മുമ്പ് ഒരു സ്ത്രീപീഡന വാര്‍ത്ത വന്നപ്പോള്‍ മല്യാളീസ് ഒക്കെ മഹാ വൃത്തികെട്ടവന്‍മാരാണ് എന്നൊക്കെ സമ്പന്നരും സെലിബ്രിറ്റികളും പ്രതികരിച്ചു. (കാണുക- വൃത്തികെട്ട മലയാളികള്‍). ആ ബഹളം കഴിഞ്ഞപ്പോള്‍ ആളുകളെല്ലാം മറന്നു. കാലം മുന്നോട്ട് പോയി. ദേ ഇപ്പോള്‍ വീണ്ടും മലയാളികള്‍ക്ക് എതിരെ വീണ്ടും സെലിബ്രിറ്റികള്‍ വക ചീത്തവിളി. കെ.സുരേന്ദ്രന്‍ പ്രസംഗം വിവര്‍ത്തനം ചെയ്തപ്പോള്‍ തെറ്റ് പറ്റി. തെറ്റ് ആര്‍ക്കും സംഭവിക്കാം. പക്ഷേ അത് ഒരു ആഘോഷമാക്കുകയാണ് ഇന്റര്‍നെറ്റ് സമൂഹം. അതിനെ വിമര്‍ശിച്ചുകൊണ്ട് ചില സിനിമ പ്രവര്‍ത്തകരും രംഗത്തുവന്നു. “പരിഹാസം മലയാളിയുടെ വിചിത്രസ്വഭാവം”, “അയല്‍ക്കാരന്റെ വീഴ്ച കാണുന്നതില്‍ അതിയായി സന്തോഷിക്കുന്ന മലയാളി മനോരോഗമാണിത്” എന്നൊക്കെയാണ് അവരുടെ ഭാഷ്യം.
ഒരു കഥ പറഞ്ഞ് കാര്യം വിശദീകരിക്കാം. ഒരിക്കല്‍ ജി. ശങ്കരപ്പിള്ള അടൂര്‍ ഭാസിയെ കാണാനായി ഒരു സിനിമയുടെ ഷൂട്ടിങ് സ്ഥലത്തേക്ക് പോയി. അടൂര്‍ ഭാസി വലിയ നാടകനടനായിരുന്നു. “ചെറിയാന്റെ ക്രൂര കൃത്യങ്ങള്‍” പോലുള്ള സിനികളിലും അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. വേലക്കാരനായ ഭാസി നായകന് ചായയുമായി വരുന്നതാണ് സീന്‍. ചായ കപ്പിലൊഴിച്ച്, നടന്ന്, തട്ടിവീഴുന്നതായി ഭാവിച്ച് ചായ നായകന്റെ കൈയ്യില്‍ കൊടുത്തു. സീന്‍ റീടേക്കിനായി കട്ടുചെയ്തു. ഭാസി ശങ്കരപ്പിള്ളയുടെ അടുത്തെത്തി. ശങ്കരപ്പിള്ളക്ക് ഭാസിയുടെ അഭിനയം ഒട്ടും രസിച്ചില്ല. എന്തിനാണ് ഇത്ര മോശമായി അഭിനയിക്കുന്നതെന്ന് പറഞ്ഞ് ഭാസിയെ ശങ്കരപ്പിള്ള ശകാരിച്ചു. ഭാസി ഒന്നും മറുപടി പറഞ്ഞില്ല. മറ്റ് കാര്യങ്ങള്‍ സംസാരിച്ചു.
