എന്താണ് രാഷ്ട്രീയ സമരം
സമൂഹവും രാഷ്ട്രവും ഒക്കെ രൂപീകൃതമാകാന്‍ കാരണം എന്താണ്? അങ്ങനെയൊരു ചോദ്യം ഒരു പക്ഷേ മിക്കവരും ആ ചോദ്യം ഇതുവരെ ചോദിച്ചിട്ടുണ്ടാവില്ല. പ്രകൃതിയെക്കുറിച്ച് ആളുകള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഭൌതികവാദികളും യുക്തിവാദിക്കളും ശാസ്ത്രജ്ഞരുമൊക്കെ ആ കൂട്ടത്തില്‍ പെടും. എന്നാല്‍ സമൂഹത്തെക്കുറിച്ച് അങ്ങനെയൊരു ചോദ്യമില്ല. ഇപ്പോഴുള്ളതെല്ലാം നാം അതുപോലെ സ്വീകരിക്കുന്നു. സത്യത്തില്‍ കുടുംബം, സമൂഹവും, രാഷ്ട്രം തുടങ്ങിയവയെല്ലാം മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചതാണ്. പ്രകൃതിദത്തമായതല്ല. അതുകൊണ്ട് അവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് ഓരോ മനുഷ്യന്റേയും കടമയാണ്.
നാം ഓരോരുത്തവര്‍ക്കും വേണ്ടതെല്ലാം നമുക്ക് ഒറ്റക്ക് നിര്‍മ്മിക്കാനാവില്ലല്ലോ. മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉത്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യാനുള്ള സംവിധാനമാണ് സമൂഹവും. പണം എന്ന ഒരു indirection ഉപയോഗിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് അതിന്റെ അടിത്തറ. സമ്പദ്‌വ്യവസ്ഥയിലെ ചലിക്കുന്ന സമ്പത്തിനെയാണ് മൂലധനം എന്ന് പറയുന്നത്. പണം ഉപയോഗിച്ച് ഫാക്റ്ററികള്‍ സ്ഥാപിക്കുകയും ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും വിറ്റഴിച്ചതില്‍ നിന്ന് കിട്ടുന്ന ലാഭം വീണ്ടും നിക്ഷേപിച്ച് കൂടുതല്‍ വളരുകയും ചെയ്യുന്നു. പണ്ട് ഫാക്റ്ററികള്‍ ഇല്ലായിരുന്നു. പക്ഷേ ലഭ്യമായ ഉപകരണങ്ങളുപയോഗിച്ച് നാം ഉത്പാദനം നടത്തിക്കൊണ്ട് പോന്നു. സമൂഹത്തിനേയും അതിലെ ഘടകങ്ങളുടേയും രൂപവും ഭാവവും നിര്‍മ്മിക്കുകയാണ് ഈ പ്രവര്‍ത്തനം വഴി സംഭവിക്കുന്നത്. അതുകൊണ്ട് സമ്പദ്‌വ്യവസ്ഥയേയും അതുവഴി സമൂഹത്തേയും നിലനിര്‍ത്തുന്നത് മൂലധനമാണെന്ന് പറയാം.
ഉദാഹരണത്തിന് നാം എല്ലാം സമയത്തെക്കുറിച്ച് വളരേറെ ബോധവാന്‍മാരാണ്. മിക്കവരും വാച്ച് കെട്ടുകയും ഇടക്കിടക്ക് സമയം നോക്കുകയും ചെയ്യുന്നു. തുടക്കം മുതലേ നാം അങ്ങനെയായിരുന്നോ? അല്ല. നാം ഇങ്ങനെ കൃത്യസമയം പാലിച്ച് ജീവിക്കുന്നവരായിരുന്നില്ല. മുതലാളിത്തത്തിന്റെ തുടക്കത്തില്‍ എല്ലാവരേയും ഫാക്റ്ററിയില്‍ കൃത്യസമയത്തെത്തിക്കുക എന്നത് ആദ്യകാല മുതലാളിമാരുടെ വലിയ ഒരു പ്രശ്നമായിരുന്നു. കാരണം ജന്മിത്തത്തില്‍ ആ ആവശ്യമില്ലായിരുന്നല്ലോ. പിന്നീട് പടിപടിയായി സമയ ബോധം നമ്മളില്‍ കയറി. ഫാക്റ്ററിയിലേതു പോലെ ബെല്ലടിക്കുന്ന രീതി സ്കൂളില്‍ കൊണ്ടുവന്നതും ആ ആവശ്യകതയാലാണ്.
