എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി

നോട്ട് നിരോധന നാടകം തുടങ്ങി 40 ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ബോധോദയം ഉണ്ടായി. തങ്ങളുടേയുള്‍പ്പടെയുള്ള പാവം രാഷ്ട്രീയ പാര്‍ട്ടികളെ പരിശോധനകളില്‍ നിന്ന് ഒഴുവാക്കണം. കള്ളനോട്ടും കള്ളപ്പണവും പിടിക്കാനിറിങ്ങിയ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പ് നടത്തുന്ന കാലത്താണ് ഈ പുതിയ നടപടി എന്നത് രസകരമായ കാര്യം. എന്നാല്‍ കെജ്രിവാളും മമതയും ഇതിനെതിരെ ശക്തമായി മുന്നോട്ടുവരുകയും പാര്‍ട്ടികളുടെ പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപവത്കരിക്കണം എന്നും ആവശ്യപ്പെട്ടു.

ഒരൊറ്റ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം സഹകരണ ബാങ്കുകളെ ഈ സമയത്ത് പൂര്‍ണ്ണമായു പ്രവര്‍ത്തിക്കാനനുവദിക്കണമെന്ന ആവശ്യം ശക്തമായി പറയുകയും സമരം നടത്തുകയും കോടതിയില്‍ പോകുകയുമൊക്കെ ചെയ്തു. എന്നാല്‍ ജനജീവിത്തെ ശരിക്കും ബാധിക്കുന്ന സഹകരണ ബാങ്കുകളെ ഒഴുവാക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഔദാര്യം കൊടുക്കുകയും ചെയ്ത ഈ നടപടി ഒരു കുടിലബുദ്ധിയുടെ പ്രകടനമാണ്.

ഓടുന്ന പട്ടിയെ ഒരു മുഴം മുന്നേ കൂട്ടി എറിയണം എന്നൊരു പഴഞ്ചൊല്ലുണ്ട്. കാരണം കല്ല് നമ്മുടെ കൈയ്യില്‍ നിന്നും ലക്ഷ്യ സ്ഥാനത്തെത്താനെടുക്കുന്ന സമയം കൊണ്ട് പട്ടിയുടെ സ്ഥാനത്തിന് മാറ്റം വന്നിട്ടുണ്ടാകും. അതും കൂടി കണക്കിലെടുത്തുവേണം നാം കല്ലെറിയാന്‍. അല്ലെങ്കില്‍ പട്ടിക്ക് ഏറ് കിട്ടില്ല. സാമൂഹ്യശാസ്ത്രത്തിലും ഈ നിയമം ബാധകമാണ്.

എങ്കിലും സ്വതന്ത്ര ഇന്‍ഡ്യ രൂപീകരിച്ച ജനാധിപത്യ സംവിധാനങ്ങള്‍ കാരണം വളരെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. സാമ്പത്തിക തകര്‍ച്ച എന്നൊരു വാക്കുപോലും നമുക്കറിയില്ല. കഴിഞ്ഞ ഒരു 30 വര്‍ഷം നോക്കൂ. ലോകത്തെ ഏറ്റവും ശക്തവും സമ്പന്നവുമായ രാജ്യമായ അമേരിക്കയില്‍ ഈ കാലത്ത് 3 സാമ്പത്തിക തകര്‍ച്ചയായിരുന്നു നടന്നത്. Savings and Loan crisis, Dot com crisis, 2008 mega real estate crash. ഈ തകര്‍ച്ചകള്‍ ജനത്തിന് വലിയ ദുരിതമാണെങ്കിലും സമ്പന്നരെ സംബന്ധിച്ചടത്തോളം അതിലാഭകരമായ ഒന്നാണ്. 2008 ലെ തകര്‍ച്ചയില്‍ നിന്ന് ബാങ്കുകളെ രക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ 14 ലക്ഷം കോടി ഡോളറാണ് ബാങ്കുകള്‍ക്ക് വെറുതെ കൊടുത്തത്.