ഉടന്‍ തന്നെ റിടേക്ക് തുടങ്ങി. ഇത്തവണ ഭാസി ചായ കപ്പില്‍ പകര്‍ന്ന് കൃത്രിമത്തമില്ലാതെ നായകന്റെ കൈയ്യില്‍ കൊടുത്തു. സംവിധായകന്‍ കട്ട് പറഞ്ഞുകൊണ്ട് കസേരയില്‍ നിന്ന് ചാടി എഴുനേറ്റ് ഭാസിയെ ചീത്ത പറയാന്‍ തുടങ്ങി. ഭാസി മാപ്പ് പറഞ്ഞു. അടുത്ത ടേക്ക് തുടങ്ങി. ഭാസി ചായ കപ്പിലൊഴിച്ചു. കുണുങ്ങി കുണുങ്ങി നടന്നു, തട്ടിവീഴുന്നതായി ഭാവിച്ചു, അപ്പോള്‍ അഴിഞ്ഞുപോകന്ന മുണ്ട് ഒരു കൈകൊണ്ട് തപ്പിപ്പിടിച്ച് ചായ നായകന് കൊടുത്തു. കട്ട്. സംവിധായകന്‍ very good എന്ന് പറഞ്ഞ് ഭാസിയെ അഭിനന്ദിച്ചു. ഭാസി അര്‍ത്ഥം വെച്ച് ശങ്കരപ്പിള്ളയെ ഒന്ന് നോക്കി.
ഇതുപോലെ എല്ലാ സിനിമകളിലും നായകന്റെ ചുറ്റും ഉപഗ്രഹങ്ങളെ പോലെ തിരിയുന്ന കുറച്ച് കഥാ പാത്രങ്ങളുണ്ടാവും. വിവരക്കേട് പറയുന്ന, തല്ലുകൊള്ളുന്ന, കുഴപ്പങ്ങളില്‍ പോയി ചാടുന്ന ഈ കഥാപാത്രങ്ങളെ മിക്കപ്പോഴും അവതരിപ്പിക്കുക ജഗതി, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ പോലുള്ള നടന്‍മാരാവും. ഇവര്‍ എന്ത് ചെയ്താലും കാഴ്ചക്കാരന്‍ എങ്ങനെ പ്രതികരിക്കണമെന്നത് ലംഘിക്കപെടാത്ത നിയമം പോലെയാണ്.
നാം സിനിമ കാണുന്നത് നായകന്റെ കാഴ്ചപ്പാടിലാണ്. നായകന്‍ എങ്ങനെ അയാള്‍ക്ക് ചുറ്റുമുള്ള ആളുകളെ കാണുന്നുവോ അതുപോലെയാണ് നമ്മളും നമുക്ക് ചുറ്റുപാടുമുള്ളവരെ കാണുന്നത്.
നാം കാണുന്നതും കേള്‍ക്കുന്നതും ഓര്‍ക്കുന്നതും ചിന്തിക്കുന്നതുമൊക്കെ നമ്മുടെ സ്വഭാവത്തെ ബാധിക്കുന്നവയാണ്. (കാണുക- താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ) അപ്പോള്‍ ആര്‍ക്കെങ്കിലും ഒരു വീഴ്ചയുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്നത് മാധ്യമങ്ങള്‍ നമ്മേ പഠിപ്പിച്ചിട്ടുണ്ട്. നാം അത് പിന്‍തുടരുക മാത്രമാണ് ചെയ്യുന്നത്. സിനിമ മാത്രമല്ല ടെലിവിഷനില്‍ വരുന്ന കോമഡി പരിപാടികളുടേയും പ്രധാന ഇരകള്‍ ആരുടെയെങ്കിലും വീഴ്ചയേയോ സ്വഭാവത്തെയോ അവഹേളിക്കുന്ന തരത്തിലാണ്.
മനോരോഗത്തെ ആസ്പദമാക്കി ധാരാളം സിനിമയുണ്ടായിട്ടുണ്ട്. അതില്‍ മനോരോഗത്തോട് ദയയോടെയും സ്നേഹത്തോടെയും അവതരിപ്പിക്കപ്പെടുന്നത് മനോരോഗം നായകന്‍മാര്‍ക്ക് വരുമ്പോഴാണ്. സമ്പന്നനും, സുന്ദരനും, ആരോഗ്യവാനും, ഉന്നതനുമായ നടന്‍ ഇത്രകഷ്ടപ്പെട്ട് അഭിനയിച്ച് തകര്‍ക്കുന്നത് നമ്മുടെ കണ്ണ് നിറയിക്കും. എന്നാല്‍ നായകന്‍ എന്നാല്‍ കാണിയായ നിങ്ങള്‍ നിങ്ങളാണ്. അപ്പോള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നതെല്ലാം മഹത്തായ കാര്യങ്ങളാണ്, ധാരാളം ന്യായങ്ങളുമുണ്ടാവും. എന്നാല്‍ ഉപഗ്രഹ കഥാപാത്രങ്ങള്‍ക്ക് മനോരോഗം വന്നാലോ? തലയില്‍ ചെമ്പരത്തി പൂ വെച്ച്, വെള്ളം വെള്ളം എന്ന് പറഞ്ഞുകൊണ്ട് ചാടി ചാടി പോകുന്ന ഒരു കഥാപാത്രത്തെ ഓര്‍ക്കുന്നുണ്ടോ? അദ്ദേഹം ചാടിമ്പോള്‍ നാം എങ്ങനെയാണ് പ്രതികരിക്കുന്നത്? ആ സിനിമ വളരെ വിജയമായിരുന്നു. അതായത് കൂടുതല്‍ ആളുകള്‍ കൂടുതല്‍ പ്രാവശ്യം കണ്ടു എന്നര്‍ത്ഥം.