മനുഷ്യസമൂഹത്തിന്റെ കാമ്പായ മൂലധനമാണ് സമൂഹത്തിന്റെ സ്വഭാവത്തെ രൂപീകരിക്കുന്നതും നിര്‍ണ്ണയിക്കുന്നതും. അതുകൊണ്ട് എന്തെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ നാം ആഗ്രഹിക്കുന്നവെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ ലക്ഷ്യം വെക്കേണ്ടത് മൂലധനത്തെയാണ്. അപ്പോള്‍ സമരം എങ്ങനെ സമ്പത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നോ ദിശമാറ്റുന്നോ എന്നതനുസരിച്ചാണ് ആ സമരത്തിന്റെ രാഷ്ട്രീയം. (സമരങ്ങള്‍ എന്നതുകൊണ്ട് കുറേ ആളുകള്‍ കൂടിനിന്ന് ഗ്വാഗ്വാ വിളിക്കണമെന്നില്ല).
എന്താണ് ഫാസിസം
സ്വകാര്യ മൂലധന ശക്തികള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരിനെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. അത് ചിലപ്പോള്‍ മുസോളിനി, ഹിറ്റ്‌ലര്‍, പിനോഷേ പോലുള്ള ഏകാധിപകികളോ, എല്ലെങ്കില്‍ ഒരു ഇടവേളയില്‍ ജനത്തിന് വോട്ട് ചെയ്യാന്‍ അവകാശം കൊടുത്ത് സര്‍ക്കാര്‍ രൂപികരിക്കുന്ന അമേരിക്ക, ചൈന, ഇന്‍ഡ്യ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ പോലെയോ ആയിരിക്കും. അതിന്റെ കാഠിന്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടായേക്കാം എന്ന വ്യത്യാസം മാത്രമേയുള്ളു.
ജാതിയേയോ മതത്തേയോ ദേശീയതേയോ ഉപയോഗിച്ചാണ് ഫാസിസം വളരുന്നത്. ജനങ്ങളെ തമ്മിലടുപ്പിക്കുക എന്നതാണ് അവരുടെ പ്രധാന തന്ത്രം. അയഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ജനം തമ്മിലടിക്കുമ്പോള്‍ ആ തക്കത്തില്‍ മൂലധനശക്തികള്‍ അവരുടെ നയങ്ങള്‍ നടപ്പാക്കുന്നു. അത് ജനജീവിതം കൂടുതല്‍ ദുഷ്കരമാക്കുന്നു. ജനം തങ്ങളുടെ എതിരാളികളായവരാണ് അതിന് കാരണമെന്നും, അവരെ അമര്‍ച്ച ചെയ്യാന്‍ തങ്ങളുടെ വംശക്കാരനായ നേതാവിനെ കൂടുതല്‍ വിശ്വസിക്കുകയും ചെയ്യുന്നതാവും ഫലം.
