നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ

അതിന് ഒരു പ്രത്യേകതയുണ്ട്. തലച്ചോറിന് ബോധമുള്ള ഭാഗമെന്ന് അബോധമായ ഭാഗം എന്ന് രണ്ട് functional ഭാഗമുണ്ട്. നമ്മുടെ ബോധത്തിന് നിയന്ത്രണമില്ലാത്ത ഭാഗം എന്നാണ് ബോധമില്ലാത്തത് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇത് പുതിയ കാര്യമല്ല. ഫ്രോയ്ഡിന്റെ വിഢിത്ത കാലത്തിന് മുമ്പേ അറിയാവുന്നതാണ് അത്. എന്നാൽ ബോധ മനസിന്റെ പോലും 98% ഉം സംഭവിക്കുന്നത് അബോധമായാണ് എന്നത് പുതിയ കണ്ടെത്തലാണ്. Cognitive Linguistics എന്ന ശാസ്ത്ര ശാഖയാണ് അത്തരം കാര്യങ്ങൾ പഠിക്കുന്നത്. അതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് (1).

ന്യൂറൽ സർക്യൂട്ടുകൾ ഉപയോഗിച്ചാണ് തലച്ചോറ് പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള ന്യൂറോണുകളുടെ കൂട്ടത്തെ frame എന്നാണ് വിളിക്കുന്നത്. നമുക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അതിന്റേതായ ഒരു ന്യൂറൽ സർക്യൂട്ട്(frame) നമ്മുടെ ഓരോരുത്തവരുടേയും തലച്ചോറിലുണ്ട്. അതായത് നമുക്കറിയാവുന്ന പ്രപഞ്ചത്തിലെ നമുക്കറിയാവുന്ന ഭൗതികവും അഭൗതികവും ആയ എല്ലാത്തിന്റേയും ഒരു പകർപ്പ് നമ്മുടെ തലച്ചോറിനകത്ത് ഭൗതികമായ ഓരോ സർക്യൂട്ടുകൾ ആയി നിലനിൽക്കുന്നു. ശ്രദ്ധിക്കുക അത് ചിത്ര രൂപേണയല്ല. കോഡ് ഭാഷയിലാണ് രേഖപ്പെടുത്തുന്നത്. ഓർമ്മ പോലും കോഡ് ചെയ്യപ്പെടുകയാണ്. നാം ഓർക്കുമ്പോൾ മനസിലുണ്ടാകുന്ന ചിത്രം തലച്ചോറ് പുനർ സൃഷ്ടിച്ചെടുക്കുന്നതാണ്. photographic memory എന്ന ഒന്നില്ല.

ഉദാഹരണത്തിന് ഒരു വീട്ടിലെ ഒരു മുറിയിൽ രണ്ട് പേരിരിക്കുന്നു എന്ന് കരുതുക. അപ്പോൾ മുറി ഒരു frame ആണ്, അവിടുത്തെ അലമാര, മേശ, കസേര, ഫാൻ, വസ്ത്രങ്ങൾ, ആ വ്യക്തികൾ, അവർ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം frame കൾ ആണ്. ചുരുക്കത്തിൽ നമ്മുടെ നിഘണ്ടുവിലെ ഓരോ വാക്കും ഓരോ frame ആണ്. ആ സർക്യൂട്ടുകളിലൂടെ(frame) സിഗ്നൽ പായുമ്പോഴാണ് നാം ആ കാര്യം അറിയുന്നത്.

ഉദാഹരണത്തിന് ഒരാൾ വെള്ളം കുടിക്കുന്നത് നിങ്ങൾ കാണുന്നു. അപ്പോൾ അയാൾ വെള്ളം കുടിക്കുകയാണെന്ന് എന്ന് നിങ്ങൾക്ക് മനസിലാകണമെങ്കിൽ നിങ്ങളുടെ തലച്ചോറിലെ തത്തുല്യമായ സർക്യൂട്ടുകളിലൂടെ സിഗ്നലുകൾ ഒഴുകണം. എന്നാൽ നിങ്ങളുടെ തലച്ചോറിൽ ആ സർക്യൂട്ടുകൾ(frame) ഇല്ലെങ്കിലോ? നിങ്ങൾക്കത് മനസിലാകില്ല. നൃത്തം പഠിച്ചിട്ടില്ലാത്ത നിങ്ങൾ ഭരതനാട്യം കണ്ടാൽ ഒന്നും മനസിലാകാതെ വിരസത അനുഭവിക്കുന്നതിന്റെ കാരണം അതാണ്. ആ സർക്യൂട്ടുകൾ നിങ്ങളുടെ തലച്ചോറിലില്ല.

