വൃക്ക ദാനം മഹാദാനമാണോ?

കുറച്ച് ദിവസം മുമ്പ് ഓഫീസലെ ഒരു സുഹൃത്ത് ആശുപത്രിയില്‍ പോയി. ഒരു അപകടത്തില്‍പെട്ട അയാളുടെ മറ്റൊരു സുഹൃത്തിന്റെ തുണയായാണ് അയാള്‍ പോയത്. കുറച്ച് ദിവസം അയാള്‍ക്ക് ആശുപത്രിയില്‍ തങ്ങേണ്ടതായും വന്നു. ഒരാഴ്ച്ച കഴിഞ്ഞ് ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ കാര്യങ്ങളന്വേഷിച്ചു. ആശുപത്രി വിഷേഷങ്ങള്‍ വിശദീകരിച്ച അയാളില്‍ നിന്ന് എന്നെ ഞെട്ടിച്ച ഒരു വിവരവും ഞാന്‍ അറിഞ്ഞു.

ആശുപത്രി ഒരു ഉത്സവപ്പറമ്പ് പോലെയല്ലേ. ഒരു വൃക്കരോഗിയുടെ തുണയായി വന്ന മറ്റൊരാളെ നമ്മുടെ സുഹൃത്ത് പരിചയപ്പെട്ടു. ആ രോഗിക്ക് ഡോക്റ്റര്‍ വിധിച്ചത് വൃക്ക മാറ്റിവെക്കണം. എന്ന പരിഹാരവും. “തന്റെ രണ്ട് വൃക്കകളില്‍ ഒന്ന് കൊടുത്താലോ” എന്ന ചിന്ത നമ്മുടെ സുഹൃത്തിന്റെ മനസില്‍ കടന്നുപോയി എന്ന് അയാള്‍ ഞങ്ങളോട് പറഞ്ഞു. 25 വയസ് പ്രായം, ആ രോഗിയെ ഒരു പരിചയവും ഇല്ല. എന്നിട്ടും ഇത്ര വലിയ ഒരു അപകടം ഏറ്റെടുക്കണമെന്ന ചിന്ത അയാള്‍ക്ക് എന്തിന് തോന്നി?

മുടിവെട്ടുന്ന ലാഘവത്തില്‍ ചെയ്യാവുന്ന കാര്യമല്ല വൃക്ക എടുക്കല്‍. ആദ്യം നമുക്ക് അവര്‍ അനസ്തേഷ്യ നല്‍കും. പിന്നീട് വയറ്റില്‍ ഒരടി നീളത്തില്‍ കീറും. വൃക്ക മുറിച്ചെടുക്കും. തുന്നിക്കെട്ടും. രണ്ട് വലിയ മുറിവാണ് ഈ പരിപാടിയിലൂടെ നമുക്ക് കിട്ടുന്നത്. പിന്നീട് ഈ മുറിവുണക്കാന്‍ ധാരാളം മരുന്നും കഴിക്കേണ്ടിവരും. അതിന്റെ പാര്‍ശ്വഫലങ്ങളും.

കഴിഞ്ഞ ദിവസം മര്‍ഡോക്കിന്റെ ചാനലില്‍ വൃക്കദാനത്തെക്കുറിച്ചുള്ള പരിപാടി കണ്ടിരുന്നോ എന്ന് മറ്റൊരു സുഹൃത്ത് ചോദിച്ചു. അങ്ങനെ ചര്‍ച്ച ചൂടുപിടിച്ചു. സത്യത്തില്‍ ചാനല്‍ ചര്‍ച്ചതന്നെയാവണം ഓഫീസിലും ഈ ചര്‍ച്ചയുണ്ടാവാന്‍ കാരണമായത്. എന്തായാലും നാം പരോപകാരം ചെയ്യണം. കാരണം നമുക്കും നാളെ ഇതേ അവസ്ഥ വരും എന്ന ചാനല്‍ വാചാടോപമായിരുന്നു അവരുടെ പ്രധാന വാദം.

നമ്മുടെ വൃക്ക ദാനം ചെയ്തിട്ട് പിന്നീട് ആവശ്യം വരുമ്പോള്‍ വേറെ ആരുടെയെങ്കിലും വൃക്ക അന്വേഷിച്ച് നടക്കുന്നതിനേക്കാള്‍ നല്ലത് നമുക്കുള്ളത് നാം തന്നെ സംരക്ഷിക്കുന്നതല്ലേ? സാമാന്യ യുക്തി അതാണ്. “ഞാന്‍ വൃക്ക ദാനം ചെയ്തവനാ” എന്ന് പറഞ്ഞ് വേറെ ആരോടെങ്കിലും, “നീ നിന്റെ കരളിന്റെ ഒരു ഭാഗം എനിക്ക് തരണം” എന്ന് പറയുന്നതും യുക്തിയല്ല. സ്വന്തം കാര്യം മാത്രം നിങ്ങള്‍ക്ക് പ്രധാനം നിങ്ങള്‍ക്ക് സ്വാര്‍ത്ഥതയാണ്. തനിക്ക് ഒരു അനുഭവമുണ്ടായാല്‍ അപ്പോള്‍ കാണാം. എന്നൊക്കെ ആളുകള്‍ പ്രതികരിച്ചു.

