ഏറ്റവും അധികം ദുരുപയോഗം ചെയ്യുന്നതും, ഏറ്റവും അധികം മനുഷ്യ പീഡനം നടത്തുന്നതിനും സഹായിക്കുന്ന വിജ്ഞാന ശാഖയാണ് ചരിത്രം. ചരിത്രത്തിന്റെ ചരിത്രം മുഴുവന്‍ അത്തരം സംഭവങ്ങളാല്‍ നിറഞ്ഞതാണ്. നാം ചരിത്രം പഠിക്കുന്ന രീതിയുടെ കുഴപ്പത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. മുമ്പ് നടന്ന സംഭവങ്ങളില്‍ തങ്ങള്‍ക്ക് ഉപയോഗപ്രദമായ കാര്യങ്ങള്‍ മാത്രം എടുത്ത് അതിന്റെ ചുറ്റുപാടുകളും എന്തിന് സമയത്തെ പോലും പരിഗണിക്കാതെ ആളുകള്‍ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കുന്നു.
കഴിഞ്ഞ കാലത്ത് തങ്ങളുടെ സമുദായത്തിനോ വംശത്തിനോ മറ്റുള്ളവരില്‍ നിന്നും പീഡനം ഏറ്റവാങ്ങി എന്ന് വിലപിക്കുന്നവര്‍ ഭാവിയില്‍ എല്ലാവര്‍ക്കും വലിയ നാശമുണ്ടാക്കാന്‍ പോകുന്ന ചെകുത്താന്റെ വര്‍ഗ്ഗമാണെന്ന് തിരിച്ചറിയുക. പ്രതികാരം ചെയ്യാനുപയോഗിക്കുന്ന ഒരു ഉപകരണമല്ല ചരിത്രം.
അതുകൊണ്ട് ചരിത്രത്തിന്റെ പഠന രീതി വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ രീതിയില്‍ ചരിത്രം പഠിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുപയോഗിക്കാം.
1. വസ്തുനിഷ്ടമായ ചരിത്ര പഠനം – നിങ്ങള്‍ ഒരു അന്യഗ്രഹ ജീവിയാണെന്ന് കരുതുക. നിങ്ങള്‍ ഭൂമിയില്‍ വരുന്നു. പഠിക്കാന്‍ തെരഞ്ഞെടുത്ത വിഷയത്തെ പഠിക്കുന്നു. ആ സംഭവമായോ അതിലുള്‍പ്പട്ട മനുഷ്യരുമായോ ഒന്നും ഒരു ബന്ധവും നിങ്ങള്‍ക്കില്ല. പൂര്‍ണ്ണമായും വസ്തുനിഷ്ടമാണ് ഈ രീതി.
2. സമ്പൂര്‍ണ്ണ തന്‍മയീഭാവ ചരിത്ര പഠനം – ചരിത്രത്തിലെ എല്ലാം നിങ്ങളാണ്. നിങ്ങള്‍ പഠിക്കാനുദ്ദേശിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരും നിങ്ങളാണെന്ന് കരുതുക. അതായത് നിങ്ങള്‍ തന്നെ രാജാവ്, നിങ്ങള്‍ തന്നെ പ്രജ, നിങ്ങള്‍ തന്നെ ബ്രിട്ടീഷുകാര്‍, നിങ്ങള്‍ തന്നെ സ്വാതന്ത്ര്യസമരക്കാരന്‍. നിങ്ങള്‍ തന്നെ ജന്‍മി നിങ്ങള്‍ തന്നെ കുടിയാന്‍. നിങ്ങള്‍ തന്നെ വിദേശ മുസ്ലീം രാജാവ്, നിങ്ങള്‍ തന്നെ തദ്ദേശീയന്‍. നിങ്ങള്‍ തന്നെ വിദേശ ആര്യന്‍ നിങ്ങള്‍ തന്നെ തദ്ദേശീയനായ ദ്രാവിടന്‍. നിങ്ങള്‍ തന്നെ പുരുഷന്‍ നിങ്ങള്‍ തന്നെ സ്ത്രീ.
