എന്തായാലും ലഹരി ദോഷകരമായ ഒന്നാണ്

പൊതു താൽപ്പര്യം എന്ന വ്യാജേനെ, ഗുമസ്ഥൻമാരും കച്ചവടക്കാരും അവുരുടെ ശിങ്കിടികളായ സ്ഥാനാർത്ഥികളും സ്വന്തം ആവശ്യങ്ങൾ സമൂഹത്തിലെ നയങ്ങൾ ആയി നടപ്പാക്കുന്നത് അവസാനിപ്പിക്കുക. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ ആകണം നയങ്ങൾ രൂപീകരിക്കേണ്ടത്. കാരണം ഇത് പ്രത്യാഘാതത്തിന്റെ യുഗമാണ്. കരുതിയിരിക്കുക.

മുൻ ഐഎസുകാരനായ ശ്രീ ബിജു പ്രഭാകരൻ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഫലമായി കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊതു പ്രഖ്യാപനം നടത്തി.

അതിലൊന്ന് കഞ്ചാവ് നിയമപരമാക്കം എന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അദ്ദേഹം കണ്ട കഞ്ചാവടിച്ചവരാരും നശിച്ച് പോയിട്ടില്ല. അദ്ദേഹവും പഠിക്കുന്ന കാലത്ത് അത് ഉപയോഗിച്ച് നോക്കിയിട്ടുമുണ്ട്. അദ്ദേഹത്തിന് ഒരു കുഴപ്പവും വന്നിട്ടില്ല. പണ്ടത്തെ ഒരു ചൊല്ല് പറയുന്നത് പോലെ, കഞ്ചാവടിച്ചവരാരും നശിച്ച് പോയിട്ടില്ല, അധവാ നശിച്ചാൽ കുറഞ്ഞത് ഒരു ഐഎസുകാരനെങ്കിലും ആകാം!

അദ്ദേഹത്തിന് 55 വയസ് പ്രായം ഉണ്ടെന്ന് കരുതുക. മനുഷ്യന് അടുപ്പമുണ്ടാക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം ഏകദേശം 200 ആണെന്ന് പറയപ്പെടുന്നു. പക്ഷെ അദ്ദേഹത്തിന് വേണ്ടി ഒരു ഇളവ് കൊടുത്ത് അത് 1000 എന്ന് ആക്കുക. ഓരോ വർഷവും അദ്ദേഹം പുതിയ അടുപ്പക്കാരെ അറിയുന്നു എന്നും കരുതുക. അപ്പോൾ അദ്ദേഹത്തിന് ഇതുവരെ 55000 പേരെ അടുത്ത് പരിചയമുണ്ടാകും. ഇവരെല്ലാവരും കഞ്ചാവ് വലിക്കാരല്ല. അദ്ദേഹത്തിന് വേണ്ടി അവിടെയും ഒരു ഇളവ് കൊടുക്കാം. അങ്ങനെ ഈ 55000 കഞ്ചാവ് വലിക്കാരുടെ ജീവിത വിജയത്തെ പഠിച്ചതിൽ നിന്നും അദ്ദേഹം മനസിലാക്കിയത് ഈ 3.5 കോടി ആളുകൾക്കും ഈ ലഹരിപദാർത്ഥം ദോഷം ഒന്നും ചെയ്യില്ല എന്നാണ്.

വിദേശ രാജ്യങ്ങളിലെ സന്ദർശനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് ഇത്തരം ഒരു ബോധം ഉണ്ടായത്. അതായത് രണ്ട് മാസത്തെ യാത്രയിൽ ടൂർ ഗൈഡ് പറഞ്ഞ് കൊടുത്ത കാര്യങ്ങൾ എന്ന്. അല്ലാതെ അതിന് വേണ്ടി വർഷങ്ങളെടുത്ത ഗവേഷണം ഒന്നും നടത്തിയിട്ടുണ്ടാകില്ലല്ലോ. തിടുക്കത്തിലുള്ള സാമാന്യവൽക്കരണം എന്നാണ് ഇതിനെ പറയുന്നത്. ഈ രാജ്യങ്ങളെ ഇവർ ഭയഭക്തി ബഹുമാനത്തോടെ കാണുന്നവരാണ്. അവിടെ ചെയ്തത് അതുപോലെ അനുകരിക്കുകയാണ് നയം.

