വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?

വില്‍പ്പനക്ക് വെച്ചിട്ടുള്ള എല്ലാ സാധനങ്ങള്‍ക്കും കൃത്യമായ ഒരു വിലയുണ്ട്. ആ തുക നമ്മള്‍ കൊടുത്താല്‍ അത് നമുക്ക് വാങ്ങാം. ചില വസ്തുക്കള്‍ ലേലം വിളിച്ചാവും വില തീരുമാനിക്കുന്നത്. അവിടെയും നമ്മുടെ മുമ്പില്‍ വെച്ചാണ് ലേലം നടക്കുന്നത്. അവസാനം വില്‍ക്കുന്നവന് ലാഭമാകുന്ന അവസ്ഥയില്‍ ലേലം ഉറപ്പിക്കുകയും ആ വിലയില്‍ ഉപഭോക്താവ് അത് വാങ്ങുകയും ചെയ്യുന്നു. അതിന് ശേഷം വിലക്ക് ഒരു മാറ്റവും സംഭവിക്കില്ല. ഇതാണ് കമ്പോളത്തിന്റെ അടിസ്ഥാന തത്വം.

എന്നാല്‍ വില്‍പ്പന നടന്ന ഒരു വസ്തുവിന്റെ വിലയില്‍ ഒരു ചെറിയ വര്‍ദ്ധനവ് മുതലാളിക്കുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഏങ്ങനെയിരിക്കും? മുതലാളിക്ക് കൊള്ള ലാഭമാകും. പണം ഡിജിറ്റലായതിന്റെ ഒരു പാര്‍ശ്വഫലമാണിത്.

പക്ഷേ എല്ലാ മുതലാളിക്കും അത് സാദ്ധ്യമല്ല. പുരോഗതി കാരണം ചില മുതലാളിക്ക് ആ കഴിവ് കിട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം 86% കറന്‍സികളും പിന്‍വലിച്ച് ജനത്തെ നിര്‍ബന്ധിപ്പിച്ച് ഡിജിറ്റല്‍ പണം അടിച്ചേല്‍പ്പിച്ചത് ഇത്തരം മുതലാളിമാര്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമാണുണ്ടാക്കിയത്.

മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്ത നോക്കൂ.

“500 രൂപവരെയുള്ള ഒരു ഇടപാടിന് 10 രൂപവരെയാണ് സര്‍വീസ്ചാര്‍ജ്. 500 രൂപയ്ക്ക് പെട്രോളോ ഡീസലോ അടിച്ചാല്‍ 10 രൂപയും രണ്ടരശതമാനം നികുതിയും ഈടാക്കും. സ്മാര്‍ട്ട്കാര്‍ഡ്‌ സ്വൈപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്ലിപ്പില്‍ ഈ അധികതുക രേഖപ്പെടുത്താതെയാണ് പണം ഈടാക്കുന്നത്. അതിനാല്‍ അധികമാരും ഇത് ശ്രദ്ധിക്കില്ല.”

നാം വീട്ടില്‍ തന്നെ ഇരുന്ന് നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടാണെങ്കില്‍ വേണമെങ്കില്‍ യാത്രയുടെ ചിലവും സമയവും ലാഭമായി എന്ന് കരുതാം. എന്നാല്‍ കൂടുതല്‍ ഇടപാടും നാം കടയില്‍ പോയി നടത്തുന്നതും യാത്രയുടെ ഇടയില്‍ നടത്തുന്നതുമാണല്ലോ. അങ്ങനെയാകുമ്പോള്‍ ആ ഇളവ് ഇല്ലാതാകുന്നു.

ക്രഡിറ്റ് കാര്‍ഡ് ആണ് വേറൊരു രംഗം. സാധനം വാങ്ങിയിട്ട് ഒന്നര മാസം കഴിഞ്ഞ് പണം കൊടുത്താമതി എന്നതാണ് അതിന്റെ ഒരു സൌകര്യം. ചെറിയ ഗഡുക്കളായിയും പണം അടക്കാം. അപ്പോള്‍ പലിശ കൊടുക്കണമെന്ന് മാത്രം. കഴുത്തറക്കുന്ന പലിശാണ് അവര്‍ ഈടാക്കുന്നത്. അതും സ്ഥിരമല്ല. ഒരു ദിവസം വൈകിയാല്‍ പലിശ നിരക്കും വര്‍ദ്ധിക്കും ഒപ്പം പിഴയും സര്‍വ്വീസ് ചാര്‍ജ്ജും ഒക്കെ കൊടുക്കണം. 2005 ലെ ഒരു കണക്ക് പ്രകാരം ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഇന്‍ഡ്യയില്‍ നിന്ന് പിഴയും നികുതിയും ഒക്കെയായി 3500 കോടി ഡോളര്‍ 2005 ല്‍ കൊണ്ടുപോയി. (ഞാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ പരിപാടി അന്ന് നിര്‍ത്തിയതാണ്.) സത്യത്തില്‍ ക്രഡിറ്റ് കാര്‍ഡ് കമ്പനിയുടെ വരുമാനം എന്നത് നാം അടക്കുന്ന പിഴയാണ്. (കാണുക സിനിമ: ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം).

