ദളിത്, ഈഴവ, പിന്നോക്ക ജാതി ഫാസിസം

സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ ദാരിദ്ര്യത്തിലേകും കഷ്ടപ്പാടിലേക്കും വഴുതി വീഴുമ്പോഴാണ് ഫാസിസം പ്രകടമായി വരുന്നത്.(1) എന്നാല്‍ അതേ സമയത്ത് തന്നെ കുറച്ച് പേരുടെ സമ്പത്ത് കുതിച്ചുകയരുകയും ചെയ്യുന്നുണ്ടാവും. അപ്പോള്‍ ദരിദ്രര്‍ ശരിക്കും എന്ത് ചെയ്താല്‍ മതി? ഈ സമ്പന്നരില്‍ നിന്ന് നികുതി ഈടാക്കി അവര്‍ക്ക് ജീവിക്കാന്‍ വേണ്ടത് തിരിച്ചെടുത്തുതാല്‍ പോരേ? പക്ഷേ ആരെങ്കിലും അത്തരം ഒരു അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കുമോ? ഇല്ല. അധികാരികള്‍ സമ്പന്നര്‍ തന്നയോ അവരുടെ ബിനാമികളോ ആയിതനാല്‍ അവര്‍ സമ്പന്നരേയും അവരുടെ സമ്പത്തിനേയും സംരക്ഷിക്കും. അത് സംഭവിക്കണമെങ്കില്‍ ജനത്തിന്റെ ശ്രദ്ധ സമ്പന്നരിലേക്ക് തിരിയതരുത്. വേറെ വലിയ എന്തെങ്കിലും ബഹളമുണ്ടാക്കി ശ്രദ്ധ തിരിക്കണം. അതാണ് ഫാസിസത്തിന്റെ പ്രകട രൂപം.

ദരിദ്രരായ ആളുകള്‍ക്ക് ചോറും കറിയും വെച്ചുകൊടുക്കാനോ, 15 ലക്ഷം വീതം അകൌണ്ടിലിട്ടുകൊടുക്കാനോ പറ്റില്ലല്ലോ. അവരെ സമാധാനിപ്പിച്ച് സ്വന്തം പക്ഷത്ത് നിര്‍ത്താന്‍ അധികാരികള്‍ പ്രയോഗിക്കുന്ന ആദ്യത്തെ തന്ത്രമാണ്, “നിങ്ങള്‍ പണ്ട് ഉന്നതരായ ആളുകളായിരുന്നു” എന്ന് പറയുന്നത്. നമ്മളെ പുകഴ്ത്തുന്നവരോട് മനശാസ്ത്രപരമായി തന്നെ നമുക്ക് അടുപ്പം തോന്നും. ജ്യോല്‍സ്യന്‍മാരൊക്ക് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന തന്ത്രമാണ്.

നിങ്ങള്‍ ഉന്നതരായിരുന്നു

പക്ഷേ പണ്ട് നിങ്ങള്‍ ഉന്നതരായിരുന്നെങ്കില്‍ പിന്നെ ഇപ്പോള്‍ എന്തുകൊണ്ട് ഈ മോശം അവസ്ഥ എന്ന ചോദ്യം എല്ലാവരിലും ഉണ്ടാകും. അതിനുള്ള മറുപടിയാണ് അടുത്ത പടി. യുക്തിപരമെന്ന് തോന്നുന്ന അല്ലെങ്കില്‍ അങ്ങനെയാക്കിയെടുക്കാവുന്ന ജനങ്ങളിലെ ഒരു ദുര്‍ബല കൂട്ടത്തെ കണ്ടെത്തി കുറ്റം അവരില്‍ ചാര്‍ത്തുക. പിന്നെ ഭൂരിപക്ഷ ദരിദ്ര ജനക്കൂട്ടം വേണ്ടത് ചെയ്തോളും.

