നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി

നവംബര്‍ 8-ന് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് തെലുങ്കാനയിലെ ധര്‍മ്മരം ഗ്രാമത്തിലുള്ള 42-കാരനായ വര്‍ദ ബാലയ്യ എന്ന കര്‍ഷകൻ തന്‍റെ കൈവശഭൂമിയിലെ ഒരേക്കർ വില്‍ക്കാൻ തീരുമാനിച്ചത്. സിദ്ദിപേട്ടയെയും രാമയംപേട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയ്ക്കു സമീപമായിരുന്നു ആ വസ്തു.

ഒക്ടോബര്‍ മാസത്തിലെ കാലവര്‍ഷക്കെടുതിയിൽ അയാളുടെ ചോളക്കൃഷി നശിച്ചിരുന്നു. അതോടെ പണമിടപാടുകാരില്‍നിന്നും ആന്ധ്ര ബാങ്കില്‍നിന്നും വാങ്ങിയ വായ്പ പലിശയടക്കം 8 – 10 ലക്ഷം രൂപയായി ഉയര്‍ന്നു. പണമില്ലാതെ ഇടപാടുകാരെ നേരുടുന്നതിലെ ജാള്യത കാരണമാണ് അയാള്‍ തന്‍റെ ഭൂമിയിലെ ഏറ്റവും ആദായകരമായ ഒരേക്കർ വില്‍ക്കാൻ തീരുമാനിച്ചത്.

‘ഭൂമി വാങ്ങാന്‍ ഒരു കൂട്ടർ വന്നിട്ടുണ്ട്’, നോട്ട് അസാധുവാകലിന്‍റെ തലേന്ന് അയാള്‍ മൂത്ത മകൾ സിരീഷയോട് പറഞ്ഞു.

2012-ൽ സിരീഷയുടെ കല്യാണത്തിനായി നാല് ലക്ഷം രൂപ കടം വാങ്ങിയത് ബാലയ്യയെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിരുന്നു. അതിന്‍റെ കൂടെയാണ് 4 കുഴല്‍ക്കിണറുകൾ പണിയാനായി 2 ലക്ഷം കൂടി പലിശയ്‌ക്കെടുക്കേണ്ടി വന്നത്. പണിതവയില്‍ 3 എണ്ണം പാഴായതോടെ മൊത്തത്തിൽ അയാൾ കടക്കെണിയിലായി.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബാലയ്യയുടെ ഇളയ മകൾ 17 വയസ്സുള്ള അഖില പ്ലസ്ടൂവിലെത്തിയത്. ഇതേ പ്രായത്തിലാണ് അവളുടെ സഹോദരിയുടെ കല്യാണവും നടന്നത്. ബാലയ്യയ്ക്ക് അഖിലയുടെ കല്യാണക്കാര്യമോര്‍ത്ത് ആധിയായിരുന്നു. അതിന്‍റെ കൂടെ വാങ്ങിക്കൂട്ടിയ കടങ്ങള്‍ തീര്‍ക്കണ്ട ബാധ്യതയും.

ബാലയ്യ വില്‍ക്കാൻ ഉദ്ദേശിച്ച ഭൂമി ഹൈവേയ്ക്ക് അടുത്തായതിനാൽ എങ്ങിനെവന്നാലും അയാള്‍ക്കൊരു 15 ലക്ഷം രൂപ കിട്ടുമായിരുന്നുവെന്നാണ് ധര്‍മരം ഗ്രാമക്കാർ പറയുന്നത്. ചോളക്കൃഷി നശിച്ച വകയിലെ കടം, ഹുണ്ടികകാര്‍ക്ക് കൊടുക്കേണ്ട പലിശ, അഖിലയുടെ കല്യാണം എന്നിങ്ങനെ അയാളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകുമായിരുന്നു അത്.

എന്നാല്‍ സര്‍ക്കാർ 1000, 500 രൂപ നോട്ടുകൾ നിരോധിച്ചത് ബാലയ്യയുടെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു. ഭൂമി വാങ്ങാന്‍ വന്നവർ പിന്‍വാങ്ങി. “ആദ്യമൊക്കെ അച്ഛന് കുഴപ്പമൊന്നുമില്ലായിരുന്നു. പിന്നെ, ഈ നോട്ടുകള്‍ക്ക് സംഭവിക്കുന്നതൊക്കെ കണ്ടപ്പോൾ ആരും ഇനി ഭൂമിയ്ക്ക് പണം നല്‍കില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അത്യന്തം ദു:ഖിതനായി” , അഖില ഓര്‍ക്കുന്നു.

