സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം

സ്ത്രീകള്‍ക്കെതിരായ ആക്രമണം വര്‍ദ്ധിച്ച് വരുന്ന കാലമാണിത്. ആക്രമണം നടന്നതിന് ശേഷമാണ് നാം ആ വാര്‍ത്ത കേള്‍ക്കുന്നത്. അത് അറിയുമ്പോള്‍ നമ്മുടെ മനസില്‍ ഒറ്റ ചിന്തയേയുണ്ടാവൂ. എത്ര ക്രൂരന്‍മാരാണ് അവര്‍‍. അവര്‍ക്ക് കഠിനായ ശിക്ഷ നല്‍കണം, തല്ലണം, കൊല്ലണം, തുടങ്ങി ധാരാളം പ്രതികരണങ്ങള്‍ നമ്മളിലുണ്ടാവും. പ്രശ്നം കൂടുതല്‍ പൈശാചികമാകുകയോ അതില്‍ ഏതെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സെലിബ്രിറ്റി വ്യക്തികളേ അതില്‍ ബന്ധിപ്പിക്കാനോ സാധിച്ചാല്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കും. വാര്‍ത്താ മുറിയിരുന്ന് മുതലാളിത്ത വിദൂഷികന്‍മാരും വിദൂഷികകളും ഗദ്ഗദ കണ്ഠരായി ഇരയെക്കുറിച്ച് വാവിടുകയും സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ച് വേട്ടക്കാരെ ശിക്ഷിക്കണം എന്നും ആഹ്വാനം ചെയ്യും.

മിക്കപ്പോഴും ആ വാര്‍ത്ത നാം ജീവിക്കന്ന പ്രദേശത്തെതാവില്ല. വിദൂരമായ ഒരു സ്ഥലത്തെ അപരിചിരായ ആളുകള്‍. ദിവസങ്ങള്‍ കഴിയുന്നതോടെ നാം ആ പ്രശ്നത്തെക്കുറിച്ച് മറക്കുകയും അടുത്ത പ്രശ്നത്തില്‍ വ്യാകുലരാകുകയും ചെയ്യുന്നു. ഇതാണ് സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്ന കാര്യം. സത്യത്തില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതാണ് നമ്മുടെ പ്രതികരണം. കുറ്റവാളിയെ ചീത്തപറഞ്ഞ് നമ്മുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷനേടുകയാണ് നാം.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 8 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ വിവാഹിതന്‍ പീഡിപ്പിച്ചു എന്നൊരു വാര്‍ത്ത കേട്ടിരുന്നു. പക്ഷേ പ്രശ്നമതിലല്ല. ആ കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കി. മറ്റ് രക്ഷകര്‍ത്താക്കളുടെ നിര്‍ബന്ധപ്രകാരമാണ് സ്കൂള്‍ അധികൃതര്‍ അങ്ങനെ ചെയ്തത്. ഇത് മാത്രമല്ല, തൊട്ടടുത്ത സ്കൂളുകളില്‍ പോലും ഈ കുട്ടിക്ക് അഡ്മിഷന്‍ കിട്ടിയില്ല. അത് അനീതിയാണ് എന്ന് പറഞ്ഞ് കുറച്ചു പേര്‍ ബഹളം തുടങ്ങി.

ആ പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും അവസ്ഥ കഷ്ടമാണെങ്കിലും മറ്റ് രക്ഷകര്‍ത്താക്കളെ കുറ്റം പറയാനാവില്ല. തങ്ങളുടെ കുട്ടികള്‍ എപ്പോഴും പഠന കാര്യങ്ങളില്‍ ശ്രദ്ധിച്ച് ജീവിത വിജയം നേടണമെന്നേ അവര്‍ക്ക് ആഗ്രഹമുണ്ടാവൂ. അവിടെ ഒരു ശ്രദ്ധാ മാറ്റം, പ്രത്യേകിച്ച് വളരെ അപകടകരമായ ഒന്ന്, ഉണ്ടാവുന്നത് കാണാന്‍ അവര്‍ തയ്യാറാവില്ല. ഇത്തരം അനേകം സംഭവങ്ങളാണ് നാം ദിവസവും കേള്‍ക്കുന്നത്.