ഇതാണ് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ നടന്നത്. ജര്‍മ്മനിയില്‍ നാസികള്‍ പറഞ്ഞു ജര്‍മ്മന്‍കാര്‍ ആര്യന്‍മാരാണ്. അവരാണ് ഉന്നതര്‍. അവരാണ് ലോകം ഭരിക്കേണ്ടത്. മുതലാളിമാരെ എതിര്‍ക്കുന്ന സോഷ്യലിസ്റ്റുകളേയും, കമ്യൂണിസ്റ്റുകളേയും, ട്രേഡ് യൂണിയന്‍കാരേയും, രാഷ്ട്രത്തിന് ഭാരമെന്ന് പറഞ്ഞ് അംഗപരിമിതരേയും നാടോടികളേയും അവസാനം യഹൂദരേയും ആക്രമിച്ചു. ഇവരെല്ലാം ന്യൂനപക്ഷങ്ങളായിരുന്നു അവിടെ. കോടിക്കണക്കിന് ആളുകളുടെ ചോര ഒഴുകി. അതിന്റെ ആവര്‍ത്തനത്തിനുള്ള തുടക്കമെന്ന് തോന്നുന്ന രീതിയില്‍ സാമ്പത്തിക അസമത്വവും അക്രമാസക്തമായ സര്‍ക്കാരുകളും ലോകം മുതല്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

നാസികളുടെ അതേ മാതൃക പിന്‍തുടരുന്ന ഒരു സംഘം നൂറ് വര്‍ഷങ്ങളായി ഇവിടെയും പ്രവര്‍ത്തിച്ചുവരുകയാണല്ലോ. ഹിന്ദുമതത്തെയാണ് അവര്‍ ആശയമായി ഉപയോഗിക്കുന്നത്. അതിന് സമാനമായ ഒരു സംഘമാണ് ദളിത്, പിന്നോക്ക ഫാസിസം.

ഹിന്ദുത്വ ഫാസിസത്തിന് വലിയ ചരിത്രമുള്ളതുകൊണ്ട് അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതു സമൂഹത്തില്‍ ലഭ്യമാണ്. എന്നാല്‍ പിന്നോക്ക ഫാസിസം താരതമ്യേനെ പുതിയ ഒരു സൃഷ്ടിയാണ്. അതുകൊണ്ട് അവരെക്കുറിച്ച് കാര്യമായ വിശകലനങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. അല്‍പ്പം അറിവുള്ള എല്ലാവരും പിന്നോക്കക്കാരരോട് സഹാനുഭൂതിപരമോ, കുറ്റബോധത്തോടുകൂടിയതോ ആയ ഒരു സമീപനമാണ് എടുത്തുവരുന്നത്. എന്തെങ്കിലും ചെയ്ത് അവരെ ഉയര്‍ത്തിക്കൊണ്ടുവരുക എന്നത് ഒരു പൊതു ബോധമാണ്. എന്ത് ചെയ്യണമെന്നതില്‍ ഒരു വ്യക്തതയില്ലെന്ന് മാത്രം. അതുകൊണ്ട് അവരുടെ വെണ്ണപ്പാളി ബുദ്ധിജീവികള്‍ പറയുന്നത് ഒരു ചോദ്യവും ചോദിക്കാതെ അംഗീകരിച്ച് കൊടുക്കുന്ന നയമാണ് എല്ലാവരും സ്വീകരിക്കുന്നത്.

രണ്ട് ഫാസിസങ്ങളിലെ സാമ്യങ്ങള്‍

ഈ രണ്ട് ഫാസിസ്റ്റ് സംഘങ്ങളും പുറമേ വിരുദ്ധരാണെങ്കിലും അവരുടെ ആശയങ്ങളുടെ രൂപത്തില്‍ വലിയ സാമ്യം ഉണ്ട്.

  1. രണ്ട് കൂട്ടരും സ്വന്തം വംശത്തെ ഏറ്റവും മഹത്തരമെന്ന് കരുതുന്നു
  2. രണ്ട് കൂട്ടര്‍ക്കും പണ്ട് മഹത്തായ പാരമ്പര്യവും നല്ല കാലവും ഉണ്ടായിരുന്നു. പിന്നീടത് നഷ്ടപ്പെട്ടു.
  3. രണ്ട് കൂട്ടരും ആ നഷ്ടത്തിന് മറ്റൊരു കൂട്ടരെ പഴിചാരുന്നു.
  4. രണ്ടു കൂട്ടരും അതിനായി ചരിത്രത്തെ നിര്‍മ്മിച്ചെടുക്കുന്നു.
  5. രണ്ട് കൂട്ടരും ദൈവീകമായ വിഗ്രഹങ്ങളെ സൃഷ്ടിച്ച് മഹത്വവല്‍ക്കരിക്കുന്നു.
  6. രണ്ട് കൂട്ടരും പുരാതന തലമുറയുടെ അറിവിനെ മഹത്വവല്‍ക്കരിക്കുന്നു.
  7. രണ്ട് കൂട്ടരും സങ്കുചിതവാദികളാണ്.
  8. രണ്ട് കൂട്ടരും അസഹിഷ്ണുതയുള്ളവരാണ്.
  9. രണ്ട് കൂട്ടരും വിദ്വേഷ പ്രചരണം നടത്തുന്നു.
  10. രണ്ടു കൂട്ടരും ഭിന്നിപ്പും തര്‍ക്കവും ഉണ്ടാക്കി യഥാര്‍ത്ഥ രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റുന്നു.
  11. രണ്ട് കൂട്ടരും മഹാത്മാ ഗാന്ധിയേയും ഇടതുപക്ഷത്തേയും ആക്രമിക്കും.
  12. രണ്ട് കൂട്ടരും സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും വക്താക്കളാണ്.
  13. സര്‍വ്വോപരി രണ്ടുകൂട്ടരും വിഢികളാണ്. തന്നത്താനേയും സമൂഹത്തേയും നശിപ്പിക്കുന്നവര്‍.