ചിലയിടങ്ങളില്‍ ചില ഫാസിസ്റ്റ് രാജ്യങ്ങള്‍ കൂടുതല്‍ ലാഭത്തിനായി മറ്റ് ജനാധിപത്യ സര്‍ക്കാരുകളെ പട്ടാള അട്ടിമറിയിലൂടെ മറിച്ചിട്ട് അവിടെ ഒരു സ്വന്തക്കാരനായ ഏകാധിപതിയെ വാഴിച്ച് ഫാസിസം സ്ഥാപിക്കാറുണ്ട്. അമേരിക്ക ചിലി, ഇറാന്‍, ഇന്‍ഡോനേഷ്യ, ഹേയ്തി, ഹൊണ്ടൂറസ് തുടങ്ങി അനേകം രാജ്യങ്ങളില്‍ അത്തരം പട്ടാള അട്ടിമറി നടത്തി ഏകാധിപതികളെ വാഴിച്ചിട്ടുണ്ട്. എല്ലായിടത്തും ജനജീവിതം കൂടുതല്‍ ദുഷ്കരമായി എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വ്യക്തിസ്വാതന്ത്ര്യവും വ്യക്തിമാഹാത്മ്യവാദവും
നൂറ്റാണ്ടുകളോളം സമ്പദ്‌വ്യവസ്ഥയെ നയിച്ചത് അടിമത്തമാണ്. അന്ന് മുതലാളി സ്വാതന്ത്ര്യത്തേക്കുറിച്ച് പ്രചരണം നടത്തിയിരുന്നില്ല. പിന്നീട് ആളുകള്‍ അടിമത്തത്തിന്റെ ദൃശ്യമായ ചങ്ങല വലിച്ചെറിഞ്ഞു. കോളനി രാജ്യങ്ങള്‍ സ്വതന്ത്രമായി. പിന്നീട് മുതലാളി സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങി.
വ്യക്തികള്‍ തങ്ങളേക്കാള്‍ വലിയ എന്തോ ആണെന്ന തോന്നലുണ്ടാക്കിത്തീര്‍ക്കുന്നതാണ് അവര്‍ ആദ്യം ചെയ്യുക. പ്രക്ഷേപണം ചെയ്യുന്ന മാധ്യമങ്ങളിലെല്ലാം അത്തരം ചിന്ത കാണാം. നായകാരാധന പ്രോത്സാഹിപ്പിക്കുന്നതാണ് സിനിമയും, ചാനല്‍ലും, പരസ്യവുമൊക്കെ. നാം ഓരോരുത്തവരും രാജാക്കന്‍മാരാണെന്നാണ് അവര്‍ പറയുന്നത്. ഇതെല്ലാം നിരന്തരം ഏല്‍ക്കുന്ന ജനം സ്വന്തം ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിച്ച് ഹാ എത്രമഹത്തരം എന്ന് പൊങ്ങച്ച നെടുവീര്‍പ്പിടുന്നു.
അവരുടെ ശക്തമായ പ്രചരണം കാരണം ഞാന്‍, ഞാന്‍ എന്ന ചിന്തയും സ്വാര്‍ത്ഥയും അടിസ്ഥാന സ്വഭാവമായി മാറി. എന്നാല്‍ മനുഷ്യര്‍ സ്വാഭാവികമായി സ്വാര്‍ത്ഥരല്ല. സ്വാര്‍ത്ഥരായിരുന്നുവെങ്കില്‍ മനുഷ്യവംശം പ്രാചീനകാലത്തും ഇപ്പോഴും നിലനില്‍ക്കുകയേയില്ല.
നിങ്ങള്‍ക്ക് അഹങ്കാരമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒരു പുതിയകാര്യം പഠിക്കാനാവില്ല. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയുണ്ടാവില്ല. നിങ്ങള്‍ നിങ്ങളേക്കുറിച്ച് മാത്രം ചിന്തിക്കുന്നവരാണെങ്കില്‍ മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ നിങ്ങളുടെ വിധി എന്ന് കരുതി സമാധാനിക്കും. നിങ്ങള്‍ പരമ സ്വതന്ത്രരെന്ന് കരുതി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും അനാവശ്യമായ തര്‍ക്കങ്ങളുണ്ടാവും. അങ്ങനെ തര്‍ക്കിക്കാനും അത് പരിഹരിക്കാനും മാത്രമേ ഇപ്പോള്‍ ജനത്തിന് സമയമുണ്ടാകൂ.
