AC ചൂടാക്കുന്നത് എങ്ങനെയാണ്

ചൂടുകാലമായിരിക്കുകയാണല്ലോ. AC കമ്പനികളുടെ കൊയ്ത്തുകാലമാണത്. എല്ലാവരും ഒരു പച്ച സ്റ്റിക്കറും ഒട്ടിച്ച് ഗ്രീന്‍വാഷ്(പച്ചയടി) ചെയ്ത് നമുക്ക് സുഖ ശീത അവസ്ഥ നല്‍കാനായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിലിറക്കിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ AC തണുപ്പിക്കുകയല്ല ചെയ്യുന്നത്. ശരിക്കും അത് ചൂടാക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. സംശയമുണ്ടോ? എങ്കില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കേണ്ടിവരും.

സാധാരണ ചൂട് കൂടിയ സ്ഥലത്ത് നിന്നും കുറഞ്ഞ സ്ഥലത്തേക്കാണ് താപം ഒഴുകുന്നത്. ACയുടെ കാര്യത്തില്‍ അതിന് വിപരീത ദിശയില്‍ താപത്തിന് ഒഴുകണം. അതായത് മുറിക്കകത്ത് നിന്ന് പുറത്തേക്ക് താപത്തെ നീക്കണം. നാം പ്രത്യേകം ഊര്‍ജ്ജം ചിലവാക്കിയാലേ താപം അങ്ങനെ ഒഴുകുകയുള്ളു. അതായത് താപത്തെ തള്ളി നീക്കണം. വെള്ളം പോലെ.

നമ്മേ AC ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത് വലിയ ഉഷ്ണം കാരണമാണ്. മുമ്പ് ഇത്രയധികം ചൂടുണ്ടാവാറില്ലായിരുന്നു. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നു? കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉള്‍പ്പടെയുള്ള ഹരിതഗ്രഹവാതകങ്ങള്‍ ഭൂമിക്ക് പുറത്ത് ഒരു പുതപ്പ് പോലെ വലയം ചെയ്യുന്നത് വഴി മുമ്പത്തെ പോലെ ഭൂമിയില്‍ നിന്ന് ചൂട് ശൂന്യാകാശത്തിലേക്ക് പോകുന്നില്ല.

കാലവസ്ഥ എന്നത് അതി സങ്കീര്‍ണ്ണമായ ഒരു കാര്യമാണ്. ചെറിയ മാറ്റങ്ങള്‍ക്കും വലിയ പ്രത്യാഘാതങ്ങളുണ്ടാകാം. താപം പുറത്ത് പോകാതെ തങ്ങി നില്‍ക്കുന്നതിനാലുണ്ടായ മാറ്റം ലക്ഷക്കണക്കിന് വര്‍ഷങ്ങളായി സ്ഥിരമായി നിന്നിരുന്ന, മനുഷ്യ ജീവിതത്തിന് സുഗമമായ അവസ്ഥയുണ്ടാക്കിയ സുസ്ഥിര കാലാവസ്ഥയെ തകര്‍ത്തു. അതിന്റെ ഫലമായാണ് നമുക്ക് അത്യുഷ്ണം അനുഭവിക്കേണ്ടി വരുന്നത്. (അത് മാത്രമല്ല, അതിശൈത്യവും, പേമാരിയും, വരള്‍ച്ചയും, കൊടുംകാറ്റും ഒക്കെ അതിന്റെ ഫലമായി വര്‍ദ്ധിക്കും.)

AC എന്താണ് ചെയ്യുന്നത്

AC പ്രവര്‍ത്തിപ്പിക്കാന്‍ ഊര്‍ജ്ജം വേണം. ഈ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത് കല്‍ക്കരിയും എണ്ണയും പ്രകൃതിവാതകവും ഒക്കെ കത്തിച്ചാണ്. ഫോസില്‍ ഇന്ധനങ്ങളായ അവ കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്ത് വരുന്നു. അതുകൊണ്ട് ACക്ക് വേണ്ടി ഉപയോഗിക്കുന്ന അധിക ഊര്‍ജ്ജത്തിന്റെ തുല്യം കനം ഭൂമിയുടെ പുതപ്പിന് വര്‍ദ്ധിക്കുന്നതിനാല്‍ ഭൂമിയുടെ താപനില കൂടുകയും ചെയ്യുന്നു.

പണ്ട് നമ്മുടെ ACയിലും ഫ്രിഡ്ജിലും ഒക്കെ തണുപ്പിക്കാനുപയോഗിച്ച ഫ്രിയോണും (R-12), CFC (R-22) ഒക്കെ ഓസോണ്‍ പാളിക്ക് ദ്വാരമുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയതിന് ശേഷം അത് നിരോധിച്ചു. എന്നാല്‍ പകരം വന്ന വാതകം (R-410A) ഓസോണ്‍ പാളിക്ക് ദോഷമുണ്ടാക്കുന്നതല്ലെങ്കിലും ശക്തമായ ഹരിതഗ്രഹ വാതകമാണ്. അവ നിര്‍മ്മിക്കുമ്പോഴും, ACയൊക്കെ പരിപാലിക്കുമ്പോഴും, അവസാനം ഉപയോഗശൂന്യമായി വലിച്ചെറിയുമ്പോഴുമൊക്കെ ഈ വാതകം ചോര്‍ന്ന് അന്തരീക്ഷത്തിലെത്തുന്നു. അതുവഴി ഭൂമിയുടെ പുതപ്പിന് കനം കൂടുകയും ചൂട് പിന്നെയും കൂടുന്നു. (R-600A എന്ന ശീതീകരണ വാതകത്തിന് വളരെ കുറവ് ഹരിതഗൃഹ പ്രഭാവമുള്ള വാതകമാണ്. നിങ്ങളുടെ ഫ്രിഡ്‍ജിലും ഏസിയിലും അത് ഉപയോഗിക്കാനാകുമെങ്കില്‍ അത് നല്ലതായിരിക്കും.)