കുഞ്ചാക്കോയ്സ്റ്റ് ചരിത്ര നിര്‍മ്മിതി

ആധുനിക ചരിത്ര പഠനത്തെക്കുറിച്ച് ഒരു ബോധവും ഇല്ലാത്ത മറ്റ് വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമച്വര്‍ ആയവര്‍ എഴുതി വിടുന്ന പുസ്തകങ്ങളും ലേഖനങ്ങളും ഉപയോഗിച്ച് ചരിത്രം നിര്‍മ്മിക്കലാണ് ആദ്യം നടക്കുന്നത്. ചിലപ്പോള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ആരോ പ്രസംഗിച്ച കാര്യത്തെ ആരോ പറഞ്ഞു കേട്ടത് സ്രോതസ്സാക്കി വേറെ ആരോ എഴുതുന്നതാവും ആ പുസ്തകങ്ങളും ലേഖനങ്ങളും. വര്‍ഷങ്ങള്‍ കഴിയും തോറും ആ എഴുത്തുകള്‍ പോലും ചരിത്ര രേഖയായി വ്യാഖ്യാനിക്കപ്പെടുന്നു.

രണ്ട് രീതികളാണ് അവര്‍ക്കുള്ളത്. ഒന്ന്, കുടുംബപുരാണ മാതൃകയില്‍ പണ്ട് ജീവിച്ചിരുന്ന ആളുകളുടെ കഥ പറയുന്നത്. നമ്മുടെ വീട്ടിലെ അപ്പുപ്പനമ്മുമ്മാര്‍ വസ്തുക്കള്‍ ഭാഗം വെച്ചതിന്റെ കഥ പറയുന്നത് പോലെ. രണ്ട്, പേരുകളും വാക്കുകളും പിരിച്ച് അര്‍ത്ഥം കണ്ടെത്തുന്നത്. ഉദാഹരണത്തിന് കായംകുളം എന്നതിനെ വ്യാഖ്യാനിച്ച് ചരിത്രം കണ്ടെത്തണം എന്നിരിക്കട്ടെ. അതിനെ കായം എന്നും കുളം എന്നും പിരിക്കാം. ഇനി അത് രണ്ടിനും ഓരോ കഥയും കണ്ടെത്തണം. സവര്‍ണ്ണരാല്‍ പീഡിപ്പിക്കപ്പെട്ട ഒരു പിന്നോക്കക്കാരന്റെ കഥ സൃഷ്ടിച്ച് ഇതുമായി ബന്ധിപ്പിപ്പിച്ചുകഴിഞ്ഞാല്‍ നമ്മുടെ ചരിത്രമായി. സാക്ഷാല്‍ ഗീബല്‍സിന്റെ രീതി. 21ാം നൂറ്റാണ്ടിന്റെ സാമൂഹ്യ, സാങ്കേതികവിദ്യാ, ആണുകുടംബ, വിക്റ്റോറിയന്‍ സദാചാര ബോധത്തില്‍ നിന്നുകൊണ്ടാണ് വ്യാഖ്യാന ഫാക്റ്ററി രീതിയില്‍ ഇത് ചെയ്യുന്നത്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു കസേരയിലിരുന്ന് ഏത് ലോക ചരിത്രവും വാക്കുകളെ വ്യാഖ്യാനിച്ച് എഴുതാം. ഒരു സിനിമാക്കഥ പോലെ. തങ്ങളുടെ വംശം പണ്ട് ഉന്നതരായിരുന്നു എന്നും എന്നാല്‍ പിന്നീട് വലിയ ദുരിതങ്ങള്‍ മറ്റൊരു വംശം ചെയ്തു എന്ന് പ്രചരിപ്പിച്ച് സമകാലീന ലോകത്ത് തങ്ങള്‍ ഇരയാണെന്ന് വരുത്തിതീര്‍ക്കലാണ് ഇവിടെ അതിന്റെ ലക്ഷ്യം. ആരെങ്കിലും തെളിവ് ചോദിച്ചാല്‍, വിമര്‍ശിച്ചാല്‍ അവര്‍ സവര്‍ണ്ണരാണെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തും. അതോടുകൂടി വിമര്‍ശനങ്ങളുടെ വായടപ്പിക്കാനാകും. കൂടാതെ പിന്നോക്ക അനുകമ്പയും, വോട്ട് ബാങ്ക് ഭീഷണിയും നിര്‍മ്മിക്കാം.