എന്നിട്ടും ബാലയ്യ തളര്‍ന്നില്ല വില്‍പ്പനക്കാര്‍ക്കായുള്ള തിരച്ചിൽ തുടര്‍ന്നു. എന്നാല്‍ പലരുടേയും കാഴ്ചപ്പാടിൽ, അവരുടെ സമ്പാദ്യമൊക്കെ ഒറ്റ രാത്രികൊണ്ട് ഉപയോഗശൂന്യമായി കഴിഞ്ഞിരുന്നു. ഇവിടങ്ങളിലെ ആളുകളിൽ പലര്‍ക്കും സജീവമായ ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല.

നോട്ടുനിരോധനത്തിന്റെ അടുത്തയാഴ്ച, നവംബര്‍ 16-ന്, തന്‍റെ ഭൂമി ഇനിയാരും വാങ്ങാൻ വരില്ലെന്ന് ബാലയ്യയ്ക്ക് തീർച്ചയായി. അന്ന് രാവിലെ അയാള്‍ തോട്ടത്തിൽ പോയി വിളവ് നശിച്ച ചോളത്തിന് പകരമായി നട്ടിരുന്ന സോയാ ബീനിന് കീടനാശിനി തളിച്ചു. വൈകുന്നേരം മൈസമ്മ ദേവിയ്ക്ക് നേര്‍ച്ചയായി തോട്ടത്തിലൊരു കോഴിയെ അറുത്തശേഷം അത്താഴത്തിനായി വീട്ടിലേക്ക് മടങ്ങി.

സാധാരണയായി ഉത്സവങ്ങൾക്കോ മകൾ സിരീഷ ഭര്‍ത്താവിന്‍റെ വീട്ടിൽനിന്നും വരുമ്പോഴോ മാത്രമാണ് ബാലയ്യയുടെ വീട്ടിൽ കോഴിക്കറി വെക്കാറുണ്ടായിരുന്നത്. എപ്പോഴും അയാൾ സ്വയം പാചകം ചെയ്യുകയായിരുന്നു പതിവും. എന്നാൽ, തന്‍റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്ന് ഏറ്റവും വലിയ ദുസ്വപ്നമായി മാറിയ ആ ആഴ്ചയെ ഓർമ്മയിൽനിന്നും മായ്ക്കാൻ, അവസാനത്തെ അത്താഴം ആഘോഷിക്കണമെന്ന് അയാൾ കരുതിയിരിക്കാം. ആരുമറിയാതെ, കോഴിക്കറിയില്‍ ബാലയ്യ കീടനാശിനി കലര്‍ത്തി. “കുടുംബത്തെ ഒരു വലിയ കടബാധ്യതയില്‍ തനിച്ചാക്കി പോകാന്‍ അയാൾക്ക് മനസ്സ് വന്നില്ല. അവരെയും ഒപ്പം കൂട്ടാൻ അയാൾ തീരുമാനിച്ചു” , ബാലയ്യയുടെ ബന്ധു പറയുന്നു.

അത്താഴസമയത്ത് അയാളുടെ 19 വയസുകാരൻ മകൻ പ്രശാന്ത് കോഴിക്കറിയുടെ വിചിത്രമായ മണത്തെപ്പറ്റി പരാതിപ്പെട്ടപ്പോഴാല്ലാതെ ബാലയ്യ ഒരക്ഷരം ഉരിയാടിയില്ല. “ഞാന്‍ രാവിലെ മുതൽ വൈകീട്ടുവരെ കീടനാശിനി തളിക്കുകയായിരുന്നു. അതിന്‍റെ മണമായിരിക്കും” , അച്ഛന്‍റെ അവസാനവാക്കുകൾ അഖില ഇപ്പൊഴും ഓര്‍ക്കുന്നു.

കുടുംബത്തിലെ ആറില്‍ നാലുപേരും കോഴിക്കറി കഴിച്ചു – ബാലയ്യ, ഭാര്യ ബാലലക്ഷ്മി, ബി. ടെക്കിന് പഠിക്കുന്ന മകൻ, ബാലയ്യയുടെ 70 വയസ്സുള്ള അച്ഛന്‍ ഗാലയ്യ. സസ്യഭുക്കുകളായിരുന്നതിനാൽ അഖിലയും മുത്തശ്ശിയും ആ അവസാനത്തെ അത്താഴത്തിൽനിന്ന് രക്ഷപ്പെട്ടു.