ഒരു കാര്യത്തിന് ഒരു frame മാത്രമേയുണ്ടാകൂ. ഒരു പ്രവർത്തി നിങ്ങൾ കാണുമ്പോൾ അത് നിങ്ങൾക്ക് മനസിലാകണമെങ്കിൽ ആ പ്രവർത്തി നിങ്ങൾ തന്നെ ചെയ്യാൻ വേണ്ട frame നെ പ്രവർത്തനക്ഷമമാക്കുമ്പോഴാണ് നിങ്ങളത് മനസിലാക്കുന്നത്. അതായത് ആ പ്രവർത്തി നിങ്ങൾ തന്നെ ചെയ്തു എന്ന് സാരം. പക്ഷെ ആ പ്രവർത്തിക്ക് അനുസരിച്ച് മറ്റ് സംവേഗങ്ങൾ ഉദാഹരണത്തിന് തൊലിയിൽ നിന്നുള്ള സംവേഗങ്ങൾ, തലച്ചോറിന് കിട്ടാത്തതിനാൽ നിങ്ങൾക്കത് നിങ്ങളാണ് ചെയ്തതെന്ന് നിങ്ങളെ കൊണ്ട് തലച്ചോറ് തോന്നിപ്പിക്കില്ല.

അടുത്ത ഘട്ടത്തിലേക്ക് നമുക്ക് പ്രവേശിക്കാം. നിങ്ങൾ എല്ലാ ദിവസവും പത്ത് കിലോ ഭാരം പത്ത് പ്രാവശ്യം എടുത്തു പൊക്കുക. കുറച്ച് ദിവസം കഴിയുമ്പോൾ നിങ്ങളുടെ പേശികൾക്ക് വലിപ്പവും ശക്തിയും കൂടിയതായി നിങ്ങൾക്ക് അനുഭവപ്പെടും. തലച്ചോറും ഒരു പേശിയാണ്. അപ്പോൾ ഒരേ കാര്യം പല പ്രാവശ്യം ആവർത്തിക്കുമ്പോൾ എന്ത് സംഭവിക്കും. ആ കാര്യത്തിന് കാരണമാകുന്ന തലച്ചോറിലെ സർക്യൂട്ടുകളിലേക്ക്(frame) കൂടുതൽ രക്തം പോഷകങ്ങളുമായി എത്തും. ആ സർക്യൂട്ട്(frame) ശക്തമാകും. അതിനെ metaphor എന്നാണ് വിളിക്കുന്നത്. ശക്തമാകും എന്നത് കൊണ്ട് ആ കാര്യം തലച്ചോറ് അനായാസേനെ ചെയ്യുമെന്ന് സാരം. അതിനാകും പ്രാധാന്യം തലച്ചോറ് കൂടുതൽ കൊടുക്കുക. സൈക്കിൾ ചവിട്ടാൻ പഠിച്ചശേഷം അതിനെക്കിറിച്ച് ശ്രദ്ധിക്കാതെ തന്നെ സൈക്കിൾ ചവുട്ടാൻ കഴിയുന്നത് പോലെ.