എങ്ങനെ സംഭവങ്ങളെ വിശകലനം ചെയ്യണം

ഏത് സംഭവം നടന്നാലും അതില്‍ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്ന് രണ്ട് അഭിപ്രായം മാത്രം സൃഷ്ടിക്കുന്ന സ്ഥിതി ആണിപ്പോള്‍. എന്തിനേയും കറുപ്പ് വെളുപ്പ്, തെറ്റ് ശരി എന്ന് കാണുന്നത് സമൂഹം ഫാസിസ്റ്റായതിന്റെ തെളിവാണത്. നിങ്ങള്‍ രണ്ടിലൊന്ന് ആയേ പറ്റൂ. അന്യരെ കുറ്റക്കാരാക്കി വിമര്‍ശിക്കുക എളുപ്പമുള്ള പരിപാടിയാണ്. അതുവഴി പല ഗുണങ്ങളുമുണ്ട്. ശ്രദ്ധ മറ്റുള്ളവരിലേക്ക് തിരിക്കുന്നത് വഴി നമുക്ക് നമ്മുടെ തെറ്റുകള്‍ മറച്ച് വെക്കാനാകും. ലൈവ് വാര്‍ത്തകളുടെ കാലമായതുകൊണ്ട് കോടിക്കണക്കിനാളുകള്‍ താമസിക്കുന്ന സ്ഥലത്തെ ഈ ദൈനംദിന പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് വഴി അധികാരികള്‍ക്കും ഗുണമുണ്ട്. ആളുകള്‍ ശരിക്കുള്ള പ്രശ്നം കാണാതെ പ്രശ്നങ്ങളുടെ ബഹളത്തില്‍ അഭിപ്രായം പറഞ്ഞ് തമ്മിലടിച്ചോളുമല്ലോ.

സ്ത്രീപീഡനം ഉള്‍പ്പടെ ഏത് കുറ്റകൃത്യമായാലും സംഭവം ആയാലും മൂന്ന് തരം ആളുകളെ അത് നിര്‍വ്വചിക്കുന്നുണ്ട്. 1. ആ സംഭവത്തില്‍ പങ്കാളികളായവര്‍, 2 ആ സംഭവം നടക്കുന്ന സ്ഥലത്തും കാലത്തിലും ഉള്ളവര്‍. 3. അതിനെക്കുറിച്ച് മറ്റാരെങ്കിലും പറഞ്ഞ് അറിയുന്ന വേറെ സ്ഥലത്തിലും കാലത്തിലും ജീവിക്കുന്നവര്‍.

ഈ മൂന്ന് കൂട്ടരും മൂന്ന് രീതിയിലാവണം പ്രതികരിക്കേണ്ടത്.

സംഭവത്തില്‍ പങ്കാളികളാകുന്നവര്‍ തീര്‍ച്ചയായും നീതിയുടെ പക്ഷത്ത് നില്‍ക്കണം എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പക്ഷേ അതിനേക്കാള്‍ അവര്‍ക്ക് ആ സംഭവം നടക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് അതിനെ ഒഴുവാക്കാനാകുമായിരുന്നുവോ എന്ന സ്വയം പരിശോധിക്കുകയും വേണ്ട മാറ്റങ്ങള്‍ ഇനിയുള്ള കാലത്ത് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് രാത്രി സുരക്ഷിതമല്ല. എന്ത് ജനാധിപത്യം പറഞ്ഞാലും ലോകം മൊത്തം അതാണ് സത്യം. നിങ്ങള്‍ക്ക് ചക്കര രാജ്യത്ത് ഒന്നും പറ്റിയില്ലല്ലോ എന്ന് പറയുന്നത് നിങ്ങളുടെ ഭാഗ്യമായി കണക്കാക്കിയാല്‍ മതി. ജനാധിപത്യത്തെ പരീക്ഷിക്കുകയല്ലല്ലോ നമ്മുടെ ജീവിത ലക്ഷ്യം.

രണ്ടാമത്തെ കൂട്ടരാണ് സാക്ഷികളായി ആ സ്ഥല കാലത്ത് നിന്നവര്‍. അവര്‍ക്ക് കഴിയുമെങ്കില്‍ സംഭവത്തെ തടയാന്‍ ശ്രമിക്കാം. തങ്ങളുടെ ശേഷി അനുസരിച്ച് ബല പ്രയോഗത്താലോ അല്ലെങ്കില്‍ ബഹളം വെച്ച് ആളെ കൂട്ടി എല്ലാവരും കൂടി ചേര്‍ന്നോ, പോലീസിനെ അറിയിക്കുകയോ, കോടതിയില്‍ സാക്ഷിയായോ ആകാം ആത്. എന്നാല്‍ മിക്കപ്പോഴും ആളുകള്‍ നിശബ്ദരാകുകയാണ് പതിവ്. ഭയത്താലും തങ്ങളുടെ ഭാവി ഉദ്ദേശിച്ചും ആകാം അത്. എന്ത് തന്നെയായാലും ഈ രണ്ട് കൂട്ടരും അല്ല കുഴപ്പക്കാര്‍.

വിദൂരത്ത് സംഭവം കഴിഞ്ഞ ശേഷം മാധ്യമങ്ങളിലൂടെയും അല്ലാതെയും സംഭവത്തെക്കുറിച്ച് അറിയുന്ന ജനക്കൂട്ടമാണ് മൂന്നാമത്തെ സംഘം. ഇവരാണ് കുഴപ്പക്കാര്‍. അവര്‍ ചെയ്യേണ്ട കാര്യം ചെയ്യുന്നില്ല. അവര്‍ക്ക് ഈ സംഭവുമായി ഒരു ബന്ധവും ഇല്ല. അതുകൊണ്ട് അവര്‍ ഇതില്‍ പക്ഷം പിടിക്കാന്‍ പാടില്ല. അതിന് പകരം അവര്‍ സമൂഹത്തില്‍ ക്രിയാത്മാകമായി വരുത്തേണ്ട മാറ്റത്തെ കുറിച്ച് ആലോചിക്കുകയും അത് നടപ്പാക്കുകയും ആണ് ചെയ്യേണ്ടത്.

മാധ്യമങ്ങളും സമൂഹവും അതിന്റെ ശരിയായ കടമ ചെയ്യുക

അകലെയുള്ള ഒരു പ്രദേശത്തെ സംഭവത്തില്‍ നമുക്ക് ഒന്നും ചെയ്യാനാവില്ല. അവ വാര്‍ത്തയാക്കുമ്പോള്‍ അതിന് പ്രചാരം നടത്തുകയും കൂടുതല്‍ ആളുകളേയും അതിന് പ്രേരിപ്പിക്കുകയുമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് അവ വാര്‍ത്തയാക്കാനേ പാടില്ല. അത്തരം പ്രശ്നങ്ങള്‍ വാര്‍ത്തയേയല്ല. ഇവിടെ കോടതിയും പോലീസും ഒക്കെയുണ്ടല്ലോ. അവര്‍ അവരുടെ പണി ചെയ്യട്ടെ. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ആ പ്രശ്നങ്ങള്‍ പിന്‍തുടരണം. അന്വേഷണത്തില്‍ എന്തെങ്കിലും അപാകതയോ, തെറ്റോ, മറ്റെന്തെങ്കിലും അസാധാര കുഴപ്പങ്ങളോ സംഭവിക്കുകയാണെങ്കില്‍ മാത്രമേ അത് വാര്‍ത്തയാക്കാവൂ. അപ്പോഴും കുറ്റകൃത്യത്തിനോ, ഇരക്കോ, വേട്ടക്കാരനോ അമിത പ്രാധാന്യം നല്‍കരുത്. സംഭവത്തെ വിവരിക്കാനും പാടില്ല.

ഒരു സംഭവവും ആകസ്മികമായി സംഭവിക്കുന്നതല്ല. വളരെ ആഴത്തിലും പരപ്പിലുമുള്ള കാരണങ്ങള്‍ അതിനുണ്ട്. അതിന്റെ ഒരു പങ്ക് ഉത്തരവാദിത്തം നമ്മളിലും നമുക്ക് കണ്ടെത്താനാകും. ആരും കുറ്റവാളികളായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ആളുകളെ കുറ്റവാളികളാക്കുന്നത്. ഇത് സ്ത്രീ പീഡനത്തിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാ പ്രശ്നങ്ങളിലും അത് കാണാനാവും. ഏത് പ്രശ്നത്തിലും നമുക്ക് നേരിട്ടല്ലത്ത അനേകം ചങ്ങലകള്‍ കണ്ടെത്താനാവും.. ദുര്‍ബലമെന്നോ വളരെ അകന്നതെന്നോ തോന്നുന്ന ഇത്തരം ചങ്ങലകളില്‍ കൂടി അനേകം കോടി ആളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ശക്തമായ കാരണമായി മാറും. നമുക്കത് കാണാനാവുന്നില്ലന്നേയുള്ളു.

കേവലം കുറ്റവാളിയെ ആക്രമിക്കുന്നതിന് പകരം എങ്ങനെ സ്ത്രീ സൗഹൃദമായ സമൂഹം നിര്‍മ്മിക്കാം എന്നതാവണം എല്ലാ മനുഷ്യരുടേയും (പ്രത്യേകിച്ച് സ്ത്രീകളുടെ) ചിന്ത. അതിന് ഉതകുന്ന എല്ലാ പ്രവര്‍ത്തിയും സ്ത്രീകളെങ്കിലും ചെയ്താല്‍ സ്ത്രീപീഡനം കുറയും.

ആളുകളെ വേര്‍തിരിപ്പിക്കുകയും തമ്മിലടിപ്പിക്കുയും ചെയ്യുക അധികാരികളുടെ രീതിയാണ്. ഏത് പ്രശ്നത്തേയും സമഗ്രമായി വിശകരനം ചെയ്താല്‍ നമുക്ക് അതില്‍ നമ്മുടെ പങ്കും കണ്ടെത്താനാവും. ഈ സ്ത്രീപീഡന പ്രശ്നത്തിലും അത് കാണാം. സ്ത്രീകളെ ഒരു മാംസപിണ്ഡമായി കാണുന്ന രീതിയാണ് ഒന്നാമത്തേത്. സ്ത്രീകളേയും പുരുഷന്‍മാരേയും അത് ബാധിക്കുന്നുണ്ട്. സ്ത്രീകളുടെ മാസികകളില്‍ നിറയെയുള്ള വളരെ നിറംപിടിപ്പിച്ച് എപ്പോഴും ചിരിക്കുന്ന, വെളുത്ത പല്ലുകളുള്ള ആരോഗ്യമുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ കാണുന്ന കൊച്ച് പെണ്‍കുട്ടികളേ പോലും സ്ത്രീ ഒരു പ്രദര്‍ശന വസ്തുവാണെന്ന് ചിന്താഗതി ചെറുപ്പത്തിലേ രൂപീകരിക്കുന്ന ഒന്നാണ്.

സിനിമയും, മാധ്യമങ്ങളും, പരസ്യങ്ങളും, പത്രങ്ങളും അത് ചെയ്യുന്നു. അതുകൊണ്ട് അതിന് നാം പണം കൊടുക്കുന്നതുകൊണ്ട് അത് വഴി നമുക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ട്. അവര്‍ക്ക് നല്‍കുന്ന പണത്തിന്റെ അളവ് കുറക്കുകയോ ഇല്ലാതാക്കുകയോ ആണ് നാം ചെയ്യേണ്ട പരിഹാരം. അല്ലാതെ ആരെയെങ്കിലും കുറ്റം പറയുകയല്ല. എന്തുകൊണ്ട് സ്ത്രീപീഡനമുണ്ടാകുന്നു എന്നതിനെക്കുറിച്ച് വിശദമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്. (കാണുക-മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും)

ഗാന്ധിജി പറഞ്ഞത് പോലെ, നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന മാറ്റം നിങ്ങളില്‍ തന്നെ കാണുക. പക്ഷേ അത് ഒരു തലത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. ഞാന്‍ സ്ത്രീകളെ ആക്രമിക്കില്ല എന്ന തീരുമാനം നമുക്ക് എടുക്കാനായേക്കും. എന്നാല്‍ അത് അവിടെ തീരുന്നില്ല. കാരണം സമൂഹത്തില്‍ നമ്മള്‍ മാത്രമല്ലല്ലോ ജീവിക്കുന്നത്. നാം പണം കൊടുക്കുന്നതിനാല്‍ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങള്‍ ദുര്‍ബലരായ മറ്റുള്ളവരെ കുറ്റവാളികളാക്കുന്നുവെങ്കില്‍ ആ കുറ്റകൃത്യത്തില്‍ നമുക്കും പങ്കില്ലേ? എപ്പോഴും നാം ചോദിക്കേണ്ട ചോദ്യമാണത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം

ഒരു അഭിപ്രായം ഇടൂ