വീണ്ടുമൊരു മോഡി നാടകം

കേരളം ഹവാലക്കാരുടെയും കള്ളപ്പണക്കാരുടെയും കേന്ദ്രമാണെന്നും അവരെ രക്ഷിക്കാനാണ് ധനമന്ത്രി 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്ര നടപടിയെ വിമര്‍ശിക്കുന്നതെന്നും ബിജെപി നേതാവ് റാം മാധവ് പ്രസ്താവിച്ചിരിക്കുന്നു. ഈ പ്രസ്താവന കേരളത്തിനെ അപമാനിച്ചതിനു തുല്യമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും നിയമസഭ‘ ബുധനാഴ്ച ഐകകണ്ഠ്യേന (ഒ രാജഗോപാല്‍ സന്നിഹിതനായിരുന്നില്ല) വിലയിരുത്തി. ഇതു സംബന്ധിച്ച് ഞാന്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന് ചുവടെ നാലായിരത്തോളം ആളുകള്‍ കമന്റിട്ടു. ഇതില്‍ നല്ലൊരു പങ്ക് സംഘി സൈബര്‍ വക്താക്കളുടെ തെറി.

ഇതിന് കാരണം വ്യക്തം. പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ ഓപ്പറേഷനു ശേഷം ഇപ്പോഴിതാ കള്ളപ്പണക്കാര്‍ക്കെതിരായി മറ്റൊരു സര്‍ജിക്കല്‍ ഓപ്പറേഷന്‍ എന്ന മട്ടിലാണ് 500, 1000 കറന്‍സികള്‍ റദ്ദാക്കിയ നടപടിയെ ചിലര്‍ വിശേഷിപ്പിക്കുന്നത്. ആദ്യത്തെ സര്‍ജിക്കല്‍ ഓപ്പറേഷന്റെ നിജസ്ഥിതിയെക്കുറിച്ച് ഏറെ തര്‍ക്കമുണ്ട്. ഇത് ഇന്ത്യന്‍സേന ആദ്യമായി നടത്തുന്ന മിന്നലാക്രമണവുമല്ല. പക്ഷേ, ഇത്തവണത്തെ സര്‍ജിക്കല്‍ ഓപ്പറേഷന് കിട്ടിയ രാഷ്ട്രീയപ്രചാരണനേട്ടമായിരിക്കും കള്ളപ്പണക്കാര്‍ക്കെതിരായ നടപടിയെയും ഇത്രയേറെ നാടകീയമാക്കുന്നതിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. പക്ഷേ, ഒരു വ്യത്യാസമുണ്ട്. ഈ ഓപ്പറേഷന്‍മൂലം സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ചിലപ്പോള്‍ ഈ കള്ളപ്പണവേട്ട വിപരീതഫലമാകും ഉണ്ടാക്കുക.

അര്‍ധരാത്രി ആര്‍ക്കും മുന്നറിയിപ്പു നല്‍കാതെ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പകരം നവംബര്‍ അവസാനം വരെ ദിവസം കൊടുത്തുകൊണ്ട് നോട്ടുകള്‍ റദ്ദാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ നേടുമെന്നു പറയുന്ന ലക്ഷ്യങ്ങളെല്ലാം നേടാന്‍ കഴിയും. സര്‍ജിക്കല്‍ ഓപ്പറേഷന്റെ ലക്ഷ്യം കള്ളനോട്ടുകള്‍ നിര്‍മാര്‍ജനം ചെയ്യലാണല്ലോ? നവംബര്‍ 30 വരെ സമയം കൊടുത്താലും കള്ളനോട്ട് ഉടമസ്ഥര്‍ക്ക് ആര്‍ക്കും അനിവാര്യമായ വിധിയില്‍നിന്നു രക്ഷപ്പെടാന്‍ കഴിയില്ല. ഏതെങ്കിലും ബാങ്കില്‍ കൊണ്ടുചെന്ന് പകരം പുതിയ നോട്ടുകള്‍ വാങ്ങിയില്ലെങ്കില്‍ ഡിസംബര്‍ 30ന് ആ നോട്ടുകള്‍ റദ്ദാകും.

