1500 ല്‍ അധികമാളുകള്‍ വിമാന അപകടങ്ങളില്‍ മരിക്കുന്നു. കണ്ടുപിടുത്തക്കാരില്‍ ഒരാളായ ഓര്‍വില്‍ റൈറ്റ് പോലും സ്വന്തം കണ്ടുപിടുത്തത്താല്‍ മാരകമായ അപകടത്തില്‍ പെട്ടു. ദിവസവും അപകടങ്ങള്‍ സംഭവിക്കുന്നു. ടൈറ്റാനിക് മുങ്ങി. അപ്പോളോ-11 ചന്ദ്രനിലെത്തുന്നതിന് മുമ്പ് പത്ത് പരാജയപ്പെട്ട ദൗത്യങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ ISRO ബഹിരാകാശ പരിപാടിയും അങ്ങനെതന്നെ.
പരാജയപ്പെട്ട ശ്രമങ്ങളും അനേകം മഹദ് മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടതുമൊന്നും നമ്മേ ശാസ്ത്രത്തേയൊ സാങ്കേതികവിദ്യയേയൊ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ല.
ആണവ സാങ്കേതികവിദ്യക്കും അപകടങ്ങളെ ഒഴുവാക്കാനാവില്ല. അത് നാം സഹിക്കണം. ഇത് മഹത്തായ പുതിയ സാങ്കേതികവിദ്യയാണ്. ഞങ്ങള്‍ ആറ്റത്തെയാണ് പിളര്‍ക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ അപകടസാദ്ധ്യതയുള്ളതാണ്. പണ്ടുള്ളവര്‍ ആ അപകടസാദ്ധ്യത ഏറ്റെടുത്തതുകൊണ്ടാണ് നമുക്ക് ഈ പുരോഗതിയൊക്കെയുണ്ടായതെന്നൊക്കെയാണ് ആണവവ്യവസായത്തിന്റെ വാദം.
അപകടസാദ്ധ്യതയുടെ തോതും (scale) പൊട്ടത്തരവും അവരുടെ വാദങ്ങളെ വാചാടോപമാക്കുന്നു. 60 വര്‍ഷത്തിലധികം പഴയ സാങ്കേതികവിദ്യ ഒട്ടും പുതിയതല്ല. ഈ സമയം കൊണ്ട് അതിന് കഴിയുമായിരുന്നെങ്കില്‍ പക്വമായേനെ.
നാല് അപകടമല്ല ആണവനിലയങ്ങളില്‍ നിന്നുണ്ടായിട്ടുള്ളത്. വര്‍ഷത്തിലെ എല്ലാ ദിവസവും ഒരു അപകടത്തിന്റെ വാര്‍ഷികമാണ്. ഭീകരവാദത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും ഈ കാലത്ത് അപകടകരമായ ഈ ആണവഇന്ധനങ്ങളും ആണവ മാലിന്യങ്ങളും സംരക്ഷിക്കുക എന്നത് ശ്രമകരവും അത്യന്തം പ്രാധാന്യമുള്ളതുമായ കാര്യമാണ്. അണു വൈദ്യുതിയേക്കാള്‍ പ്രധാനപ്പെട്ട കാര്യം ഇതാണ്. നിലയത്തിനകത്തു നിന്നും ആക്രമണം ഉണ്ടാകാം. കൈഗയിലെ സംഭവം അതാണ് കാണിക്കുന്നത്. ആണവനിലയ ജോലിക്കാരുതന്നെയാണ് ആ പൈശാചിക പ്രവര്‍ത്തി ചെയ്തത്.
