92 വര്‍ഷത്തെ കീഴ്വഴക്കത്തിന് വിരാമമിട്ട് റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരിയിലെ അവസാനദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിയും മാറ്റും. ഇനിമുതല്‍ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് കണക്കുകളില്‍ പദ്ധതി, പദ്ധതിയേതര വിഭാഗങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളിക്കില്ല. ഇവ ഒന്നിപ്പിക്കും. 2017–18 ബജറ്റ് മുതല്‍ മാറ്റം നിലവില്‍ വരും. 1920–21ല്‍ ബ്രിട്ടീഷ് സാമ്പത്തികവിദഗ്ധന്‍ വില്യം ആക്വര്‍ത് അധ്യക്ഷനായ സമിതിയാണ് റെയില്‍ബജറ്റിന് ശുപാര്‍ശ ചെയ്തത്. 1924 മുതല്‍ പ്രാബല്യത്തില്‍ വന്ന റെയില്‍ബജറ്റ് സ്വാതന്ത്യ്രാനന്തരവും തുടര്‍ന്നു. നിതി ആയോഗ് അംഗം ബിബേക് ദേബ്റോയ് നേതൃത്വം നല്‍കുന്ന പ്രത്യേകസമിതിയുടേതാണ് റെയില്‍ബജറ്റ് വേണ്ടെന്ന ശുപാര്‍ശ.
റെയില്‍ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കുന്നതിലൂടെ നിരവധി ഗുണങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. മൊത്ത ബജറ്റ് വിഹിതം ലഭിക്കാന്‍ കൈമാറേണ്ട വാര്‍ഷികവിഹിതമെന്ന ബാധ്യതയില്‍നിന്ന് റെയില്‍വേയെ ഒഴിവാക്കാനാകുമെന്നതാണ് മുഖ്യനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത്. പ്രതിവര്‍ഷം, മൊത്ത ബജറ്റ് വിഹിതം ലഭിക്കാന്‍ റെയില്‍വേ നല്‍കേണ്ട വിഹിതം ഏകദേശം 9,700 കോടിരൂപ. 2017–18 മുതല്‍ ഈ ബാധ്യത ഒഴിവാകും. ഏഴാം ശമ്പളകമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിലൂടെ 40,000 കോടിരൂപ അധികബാധ്യത നേരിടുന്ന റെയില്‍വേക്ക് ഇത് ആശ്വാസമാകുമെന്നാണ് അവകാശവാദം. റെയില്‍ ബജറ്റിന്റെ ഭാഗമായ എല്ലാ ശുപാര്‍ശകളും പൊതുബജറ്റിന്റെ ഭാഗമാകുമെന്നും പദ്ധതിവിഹിതം സംബന്ധിച്ച് പ്രത്യേകചര്‍ച്ച നടക്കുമെന്നും ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി പറഞ്ഞു. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ബജറ്റവതരണം നേരത്തെയാക്കുന്നതിലൂടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി, മാര്‍ച്ച് ഒന്നിന് തന്നെ ഫണ്ട് അനുവദിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും മെച്ചപ്പെട്ട ആസൂത്രണത്തോടെ പദ്ധതികള്‍ നടപ്പാക്കാം. ധനവിനിയോഗത്തിന് വോട്ട് ഓണ്‍ അക്കൌണ്ടിലൂടെ അംഗീകാരം നേടിയെടുക്കുന്ന സമ്പ്രദായവും നികുതികള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ബില്ലുകള്‍ പുറപ്പെടുവിക്കുന്ന നടപടിക്രമവും ഇല്ലാതാകും. ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനാക്കുമ്പോള്‍ ബജറ്റ് സമ്മേളനം ജനുവരി 25ന് ചേരേണ്ടി വരും. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ കൂടി പരിഗണിച്ച ശേഷമേ, 2017–18 ബജറ്റ് തിയതി തീരുമാനിക്കുകയുള്ളൂവെന്ന് ധനമന്ത്രി അറിയിച്ചു.
പട്ടികവിഭാഗങ്ങള്‍ക്കും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമുള്ള പദ്ധതി കണക്കുകള്‍ പ്രത്യേകം ഉള്‍ക്കൊള്ളിക്കുന്ന രീതി തുടരും. റെയില്‍ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചത് ചരിത്രപരമായ നീക്കമാണെന്ന് റെയില്‍മന്ത്രി സുരേഷ്പ്രഭു ട്വീറ്റ് ചെയ്തു.
റെയില്‍ ബജറ്റ് ഇല്ലാതാവുന്നതോടെ നിലവില്‍ റെയില്‍വെയ്ക്ക് ലഭിച്ചിരുന്ന മുന്‍ഗണന ഇല്ലാതാവുകയും വികസന പ്രവര്‍ത്തനങ്ങള്‍ മറ്റു വകുപ്പുകളിലെന്ന പോലെ ഇഴഞ്ഞുനീങ്ങും. ഇപ്പോള്‍ ലഭിക്കുന്ന ബജറ്റ് വിഹിതം ഗണ്യമായി കുറയുകയും സ്വകാര്യവല്‍ക്കരണത്തിന് ആക്കുകൂടുകയും ചെയ്യും. റെയില്‍വെക്ക് ലഭിക്കുന്ന വരുമാനം മറ്റ് മേഖലകളിലേക്ക് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാവുമെന്നും ആക്ഷേപമുണ്ട്.
— സ്രോതസ്സ് deshabhimani.com