http://georos.blogspot.com/2010/05/blog-post_27.html
BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമായി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു.
പ്രധാന പ്രശ്നം,
1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുതലാളിക്ക് നല്‍കുന്നു
2. ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയുന്നു
3. പരിസ്ഥിതിക്ക് റോഡും യാത്രയും ഉണ്ടാക്കുന്ന ആഘാതം.
കേരളത്തില്‍ എത്രയാളുകള്‍ 50 കിലോമീറ്റര്‍ ഇടവിട്ട് ചുങ്കം നല്‍കി യാത്ര ചെയ്യാന്‍ തയ്യാറാണ്?
ഈ സ്വകാര്യ ചുങ്ക പാതയിലൂടെ കടത്തിക്കൊണ്ടു വരുന്നത്നാല്‍ വില കൂടുന്ന സാധനങ്ങള്‍ വാങ്ങാന്‍ എത്രയാളുകള്‍ക്ക് സമ്മതമാണ്?
50 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ലോറിക്ക് 225/- രൂപയാണ് ടോള്‍. ദീര്‍ഘ ദൂര ലോറി 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്നെന്നു കരുതിയാല്‍ 10 സ്ഥലത്തെങ്കിലും ടോള്‍ കൊടുക്കണം. അതുപോലെ തിരിച്ച് പോകുമ്പോളും ടോള്‍ കൊടുക്കണം. അതായത് 4500 രൂപാ. 4500 രൂപാ ലാഭമുണ്ടാകണമെങ്കില്‍ എന്തൊക്കെ മാന്ത്രിക വിദ്യകളാണ് ടോള്‍ റോഡില്‍ സംഭവിക്കേണ്ടത്? 30 മീറ്ററിലെ നാലുവരി പാതയില്‍ (ഉദാ:ചേര്‍ത്തല-അരൂര്‍ റോഡ്) സൗജന്യ യാത്ര ചെയ്താല്‍ 4500 രൂപായില്‍ അധികം നഷ്ടമുണ്ടാകുമെന്നുള്ള കണക്ക് എങ്ങനെയുണ്ടായി?
225/- രൂപ ടോള്‍ മുതലാളി ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ടോള്‍ ആണ്. ഭാവിയില്‍ അത് എത്ര കൂട്ടണം എന്നൊക്കെ അയാളുടെ തീരുമാനമാണ്. കോടതിക്കുപോലും ഇടപെടാന്‍ പറ്റില്ല. അങ്ങനാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. (ഗാമണ്‍ ഇന്‍ഡ്യയുടെ കൊച്ചിയിലെ പാലത്തിലെ ടോളിനെതിരെ ജനങ്ങള്‍ കേസിനുപോകുകയും അവസാനം കമ്പനിക്ക് ടോള്‍ പിരിവ് 20 കൊല്ലം കൂടി കൂട്ടി കൊടുത്തതോര്‍ക്കുക.)
തടസങ്ങളില്ലാത്ത ബോംബേ-പൂനേ എക്സ്പ്രസ് ഹൈവേ ഉണ്ടായിട്ടുകൂടി ലോറികള്‍ ടോള്‍ നല്‍കാതെ NH-4 ലുടെയാണ് യാത്ര ചെയ്യാന്‍ തയ്യാറായത്. ടോള്‍ റോഡ് ലാഭകരമെങ്കില്‍ അവര്‍ എക്സ്പ്രസ് ഹൈവേയിലൂടെ അല്ലേ യാത്ര ചെയ്യേണ്ടത്? NH-4 ലെ സൗജന്യയാത്രകാരണം തങ്ങളുടെ ലാഭത്തിന് വലിയ ഇടിവുണ്ടാകുന്നു എന്ന് കണ്ട മുതലാളി, കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയും NH-4 ഉം ടോള്‍ റോഡാക്കി മാറ്റിക്കുകയുമാണുണ്ടായത്. അന്യ സംസ്ഥനങ്ങളിലേയും രാജ്യങ്ങളിലേയും റോഡുകണ്ട് അന്തംവിട്ടുനില്‍ക്കുമ്പോള്‍ ഇത്തരം കാഴ്ച്ചകളും കാണുക.