മറ്റുള്ള അപകടങ്ങളെ അപേക്ഷിച്ച് ആണവനിലയങ്ങളിലെ വലിയ അപകടങ്ങള്‍ സ്ഥലത്തിലും കാലത്തിലും വളരേറെ ആഴവും പരപ്പുമുള്ളതാണ്. ചെര്‍ണോബില്‍ നിലയത്തിനടുത്തെ പ്രിപിയാത്(Prypiat) നഗരത്തിന്റെ കാര്യമെടുക്കുക. നിലയത്തില്‍ പണിയെടുത്ത ആളുകളും അവരുടെ ബന്ധുക്കളുമടക്കം 50,000 ആളുകളുണ്ടായിരുന്നു ആ നഗരത്തില്‍. 1986 ലെ അപകടത്തിന് ശേഷം കഴിഞ്ഞ 25 വര്‍ഷങ്ങളായി അത് ഒരു പ്രേത നഗരമാണ്. ഭാവിയിലും ദശാബ്ദങ്ങളോളം അത് അങ്ങനെതന്നെയായിരിക്കും. 100,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി അണുവികിരണത്താല്‍ മലിനമായി. 350,400 ആളുകളെ മാറ്റി പാര്‍പ്പിച്ചു. ചെര്‍ണോബില്‍ ദുരന്തം $23,500 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി. ഫുകുഷിമയില്‍ 2.7x 10 16 Bq ആണവശേഷിയുള്ള സീഷിയം-137 കടലിലേക്ക് ഒഴുകി പോയി. അവിടെ നാടകം തുടരുന്നു.
വിമാന അപകടം, കാര്‍ അപകടം തുടങ്ങിയവയൊക്കെ പ്രാദേശികവും താത്‌കാലികമായതുമാണ്. (deep water horizon, bhopal gas tragedy പോലുള്ള exceptions ധാരളം ഉണ്ട്. എന്നാല്‍ അതൊക്കെ ചെയ്യരുതെന്ന് അറിവുള്ളവര്‍ വളരെ മുമ്പേ മുന്നറീപ്പ് നല്‍കിയവയാണ്.) സാങ്കേതികവിദ്യ എന്ന പേര് എന്തും ചെയ്യാനുള്ള ബ്ലാങ്ക് ചെക്കല്ല. സാമ്പദ്‌ഘടന ഉള്‍പ്പടെ മറ്റെല്ലാത്തിനേക്കാളും വലുതാണ് ജീവന്‍.
ഒരു മനുഷ്യന് ഭൂമിയില്‍ അതിവേഗത്തില്‍ യാത്ര ചെയ്യാന്‍ ഒരു വഴിയേയുള്ളു, ഒരു വാഹനത്തിന്റെ അകത്ത് കയറുക. ഒരു മനുഷ്യന് പറക്കാന്‍ ഒരേയൊരു വഴിയേയുള്ളു. ഒരു വിമാനത്തിനകത്ത് കയറുക. ഗോളാന്തര യാത്രനടത്താനോ സമുദ്രത്തിനടിയില്‍ പോകാനോ റോക്കറ്റിലോ അന്തര്‍വാഹിനിയിലോ കയറുകമാത്രമേ വഴിയുള്ളു. അവിടൊക്കെ നടക്കുന്ന അപകടങ്ങള്‍ ഒഴുവാക്കാനാവാത്തതാണ്. അത് നാം സ്വയം തെരഞ്ഞെടുത്തതുമാണ്.
അപ്പോള്‍ വെള്ളം ചൂടാക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? അതിന് ഒരേയൊരു വഴിയേയുള്ളോ? വെറും വെള്ളം ചൂടാകാകന്‍ വേണ്ടി താങ്കള്‍ അനന്തമായ അപകടസാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണോ?
