സമ്പന്നര്‍ക്കായുള്ള സോഷ്യലിസം (ഇപ്പോഴത്തെ പണ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍)

സ്വകാര്യ പണ നിര്‍മ്മാണം: തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക്

ഇപ്പോഴത്തെ പണ സംവിധാനത്തെ മാറ്റാന്‍ ധാരാളം കാരണങ്ങളുണ്ട്. തുടക്കമായി ഇപ്പോഴത്തെ സംവിധാനത്തിന്റെ വക്താക്കള്‍ നമ്മേ വിശ്വസിപ്പിക്കുന്നതിനേക്കാളും മോശമായ രീതിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ തെളിവ്: 2008 ലെ സാമ്പത്തിക തകര്‍ച്ച. ആ പ്രതിസന്ധി ഒരു അപവാദമല്ല: 1980കള്‍ക്ക് ശേഷം ഡസന്‍ കണക്കിന് വലുതും ചെറുതുമായ സാമ്പത്തിക പ്രതിസന്ധികളുണ്ടായിട്ടുണ്ട്.[1] ധാരാളം സാമ്പത്തിക ശാസ്ത്രജ്ഞരും മറ്റ് കമ്പോള വിദഗ്ദ്ധരും നമ്മേ വിശ്വസിപ്പിച്ചിരുന്നതിനേക്കാള്‍ മോശമായാണ് കമ്പോളം പ്രവര്‍ത്തിച്ചത്.

സാമ്പത്തിക സിദ്ധാന്തം: സാമ്പത്തിക കമ്പോളത്തിന് പ്രവര്‍ത്തിക്കാനാകുന്നില്ല

സാമ്പത്തിക കമ്പോളത്തിന് നന്നായി പ്രവര്‍ത്തിക്കാനാകില്ല എന്ന് സാമ്പത്തിക സിദ്ധാന്തം വ്യങ്ഗ്യമായി പഠിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സിദ്ധാന്തമനുസരിച്ച് 18ആം നൂറ്റാണ്ടിലെ വിദഗ്ദ്ധനായ ആദം സ്മിത്ത് മുന്നോട്ട് വെച്ച “കമ്പോളത്തിന്റെ അദൃശ്യ കരം” പ്രകാരം, മൂന്ന് സ്ഥിതിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സമൂഹത്തിന് മൊത്തത്തില്‍ ഗുണകരമാണ് എന്ന് ഉറപ്പാക്കുന്നു. ഒന്ന്, സാമ്പത്തിക പ്രവര്‍ത്തകര്‍, അതായത് ആളുകള്‍, എല്ലായിപ്പോഴും സാമ്പത്തികമായി യുക്തിഭദ്രമായ തീരുമാനങ്ങളാണ് എടുക്കുന്നത്. രണ്ട്, ആളുകള്‍ പൂര്‍ണ്ണമായും അറിവുള്ളവരാണ്: അവര്‍ക്ക് ഒരു തീരുമാനമെടുക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളുമുണ്ടാകണം. മൂന്ന്, തികഞ്ഞ മല്‍സരം ഉണ്ടാകണം – അതായത് ഉത്പാദകരുടേയും ഉപഭോക്താക്കളുടേയും അനന്ത എണ്ണം.

യഥാര്‍ത്ഥ ലോകത്തില്‍, പ്രത്യേകിച്ച് സാമ്പത്തിക കമ്പോളത്തില്‍, ഈ ഒരു സ്ഥിതികളും കാണില്ല. ജനം സാമ്പത്തികമായി യുക്തിപരമായാല്ല പ്രവര്‍ത്തിക്കുന്നത്: സാമൂഹ്യവും, മനശാസ്ത്രപരവും, ജീവശാസ്ത്രപരവും, സാംസ്കാരികവുമായ ഘടകങ്ങളും സ്വഭാവത്തെ സ്വാധീനിക്കുന്നു. അതോടൊപ്പം, ബാങ്കിങ് മേഖല പ്രത്യേകിച്ചും മല്‍സരാത്മകമല്ല: മിക്ക രാജ്യങ്ങളിലും വളരെ കുറച്ച് കളിക്കാരേ ഈ രംഗത്തുള്ളു. കമ്പോളത്തിന്റെ വലിയ പങ്കും വലിയ ബാങ്കുകളാണ് കൈയ്യടക്കിയിരിക്കുന്നത്. മല്‍സരം ഇല്ലാതാക്കാനുള്ള തന്ത്രപരമായ യോജിപ്പുണ്ടെന്ന് കാണപ്പെടുന്നുവെങ്കിലും അത് തെളിയിക്കുന്നത് വിഷമമാണ്. ഉദാഹരണത്തിന് സേവിങ്സിന്റേയോ വായ്പയുടേയോ പലിശയുടെ കാര്യത്തില്‍ ശക്തമായ മല്‍സരം നമുക്ക് കാണാനാവില്ല.

