മല്ലശേരി സ്‌കൂളിലെ മറുനാടന്‍ പച്ചക്കറികള്‍

കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട് ഇവയൊക്കെ സമൃദ്ധമായി വിളഞ്ഞു നില്‍ക്കുന്നത് കാണാനായി മലയാളികള്‍  മറുനാട്ടിലെങ്ങും അലയേണ്ട. മല്ലശേരി  കെ.എം.യു.പി സ്‌കൂളിലേക്ക് എത്തിയാല്‍ മതി. ഇവ വിളയിക്കുന്നതില്‍ അന്യസംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന കുത്തക കെ.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ കവര്‍ന്നിരിക്കുകയാണ്. സ്‌കൂള്‍വളപ്പിലാകെ ശൈത്യകാല പച്ചക്കറി ഇനങ്ങള്‍ ആവോളം വളര്‍ന്നുനില്‍ക്കുന്നു. കാര്‍ഷിക ക്ലബില്‍ അംഗങ്ങളായ 40 കുട്ടികളാണ് കൃഷിയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്. 1000 മൂട് കാബേജ്, 500 മൂട് കാരറ്റ്, 200 മൂട് കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, കാപ്‌സിക്കം, വെണ്ട എന്നിവയാണ്  സ്‌കൂള്‍വളപ്പില്‍ വിളവെടുപ്പിനായി തയാറാകുന്നത്.

ജൈവവളവും ജൈവ കീടനാശിനിയുമാണ് കൃഷിക്കായി ഉപയോഗിച്ചത്. വെര്‍ണി കമ്പോസ്റ്റ്, ചാണകം, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവയാണ് കൃഷിക്കായി ഉപയോഗിക്കുന്ന ജൈവവളങ്ങള്‍. ഇതില്‍ വെര്‍ണി കമ്പോസ്റ്റ് കുട്ടികള്‍ തന്നെ നിര്‍മിക്കുന്നതാണ്. സ്‌കൂളിന്റെ മുന്‍ഭാഗത്തും പിന്നില്‍ അസംബ്ലി ഗ്രൗണ്ടിലുമാണ് കൃഷി . കഴിഞ്ഞ നവംബറിലായിരുന്നു കൃഷിയാരംഭിച്ചത്.  ഫെബ്രുവരി അവസാനം വിളവെടുക്കാം.

തടം എടുത്തതു മുതല്‍ കൃഷിയുടെ ഓരോഘട്ടവും വളരെ സൂഷ്മതയോടെയാണ് ചെയ്തത്. സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ബെന്നി കെ. രാജുവിന്റെ പിന്‍ബലം  പ്രചോദനമായി മാറി. ഇലന്തൂര്‍ കൃഷി ഭവനിലെ ജാന്‍സിയാണ് ആവശ്യമായ വിത്തുകള്‍ നല്‍കിയത് പ്രമാടം കൃഷിഭവന്റെയും സ്‌കൂളിലെ മറ്റ് അധ്യാപകരുടെയും സഹകരണവും കുട്ടികള്‍ക്കുണ്ടായി.

മണ്ണിനെയും കൃഷിയെയും അറിയുന്നതിലൂടെ വിദ്യാര്‍ഥികളില്‍ ഒരു പുതിയ  കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു കൃഷി തെരഞ്ഞെടുത്തതെന്ന്  ഹെഡ്മാസ്റ്റര്‍ ബെന്നി കെ. രാജു പറഞ്ഞു.പഠനത്തോടൊപ്പം കൃഷിയും പ്രോല്‍സാഹിപ്പിക്കുന്നതോടെ കുട്ടികള്‍ക്ക് കൃഷിനേരിട്ട് മനസ്സിലാക്കുന്നതിനും  വീട്ടില്‍ കൃഷി ആരംഭിക്കുന്നതിനും കഴിയും. കഴിഞ്ഞവര്‍ഷം കുട്ടികള്‍ സ്‌കൂള്‍ വളപ്പില്‍ വിളയിച്ചത് പാവലും പടവലവും പയറുമൊക്കെയായിന്നു. അത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.  ഫെബ്രുവരി അവസാനം വിളവെടുപ്പ് ഉല്‍സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് കുട്ടികള്‍.

– from madhyamam.com

അഭിനന്ദനങ്ങള്‍ കുട്ടികളേ, അദ്ധ്യാപകരേ. വ്യാവസായിക കൃഷിക്ക് വേണ്ടി അലമുറയിടുന്ന കിളവന്‍ തലമുറ കണ്ടു പഠിക്കട്ടേ.

One thought on “മല്ലശേരി സ്‌കൂളിലെ മറുനാടന്‍ പച്ചക്കറികള്‍

ഒരു അഭിപ്രായം ഇടൂ