രണ്ടാമത്തെ രീതി വിപ്ലവകരമായ ഒന്നാണ്. അങ്ങനെ നിങ്ങള്‍ക്ക് ചിന്തിക്കാനോ ചിന്തിക്കാന്‍ ശ്രമിച്ചാലോ അത് നിങ്ങളുടെ കാഴ്ചപ്പാടിനെ അടിമുടി മാറ്റും.
ഇതില്‍ ഏത് രീതിയാലാണെങ്കിലും ചരിത്രം പഠിക്കുമ്പോള്‍ സൂക്ഷിക്കേണ്ട വേറൊരു കാര്യം കൂടിയുണ്ട്. സമഗ്രമായി പഠിക്കണം. അതായത് പഠിക്കാനുദ്ദേശിച്ച സംഭവത്തെ ഒറ്റപ്പെടുത്തി സമൂഹത്തോടും കാലത്തോടും അതിനുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ച് ടെസ്റ്റ്യൂബിലിട്ട് പഠിക്കരുത്. സമഗ്രമായി പഠിക്കണം. എല്ലാം പരിഗണിക്കണം. രണ്ടാമത്തെ രീതിയില്‍ ഇത് അന്തര്‍ലീനമാണ്.
ഉദാഹരണത്തിന് പമ്പ, പെരിയാര്‍, കാവേരി, ഗംഗ, നൈല്‍ തുടങ്ങി എല്ലാ നദികളിലേയും വെള്ളം ഒരു പാത്രത്തില്‍ നിങ്ങള്‍ക്ക് കിട്ടി എന്ന് കരുതുക. ഇനി നിങ്ങള്‍ പറയുന്നു, “ഞാന്‍ തമിഴനാണ്. അതുകൊണ്ട് കാവേരി ജലം മാത്രം മതി. ബാക്കിയെല്ലാ ജലവും ഇല്ലാതാകട്ടെ”. ബാക്കിയെല്ലാ ജലവും ഇല്ലാതായി കാവേരി ജലത്തിന് ഒരു തൂണുപോലെ പാത്രത്തില്‍ നില്‍ക്കാനാവുമോ ? ഒരിക്കലും ഇല്ല. അത് തകര്‍ന്ന് പാത്രത്തിന്റെ അടിയിലേക്ക് പോകും. പത്തു നില കെട്ടിടത്തില്‍ നിങ്ങളുടെ ഫ്ലാറ്റ് 7 ആമത്തേതാണ്. അവിടെ എത്തിക്കഴിഞ്ഞ് എന്റെ നില മാത്രം നിലനിന്നാല്‍ മതി എന്ന് പറഞ്ഞ് താഴെയുള്ള നിലകളെ ഇല്ലാതാക്കിയാല്‍ 7 ആം നിലക്ക് ആകാശത്തില്‍ നില്‍ക്കാനാകുമോ? അത് ഭൂമിയിലേക്ക് തകര്‍ന്ന് വീഴും.
കാലം വളരെ പ്രധാനപ്പെട്ടതാണ്
കഴിഞ്ഞ സമയവും അതുപോലെയാണ്. ചരിത്ര സംഭവങ്ങളിലെ ശരിതെറ്റുകള്‍ വിശകലനം ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും ഒരിക്കലും വ്യക്തിനിഷ്ടമായ ആരോപണങ്ങള്‍ നടത്തരുത്. ഭൂതകാലത്തില്‍ എല്ലാം ശരിയാണ്. പ്രപഞ്ചത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളുടേയും ഒറ്റക്കെട്ടാണ് അത്. അതില്‍ ഒന്നിനെ മാത്രം മാറ്റി നിര്‍ത്തി പഠിക്കുന്നത് വിവരക്കേടാണ്. അല്ലെങ്കില്‍ നിഗൂഢ ലക്ഷ്യങ്ങളാവാം. ആര് ചരിത്രത്തെക്കുറിച്ച് പറയുമ്പോഴും ഇക്കാര്യം ഓര്‍ക്കണം.
