സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്

അടുത്തകാലത്ത് സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന്റേയോ വാര്‍ത്തകള്‍ വീണ്ടും ധാരാളം വരാന്‍തുടങ്ങിയിരിക്കുകയാണ്. 80കളില്‍ സ്റ്റൌ പൊട്ടി മരിച്ചു എന്നായിരുന്നു വാര്‍ത്ത. പിന്നീട് താരതമ്യേനെ അത്തരം വാര്‍ത്തകള്‍ കാണാതെയായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയതിനെക്കാള്‍ തീവൃമായി സ്ത്രീധന മരണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി കാണാം.

കേവലവാദം എന്നത് നമ്മുടെ അടിസ്ഥാന സ്വഭാവമായതിനാല്‍ ഉടന്‍ തന്നെ നാം കുറ്റവാളിയെ കണ്ടെത്തുകയും എപ്പോഴും ചെയ്യുന്നത് പോലെ ശക്തമായ ശിക്ഷ കൊടുക്കണമെന്ന വാദവും ഇറക്കി. മാധ്യമങ്ങളും സര്‍ക്കാരും അതേ എളുപ്പ വഴി സ്വീകരിക്കുകയാണ്. എല്ലാവരുടേയും മുന്നില്‍ സ്ത്രീധനമാണ് കുറ്റും. സ്ത്രീധനം ആരും കൊടുക്കരുത്, ആരും വാങ്ങരുത്. (സമാനമായ മറ്റൊരു മുദ്രാവാക്യം ഈ സമയത്ത് ഓര്‍മ്മവരുന്നു, കള്ള് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്.) ആണിനോട് പറയുന്നു നീ അത് വാങ്ങരുത്. പെണ്ണിനോട് പറയുന്നു നീ അത് കൊടുക്കരുത്. അങ്ങനെ പ്രശ്നത്തെ രണ്ട് വ്യക്തികളുടെ ഉത്തരവാദിത്തത്തിലേക്ക് തള്ളിവിട്ട് രക്ഷപെടുന്ന നയമാണ് അത്. എന്നാല്‍ വിവാഹം എന്ന മൊത്തം വ്യവഹാരത്തിന്റേയും സമൂഹത്തിന്റേയും സ്ഥിതി ഒന്നും പരിഗണിക്കാത്ത ഒറ്റ വരി മുദ്രാവാക്യത്താല്‍ ഇല്ലാതാക്കാവുന്നതല്ല ഈ കാര്യം.

പണത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒന്നാണ് മുതലാളിത്തമെന്ന് നാം വിളിക്കുന്ന നമ്മുടെ ആധുനിക സമൂഹം. പണമാണ് മുതലാളിത്തത്തിന്റെ അടിസ്ഥാനം. അത് എല്ലാറ്റിനും ഒരു വിലയിട്ട് വെക്കുന്നു. വില കുറഞ്ഞതിന് കുറവ് സ്ഥാനവും വില കൂടിയതിന് ഉയര്‍ന്ന സ്ഥാനവും ആണുള്ളത്. ഓരോ വ്യക്തിയും കുടുംബവും സമൂഹവും അവര്‍ക്കും മറ്റുള്ളവര്‍ക്കും വില ഇടുന്നുണ്ട്. പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണ്ണയിക്കുന്നത്. അത് കാലത്തിനനുസരിച്ച് മാറും. ജാതി, മതം, ആരോഗ്യം, സമ്പത്ത്, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ സവിശേഷതകളും വ്യക്തിയുടെ വില നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്നു.

ഉദാഹരണത്തിന് അവര്‍ ചെയ്യുന്ന തൊഴില്‍ അത്തരത്തിലൊന്നാണ്. ദിവസക്കൂലിപ്പണിക്കാരനാണെങ്കില്‍ അവനൊരു വലയുണ്ട്. സര്‍ക്കാര്‍ ഗുമസ്ഥനാണെങ്കില്‍ അവരൊരു വില. എഞ്ജിനീയറാണെങ്കില്‍ അവനൊരു വില. വിദ്യാഭ്യാസമാണെങ്കില്‍ ഡിഗ്രി ഉള്ളവനൊരു വില, ഡിഗ്രിയില്ലാത്തവന് വേറൊരു വില. വിദേശ വിദ്യാഭ്യാസമാണെങ്കില്‍ ഒരു വില, സ്വദേശി വിദ്യാഭ്യാസമാണെങ്കില്‍ വേറൊരു വില.