സര്‍ക്കാരിന്റെ കൈയ്യില്‍ കാശില്ലെന്ന് ആരു പറഞ്ഞു. BOT റോഡിന്റെ 40% തുക സര്‍ക്കാരാണ് നല്‍കുന്നത്. വിലകൂട്ടിയിട്ട് പിന്നീട് 10% ഡിസ്കൗണ്ടിന് സാധനങ്ങള്‍ വില്‍ക്കുന്ന മുതലാളിമാരേ നമുക്കറിയാം. BOT മുതലാളിയും അതു തന്നെയാണ് ചെയ്യുന്നത്. PWD റോഡ് നിര്‍മ്മിക്കുന്നത് 6 കോടി/km എന്ന നിരക്കിലാണ്. BOT അതിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 17.6 കോടി/km. അതായത് സര്‍ക്കാര്‍ ഗ്രാന്റുകൊണ്ട് തന്നെ പണിതാല്‍ ഒരോ കിലോമീറ്ററിനും ഒരു കോടി രൂപാ ലാഭം കിട്ടും. (17.6×40/100=7.04). (സര്‍വ്വീസ് റോഡ് വേണ്ടെന്ന് വെച്ച് റോഡുമുതലാളി ചിലവ് ഇപ്പോള്‍ 12 കോടിയായി കുറച്ചിട്ടുണ്ട്)
റോഡ് വേണ്ടെന്ന് ആരും പറയുന്നില്ല. യഥാര്‍ത്ഥത്തില്‍ നാലുവരി പാതക്ക് വേണ്ടി ഇതേ ജനങ്ങള്‍ സ്ഥലം വിട്ടു കൊടുത്തിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്തേ ഇതുവരെ റോഡ് പണിയണമെന്ന് തോന്നിയില്ല. എന്തേ ഇപ്പോള്‍ റോഡുപണിയാന്‍ ഇത്ര ഉത്സാഹം. റോഡ് ആരു പണിഞ്ഞാലും നാലുവരി പാത 20 മീറ്ററിലാണ് പണിയുക. NHAI യുടെ കണക്കനുസരിച്ച് നാലുവരി പാതക്ക് 20 മീറ്റര്‍ മതി. എങ്കില്‍ പിന്നെ തര്‍ക്കിച്ച് സമയം കളയാതെ സര്‍ക്കാരിന് ഇതങ്ങ് പണിഞ്ഞുകൂടെ? റോഡ് എന്നാല്‍ അമേരിക്കന്‍ ആണവനിലയമോ ചന്ദ്രനിലേക്കുള്ള യാത്രയോ എന്നോ കരുതിയാല്‍ മതി! പണം താനേ ഉണ്ടായിക്കോളും.
***
ടോളും അതിലെ ചതികുഴികളുമാണ് പ്രധാന പ്രശ്നം. എന്നാല്‍ ആ പ്രശ്നം ഇവിടെ ആരും ചര്‍ച്ച ചെയ്യാത്തത് ബോധപൂര്‍വ്വമാണ്.
താരതമ്മ്യേന ചെറിയ പ്രശ്നമായ കുടിയൊഴുപ്പിക്കല്‍ പരിഹരിക്കാന്‍ ഡസന്‍ കണക്കിന് മാര്‍ഗ്ഗങ്ങളുണ്ട്. കൂടുതല്‍ പണം കുടിയൊഴുപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കാം, അവര്‍ക്ക് നികുതി ഇളവ് നല്‍കാം, തൊഴില്‍ നല്‍കാം, BOT റോഡിന്റെ ഓഹരി നല്‍കാം വേണമെങ്കില്‍ സംവരണം നല്‍കാം. (ചില ഉദാഹരണങ്ങള്‍ പറഞ്ഞന്നേയുള്ളു.) സര്‍ക്കാരായിരിക്കും (നികുതി ദായകര്‍) പുനരധിവാസവും നഷ്ടപരിഹാരവും ചെയ്യുക, റോഡ് ഉടസ്ഥനാവുന്ന റോഡുമുതലാളിയല്ല. അവസാനം ഇടനിലക്കാരായ രാഷ്ട്രീയക്കാര്‍ ഇടപെട്ട് ഒരു പരിഹാരമുണ്ടാക്കും. മുതലാളിക്കും മാധ്യമക്കാര്‍ക്കും അതുകൊണ്ട് നഷ്ടമുണ്ടാകില്ല. അതായത് ഇതൊരു പരിഹാരമുള്ള പ്രശ്നമാണ്.
എന്നാല്‍ അത് ഉയര്‍ത്തികാട്ടിയാല്‍ മുതലാളിക്ക് രണ്ട് ഗുണങ്ങളുണ്ട്.
