പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍)സ്വകാര്യ കുത്തകള്‍ക്ക് വില്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ 54 ശതമാനം ഓഹരിയില്‍ അഞ്ച് ശതമാനംകൂടി വില്‍ക്കാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തതോടെയാണ് ഇന്ത്യയുടെ അഭിമാനമായ ബെമലും സ്വകാര്യമേഖലയിലേക്ക് പോകുന്നത്. കരസേനയ്ക്ക് ആവശ്യമായ വാഹനങ്ങള്‍, മിസൈല്‍ ലോഞ്ചര്‍, ഡല്‍ഹി, ബംഗളൂരു മെട്രോ റെയില്‍വേക്ക് ആവശ്യമായ കോച്ചുകള്‍ എന്നിവ നിര്‍മിക്കുന്ന മിനി നവരത്ന കമ്പനിയാണ് ബെമല്‍. പാലക്കാട് കഞ്ചിക്കോട് ബെമലിന്റെ ഫാക്ടറിയില്‍ കോച്ചുകള്‍ക്കാവശ്യമായ ബോഡിയും മറ്റും നിര്‍മിക്കുന്നുണ്ട്. ഇന്ത്യന്‍ കരസേനയുടെ അവിഭാജ്യഘടകമായ ടെട്രാ ട്രക്സ് എന്ന വാഹനത്തിന്റെ ഘടകങ്ങളും വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും പാലക്കാട് ഫാക്ടറി പുറത്തിറക്കുന്നു. റെയില്‍ കോച്ചുകള്‍ നിര്‍മിക്കാനുള്ള ശുപാര്‍ശ നല്‍കിയെങ്കിലും സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട് ആസൂത്രണകമീഷനു പകരം വന്ന നിതി ആയോഗ് അംഗീകരിച്ചില്ല.
രാജ്യത്താകമാനം പതിനായിരത്തോളം പേര്‍ ജോലി നോക്കുന്ന കമ്പനിയാണ് ബെമല്‍. കഞ്ചിക്കോട് കരാര്‍ത്തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ജീവനക്കാരുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 55 കോടി ലാഭമുണ്ടാക്കി. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 2010 മെയില്‍ കഞ്ചിക്കോട് ബെമല്‍ യൂണിറ്റ് ആരംഭിച്ചത്. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്. കമ്പനിക്കുവേണ്ടി 364 ഏക്കര്‍ സ്ഥലം എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് സൌജന്യമായി കൈമാറി. അടുത്ത ഘട്ടവികസനത്തിന് 625 ഏക്കര്‍ ഭൂമികൂടി കണ്ടെത്തി. പൊതുമേഖലാസ്ഥാപനത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയ എല്‍ഡിഎഫ് സര്‍ക്കാരിനെ ഉദ്ഘാടന വേളയില്‍ എ കെ ആന്റണി പ്രശംസിച്ചിരുന്നു.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പ്രതിരോധമേഖലയില്‍ 50 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം അത് നൂറ് ശതമാനമാക്കി ഉയര്‍ത്തിയതോടെയാണ് ബെമലിന്റെ ചരമക്കുറിപ്പിന് സാഹചര്യമൊരുങ്ങിയത്. ഓഹരികള്‍ വിറ്റഴിച്ച് പടിപടിയായി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി സ്വകാര്യവല്‍ക്കരിക്കാനാണ് നീക്കം.
റിലയന്‍സ് പ്രതിരോധ മേഖലയിലേക്ക് കടക്കുന്നതിന് 5000 കോടിരൂപ മുതല്‍മുടക്കില്‍ ചെക്ക്സ്ളോവാക്യയിലെ ടെട്രാട്രക്സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് കമ്പനി രൂപീകരിച്ചു. അതോടൊപ്പം കാര്യശേഷിയുടെ പേരില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 50 ആക്കി ബെമലില്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി.
— സ്രോതസ്സ് deshabhimani.com