ചരിത്രം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?

പ്രാചീന ഗ്രീക്കുകാരുടെ കാലം മുതല്‍ക്കുള്ള ഒരു ചൊല്ലാണ് ചരിത്രം ആവര്‍ത്തിക്കുന്നു എന്നത്. വെറുതെയല്ല ചരിത്രം ആവര്‍ത്തിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ചില മിനുക്ക് പണികള്‍ ചെയ്ത് പ്രശ്നത്തെ മൂടിവെക്കുന്നതിന്റെ ഫലമായാണ് ചരിത്രം ആവര്‍ത്തിക്കുന്നത്.

ഉദാഹരണത്തിന് നിങ്ങള്‍ക്ക് തലവേദന വന്നു. ആശുപത്രിയില്‍ പോയി മരുന്ന് കഴിച്ചു. തലവേദന മാറി. കുറച്ച് കഴിഞ്ഞപ്പോള്‍ പിന്നേയും തലവേദന വന്നു. വീണ്ടും മരുന്ന് കഴിച്ചു. അപ്പോള്‍ കുറവ് കിട്ടി. ഇങ്ങനെ ഇടക്കിടക്കുണ്ടാവുന്ന തലവേദന നമ്മളില്‍ ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടാവും. അവസാനം വിശദമായ പല പരിശോധനകള്‍ക്ക് ശേഷം പ്രശ്നം കാഴ്ചയുടെ എന്തെങ്കെിലും തകരാറാണെന്ന് കണ്ടെത്തിയിട്ടുണ്ടാവും. കണ്ണാടി വെക്കുന്നതോടെ തലവേദന സ്ഥിരമായി മാറുകയും ചെയ്തിട്ടുണ്ടാവും.

ചില കാര്യങ്ങളിങ്ങനെയാണ്. യഥാര്‍ത്ഥ പ്രശ്നമെന്തെന്ന് നമുക്ക് ഒറ്റനോട്ടത്തില്‍ മനസിലാവില്ല. വിശദമായ പഠനങ്ങള്‍ വേണ്ടിവരും കാര്യങ്ങള്‍ മനസിലാവാന്‍. പ്രശ്നം പുറമെ ലളിതമെന്ന് തോന്നാം എന്നാല്‍ ആഴത്തില്‍ വലിയ സങ്കീര്‍ണതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും. കമ്പ്യൂട്ടര്‍ പ്രോഗ്രാമെഴുതുന്നവര്‍ക്ക് സുപരിചതമാണ് ഈ അവസ്ഥ. സോഫ്റ്റ്‌വെയര്‍ മൊത്തം പൊളിച്ചെഴുതേണ്ട അവസ്ഥയെത്തിക്കുന്ന ബഗ്ഗുകളെ ചിലപ്പോള്‍ നേരിടേണ്ടിവന്നിട്ടുണ്ടാവും അവര്‍ക്ക്.

സമൂഹത്തിന്റെ കാര്യവും അങ്ങനെയാണ്. കൂടാതെ ഇതില്‍ ഒരു വ്യക്തിനിഷ്ട സ്വഭാവം, ദീര്‍ഘമായ കാലം, പരീക്ഷണം നടത്താന്‍ പറ്റാത്ത അവസ്ഥ തുടങ്ങിയ പരിമിതികളും ഉണ്ട്.

ഒരു പ്രശ്നം ശരിക്കും അടിസ്ഥാന പ്രശ്നമാണോ അതോ പുറമേയുള്ള ചില ലക്ഷണങ്ങളാണോ എന്നത് എങ്ങനെ കണ്ടെത്തും? വലിയ പാടാണ് അത് കണ്ടെത്താന്‍. ഒരു പ്രശ്നത്തെ ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാവുന്നു എങ്കില്‍ അത് ഒരു ലക്ഷണമാണ് യഥാര്‍ത്ഥ പ്രശ്നമല്ല എന്ന് പറയാം.

