വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം

വിവര സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ വിപ്ലവം എന്നൊക്കെയാണ് ഇപ്പോള്‍ സമൂഹത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍. ഇന്റര്‍നെറ്റ് കമ്പനികള്‍ ഓരോ ഉത്പന്നങ്ങളും ഇറക്കുമ്പോള്‍ കണ്ടോ സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകള്‍ ആര്‍ത്തുവിളിക്കും. പത്രങ്ങളും ടെലിവിഷനുകളും ഈ പുതിയ ഉത്പന്നത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ് വാചാലരാവും.

exceptionalism ത്തിന്റേയും പ്രചാരവേലയുടേയും ഈ കാലത്ത് എന്തും പ്രത്യേകമായ ഒന്നാണ്. കച്ചവടക്കാര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അതിനെ മഹത്വവത്കരിക്കും.. വിവര സാങ്കേതികവിദ്യ, വിപ്ലവം എന്നൊക്കെപ്പറയുന്നത് അതിനാണ്. അത് വഴി അവര്‍ക്ക് കൂടുതല്‍ കമ്പ്യൂട്ടറുകള്‍ വിറ്റഴിക്കാനാവും. ഒരാവശ്യവുമില്ലെങ്കിലും ദിവസം 1 മണിക്കൂറിലധികം കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ക്ക് സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങേണ്ട കാര്യമില്ല. അവര്‍ക്ക് കഫേയിലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതാണ് ലാഭകരം. പലരും ഇത് സിനിമ കാണാനുള്ള ഉപകരണമായാണ് ഉപയോഗിക്കുന്നത്. അതില്‍ തെറ്റൊന്നുമില്ല.

കമ്പോളം നല്‍കുന്ന ഉത്പന്നങ്ങള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതുമൊക്കെ കമ്പോളത്തിന് അടിമപ്പെട്ടവര്‍ക്ക് വലിയ ആത്മസംതൃപ്തി നല്‍കുന്ന കാര്യമാണ്. കമ്പ്യൂട്ടര്‍ വാങ്ങി, ഇന്റര്‍നെറ്റ് കണക്ഷനെടുത്ത് ഫേസ് ബുക്കില്‍ സ്വന്തം ഫേസ് പ്രദര്‍ശിപ്പിക്കുകയും വിദൂര രാജ്യത്തെ ഒരാളുമായി സംവദിക്കുന്നതും സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയിലേര്‍പ്പെടുന്നതുമൊക്കെ സ്വര്‍ഗ്ഗ സായൂജ്യം അവര്‍ക്ക് നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് 5000 ല്‍ അധികം ഫേസ്ബുക്ക് ഫ്രണ്ടുണ്ടായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. സാങ്കേതിക വിദ്യ ഇത്രയേറെ വളര്‍ന്നിട്ടുില്ലാത്ത 80 കളിലേതിനാക്കാള്‍ ഒറ്റപ്പെട്ട ജീവതമാണ് ഇപ്പോള്‍ നാം നയിക്കുന്നത്. 80 കളിനേക്കാള്‍ അരാഷ്ട്രീയവത്കൃതമാണ് നാം ഇപ്പോള്‍. അത് തന്നെയാണ് മൂലധനശക്തികളുടേയും ലക്ഷ്യം.

അതാണ് അവരുടെ വിജയം. 80 കളിലൊക്കെ വളരെ വ്യക്തമായ രാഷ്ട്രീയ നിലപാടെടുത്ത പുരോഗമനക്കാരു പോലും ഇപ്പോള്‍ സര്‍ക്കാര്‍/കോര്‍പ്പറേറ്റ് ചാരപ്പണിക്കായുള്ള gmail, facebook തുടങ്ങിയ അകൌണ്ടുകളെടുത്ത്, ഒരു പോസ്റ്റിട്ട്, സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെക്കുറിച്ച് വാചാലരായി, സാങ്കേതികവിദ്യാ അന്ധവിശ്വാസികളായി മാറിയത് കണ്ടിട്ട് കഷ്ടം തോന്നുന്നു. വെള്ളി വെടിയുണ്ട എന്നൊന്നില്ല. സാങ്കേതിക വിദ്യ ഒരു പരിഹാരവും നല്‍കില്ല, സത്യത്തില്‍ സാങ്കേതികവിദ്യയാണ് പ്രശ്നം. (സാങ്കേതികവിദ്യ എന്തുകൊണ്ടുണ്ടായി, എന്തുകൊണ്ട് അത് വളരുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് മനസിലാവും. പുരോഗമനക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണത്.)