എന്തുകൊണ്ട് അമിത ഉപയോഗം

റോഡിൽ വീണുപോകുന്ന നിലയിൽ ലഹരി ഉപയോഗിക്കുന്നത് മലയാളികളുടെ ഒരു കുറ്റമായി പറയുന്നുണ്ട്. അതും ഒരു തിടുക്കത്തിലുള്ള സാമാന്യവൽക്കരണം ആണ്. പൊട്ടക്കിണറ്റിൽ കിടക്കുന്നതുകൊണ്ടാണ് നമുക്ക് അങ്ങനെ തോന്നുന്നത്. ലോകത്ത് എല്ലായിടത്തും ലഹരിയുടെ അമിത ഉപയോഗമുണ്ട്. അവ വ്യത്യസ്ഥമായതുകൊണ്ട് അൽപ്പ സന്ദർശകരായ നമുക്ക് മനസിലാകില്ല. ഉദാരണത്തിന് അമേരിക്കയിൽ ഓപ്പിയോയ്ഡ് ആസക്തിയും അമിത ഉപയോഗവും കാരണം ഇതുവരെ … ആളുകളാണ് മരിച്ചത്. അതിനെ കുറിച്ച് വലിയ കേസുകൾ തന്നെ അമേരിക്കയിൽ നടക്കുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിൽ ജനസംഖ്യ കുറവായാതിനാലും അവ മിക്കതും പോലീസ് രാജ്യങ്ങളായതിനാലും ജയിൽ സ്വകാര്യവൽക്കരിച്ചതായതുകൊണ്ടും നാം അവിടുത്തെ അമിതോപയോഗം കാണുന്നില്ലന്നേയുള്ളു. (അമേരിക്കയിലെ ഒരു ക്ഷേമ പദ്ധതി സെന്ററിൽ നീണ്ട ക്യൂവിൽ നിന്ന് കാല് കഴച്ച ഒരു കറുത്ത സ്ത്രീ കുട്ടിയുമായി നിലത്ത് ഇരുന്നതിന് പോലീസ് അവരെ ജയിലിൽ തള്ളിയതിന്റെ വാർത്ത ഈ സൈറ്റിലെവിടെങ്കിലും കാണും.)

ലഹരിയുടെ കാര്യത്തിൽ അതുപയോഗിക്കുന്ന എല്ലാവരും അതിൽ ആസക്തരാകില്ല. മോശം ചുറ്റുപാടുകളിൽ നിന്ന് വരുന്ന ആളുകളാണ് അതിൽ ആസക്തരാകുന്നത്. നമ്മുടെ രാജ്യത്ത് 80% ആളുകൾ ദിവസം 20 രൂപയിൽ താഴെ വരുമാനത്തിൽ ജീവിക്കുന്നവരാണ്. അവരുടെ ചുറ്റുപാടുകൾ വളരെ മോശമാണ്. അവരെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് തള്ളിവിടാനേ ഇത് ഉപകരിക്കു. കുട്ടികളെ ശാസ്ത്രീയമായ രീതിയിൽ വളർത്താതിരുന്നാൽ ചിലപ്പോൾ അവരും ആസക്തിയുള്ളവരായി മാറാം. (ഗാബോർ മാത്തേയുടെ ലേഖനങ്ങൾ കാണുക.)