ഈ പിന്നോക്ക ഫാസിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന കഥകള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ഒരു ആള്‍ പറഞ്ഞത് അവരുടെ സമുദായം സിന്ധുനദീതട സംസ്കാരത്തിലെ ജനങ്ങള്‍ക്ക് വേണ്ട തേക്കും തടി കേരളത്തിലെ കാടുകളില്‍ നിന്ന് വെട്ടി സിന്ധുനദീതടത്തിലേക്ക് കയറ്റുമതി ചെയ്യുന്നവരായിരുന്നു എന്നാണ്. മറ്റ് ചിലര്‍ തങ്ങളുടെ പാരമ്പര്യം സംഘകാല ജനങ്ങളിലേക്ക് ചേര്‍ക്കുന്നു. വേറെ ചിലര്‍ക്ക് കേരളത്തിലെ ആളുകളെ ബുദ്ധമതം പഠിപ്പിക്കാനായി ശ്രീലങ്കില്‍ നിന്ന് വന്ന ഉന്നതരായ ആളുകളാണ്. ചിലര്‍ക്ക് അവരുടെ പൂര്‍വ്വികര്‍ പുലയനാര്‍ കോട്ടയിലെ രാജാക്കന്‍മാരാണ്.

ഇതുപോലെ വിഗ്രഹ നേതാക്കളെയും നിര്‍മ്മിച്ചെടുക്കുന്നു. അവര്‍ സവര്‍ണ്ണ ജാതികളെ ബൌദ്ധികവും കായികവും ഭരണതന്ത്രപരവുമായി തോല്‍പ്പിക്കുന്നതിന്റെ കഥകള്‍ ആധുനിക മൂല്യബോധത്തിന്റെ അച്ചില്‍ വാര്‍ത്തെടുത്ത് വിഗ്രഹത്തില്‍ ചാര്‍ത്തി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ബ്രാഹ്മണ്യത്തിന്റെ ഉച്ചനീചത്വ മൂല്യം അവരില്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തമായി കാണാം. അവരുടെ കാലത്ത് അവര്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടാത്തതിന് സവര്‍ണ്ണജാതിക്കാരെ അപലപിക്കുകയും ചെയ്യും.

അദ്ധ്വാനം ചെയ്യുന്നത് കൊണ്ട് അവരുടെ പൂര്‍വ്വികര്‍ക്കായിരുന്നു. അതുകൊണ്ട് പ്രാചീനകാലത്തെ പ്രായോഗികമായ ഭൌതിക അറിവുകളുടെ മൊത്തം കുത്തക അവര്‍ ഏറ്റെടുക്കുന്നു. അത് അവരുടെ മാഹാത്മ്യ വാദത്തെ ഒന്നുകൂടി ഉറപ്പിക്കാനാണ്. ആ അറിവിന്റെ ഫലത്തേയും സവര്‍ണ്ണര്‍ കൊള്ളയടിച്ചു. വീണ്ടും തങ്ങള്‍ ഇരകളായി.

എന്തുകൊണ്ടാണ് അവരെ വിഢികളെന്ന് പറയുന്നത്?

സത്യത്തില്‍ വ്യക്തിപരമായ തലത്തില്‍ അവര്‍ വിഢികളല്ല. ഉന്നത വിദ്യാഭ്യാസം നേടിയ ഒരുപാട് അറിവുകളുള്ള ആളുകളാണ്. ഫാസിസത്തെ അഥവാ മുതലാളിത്തത്തെ സഹായിക്കുന്നതില്‍ അവരില്‍ മിക്കവര്‍ക്കും ഉയര്‍ന്ന സ്ഥാനവും സമ്പത്തും ജീവിതവിജയും ഒക്കെ കരസ്ഥമാക്കാന്‍ പറ്റും. അതുകൊണ്ട് അവരുടെ വ്യക്തിപരമായ ജീവിതത്തെ അടിസ്ഥാനമാക്കിയല്ല അവര്‍ വിഢികളെന്ന് പറയുന്നത്.

അവരുടെ പ്രവര്‍ത്തികള്‍ കുറഞ്ഞ പക്ഷം അവരുടെ സമുദായത്തിലെ മൊത്തം ആളുകള്‍ക്കും എങ്കിലും ഗുണകരമായി ഫലിക്കാത്തതുകൊണ്ടാണ് അവരെ അങ്ങനെ വിളിക്കുന്നത്. സമൂഹത്തിലെ 80% ആളുകളും പിന്നോക്കക്കാരാണ്. അവരുടെ മെച്ചപ്പെട്ട ജീവിതത്തിന് എന്ന് വേണ്ടി പറഞ്ഞാണല്ലോ ഈ വെണ്ണപ്പാളി പ്രവര്‍ത്തിക്കുന്നത്. അത് നമുക്ക് മുഖവിലക്കെടുക്കാം. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ നേരെ വിപരീത ഫലം ആണ് സംഭവിക്കുന്നതെങ്കില്‍ അവര്‍ വിഢികളാണെന്നല്ലേ കാണാന്‍ കഴിയൂ.

വെറുപ്പും വിദ്വേഷവും കുത്തിവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അവരുടെ മനസിനെ തന്നെ ബാധിക്കും. അത്തരം മനസുകള്‍ എപ്പോഴും ഒരു ഇരയെ തെരഞ്ഞുകൊണ്ടിരിക്കും. അത് ചിലപ്പോള്‍ സ്വന്തം കുടുംബമോ കുട്ടികളോ പോലും ആകാം. സമൂഹത്തില്‍ ഇന്ന് വര്‍ദ്ധിച്ച് വരുന്ന അക്രമത്തിന്റെ ഒരു കാരണം എല്ലാ ഫാസിസ്റ്റുകളുടേയും വിദ്വേഷപ്രചണത്താല്‍ സ്വയം ചെയ്യുന്ന നാശമാണ്.

അതിനേക്കാളേറെ പ്രകൃതി വരെ മനുഷ്യന് എതിരെ തിരിഞ്ഞിരിക്കുന്ന അവസരത്തില്‍ മൊത്തം ജനങ്ങളേയും അണിനിരത്തി വലിയ സാമൂഹ്യ മാറ്റം നടത്തുന്നതിന് പകരം താല്‍ക്കാലിക സ്വാര്‍ത്ഥലാഭം മാത്രം കാണുന്നതും വിഢിത്തം നിറഞ്ഞ പ്രവര്‍ത്തിയാണ്.

ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധതാ കാപട്യം

കൂടുതല്‍ പിന്നോക്കക്കാരും ഹിന്ദുത്വ ഫാസിസത്തിന്റെയൊപ്പമാണ്. പ്രസംഗ വേദിയില്‍ നേതാക്കള്‍ മാത്രം എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പോരല്ലോ. ആ ഫാസിസ്റ്റ് വിരുദ്ധത പോലും ഫാസിസത്തെ വെറിപിടിപ്പിച്ച് കൂടുതല്‍ ശക്തരാക്കാന്‍ സഹായിക്കുന്ന തരത്തിലുമാണ്. സത്യത്തില്‍ അവര്‍ ഹിന്ദുത്വ ഫാസിസത്തിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നത് പോലെ തോന്നും.