൧) കേരളത്തിലെ ജനങ്ങളെ രണ്ട് തട്ടിലാക്കാം. റോഡിന് വേണ്ടി സ്ഥലം നഷ്ടപ്പെടുന്നവരെന്നും റോഡിന്റെ ഗുണം അനുഭവിക്കുന്നവരെന്നും. മൂന്നര കോടി ജനങ്ങളില്‍ ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കൂടുതല്‍ റോഡ് ഉപയോഗിക്കവരാണല്ലോ. അതുകൊണ്ട് ഭൂരിപക്ഷത്തിന്റെ ഗുണത്തിന് വേണ്ടി “വഴി മാറിപോടാ മുണ്ടക്കല്‍ ശേഖരാ” എന്ന ചിന്താഗതി തന്നെയായിരിക്കും കൂടുതല്‍ അംഗീകാരം കിട്ടുകയും വിജയിക്കുകയും ചെയ്യുക. (നര്‍മ്മദാ പദ്ധതിയുമായി ബന്ധപ്പെട്ട കോടതി വിധിയും ഓര്‍ക്കുക)
൨) പരിഹാരമില്ലത്ത ചതിക്കുഴികളെ മറച്ച് വെക്കാം. (യഥാര്‍ത്ഥത്തില്‍ BOT റോഡ് തന്നെയാണ് ചതിക്കുഴി). ചര്‍ച്ചകള്‍ കുടിയൊഴുപ്പിക്കലില്‍ തളച്ചിട്ടാല്‍ ആരും റോഡിന്റെ മറ്റ് പ്രശ്നങ്ങള്‍ ശ്രദ്ധിക്കില്ലോ. അതാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
BOT റോഡ് ദേശീയ പാതയേ അല്ല. അത് സ്വകാര്യ മുതലാളി പണിയുന്ന സ്വകാര്യ പാതയാണ്. BOT സ്വകാര്യ പാത എന്ന് തന്നെയാണ് അതിനെ വിളിക്കേണ്ടത്.
അതുകൊണ്ട് ചര്‍ച്ചയേ BOT റോഡിന്റെ നിയമങ്ങളുമായി ബന്ധപ്പെടുത്തണം. അതാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. ജനങ്ങള്‍ BOT റോഡിനെ തള്ളിക്കളഞ്ഞാല്‍ പിന്നെ തര്‍ക്കിച്ച് സമയം കളയേണ്ട കാര്യമില്ലല്ലോ, സര്‍ക്കാരിന് വേഗം 30 മീറ്ററല്‍ തന്നെ നാലുവരി പാത വേഗം പണിയാം. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ ഉണ്ടായാലും കേരളത്തിലെ ജനങ്ങള്‍ രണ്ട് തട്ടിലാകും. റോഡ് ഉപയോഗിക്കുന്നവരും സ്ഥലം നഷ്ടപ്പെടുന്നവരും ഒന്നിച്ച് ചേരുന്ന ബഹുഭൂരി പക്ഷവും മുതലാളിയും അയാളുടെ എച്ചില്‍ തിന്നുന്ന രാഷ്ട്രീയ, മാധ്യമ ചെരുപ്പ് നക്കികളും, കേരളത്തിലെ സമ്പന്നരും ചേര്‍ന്ന ദുര്‍ബല പക്ഷവും. അത്തരത്തിലുള്ള ഒരു ചേരിതിരുവ് ഉണ്ടാകാതിരിക്കാനാണ് ഈ കുടിയൊഴുപ്പിക്കല്‍ ചര്‍ച്ചകള്‍ എന്ന് തിരിച്ചറിയുക.