കമ്പോളത്തെ “അതിന്റെ ജോലി ചെയ്യുന്നതില്‍” നിന്ന് തടയുന്ന പ്രധാന ഘടകം ഏറ്റവും ചെറിയ ഉപഭോക്താക്കള്‍ മുതല്‍ സര്‍ക്കാര്‍ വരെയുള്ള മിക്ക പ്രവര്‍ത്തകര്‍ക്കും വേണ്ടത്ര വിവരങ്ങള്‍ കിട്ടുന്നില്ല എന്നതാണ്. പണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മിക്ക ആളുകള്‍ക്കും അറിയില്ല. അതുപോലെ എല്ലാ ധന ഉല്‍പ്പന്നങ്ങളേക്കുറിച്ചും അറിയില്ല. മിക്കവര്‍ക്കും അവരുടെ സ്വന്തം സാമ്പത്തിക അവസ്ഥ എന്തെന്ന് മനസിലാക്കുന്നതില്‍ വിഷമിക്കുന്നു. ഉദാഹരണത്തിന്, നെതര്‍ലാന്റ്സിലെ നാലില്‍ മൂന്ന് പേര്‍ക്കും ധനകാര്യ ഉല്‍പ്പന്നങ്ങളുടെ ഗുണവും ദോഷവും എന്തെന്ന് അറിയില്ലായിരുന്നു എന്ന് ഒരു പഠനം കണ്ടെത്തി. 13 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയാണ് അത്. [2]

ചുരുക്കത്തില്‍, സാമ്പത്തിക ശാസ്ത്രം തന്നെ സ്ഥാപിച്ച, കമ്പോളത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വേണ്ട അടിസ്ഥാന സ്ഥിതികള്‍ പോലും പാലിക്കപ്പെടുന്നില്ല (അതുപോലെ മറ്റ് ധാരാളം സ്ഥിതികളും). എന്നിരുന്നാലും ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കുകള്‍ എന്ന രൂപത്തിലെ കമ്പോളം ആണ് പണത്തെ നിര്‍മ്മിക്കുന്നതിലും പങ്കുവെക്കുന്നതിലും ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന വിശ്വാസം പ്രബലമാണ്.

സ്വകാര്യ ബാങ്കുകള്‍: പണ നിര്‍മ്മാണത്തില്‍ ഒരു ബ്രേക്ക് ?

നമ്മുടെ പണ ലഭ്യത നിയന്ത്രിക്കുന്നതിന് വേണ്ടി കമ്പോളത്തെ വിശ്വസിക്കുന്നത് പ്രധാനമായും അടിസ്ഥാനമായിരിക്കുന്നത്, എത്രമാത്രം പണം നിര്‍മ്മിക്കണം എന്നതിന്റെ പരിധി കമ്പോളം തന്നെ നിശ്ഛയിച്ചോളും എന്ന ആശയത്തിലാണ്. സര്‍ക്കാരിന് ആ പണ ലഭ്യതയില്‍ പരിധികളില്ലാതെ പണം കൂട്ടിച്ചേര്‍ക്കാം. എന്നാല്‍ സ്വകാര്യബാങ്കുകള്‍ക്ക് അത് ചെയ്യാനാവില്ല. കാരണം അവര്‍ക്ക് അനന്തമായി വായ്പ(credit) നല്‍കാനാവില്ല: കടം കൊടുക്കാനാവും, അങ്ങനെ കടം തിരിച്ചടക്കപ്പെടും എന്ന ഉറപ്പുണ്ടെങ്കില്‍ മാത്രമേ പണം നിര്‍മ്മിക്കാനാകൂ.

ബാങ്കിന് കടം കൊടുക്കാവുന്ന തുകക്ക് പരിധിയുള്ളതിനാല്‍ അവര്‍ക്ക് പണ ലഭ്യതയില്‍ പൊട്ടിത്തെറിയുണ്ടാക്കാനാവില്ല എന്ന് ഊഹിക്കപ്പെടുന്നു. അത് ഭാഗികമായേ ശരിയാകുന്നുള്ളു. 1990കള്‍ക്ക് ശേഷം കൂടുതലും സാമ്പത്തിക കമ്പോളത്തിലേക്ക് ബാങ്കുകള്‍ വന്‍തോതില്‍ അയഥാര്‍ത്ഥ(virtual) പണം നിര്‍മ്മിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദവും ഉപഭോഗവും നടക്കുന്ന “യഥാര്‍ത്ഥ” സമ്പദ്‌വ്യവസ്ഥയുടമായി വളരെ കുറവ് ബന്ധമുള്ളതാണ് ഇത്തരത്തിലുള്ള പണം. അങ്ങനെ നിര്‍മ്മിക്കപ്പെടുന്ന പണത്തിന്റെ സിംഹഭാഗവും സങ്കീര്‍ണമായ സാമ്പത്തിക ഉല്‍പ്പന്നങ്ങളിലാണ് എത്തിപ്പെടുന്നത്. അമേരിക്കയിലെ കോടീശ്വരനും “മഹാ നിക്ഷേപകനും” ആയ വാറന്‍ ബഫറ്റ് അവയെ പ്രസിദ്ധമായി വിളിച്ചത് “മഹാ നാശമുണ്ടാക്കുന്ന സാമ്പത്തിക ആയുധങ്ങള്‍” എന്നാണ്. 2008 ലെ സാമ്പത്തിക തകര്‍ച്ചയുടെ അടിസ്ഥാനം ഈ ഉല്‍പ്പന്നങ്ങളായിരുന്നു. തകര്‍ച്ചക്ക് ശേഷം, കുറച്ചു നാള്‍ മന്ദതയിലായിരുന്നുവെങ്കിലും പിന്നീട് ഈ ഊഹാധിഷ്ടിത സാമ്പത്തിക സംവിധാനും പുതിയ തകര്‍ച്ചകളിലേക്കുള്ള അപകട സാദ്ധ്യത വര്‍ദ്ധിപ്പിച്ചു കൊണ്ട് മുമ്പത്തെ പോലെ വളര്‍ന്നു.