വൃക്കദാനം ഒരു സമഗ്ര വിശകലനം

വളരെ ലളിതം എന്ന് തോന്നാമെങ്കിലും കൂടുതല്‍ സങ്കീര്‍ണ്ണവും ആഴവും പരപ്പുമുള്ളതാണ് വൃക്കദാനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. നിങ്ങളെ വളരെ അടുത്തുള്ളവര്‍ക്ക് നിങ്ങള്‍ അവയവ ദാനം ചെയ്യുന്നതിനെക്കുറിച്ചല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. പരോപകാരം എന്ന പേരില്‍ നമ്മുടെ സാമൂഹ്യധര്‍മ്മമായി പ്രചരിപ്പിക്കുന്ന ആശയങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ചാവിഷയമാക്കുന്നത്.അടിസ്ഥാന പ്രശ്നം ഒരാള്‍ക്ക് വൃക്ക രോഗം കാരണം വൃക്ക മാറ്റിവെക്കേണ്ടതായിവന്നു എന്നതാണ്. അതിനുള്ള ഏറ്റവും എളുപ്പമായ വഴിയാണ്, വൃക്കയുള്ള മറ്റൊരാള്‍ അത് ദാനം ചെയ്യുക. പ്രശ്നം തീര്‍ന്നു. “വരട്ടേ അടുത്ത പ്രശ്നം …” അല്ലേ… എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. നിങ്ങള്‍ നല്‍കിയ വൃക്കയും തകരാറിലായാല്‍ ആ രോഗി എന്ത് ചെയ്യും? വേറെ ആരോടെങ്കിലും ദാനം ചെയ്യാന്‍ ആവശ്യപ്പെടാം. വീണ്ടും ശസ്ത്രക്രിയ. ഈ പരിപാടികളില്‍ രോഗിയുടെ ആരോഗ്യം തകരുകയും ഡോക്റ്ററും, ആശുപത്രിയും, മരുന്ന് കമ്പനികളും പണമുണ്ടാക്കുകയും ചെയ്യുന്നു. നമ്മുടെ രോഗമാണ് അവരുടെ ലാഭം.

എന്തുകൊണ്ട് വൃക്ക രോഗം വന്നു?

നാം ആദ്യം ചോദിക്കേണ്ട ചോദ്യം അതാണ്. ഏത് രോഗമായാലും അതുണ്ടാവാനൊരു കാരണമുണ്ടാവും. വൃക്ക ശരീരത്തിന്റെ അരിപ്പയാണ്. രക്തത്തിലുള്ള വിഷാംശങ്ങളെ അരിച്ച് രക്തം ശുദ്ധീകരിക്കുന്നത് വൃക്കയാണ്. പല കാരണത്താലും വൃക്ക രോഗമുണ്ടാകാമെങ്കിലും നാം കഴിക്കുന്നതും, കുടിക്കുന്നതും, ശ്വസിക്കുന്നതും എല്ലാം വിഷമയമാര്‍ന്നതിനാല്‍ അവ വൃക്കരോഗത്തിന് കാണമാകാം. കാലിഫോര്‍ണിയയില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് അവിടെയുണ്ടാകുന്ന 70% ശ്വാസകോശ രോഗങ്ങളും വാഹനങ്ങള്‍ റോഡ്ഡില്‍ തുപ്പുന്ന കരിപ്പുകയാലും നിറമില്ലാത്ത വിഷപുകയാലുമുണ്ടാവുന്നതാണ്. നമ്മുടെ നാട്ടിലും അങ്ങനെതന്നെ ആയിരിക്കും ഫലം. ആഹാരം രാസവളവും കീടനാശിനിയും തളിച്ചതും ജനിതകമാറ്റം വരുത്തിയ തരത്തിലുമാണ്. ഇംഗ്ലീഷ് മരുന്ന് എന്ന് വിഷം നാം കഴിക്കുന്ന മരുന്ന് മറ്റൊരു സ്രോതസ്സാണ്. ഒരു രോഗം ചികിത്സിച്ച് കഴിയുമ്പോള്‍ അടുത്ത രോഗം വരും. രോഗി സ്ഥിരമായി മരുന്നിനും ആശുപത്രിക്കും അടിമപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരുന്നുകള്‍ക്കെല്ലാം പാര്‍ശ്വഫലമുണ്ട്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാളും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതാണ് നാം ആദ്യം ചെയ്യേണ്ട വൃക്കദാനം.

