മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്

ആർക്കും ഭക്ഷ്യ സുരക്ഷ ഇല്ലാതിരുന്ന പുരാതന കാലത്ത് മനുഷ്യരെ ഒത്തൊരുമയോടെ ഒരു ലക്ഷ്യത്തിനായുള്ള ഒരു പറ്റമായി മേയിച്ച് കൊണ്ടുപോകാനായി ഉരുത്തിരിഞ്ഞ് വന്ന ഒരു സംവിധാനമാണ് മതം. സമൂഹത്തിലെ എല്ലാവരുടേയും പിൻതുണയോടും സഹായത്തോടുമായിരുന്നു എപ്പോഴും എല്ലാത്തരം ഭരണ സംവിധാനങ്ങൾ സമൂഹത്തിൽ ഉരുത്തിരിഞ്ഞ് വരുന്നത്. ഇപ്പോഴും അങ്ങനെയാണ്. ഓരോ സ്ഥലത്തും അത് തനതായി വികസിച്ച് വന്നു. ജീവിച്ചിരുന്നതോ അല്ലാത്തതോ ആയ ഒരു വിശുദ്ധനായ വ്യക്തിയുടെ പേരിലാകും പഴയ കാലത്ത് അവ മിക്കവാറും ഉണ്ടായത്.

എഴുത്ത് വിദ്യ വികസിച്ചപ്പോൾ മതങ്ങൾ അവരുടെ ആശയങ്ങളും നിയമങ്ങളും പുസ്തകങ്ങളിലും രേഖപ്പെടുത്തി വെച്ചു. വിശുദ്ധ ഭാഷയിലെഴുതിയ അവയെല്ലാം സാധാരണ ജനങ്ങൾ വായിക്കാൻ പാടില്ല എന്ന വിധിയുണ്ടായിരുന്നു. ഇൻഡ്യയിലായിരുന്നെങ്കിൽ വേദം കേട്ടാൽ പോലും ആ വ്യക്തിയുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നായിരുന്നു നിയമം.

ഈ പുസ്തകങ്ങൾ വായിക്കാൻ അധികാരം പുരോഹിതർക്കായിരുന്നു. രാജാവിനെ ആശ്രയിച്ചായിരുന്നു പുരോഹിതന്റെ നിലനിൽപ്പ്. അതുകൊണ്ട് രാജാവിന് ഗുണകരമായി കാര്യങ്ങൾ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച് എല്ലാവരേയും വിശ്വസിപ്പിച്ച് അതാത് സമയത്തെ പ്രശ്നങ്ങളിൽ നിന്ന് രാജാവിനെ രക്ഷിക്കുക പുരോഹിതന്റെ ജോലിയായിരുന്നു. പുസ്തകത്തിൽ ഇല്ലാത്ത കാര്യങ്ങളില്ലെങ്കിൽ അത് പുതിയതായി കൂട്ടിച്ചേർക്കുകയും ചെയ്യും. അതെല്ലാം അവരുടെ വിശുദ്ധ വ്യക്തിയുടെ പേരിലാകും പറയുക. അങ്ങനെ രാജാവും രാജ്യവും പ്രതിസന്ധികളെ മറികടന്ന് പോകുന്നു.

ഇനി പുരോഹിതന് രാജാവിനോട് ഇഷ്ടക്കേട് തോന്നിയാൽ വേണമെങ്കിൽ അതേ പുസ്തകത്തെ ഉപയോഗിച്ച് ജനങ്ങളെ പ്രകോപിച്ച് രാജാവിനെതിരാക്കി കൊട്ടാര വിപ്ലവം നടത്തി പുതിയ രാജാവിനെ സ്ഥാപിക്കാനും അവർക്ക് കഴിയും.

അങ്ങനെ വരുമ്പോൾ ഈ പുസ്തകത്ത് വേണ്ട ഗുണം എന്താണ്? അത് ശാസ്ത്ര നിയമം പോലെ ആകാൻ പാടില്ല, വ്യാഖ്യാനിക്കുന്നവർക്ക് മത പുസ്തകങ്ങളെ എങ്ങനെയും വ്യാഖ്യാനിച്ച് തന്റെ വാദം സ്ഥാപിക്കാനാകണം. എങ്കിലേ അത് മത പുസ്തകമാകൂ. വ്യാഖ്യാന ഫാക്റ്റി എന്ന് ഈ കാലത്ത് അത്തരക്കാരെ കളിയാക്കി പറയുമെങ്കിലും അതായിരുന്നു വേണ്ടിയിരുന്നത്.

