ഭൂരിഭാഗം ഓഹരികള്‍ നല്‍കി ആയിരം കോടി രൂപ വിദേശ നിക്ഷേപമായി സ്വീകരിക്കുമെന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) മാനേജ്മെന്റ് തീരുമാനം കേരളത്തിന്റെ സ്വന്തമായ ഒരു ബാങ്ക്കൂടി നഷ്ടപ്പെടാന്‍ ഇടയാക്കും.
51 ശതമാനം ഓഹരികള്‍ നല്‍കിയ ബാങ്കുകളെല്ലാം ഇല്ലാതാവുകയോ ന്യൂജന്‍ ബാങ്കുകളില്‍ ലയിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ദീര്‍ഘകാലം നിലനിന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ആദ്യം സെഞ്ചൂറിയന്‍ ബാങ്കും പിന്നീട് ഐസിഐസിഐയും വിഴുങ്ങിയ അനുഭവം തൃശൂരില്‍ ത്തന്നെയുണ്ട്. ബാങ്ക് ഓഫ് മധുര, ബാങ്ക് ഓഫ് രാജസ്ഥാന്‍ തുടങ്ങിയവയും ന്യൂജന്‍ ബാങ്കുകളിലാണ് ലയിച്ചത്.
കനേഡിയന്‍ വ്യവസായിയായ പ്രേംവാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന് 51 ശതമാനം ഓഹരികള്‍ അനുവദിക്കാന്‍ അനുമതി നല്‍കണമെന്നാണ് വിദേശ വ്യവസായി ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആയിരം കോടിയുടെവരെ വിദേശ ഓഹരികള്‍ നല്‍കാന്‍ ബാങ്ക് സന്നദ്ധമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയത്.
ഇന്ത്യന്‍ ബാങ്കുകളുടെ 74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാമെന്നാണ് മോഡി സര്‍ക്കാര്‍ പാസാക്കിയത്. ആ നിലയില്‍ ആര്‍ബിഐയുടെ അനുമതി കിട്ടാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ 51 ശതമാനം വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുന്നതുവഴി ബാങ്ക് നേടുമെന്ന് കണക്കാക്കുന്ന കാര്യങ്ങള്‍ എത്രമാത്രം നടപ്പാവുമെന്നതില്‍ വലിയ ആശങ്കയാണ് ഈ മേഖലയിലുള്ളവര്‍ പ്രകടിപ്പിക്കുന്നത്.
ഭൂരിഭാഗം വിദേശ ഓഹരിയായാലും ബാങ്കിന്റെ ആസ്ഥാനം തൃശൂരില്‍നിന്ന് മാറില്ല, വോട്ടവകാശം 15 ശതമാനമായി നിജപ്പെടുത്തും, നിലവിലെ 25,000 കോടിയുടെ ബിസിനസ് മൂന്നു വര്‍ഷത്തിനകം 50,000 കോടിയാക്കും തുടങ്ങിയവയാണ് സ്ഥാനം ഒഴിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എസ് സന്താനകൃഷ്ണന്‍ അവകാശപ്പെട്ടത്. എന്നാല്‍ ആധുനികകാലത്ത് സ്ഥാപനത്തിന്റെ ഹെഡ്ഓഫീസ് എവിടെയെന്നതിന് പ്രസക്തിയില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വന്തമായി ബാങ്ക് തുടങ്ങി ജനവിശ്വാസമാര്‍ജിക്കുക പ്രയാസമായതിനാല്‍ ആയിരം കോടി രൂപ മുടക്കി മികവുറ്റ ബാങ്കിങ് സംവിധാനത്തെ അപഹരിച്ചെടുക്കുക എന്ന തന്ത്രമാണ് കനേഡിയന്‍ കമ്പനി ലക്ഷ്യമിടുന്നതെന്ന് ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍ ‘ദേശാഭിമാനി’യോട് പറഞ്ഞു. വിദേശ കോര്‍പറേറ്റുകള്‍ക്ക് നിര്‍ണായക സ്വാധീനമായാല്‍ മനേജ്മെന്റ് പുലര്‍ത്തുന്ന പല പ്രതീക്ഷകളും പൊളിയും. വോട്ടവകാശം ഒരാള്‍ക്ക് 20 ശതമാനം വരെ എന്നാണ് ആര്‍ബിഐ അംഗീകരിച്ചിട്ടുള്ളത്. മുടക്കുന്ന തുക സൌകര്യാര്‍ഥം വിഭജിച്ച് ഒന്നിലധികം പേരിലാക്കിയാല്‍ വോട്ടവകാശത്തിലും വ്യത്യാസം വരുത്താം. വിദേശീയരുടെ ബാങ്ക് എന്ന വിലാസമുണ്ടായാല്‍ ജനവിശ്വാസം ഇടിയാനും ഇടയാക്കും.
— source deshabhimani.com By വി എം രാധാകൃഷ്ണന്‍