രോഗം വന്നു. ഇനിയെന്ത്

തീര്‍ച്ചയായും ആശുപത്രിയിലേക്ക് പോകണം. ഇപ്പോള്‍ അതിന് ഏജന്റന്മാരായ ഡോക്റ്റര്‍മാരുണ്ട്. ഒരു രോഗിയെ ആശുപത്രിയിലേക്ക് പറഞ്ഞ് വിട്ടാല്‍ ആ ഡോക്റ്റര്‍ക്ക് കിട്ടും ആശുപത്രിയുടെ വക കമ്മീഷന്‍. അങ്ങനെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. മുക്കിന് മുക്കിന് കോടികള്‍ മുടക്കി മുതലാളിമാര്‍ ആശുപത്രികള്‍ പണിതുകൂട്ടുന്നു. അവരുടെ ഇരകളാണ് ഈ രോഗികള്‍. ശസ്ത്രക്രിയ വേണ്ടാത്ത രോഗത്തിന് പോലും ഇവര്‍ രോഗികള്‍ക്ക് ശസ്ത്രക്രിയ വിധിക്കും എന്ന് Times of India ല്‍ വന്ന ഈ ലേഖനത്തില്‍ ഒരു ഡോക്റ്റര്‍ തന്നെ പറയുന്നു.

അപ്പോള്‍ നമ്മുടെ പരിഗണനയിലുള്ള വൃക്ക മാറ്റിവെക്കല്‍ ഏത് തരത്തിലുള്ളതാണെന്ന് നമുക്കറിയാമോ? ശരിക്കും വേണ്ടതോ അതോ പണത്തിന് വേണ്ടിയുള്ളതോ?

ശരിക്കും വേണ്ട ശസ്ത്രക്രിയാണത് എന്ന് കരുതിയാല്‍, അതിന്റെ ചിലവെന്ത് എന്നതാണ് അടുത്ത ചോദ്യം. സര്‍ക്കാരാശുപത്രിയിലെ കെടുകാര്യസ്ഥക്ക് പരിഹാരമായി നാം ധാരാളം സ്വകാര്യ ആശുപത്രികള്‍ പണിതു. എന്നാല്‍ പൊരന്‍മാരുടെ ആരോഗ്യം എന്നത് സ്വകാര്യ മുതലാളിമാരുടെ താല്‍പ്പര്യമല്ല. അവര്‍ക്ക് പ്രധാനം പണമാണ്. അത് അങ്ങെയറ്റത്തെ അഴുമതിയായി നാം അനുഭവിക്കുന്നു. വൃക്ക മാറ്റിവെക്കണമെന്നുണ്ടെങ്കില്‍ അത് ഏറ്റവും ചിലവ് കുറഞ്ഞ് ഏറ്റവും നല്ല രീതിയില്‍ യോഗ്യരായ ആളുകള്‍ ചെയ്യണം. സ്വകാര്യവല്‍ക്കരണം ചിലവ് വര്‍ദ്ധിപ്പിക്കുമെന്ന് ഈ ലേഖനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതിന് പകരം കെടുകാര്യസ്ഥ ഇല്ലാതാക്കി സര്‍ക്കാരാശുപത്രികള്‍ ഏറ്റവും മെച്ചപ്പെട്ടതാക്കുക എല്ലാ പൌരന്‍മാരുടേയും കടമയാണ്. അതാണ് നാം ചെയ്യേണ്ട രണ്ടാമത്തെ വൃക്കദാനം.

നമുക്കെന്തിന് രണ്ട് വൃക്ക

മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്റെ മുഴുവന്‍ കാര്യങ്ങളും ആധുനുക വൈദ്യശാസ്ത്രത്തിന് അറിവുള്ള കാര്യമല്ല. അതുകൊണ്ടാണ് മൂന്ന് പ്രാവശ്യം ആന്‍ജിയോപ്ലാസ്റ്റി ചെയ്ത രോഗിയോട് മൂന്നാമത്തെ പ്രാവശ്യവും “ഞങ്ങള്‍ക്ക് ചെയ്യാവുന്നതൊക്കെ ചെയ്തു ഇനി നിങ്ങളുടെ പ്രാര്‍ത്ഥന പോലിരിക്കും” എന്ന് ഡോക്റ്റര്‍മാര്‍ പറയുന്നത്. എന്തുകൊണ്ട് ബ്ലോക്കുണ്ടായി. രക്തം കട്ടപിടിക്കാതിരിക്കാനുള്ള വിലകൂടിയ മരുന്ന കഴിച്ചിട്ടും എന്തുകൊണ്ട് ബ്ലോക്കുണ്ടാവുന്നു എന്നതിനും അവര്‍ക്കുത്തരമില്ല. അങ്ങനെയുള്ള അവരാണ് “രണ്ട് വൃക്കയുടെ കാര്യമില്ല, ഒരണ്ണം എടുത്ത് കളഞ്ഞേക്കൂ, പിത്താശയത്തിന് ഒരു ആവശ്യവുമില്ല അതും കളഞ്ഞേക്കൂ, ഓ ഒരു പേസ് മേക്കറ് വെച്ചോളൂ” വെറും കച്ചവടക്കാരേപ്പോലെ പറയുന്നത്. പ്രകൃതിയിലൊന്നും വെറുതെയല്ല. എല്ലാറ്റിനും കാരണമുണ്ട്. പരിണാമപരമായ കാരണങ്ങളാലാണ് നമുക്ക് രണ്ട് വൃക്കയുള്ളത്. അത് ഈ കച്ചവടക്കാര്‍ക്ക് വേണ്ടി എടുത്ത് കളയാവുന്നതല്ല.

