ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായാണ് അമേരിക്കയുടെ ആഗോള ഇന്റര്‍നെറ്റ് പരിശോധന പ്രത്യക്ഷപ്പെട്ടത്. പ്രിസം പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് സ്‌നോഡന്‍ എന്ന NSA കരാര്‍ പണിക്കാരനും. പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക സ്‌നോഡന്‍ വേട്ട തുടങ്ങുകയും ചെയ്തു.
ബ്രാഡ്‌ലി മാനിങ്ങ്, വിക്കീലീക്സ് – അമേരിക്ക ഇറാഖില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങളും എംബസികളില്‍ നിന്നുള്ള കേബിളുകളും പുറത്തുവിടുക വഴി ലോകത്തെ ഞെട്ടിച്ചു. അപ്പോഴും പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക ബ്രാഡ്‌ലി മാനിങ്ങിനെ ജയിലിലടച്ചു, അസാഞ്ജിന്റെ ചേരക്കായി വെറളിപിടിച്ചോടുന്നു.
John C. Kiriakou, Jeffery Sterling, Thomas Drake, Stephen Jin-Woo Kim, Shamai K. Leibowitz തുടങ്ങി എത്ര പേര് ലോക മാധ്യമ ശ്രദ്ധ നേടാതെ ഒബാമ സര്‍ക്കാരിന്റെ പീഡനം സഹിക്കുന്നു. ഇതുവരെയുള്ള എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരേക്കാള്‍ കൂടുതലാളുകളെ 5-6 വര്‍ഷം കൊണ്ട് Mr.Change ചാരപ്രവര്‍ത്തി ആരോപിച്ച് കുറ്റവാളികളാക്കിയിട്ടുണ്ട്.
ഇവര്‍ പുറത്തുകൊണ്ടുവന്ന കാര്യങ്ങളൊന്നും പുതിയ കാര്യങ്ങളല്ല. വിവരങ്ങള്‍ ചോര്‍ത്തുന്നതിന് വളരെ മുമ്പ് തന്നെ അമേരിക്കയുടെ ഇടപെടല്‍, നിയമവിരുദ്ധ പരിശോധന, ആളില്ലാ വിമാനയുദ്ധം തുടങ്ങി പല കാര്യങ്ങളേക്കുറിച്ചും ധാരാളം ധൈഷണികര്‍ മുന്നറീപ്പ് നല്കിയിട്ടുണ്ട്. “അമേരിക്കയില്‍ പട്ടാള അട്ടിമറി നടക്കില്ല. കാരണം – അവിടെ അമേരിക്കന്‍ എംബസിയില്ല.” അമേരിക്കന്‍ എംബസിയുടെ ഇടപെടലുകളെക്കുറിച്ച് ലാറ്റിനമേരിക്കയില്‍ പ്രസിദ്ധമായ ഒരു ചൊല്ലാണത്.
ഇന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ സര്‍ക്കാരും കോര്‍പ്പറേറ്റുകളും നിരീക്ഷിക്കുന്നവെന്നുള്ള കാര്യം വളരെ മുമ്പ് തന്നെ അറിയാവുന്നകാര്യമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്റ്റാള്‍മാനും ഇക്കാര്യം ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും കൂട്ടുകാരും ഇത് പ്രചരിപ്പിക്കുകമാത്രമല്ല ചെയ്തത്. പകരം ഈ കുറ്റകൃത്യത്തില്‍ നിന്ന് പൌരന്‍മാര്‍ക്ക് രക്ഷ പ്രാപിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള Tor project, Freedom Box തുടങ്ങിയ പദ്ധതികളെക്കുറിച്ച് ഈ സൈറ്റിലും കൊടുത്തിരുന്നു.