എന്നാല്‍ നമ്മള്‍ എന്തിനും കഴിയുന്ന സ്വതന്ത്രരല്ല. അതിനെക്കുറിച്ച് മുമ്പോരിക്കല്‍ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ലേഖനത്തില്‍ എഴുതിയിരുന്നല്ലോ. സ്വാതന്ത്ര്യം എന്നത് അയഞ്ഞ ഒരു ചങ്ങലയാണ്. നാം പ്രകൃതിക്കകത്ത് ജീവിക്കുന്നതിനാല്‍ പ്രകൃതിയുടെ നിയമങ്ങള്‍ക്ക് അടിമപ്പെട്ടേ നമുക്ക് കഴിയാനാവൂ. അതുപോലെ സമൂഹത്തിനകത്ത് ജീവിക്കുമ്പോള്‍ സമൂഹത്തിന്റെ നിയമങ്ങള്‍ അനുസരിച്ചേ ജീവിക്കാനാവൂ.
അങ്ങനെയല്ല എന്ന് വരുത്തിത്തീര്‍ക്കുന്നത് മുതലാളിക്ക് ഗുണകരമാണ്. ആരും പരസ്പരം സഹകരിച്ച് പൊതുവായി എല്ലാവര്‍ക്കും ഗുണകരമായ ഒരു തീരുമാനം എടുക്കാതിരുന്നാല്‍ ഗുണം 1% വരുന്ന സമ്പന്നര്‍ക്കാവുമല്ലോ.
പുറമേയുള്ള ആക്രമണങ്ങളെ സാമ്രാജ്യങ്ങള്‍ക്ക് ചെറുത്ത് തോല്‍പ്പിക്കാനാവും. ശരിക്കും സാമ്രാജ്യങ്ങള്‍ തകരുന്നത് അകത്തുനിന്നാണ്. ഒരു critical mass രൂപീകൃതമായാല്‍ എല്ലാ സാമ്രാജ്യങ്ങളും തകരും. ബര്‍ലിന്‍ മതില്‍ തകരുമെന്ന് അന്ന് രാവിലെ പോലും ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല. ആണവായുധങ്ങളും വലിയ സൈന്യവുമൊക്കെയുണ്ടായിട്ടും സോവ്യേറ്റ് യൂണിയന്‍ ഒരു ദിവസം അപ്രത്യക്ഷമായി. അത് തന്നെയാണ് റോമാ സാമ്രാജ്യത്തിനും മറ്റ് പഴയ സാമ്രാജ്യങ്ങള്‍ക്കും ഒക്കെ സംഭവിച്ചത്. അതുകൊണ്ട് അധികാരികള്‍(മുതലാളിമാര്‍) ഏറ്റവും പേടിക്കുന്നത് സ്വന്തം സമൂഹത്തെ തന്നെയാണ്. സ്വതന്ത്രമായ ഒരു സമൂഹം ഉണ്ടാവരുതെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. അതിന് വേണ്ടി മുതലാളിത്തം ഉപയോഗിക്കുന്ന ശക്തമായ രണ്ട് ആയുധങ്ങളാണ് വ്യക്തിസ്വാതന്ത്ര്യവും വ്യക്തിമാഹാത്മ്യവാദവും. മുതലാളിത്ത രാജ്യങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ച ആശയങ്ങളാണ് അവ രണ്ടും.
എന്താണ് സ്വകാര്യം, എന്താണ് പൊതുവായത്
പൊതു മണ്ഡലത്തില്‍ വ്യക്തിക്ക് എന്തൊക്കെ സ്വാതന്ത്ര്യമുണ്ട്? വീടിന്റെ നാല് ചുമരുകള്‍ക്കകത്ത് നാം ചെയ്യുന്നതെല്ലാം പൊതു മണ്ഡലത്തില്‍ ചെയ്യാനാവില്ല എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സമരക്കാരും അത് പറയുന്നുണ്ട്. ഫാസിസത്തെ എതിര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ കഷ്ടപ്പെട്ട് ചുംബിക്കുന്നത് പോലും!