കൂടാതെ സിനിമ, ചാനൽ, പരസ്യം, സാമൂഹ്യവിരുദ്ധ മാധ്യമം തുടങ്ങിയ എല്ലായിടത്തും ലഹരിക്ക് മാന്യതയുണ്ടാക്കുന്ന കാര്യങ്ങളാണ് വിളമ്പുന്നത്. ഒരു വശത്ത് ലഹരി സുലഭമാക്കുകയും മറുവശത്ത് അതിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ ഫലം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു.

ലഹരിയുടെ ആരോഗ്യ ശാസ്ത്രം

എല്ലാ ലഹരിക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. കഞ്ചാവിന്റെ ഉപയോഗം cognitive-control ൽ മാറ്റം വരുത്തുന്നു (1). വളരെ കുറഞ്ഞ അളവിലെ കഞ്ചാവിന്റെ ഉപയോഗം തലച്ചോറിന്റെ വ്യപ്തത്തെ കുറക്കുന്നു (2). വളരെ കുറഞ്ഞ അളവിലെ മദ്യപാനവും ദോഷകരമാണ് (3). അതുപോലെ മദ്യപാനം dna യിൽ മാറ്റം വരുത്തി ക്യാൻസർ ഉണ്ടാക്കുന്നു (4). പിന്നെ ഈ ലഹരിവസ്തുക്കൾ ശരീരത്തിലെ അവയവങ്ങൾക്കുണ്ടാക്കുന്ന നാശം രോഗമായി പ്രത്യക്ഷപ്പെടും.

സാമ്പത്തിക നഷ്ടം

ലഹരി വസ്തുക്കൾ വാങ്ങാനായി ആളുകൾക്ക് ധാരാളം പണം ചിലവാക്കേണ്ടതായി വരുന്നു. പണമുള്ളവർക്ക് അത് ഒരു പ്രശ്നമല്ല. പക്ഷെ ദരിദ്രരുടെ കാര്യം വ്യത്യസ്ഥമാണ്. കുട്ടികളുടെ പഠിത്തം ഉൾപ്പടെ കുടുംബത്തിന്റെ നിലനിൽപ്പിന് ആവശ്യമായ പണമാണ് ഇങ്ങനെ വഴിതിരിച്ച് വിടുന്നത്. പിന്നീട് രോഗങ്ങളുണ്ടാകുന്ന അവസ്ഥ എത്തിയാൽ അതിന്റെ ചികിൽസക്കുള്ള പണവും അതിന് കുടുംബത്തിലെ മറ്റുള്ളവരുടെ അദ്ധ്വാനസമയവും നഷ്ടമാകുന്നു.

ലഹരി നിയമാനുസൃതമാക്കിക്കോളൂ, പക്ഷെ സിനിമയും ചാനലും സാമൂഹ്യവിരുദ്ധ മാധ്യമങ്ങളും ഉപയോഗിച്ചുള്ള ലഹരിയുടെ നേരിട്ടും വ്യംഗ്യവുമായി നടത്തുന്ന പ്രചരണവും മഹത്വൽക്കരണവും സാമാന്യവൽക്കരണവും അവസാനിപ്പിട്ട് വേണം അത് ചെയ്യാൻ. (പണ്ടത്തെ സിനിമയിലെ പോലെ ലഹരി ഉപയോഗിക്കുന്നവനെ നിന്ദ്യനായ ഒരു തെമ്മാടിയായി ചിത്രീകരിക്കുക.)
___

1. https://neritam.com/2019/09/09/cannabis-use-by-youth-is-associated-with-alteration-in-cognitive-control/
2. https://neritam.com/2019/10/06/teen-brain-volume-changes-with-small-amount-of-cannabis-use/
3. https://neritam.com/2022/02-Feb/09/even-light-drinking-can-be-harmful-to-health
4. https://neritam.com/2021/07-Jul/09/how-alcohol-damages-dna-and-increases-cancer-risk

this is a reply to biju prabhakar (ബിജു പ്രഭാകർ) IAS about comments on cannabis (കഞ്ചാവ്).

ഒരു അഭിപ്രായം ഇടൂ