പണ്ട് രാജാവിനെ തള്ളിക്കളഞ്ഞ് ജനം അധികാരം നേടിയത് ലോകം മൊത്തമുള്ള രാജാവിന്റെ ചെരുപ്പ് നക്കികളെ ചൊടിപ്പിച്ച കാര്യമായിരുന്നു. രാഷ്ട്രീയം എന്നത് തെമ്മാടിയുെട അവസാനത്തെ ആശ്രയം എന്നാണ് അവര്‍ പണ്ട് പറഞ്ഞത്. അത് ഇപ്പോഴും തുടരുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറ്റവും ഒന്നാമത്തെ മാനേജ്മെന്റായ രാഷ്ട്രീയത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് ഗുണമേന്മ കുറഞ്ഞ ആള്‍ക്കാരാണ്. സ്വാര്‍ത്ഥ ലാഭത്തിനായി അവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മൊത്തം രാഷ്ട്രീയത്തിന് തന്നെ പുഴുക്കുത്തായി മാറുന്നു. എന്നാല്‍ രാഷ്ട്രീയക്കാര്‍ ആകാശത്തു നിന്ന് വന്ന ആള്‍ക്കാരല്ല. നമ്മുടെ ഇടയില്‍ നിന്ന് വന്ന സാധാരണക്കാരാണ്. അതുകൊണ്ട് സമൂഹത്തിന്റെ പൊതു ഗുണമേന്മ എങ്ങനയോ അതുപോലെയായിരിക്കും അവരുടെ സ്വഭാവം. സിനിമ, ചാനല്‍, പരസ്യം, പത്രം മുതലായ മാധ്യമങ്ങളിലൂടെ ജനത്തിന്റെ ബോധ നിലവാരം അടിച്ച് താഴ്ത്തുന്നത് സമൂഹത്തിന്റേയും ഇവരുടേയും നിലവാരത്തെ താഴ്ത്തുന്നു.

നമ്മേ സാമ്പത്തിക അരാജകത്വത്തില്‍ നിന്ന് രക്ഷിച്ചത് നമ്മുടെ നിയമങ്ങളായിരുന്നു. എന്നാല്‍ കപട ദേശീയതയുടേയും ഹിന്ദുത്വത്തിന്റെ മറ പിടിച്ച് റിലയന്‍സ് മോഡിയുടെ മുഖംമൂടി അണിഞ്ഞ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതുവരെ നാം പിന്‍തുടര്‍ന്ന എല്ലാ രീതികളുടേയും ലംഘനമാണ് കാണുന്നത്. കേന്ദ്ര സര്‍ക്കാരിന് ഒരു കച്ചവടക്കാരന്റെ കൌശലമാണുള്ളത്. പട്ടിയെ കല്ലെറിയുന്നത് പോലെ ഒരു മുഴം മുന്നേകൂട്ടിയാണ് അവന്റെ നടപടികളെല്ലാം.

രാഷ്ട്രീയക്കാരോട് പൊതുവെ ജനത്തിന് എതിര്‍പ്പുണ്ട്. ആ എതിര്‍പ്പ് ഒന്നുകൂടി ശക്തമാക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഒഴിവാക്കിയത്. സാധാരണ ജനം സ്വന്തം അദ്ധ്വാനിച്ച പണത്തിനായി ക്യൂനില്‍ക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൌജന്യം കൊടുത്താല്‍ അത് ജനത്തിന്റെ എതിര്‍പ്പ് രാഷ്ട്രീയ പാര്‍ട്ടികളോടും ഫലത്തില്‍ ജനാധിപത്യ വ്യവസ്ഥയോടും തന്നെ ആകും വരുക. അതിനുള്ള തീപ്പൊരിയാണ് ഈ പുതിയ നയം. എല്ലാ ചര്‍ച്ചകളും ആ സ്വരം മുഴങ്ങിക്കേട്ടു. എന്ത് വന്നാലും മുതലാളി ഭരിച്ചമാ മതി!

(ജനത്തിന് bjp യോട് എതിര്‍പ്പ് വന്നാലും rss ന് കാര്യമായ കുഴപ്പമില്ല. കാരണം ജനതാ പാര്‍ട്ടിയില്‍ നിന്ന് bjp രൂപീകരിച്ചത് പോലെ കുറച്ച് കഴിയുമ്പോള്‍ അവര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. അല്ലെങ്കില്‍ തന്നെ ഈ കാലത്ത് പാര്‍ട്ടിയെന്തിനാ? എല്ലാം മുതലാളി നടത്തിക്കോളുമല്ലോ. സ്വാതന്ത്ര്യ സമര കാലത്ത് rss സായിപ്പിന്റെ ഒപ്പമായിരുന്നല്ലോ.)

ഓടോ: അമേരിക്കയില്‍ ഒരു മുതലാളിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അയാളുടെ സര്‍ക്കാര്‍ മൊത്തം മുതലാളിമാര്‍ ആണ്.
____
എഴുതിയത്: ജഗദീശ്.എസ്സ്.

ഒരു അഭിപ്രായം ഇടൂ