അടുത്ത ലക്ഷ്യം കള്ളപ്പണം ഇല്ലാതാക്കുകയാണ്. ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കിട്ടുന്ന സൌകര്യമേ നവംബര്‍ 30 വരെ 500, 1000 രൂപ നോട്ടുകള്‍ സാധുവായിരുന്നാലും ലഭിക്കൂ. സാവകാശം കൊടുത്താല്‍ കള്ളപ്പണക്കാര്‍ തങ്ങളുടെ പണം ബിനാമികള്‍ വഴി പുതിയ പണമാക്കി മാറ്റും എന്നാണല്ലോ ഭയം. അത് ഇപ്പോഴും ആകാം. തങ്ങളുടെ കൈയിലുള്ള പണം ബിനാമികള്‍ വഴി ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചാല്‍ മതി. രണ്ടു രീതിയിലും ബിനാമികള്‍ ചെയ്യേണ്ടത് തങ്ങളുടെ കൈയിലുള്ള പണത്തിന് നിയമവിധേയമായ സ്രോതസ്സുണ്ടെന്ന് തെളിവുണ്ടാക്കിയാല്‍ മാത്രം മതി. പക്ഷേ, ഇതല്ല മുഖ്യ വിമര്‍ശനം. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ സിംഹഭാഗവും വിദേശത്താണ്. ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനം നടത്തിയ പഠനപ്രകാരം 2011ല്‍ മാത്രം 5.25 ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് അനധികൃതമായി വിദേശത്ത് എത്തിയത്. ഈ കള്ളപ്പണം വെളുപ്പിച്ച് ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ കേന്ദ്രംതന്നെ ഒട്ടേറെ വഴികള്‍ തുറന്നു കൊടുത്തിട്ടുണ്ട്. മൌറീഷ്യസ് പോലുള്ള രാജ്യങ്ങള്‍വഴി പണം ഇന്ത്യയില്‍ എത്തിച്ചാല്‍ പിന്നെ ചോദ്യമില്ല. ഇരട്ടനികുതി ഒഴിവാക്കലിനായി മൌറീഷ്യസുമായി കരാര്‍ നിലവിലുണ്ട്. ഇന്ത്യയിലേക്ക് വരുന്ന വിദേശനിക്ഷേപത്തിന്റെ 50 ശതമാനത്തിലേറെ ഈ പാപ്പരടിച്ച ദ്വീപില്‍നിന്ന്. അടുത്തകാലം വരെ ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റിലും പണക്കമ്പോളത്തിലും നിക്ഷേപം നടത്താന്‍ പണത്തിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള പൂര്‍ണവിവരം നല്‍കണമായിരുന്നു. ഇപ്പോള്‍ അതും വേണ്ട. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഒരു പാര്‍ടിസിപ്പേറ്ററി നോട്ട് സംഘടിപ്പിച്ചാല്‍ മതി. വിജയ് മല്യ ഇന്ത്യന്‍ ബാങ്കുകളെ കൊള്ളയടിച്ചതിന്റെ നല്ല പങ്കും വിദേശത്തേക്ക് കടത്തി. ഇങ്ങനെ പല മുതലാളിമാരും. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ 1.1 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ഏതൊക്കെ മുതലാളിമാരുടേതാണെന്ന് പേരുവിവരം പോലും വെളിപ്പെടുത്താന്‍ സന്നദ്ധമല്ലാത്തവരാണ് കള്ളപ്പണ വേട്ടയെക്കുറിച്ച് വീമ്പടിക്കുന്നത്.

കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നതിന് ഒരു അമിനിസ്റ്റി സ്കീം കഴിഞ്ഞ ബജറ്റില്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യമിട്ടതിനേക്കാള്‍ എത്രയോ കുറവാണ് വെളിപ്പെട്ടത്. ഈ സ്കീമിന്റെയും കര്‍ശന ‘ഭാവി നടപടികളുടെ മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വമ്പന്‍ കള്ളപ്പണക്കാരെല്ലാം തങ്ങളുടെ പണം സ്വര്‍ണത്തിലും ‘ഭൂമിയിലും മറ്റും നിക്ഷേപിച്ചിരിക്കാനാണ് സാധ്യത. 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതു വഴി ഈ കള്ളപ്പണത്തെ തൊടാനാകില്ല. മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് കള്ളപ്പണത്തിന്റെ ഒരു ചെറിയഭാഗം മാത്രമേ പുതിയ നടപടികള്‍ വഴി ഇല്ലാതാക്കാന്‍ കഴിയൂ. ഇപ്പോഴത്തെ നടപടി സാധാരണക്കാരില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ ജനം ആദ്യനാള്‍തന്നെ അനുഭവിച്ചു. അത്യാവശ്യ ചെലവുകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പോംവഴി പരിഹാസ്യമാണ്. നവംബര്‍ 11 അര്‍ധരാത്രി വരെ സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, സിഎന്‍ജി ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കുമത്രേ. ഇവയോടൊപ്പം ശ്മശാനങ്ങള്‍, മില്‍ക്ക് ബൂത്തുകള്‍, സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയെയും ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷേ, ആശുപത്രിയില്‍ ചികിത്സ കിട്ടാത്തതിന്റെയും മരുന്നുകള്‍ ലഭിക്കാത്തതിന്റെയും ഒട്ടേറെ കോളുകള്‍ എനിക്കു തന്നെ വന്നു. ഡിസംബര്‍ 30 വരെ പ്രയാസങ്ങള്‍ തുടരും. അല്ലെങ്കില്‍ കാര്‍ഡ്, ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയിലേതെങ്കിലും സ്വീകരിക്കണം. കാരണം അവയ്ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. കേരളത്തിലെ ‘ഭൂരിപക്ഷം സാധാരണക്കാരും ഇത്തരം മാര്‍ഗങ്ങളല്ല ഉപയോഗിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്.

പുതിയ നടപടി മാന്ദ്യം രൂക്ഷമാക്കും. ഒരു വശത്ത് താല്‍ക്കാലികമായിട്ടാണെങ്കിലും പണലഭ്യതയില്‍ കുറവു വരും. പണത്തിന്റെ കൈമാറ്റവേഗത്തിലും കുറവു വരും. ഇത് ഉല്‍പ്പാദന വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് തടയണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തണം. എന്നാല്‍, ഇത്തരമൊരു ധനനയമല്ല കേന്ദ്രം ഇപ്പോള്‍ പിന്തുടരുന്നത്. അതേസമയം സാധാരണ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാരിനു പോലും എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തതയില്ല. ട്രഷറി സ്തംഭിച്ചു. ട്രഷറിയില്‍ പണം നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതും ബാങ്കുകള്‍ വഴിയാണ്. ബാങ്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ട്രഷറിയുമായുള്ള ബന്ധത്തിനും ബാധകമാകുമോ? ഡല്‍ഹിയുമായി ബന്ധപ്പെട്ടിട്ടും ഇതിന് കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.

ബാങ്കിങ് റെഗുലേഷനില്‍പ്പെടാത്ത സഹകരണമേഖലയിലുള്ള പണം ഏത് രൂപത്തിലാണ് കൈകാര്യം ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ധാരണയായിട്ടില്ല. സംസ്ഥാനത്തിന്റെ സഹകരണമേഖലയില്‍ ഇത് ഉണ്ടാക്കുന്ന അരാജകത്വം വളരെ വലുതാകും. സാധാരണക്കാരെ ഇതു വല്ലാതെ ബാധിക്കുകയും ചെയ്യും. ലോട്ടറിയുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകള്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ചു. പുതിയ ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് വാങ്ങുന്നതിനുള്ള പ്രയാസം എങ്ങനെ മറികടക്കാമെന്ന് പരിശോധിച്ചു വരികയാണ്. കെഎസ്എഫ്ഇ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടി ലേലങ്ങള്‍ മാറ്റിവച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതെല്ലാം എന്തിനുവേണ്ടി? ആവശ്യമായ സാവകാശം കൊടുത്തുകൊണ്ട് നോട്ടുകള്‍ റദ്ദാക്കിയാല്‍ മതിയായിരുന്നു. പക്ഷേ, അതില്‍ സര്‍ജിക്കല്‍ ഓപ്പറേഷന്റെ നാടകമില്ല. ജനങ്ങളെ കുറച്ചു പരിഭ്രാന്തരാക്കണം. അങ്ങനെയേ മോഡിക്ക് കള്ളപ്പണ വേട്ടയുടെ നായകനാകാന്‍ കഴിയൂ.

— സ്രോതസ്സ് deshabhimani.com By ടി എം തോമസ് ഐസക്

ഒരു അഭിപ്രായം ഇടൂ