നാം കേള്‍ക്കുന്ന, കാണുന്ന, വായിക്കുന്ന, അറിയുന്ന ഓരോ ചെറിയ വിവരങ്ങള്‍ പോലും നമ്മുടെ മനസില്‍ അടയാളങ്ങള്‍ (connections)സൃഷ്ടിക്കുന്നതാണ്. അതായത് തലച്ചോര്‍ rewiring ചെയ്യപ്പെടുന്നു. അത് ആവര്‍ത്തിക്കുമ്പോള്‍ അടയാളങ്ങള്‍ കൂടുതല്‍ ശക്തമാകും. അതിനെക്കുറിച്ച് വിശദമായി ഈ ലേഖനങ്ങളില്‍(താങ്കള്‍ക്കെത്ര ബോധമുണ്ട്?, പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?) എഴുതിയിട്ടുണ്ട്. ഫ്രോയിഡിന്റെ കാലത്തെ തട്ടിപ്പ് മനശാസ്ത്രത്തില്‍ നിന്ന് ഇന്ന് മനശാസ്ത്രം വളരേറെ മുന്നിലേക്ക് പോയിട്ടുണ്ട്. cognitive psychology, evolutionary biology, social psychology തുടങ്ങി വിവധ ശാഖകളിലേക്ക് ശാസ്ത്രം വളര്‍ന്നിരിക്കുന്നു. സമൂഹത്തില്‍ എന്തൊക്കെ ആകാം എന്നതിനെക്കുറിച്ച് പറയേണ്ടത് സാമൂഹ്യ മനശാസ്ത്രജ്ഞരാണ്. ഏകപക്ഷീയമായല്ല. അവര്‍ വിവരങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി പ്രസിദ്ധീകരിക്കണം. സമൂഹം അതിന്‍ മേല്‍ ചിര്‍ച്ച നടത്തി, മൊത്തത്തിലുള്ള സുസ്ഥിരതയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ സമൂഹം ജനാധിപത്യപരമായി നിര്‍വ്വചിക്കണം. അതാണ് ശരിയായ വഴി.
ചുംബന ‘സമരം’ ഫാസിസത്തിന്റെ സമരമാണ്
പുരോഗമന ആശയങ്ങള്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള കേരളത്തില്‍ ഇന്‍ഡ്യന്‍ ഫാസിസത്തിന് ഇതുവരെ സ്വാധീനമൊന്നുമുണ്ടാക്കാനായിട്ടില്ല. അതിന് മാറ്റം വരുത്താന്‍ അവര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ചുംബന ‘സമരം’ അതിനുള്ള ഒരു വഴിയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ചുംബന സമരങ്ങള്‍ നടക്കുകയാണല്ലോ. അതിനെതിരെ RSSകാര്‍ ആക്രമണം നടത്തുന്നു. ഫാസിസത്തെ എതിര്‍ക്കാനായി ഇടത്പക്ഷ ബുദ്ധിജീവികളും ചുംബിക്കുന്നു. ഇടത് ബുദ്ധിജീവികളോടൊപ്പം ഇടത് പക്ഷത്തേയും പ്രത്യേകിച്ച് മാര്‍ക്സിനേയും ശക്തമായി എതിര്‍ക്കുന്ന ശിഖണ്ഢി ബുദ്ധിജീവികളും ഈ സമരത്തില്‍ ഇടത്പക്ഷത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ച്ച നമുക്ക് കാണാം.
അവര്‍ വരച്ച ഒരു ചിത്രം മായിച്ചിട്ട് അവിടെ വേറെ ചിത്രം വരക്കുമ്പോള്‍ നാം അത് ചെയ്യുന്നത് അവരുടെ കാന്‍വാസിലാണ് എന്ന് അറിയാതെ പോകുന്നു. അവര്‍ക്ക് വേണ്ടതും അതാണ്. നമ്മളേയും അവരുടെ Yes-No ചോദ്യങ്ങളുപയോഗിച്ച് അവരുടെ Frame ല്‍ എത്തിക്കുക. അതില്‍ അവര്‍ വിജയിച്ചു. പല്ലിന് പകരം പല്ല്, കണ്ണിന് പകരം കണ്ണ് എന്ന സമരം ഫാസിസത്തിന്റേതാണ്. അതേ സമരമുറ നാം സ്വീകരിക്കുമ്പോള്‍ നമ്മേയും അത് ഫാസിസ്റ്റുകളായി മാറ്റും. അത്തരം സമരമുറകള്‍ ആരേയും ചിന്തിപ്പിക്കുകയോ മാറ്റുകയോ ഇല്ല. പകരം തങ്ങളുടെ വിശ്വാസം എന്തായാലും അതിനെ കൂടുതല്‍ മുറുകിപ്പിടിക്കുക എന്നതാവും സാമാന്യ ജനം ചെയ്യുക.
ഫാസിസത്തിനെതിരെ എങ്ങനെ സമരം ചെയ്യണം
ജനത്തെ തമ്മിലടിപ്പിക്കുന്നതിനാല്‍ ഫാസിസത്തില്‍ നിന്ന് സ്വയം രക്ഷനേടാന്‍ ജനത്തിനാവില്ല. അത്രക്ക് വലിയ വിഭജനമാകും അത് നിര്‍മ്മിക്കുക. ഒറ്റ മത രാഷ്ട്രമായിട്ട് കൂടി ഇറാഖിനെ അവര്‍ക്ക് സുന്നി, ഷിയ, കുര്‍ദ് എന്ന് മൂന്നായി തിരിക്കാനായി. യൂഗോസ്ലാവിയയെ അവര്‍ 7 രാജ്യമാക്കി. ഇന്‍ഡ്യയെ 29 രാജ്യമാക്കണോ വേണ്ടയോ എന്നത് ഇന്‍ഡ്യന്‍ കോര്‍പ്പറേറ്റുകളും ആഗോള കോര്‍പ്പറേറ്റുകളുടേയും താല്‍പ്പര്യത്തിനനുസരിച്ച് തീരുമാനിക്കും. ജനങ്ങളുടെ പൂര്‍ണ്ണമായ അടിമത്തവും തമ്മിലടിയും ആയിരിക്കും ഫലം.
ഇന്‍ഡ്യയെ അങ്ങനെ സ്വകാര്യമുതലാളിമാരുടെ സര്‍ക്കാരായി മാറ്റുന്നതിനെതിരെ പുരോഗമന ശക്തികള്‍ പ്രവര്‍ത്തിക്കണം. പക്ഷേ പണ്ടത്തെ പോലെ മന്ദഗതിയില്‍ നീങ്ങുന്ന ഒരു സമൂഹമല്ല ഇന്നുള്ളത്. ടെലിവിഷന്‍, സിനിമ, പരസ്യം, പത്രം, ഇന്റര്‍നെറ്റ് തുടങ്ങി അനേകം പ്രക്ഷേപണ മാധ്യമങ്ങളിടെയുള്ള പ്രചാരവേലകള്‍ നിരന്തരം ഏല്‍ക്കുന്ന സമൂഹമാണ് നമുക്കിന്നുള്ളത്. അവിടെ വളരെ സൂക്ഷിച്ച് വേണം നയങ്ങളും സമരങ്ങളുമൊക്കെ ആസൂത്രണം ചെയ്യാന്‍. അങ്ങനെയല്ലെങ്കില്‍ നാം പ്രതീക്ഷിക്കുന്നതിന് വിപരീതമായ ഫലമാകും ദീര്‍ഘകാലത്തില്‍ നമുക്ക് തിരിച്ച് കിട്ടുക.
പക്ഷേ നമ്മേ മറ്റ് സമൂഹങ്ങളുമായി വ്യത്യസ്ഥമാക്കി നിര്‍ത്തുന്നത് നമ്മുടെ രീതികളാണ്. അത് തലച്ചോറിന്റെ ആഴത്തില്‍ പതിഞ്ഞിട്ടുള്ള ബിംബങ്ങളാണ്. അത് ഓരോ സമൂഹത്തിനും വ്യത്യസ്ഥമാണ്. കാരണം അത് നമ്മുടെ മാത്രം അതുല്യമായ അനുഭവങ്ങളുടെ ആകെത്തുകയാണ്. മറ്റ് രാജ്യക്കാര്‍ക്ക് അവരുടെ അനുഭവങ്ങളും. അത് മാറുകയും ചെയ്യുന്നു. 30 വര്‍ഷം മുമ്പ് വരെ ക്ഷേമരാജ്യം എന്ന ആശയത്തിലടിസ്ഥാമായിരുന്നു ലോകരാഷ്ട്രങ്ങള്‍. പിന്നീട് കൂടുതല്‍ നിഷ്ഠൂര മുതലാളിത്തം എന്ന രീതിയിലേക്ക് മാറി. (ഈ വ്യവസ്ഥ തുടക്കത്തില്‍ വളരെ സ്വതന്ത്രവും വികേന്ദ്രീകൃതവും ഒക്കെയായാലും കാലം ചെല്ലും തോറും കൂടുതല്‍ കേന്ദ്രീകൃതവും കുത്തകസ്വഭാവമുള്ളതുമായി മാറും എന്ന് വളരെ പണ്ടേ ആളുകള്‍ മുന്നറീപ്പ് നല്‍കിയിട്ടുണ്ട്.)
അമേരിക്കയും ഒരു കാലത്ത് ക്ഷേമരാജ്യം ആയിരുന്നു. പിന്നീട് പടിപടിയായ പ്രചാരവേലയുടെ ഫലമായാണ് ഞാന്‍-ഞാന്‍ സംസ്കാരക്കാരുടേതാക്കി മാറ്റിയത്. അമേരിക്കയില്‍ ജോലിസ്ഥിരതയില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ നമ്മുടെ നാട്ടില്‍ തൊഴിലാളികളെ പരിച്ച് വിടുക എന്നത് വലിയ മാനഹാനിയായിട്ടാണ് കോര്‍പ്പറേറ്റുകള്‍ പോലും കരുതുന്നത്. അതിന് കാരണം നമ്മുടെ തലച്ചോറില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള പല ബിംബങ്ങളുമാണ്. അത്തരം ബിംബങ്ങള്‍ തകര്‍ന്നെങ്കില്‍ മാത്രമേ മൂലധനശക്തികള്‍ക്ക് കൂടുതല്‍ ലാഭം കിട്ടു.
അമേരിക്കയില്‍ വലത്പക്ഷം പ്രതിവര്‍ഷം 40 കോടി ഡോളര്‍ വീതമാണ് സമൂഹത്തിലെ ആശയങ്ങള്‍ രൂപീകരിക്കാന്‍ ചിലവാക്കുന്നത്. അതൊന്നും നേരിട്ട് നാം എന്ത് ചെയ്യണം എന്ന് പറയുന്ന വിജ്ഞാപനങ്ങളല്ല. പകരം മനുഷ്യമനസിന്റെ ആഴങ്ങളിലെ ബിംബങ്ങളില്‍ കൃത്രിമത്തം ചെയ്താണ് അവര്‍ അത് ചെയ്യുന്നത്. ഉദാഹരണത്തിന് ഒരാശയം നിങ്ങള്‍ അംഗീകരിക്കുന്നോ എന്നാവും നാം പറയുക. അമേരിക്കക്കാര്‍ അതിന് do you buy this idea എന്നാവും ചോദിക്കുക. ഒരുപക്ഷേ കമ്പോളത്തെ മഹത്തരമാക്കാന്‍ വേണ്ടി ആകാം ആ പ്രയോഗം ഉണ്ടായത്.
നമ്മുടെ യുവജനങ്ങളെ മയക്ക് മരുന്നിന്റെ പിടിയില്‍ നിന്നും രക്ഷിക്കണം എന്ന് പ്രധാന മന്ത്രി പ്രഖ്യാപിക്കുന്നത് കേട്ടു. അത് അമേരിക്ക ലാറ്റിനമേരിക്കയില്‍ ദശാബ്ദങ്ങളായി നടത്തുന്ന War on Drugs ന്റെ വിപുലീകരണമായേക്കാം. CIA യുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് മയക്ക്മരുന്ന കച്ചവടം എന്ന് അരമരഹസ്യമാണ്. മയക്ക്മരുന്നിനേക്കാളേറെ ആളുകള്‍ വാഹനങ്ങളില്‍ നിന്നുള്ള പുക ശ്വസിച്ച് മരിക്കുന്നുണ്ട്. അപ്പോള്‍ അധികാരികള്‍ക്ക് ജനത്തിന്റെ ഭാവിയാണോ മറ്റെന്തെങ്കിലുമാണോ പ്രധാനമായത്?
അമേരിക്കയില്‍ അവര്‍ ചെയ്തത് പോലെ പടിപടിയായാണ് നമ്മുടെ നാട്ടിലും പ്രചാരവേലകള്‍ അവര്‍ ആസൂത്രണം ചെയ്യുന്നത്. കെട്ടിപ്പിടിക്കുന്നതും, ചുംബിക്കുന്നതും, നെഞ്ചത്ത് കൈവെച്ച് ദേശീയഗാനം ആലപിക്കുന്നതുമൊക്കെ അതിന്റെ ഭാഗമായിട്ടാണ്.
8 മണിക്കൂര്‍ തൊഴില്‍ എന്ന നിയമത്തിന് കാരണമായിത് അമേരിക്കയിലെ തൊഴിലാളി യൂണിയനുകളുടെ സമരമാണ്. 20ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലത് പക്ഷത്തിന് എതിരായി സോഷ്യലിസ്റ്റുകള്‍ മത്സരിച്ചിട്ടുപോലുമുണ്ട്. എന്നാല്‍ കഴിഞ്ഞ 40 വര്‍ഷമായി അമേരിക്കയില്‍ യൂണിയനുകളുടേയും സോഷ്യലിസ്റ്റുകളുടേയും കമ്യൂണിസ്റ്റുകളുടേയും അവസ്ഥ എന്താണ്? അതേ വഴിയിലാണ് നമ്മളും പോകുന്നത്. (ക്ഷാമാ സാവന്തിനേയും മറ്റും വിസ്മരിക്കുന്നില്ല. ചരിത്രം ആവര്‍ത്തിക്കും എന്ന് ആരോ പറഞ്ഞിട്ടുണ്ട്!)
ചുംബന സമരം രാഷ്ട്രീയ സമരം തന്നെയാണ്
അതുകൊണ്ട് ചുംബന സമരത്തിത് രാഷ്ട്രീയമുണ്ട്. പക്ഷേ അത് വലത് പക്ഷത്തിന്റെ രാഷ്ട്രീയമാണ്. അത് 1% വരുന്ന സമ്പന്നരുടെ രാഷ്ട്രീയമാണ്. അത് ഫാസിസത്തിന്റെ രാഷ്ട്രീയമാണ്. മൂക്കിന് അപ്പുറം കാണാന്‍ കഴിയാത്ത, ബൌദ്ധിക തിമിരം ബാധിച്ചവര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാത്രം. ഫാസിസത്തിന്റെ ചട്ടുകമായി അവരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതാണ് 1%ക്കാരുടെ വിജയം.
ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നിങ്ങൾ വളരെ വിശദമായിത്തന്നെ എഴുതിയിരിക്കുന്നു. ഇനി വേറൊന്നും എനിക്ക് പരയാനില്ലതന്നെ.എനിക്ക് ഇവിടെ എഴുതിയതിനോട് സമ്പൂർണ്ണ യോജിപ്പ് തന്നെയാണ്. എന്റെ താൾ സന്ദർശിക്കാൻ ഇടയായതിനും തദ്വാരാ താങ്കളെ പരിചയപ്പെടാൻ കഴിഞ്ഞതിലും വളരെ സന്തോഷം.
വളരെ നന്ദി സുഹൃത്തേ.
സദാചാര ഗുണ്ടായിസത്തെ എതിര്‍ക്കാനാണ് പലരും ചുംബന സമരത്തെ അനുകൂലിച്ചിട്ടുള്ളത്, അല്ലാതെ പരസ്യ ചുംബനം ആസ്വാദ്യകരം ആയ ഒരു കാര്യം ആയതു കൊണ്ടല്ല.
അതാണ് ഏറ്റവും വലിയ തെറ്റ്. നമ്മളില്‍ നിന്ന് അവര്‍ക്ക് വേണ്ടതും അതാണ്.