12 പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലയ്ക്ക്

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കം 12ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. ഇത്തരത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പേരുവിവരം ലേലം നടത്തുന്നസമയത്ത് വെളിപ്പെടുത്താമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഫാക്ട് അടക്കം 32 പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ നിതിആയോഗ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. ഈ പട്ടികയില്‍നിന്നാണ് 12 സ്ഥാപനങ്ങളെ ആദ്യഘട്ടമായി തെരഞ്ഞെടുത്തത്.

നഷ്ടത്തിലുള്ള 26 പൊതുമേഖലാസ്ഥാപനങ്ങള്‍ അടിയന്തരമായി അടച്ചുപൂട്ടാനും നിതിആയോഗ് ശുപാര്‍ശ ചെയ്തിരുന്നു. പൂട്ടാനുള്ളവയുടെ പട്ടികയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ഇപ്പോള്‍ നടത്തുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു. ഇപ്പോള്‍ ഓഹരിവില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രധാനപ്പെട്ടവയാണെന്നും ഓരോന്നിലെയും സ്ഥിതി പരിശോധിച്ച് ഭാവിപരിപാടി തീരുമാനിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

ഇക്കൊല്ലം ഓഹരിവില്‍പ്പന വഴി 20,500 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക വകുപ്പ് രൂപീകരിച്ച് ഓഹരിവില്‍പ്പന നടത്തിയിരുന്നു. അതിലേക്കുള്ള തിരിച്ചുപോക്കാണ് മോഡിസര്‍ക്കാര്‍ നടത്തുന്നത്. ഫാക്ടിനുപുറമെ എയര്‍ ഇന്ത്യ, ചെന്നൈ പെട്രോളിയം, മദ്രാസ് ഫെര്‍ട്ടിലൈസര്‍, ഭാരത് പമ്പ് ആന്‍ഡ് കമ്പ്രസേഴ്സ്, ടയര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍, ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ നിതി ആയോഗ് ശുപാര്‍ശചെയ്തിട്ടുണ്ട്. ധനമന്ത്രിയാണ് ഓഹരിവില്‍പ്പനയ്ക്കുള്ള സ്ഥാപനങ്ങളെ കണ്ടെത്താന്‍ നിതി ആയോഗിനെ ചുമതലപ്പെടുത്തിയത്. 76 പൊതുമേഖലാസ്ഥാപനങ്ങളെക്കുറിച്ചാണ് നിതി ആയോഗ് അധ്യക്ഷന്‍ അരവിന്ദ് പനഗരിയ പ്രധാനമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പണം മുടക്കി പുനരുജ്ജീവന പാതയില്‍ എത്തിച്ചശേഷം സ്വകാര്യവല്‍ക്കരിക്കാനും നിര്‍ദേശമുണ്ട്.

— സ്രോതസ്സ് deshabhimani.com

ഒരു അഭിപ്രായം ഇടൂ