അത്താഴത്തിനുശേഷം മുത്തച്ഛന് തലചുറ്റലുണ്ടായി. അദ്ദേഹം നിലത്ത് കിടന്നു. “അപ്പോള്‍ അദ്ദേഹത്തിന്‍റെ വായിൽനിന്നും ഉമിനീര്‍ ഒലിക്കുന്നുണ്ടായിരുന്നു” , അഖില ഓര്‍ക്കുന്നു. പക്ഷാഘാതമാണെന്ന് കരുതി ഞങ്ങള്‍ കാലും കൈയ്യുമൊക്കെ തടവിക്കൊടുത്തു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ഗാലയ്യ മരിച്ചു.

ബാലയ്യയും ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണു. സംശയവും ഭയവും തോന്നിയ അഖിലയും പ്രശാന്തും അയല്‍ക്കാരെ വിളിച്ചുകൊണ്ടുവന്നു. കോഴിക്കറിയില്‍ കീടനാശിനി കലര്‍ത്തിയതാണെന്ന് മനസ്സിലാക്കിയ അവർ ആംബുലന്‍സ് വിളിച്ച് ബാലയ്യയേയും ബാലലക്ഷ്മിയേയും പ്രശാന്തിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഖില മുത്തശ്ശിയോടൊപ്പം മുത്തച്ഛന്‍റെ മൃതദേഹത്തിന് കാവലായി വീട്ടില്‍ത്തന്നെ ഇരുന്നു.

ആശുപത്രിയിലേക്കുള്ള വഴിയില്‍വെച്ചുതന്നെ ബാലയ്യ മരിച്ചിരുന്നു. അയാളുടെ ഭാര്യയേയും മകനേയും ഗ്രാമത്തിൽനിന്ന് 20 കി.മീ അകലെയുള്ള സിദ്ധിപ്പേട്ടിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. ആവിടുത്തെ ബില്ലടയ്ക്കാനും അമ്മയെയും മകനെയും പരിചരിക്കാനുമുള്ള ഓട്ടത്തിലായിരുന്നു മകൾ സിരീഷയും ഭര്‍ത്താവ് രമേശും. “പ്രശാന്തിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചതുകൊണ്ട് ആരോഗ്യശ്രീ (ആരോഗ്യ പദ്ധതി) പ്രകാരമായിരുന്നു ചികിത്സ. ഗ്രാമീണരിൽനിന്ന് കടം വാങ്ങിയും മിച്ചം പിടിച്ചുവെച്ചിരുന്നതിൽനിന്നും എടുത്തുമാണ് അമ്മയ്ക്കുള്ള ചികിത്സ നടത്തുന്നത്” , രമേശ് പറയുന്നു. ബാലയ്യയുടെ മരണശേഷം സര്‍ക്കാർ സഹായം പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് ബില്ലുകളെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുകയാണ് അയാൾ.

അയല്‍ക്കാരിൽനിന്ന് കടം വാങ്ങിയ പണവും ജില്ലാ അധികാരികൾ കൊടുത്തുവെന്ന് പറയപ്പെടുന്ന 15,000 രൂപയുംകൊണ്ടാണ് അഖില തന്‍റെ അച്ഛന്‍റെയും മുത്തച്ഛന്‍റെയും ശവസംസ്‌കാരം നടത്തിയത്.

അവള്‍ക്ക് സമചിത്തതയുണ്ട്, എന്നാല്‍ ഭാവിയെക്കുറിച്ചോര്‍ത്ത് അവൾ ഖിന്നയാണ്. “പഠിക്കാനെനിക്ക് ഇഷ്ടമാണ്. കണക്കാണ്ഏറ്റവും ഇഷ്ടം. EAMCET ( എൻജിനീയറിംഗ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രവേശനപരീക്ഷ) എഴുതണമെന്നൊക്കെയുണ്ടായിരുന്നു“ , അവള്‍ പറയുന്നു. “പക്ഷേ ഇപ്പോള്‍, എനിക്കറിയില്ല…”

പരിഭാഷ: ശ്രീജിത് സുഗതന്‍

— സ്രോതസ്സ് ruralindiaonline.org | Rahul M. | May 19, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