ഈ പ്രശ്നത്തെ നിയന്ത്രണങ്ങള്‍ വഴി നിയന്ത്രിക്കാനാകും എന്ന് മിക്ക സാമ്പത്തിക ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പല പ്രാവശ്യം ആ ഊഹം പല പ്രാവശ്യം എടുത്തിട്ടുണ്ട്. എന്നിട്ടും കാര്യങ്ങള്‍ മോശമാകുകയും അടുത്ത തകര്‍ച്ച ജനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിയന്ത്രണങ്ങളുണ്ടായാലും സംവിധാനം ജന്മസിദ്ധമായി അസ്ഥിരമാണെന്ന് കാണാം.

നമ്മുടെ നിലവിലെ പണ സമ്പ്രദായം: പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുന്നില്ല

നമ്മുടെ ഇപ്പോഴത്തെ പണ സമ്പ്രദായം നമ്മളെ കൊണ്ടുവന്നത് എവിടെയാണ്? പ്രതിസന്ധിയുടെ പ്രഭാവം നമ്മോടൊപ്പമുണ്ട്. സർക്കാരുകളും അനേകം പൗരന്മാരും കടത്തിലാണ്, ഡിസ്പോസിബിൾ വരുമാനം കുറയുന്നു, തൊഴിലില്ലായ്മ വർദ്ധിക്കുന്നു. അത് കുറയുന്നേയില്ല. Entitlements കുറയുന്നു, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾക്കുള്ള ചെലവുകൾ വർധിക്കുന്നു. പല രാജ്യങ്ങളിലും, ദേശീയ ഇൻഫ്രാസ്ട്രക്ചർ മോശമായ രൂപത്തിലാണ്, ചിലത് തകരുന്നു, പരിപാലനത്തിന് പണമില്ലാതിരിക്കുകയോ കുറവാകുകയോ ചെയ്യുന്നു. ഊർജ്ജ ദക്ഷത വര്‍ദ്ധിപ്പിച്ച് ഹരിതഗൃഹവാതക ഉദ്‌വമനം കുറക്കുക, പുനരുൽപ്പാദിതോർജ്ജത്തിലേക്ക് മാറുക തുടങ്ങിയ ഭാവിയിലേക്കുള്ള നിക്ഷേപത്തിനായി പണം തീരെയില്ല.

സാമ്പത്തിക സമ്പദ്വ്യവസ്ഥയിലേക്കുള്ള പണം

പണത്തിന്റെ സമ്പൂർണ്ണ ക്ഷാമം ഉണ്ടെന്നു തോന്നുന്നില്ല. ബാങ്കുകളും മറ്റ് സാമ്പത്തിക കളിക്കാരും ധനകാര്യ, അയഥാര്‍ത്ഥ സമ്പദ്‍വ്യവസ്ഥയിലേക്ക് പണം കൂടുതൽ പണം പമ്പ് ചെയ്യുന്നതിലേക്ക് നയിക്കുന്നു എന്നതാണ് പ്രശ്നം. ഉല്പാദനത്തിനോ ഉപഭോഗത്തിനോ അല്ലാതെ അത് ഊഹക്കച്ചവടത്തിനായി ഉപയോഗിക്കുന്നു.[3] അതേ അവസരത്തിൽ ചരക്കുകളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്ന “യഥാർഥ” സമ്പദ്‌വ്യവസ്ഥയില്‍ പണത്തിന്റെ ഒരു കുറവ് നേരിടുന്നു.

quantitative easing പരിപാടി വഴി യഥാർത്ഥ സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി സെൻട്രൽ ബാങ്കുകൾ പണം സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതിന്റെ ഫലം വിപരീതഫലം ഉളവാക്കുന്നതോ അല്ലെങ്കില്‍ പരിമിതമോ ആണ്. നിലവിലെ പണ വ്യവസ്ഥയിൽ കേന്ദ്ര ബാങ്കുകൾക്ക് പണത്തെ നേരിട്ട് സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടുവരാൻ കഴിയില്ല എന്നതാണ് അതിന്റെ കാരണം: അത് സ്വകാര്യ ബാങ്കുകളിൽ അവശേഷിക്കുന്നു. സാമ്പത്തിക മാന്ദ്യ കാലത്ത് ഈ ബാങ്കുകൾ സാമ്പത്തിക വിപണികളിലെ ഊഹക്കച്ചവടത്തിലൂടെ കൂടുതൽ പണം നേടാനുള്ള സാധ്യതകൾ കണ്ടെത്തുന്നു. അതുകൊണ്ടുതന്നെ, പുതുതായി സൃഷ്ടിച്ച പണത്തിന്റെ വലിയ ഭാഗവും യഥാർത്ഥ സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപിക്കാതെ ബാങ്കുകൾ സാമ്പത്തിക സമ്പദ്വ്യവസ്ഥയ്ക്ക് കൈമാറുന്നു. ഇത് ധന വിപണികളിലും ഭവനവിലയിലും പുതിയ കുമിളകൾ സൃഷ്ടിക്കുന്നു, അങ്ങനെ അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് അടിത്തറയിടുന്നു. അതേസമയം, യഥാർത്ഥ സമ്പദ്വ്യവസ്ഥയിലെ പണമില്ലായ്മ അതുപോലെ നിലനില്‍ക്കുന്നു. അതുമൂലം വളരെയേറെ ഉൽപാദനക്ഷമത നിഷ്ക്രിയമായി പാപ്പരത്വവും തൊഴിലില്ലായ്മയും ഉണ്ടാക്കുന്നു.