ക്രഡിറ്റ് കാര്‍ഡുകള്‍ സമ്പത്തിന്റെ പ്രതീകമായാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നതെങ്കിലും സത്യത്തില്‍ അങ്ങനെയല്ല. ദാരിദ്ര്യത്തെ ആണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഒരു കാര്‍ഡിന്റെ പരിധി കഴിയുമ്പോള്‍ കടം രണ്ടാമത്തെ കാര്‍ഡിലേക്ക് മാറ്റും. നാം സാധാരണ ഒരു വട്ടിപ്പലിശക്കാരനില്‍ നിന്ന് മറ്റൊരാളിലേക്ക് മാറുന്നത് പോലെ. എന്നാല്‍ അവിട പലിശ സ്ഥിരമായതാണ്. കാര്‍ഡിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഏതെങ്കിലും കാര്‍ഡില്‍ നാം പണം അടക്കാന്‍ വൈകിയാല്‍ നമ്മുടെ എല്ലാ കാര്‍ഡിലേയും പലിശയുടേയും പിഴയുടേയും ശതമാനം നാം അറിയാതെ തന്നെ വര്‍ദ്ധിക്കും. (അതിനൊക്കെയുള്ള അധികാരം നാം തന്നെ കമ്പനിക്ക് തുടക്കത്തിലൊപ്പിട്ട് കൊടുത്തിട്ടുണ്ട്).

അങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ 100 രൂപക്ക് നാം വാങ്ങിയ ഒരു സാധനത്തിന് ചിലപ്പോള്‍ 200 ഓ 300 ഓ ഒക്കെ കൊടുക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

കച്ചവടക്കാര്‍ ഭരിക്കുന്ന രാജ്യം

സംഭവങ്ങളുടെ ക്രമമാണ് ഇതില്‍ രസകരമായിട്ടുള്ളത്. ആദ്യം നോട്ട് നിരോധിച്ച് ഡിജിറ്റല്‍ പണത്തിന് കമ്പോളമുണ്ടാക്കി.

നോട്ട് നിരോധിച്ച് ഡിജിറ്റലായപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. പക്ഷേ സര്‍വീസ്ചാര്‍ജ്ജും മറ്റും കൊടുത്തു തുടങ്ങിയത് തിരിച്ചറിഞ്ഞപ്പോള്‍ ആളുകളില്‍ എതിര്‍പ്പിന്റെ സ്വരം വന്നു. പണം ഒരു അകൌണ്ടില്‍ നിന്ന് മറ്റൊരു അകൌണ്ടിലേക്ക് മാറ്റാന്‍ കുറഞ്ഞത് 3 രൂപയെങ്കിലും വേണം. പണ്ട് കറന്‍സി വഴി ഒരു അധിക ചിലവുമില്ലാതെ ചെയ്തിരുന്നടത്താണ് ഇപ്പോള്‍ ജനത്തിന് ഈ അധിക തുക കൊടുക്കേണ്ടിവരുന്നത്.

സര്‍ക്കാരിന് ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറണമെന്നുണ്ടെങ്കില്‍ സാവധാനം ആളുകളെ ബോധവല്‍ക്കരിച്ച് പേപ്പര്‍ കറന്‍സികളേക്കാല്‍ മെച്ചപ്പെട്ട സേവനം നല്‍കി അതിലേക്ക് മാറാം. സത്യത്തില്‍ സര്‍ക്കാര്‍ ഈ പണിയൊക്കെ ചെയ്യുന്നത് നാട് നന്നാക്കാനല്ല. bjp യെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന കമ്പനികള്‍ക്ക് നമ്മുടെ എല്ലാ ഇടപാടുകളില്‍ നിന്നും കമ്മീഷന്‍ വേണം. അത്രയേയുള്ളു. അങ്ങനെ വരുമ്പോള്‍ പതിയെയുള്ള മാറ്റം ശരിയാവില്ല. അതിനാണ് ഈ അടിയന്തിരാവസ്ഥ സൃഷ്ടിച്ചത്.