***
സര്‍ക്കാരിന് നാം നികുതി കൊടുക്കുന്നത് ജനങ്ങള്‍ക്ക് പൊതുവായി ആവശ്യമുള്ള കാര്യങ്ങള്‍ നടപ്പാക്കാനാണ്. അല്ലാതെ രാഷ്ട്രീയക്കാര്‍ക്കുമ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം കൊടുക്കാന്‍ മാത്രമല്ല. ഗതഗതം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങി പൊതുവായതും അവശ്യമായതുമായ കാര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ചെയ്യണം. അത് ചില സ്വകാര്യ മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള കറവപ്പശുക്കളല്ല. കെടുകാര്യസ്ഥതയുണ്ടെങ്കില്‍ അത് വേറെ പ്രശ്മാണ്. അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗം സ്വകാര്യവത്കരിക്കലല്ല. കുട്ടികള്‍ ചീത്തയായാല്‍ മാതാപിതാക്കള്‍ അവരെ അയല്‍ക്കാര്‍ക്ക് വില്‍ക്കുമോ? നന്നാക്കാല്‍ ശ്രമിക്കും. അതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
ഡ്രസില്‍ പറഞ്ഞതിന്റെ കൂടെ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടേ. ബീഓടി സ്വകാര്യ പാതയുടെ 40% തുക സര്‍കാര്‍ ഗ്രാന്റ് + പുനരധിവാസത്തിനുള്ള വന്‍തുക + റോഡുമുതലാളിക്ക് നല്‍കുന്ന നികുതിയിളവ്, ഇവ മൂന്നും കൂടിയാല്‍ തീര്‍ച്ചയായും 2 റോഡ് പണിയാനുള്ള പണം സര്‍ക്കാര്‍ ചിലവാക്കുന്നതിന് തുല്ല്യമാണ്. കൂടാതെ മുതലാളിക്ക് വിദേശത്തുനിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നികുതി ഇല്ലാതെയാണ്.
റോഡും അനുബദ്ധ ആവശ്യങ്ങള്‍ക്കുമായി 20 മീറ്റര്‍ മതിയെന്നത് NHAI യുടെ കണക്കാണ്.
***
സര്‍വീസ് റോഡ് എന്തിനാണ്? ചേര്‍ത്തല-അരൂര്‍ റോഡിന് സര്‍വീസ് റോഡ് ഇല്ലല്ലോ. റോഡിന്റെ തുക 17കോടിയകിലോമീറ്ററില്‍ നിന്ന് 12 കോടിയായി മുതലാളി ഇപ്പോള്‍ കുറച്ചു. അതോടുകൂടി പുതിയ പദ്ധതിയില്‍ സര്‍വീസ് റോഡ് നീക്കം ചെയ്തു എന്നറിയുക. നാലുവരി പാത എത്ര മീറ്ററിലാണ് പണിയുന്നതെന്ന് അവരുടെ പ്രജക്റ്റ് റിപ്പോര്‍ട്ട് നോക്കുക.
ഗാമണ്‍ ഇന്‍ഡ്യയുടെ കൊച്ചിയിലെ പാലത്തിന് വീണ്ടും 20 വര്‍ഷത്തേക്ക് കൂടി ഉടമാവകാശം കൂട്ടിക്കൊടുത്തതും തിരുവന്തപുരത്തേ ഗോള്‍ഫ് ക്ലബ് തിരിച്ചെടുക്കാനും നടത്തിയ ശ്രമത്തിന്റെ ഫലം ഓര്‍ത്തിട്ട് വേണം Build Operate Transfer ലെ Transfer നേക്കുറിച്ച് നാം സംസാരിക്കാന്‍. ഇപ്പോള്‍ ലഭിക്കുന്നതുപോലെ കൃത്യമായ പണം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമക്കാര്‍ക്കും ലഭിച്ചാല്‍ അവര്‍ ഈ റോഡ് വീണ്ടെടുക്കാന്‍ ശ്രമിക്കുമോ?
വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റിയും, ലോഡ് കപ്പാസിറ്റിക്കുമനുസരിച്ചാണ് ടോള്‍. ശരിയാണ്. അപ്പോള്‍ കാറിന് കിലോമീറ്ററിന് 60 പൈസ എന്ന് പറയുന്നത് കബളിപ്പിക്കാനല്ലേ. ഇന്‍ഡ്യയില്‍ ഏത് കാറിനാണ് ഒറ്റ സീറ്റിംഗ് കപ്പാസിറ്റി ഉള്ളത്? കുറഞ്ഞത് 5 ആണ് സീറ്റിംഗ് കപ്പാസിറ്റി. എങ്കില്‍ കാറിന് കിലോമീറ്ററിന് കറഞ്ഞത് 3 രൂപാ എന്നല്ലേ പറയേണ്ടത്. “വെയ് രാജാ വെയ്” എന്ന് പറഞ്ഞ് ചൂതാട്ടം നടത്തുന്നവന്‍ ഒരിക്കലും അത് തട്ടിപ്പാണെന്ന് പറയില്ലല്ലോ. കാറിന് കിലോമീറ്ററിന് 60 പൈസ എന്ന് പറയുന്നതും ചൂതാട്ടക്കാരന്റെ തട്ടിപ്പാണ്.