അതിനേക്കാള്‍ വലിയ വേറൊരു പ്രശ്നമുണ്ട്. ഹിന്ദുത്വ ഫാസിസത്തെ സംസാരത്തില്‍ എതിര്‍ക്കുമെങ്കിലും അവരുടെ പ്രധാന ഇര ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളാണ്. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികളും, മാര്‍ക്സിസ്റ്റ് വീക്ഷണങ്ങളും ആണ്. അതുകൊണ്ട് അതുണ്ടാക്കുന്ന ഭിന്നിപ്പ് തീര്‍ച്ചയായും ഇടതുപക്ഷത്തിലാണ് (2). അത് ഫാസിസ്റ്റ് വിരുദ്ധ ചേരിയെ ശിഥിലമാക്കുന്നു. ഇവര്‍ രൂപീകൃതമാകുന്നതിന്റെ ചരിത്ര പശ്ചാത്തലവും അതാണ്. ഹിന്ദുത്വ ഫാസിസത്തെ സംബന്ധിച്ചടത്തോളം ഇവരുടെ എതിര്‍പ്പ് പ്രസക്തമല്ല. രണ്ട് മണിയടിച്ച്, മന്ത്രം ചൊല്ലി, ഘര്‍വാപ്പസി നടത്തിയാല്‍ അവരിലെ ഭൂരിപക്ഷം പേരും ബ്രാഹ്മണന്റെ അനുഗ്രഹം വാങ്ങാന്‍ കൂട്ടമായി എത്തിക്കോളും എന്ന് അവര്‍ക്കറിയാം. എന്നാല്‍ ഇടതുപക്ഷത്ത് അവരുണ്ടാക്കുന്ന നാശം മറികടക്കാന്‍ പറ്റാത്തതാണ്.

പിന്നോക്ക ഫാസിസ്റ്റുകള്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് ബോധപൂര്‍വ്വം ചെയ്യുന്നു എന്നല്ല ഉദ്ദേശിക്കുന്നത്. ഫാസിസത്തിന് അയിത്തമില്ല. ആരും ഫാസിസ്റ്റാകാം, അല്ലെങ്കില്‍ ഫാസിസത്തിന്റെ ചട്ടുകമാകാം. ചരിത്രത്തിന്റെ അനിവാര്യതയില്‍ ആണ് സമൂഹത്തിലെ മൊത്തം വ്യക്തികളും, സംഘടനകളും, സ്ഥാപനങ്ങളും ഒക്കെ ഓരോ സ്ഥാനം ഏറ്റെടുക്കുന്നത്. ആ അനിവാര്യത എന്നത് ഒരു നിര്‍മ്മിതിയാണ്. ഇന്ന് അധികാരവും സമ്പത്തും മൂലധന ശക്തികള്‍ക്കായതിനാല്‍ അവരാകും അത് നിര്‍മ്മിക്കുക. അത് തീര്‍ച്ചയായും അവര്‍ക്ക് അനുകൂലമായിരിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

അതുകൊണ്ട് സമകാലീനമായി ജീവിക്കുക. ആരുടേയും ഉപകരണമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതിനായി സംശയിക്കുക, ചോദ്യങ്ങള്‍ ചോദിക്കുക. Nullius in verba

***

ഒന്നുകില്‍ നാം എല്ലാവരും രക്ഷപെടും. അല്ലെങ്കില്‍ നാം എല്ലാവരും ഇല്ലാതാകും. നിങ്ങള്‍ക്ക് മാത്രമായി രക്ഷപെടാം എന്ന് ആരെങ്കിലും നിങ്ങളോട് പറയുന്നവെങ്കില്‍ അവര്‍ നിങ്ങളെ കബളിപ്പിക്കകുയാണ്. അതുകൊണ്ട് ഒന്നിച്ച് ഉയരാന്‍ ശ്രമിക്കുക.

ഓര്‍ക്കുക. പണ്ട് തങ്ങളുടെ വംശക്കാര്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതി പറയുന്നവര്‍ ഭാവിയില്‍ എല്ലാവര്‍ക്കും പീഡനം നല്‍കാന്‍ പോകുന്ന ഭീകരരാണ്. അടുത്ത കാലത്തെ അതിന്റെ നല്ല ഒരു ഉദാഹരണമാണ് ഇസ്രായേല്‍.

അനുബന്ധം:
1. ഫാസിസം എന്നാൽ എന്ത്
2. ഭിന്നിപ്പിക്കാനായി അമേരിക്കയിലെ കറുത്ത ജീവിതം
3. പല്ലിന്റെ ഇനാമലിലെ മാംസ്യം പുരാവസ്തുശാസ്ത്രജ്ഞരെ സഹായിക്കുന്നു


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