ബാങ്കിംഗ്: ധനികരുടെ സോഷ്യലിസം

കാര്യങ്ങള്‍ മോശമാകുകയാണെങ്കില്‍ സര്‍ക്കാര്‍ ഇടപെടണം എന്നതാണ് മറ്റൊരു ദോഷം: ബാങ്കുകളെ രക്ഷിക്കണം. ഇത് ബാധകമാകുന്നത് “തകരാന്‍ പറ്റാത്ത വിധം വലുത്” എന്ന് വിളിക്കുന്ന തരം ബാങ്കുള്‍ക്കാണ്. അവ തകര്‍ന്നാല്‍ മൊത്തം ധനകാര്യവ്യവസ്ഥയേയും അതുവഴി സമ്പദ്‌വ്യവസ്ഥയേയും കൊണ്ടേ പോകൂ എന്ന് ഭയപ്പെടുന്നു. ഇത് സംഭവിക്കുന്നത് തടയുന്നതിന് തകരാന്‍ പോകുന്ന ബാങ്കുകളെ ദേശസാൽക്കരിക്കുന്നതിനും പിന്തുണക്കുന്നതിനും സര്‍ക്കാര്‍ വൻ തുകകൾ ചിലവഴിക്കുന്നു. സര്‍ക്കാരിന്റെ വരുമാനം നികുതിയായതിനാല്‍ നികുതിദായകരാണ് ഈ ബില്ല് താങ്ങുന്നത്.

അതേസമയം, രക്ഷപെടുത്തല്‍(bail-outs) പരിപാടികക്ക് ചെലവാക്കിയ ശതകോടിക്കണക്കിനു ഡോളർ കാരണം ദേശീയ കടം വർദ്ധിക്കുന്നു. പ്രതിസന്ധിയുണ്ടാക്കിയ അതേ ബാങ്കുകള്‍ നല്‍കിയ വായ്പകള്‍ ആണ് അതിനായി ഉപയോഗിച്ചത്. അതായത് നിര്‍മ്മിച്ച പുതിയ പണം സര്‍ക്കാരിന് തന്നെ വായ്പ കൊടുത്ത് ബാങ്കുകള്‍ സാമാന്യം നല്ല ലാഭമുണ്ടാക്കി. വായ്പ തിരിച്ചടക്കാനും അതിന്റെ പലിശ കൊടുക്കാനും വേണ്ട പണം നികുതിദായകരാണ് വഹിക്കേണ്ടി വരുന്നത്.

പരോക്ഷമായി, നികുതിദായകരും ചിലവ് വഹിക്കുന്നു: ബാങ്ക് രക്ഷപെടുത്തല്‍ പരിപാടി കാരണമുണ്ടായ കമ്മി കുറയ്ക്കാൻ സർക്കാരിന് ചിലവുകള്‍ വെട്ടിച്ചുരുക്കേണ്ടി വരുന്നു. അതിന്റെ ഫലമായി സേവനങ്ങള്‍ ഇല്ലാതാക്കുകയോ അവയുടെ ചിലവ് വര്‍ദ്ധിക്കുകയോ ചെയ്തു.

ചുരുക്കത്തിൽ: ബാങ്കുകളുടെ കാര്യത്തില്‍ എല്ലാ നന്നായി പോകുന്നുവെങ്കില്‍ ലാഭം മുഴുവ്‍ ഓഹരി ഉടമകൾ, മാനേജർമാർ, ധനകാര്യ വ്യാപാരികൾ, ഡിവിഡന്റ്സ്, അമിതമായ ശമ്പളം, ബോണസ് തുടങ്ങിയവക്ക് പോകുന്നു. കാര്യങ്ങൾ മോശമാകുകയാണെങ്കില്‍ സാധാരണ പൗരന്മാർക്ക് നഷ്ടം സംഭവിക്കുന്നു. ലാഭത്തിന്റെ സ്വകാര്യവൽക്കരണവും നഷ്ടത്തിന്റെ സോഷ്യലിസവും എന്നോ സമ്പന്നരുടെ സോഷ്യലിസവും എന്നോ ആയിട്ടാണ് ഇതിനെ വിവരിക്കുന്നത്.

സ്വകാര്യ പണം സൃഷ്ടിക്കൽ: ഉയർച്ചതാഴ്ച്ചകൾ

നിലവിലെ പണ വ്യവസ്ഥ സമ്പദ്‌വ്യവസ്ഥാ പ്രകടനത്തിലെ ഉയർന്ന കൊടുമുടികളും ആഴത്തിലുള്ള കുഴികളും ഉള്ള സാമ്പത്തിക see-saw യിലേക്ക് നയിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞര്‍ അതിനെ ബിസിനസ് ചക്രം എന്നാണ് വിളിക്കുന്നത്. ഏറ്റക്കുറവ് സ്വകാര്യ ബാങ്കുകൾ വഷളാക്കുന്നു. കാരണം നല്ല കാലത്ത് കൂടുതല്‍ ലാഭം കിട്ടാനുള്ള സാദ്ധ്യതയുള്ളതിനാല്‍ അവര്‍ കൂടുതല്‍ വായ്പ കൊടുക്കുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നു. അതേ സമയം സാമ്പത്തിക അമിതചൂടാകല്‍, ആസ്തി കുമിളകള്‍, പുതിയ പ്രതിസന്ധികള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. സാമ്പത്തിക സങ്കോചസമയത്ത്, ബാങ്കുകൾ പണം കടം കൊടുക്കാൻ വിമുഖത കാണിക്കുന്നു, അതായത് സാമ്പത്തിക വീണ്ടെടുപ്പിനു കൂടുതല്‍ പണം ആവശ്യമുള്ള കൃത്യമായ സമയത്ത് കുറവ് പണമേ നിര്‍മ്മിക്കുന്നുള്ളു. ബാങ്കുകളുടെ ഈ പെരുമാറ്റം ഒരു ബിസിനസ്സ് കാഴ്ചപ്പാടിൽ നിന്ന് നോക്കിയാല്‍ അര്‍ത്ഥവത്താണ്. അതുകൊണ്ട് സ്വകാര്യ ബാങ്കിങിന്റെ യുക്തിക്ക് അത് അനുസൃതമാണ്. എന്നാൽ അത് പൊതുജന താൽപര്യത്തിനു വിരുദ്ധമാണ്. കാരണം സമ്പദ്‌വ്യവസ്ഥക്ക് അതിന്റെ പൂര്‍ണ്ണതയില്‍ ആവശ്യപ്പെടുന്നതിന്റെ വിരുദ്ധമായ കാര്യമാണ് കിട്ടുന്നത്.