അതിൽ എല്ലാം ഉണ്ടാകും. നല്ലതും ചീത്തയും, സമാധാനവും അക്രമവും, കറുപ്പും വെളുപ്പും എല്ലാം. ഭഗവദ് ഗീതയെ അക്രമം പ്രചരിപ്പിക്കുന്ന പുസ്തകമായി കാണാം. എന്നാൽ ഗാന്ധി അതിനെ വ്യാഖ്യാനിച്ച് സമാധാനത്തിനുള്ള പുസ്തകമാക്കി മാറ്റിയത് ഓർക്കുക.

എന്നാൽ ഇന്ന് ആർക്കും മത പുസ്തകങ്ങൾ വായിക്കാനാകും. കാരണം രാജഭരണം അവസാനിച്ചു. ജനാധിപത്യമായി. അപ്പോൾ ഇത്തരം പുസ്തകങ്ങൾ വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും എല്ലാവർക്കും ചെയ്യാൻ കഴിയുന്ന കാര്യമാണ്. ആര്, ആർക്ക്, എന്തിന് വേണ്ടി അത് വായിക്കുന്നു വ്യാഖ്യാനിക്കുന്നു എന്നത് വളരെ പ്രധാനമായ ചോദ്യമായി ഇന്ന് മാറുന്നു.

ഒരു തെമ്മാടി മത പുസ്തകം വ്യാഖ്യാനിച്ചാൽ അതിന്റെ ഫലം തെമ്മാടിത്തരം ആയിരിക്കും. ഒരു നല്ല മനുഷ്യൻ, ഗാന്ധിയെ പോലെ, മത പുസ്തകത്തെ വ്യാഖ്യാനിച്ചാൽ അയാൾക്കും അയാളുടെ ചുറ്റുമുള്ളവർക്കും സമൂഹത്തിനും നല്ല ഫലം കിട്ടും. ഈ രണ്ട് കൂട്ടരും ഇന്ന് സമൂഹത്തിലുണ്ട്.

തെമ്മാടി സ്വയം പ്രചോതിതനായല്ല ആ സ്ഥിതിയിലെത്തുന്നത്. അയാൾക്ക് ചുറ്റും തെമ്മാടിത്തരത്തിന്റെ ഒരു ചുറ്റുപാട് ഉണ്ടാക്കി അയാളെ പ്രേരിപ്പിച്ചും പ്രകോപിപ്പിച്ചും അയാളെ കൊണ്ട് അത് ചെയ്യിപ്പിക്കുകയാണ്. അതുകൊണ്ട് തിന്മയുടെ ആ ചുറ്റുപാടുണ്ടാക്കുന്നവനാണ് ഏറ്റവും വലിയ തെമ്മാടി. ആശയവിനിമയ സാദ്ധ്യതകൾ വിപുലമായിരിക്കുന്ന നമ്മുടെ ഈ കാലത്ത് അത്തരക്കാർ പരത്തുന്ന വിഷം വളരെ ദോഷമാണ് സമൂഹത്തിലുണ്ടാക്കുന്നത്. അതിന് പുസ്തകത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് ന്യായീകരണം പറയുന്നത് തട്ടിപ്പാണ് എന്ന് മനസിലാക്കുക.

പണ്ട് കാലത്ത് സമൂഹത്തിന്റെ സുസ്ഥിരതക്കും പുരോഗതിക്കും വേണ്ടി പുരോഹിതന് വ്യാഖ്യാനിക്കാനുള്ളതാണ് മത പുസ്തകങ്ങൾ. അതുകൊണ്ട് അത്തരം പുസ്തകങ്ങൾ നാം സന്ദർഭവും ലക്ഷ്യവും മനസിലാക്കാതെ, സമൂഹത്തിന്റെ സുസ്ഥിരത എന്ന ലക്ഷ്യം ഇല്ലാതെ വാച്യാർഥം മനസിലാക്കിയാൽ തെറ്റേ സംഭവിക്കൂ. അത്തരം ശ്രമങ്ങൾ സമൂഹത്തിന് ദോഷമേ ചെയ്യൂ.

ഓടോ:
പ്രകൃതി വിഭവ സമ്പന്നമായ ചില രാജ്യങ്ങളിലെ മതങ്ങളെ പ്രത്യേകം എടുത്ത് വാച്യാർഥം വായിച്ച് അവരെല്ലാം ഭീകരവാദികളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി നടക്കുന്നുണ്ട്. അത് ശ്രദ്ധാ മാറ്റവും ഗൂഢലക്ഷ്യത്തോടുള്ളതുമാണ്. ആ തട്ടിപ്പിൽ വീണ് അവരുടെ ചട്ടുകമാകരുത്. മതങ്ങളേയും ദൈവങ്ങളേയും വിമർശിക്കുന്നതിൽ തെറ്റില്ല. പക്ഷെ അത് ശാസ്ത്രീയമായി വേണം. അതിന് എല്ലാവരുടേയും നന്മക്കായുള്ള ലക്ഷ്യബോധവും ഉണ്ടാകണം.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