മനുഷ്യശരീരത്തിൽ ഏറ്റവും അധികം ഊർജ്ജവും പോഷകങ്ങളും ഉപയോഗിക്കുന്ന അവയവം തലച്ചോർ ആണ്. എന്നാൽ ഊർജ്ജവും പോഷകങ്ങളും ദുർലഭമായ കാര്യവും ആണ്. (മനുഷ്യ ചരിത്രം എന്നത് അവ ലഭ്യമാക്കാനുള്ളതിന്റെ തന്നെ ചരിത്രമാണ്.) അതുകൊണ്ട് തലച്ചോർ എപ്പോഴും ഊർജ്ജസംരക്ഷണ മാതൃകയിലാണ് പ്രവർത്തിക്കുക. അബോധ ഭാഗത്ത് പ്രവർത്തിക്കുന്ന ജീവിത ലക്ഷ്യമായ ജീവൻ നിലനിർത്തുക, പ്രത്യുൽപ്പാദനം നടത്തുക എന്നിവക്കാണ് തലച്ചോറ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. അല്ലാത്തവയെ മിക്കപ്പോഴും അടച്ചിടും. പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ തന്നെ നമുക്ക് ഉറക്കം വരുന്നത് അതുകൊണ്ടാണ്. അതായത് തലച്ചോറ് കൊടുക്കന്ന പ്രാധാന്യം അനുസരിച്ച് ഓരോ frame നും അത് മാർക്കിട്ട് വെക്കും. കൂടുതൽ മാർക്കുള്ളത് ആദ്യം പ്രവർത്തിക്കും.

പല രീതിയിൽ മാർക്കിടീൽ സംഭവിക്കാം. തലച്ചോറിൽ ഒരു reward system ഉണ്ട്. ഒരു കാര്യം reward systemത്തെ ഉത്തേജിപ്പിക്കുന്നുവെങ്കിൽ അതിന്റെ frame നെ കൂടുതൽ മാർക്കിട്ടാകും തലച്ചോറ് സൂക്ഷിക്കുക. ചുറ്റുപാട് ഒരു കാര്യത്തിന് പ്രാധാന്യം കൂട്ടുന്നുവെങ്കിൽ ആ കാര്യത്തിനും മാർക്ക് കൂടുതലായിരിക്കും. ഉദാഹരണത്തിന് ഒരു സ്ഥലത്തേക്ക് ഒരാൾ വരുന്നു എന്ന് കരുതുക. അപ്പോൾ അവിടെ ഇരിക്കുന്നയാൾ വേഗം ബഹുമാനത്തോടെ എഴുനേറ്റ് വന്നയാളെ വണങ്ങുന്നെങ്കിൽ ആദ്യത്തെ ആളിന് കൂടുതൽ മാർക്ക് തലച്ചോറിൽ (ബോധ മനസിലും അബോധ മനസിലും) കിട്ടും. അതിനെ മറികടക്കാനുള്ള frame നിങ്ങളുടെ തലച്ചോറിലുണ്ടെങ്കിൽ (ഉദാ, അയാൾ മോശം മനുഷ്യനാണ്, അയാളുടെ ആശയങ്ങൾ തെറ്റാണ് എന്ന മുമ്പേയുള്ള ബോധം) അയാൾക്ക് പ്രാധാന്യം കിട്ടില്ല.

തലച്ചോറിലേക്ക് എത്തുന്ന ഒരു വിവരങ്ങളേയും തലച്ചോർ അവഗണിക്കില്ല. പുതിയ frame ഉണ്ടായോ, നശിക്കുകയോ, അതിന്റെ ശക്തിയിൽ മാറ്റം വരുത്തുകയോ ഒക്കെ ചെയ്യും. അത് അതിന്റേതായ ഒരു അടയാളം തലച്ചോറിലുണ്ടാക്കും. തലച്ചോറിലെ സർക്യൂട്ടുകൾ എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്.

ഇതുവരെ പറഞ്ഞതിന്റെ ഒരു ചുരുക്കം പറയാം.

  1. ഒരു വ്യക്തിക്ക് അറിവുന്ന എല്ലാത്തിനേയും കുറിച്ച് ഒരു ന്യൂറൽ സർക്യൂട്ട്(frame) അയാളുടെ തലച്ചോറിൽ ഉണ്ടാകും.
  2. ആവർത്തിക്കപ്പെടുന്ന കാര്യങ്ങളെ frameകളെ ശക്തമാക്കുകയോ metaphor ആയി മാറ്റുകയോ ചെയ്യും.
  3. frame കൾക്കും metaphor കൾക്കും പ്രാധാന്യ(മാർക്ക്) വ്യത്യാസം ഉണ്ട്.
  4. തലച്ചോർ എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്.

അനുബന്ധം:
1. https://neritam.com/2015/12/15/introduction-to-cognitive-linguistics/


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