ഈ ഉപകരണത്തെ മഹത്വവത്കരിക്കുന്നതു വഴി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരും സാധാരണക്കാരെക്കാള്‍ മഹാന്‍മാരാണെന്നുമുള്ള തോന്നലുണ്ടാക്കാക്കാം. അതിനാല്‍ ഉപയോഗിക്കുന്നവര്‍ക്ക് ആത്മസംതൃപ്തിയും കാഴ്ച്ചക്കാരില്‍ ബഹുമാനവും സൃഷ്ടിക്കും. കൂടാതെ അതിനെ പ്രശ്നങ്ങളുടെ പരിഹാരമായി ആളുകളെ തെറ്റിധരിപ്പിക്കാനാവും. അങ്ങനെ ചെയ്താല്‍ ഒരു പോസ്റ്റിടുകയോ കമന്റിടുകയോ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ചെയ്താല്‍ അത് വലിയ സംഭവമായി വ്യക്തികളില്‍ തോന്നലുണ്ടാക്കാനാവും. അടിസ്ഥാന മാറ്റങ്ങളുണ്ടാക്കുന്ന ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആളുകളെ മാറ്റി നിര്‍ത്തി ഉപരിപ്ലവമായ കാര്യങ്ങളിലേക്ക് ശ്രദ്ധമാറ്റാനും ഇതിന് കഴിയും.

അത്തരം കമ്പനികളെ സംബന്ധിച്ചടത്തോളം അത് അവരുടെ വരുമാനം. പരസ്യം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രഹസ്യാന്വേഷണം മാത്രമല്ല, നിങ്ങള്‍ പങ്ക് വെക്കുന്ന നിങ്ങളുടെ എല്ലാ വിവരങ്ങളും അവര്‍ക്ക് സമ്പത്താണ്. അത് വിറ്റാണ് അവര്‍ ലാഭമുണ്ടാക്കുന്നത്.

സത്യത്തില്‍ എത്രമാത്രം വിപ്ലവമാണ് ഈ കമ്പ്യൂട്ടറും ടെലി കമ്യൂണിക്കേഷനും സൃഷ്ടിക്കുന്നത്? 80-90 കളില്‍ ഫാക്സും മറ്റുമായിരുന്നു നാം ഉപയോഗിച്ചിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 5 മടങ്ങ് ദക്ഷതയും ഉപയോഗവുമാണ് ഇന്റര്‍നെറ്റ് ഉത്പന്നങ്ങള്‍ നല്‍കുന്നത്. എന്നാല്‍ 19 ആം നൂറ്റാണ്ടില്‍ ആദ്യമായി ടെലഗ്രാഫ് കണ്ടെത്തി ഉപയോഗിച്ചപ്പോള്‍ ദക്ഷതയില്‍ അതിന് മുമ്പുണ്ടായിരുന്ന തപാലിനെ അപേക്ഷിച്ച് 2500 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായത്. അത് ശരിക്കും വിപ്ലവമാണ്. അതുമായി താരതമ്യം‌ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും വലിയ മാറ്റങ്ങളൊക്കെ സൃഷ്ടിച്ചെങ്കിലും വലിയൊരു വിപ്ലവമല്ല.

മനുഷ്യര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമായല്ല. പണ്ട് താളിയോലകളിലും പിന്നീട് അച്ചടിച്ചും ആളുകള്‍ വിവരങ്ങള്‍ കൈകാര്യം ചെയ്തു. അക്ഷരങ്ങളും ചിത്രങ്ങളും കറുത്ത മഷി യന്ത്രത്തിന്റെ സഹായത്താല്‍ കടലാസില്‍ പതിപ്പിക്കുന്ന ആ സാങ്കേതികവിദ്യയെ ആളുകള്‍ അച്ചടിവിദ്യ എന്നാണ് വിളിച്ചത്. അപ്പോള്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ എന്താണ്. വിവരവുമായി അതിന് എന്ത് ബന്ധമാണ്.

അതുകൊണ്ട് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയെ വിവര സാങ്കേതികവിദ്യയെന്ന് വിളിക്കുന്നത് തെറ്റാണ്.

കമ്പ്യൂട്ടര്‍ എന്താണ് ചെയ്യുന്നത്? ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയി സാങ്കേതികവിദ്യകളുപയോഗിച്ച് അക്ഷരങ്ങള്‍, ചിത്രങ്ങള്‍, ശബ്ദം, ചലിക്കുന്ന ചിത്രങ്ങള്‍, എന്നിവ സൂക്ഷിച്ച് വെക്കുകയും ഒരു ദ്വിമാന സ്ക്രീനിലേക്ക് സന്നിവേശിപ്പിക്കുകയോയാണ് കമ്പ്യൂട്ടര്‍ ചെയ്യുന്നത്. അതുകൊണ്ടിതിനെ സ്ക്രീന്‍ സാങ്കേതികവിദ്യ എന്ന് വിളിക്കണമെന്നാണ് ചിലരുടെ പക്ഷം. വിവര സാങ്കേതികവിദ്യ എന്നത് കച്ചവട പ്രചരണ വാക്കാണ്.