ഉദാഹരണം റോഡിലെ വര്‍ദ്ധിച്ച തിരക്ക്. ഇത് വലിയ വിശകലനം ചെയ്യേണ്ട കാര്യമില്ലാതെ തന്നെ നമുക്ക് മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ്. എന്തുകൊണ്ട് തിരക്ക് കൂടി? റോഡില്‍ സ്ഥലമില്ലാത്തതുകൊണ്ട് തിരക്കു കൂടി. പരിഹാരമായി റോഡ് രണ്ട് വരിയാക്കി. കുറച്ച് കാലം കുഴപ്പമില്ലായിരുന്നു. പിന്നീട് അതും പോരാതായി. നാല് വരിയാക്കി. പിന്നെ 8 വരിയാക്കി.

അതായത് വീണ്ടും വീണ്ടും ഒരേ പ്രശ്നം ആവര്‍ത്തിക്കുന്നു. ഇവിടെ നമ്മള്‍ ആദ്യത്തെ ചോദ്യം ചോദിച്ച് ആദ്യത്തെ ഉത്തരവുമായി ഇരിക്കരുത്. വേറെയും ഉത്തരമുണ്ടോ എന്ന് പരിശോധിക്കണം. അതിനേയും വീണ്ടും ചോദ്യം ചെയ്യണം. വീണ്ടും ഉത്തരങ്ങള്‍ കണ്ടെത്തണം. ഈ പ്രവര്‍ത്തി ആവര്‍ത്തിച്ചുകൊണ്ടിരിക്കണം.

തെറ്റായ ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പാക്കിയോ? പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ നല്ലതാണോ? വീടിനടുത്ത് സ്കൂളും മറ്റ് സൌകര്യങ്ങളുമുണ്ടോ? ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഹോളീവുഡില്‍ പ്രചരിച്ച റോഡ് ട്രിപ്പ് ആശയത്തിലടിസ്ഥാനമായ സിനിമകള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഇറങ്ങുന്നത് വാഹന ഉടമസ്ഥതയേയും തിരക്കിനേയും ബാധിക്കുന്നുണ്ടോ? അങ്ങനെ തുടങ്ങി ഏറ്റവും അടിസ്ഥാനപരമായ, ആളുകള്‍ എന്തിന് യാത്ര ചെയ്യുന്നു എന്ന് വരെ നമുക്ക് ചോദിക്കാം.

ഏറ്റവും വിഷമകരമായ ശ്രമം

മനുഷ്യന്റെ ചരിത്രത്തില്‍ ഇങ്ങനെ അടിസ്ഥാനപരമായി പ്രശ്നങ്ങളെ പരിഹരിച്ച സന്ദര്‍ഭങ്ങള്‍ വിരളമാണ്. റോഡിന്റെ പ്രശ്നം പോലെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളില്‍ ചിലപ്പോഴൊക്കെ അങ്ങനെ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ അത് പോലും ഉപരിപ്ലവമായ വെറും ഗുമസ്ഥപ്പണി മാത്രമായാണ് സംഭവിക്കുന്നത്. റോഡിന്റെ കാര്യത്തില്‍ തന്നെ എന്തിന് യാത്ര എന്ന ചോദ്യം ചോദിച്ച് കൂടുല്‍ ആഴത്തിലേക്ക് ഇറങ്ങാന്‍ ആളുകള്‍ക്ക് ഭയമാണ്.

പല കാരണങ്ങള്‍ അതിനുണ്ട്.
൧. കഷ്ടപ്പാടാണ്.
൨. കൂടുതല്‍ സമയം വേണം.
൩. കഷ്ടപ്പെട്ട് സമയം ചിലവാക്കി അത് കണ്ടെത്തിയാലും അറിഞ്ഞ കാര്യം മറ്റുള്ളവരെ അറിയിക്കാനും ബുദ്ധിമുട്ടാണ്. കാരണം അവര്‍ക്കും ക്ഷമയുണ്ടാവില്ലല്ലോ.
൪. വ്യക്തിനിഷ്ടതക്ക് വിരുദ്ധമാണ് ഈ രീതി.

ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും പിറകെ നാം പോകുമ്പോള്‍ ആ പ്രശ്നം നേരിട്ട് അനുഭവിക്കുന്ന ജനവിഭാഗം അസംതൃപ്തരാകും. നമ്മുടെ പരിഹാരം പ്രശ്നവുമായി യാതൊരു ബന്ധവുമില്ലെന്നും നമ്മെ അവരുടെ ശത്രുക്കളായും കാണും. അതുകൊണ്ട് പ്രശ്നങ്ങളനുഭവിക്കുന്ന സ്വത്വങ്ങള്‍ക്ക് ഉടന്‍ ആശ്വാസമേകാനുള്ള താല്‍ക്കാലിക പരിഹാരം നാം നടപ്പാക്കുന്നു.

ഒരു ഫാക്റ്ററി മലിനീകരണം നടത്തുന്നു. ജനങ്ങള്‍ക്ക് രോഗമുണ്ടാക്കുന്ന ഫാക്റ്ററി അടപ്പിക്കാം എന്നതാണ് ആദ്യത്തെ പരിഹാരം. സ്ത്രീകള്‍ക്കെതിരെ ആക്രമണം നടക്കുന്നു. കടുത്ത ശിക്ഷകൊടുക്കുക എന്നതാണ് ആദ്യത്തെ പരിഹാരം. തൊഴിലാളി വര്‍ഗ്ഗം കടുത്ത ദാരിദ്ര്യം അനുഭവിക്കുകയും അവരെ പ്രത്യേകം ജാതികളായി തിരിച്ച് അവഹേളിക്കുകയും ചെയ്യുന്നു. അവരില്‍ നിന്ന് കുറച്ച് പേരെ തെരഞ്ഞെടുത്ത് ഉന്നതസ്ഥാനത്തെത്തിക്കുകയും അവഹേളന അവസാനിപ്പിക്കുകയും ചെയ്യുകയാണ് ആദ്യത്തെ പരിഹാരം.

പലപ്പോഴും ആദ്യത്തെ പരിഹാരം നടപ്പാക്കുന്നതോടുകൂടി എല്ലാം ആയി എന്ന ഭാവത്തില്‍ പ്രശ്നം നേരിട്ടനുഭവിച്ച ആ സ്വത്വങ്ങള്‍ പ്രശ്നത്തെ അവഗണിക്കും. സമൂഹം ആ പ്രശ്നം തന്നെ മറന്നു പോകും. സാമൂഹ്യശാസ്ത്രത്തില്‍ കാര്യങ്ങള്‍ നടക്കുന്നത് വലിയ കാലയളവിലായതുകൊണ്ട് പരിഹാരം നടപ്പാക്കിയതിന്റെ പ്രശ്നങ്ങള്‍ ചിലപ്പോള്‍ അനുഭവിക്കുക അടുത്ത തലമുറയാവും. അവരും ഒറ്റയുത്തര പരിഹാരം നടപ്പാക്കി തല്‍ക്കാലം രക്ഷപെടും. അങ്ങനെ ചരിത്രം ആവര്‍ത്തിക്കുന്നു.

എന്നാല്‍ ചോദ്യങ്ങളുടെ ശരവര്‍ഷവും അവയുടെ ഉത്തരങ്ങളുടെ കണ്ടെത്തലും തുടര്‍ന്നാല്‍ നമുക്ക് ഏറ്റവും കാതലായ പ്രശ്നത്തിലോ പ്രശ്നങ്ങളിലോ എത്തിച്ചേരാന്‍ കഴിയും അവയാണ് അടിസ്ഥാന പ്രശ്നങ്ങള്‍. അവ സമൂഹത്തിന് സ്വയം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ചരിത്രം ആവര്‍ത്തിക്കുകയില്ല.
____

ചരിത്രം അറിയാത്ത ജനത അത് വീണ്ടും ആവര്‍ത്തിക്കും.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )