റെയില്‍വേയില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം

റെയില്‍വേയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനും റെയില്‍ബജറ്റ് തന്നെ അവസാനിപ്പിക്കാനും ബിബേക് ദേബ്റോയ് കമ്മിറ്റി ശുപാര്‍ശ. ഇന്ത്യന്‍ റെയില്‍വേയെ ഈരംഗത്തെ പല സേവനദാതാക്കളില്‍ ഒന്നാക്കിമാറ്റാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ട്രെയിന്‍സര്‍വീസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സുരക്ഷാസംവിധാനം എന്നിവ സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കണം. റെയില്‍വേ സ്കൂളുകളും ആശുപത്രികളും പൂട്ടണം. പരമാവധി വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് റെയില്‍വേയുടെ പ്രവര്‍ത്തനലക്ഷ്യമായി നിശ്ചയിക്കേണ്ടത്- ദേബ്റോയ്യുടെ നേതൃത്വത്തിലുള്ള എട്ടംഗസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റെയില്‍ബജറ്റും അഞ്ചു വര്‍ഷത്തിനകം അവസാനിപ്പിക്കണം. സര്‍ക്കാര്‍ വിഹിതമെന്തെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം പൊതുബജറ്റില്‍ പരാമര്‍ശിച്ചാല്‍ മതി. ചരക്കുകടത്തിനും സ്വകാര്യ ട്രെയിനുകള്‍ വേണം.സ്റ്റേഷനുകളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറണം.

അഞ്ചുവര്‍ഷം വീതമുള്ള രണ്ടു ഘട്ടമായാണ് പരിഷ്കാരങ്ങള്‍. റെയില്‍വേ സ്കൂളുകളും ആശുപത്രികളും നടത്തുന്നത് അവസാനിപ്പിക്കണം. ജീവനക്കാരുടെ കുട്ടികള്‍ പഠനത്തിന് കേന്ദ്രീയവിദ്യാലയങ്ങളിലും സ്വകാര്യ സ്കൂളുകളിലും സംവിധാനമുണ്ടാക്കണം. സ്വകാര്യആശുപത്രികളില്‍ ചികിത്സാസൗകര്യമൊരുക്കണം.ദേബ്റോയ് കമ്മിറ്റിയുമായി ചര്‍ച്ചയ്ക്കുപോലും ബോര്‍ഡ് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സ്വകാര്യവല്‍ക്കരണത്തിന്സര്‍ക്കാരില്‍ കോര്‍പറേറ്റ് സമ്മര്‍ദം ശക്തമാണ്. ടെലികോം, വൈദ്യുതി, വിമാനത്താവളം, കല്‍ക്കരിഖനി മേഖലകളില്‍ സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ റെയില്‍വേയെ മാത്രം ഒഴിച്ചുനിര്‍ത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് കോര്‍പറേറ്റുകള്‍ ഉയര്‍ത്തുന്നത്.

— സ്രോതസ്സ് deshabhimani.com

ഒരു അഭിപ്രായം ഇടൂ