ഒരു ചെറിയ സംഘമാണ് ബാങ്കിംഗിൽ നിന്ന് ലാഭം നേടുന്നത്

പണം നിര്‍മ്മിക്കാനുള്ള പ്രത്യേകാധികാരത്തിന്റെ എല്ലാ ഗുണങ്ങളും (സാങ്കേതികമായി പറഞ്ഞാല്‍ seigniorage) മുമ്പ് പറഞ്ഞ ബാങ്കിംങ്, വ്യാപാരികൾ, ബാങ്ക് ഓഹരിയുടമകൾ എന്ന ചെറിയ സംഘത്തിലാണ് എത്തുന്നത് എന്നതാണ് ഇപ്പോഴത്തെ സംവിധാനത്തിന്റെ മറ്റൊരു കുഴപ്പം. എന്തുകൊണ്ടാണ് ഇത് ഇതിനകം മുകളിൽ വിശദീകരിച്ചിട്ടുള്ളത്: കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളിലായി ഇത് വര്‍ദ്ധിച്ചിട്ടുണ്ട് – കുറഞ്ഞ പക്ഷം കമ്പോളത്തിലെ സാധാരണ സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ള വിശ്വാസത്തിന്റെ പിന്‍തുണയോടെ സ്വകാര്യ ബാങ്കുകള്‍ നടത്തിയ തീവ്രമായ സ്വാധീനിക്കലിന്റെ ഫലം.

എന്നിരുന്നാലും, പണമുണ്ടാക്കാനുള്ള ഈ പ്രത്യേക ആനുകൂല്യങ്ങൾ ഏതാനും ചില ഉന്നതകമ്പനികള്‍, എക്സിക്യൂട്ടീവ്, ഓഹരിയുടമകൾ എന്നിവര്‍ക്കായി തുടരുന്നതില്‍ യാതൊരു കാരണവുമില്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി നാം അത് ചെയ്തുകഴിഞ്ഞു, അതിനാൽ എന്തുകൊണ്ട് ഒരു ചെറിയ ഉന്നതരുടെ സംഘത്തിന് ഈ boon നല്‍കുന്നു? പണം നിര്‍മ്മിക്കാനുള്ള അധികാരം തിരികെ അതിന്റെ ആദ്യ അധികാരികളായ രാഷ്ട്രത്തിലേക്കെത്തിച്ച്, ആ പ്രത്യേകാധികാരത്തിന്റെ ലാഭം സമൂഹത്തിന് മൊത്തം ഗുണം ചെയ്യുകയാണെങ്കില്‍ അത് കുറച്ച് യുക്തിയുള്ളതും equitable ഉം ആകും.

ബാങ്ക് ചത്ത് പൊങ്ങി, പണവും പോയി

തങ്ങള്‍ക്ക് അകൌണ്ടുള്ള ബാങ്ക് പൊളിഞ്ഞാല്‍ തങ്ങളുടെ പണം നഷ്ടമാകും എന്നതാണ് സേവിങ്സ് അകൌണ്ടുടമകളെ സംബന്ധിച്ചടത്തോളം ഇപ്പോഴത്തെ സംവിധാനത്തിന്റെ കുഴപ്പം. ഡിപ്പോസിറ്റുകള്‍ ആസ്തിയായി ബാലന്‍സ് ഷീറ്റില്‍ എഴുതാന്‍ ബാങ്കുകളെ അനുവദിക്കുന്നതാണ് അതിന് കാരണം. അതായത് അപ്പോള്‍ മുതല്‍ പണം ബാങ്കിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നു. എന്നാലും ഡിപ്പോസിറ്റര്‍ പണം തിരികെ ആവശ്യപ്പെടുമ്പോള്‍ അത് നല്‍കാന്‍ ബാങ്കുകള്‍ ബാദ്ധ്യസ്ഥരുമാണ്. [5] എന്നിരുന്നാലും പാപ്പരാകുമ്പോള്‍ പണം കൊടുക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല. ഡിപ്പോസിറ്റര്‍മാര്‍ക്ക് രാഷ്ട്രം ഉറപ്പ് നല്‍കുന്ന ഭാഗം ഒഴിച്ച് ബാക്കി പണം നഷ്ടപ്പെടും.