മരണാന്തര അവയവദാനം ഒരു സാമൂഹ്യ ചടങ്ങാക്കുക

ആളുകള്‍ മരിക്കുന്നത് കുടുംബത്തിന് വലിയ ആഘാതമാണ്. അത്യധികം വേദനയും. അവരെ കാണാന്‍ വരുന്ന നാട്ടുകാരും ബന്ധുക്കളും നിശബ്ദരായി നിന്ന് കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുകൊള്ളും. സത്യത്തില്‍ ആളുകള്‍ ജീവിച്ചിരിക്കുമ്പോഴാണ് നമുക്ക് അവരോട് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. മരിച്ചതിന് ശേഷം അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവില്ല. എന്നാല്‍ മരണ ശേഷം വ്യക്തികളോടുള്ള ആദര സൂചകമായി ഒരു കാര്യം കൂടി ചെയ്യാം. അവരുടെ അവയവങ്ങള്‍ ദാനം ചെയ്യുക എന്നതാണത്. പക്ഷേ ഇപ്പോഴും അത് വളരെ കുറച്ച് മാത്രമേ സംഭവിക്കുന്നുള്ളു. ആശുപത്രി അധികൃതര്‍ മരിച്ചയാളിന്റെ ബന്ധുക്കളോട് അങ്ങനെ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നോ ഇല്ലയോ എന്ന് ചോദിക്കണം. അത് നമ്മുടെ മരണാനന്തര ചടങ്ങായി മാറ്റണം. അവയവമെടുക്കുന്നത് മരിച്ചയാളില്‍ നിന്നായതിനാല്‍ കുറഞ്ഞ പക്ഷം ഒരാള്‍ മാത്രം മുറിവുണക്കാനുള്ള മരുന്ന് കഴിച്ചാല്‍ മതിയല്ലോ. സിനിമകളിലും, ചാനലുകളിലും പരസ്യങ്ങളിലും, പത്രങ്ങളിലും ഒക്കെ അത്തരം കഥകളോ സീനുകളോ ഉള്‍പ്പെടുത്തിയാല്‍ അത് സാമൂഹ്യ യാഥാര്‍ത്ഥ്യമായി മാറും.

ദാരിദ്ര്യം എന്ന രോഗം

പാവങ്ങളേയാണ് രോഗങ്ങളധികവും ബാധിക്കുക. പോഷകമൂല്യമുള്ള ആഹാരം വാങ്ങാനുള്ള പണം അവരുടെ കൈവശമില്ല എന്നതാണ് കാരണം. വേണ്ട ആഹാരം മുഴുവന്‍ കൃഷിചെയ്യാനും അവര്‍ക്കാവില്ല, സ്ഥലവും കാണില്ല, അതിനുള്ള അറിവും ഉണ്ടാവില്ല. ദിവസം തള്ളിനീക്കാനായി കഠിനാദ്ധ്വാനം ചെയ്യുന്ന അവരുടെ ശരീരം ദുര്‍ബലമാണ്. ദാരിദ്ര്യം ആരുടേയും വിധിയല്ല. സമ്പന്നരായയ 1% ആളുകള്‍ ദുര്‍ബലരായ 99% ആളുകളെ ചൂഷണം ചെയ്യുന്നതുകൊണ്ടാണ് അവര്‍ ദരിദ്രരായിരിക്കുന്നത്. അമേരിക്കയില്‍ ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ അയ്യോ അവര്‍ തകരാന്‍ പാടില്ലാത്തവരാണ് എന്ന് സര്‍ക്കാര്‍ പറയുകയും സഹസ്ര കോടിക്കണക്കിന് പണം ആ സമ്പന്നര്‍ക്ക് നല്‍കുകയും ചെയ്തു. അതേ സമയം അദ്ധ്യാപകര്‍, നെഴ്സുമാര്‍ തുടങ്ങി മദ്ധ്യവര്‍ഗ്ഗത്തേയും ദരിദ്രരേയും പാടെ അവഗണിക്കുകയും ചെയ്തു.

വാള്‍മാര്‍ട്ടിലെ പാവം തൊഴിലാളികള്‍ക്ക് സംഭാവന ചെയ്യൂ

Black Friday എന്ന അമേരിക്കയിലെ കച്ചവട മാമാങ്ക സമയത്ത് ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ വാള്‍മാര്‍ട്ട് ഒരു പരസ്യം അവരുടെ കടകളില്‍ വെച്ചു. അതില്‍ ഇങ്ങനെയാണ് പറഞ്ഞത്, “Please donate food items here so Associates in need can enjoy Thanksgiving dinner”. വാള്‍മാര്‍ട്ടിലെ ജോലിക്കാരില്‍ പകുതിയിലധികം സ്ത്രീകളാണ്.