റോഡ് പണിതതിന് ശേഷം അത് പണയം വെക്കാന്‍ മുതലാളിക്ക് അവകാശമുണ്ടെന്നേ പറഞ്ഞുള്ളു. അതായത് റോഡ് അയാളുടെ സ്വകാര്യസ്വത്താണന്നര്‍ത്ഥം. NHAI അല്ല. മുതലാളി റോഡ് തിരിച്ച് നല്‍കിലേ അത് NHAI യുടേതാവൂ. റോഡ് പണിയാന്‍ വേണ്ടി അയാള്‍ പണമൊന്നും മുടക്കേണ്ട. സര്‍ക്കാര്‍ അത് നല്‍കിക്കോളും. (ഡിസ്കൗണ്ട് കച്ചവടക്കാരന്റെ പഴയ തന്ത്രം). തിരുവന്തപുരത്ത് സെക്രട്ടറിയേറ്റില്‍ കരാര്‍ പണി നടത്തുന്നവന് സെക്രട്ടറിയേറ്റ് പണയം വെക്കാനാവില്ലലിലോ. എന്നാല്‍ ഈ തട്ടിപ്പ് BOT നിയമനുസരിച്ചാണെങ്കില്‍ അയാള്‍ക്ക് സെക്രട്ടറിയേറ്റ് ബാങ്കില്‍ പണയം വെച്ച് പണം വായ്പയെടുക്കാന്‍ കഴിയും.
ഹൈവേയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് എവിടെ നിന്നും ഇറങ്ങാന്‍ കഴിയില്ല. അതിന് അനുവദിച്ചിട്ടുള്ള പരിമിതമായ വഴികളിലൂടെ മാത്രമേ കഴിയൂ.
മുതലാളി ഇത് പണിയുന്നത് കേരളത്തിലെ ജനങ്ങളുടെ യാത്രാ ദുരിതം കണ്ടിട്ടാണെന്ന് കരുതുന്നത് ശുദ്ധാത്മാക്കള്‍ക്കളാണ്. സര്‍ക്കാരിനില്ലാത്ത ജനസ്നേഹം അവര്‍ക്ക് തോന്നേണ്ട കാര്യമില്ലല്ലോ. അല്ലെങ്കില്‍ സൗജന്യ യാത്ര അനുവദിക്കണം. ലാഭത്തിനാണ് മുതലാളി റോഡ് പണിയുന്നത്. അങ്ങനെയൊരു രീതി നിലനില്‍ക്കുമ്പോള്‍ മുതലാളി ലാഭം കൂട്ടാന്‍ ശ്രമിക്കുമോ അതോ കുറക്കാന്‍ ശ്രമിക്കുമോ. ഈ റോഡ് കുത്തകയാണ്. പകരം യാത്രചെയ്യാന്‍ റോഡില്ലെന്ന് അറിയുക. അതുകൊണ്ട് പണി പൂര്‍ത്തിയായാല്‍ ഇപ്പോള്‍ പറഞ്ഞിട്ടുള്ള പരിമിതമായി ക്രോസിങ്ങുകളും ഇല്ലാതാക്കും, കൂടുതല്‍ ടോള്‍ പോയിന്റുകള്‍ തുടങ്ങും, അങ്ങനെ പലതും.
മുതലാളി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അറിയാത്തതുപോലെ ജനങ്ങള്‍ പെരുമാറുന്നതിന് കാരണം ഉണ്ട്. അതാണ് കാറിന്റെ രാഷ്ട്രീയം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, after neritam. append wordpress. and then press enter key.
ബി.ഓ.ടി. ടോള്‍ പിരിക്കുന്നതിന് നേതാക്കളും ബിനാമികളാകും. തോപ്പുമ്പടി പാലത്തില്‍ നടക്കുന്നത് തന്നെ ഉദാഹരണം. പാലത്തിനെതിരെ സമരം നടക്കുമ്പോള്‍ ടോള്‍ പിരിച്ചിരുന്നത് ഗാമണ്‍ കമ്പനിയായിരുന്നില്ല മറീച്ച് അവര്‍ക്ക് വേണ്ടി ബിനാമിയില്‍ ലീഡറുടെ പഴയ തിരുതയായിരുന്നു…..
അപ്പോള്‍ ടോള്‍ ഏര്‍പ്പെടുത്തേണ്ടത് പല നേതാക്കളുടെയും ഭാവി ശോഭനമാക്കാന്‍ തന്നെയാണ്. അവിടെ രാഷ്ട്രീയമില്ല….
ലേഖനത്തില്‍ പറയുന്നത് പോലെ ചതിക്കുഴിയെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യേണ്ടത്.