വായ്പ, പലിശ, കടം

സ്വകാര്യബാങ്കുകള്‍ പണം നിര്‍മ്മിക്കുന്നതിന്റെ വലിയ പ്രശ്നം അത് ലാഭത്തിലടിസ്ഥാനമായ വായ്പ നല്‍കലിനോട് സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. അങ്ങനെ പലിശയുമായും വായ്പയുമായും. കടം വാങ്ങിയ പണവും അതിന്റെ പലിശയും തിരിച്ചടക്കാന്‍ കടക്കാരന് ഭാവിയില്‍ കഴിയുമോ എന്നതിനെക്കുറിച്ച് ബാങ്കിന് വിശ്വാസമുണ്ടെങ്കില്‍ മാത്രമേ അവര്‍ വായ്പ കൊടുക്കൂ. അതുകൊണ്ട് ലാഭം(കമ്പനികള്‍ക്ക്), വരുമാനം (ഉപോഭോക്താക്കള്‍ക്ക്), നികുതി വരുമാനം (സര്‍ക്കാരിന്) ഇവ വര്‍ദ്ധിച്ചെങ്കില്‍ മാത്രമേ വായ്പവാങ്ങല്‍ സാദ്ധ്യമാകൂ.

കടം അനിവാര്യമായ വളര്‍ച്ചയിലേക്ക് നയിക്കും

കൂടുതല്‍ ലാഭം, വരുമാനം, നികുതി എന്നിവ സാമ്പത്തിക വളര്‍ച്ചയോട് സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. വളര്‍ച്ചയില്ലാതെ കമ്പനികളുടെ ലാഭം, ഉപഭോക്താക്കളുടെ വരുമാനം, സര്‍ക്കാര്‍ വരുമാനം എന്നിവ വര്‍ദ്ധിക്കുകയില്ല. അതുപോലെ വായ്പയും അതിന്റെ പലിശയും തിരിച്ചടക്കാനുമാവില്ല. സാമ്പത്തിക മാന്ദ്യം സംഭവിക്കുമ്പോള്‍‍ വളരെ കുറവ് വളര്‍ച്ചയേ സംഭവിക്കൂ. ചിലപ്പോള്‍ വളര്‍ച്ചയേയുണ്ടാവില്ല. ആളുകള്‍ക്കും, കമ്പനികള്‍ക്കും, എന്തിന് രാജ്യങ്ങള്‍ക്ക് പോലും തങ്ങളുടെ പണമടക്കല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാവില്ല. അത് ഒരു കട പ്രതിസന്ധിയിലേക്ക് നയിക്കും. വീണ്ടും കൂടുതല്‍ കടം വാങ്ങി അതിനെ ചിലപ്പോള്‍ വൈകിപ്പിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അത് കടം വര്‍ദ്ധിപ്പിക്കുകയേയുള്ളു, ഒപ്പം പ്രശ്നവും. ശക്തമായ വളര്‍ച്ചയില്ലാതെ ഒരു പുതിയ ചിലപ്പോള്‍ വലിയ പ്രതിസന്ധിയും ഉണ്ടാകാനുള്ള സാദ്ധ്യത ഏകദേശം അനിവാര്യമാണ്. ധാരാളം വീടുകളേയും, കമ്പനികളേയും, രാജ്യങ്ങളേയും (ഇപ്പോഴും) വലിയ കടത്തിലാഴ്ത്തിയ 2008 ലെ പ്രതിസന്ധിക്ക് ശേഷം അടുത്ത വലിയ പ്രതിസന്ധി ദൂരെ മങ്ങലായി കാണുന്നു എന്ന് ധാരാളം വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.

വളര്‍ച്ചാ അനിവാര്യതയും പരിമിതമായ വിഭവങ്ങളും

വായ്പകൊടുക്കലെന്നത് അപ്പോള്‍ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു: കടവും അതിന്റെ പലിയശയും തിരിച്ചടക്കുന്നതിനോട് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് വളര്‍ച്ച. വളരുന്ന കടബാദ്ധ്യതക്ക് പുറമേ അത് മറ്റൊരു വലിയ പ്രശ്നത്തിനും കാരണമാകുന്നു: തുടരുന്ന വളര്‍ച്ച പ്രകൃതി വിഭവങ്ങളുടെ പരിമിത സ്വഭാവുമായി പൊരുത്തപ്പെട്ടു പോകുന്നില്ല. താത്വികമായി പണ ലഭ്യതക്ക് അനന്തമായി വളരാനാവും. എന്നാല്‍ നമ്മുടെ അസംസ്കൃത വസ്തുക്കള്‍, ശുദ്ധ ജലം, ഭൂമി, പ്രകൃദത്ത പരിസ്ഥിതി തുടങ്ങിയവ പരിമിതമാണ്. സാമ്പത്തിക വളര്‍ച്ച ഈ വിഭവങ്ങളില്‍ എന്നത്തേതിലും അധികം സുസ്ഥിരമല്ലാത്ത വിധമുള്ള ആവശ്യകതയാണ് സമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്നത്. അതായത് ഇപ്പോഴത്തെ രീതി നാം തുടര്‍ന്ന് പോയാല്‍ നമ്മളോ ഭാവി തമലുറകളോ ശുദ്ധ ജലം, കൃഷിഭൂമി, ധാതുക്കള്‍, ഇന്ധനം തുടങ്ങിയ അടിസ്ഥാന വിഭവങ്ങളുടെ കുറവ് നേരിടേണ്ടിവരും. ഇത് വലിയ പ്രശ്നമുണ്ടാക്കും പ്രത്യേകിച്ച് ലോകത്തിലെ ദരിദ്രരായ ജനവിഭാഗങ്ങളില്‍. തുടക്കത്തിലെ ക്ഷാമങ്ങള്‍ കാരണമുള്ള വില വര്‍ദ്ധനവ് സമ്പന്നരായവര്‍ക്ക് താങ്ങാനാവും. എന്നാല്‍ ക്ഷാമം വലിയ കലാപങ്ങളിലേക്ക് നയിച്ചാല്‍ അവരും കഷ്ടപ്പെടേണ്ടിവരും.