ലൈവ് വാര്‍ത്താ നാടകങ്ങള്‍ തുടങ്ങിയതിന് ശേഷം നമ്മുടെ വാര്‍ത്താ മാധ്യമങ്ങളുടെ സ്വഭാവവും വ്യത്യസ്ഥമല്ല. അവരും മറ്റുള്ളവരുടെ വീഴ്ച ആഘോഷമാക്കുന്നവരാണ്.
സിനിമ കണ്ട് എല്ലാ ആളുകളും ചീത്തയാകും എന്നല്ല പറഞ്ഞത്. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നത് നിങ്ങളുടെ അറിവ്, കുടുംബപശ്ഛാത്തലം, തൊഴില്‍ പശ്ഛാത്തലം (നാം ജീവിതത്തിന്റെ വലിയൊരു സമയം തൊഴിലിടത്താണ് ചിലവാക്കുന്നത്), സുഹൃദ്‌വലയം ഒക്കെ ആശ്രയിച്ചിരിരിക്കും. എല്ലായിടത്തുനിന്നും കിട്ടുന്ന ആശയചട്ടകളില്‍ ഏറ്റവും ശക്തമായ ഏതാണോ അതായിരിക്കും നിങ്ങളുടെ പ്രതികരണം. വൈവിദ്ധ്യമുള്ള വിവര സ്രോതസ്സുകളുണ്ടെങ്കില്‍ ചിലപ്പോള്‍ താങ്കള്‍ക്ക് മനുഷ്യത്തോടെ പെരുമാറാനായേക്കും.
നാടകത്തിന്റെ തുടര്‍ച്ചയാണ് സിനിമ. അതുകൊണ്ട് നമ്മുടെ സിനിമയില്‍ ഇത്തരം പ്രവണത വന്ന് ചേര്‍ന്നത് ഒരു പക്ഷേ നാടകത്തില്‍ നിന്നാവാം. നാടകത്തിന് അത് അതിലും പുരാതനമായ കലകളില്‍ നിന്നുമാവാം.എന്തുതന്നെയാണെങ്കിലും മനുഷ്യ സമൂഹം എന്നത് പ്രകൃതിദത്തമായ ഒന്നല്ല. അത് മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചതാണ്. അതുകൊണ്ട് അതിലെ നിയമങ്ങളും കൃത്രിമമാണ്. നാം തന്നെ നിര്‍മ്മിച്ചതായതുകൊണ്ട് അവയെ നമുക്ക് തന്നെ മാറ്റാന്‍ കഴിയും. പ്രക്ഷേപണം ചെയ്യപ്പെടുന്ന മാധ്യമങ്ങളാണ് അതിന്റെ അടിസ്ഥാനം. ഇന്ന് അത് പണത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കല പണത്തിന് വേണ്ടി എന്നതിന് പകരം കല ധാര്‍മ്മികതക്ക് വേണ്ടി എന്ന രീതിയില്‍ മാറാനായി നാം നമ്മുടെ കീശയിലെ കാശ് ധാര്‍മ്മികമായി ഉപയോഗിക്കുക. മലയാളികളുടെ സ്വഭാത്തിന് മാറ്റം വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് അതാണ്.
അനുബന്ധം: പാട്ടു പാടാനും ഇനി പണം കൊടുക്കണം
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, after neritam. append wordpress. and then press enter key.