കമ്പ്യൂട്ടര്‍, മൊബൈല്‍ ചാരപ്രവര്‍ത്തനത്തിന്
വിന്ഡോസ്, മാക് പോലുള്ള കുത്തക സോഫ്റ്റ്‌വെയറുകള് എന്തൊക്കെ രഹസ്യമായി ചെയ്യുന്നു എന്ന് ആര്‍ക്കും അറിയാനാവില്ല. എന്നാല് പ്രചാരത്തിലുള്ള ഉബണ്ടു പോലെ സ്വതന്ത്ര സോഫ്റ്റ് വെയറെന്ന പേരില് കുത്തക സോഫ്റ്റ് വെയറും പ്രചരിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ചാര സാധ്യതകള് ഉള്ക്കൊള്ളിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും സ്വതന്ത്രമായ സോഫ്റ്റ്‌വെയര്‍ ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നത്. അവയുടെ പട്ടിക ഇവിടെ കൊടുത്തിട്ടുണ്ട്.(ഇത് സ്ഥിരമായ ഒന്നല്ലെന്നുകൂടി ഓര്‍ക്കുക)
ലിനക്സ് കേണലിന്റെ ചിലഭാഗങ്ങള് സ്രോതസ്സ് കോഡില്ലാതെ യന്ത്രഭാഷയിലാണ് നിലനില്ക്കുന്നത്. രഹസ്യ സ്വഭാവമുള്ള ആ ഭാഗങ്ങളൊഴുവാക്കി പൂര്‍ണ്ണമായും സ്രോതസ്സ് കോഡോടുകൂടിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം പ്രചരിപ്പിക്കുന്നത്. ഇത് കൂടാതെ കമ്പ്യൂട്ടറിന്റെ പലഭാഗങ്ങളിലും രഹസ്യ സ്വഭാവമുള്ള സോഫ്റ്റ് വെയറുകള് പ്രവര്‍ത്തിക്കുന്നുണ്ട്. നമുക്കറിയില്ല അവ എന്തൊക്കെ ചെയ്യുന്നുവെന്ന്. അതെല്ലാം പൌരന്റെ സ്വകാര്യതയിലേക്കുള്ള കോര്‍പ്പറേറ്റിന്റേയും സര്‍ക്കാരിന്റേയും കടന്നുകയറ്റമാണെന്ന് ഈ സംഘങ്ങള് പറയാന് തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിനടുത്തായി. ഫോണ്‍ ഓഫ് ചെയ്ത് വെച്ചാല്‍ പോലും അത് നിങ്ങളുടെ സ്ഥാനം ടവറിലേക്ക് അയച്ചുകൊണ്ടിരിക്കും എന്നാണ് സ്റ്റാള്‍മാന്‍ പറയുന്നത്.
പക്ഷേ സിനിമ, ടെലിവിഷന്‍, പാട്ട്, നൃത്തം, കോമഡി, കപട വാര്‍ത്തകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങി അധികാരികള്‍ ജനത്തെ വിഢിയാക്കാനുപയോഗിക്കുന്ന മര്‍ ദ്ദനയന്ത്രങ്ങള്‍ സൃഷ്ടിച്ച സ്വപ്ന ലോകത്തില് അടിമപ്പെട്ട പൊതു ജനം ഇത്തരം മുന്നറീപ്പുകളെ അവഗണിച്ചു. (വിനോദം വേണ്ട എന്നല്ല പറഞ്ഞത്. മറ്റുള്ളകാര്യവും ശ്രദ്ധിക്കണം.)പരസ്പരം കുറ്റം പറഞ്ഞ് അധികാര രാഷ്ട്രീയ പാര്‍ട്ടികള്‍ അരാഷ്ട്രീയ ചര്ച്ചകളില്‍ മുഴുകി. അങ്ങനെ നെറികെട്ട ലോകം കൂടുതല്‍ നെറികെട്ടതായി. സഹിക്കാനാകാതെ ധീരരായ ആ മനുഷ്യര്‍, സ്വന്തം ജീവിതവും, കുടുംബത്തിന്റെ ജീവിതവും ബലിയര്‍ പ്പിച്ച്, അവര്‍ ചെയ്യുന്ന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഭരണഘടനാവിരുദ്ധ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് ക്രൂശിതരായി. മാധ്യമ സാമൂഹ്യ ദ്രോഹികള്‍ അവരുടെ ജീവിതത്തെ പന്താടി പൊങ്ങച്ചം പറഞ്ഞു.
മാധ്യമ പൊട്ടിത്തെറി വാര്‍ത്തകള്‍
ഈ വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യുകവഴി മാധ്യമങ്ങള്‍ വലിയ കാര്യമാണ് ചെയ്തതെന്നാണവരുടെ ഭാവം. എന്നാല്‍ സ്‌നോഡന്‍ വാര്‍ത്തകളും വിക്കീലീക്സ് വാര്‍ത്തകളുമെല്ലാം ഒരു ശ്രദ്ധമാറ്റല്‍ പരിപാടിയായിട്ടാണ് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. അത് വരെ സര്‍ക്കാര്‍ നടത്തിയിരുന്ന രഹസ്യ പരിപാടികളെ ജനസമ്മതിയോടെ നടത്തിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു. കുറച്ച് കഴിയുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം കുറയുകയും സാധാരണ സംഭവമായി മാറുകയും ചെയ്യുന്നു. നെറിയുള്ള മനുഷ്യര്‍ക്ക് അത്മഹത്യ ചെയ്യുന്നു.