നമ്മുടെ സാമ്പത്തിക വ്യവസ്ഥയും പരിമിത വിഭവങ്ങളും

വളര്‍ച്ചാ അനിവാര്യതയും അതുവഴിയുണ്ടാകുന്ന പരിമിത വിഭവങ്ങളുടെ സുസ്ഥിരമല്ലാത്ത ഉപഭോഗവും സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നത് സ്വകാര്യമായ പണ നിര്‍മ്മാണത്തിലാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ പണ സംവിധാനം അടുത്ത് തന്നെ പരിമിത വിഭവങ്ങളുടെ ക്ഷാമത്തില്‍‍ എത്തിക്കും. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ മറ്റൊരു പണ സംവിധാനത്തിലേക്ക് മാറാന്‍ വേണ്ട മതിയായ കാരണമാണ്.

വിശേഷിച്ച്‌ വളര്‍ച്ചാ അനിവാര്യത എന്തുകൊണ്ട് ഇപ്പോഴത്തെ പണ സംവിധാനം സുസ്ഥിരമായ വിഭവ ഉപഭോഗവുമായി ചേരില്ല എന്നതിന് വേറൊരു കാരണം കൂടിയുണ്ട്. സ്വകാര്യ ബാങ്കുകളുടെ പ്രധാന ലക്ഷ്യം, മിക്കപ്പോഴും ഏക ഉദ്ദേശം, ലാഭം ഏറ്റവും കൂടുതലാക്കുക എന്നതാണ്. അതുപോലെ സമ്പദ്‌വ്യവസ്ഥ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനായി അവശ്യമായ സമയത്ത് സമൂഹത്തിന് വേണ്ടി പണ ലഭ്യത ഉറപ്പാക്കുക എന്ന പൊതുജന താല്‍പ്പര്യത്തെ അവഗണിക്കുക എന്നതും കൂടിയാണ്. നല്ല രീതിയില്‍ പ്രവര്‍‍ത്തിക്കു എന്നതു കൊണ്ട് ഏറ്റവും ഉയര്‍ന്ന ദക്ഷത കൊണ്ട് ഏറ്റവും കൂടുതല്‍ സമ്പത്ത് നിര്‍മ്മിക്കുക എന്ന അര്‍ത്ഥമല്ല. മുഖ്യധാരാ സമ്പത്തികശാസ്ത്രത്തിന്റെ വ്യന്ഗ്യമായ, ചിലപ്പോള്‍ വ്യക്തമായ ലക്ഷ്യം ഇപ്പോള്‍ അതാണ്. ഒരു പൊതു താല്‍പ്പര്യ വീക്ഷണത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുക എന്നാല്‍ പൊതു ലക്ഷ്യങ്ങള്‍ കഴിവതും ഫലപ്രദമായും കാര്യക്ഷമതയോടുകൂടിയും നേടുക എന്നതാണ്. എല്ലാവര്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ നല്‍കുക, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുക, ക്ഷേമം മെച്ചപ്പെടുത്തുക, ഇപ്പോഴത്തേയും ഭാവി തലമുറക്കും ലഭ്യമാകത്തക്ക രീതിയില്‍ പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം. ഇത്തരം ലക്ഷ്യങ്ങള്‍ സ്വകാര്യ ബാങ്കുകളുടെ ലാഭം കൂട്ടുക എന്നതുമായി ചേര്‍ന്ന് പോകില്ല.

ലാഭകരമായ പ്രവര്‍ത്തികള്‍ക്ക് മാത്രമായി പണം നിര്‍മ്മിക്കുന്നത്

വാണിജ്യ ബാങ്കുകള്‍ ലാഭമുണ്ടാക്കാനായി പണം നിര്‍മ്മിക്കുന്നു എന്ന ഇപ്പോഴത്തെ പണ സംവിധാനം, ലാഭകരമായ പ്രവര്‍ത്തികള്‍ക്ക് മാത്രമായി പണം നിര്‍മ്മിക്കുന്നു എന്ന വിചിത്രമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. പൊതു താല്‍പ്പര്യ വീക്ഷണത്തില്‍, നല്ല വിദ്യാഭ്യാസം, ആരോഗ്യമുള്ള പരിസ്ഥിതി, നല്ല ഗുണമേന്മയുള്ള ആരോഗ്യപരിപാലനം, രോഗം തടയല്‍, പുനരുത്പാദിതോര്‍ജ്ജത്തിന്റെ വികസനവും പ്രയോഗവും തുടങ്ങിയ രംഗങ്ങളില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുക എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ അത്തരം നിക്ഷേപങ്ങള്‍ ലാഭകരമല്ലെങ്കില്‍ അവക്ക് വേണ്ടി പണം നിര്‍മ്മിക്കുകയില്ല. പകരം നികുതി ഈടാക്കിയോ കടം വാങ്ങിയോ രാഷ്ട്രത്തിന് പണം ശേഖരിക്കേണ്ടിവരുന്നു. അത് കുറച്ച് മാത്രമേ ചെയ്യാനാവൂ. കാരണം അതിന് വളരേധികം കാര്യങ്ങള്‍ക്ക് ധനകാര്യം ചെയ്യേണ്ടതായുണ്ട്. പ്രത്യേകിച്ചും തകര്‍ച്ചക്ക് ശേഷം, ഇപ്പോള്‍ തന്നെ അതെല്ലാം ചെയ്യാനുള്ള പണത്തിന്റെ ലഭ്യത കുറവാണ്.