ഇതൊരു പാഠ്യപദ്ധതിയാണ്. bjp യുടെ നേതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, നാം പണ ഇടപാട് നടത്തുമ്പോള്‍ അത് സൌജന്യമല്ലെന്നും, അതിന് സര്‍വ്വീസ് ചാര്‍ജ്ജുണ്ടെന്നും ജനത്തിന്റെ ചന്തിക്കടിച്ച് പഠിപ്പിക്കുന്നു. ജനം കരയുന്നു. അപ്പോള്‍ രാജാവ് പ്രത്യക്ഷപ്പെട്ട് “പ്രജകളുടെ കഷ്ടപ്പാട് മനസിലാക്ക് നോം തല്‍ക്കാലത്തേക്ക് സര്‍വ്വീസ് ചാര്‍ജ്ജില്‍ നിന്ന് ഇളവ് നല്‍കുന്നു. പോരാത്തതിന് നിങ്ങള്‍ സമ്മാനവും തരും” എന്ന് അരുളിചെയ്യുന്നു. ജനം ജയ് വിളിച്ചു. കടക്കാര്‍ക്കും ബാങ്കുകാര്‍ക്കും വിജ്ഞാപനം എത്താത്തതിനാല്‍ അവര്‍ പഴയതുപോലെ വല്യമുതലാളിക്ക് വേണ്ടി പിഴിയല്‍ നടത്തുന്നു. വിഢികളായ ജനം അവരെ ചീത്തപറയുമ്പോഴും രാജാവിന് ജയ് വിളിക്കുന്നു.

സര്‍വ്വീസ് ചാര്‍ജ്ജില്‍ നിന്ന് ഇളവ് നല്‍കുന്നു എന്നതിന്റെ അര്‍ത്ഥം എന്താണ്? തീര്‍ച്ചയായും ഭാവിയില്‍ അവര്‍ക്ക് പണമിടപാടിന്റെ കുത്തക കിട്ടുമ്പോള്‍ ഈ ഇളവെല്ലാം എടുത്തുകളയുകയും ഇത്രയും നാളത്തെ നഷ്ടം കൂടി ചേര്‍ച്ച് വന്‍തുക ഈടാക്കും എന്നതാണ് അത്. ഈ തലമുറയെ സംബന്ധിച്ചടത്തോളം പേപ്പര്‍ കറന്‍സികള്‍ കൈകാര്യം ചെയ്ത ഓര്‍മ്മയുള്ളതിനാല്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കും. പക്ഷേ കാലം ചെല്ലുമ്പോള്‍ പുതിയ തലമുറ അത് കാണാത്തതിനാല്‍ അവരെ സംബന്ധിച്ചടത്തോളം അവരുടെ സാധാരണത സര്‍വ്വീസ് ചാര്‍ജ്ജുള്ള ഡിജിറ്റല്‍ പണമാകും. അവര്‍ സര്‍വ്വീസ് ചാര്‍ജ്ജും കൊടുത്ത് മുതലാളിയുടെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് വാചാലരാവും.

അതുകൊണ്ട് അധികാരികളുടെ ഇത്തരം തട്ടിപ്പില്‍ നാം സ്വയം പോയി വീഴരുത്.

സര്‍ക്കാര്‍ രാജ്യസ്നേഹം തെളിയിക്കുക

ദേശസ്നേഹം വഴിഞ്ഞൊഴുകുന്നു എന്ന് പറയയുന്ന bjp, rss സര്‍ക്കാര്‍ ജനത്തിന്റെ രാജ്യസ്നേഹം എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയല്ലേ. പക്ഷേ bjp, rss ന് എത്രമാത്രം ദേശസ്നേഹമുണ്ടെന്ന് ജനത്തിന് അറിയല്ല. എന്നാല്‍ ഇപ്പോള്‍ അത് തെളിയിക്കാനുള്ള അവസരം വന്നിരിക്കുകയാണ്.

ഡിജിറ്റല്‍ കറന്‍സിയേയും പെയ്മെന്റ് സംവിധാനങ്ങളേയും ദേശസാല്‍ക്കരിക്കുക, അവ സൌജന്യമാക്കുക.

നട്ടെല്ലുണ്ടോ? ചങ്കൂറ്റമുണ്ടോ? ജനത്തോട് സ്നേഹമുണ്ടോ? രാജ്യസ്നേഹമുണ്ടോ? തെളിയിക്കുക.

നോട്ട് നിരോധനങ്ങളെക്കുറിച്ചുള്ള മറ്റു ലേഖനങ്ങള്‍ കാണുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