മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍

മലയാളത്തിലെ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മലയാളത്തെ കൊല്ലുന്നത് പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഉച്ചാരണ ശുദ്ധിയില്ലാതെ വാക്കുകള്‍ കിട്ടാതെ തപ്പിത്തടയുന്ന മാധ്യമ രാജാക്കന്‍മാരും റാണിമാരും ധാരാളം. അതുപോലെ തന്നുള്ള വേറൊരു പ്രശ്നവും ഇവര്‍ക്കുണ്ട്. ഇവര്‍നടത്തുന്ന ചര്‍ച്ചകളില്‍ ഉപയോഗിക്കുന്ന ഭാഷ തീരെ മര്യാദയില്ലാത്തതാണ്. തങ്ങള്‍ വലിയ എന്തോ ആണെന്നും, ഉത്തരം പറയേണ്ടവര്‍ ഒരു നികൃഷ്ടജീവിയാണെന്നുമൊക്കെയുള്ള രീതിയിലാണ് ഇവര്‍ സംസാരിക്കുന്നത്. പോലീസ് എന്ന് നാം വിളിക്കുന്ന Organized criminals ന്റെ ഭാഷയോടാണിവര്‍ക്ക് സാമ്യം. ശരിക്കും ഗുണ്ടകളുടെ സംഭാഷണ രീതി. ചിലപ്പോള്‍ പോലീസ് ചെയ്യേണ്ട കുറ്റവിചാരണയും ഇവര്‍ സ്വയം നടത്തി പ്രക്ഷേപണം ചെയ്യുന്നതും കാണാം.

ഇത് തെറ്റാണ്. മറ്റുള്ളവരെ അവര്‍ ആരാണെങ്കിലും ബഹുമാനിക്കാന്‍ ശീലിക്കണം. അവര്‍ ഉയര്‍ന്നരായതുകൊണ്ടല്ല. നിങ്ങള്‍ ഉയര്‍ന്നവരായതുകൊണ്ടാണ്.

കൂടാതെ ഇത് പൊതു പ്രക്ഷേപണം ചെയ്യുന്നവയായതുകൊണ്ട് ഈ രീതികള്‍ പൊതുജനങ്ങളേയും സ്വാധീനിക്കും. സിനിമാ സൂപ്പര്‍ താരങ്ങള്‍ക്ക് തടികൂടിയതുകൊണ്ട് അവരുടെ ശരീരഭാഷ സംസാരിക്കുന്ന മലയാളികള്‍ അതേപോലെ മസിലു പിടുത്തം തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. അതുകൊണ്ട് മാധ്യമ രാജാക്കന്‍മാരും റാണിമാരും നടത്തുന്ന മര്യാദകെട്ട വര്‍ത്തമാനം നിര്‍ത്തി പൊതുജനങ്ങള്‍ക്ക് മാതൃകയായ മലയാളം ഉപയോഗിക്കണം.
മലയാളം ദൂരദര്‍ശന്‍ ഇതിന് നല്ല മാതൃകയാണ്.

ഒരു അഭിപ്രായം ഇടൂ