വെള്ളം ചൂടാക്കാന്‍ നൂറുകണക്കിന് വഴികളുണ്ട്. നാം എപ്പോഴും അപകടസാധ്യത കുറഞ്ഞ ചിലവ് കുറഞ്ഞ വഴിയാണ് എപ്പോഴും തെരഞ്ഞെടുക്കുക. മരണം കുഴിച്ചെടുക്കുന്നതിന് പകരം നമുക്ക് ചൂട് നേരിട്ട് ഭൂമിയില്‍ നിന്ന് കുഴിച്ചെടുത്ത് വെള്ളം ചൂടാക്കാം. ഭൗമതാപോര്‍ജ്ജം എന്നാണ് ഇതിനെ വിളിക്കുക. സൗരോര്‍ജ്ജവും വലിയ ഊര്‍ജ്ജ സ്രോതസ്സാണ്. രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗര താപോര്‍ജ്ജ നിലയങ്ങള്‍ പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 19.9 MW ശേഷിയുള്ള തെക്കന്‍ സ്പെയിനിലെ Gemasolar നിലയം സൗരതാപത്തെ 15 മണിക്കൂര്‍ സൂക്ഷിച്ച് വെച്ച് അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഈ നിലയം നിര്‍മ്മിച്ച Torresol Energy അതേ തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് 50MW ശേഷിയുള്ള Valle I ഉം II ഉം നിലയങ്ങളുടെ പണിയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേന്ദ്രീകരിച്ച സൗരതാപത്തിന്റെ ശക്തി നമുക്ക് ആര്‍ക്കമഡീസിന്റെ കാലം മുതല്‍ക്കേ അറിയാവുന്നതാണ്. പക്ഷേ ഇപ്പോള്‍ മാത്രമാണ് ആ രംഗത്തിന് എന്തെങ്കിലും ചെറിയ പ്രാധാന്യം നല്‍കി തുടങ്ങിയത്.
റൈറ്റ് സഹോദരന്‍മാര്‍ മനുഷ്യന് നടക്കാനുള്ള ഒരു പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയെന്ന് കരുതുക. എന്നാല്‍ ഈ രീതിയില്‍ നടന്നാല്‍ പ്രതിവര്‍ഷം 1500 പേര്‍ മരിക്കും. പുതിയ സാങ്കേതികവിദ്യയാണ്, പുരോഗതിയാണ് എന്നൊക്കെപ്പറഞ്ഞ് നാം ആ സാങ്കേതികവിദ്യ അംഗീകരിക്കുമോ? അതുകൊണ്ട് ആണവ നിലയങ്ങളുപയോഗിച്ച് വൈദ്യുതിയുത്പാദിപ്പിക്കുന്നത് ശാസ്ത്രത്തേയൊ സാങ്കേതിക വിദ്യയേയൊ വളര്‍ത്തുന്നതുമായി ബന്ധമൊന്നുമില്ല. എന്നിരുന്നാലും വിജനമായ ഒറ്റപ്പെട്ട പരിസ്ഥിതി പ്രാധാന്യം കുറഞ്ഞ സ്ഥലത്ത് ഒരു അണു പരീക്ഷണശാല നിര്‍മ്മിച്ച് ഗവേഷണം നടത്തുന്നതില്‍ തെറ്റില്ല.
ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?
– കൂടുതല്‍ ഇവിടെ.
ആണവവ്യവസായ ദല്ലാള്‍മാര്‍ അവശ്യം ചെയ്യേണ്ട കാര്യങ്ങള്‍:
- ആണവ വ്യവസായത്തെ സുതാര്യമാക്കുക
- Controller and Auditor General of India യുടെ പരിശോധന എല്ലാ നിലയങ്ങളിലും നടത്തുക.
- ആണവദുരന്ത ബാധ്യതയുടെ പരിധി എടുത്തുകളയുക. നിര്‍മ്മാതാക്കള്‍ 100% ഉത്തരവാദിത്തവും ഏറ്റെടുക്കണം. സര്‍ക്കാര്‍ ധനസഹായം നിര്‍ത്തുക.
- സര്‍ക്കാര്‍ സബ്സിഡി, നികുതി ഇളവ് ഇവ ഇല്ലാതാക്കുക.
പുതിയ നിലയങ്ങളേക്കുറിച്ച് സംസാരിക്കുന്നതു പോലും ഇതിന് ശേഷം മതി.