സ്ത്രീകളുടെ സമരം

അമേരിക്കയില്‍ ആണുങ്ങള്‍ക്ക് ശരാശരി ഒരു ഡോളര്‍ ശമ്പളം കിട്ടുമ്പോള്‍ അതേ ജോലി ചെയ്യുന്ന വെള്ളക്കാരായ പെണ്ണുങ്ങള്‍ക്ക് ശരാശരി 77 സെന്റേ ശമ്പളം കിട്ടൂ. മറ്റ് ജാതിയിലെ സ്ത്രീകള്‍ക്ക് അതിലും കുറവ്. ഈ അനീതിക്കെതിരെ അടുത്ത കാലത്ത് Walmart ലെ സ്ത്രീകള്‍ സുപ്രീം കോടതിയില്‍ കേസ് കൊടുത്തു. എന്നാല്‍ കോടതി കമ്പനിയുടെ ഒപ്പമായിരുന്നു. കേസ് തള്ളിക്കളഞ്ഞു. അതേ സമയം വാള്‍മാര്‍ട്ടിന്റെ ഉടമയായ സാം വാള്‍ടണിന് കഴിഞ്ഞ വര്‍ഷം കിട്ടിയത് 47600 കോടി ഡോളറാണ്.

ഈ കമ്പനി എങ്ങനെയാണ് അതിസമ്പന്നമായത്? എന്തൊണ്ട് അവരുടെ ലാഭത്തിന്റെ ഒരു പങ്ക് അത് നേടാനായി സഹായിച്ച തൊഴിലാളികള്‍ക്ക് കൊടുത്തുകൂടാ? തൊഴിലാളികള്‍ എന്ന വാക്കു പോലും അവര്‍ഉപയോഗിക്കിന്ന, പകരം Associates എന്നാണ് പറയുന്നത്. ആളുകള്‍ തൊഴില്‍ ചെയ്യാന്‍ പോകുന്നത് ജീവിതവൃത്തിക്കാണ്. വളരേധികം പണി ചെയ്തിട്ടും അത് നേടാനാവുന്നില്ല എന്നത് മാത്രമല്ല, ആഹാരം കഴിക്കാന്‍ ഉപഭോക്താങ്ങളുടെ ഔദാര്യം വേണമെന്ന് പറയുന്നത് അത്യധികം നിന്ദ്യമായ കാരമാണ്. കമ്പനി ശതകോടികള്‍ ലാഭമുണ്ടാക്കുന്ന അവസരത്തിലാണ് ഇതെന്ന് ഓര്‍ക്കണം.

ലാഭത്തിന്റെ ഒരു പങ്ക് നല്‍കിയിരുന്നെങ്കില്‍ ജനത്തിനോട് അവരെ സഹായിക്കണം എന്ന് ആവശ്യപ്പെടേണ്ട കാര്യമുണ്ടായിരുന്നോ? അതാണ് സത്യം. തൊഴിലാളികളേയും ഒപ്പം ഉത്പാദനകരേയും ചൂഷണം ചെയ്താണ് ഇവര്‍ പണക്കാരായത്. അതിന്റെ പ്രത്യാഘാതമായ ദാരിദ്ര്യത്തിന് ഉത്തരവാദി നമ്മളല്ല. അതിന് പരിഹാരം കണ്ടെന്നേണ്ടത് സാമൂഹ്യമായാണ്. അത് കമ്പനിയുടെ ചൂഷണങ്ങള്‍ക്ക് അറുതിവരുത്തുക എന്നതാണ്.

അതിനായി അവിടെ തെഴിലാളികള്‍ Our Walmart പോലെ സംഘടനകള്‍ രൂപീകരിച്ച് സംഘം ചേരുകയും സമരം നടത്തുകയും ചെയ്യുന്നുണ്ട്. ദാരിദ്ര്യം എന്നത് സ്വാഭാവികമായ ഒന്നാണെന്ന് വരുത്തിത്തീര്‍ക്കുകയും തൊഴിലാളികളുടെ ദാരിദ്ര്യത്തിന് കാരണം നമ്മള്‍ അവര്‍ക്ക് ദാനം കൊടുക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണെന്ന് നേരിട്ടല്ലാതെ നമ്മുടെ തലച്ചോറിലേക്ക് ഫീഡ് ചെയ്യാന്‍ അവരുടെ ദാനം ചെയ്യൂ എന്ന പരസ്യം കൊണ്ടാകുന്നു. ഒപ്പം ദാനം ചെയ്യണോ വേണ്ടയോ എന്ന ചര്‍ച്ച വഴി പ്രശ്നമേ മാറിപ്പോകുന്നു.