പക്ഷേ ഏത് രീതി ഉപയോഗിച്ചാലും അതില്‍ കാലം വളരെ പ്രധാനപ്പെട്ടതാണ്. അതായത് നിങ്ങള്‍ ജീവിക്കുന്ന കാലത്തെ അറിവിന്റേയും സൌകര്യങ്ങളുടേയും അദൃശ്യമായ സ്വാധീനം തിരിച്ചറിയാതെ മറ്റൊരു കാലത്തെ ജനതയേയും സംഭവങ്ങളേയും വിശകലനം ചെയ്താല്‍ തെറ്റ് സംഭവിക്കും. നമുക്കിന് ആഹാര സുരക്ഷിതത്വമുണ്ട്, യാത്രക്ക് വാഹനങ്ങളും വിമാനങ്ങളും ഉണ്ട്, ഏത് സ്ഥലത്തേയും വസ്ത്രങ്ങള്‍ കിട്ടുന്നു, ഉറപ്പുള്ള ബഹുനില വീടുകളുണ്ട്, ലോകത്താരുമായും തത്സമയം ആശയവിനിമയം ചെയ്യാനാകുന്നു. സാങ്കേതികവിദ്യ തരുന്ന അനേകം സൌകര്യങ്ങളുടെ പുറത്താണ് നാം ഇന്ന് നില്‍ക്കുന്നത്.
അത് നല്‍കുന്ന ധാര്‍മ്മികതയുടേയും ബോധത്തിന്റേയും അടിസ്ഥാനത്തില്‍ മറ്റൊരു കാലത്ത് ജീവിച്ച ആളുകളെ താരതമ്യം ചെയ്യരുത്. നമ്മേ നാം മറക്കണം. നമ്മുടെ ധാര്‍മ്മികതക്കും നീതിക്കും ഒരു പ്രസക്തിയുമില്ല. അവരുടെ അറിവിന്റെ പരിമിതി, അവരുടെ സാങ്കേതികവിദ്യയുടെ പരിമിതി ഒക്കെ ഉള്‍ക്കൊള്ളണം. നാം പഠിക്കുന്ന കാലത്തെ ജനം എന്തുകൊണ്ട് ഒരു കാര്യം ചെയ്തു എന്നത് മനസിലാക്കാന്‍ അതാണ് വഴി. എന്നുകരുതി അവരുടെ നിയമങ്ങള്‍ അവിടെ തന്നെ നില്‍ക്കണം. അത് എടുത്തുകൊണ്ട് വന്ന് നമ്മുടെ കാലത്ത് കുത്തിക്കയറ്റാന്‍ നോക്കരുത്. അത് അനീതിയായേ ഭവിക്കൂ. (നമ്മുടെ കാലത്തിനനുസരിച്ച് ശരിതെറ്റുകള്‍ മനസിലാക്കി, ശരിയായവ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സ്വീകരിക്കുന്നതില്‍ തെറ്റില്ല.)
എന്നാല്‍ ഈ രീതി വര്‍ത്തമാന കാലത്തെക്കുറിച്ചല്ല. സംഭവിച്ചതെല്ലാം ശരി. സംഭവിച്ചതെല്ലാം നല്ലത്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതും ഇനി സംഭവിക്കാനുള്ളതും അങ്ങനെയല്ല. അതില്‍ ശരിയും തെറ്റുമുണ്ട്. നല്ലതും ചീത്തയുമുണ്ട്. വര്‍ത്തമാനകാലത്തില്‍ നിങ്ങള്‍ക്ക് എന്ത് മാറ്റം വേണമെങ്കിലും വരുത്താനാവും. തെറ്റും ശരിയും പരിശോധിക്കാം. അത് ഭാവിയേയും ബാധിക്കുന്നതാണ്. അതുകൊണ്ട് വര്‍ത്തമാനകാലത്തില്‍ ശരിയുടെ പക്ഷം പിടിക്കണം. അതാണ് കാലം നമ്മളോട് ആവശ്യപ്പെടുന്നത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.