നമ്മുടെ അവഗണനയാണ് ഈ ധീരരായ മനുഷ്യര്‍ ക്രൂശിതരാകാന്‍ കാരണം. അവരെ വിഗ്രഹവത്കരിക്കുയും പുകഴ്ത്തുകയും ചെയ്യുക എളുപ്പമാണ്. എന്നാല്‍ അവരുടെ ചോര കൊണ്ട് നമുക്ക് നല്ല സൂമൂഹമുണ്ടാകും എന്ന് കരുതുന്നത് വ്യാമോഹമാണ്. കാലത്തോടുള്ള കടപ്പാട് നാം നിറവേറ്റിയില്ലെങ്കില് നമുക്ക് ഉടന് തന്നെ ഇരുണ്ട യുഗത്തിലേക്ക് മടങ്ങിപ്പോകാം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
പ്രചാരത്തിലുള്ള ഉബണ്ടു, ഫെഡോറ, തുടങ്ങിയ ഒ എസ്സുകളിലെല്ലാം ചാര സോഫ്റ്റ്‌വെയർ ഉണ്ടെന്നാണോ പറയുന്നത് ?താങ്കൾ ഉപയോഗിക്കുന്ന ഒ എസ് ഏതാണെന്നും അത് തിരഞ്ഞെടുക്കാനുള്ള കാരണവും ഒന്ന് പറയാമോ ?
Reblogged this on ഫ്രീലോകം and commented:
Completely agree with the post. ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുക / മൊബൈൽ ഫോണ്‍, പേജർ, ലാൻഡ് ലൈൻ ടെലിഫോണ്‍ ഒന്നും ഉപയോഗിക്കാതിരിക്കുക. കഴിയുമെങ്കിൽ കമ്പ്യൂട്ടർ പോലും ഉപയോഗിക്കാതിരിക്കുക. നമുക്ക് ആ പഴയ സമാധാന പൂർണ്ണമായ പൌരാണിക സംസ്കൃതിയിലേക്ക് തിരിച്ചു പോകാം. ഓരോ സാങ്കേതിക വിദ്യയും / വികസനത്തിലേക്കുള്ള ഓരോ ചുവടു വയ്പ്പും നമ്മുടെ ജീവിതത്തിന്റെ സ്വച്ഛതയും സമാധാനവും നശിപ്പിക്കുന്നു. Go back to stone age. I think John Zerzan is right.
ഇന്നിപ്പോൾ സ്വന്തം രഹസ്യങ്ങൾപോലും പറയാൻ പാടില്ലാ എന്നതിലേക്കം ലോകം വന്നു, അതിന്ന് വളം വെച്ച് വെള്ളം ഒഴിക്കുനതിലും നമ്മൾ ഒരോരുത്തർക്കും വലിയ പങ്കുണ്ട്, ഗൂഗിൾ അവരുടെ എർത്ത് വ്യൂവിലൂട്എ എന്തൊക്കെയാണ് കാണിക്കുന്നത്, അതിന്നെ എതിരെ ചോദ്യം ചെയ്യാൻ ഒരാൾ പോലുമില്ലാ എന്താ കാരണം, അവിടെയാണ് ആധുനികത എന്ന് മാർകറ്റിങ്ങ മറയുടെ വിജയം
അഭിപ്രായ സ്വാതന്ത്രത്തെ പാടെ ഇല്ലായ്മ ചെയ്യുന്ന ലോക രാജ്യത്തിന്റെ പ്രവർത്തന ചരടിലാണ് ഇന്ന് എല്ലാ രാജ്യങ്ങളും
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പിന്‍തുടരുക എന്നതാണ് നമുക്കവലംബിക്കാവുന്ന മാര്‍ഗ്ഗം. അവര്‍ നിര്‍ദ്ദേശിക്കുന്ന പട്ടിക മുകളില്‍ കൊടുത്തിട്ടുണ്ടല്ലോ.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിന് വലിയ പ്രചാരമുള്ള പ്രദേശമായ നമ്മുടെ നാട്ടില്‍ നാം ഉപയോഗിക്കുന്ന പല സോഫ്റ്റ്‌വെയറുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും സത്യത്തില്‍ നമ്മുടെ സ്വതന്ത്ര്യം സംരക്ഷിക്കുന്ന ഒന്നല്ല. ഉബണ്ടു അത്തരത്തിലൊന്നാണ്. പക്ഷേ പലരും തങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് തെറ്റിധരിച്ചിരിക്കുകയാണ്. ഈ കമ്പനികള്‍ക്കെല്ലാം ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെക്കാള്‍ പ്രധാനം പ്രായോഗിക സൗകര്യങ്ങള്‍ മാത്രമാണ്. കൂടുതല്‍ വിവരങ്ങള്‍ gnu.org.