ഒരു മരം മുറിച്ച്, അത് അറത്ത്, മരപ്പണി ചെയ്ത് ഒരു കസേരയുണ്ടാക്കുക എന്നത് നമുക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ്. പകരം നാം സാധാരണ കസേര വാങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ python ഡൌണ്‍ലോഡ് ചെയ്ത് ഒരു കാല്‍ക്കുലേറ്റര്‍ പ്രോഗ്രാം വികസിപ്പിച്ചെടുക്കുക വളരെ എളുപ്പമായ കാര്യമാണ്. അങ്ങനെ ചെയ്ത് അതിന്റെ output കാണുന്നത് ആത്മ സംതൃപ്തിയുണ്ടാക്കുന്ന കാര്യമാണെന്നുള്ളതും തകര്‍ക്കമില്ലാത്ത കാര്യമാണ്. ഓ, സങ്കീര്‍ണ്ണമായ പ്രോഗ്രാമിങ് ഞങ്ങള്‍ക്കുമൊക്കെയാവും എന്ന തോന്നലോടുകൂടിയ ആത്മ സംതൃപ്തി. മയക്കുമരുന്ന പോല, അന്തമില്ലാത്ത മുയലിന്റെ മാളം പോലെ അത് ആളുകളുടെ സമയം അപഹരിക്കുന്നു.

നമ്മള്‍ സോഫ്റ്റ്‌വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളല്ല എങ്കില്‍ ഈ പ്രവര്‍ത്തനം സ്വന്തമായി കസേരയുണ്ടാക്കുന്ന പോലെയാണ്. ഒരു ഹോബി എന്ന നിലയില്‍ പ്രോഗ്രാമെഴുതുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ മുന്‍ഗണനാക്രമം അനുസരിച്ച് വേണം അതിന് നിങ്ങള്‍ സമയം നല്‍കാന്‍.

ഇയാള്‍ക്കതിനെന്താ ചേതം

വിലപ്പെട്ടതും അപൂര്‍വ്വങ്ങളുമായ പല ധാതുക്കളുപയോഗിച്ചാണ് കമ്പ്യൂട്ടറിന്റെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് അത് ഖനനം ചെയ്യാന്‍ വേണ്ടി കോംഗോ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങള്‍ കൊടിയ ദുരിതവും ഭീകര പട്ടാള ഭരണവുമൊക്കെ സഹിക്കുന്നു. ആ ത്യാഗങ്ങളുമൊക്കെ അറിഞ്ഞ് വേണം നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്റ്റാള്‍മന്‍ ഇങ്ങനെ ഒരിക്കല്‍ പറയുകയുണ്ടായി, “സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്ന് എനിക്ക് അഭിപ്രായമില്ല. അതിനെക്കാള്‍ അതി പ്രധാനമായതും ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതുമായ ധാരാളം പ്രശ്നങ്ങള്‍ ലോകം നേരിടുന്നുണ്ട്. എന്റെ പ്രവര്‍ത്തന രംഗം കമ്പ്യൂട്ടര്‍ ആയതുകൊണ്ട് ഞാന്‍ അതിന് കൂടുതല്‍ സമയം വിനിയോഗിക്കുന്നു എന്നേയുള്ളു.”

ഈ ബ്ലോഗില്‍ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിവരങ്ങളില്‍ നിന്ന് നമ്മുടെ പൊതു സമൂഹം എത്രമാത്രം ശ്രദ്ധമാറ്റപ്പെട്ടാണ് കഴിയുന്നതെന്ന് വ്യക്തമാകും. ജനാധിപത്യം വിജയിക്കണമെങ്കില്‍ എല്ലാ പൌരന്‍മാരും ശ്രദ്ധയോടെ യഥാര്‍ത്ഥ രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം. അതിന് തടസം നില്‍ക്കുന്ന പല ശക്തികളിലൊന്നായി ഈ സ്ക്രീന്‍ സാങ്കേതികവിദ്യ മാറാന്‍ പാടില്ല. അതിന്റെ അടിമയാകുന്നതിന് പകരം അതിനെ ഉപയോഗിച്ച് യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയാണ് പുരോഗമന ശക്തികള്‍ ചെയ്യേണ്ടത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