ചിലപ്പോള്‍ നാം 5ഓ 10 ഓ ഡോളര്‍ ദാനം ചെയ്ത് എന്റെ ജോലി കഴിഞ്ഞു എന്ന ഭാവത്തില്‍ ഒന്നും കാണാതെ നടന്നു പോകും. എങ്ങാനും സമരം ചെയ്യുന്ന തൊഴിലാളിയെ കണ്ടാല്‍ ഇവനൊക്കെ വേറെ പണിയില്ലേ എന്ന ഭാവമാകും മനസില്‍. കാരണം ഞാന്റെ ജോലി ചെയ്തല്ലോ. വൃക്കരോഗത്തിനും പരിഹാരം നാം തന്നെ വ്യക്തിപരമായി ചെയ്യണം എന്ന് മുതലാളി ഉപദേശിക്കുന്നതും അതേ ഉദ്ദേശത്തിലാണ്.

ടെലിവിഷന്‍ ചാനലുകാരന്റെ മനുഷ്യസ്നേഹം

വൃക്കക്കുണ്ടാവുന്ന രോഗം നമ്മുടെ വ്യക്തിപരമായ പ്രശ്നമാണ്. അതിന് പരിഹാരം നിങ്ങളൊക്കെ തന്നത്താനെ പരിഹരിച്ചോളൂ എന്ന് ചാനല്‍ മുതലാളി പറയുന്നു. ഞങ്ങള്‍ സ്വകാര്യ ആഡംബര ആശുത്രികള്‍ പണിതിട്ടിട്ടുണ്ട്. വീട്ടില്‍ കിടന്ന് ആര്‍ക്കും ഗുണമില്ലാതെ ചാകുന്നതിന് പകരം ഞങ്ങളുടെ ആശുപത്രികളില്‍ വന്ന് പണമടച്ച് കിടന്നോളൂ, നിങ്ങള്‍ക്ക് വേണ്ട വൃക്ക ദാനമായി എത്തും. രണ്ടു കൂട്ടരും ശസ്ത്രക്രിയക്ക് മുമ്പും ശേഷം ധാരാളം മരുന്നുകളും വാങ്ങി മരുന്ന് കമ്പനികളേയും സമ്പന്നരാക്കൂ. മാധ്യമങ്ങള്‍തന്നെ ഇന്ന് കോര്‍പ്പറേറ്റുകളാണ്. ആശുപത്രി, മരുന്ന് കോര്‍പ്പറേറ്റുകള്‍ കൂടുല്‍ സമ്പന്നരായാല്‍ അതിന്റെ ഫലം മാധ്യമ കോര്‍പ്പറേറ്റിനും കിട്ടും. അതിനേക്കാളുപരി, ഈ വ്യവസ്ഥ ഇതുപോലെ തന്നെ നിലനിര്‍ത്തണമെന്നത് മാധ്യമ കോര്‍പ്പറേറ്റുകളുടേയും ആവശ്യമാണ്. പക്ഷേ അത് നേരിട്ട് ജനത്തോട് പറയാനാവില്ലല്ലോ. എതിര്‍പ്പിന്റേയോ വിമര്‍ശനത്തിന്റേയോ നേരിയ കണിക പോലും ഉണ്ടാവാന്‍ പാടില്ല എന്നതാണ് അവര്‍ക്ക് വേണ്ടത്.

ചാനല്‍ ചര്‍ച്ച പ്രവര്‍ത്തിക്കുന്ന രീതി

യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ജനശ്രദ്ധ മാറ്റി അയത്ഥാര്‍ത്ഥമായ ഒരു പ്രശ്നം സൃഷ്ടിക്കുകയാണ് ആദ്യ പണി. ഇവിടെ പ്രശ്നം വൃക്ക രോഗികള്‍ക്ക് വൃക്ക എത്തിക്കുക എന്നതാണ്. അത് മാത്രം പോരാ. ആ ആശയത്തിന് കൂടുതല്‍ ശക്തി കിട്ടാനും, മറ്റ് പ്രശ്നങ്ങളെ ഫലപ്രദമായി മറച്ച് വെക്കാനും ഒരു പ്രതിപക്ഷം വേണം. അതാണ് സ്വന്തം വൃക്ക ദാനം ചെയ്യാന്‍ മടിക്കുന്ന സ്വാര്‍ത്ഥമതികള്‍. ഇവരണ്ടും കൂടി തമ്മിലടിച്ചാല്‍ മറ്റെല്ലാ തലത്തിലേക്കും വ്യാപിക്കാവുന്ന ചര്‍ച്ചകളെ തടയുകയുമാകാം. ശ്രദ്ധ(spot light) എത്ര അകലത്തിലേക്ക് കൊണ്ടുപോയി എന്ന് നോക്കൂ. മുതലാളിത്തത്തിന്റെ സമരമായ ചുംബന സമരത്തിലും മറ്റും ഇതേ മാതൃക നമുക്ക് കാണാം.