ഇതൊന്നും ഒരു മതപരമായ സംഗതിയല്ല. പക്ഷേ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനം.
ഈ ലേഖനം സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ളതല്ല. സാങ്കേതികവിദ്യക്ക് എതിരുമല്ല. (സാങ്കേതികവിദ്യകള്‍ പരിമിതമായിരുന്ന കാലത്തും ചൂഷണം ഉണ്ടായിരുന്നല്ലോ. സാങ്കേതികവിദ്യക്കെതിരാണെങ്കില്‍ മണിക്കൂറുകള്‍ ചിലവിട്ട് എന്തിന് ഞാന്‍ ഗ്നൂ പരിഭാഷ നടത്തുന്നു?) പുറകോട്ട് നടക്കാനെന്നും പറയുന്നില്ല. ഇവിടെ മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്ന ക്യാന്‍വാസിനകത്ത് നിന്ന് മാത്രം ചര്‍ച്ചകള്‍ ഉണ്ടാവുന്നതിനെക്കുറിച്ചാണ് പറയുന്നത്.
ഒരു ചര്‍ച്ചയില്‍ ഇനിമുതല്‍ ലോകത്തെ സ്നോഡന് മുമ്പും ശേഷവും എന്ന രീതിയില്‍ വിഭജിക്കാം എന്ന് ഒരു സെലിബ്രിട്ടി എഴുത്തുകാരന്‍ എഴുതിയിരുന്നു. അങ്ങനെയൊരു വിഭജനം സാദ്ധ്യമാകുന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ച അജ്ഞത കൊണ്ടാണ്. സ്നോഡന്‍ ഒന്നും പുതിതായി പറഞ്ഞില്ല. ജനം അവഗണിക്കുന്ന വലിയ സത്യത്തെക്കുറിച്ച് ഇനിയെങ്കിലും ഒരു ചര്‍ച്ചക്ക് ശ്രമിക്കുകയാണ് അദ്ദേഹം ജീവന്‍ ബലികഴിച്ച് ചെയ്യുന്നത്. അത് തന്നെയാണ് ബ്രാഡ്‌ലിമാനിങ്ങും, അസാഞ്ജും ഒക്കെ ചെയ്യുന്നത്. പക്ഷേ മാധ്യമ ബൊമ്മകള്‍ക്ക് ഇതൊരു കലാപരിപാടി മാത്രം. യഥാര്‍ത്ഥ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് പകരം വ്യക്തിപരമായ ഗുണദോഷങ്ങളും സ്ഥിതിഗതികളും. സ്നോഡന്‍ ഇപ്പോള്‍ എവിടെയാണ്, ഇനി എന്ത് ചെയ്യും, അത് അങ്ങനെയാണെങ്കില്‍ ഇതോ അങ്ങനെ പോകുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ല അവരുടെ ലക്ഷ്യം. പകരം ആധുനിക രാജ ഭരണം കൊണ്ടുവരികയാണ്.
ഹഡ്‌ലിയെ വിചാരണക്ക് വിട്ടുതരണമെന്ന് ഇന്‍ഡ്യ കെഞ്ചിപ്പറഞ്ഞു. അമേരിക്ക കേട്ടില്ല. ഇപ്പോള്‍ അമേരിക്ക ചാരപ്പണി നടത്തിയ ആദ്യത്തെ 5 ല്‍ ഒരു രാജ്യം നമ്മുടേതാണ്. പക്ഷേ നമ്മുടെ പാവ സര്‍ക്കാര്‍ അമേരിക്കയെ അനുകൂലിക്കുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചത് CPM മാത്രം. CPM അത് പറഞ്ഞതുകൊണ്ട് കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് അമേരിക്കയുടെ ചാരപ്പണി കൂടുതല്‍ പ്രീയങ്കരം. ലോകത്തെ മിക്ക രാജ്യങ്ങളിലും ഈ ചാരപ്പണി നടത്തുന്ന അമേരിക്കക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഇടയില് ഉണ്ടായിട്ടുണ്ട്. നാം മാത്രം യജമാനന് ഓശാന പാടുന്നു.
മാധ്യമങ്ങളാവരുത് നമ്മുടെ ചര്‍ച്ചകളെ നിയന്ത്രിക്കുന്നത്. അവര്‍ നിര്‍മ്മിക്കുന്ന ക്യാന്‍സാസിന് അതീതമായി കാണാന്‍ പഠിക്കുക. അത്രമാത്രം.