ഇതുവരെ പറഞ്ഞത് ആഗോള ശരാശരി താപനിലയുടെ കാര്യമാണ്. പക്ഷേ പ്രാദേശികമായ സ്ഥിതിയോ? നാം ഊര്‍ജ്ജം ഉപയോഗിച്ച് അകത്തുനിന്ന് താപത്തെ പുറത്തേക്ക് നീക്കുന്നു. അകം തണുത്തു. പക്ഷേ പുറമോ? അവിടെ ചൂട് കൂടി. AC ഉപയോഗിക്കുന്ന നൂറ് വീടുകളുള്ള ഒരു ബഹുനില കെട്ടിടത്തിന്റെ സമീപത്ത് AC കാരണം എത്രമാത്രം ചൂട് വര്‍ദ്ധിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. അവിടെ താമസിക്കുന്ന AC വാങ്ങാന്‍ കഴിവില്ലാത്തവരുടെ കാരണമല്ല ശരിക്കും ഭൂമിയുടെ താപനില കൂടിയത്. പക്ഷേ അതിന്റെ ദുരിതം അനുഭവിക്കുന്നതോ അവരാണുതാനും! അതാണ് പരിസ്ഥിതി നീതിയുടെ പ്രശ്നം.

ഇത് പറഞ്ഞപ്പോഴാണ് പണ്ടത്തെ ഒരു വാര്‍ത്ത ഓര്‍മ്മ വന്നത്. ഡല്‍ഹി സര്‍ക്കാര്‍ പണ്ട് ഷഹനായി സംഗീതജ്ഞനായ ബിസ്മില്ലാ ഖാന് ഡല്‍ഹിയിലെ ചൂടില്‍ നിന്ന് രക്ഷനേടാനായി ഒരു AC സമ്മാനമായി നല്‍കി. സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞെങ്കിലും ACയെ നിരസിച്ചു. മുറിക്കകത്ത് തനിക്ക് തണുപ്പ് കിട്ടുമെങ്കിലും അതില്‍ നിന്ന് പുറത്ത് വരുന്ന ചൂട് തന്റെ അയല്‍ക്കാരുടെ ഉഷ്ണം വര്‍ദ്ധിപ്പിക്കും. അതിനാല്‍ അത് വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. എത്ര ഉയര്‍ന്ന ചിന്ത. നമുക്കും കഴിയുന്നത്ര കാലം ഇത്തരം ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.

ന‍ഷ്ടമില്ലാത്ത മാറ്റം

പക്ഷേ ചൂടിനെ നേരിടുന്നതില്‍ നമുക്ക് പ്രചാരമില്ലാത്ത, എന്നാല്‍ ഒരു നഷ്ടവും ഇല്ലാത്തതും ഗുണകരവുമായ ചില കാര്യങ്ങള്‍ ചെയ്യാനാകും.

തൊലിക്കടിയിലെ കൊഴുപ്പ് ചൂടിനെ പുറത്ത് വിടാതിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചാല്‍ നമുക്ക് കുറച്ച് ഉഷ്ണമേ തോന്നുകയുള്ളു. അത് മാത്രമല്ല, കൊഴുപ്പ് കുറക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയില്‍ നിന്നുള്ള നല്ല പ്രതിരോധമാണ്. കൂടുതല്‍ തിന്ന് വാഹനത്തില്‍ ജിമ്മില്‍ പോയി തടികുറക്കുന്നതില്‍ കാര്യമില്ല. പകരം കുറച്ച് ആഹാരം കഴിക്കുക. രാത്രിയിലെ അത്താഴം ഉപേക്ഷിക്കുക. പകരം വെള്ളം മാത്രം കുടിക്കുക. ഇറച്ചി, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉപേക്ഷിക്കുകയോ ഉപയോഗം കുറക്കുകയോ ചെയ്യുക.

ഇതിനൊക്കെ വേറൊരു ആഗോള ഗുണവും കൂടിയുണ്ട്. വ്യാവസായിക കൃഷി കാരണമാണ് 30% ഹരിതഗ്രഹവാതകങ്ങളും പുറത്ത് വരുന്നത്. നാം ആഹാരം കുറക്കുന്നത് വഴി അങ്ങനെ വരുന്ന ഹരിതഗ്രഹവാതകങ്ങളുടെ അളവ് കുറക്കാനാകും. അത് ആഗോളതപനത്തെ കുറക്കും. ഭൂമിയെ തണുപ്പിക്കും.

പ്രാദേശിക ആഹാരവും, ജൈവ കൃഷിയുടെ ആഹാരവും കഴിക്കുക. കഴിയുമെങ്കില്‍ ജൈവ കര്‍ഷകനാകുക. യാത്ര കുറക്കുക. കഴിയുന്നതും പൊതുഗതാഗത മാര്‍ഗ്ഗങ്ങളുപയോഗിക്കുക. ഇത് ഫോസിലിന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നത് വഴി ഹരിതഗ്രഹവാതകങ്ങളുടെ അളവ് കുറക്കാനാകും. അത് ആഗോളതപനത്തെ കുറക്കും. ഭൂമിയെ തണുപ്പിക്കും. അപ്പോള്‍ തണുക്കാനെന്ത് ചെയ്യണം? ആഹാരം കുറച്ച് കഴിക്കുക. ആരോഗ്യം സംരക്ഷിക്കുക.

(നമ്മുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാനായുള്ള ധാരാളം കാര്യങ്ങള്‍ ഈ സൈറ്റില്‍ കൊടുത്തിട്ടുണ്ട്.)


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