എല്ലാ പ്രശ്നങ്ങളും നാം വ്യക്തിപരമായി പരിഹരിച്ചോണം എന്നതാണ് മുതലാളിത്തത്തിന്റെ നിയമം. സര്‍ക്കാരെന്നാല്‍ സമ്പന്നരെ സഹായിക്കാനുള്ള സംവിധാനമാണ്. സമ്പന്ന ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ ശതശതശത കോടിക്കണക്കിന് ഡോളര്‍ അവര്‍ക്ക് നല്‍കി. ICICI യും വിജയമാല്യയും മറ്റും തകര്‍ന്നപ്പോള്‍ ശതകോടിക്കണക്കിന് ഒഴുക്കി. സര്‍ക്കാര്‍ ബാങ്കുകള്‍ സമ്പന്നരുടെ കടം എഴുതിത്തള്ളുന്നു. അവര്‍ക്ക് നികുതിയിളവും നല്‍കുമ്പോള്‍ സാധാരണ ജനത്തിന് മേല്‍ നികുതി ഭാരം കൂടുന്നു.

അങ്ങനെ പ്രശ്നങ്ങളെ വ്യക്തിപരമായി കാണാന്‍ ജനങ്ങളെ പഠിപ്പിക്കുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യം. അത് വിജയിച്ചാല്‍ എല്ലാ പ്രശ്നത്തിലും ജനം ഒന്നിച്ച് നില്‍ക്കാതെ ഒറ്റപ്പെട്ട പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചോളും. മുതലാളിക്ക് വേണ്ടതും അതാണ്.

പ്രകൃതിദത്തമായ സ്വാര്‍ത്ഥയും സാമൂഹ്യമായ സ്വാര്‍ത്ഥയും

മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായതുകൊണ്ട് നമുക്ക് രണ്ട് നിലനില്‍പ്പുണ്ട്. പ്രകൃതിയിലെ ഒരു ജീവി എന്നതും സമൂഹത്തിലെ ഒരു വ്യക്തി എന്നതും ആണ് അവ. ഇതില്‍ ആദ്യത്തേത് നമ്മളും പ്രകൃതിയിലെ മറ്റ് ജീവികളും പൊതുവായി പിന്‍തുടരുന്ന ഒന്നാണ്. അതനുസരിച്ച് നമ്മുടെ ഓരോ നിമിഷത്തേയും ജീവിതം നാം സ്വാര്‍ത്ഥമായി എടുക്കുന്ന തീരുമാനത്തിന്റെ ഫലമാണ്. പാവം നെല്‍വിത്ത് അതൊരു ചെടിയാകേണ്ടതായിരുന്നു എന്ന തോന്നലില്‍ നാം ആഹാരം ഉപേക്ഷിക്കുമോ?

എന്നാല്‍ സമൂഹത്തിന്റെ നിയമം വ്യത്യസ്ഥമാണ്. അത് പ്രകൃതി നേരിട്ട് സൃഷ്ടിച്ച ഒന്നല്ല. നാം കൃത്രിമമായി നിര്‍മ്മിച്ചതാണ്. അതിലെ നിയമങ്ങളും നാം കൃത്രിമമായി നിര്‍മ്മിച്ചതാണ്. അതത് കാലത്തെ അറിവനുസരിച്ച് നാം അതിന് മാറ്റം വരുത്തുന്നുമുണ്ട്. പണ്ട് ആളുകളെ ചങ്ങലക്കിട്ട് പണിചെയ്യിക്കാമായിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധം വളര്‍ന്നതിനാല്‍ നാം അത് തിരുത്തി. അതുപോലെ അനേകായിരം തെറ്റുകള്‍ നമ്മുടെ സാമൂഹ്യ നിയമങ്ങളിലുണ്ട്. ഒരു ചെറിയ വിഭാഗം ആളുകള്‍ ബഹുഭൂരിപക്ഷം ആളുകളുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്ത് ജീവിക്കുന്ന വ്യവസ്ഥ എങ്ങനേയും നിലനിര്‍ത്തുക അവരുടെ ആവശ്യമാണ്.

ആഫ്രിക്കയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടിക്ക് ഒരു മിഠായി വാങ്ങാന്‍ സഹായിക്കൂ എന്ന പരസ്യം കണ്ട് നാം പണമടച്ച് എന്തോ വലിയ കാര്യം ചെയ്തമാതിരി നിര്‍വൃതിയടയും. എന്നാല്‍ ആഫ്രിക്കയില്‍ അഭയാര്‍ത്ഥി ക്യാമ്പുണ്ടാകാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടെടുക്കാനോ, അത്തരം ഒരു നിലപാടിനെ അംഗീകരിക്കാനോ, അങ്ങനെ ഒരു പ്രശ്മുണ്ട് എന്ന് അറിയാന്‍ പോലും തയ്യാറാകാത്തതാണ് നമ്മുടെ കപട ജീവിതം. അതുപോലെയാണ് സാമൂഹ്യപ്രശ്നത്തിന് നാം വ്യക്തിപരമായ പരിഹാരത്തിന് ശ്രമിക്കുന്നത്. അതാണ് നാം ചോദ്യം ചെയ്യേണ്ടത്.

സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് സാമൂഹ്യമായേ പരിഹാരം കാണാനാവൂ

നിങ്ങളുടെ പരിചയക്കാര്‍ക്കോ സ്വന്തക്കാര്‍ക്കോ വൃക്ക ദാനം ചെയ്യുന്നത് സ്വകാര്യമായ കാര്യമാണ്. തീര്‍ച്ചയായും അത് ആത്മാര്‍ത്ഥവും വ്യക്തിപരവും ആയ പ്രവര്‍ത്തിയാണ്. പക്ഷേ എന്നാല്‍ വൃക്ക രണ്ടുണ്ട് അതുകൊണ്ട് അതിലൊന്ന് അപരിചിതനായ ആര്‍ക്കെങ്കിലും ദാനം ചെയ്യാം എന്ന മാധ്യമങ്ങളിലെ വാചാടോപം കേട്ട് ആരോഗ്യമുള്ള ശരീരം മരുന്ന് കുത്തിവെച്ച് മയക്കി, കീറി, ഒരവയവം മുറിച്ച്, പിന്നീട് കുത്തിക്കെട്ടി, മുറിവ് കരിയാന്‍ മാസങ്ങളോളം വീണ്ടും മരുന്നെന്ന വിഷം കഴിക്കുന്ന വ്യക്തിക്ക് ആത്മാര്‍ത്ഥതയില്ല എന്നല്ല, ആ പ്രവര്‍ത്തിക്ക് ആത്മാര്‍ത്ഥതയില്ല എന്നാണുദ്ദേശിച്ചത്. സത്യത്തില്‍ നിഷ്കളങ്കരായ ആ വ്യക്തികള്‍ മതിഭ്രമത്തിലാണെന്നും പറയും.

അപ്പോള്‍ നിങ്ങള്‍ ശരിക്കും ഒരു സാമൂഹ്യ പ്രശ്നത്തില്‍ വ്യക്തിപരമായി ഇടപെടുകയാണ്. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് സാമൂഹ്യമായേ പരിഹാരം കാണാനാവൂ. അല്ലെങ്കില്‍ പരിഹാരം നിലനില്‍ക്കാത്തതും ആത്മാര്‍ത്ഥയില്ലാത്തതുമായിരിക്കും.

എന്നാല്‍ വൃക്കരോഗം ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ശ്രമം നിങ്ങള്‍ നടത്തിയാല്‍ അത് നിലനില്‍ക്കുന്നതും ദൂഷ്യഫലങ്ങളില്ലാത്തതുമാണ്. പക്ഷേ ഡോക്റ്റര്‍മാര്‍കും, ആശുപത്രികള്‍ക്കും, മരുന്ന് കമ്പനികള്‍ക്കും പണം കിട്ടില്ല എന്ന ‘കുഴപ്പം’ മാത്രമേയുള്ളു.

ആരേയും നിരുത്സാഹപ്പെടുത്താനോ മോശക്കാരാക്കാനോ എല്ല ഇതെഴുതിയത്. നിങ്ങള്‍ വൃക്ക ദാനം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ അതിന്റെ പ്രചരണം വലത് പക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മുതലാളിക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് വ്യക്തമാക്കുകയും വിമര്‍ശിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.

ഓടോ:
വൃക്കരോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ ആയുര്‍വേദത്തിലും(കച്ചവട ആയുര്‍വ്വേദമല്ല) ഹോമിയോയിലുമുണ്ടെന്ന് ധാരാളം ആളുകള്‍ പറയാറുണ്ട്. ഡോക്റ്റര്‍മാര്‍ ഇനി രക്ഷയില്ല എന്ന് പറഞ്ഞുപേക്ഷിച്ചിട്ടും പരപ്പനങ്ങാടിലെ ശ്രീധരന്‍ വൈദ്യന്റെ മരുന്ന് കഴിച്ച് മരണക്കിടക്കയില്‍ നിന്ന് 4-5 വര്‍ഷം മുമ്പ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരാളെ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ടിരുന്നു. എല്ലാ നാട്ടിലും പണത്തിനോട് ആര്‍ത്തിയില്ലാത്ത പാരമ്പര്യ വൈദ്യന്‍മാരായ ധാരാളം ആളുകളുണ്ട്. അവരെക്കുറിച്ച് വലിയ പ്രചാരമൊന്നുമില്ല. അവര്‍ അറിവ് രഹസ്യമാക്കി വെച്ചിരിക്കുന്നത് തെറ്റാണെങ്കിലും നമുക്ക് കുറ്റം പറയാനാവില്ല. എന്നാല്‍ അവരുടെ കഴിവുകള്‍ ശാസ്ത്രീയമായി വിശകനം ചെയ്യാമല്ലോ. അത്തരം ഒരു ഡാറ്റാബേസ് നിര്‍മ്മിച്ചാല്‍ സംശയമില്ലാതെ നമുക്ക് ആളുകളെ ശസ്ത്രക്രിയയില്‍ നിന്നും വിഷമരുന്നുകളില്‍ നിന്നും ആളുകളെ രക്ഷിക്കാമല്ലോ.

എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “വൃക്ക ദാനം മഹാദാനമാണോ?

ഒരു അഭിപ്രായം ഇടൂ