കിഴക്കൻ മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് സ്ത്രീകൾ അടുത്തുള്ള പട്ടണങ്ങളിൽനിന്ന് സമീപത്തുള്ള ഗ്രാമങ്ങളിലേക്ക് നിത്യവൃത്തിക്കായി യാത്ര ചെയ്യുന്നു. അധികം പഠനവിധേയമായിട്ടില്ലാത്ത ഒരു കുടിയേറ്റ മാതൃകയാണ് ഇത് – പട്ടണങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക്
തിരോരയിലെ വീട്ടിൽ ഒരുമിച്ചാന് കഴിയുന്നതെങ്കിലും, തന്റെ ആറുവയസ്സായ മകനോട് രേവന്തബായ് കാംബ്ലെ സംസാരിച്ചിട്ട് മാസങ്ങളായിട്ടുണ്ടാവണം. ബുരിബായ് നാഗ്പുരെയുടെ കാര്യവും ഏറെക്കുറെ അങ്ങിനെത്തന്നെയാണ്. മൂത്ത മകനെ, അവൻ ഉണർന്നിരിക്കുകയാണെങ്കിൽ ചിലപ്പോൾ അവർ കാണാറുണ്ടെന്നുമാത്രം. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് ഇതുപോലുള്ള സ്ത്രീകളിൽ വെറും രണ്ടുപേരാണ് അവർ. ദിവസത്തിൽ ഏകദേശം നാലുമണിക്കൂർ മാത്രമാണ് അവർ വീട്ടിൽ കഴിയുന്നത്. ഓരോ ആഴ്ചയിലും മൊത്തം 1,000 കിലോമീറ്ററിലധികം അവർ യാത്ര ചെയ്യുന്നു. ദിവസത്തിൽ 30 രൂപ സമ്പാദിക്കാൻ..
അവരുടെ വീടുകളിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് അവരോടൊപ്പം ഞങ്ങൾ യാത്ര ചെയ്യുമ്പോൾ രാവിലെ 6 മണിയായിരുന്നു സമയം. അതിനും രണ്ടുമണിക്കൂർ മുമ്പേ ഉറക്കമുണർന്നവരാണവർ. “രാവിലത്തെ എന്റെ പണിയൊക്കെ കഴിഞ്ഞു. വീട് അടിച്ചുവാരലും തുടയ്ക്കലും തുണി തിരുമ്പലും, ഭക്ഷണമുണ്ടാക്കലും എല്ലാം”, സന്തോഷത്തോടെ ബുരിബായ് പറയുന്നു. “അതുകൊണ്ട്, ഇനി നമുക്ക് വിശദമായി സംസാരിക്കാം”, ഞങ്ങൾ ചെല്ലുമ്പോൾ അവരുടെ വീട്ടിൽ എല്ലാവരും ഉറക്കമായിരുന്നു. “പാവങ്ങൾ, ക്ഷീണിച്ച് ഉറങ്ങുകയാണ്”, ബുരിബായ് പറയുന്നു. ബുരിബായിക്ക് ക്ഷീണമൊന്നുമില്ലേ? “ഉണ്ട്, പക്ഷേ ഞങ്ങൾക്ക് വെറെ വഴിയില്ലല്ലോ”.
….
105-ഓളം വീടുകളും 500-നടുത്ത് താമസക്കാരുമുള്ള സാൽവ, നാഗ്പുർ ജില്ലയിലെ മൌദ തെഹ്സിലിൽപ്പെടുന്ന പ്രദേശമാണ്.
“രാത്രി 11 മണിക്ക് വീട്ടിൽ തിരിച്ചെത്തും”, 20 വയസ്സ് കഴിഞ്ഞ രേവന്തബായി പറയുന്നു. “ഉറങ്ങുമ്പോൾ അർദ്ധരാത്രിയാവും. പിറ്റേന്ന് അതിരാവിലെ 4 മണിക്ക് ആദ്യം ജോലി തുടങ്ങണം. എന്റെ ആറുവയസ്സുള്ള മകനെ കണ്ടിട്ട് കുറേക്കാലമായി”, എന്നിട്ടുമവർ ചിരിക്കുന്നു. “ചെറിയ കുട്ടികൾ പലർക്കും അവരുടെ അമ്മമാരെ കണ്ടാൽ തിരിച്ചറിയാൻ പറ്റിയില്ലെന്ന് വരും”, ചിലവ് താങ്ങാനാവാത്തതുകൊണ്ട് കുട്ടികൾ പലരും പഠനം നിർത്തിയിരിക്കുന്നു. അല്ലെങ്കിൽ പഠിത്തതിൽ പിന്നാക്കമാണ്. “നോക്കാനോ, സഹായിക്കാനോ വീട്ടിൽ ആരുമില്ല”, ബുരിബായി സൂചിപ്പിക്കുന്നു. ഇളം പ്രായക്കാരായ കുട്ടികൾ കിട്ടുന്ന ജോലിയൊക്കെയെടുത്ത് കഴിയുന്നു.
“ഏയ്, ഞങ്ങൾ ടിക്കറ്റൊന്നും എടുക്കാറില്ല”, സ്ത്രീകൾ പറയുന്നു. “അങ്ങോട്ടുമിങ്ങോട്ടും പോവാനുള്ള ടിക്കറ്റിന് ഞങ്ങൾ സമ്പാദിക്കുന്ന 30 രൂപയിൽ കൂടുതൽ കൊടുക്കേണ്ടിവരും. ഞങ്ങളുടെ കൈയ്യിൽ ഒരു സൂത്രപ്പണിയുണ്ട്. പിടിച്ചുകഴിഞ്ഞാൽ, ടിക്കറ്റ് പരിശോധകന് 5 രൂപ കൈക്കൂലി കൊടുക്കും”, ടിക്കറ്റ് വില്പന സ്വകാര്യവത്ക്കരിച്ചുകഴിഞ്ഞു. “ഞങ്ങൾക്ക് ടിക്കറ്റെടുക്കാൻ ആവില്ലെന്ന് അറിയാവുന്നതിനാൽ അവർ ഞങ്ങളെ പിഴിയുന്നു”.
വീട്ടിലെത്തുമ്പോഴേക്കും അവർ 170 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടുണ്ടാവും. ആഴ്ചയിലെല്ലാ ദിവസവും ഇതാവർത്തിക്കുന്നു. വെറും 30 രൂപയ്ക്ക്. “വീട്ടിലെത്തുമ്പോഴേക്കും 11 മണിയായിട്ടുണ്ടാവും. കഴിക്കാനും ഉറങ്ങാനും”, ബുരിബായി പറയുന്നു. നാല് മണിക്കൂർ കഴിഞ്ഞാൽ മറ്റൊരു ദിവസം തുടങ്ങുകയായി.
— സ്രോതസ്സ് ruralindiaonline.org | P. Sainath, പരിഭാഷ: രാജീവ് ചേലനാട്ട് | Jun 23, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.