്ചറിവാണ് ആദ്യം നേടേണ്ടത്. എന്നാല്‍ സ്ത്രീ സമൂഹം അയഥാര്‍ത്ഥ ലോകത്താണ് ഇന്ന് ജീവിക്കുന്നത്. പ്രകൃതി നിര്‍ദ്ധാരണം വഴി മനുഷ്യന്‍ പരിണമിച്ചത് പോലെ സമൂഹത്തിലെ ആശയ തലത്തിലും ഒരു പ്രകൃതി നിര്‍ദ്ധാരണം നടക്കുന്നുണ്ട്. അത് 1% വരുന്ന സമ്പന്നര്‍ക്ക് ആര്‍ഭാട ജീവിതം നയിക്കാനും ബഹുഭൂരിപക്ഷത്തെ ചൂഷണം ചെയ്യാനും വേണ്ട അവസ്ഥ സൃഷ്ടിക്കാനാണ്. അടുത്തകാലത്ത് GM കാര്‍ കമ്പനി സൈക്കിള്‍ യാത്രക്കാരെ കളിയാക്കിക്കൊണ്ട് നടത്തിയ പരസ്യം ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. അതുകൊണ്ട് ആദ്യം നേടേണ്ടത് എല്ലാ കാര്യത്തിലുമുള്ള തിരിച്ചറിവും അഭിപ്രായവും ആണ്. അത് സമൂഹത്തിന്റെ, കാലത്തിന്റെ ആവശ്യകതയാണ്.

  5. സ്ത്രീയും പുരുഷനും സമന്മാരാണെങ്കില് പിന്നെന്തിനാണ് സ്ത്രീക്ക് സംവരണം കൊടുത്ത് അബലയാക്കുന്നത്?

  6. സ്ത്രീയെ രക്ഷിക്കാൻ ഒരു പാട് സംവിധാനങ്ങൾ നിലവിലുണ്ട്. എന്നിട്ടും അവൾ ഇന്നും പലതരം അടിമച്ചങ്ങലയിൽ കുരുങ്ങിക്കിടക്കുക തന്നെയാണ്. എന്താണ് നാം ഒര് മെച്ചപ്പെട്ട സമൂഹമാകാത്തത്? എട്ടിലെ പശു പുല്ല് തിന്നില്ല എന്ന ചൊല്ല് പോലെ കുറെ നിയമങ്ങളും. സ്ത്രീ സുരക്ഷക്കായി എവിടെ തുടങ്ങണം ചികിത്സ എന്നൊരു അന്വേഷണം അത്രേയുള്ളൂ.. ഓരോന്ന് ചിക്കിച്ചികഞ്ഞ് ഇവിടെയെത്തി.

  7. Olympe de Gouges നെ ഗില്ലറ്റിൻ ചെയ്തത് സ്ത്രീ വിമോചനത്തിനു വേണ്ടി സംസാരിച്ചത് കൊണ്ടല്ല,മറിച്ച് ഏകാധിപത്യത്തിനെ /രാജഭരണത്തെ(constituional monarchy) പിന്തുണച്ചത് കൊണ്ടാണ്.ലൂയി പതിനാറാമനെ കൊല്ലുന്നതിൽ പോലും അവർ എതിർത്തിരുന്നു..അതാവാം
    ജേകബിൻസിനെ ചൊടിപ്പിച്ചത്

    1. അതെനിക്ക് അറിയില്ലായിരുന്നു.
      ഒരു പക്ഷെ അവര്‍ ഭിന്നിപ്പുണ്ടാക്കാനായി അറിഞ്ഞോ അറിയാതെയോ സ്ത്രീ സ്വത്വവാദം ഉയര്‍ത്തിയതാകുമോ? സമയം കിട്ടുമ്പോള്‍ നോക്കാം.
      മറുപടിക്ക് നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )