ടി.പി.ശ്രീനിവാസന്റെ ആണവനയം

ടിപി.ശ്രീനിവാസന്‍ നമ്മുടെ മുന്‍ നയതന്ത്രജ്ഞനാണ്. അദ്ദേഹത്തിന് ഒരു ആണവ നയം ഉണ്ട്. അത് നാം ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാറിന്റെ കാലത്ത് കണ്ടതാണ്.

ഫുകുഷിമ ആണവ ദുരന്തത്തിന്റെ ഈ കാലത്തും ആ ആണവനയം വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ സംസാരിക്കുന്ന തല വീണ്ടും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. 4 ഘട്ടങ്ങളോടു കൂടിയ ജപ്പാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഈ അപകടം പ്രതീക്ഷിച്ചിരുന്നതായാണ് അദ്ദേഹം പറയുന്നത്. അതായത് പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. എല്ലാം നിയന്ത്രണവിധേയമാണെന്ന് സാരം.

എന്തൊക്കെയാണ് അദ്ദേഹം വിശദീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍ എന്ന് നോക്കാം.

  1. നിലയത്തിന് എന്ത് സംഭവിച്ചാലും ജലം എത്തിച്ച് കോറിനെ തണുപ്പിക്കാന്‍ വേണ്ടി ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പമ്പ് പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനമാണ് ആദ്യത്തേത്. ഭൂകമ്പം കാരണം ഗ്രിഡ് തകര്‍ന്നതിനാല്‍ അത് പ്രവര്‍ത്തിച്ചില്ല.
  2. വൈദ്യുതി കിട്ടാതെ ജല പമ്പ് പ്രവര്‍ത്തിക്കാതെയാകുമ്പോള്‍ ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കും. ഭൂകമ്പവും സുനാമിയും കാരണം അതും പ്രവര്‍ത്തിച്ചില്ലന്ന് ശ്രീ ടിപി.ശ്രീനിവാസന്‍.
  3. ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബാറ്ററി ഉപയോഗിച്ച് പമ്പ് പ്രവര്‍ത്തിപ്പിച്ച് കോറിനെ തണുപ്പിക്കാനും സംവിധാനം ഉണ്ട്. ഭൂകമ്പവും സുനാമിയും കാരണം അതും പ്രവര്‍ത്തിച്ചില്ല.

പിന്നെ എന്തൊന്നാ അവിടെ പ്രവര്‍ത്തിച്ചത് ചങ്ങാതി?

അതാണ് പൂഴിക്കടകന്‍. നാലാമത്തെത്

4. കടലില്‍ നിന്നുള്ള ജലം ഉപയോഗിച്ച് നിലയത്തെ തണുപ്പിക്കല്‍.

ശ്രീ ടിപി.ശ്രീനിവാസന്റെ അഭിപ്രായത്തില്‍ ഇതെല്ലാം കുറ്റമറ്റ പ്രതീക്ഷിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ്. അദ്ദേഹം പറയുന്ന ആദ്യത്തെ മൂന്ന് കാര്യങ്ങളും മിക്ക ആണവ നിലയങ്ങളിലും ഉണ്ട്. എന്നാല്‍ ശരിക്കും അവയൊക്കെ പ്രവര്‍ത്തിക്കുന്നതാണോ? അമേരിക്കയിലെ കഥ നോക്കൂ.

Michigan ലെ Fermi 2 നിലയം ഫുകുഷിമ നിലയത്തിന്റെ അതേ ഘടനയുള്ളതാണ്. അവിടെയും ഡീസല്‍ ജനറേറ്റര്‍ ഉണ്ട്. എന്നാല്‍ ഒരു അന്വേഷണത്തിന്റെ ഫലമായി 1986 മുതല്‍ 2006 വരെയുള്ള 20 വര്‍ഷം ഈ ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയിലായിരുന്നു എന്ന് കണ്ടെത്തി!

അമേരിക്കയുടെ സ്ഥിതി ഇതാണെങ്കില്‍ 20 സുരക്ഷാ സംവിധാനങ്ങളുള്ള ഭോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്റ്ററിയിലെ എല്ലാ സുരക്ഷാ സംവിധാനവും തകര്‍ത്ത് MIC വാതകം പതിനായിരങ്ങളെ കൊന്ന്, ഇപ്പോഴും ജനങ്ങള്‍ക്ക് നഷ്ടപരിഹാരമോ ചികിത്സതോ നല്‍കാതെ കൊല്ലുന്ന ഊ രാജ്യത്തെ അവസ്ഥ എന്തായിരിക്കും? കൂടാതെ എല്ലാ ആണവ കാര്യങ്ങളും രഹസ്യമല്ലേ. [അപകടം നടന്നതിന് ശേഷം സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചാനലിലെ സംസാരിക്കുന്ന തലകള്‍ പറയുമായിരിക്കും.]

ഇനി എന്താണ് അദ്ദേഹത്തിന്റെ നാലാമത്തെ മഹത്തായ സുരക്ഷാ സംവിധാനം. നിലയം തകര്‍ന്നപ്പോള്‍ കടലില്‍ നിന്ന് വെള്ളം കോരി ഒഴിക്കുക. വീണത് വിദ്യ എന്ന ആശാന്റെ വാദം പോലെ എല്ലാം തകര്‍ന്നപ്പോള്‍ ജപ്പാന്‍കാര്‍ കടല്‍ വെള്ളം കോരി ഒഴിച്ച് നിലയത്തെ തണുപ്പിക്കാന്‍ ശ്രമിച്ചു. വിദേശ ചാനലുകള്‍ ശ്രദ്ധിച്ചുള്ളവര്‍ക്കറിയാം അത് എങ്ങനെയാണ് ചെയ്തതെന്ന്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കടലില്‍ നിന്ന് വെള്ളം കോരി കൊണ്ടുവന്ന് നിലയത്തിന്റെ മുകളിലെത്തി താഴേക്ക് ഒഴിക്കുക. ഹെലികോപ്റ്ററിന് അധികം താഴെ വരാനാവില്ല. കാരണം താഴോട്ടു കൂടുതല്‍ വരും തോറും ആണവ വികിരണത്തിന്റെ ശക്തി കൂടും. അതുകൊണ്ട് അവര്‍ താരതമ്യേനെ സുരക്ഷിതമായ ഉയരത്തില്‍ നിന്ന് വെള്ളം ഒഴിച്ചു. ഒരു പ്രവാശ്യം 7 ടണ്‍ വെള്ളമാണ് ഹെലികോപ്റ്റര്‍ ഒഴിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കാറ്റ് കാരണം അത് തൂവി പോകുന്നത് ചാനല്‍ ദൃശ്യങ്ങളില്‍ നിന്ന താങ്കള്‍ കണ്ടുകാണും.

ഈ രീതി ഫലപ്രമാകാത്തതിനാല്‍ പല പ്രാവശ്യം അവര്‍ ഇത് നിര്‍ത്തിവെച്ചു. പിന്നീട് ഇതിന്റെ കൂടെ ജല പീരങ്കിയും ഉപയോഗിച്ച് കടല്‍ ജലം നിലയങ്ങളിലേക്ക് പമ്പ് ചെയ്യുകയും ചെയ്തു.

ഇതില്‍ നിന്ന് എന്താണ് മനസിലാവുന്നത്? കടല്‍ജലം നേരിട്ട് ഉപയോഗിച്ച് നിലയം തണുപ്പിക്കുന്നത് ടിപി.ശ്രീനിവാസന്‍ പറയുന്നതു പോലെ അവര്‍ നേരത്തെ മുന്‍കൂട്ടി കണ്ട കാര്യമല്ല. വീട് കത്തിയമരുമ്പോള്‍ മണ്ണു വാരിയിടുന്നതു പോലെ എതൊരുവനും ചെയ്യുന്ന ഒരു അവസാന ശ്രമം. പക്ഷേ ശ്രീ ടിപി.ശ്രീനിവാസന് അതും നേരത്തെ തയ്യാറാക്കുയ ഒരു വിദ്യ.

ഇത് ലോകത്തൊരിടത്തും പരീക്ഷിച്ച് നോക്കിയിട്ടില്ലാത്ത അപകടകരമായ ഒരു പ്രവര്‍ത്തിയെന്നാണ് ആണവോര്‍ജ്ജ വിദഗ്ദ്ധര്‍ പറയുന്നത്. അതാണ് ശരി.

ഇപ്പോള്‍ നോക്കൂ, ജപ്പാനിലെ കുട്ടികള്‍ക്ക് പൈപ്പ്‌വെള്ളം കൊടുക്കരുതെന്ന് ടോക്യോ ഭരണകൂടം പറയുന്നു. ടോക്യോയിലെ പൈപ്പ് വെള്ളത്തില്‍ സുരക്ഷിത തോതിന്റെ രണ്ടിരട്ടി റേഡിയോ ആക്ടീവ് അയഡിന്‍ കണ്ടെത്തി. നവജാതശിശുക്കള്‍ക്ക് ഈ വെള്ളം നല്‍കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഫുകുഷിമയില്‍ ഉത്പാദിപ്പിക്കുന്ന 11 ഇനം പച്ചക്കറികള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിദേശ രാജ്യങ്ങള്‍ ജപ്പാനില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ചു. കുടിവെള്ളത്തിന് റേഷനാണവിടെ. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു.

ചോദ്യം ഇതൊന്നുമല്ല. ടിപി.ശ്രീനിവാസന് എന്തിന് ഒരു ആണവനയം ഉണ്ടാകുന്നു ?

അതാണ് ചോദ്യം. അദ്ദേഹത്തെ പോലുള്ള നയതന്ത്രജ്ഞര്‍ക്ക് ആണവോര്‍ജ്ജം പ്രീയമാകാന്‍ രണ്ട് കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനം അമേരിക്കയുമായുള്ള ചങ്ങാത്തമാണ്. അമേരിക്കയുമായി കരാറുണ്ടാക്കി, അവരുടെ പഴഞ്ചന്‍ റിയാക്റ്ററുകള്‍ വാങ്ങിയാല്‍ അവരുമായുള്ള സൗഹൃദം കൂടും എന്നാണിവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ലോകത്ത് ഒരിക്കലും വിശ്വസിക്കാന്‍ പറ്റത്ത സര്‍ക്കാരാണ് അമേരിക്ക എന്നത് ചരിത്ര യാഥാര്‍ത്ഥ്യാമാണ്. അവര്‍ക്കാ റാന്‍ മൂളി നിന്നാല്‍ മാത്രമേ അവര്‍ സഹകരിക്കൂ.

രണ്ടാമത്തെ കാരണം കമ്മീഷന്‍ ആണ്. അത്യധികം പണച്ചിലവുള്ള പദ്ധതിയാകയാല്‍ അതില്‍ നിന്നുള്ള കമ്മീഷന്‍ വലുതായിരിക്കും. അതുകൊണ്ട് ഉദ്യോഗസ്ഥന്‍മാര്‍ക്കും, മാധ്യമക്കാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഇത് വളെ പ്രീയപ്പെട്ടതാണ്.

പക്ഷേ ഇവര്‍ അവരുടെ സ്വകാര്യലാഭത്തിന് വേണ്ടി പന്താടുന്നത്, ഒരു ജനതയുടെ ഭാവിയെയാണ്. അതി സമ്പന്നമായ ഒരു രാജ്യമായിട്ടു കൂടി ജപ്പാന്‍കാര്‍ പാടുപെടുന്നത് കണ്ടില്ലേ. അതിനേക്കാറേറെ ഈ ശ്രമങ്ങള്‍ നടത്തുന്ന തൊഴിലാളികളുടെ അവസ്ഥ എന്താണ്? അവര്‍ ജീവനുള്ള ശവശരീരം മാത്രമാണ്. എത്ര സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാലും ജീവിതകാലം മുഴുവന്‍ രോഗികളായി കഴിയാന്‍ വേണ്ടതിലധികം റേഡിയേഷന്‍ ഈ ധീരരായ തൊഴിലാളികള്‍ സഹിച്ചിട്ടുണ്ടാവും. ശീതീകരിച്ച ചാനല്‍ മുറികളിലെ സംസാരിക്കുന്ന തലകള്‍ക്ക് ഇത് എന്തിനറിയണം. “ഗ്രോത്ത്” അല്ലേ പ്രധാനം.

ദീപസ്തഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.

One thought on “ടി.പി.ശ്രീനിവാസന്റെ ആണവനയം

ഒരു അഭിപ്രായം ഇടൂ