ഇന്റര്‍നെറ്റ് വന്നതിന് ശേഷം ജാതിപരമായ വിവേചനം പോലെ നിങ്ങള്‍ ഡിഗ്രിയില്ലാത്തവനാണെങ്കില്‍ വധുവിന്റെ വീട്ടുകാരുടെ തെരയിലില്‍ നിങ്ങള്‍ പെടുക പോലുമില്ല. എന്തായാലും എല്ലാവര്‍ക്കും ഉച്ചനീചത്വത്തിന്റെ ക്രമത്തിലെ ഒരു വിലയുണ്ട്. എല്ലാ സമയത്തും എല്ലാത്തിന്റേയും ഈ വിലകള്‍ നാം താരതമ്യം ചെയ്ത് ഉച്ചനീചത്വം കല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. പണ്ടെത്തെ ജാതിവ്യവസ്ഥയുടെ ഒരു തുടര്‍ച്ച.

അത്തരം ഒരു സമൂഹത്തിലാണ് വിവാഹം നടക്കുന്നത്. ജാതിവ്യവസ്ഥയില്‍ സ്ത്രീക്ക് താഴ്ന്ന സ്ഥാനമാണുള്ളത്. സൌന്ദര്യം, ആരോഗ്യം, കുടുംബമഹിമ, തൊഴില്‍, വിദ്യാഭ്യാസം, കന്യകത്വം തുടങ്ങിയ മൂല്യ നിര്‍ണ്ണയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീക്ക് മുതലാളിത്ത വ്യവസ്ഥയില്‍ ഒരു വിലയുണ്ടാകും. ആ വില വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്റെ വിലയേക്കാള്‍ താഴ്ന്നതാണെങ്കില്‍ അതിനെ മറികടക്കുന്ന ഒരു തുക സ്ത്രീ അയാള്‍ക്ക് കൊടുത്തിരിക്കണം. വ്യക്തിനിഷ്ഠമായ അക്കാര്യത്തിന് ഒരു തീര്‍പ്പ് ആയെങ്കിലേ വിവാഹം നടക്കൂ.

വിവാഹം സാധാരണ നടത്തുന്ന പെണ്ണിന്റെ വീട്ടിലാണല്ലോ. അപ്പോള്‍ വിവാഹത്തിന് ഔനിത്വം കിട്ടാനായി എന്ത് ചെയ്യണം? സംശയമെന്ത് കൂടുതല്‍ ചിലവാക്കണം. ചടങ്ങ് വളരെ ആര്‍ഭാടത്തോടുള്ളതായിരിക്കും. വസ്ത്രങ്ങളുടെ വില താഴ്ന്ന പരിധിയിലായതിനാല്‍ അതിനേക്കാളേറെ വിലയുള്ള വസ്തുവായ സ്വര്‍ണ്ണം കഴിയുന്നത്ര കൂടുതല്‍ ചിലവാക്കാന്‍ ശ്രമിക്കും. അങ്ങനെ പെണ്‍കുട്ടി ഒരു സ്വര്‍ണ്ണ ഗോളമായി മാറും. അതല്ലാതെ രജിസ്റ്റര്‍മാര്യേജ് നടത്തിയാല്‍ നിങ്ങളുടെ കുടുംബത്തിന് സമൂഹത്തില്‍ സ്ഥാനം കുറയും. (കോവിഡ് കാരണം ഇന്ന് എത്രയധികം ആളുകള്‍ തങ്ങളുടെ സ്ഥാനം കാണിക്കാന്‍ കഴിയാതെ വിഷമിക്കുന്നുണ്ടെന്നറിയാമോ)

കുടുംബത്തിന് ഇടുന്ന വില സമാന കുടുംബത്തില്‍ നിന്ന് വിവാഹാലോച ക്ഷണിക്കുന്നത് കൊണ്ട് പരിഹരിക്കാം. വ്യക്തിക്കുള്ള വില സമാന തൊഴില്‍ ചെയ്യുന്ന വ്യക്തികളില്‍ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നതില്‍ നിന്നും പരിഹരിക്കാം. എന്നാല്‍ ഇവ ചേര്‍ന്ന് വന്നില്ലെങ്കില്‍ എന്ത് ചെയ്യും? അവിടെയും തീരില്ല. കമ്പോളത്തിലെ വസ്തുവിനെ കൂടിയ വിലക്ക് വാങ്ങണമെന്ന ആഗ്രഹമോ തനിക്ക് കൂടുതല്‍ വിലയുണ്ടെന്ന ബോധമോ വ്യക്തികള്‍ക്കുണ്ടാകാം.

അപ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. എന്ത് ചെയ്യും? പണമാണല്ലോ വിലയുടെ അടിസ്ഥനം. അപ്പോള്‍ സംശയമെന്തിന്? കൈക്കൂലി കൊടുക്കണം. അങ്ങനെ കൊടുക്കുന്ന കൈക്കൂലിയാണ് സ്ത്രീധനം. പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്ന പ്രണയവിവാഹത്തില്‍ പോലും ഈ പ്രശ്നം കാലക്രമത്തില്‍ പ്രത്യക്ഷപ്പെടാം. അങ്ങനെ അത് കുറ്റകൃത്യത്തിലെത്തിച്ചേരുന്നത് ഈ കാലത്തെ ഒരു സാധാരണം സംഭവമാണല്ലോ.

അതുകൊണ്ട് സ്ത്രീധനമില്ലാതാകണമെങ്കില്‍ എല്ലാത്തിനും വിലയിടുന്ന രീതി ഇല്ലാതാകണം. ഉച്ച നീചത്വം ഇല്ലാതാകണം. അത് ഇല്ലാതാകണമെങ്കില്‍ പണം ഇല്ലാതാകണം. മുതലാളിത്തം ഇല്ലാതാകണം.

അതിന്റെ തുടക്കമെന്ന രീതിയില്‍ പണത്തിന് പ്രാധാന്യം കുറക്കാനുള്ള ശ്രമം ബോധപൂര്‍വ്വം നടത്തണം. പണത്തിന്റെ ഉപയോഗം കുറക്കണം. ലളിതമായി ജീവിക്കുക. എല്ലാവരേയും ബഹുമാനിക്കുക. സിനിമയും ചാനലും സ്മാര്‍ട്ട് ഫോണും ഉള്‍പ്പടെയുള്ള സകല മാധ്യമങ്ങളും ആര്‍ഭാടത്തിന്റെ പ്രചാരകരായിരിക്കുന്ന ഈ കാലത്ത് അത് വിഷമം പിടിച്ച കാര്യമാണെന്നറിയാം. എന്നാലും ഉച്ചനീചത്വത്തിന്റെ മുതലാളിത്ത ജാതി വ്യവസ്ഥയുടെ ചെറുതാക്കലിന് അത്തരം ശ്രമം ആവശ്യമാണ്. എല്ലാ മനുഷ്യരും തുല്യരാണെന്ന ബോധമുണ്ടായങ്കിലേ സ്ത്രീധനം ഇല്ലാതാകൂ.

പണം എങ്ങനെ കെട്ടുകഥാപരമായിരിക്കുന്നുവോ അതേപോലെ തന്നയാണ് വ്യക്തികള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും ഇടുന്ന വില. അതും കെട്ടുകഥാപരമാണ്. വ്യക്തിയായല്ല, സ്പീഷീസായി അതിജീവിക്കുന്ന 46 ക്രോമസോമുകളുള്ള ജീവന്റെ ഒരു വകഭേദം എന്നതിനപ്പുറം നമുക്ക് ഒരു വിലയുമില്ല എന്നൊരു തിരിച്ചറിവ് നമുക്ക് നേടേണ്ടതായുണ്ട്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