സര്‍ക്കാര്‍ ഒരു ഇത്തിള്‍കണ്ണിയെ പോലെ

സ്വകാര്യ ബാങ്കുകള്‍ക്ക് പണം നിര്‍മ്മിക്കാന്‍ വിശേഷാവകാശം കൊടുക്കുന്ന അവസ്ഥ കാരണം സര്‍ക്കാര്‍ എന്നത് കഠിനാദ്ധ്വാനികളായ പൌരന്‍മാരുടേയും സ്ഥാപനങ്ങളുടേയും പോക്കറ്റില്‍ ജീവിക്കുന്ന ഇത്തിള്‍കണ്ണിയെ പോലെ കാണപ്പെടുന്നു. കാരണം അതിന് നികുതി അടിച്ചേല്‍പ്പിച്ച് വേണം ധനം സമാഹരിക്കാന്‍. നിലവിലെ പണ സമ്പ്രദായത്തിന്റെ ഒരു അർഥത്തിൽ അത് തീർച്ചയായും ശരിയാണ്. എന്നാല്‍ സ്വകാര്യബാങ്കുകള്‍ക്ക് പണം നിര്‍മ്മിക്കാന്‍ പ്രത്യേക അവകാശം കൊടുക്കുന്ന നമ്മുടെ ഇപ്പോഴത്തെ പണ വ്യവസ്ഥക്ക് വേണ്ടിയുള്ള നമ്മുടെ ബോധപൂര്‍വ്വവും അബോധപരവുമായ തെരഞ്ഞെടുക്കലിലില്‍ നിന്നാണ് ഈ അവസ്ഥ വരുന്നത്. സാമ്പത്തിക വിശ്വാസത്തിന്റെ ഫലമാണത്: സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പണ നിര്‍മ്മാണത്തെ വിലക്ക്‌ ആയി മാറ്റിയ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിന്റെ സാമ്പത്തിക പ്രമാണം.

ദാരിദ്ര്യവും ദാരിദ്രവല്‍ക്കരണവും വളര്‍ത്തുന്നു

നേരിട്ടല്ലാതെ അത് ദാരിദ്ര്യവും, നഷ്ടപ്പെടലും, അസമത്വവും ഉണ്ടാക്കുന്നു എന്നതാണ് സ്വകാര്യ പണ നിര്‍മ്മാണത്തിന്റെ അവസാന ദോഷം. ദരിദ്രരായ ആളുകള്‍ക്ക് പണം വായ്പകൊടുക്കുന്നത് ലാഭകരമല്ല. അതുകൊണ്ട് അവര്‍ക്ക് വേണ്ടി ഒരു പണവും നിര്‍മ്മിക്കപ്പെടുന്നില്ല. മുടക്കം വരുത്തും എന്ന അപകടസാദ്ധ്യത അറിഞ്ഞുകൊണ്ട് ഉയര്‍ന്ന പലിശയും ഓഫീസ് ഫീസും ഈടാക്കിയിട്ട് കൂടി. (ഒരു വലിയ വായ്പയേക്കാള്‍ പത്ത് ചെറിയ വായ്പകള്‍ ചിലവേറിയതാണ്). അതേ സമയം പണം നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം സ്വകാര്യമേഖലക്ക് നല്‍കുന്നത് വഴി ദാരിദ്ര്യത്തേയും ദാരിദ്രവല്‍ക്കരണത്തേയും പരിഹരിക്കാനുള്ള പണത്തെ പിടിച്ചുവെക്കുകയാണ് സര്‍ക്കാര്‍. ഇത് നമ്മുടെ പണ വ്യവസ്ഥയുടെ മാത്രം പ്രശ്നമല്ല: ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നത് രാഷ്ട്രീയ ഇച്ഛാശക്തിയേയും കൂടി ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള രാഷ്ട്രീയ പരിഹാരങ്ങളെ ഇപ്പോഴത്തെ പണ വ്യവസ്ഥ സങ്കീര്‍ണ്ണമാക്കുകയാണ്. കാരണം ആവശ്യമായ പണം സമാഹരിക്കാന്‍ കഴിയാതെ നികുതിദായകരില്‍ നിന്ന് അത് ഈടാക്കേണ്ടിവരുന്നു.

സ്വകാര്യ പണ നിര്‍മ്മാണത്തിന്റെ ഗുണം?

ഇപ്പോഴത്തെ സംവിധാനത്തിന് എന്തെങ്കിലും ഗുണമുണ്ടോ? ഇതിന്റെ വക്താക്കളുടെ ആദ്യത്തെ വാദം നാം ഇതിനകം ചര്‍ച്ച ചെയ്തതാണ്: പണ നിര്‍മ്മാണം സ്വകാര്യബാങ്ക് ചെയ്യുമ്പോള്‍ കൃത്യ അളവ് പണം നിര്‍മ്മിക്കാനാകും. ഇത് വെറും വിശ്വാസത്തിന് അപ്പുറം ഒന്നുമല്ല എന്ന് നാം ഇതിനകം കണ്ടതാണ്. വായ്പയും അതിന്റെ പലിശയും തിരിച്ചടക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ബാങ്ക് കടം കൊടുക്കൂ എന്നത് പണനിര്‍മ്മാണത്തിന്റെ ഒരു ബ്രേക്കാണെന്നത് ഒരു സത്യമാണ്. എന്നാല്‍ ആ ബ്രേക്ക് ശരിക്ക് പ്രവര്‍ത്തിക്കാത്ത ഒന്നാണ്. ശരിക്കുള്ള സമ്പദ്‌വ്യവസ്ഥയില്‍ മാത്രമേ അത് ബാധകമാകുന്നുള്ളു. ധന സമ്പദ്‌വ്യവസ്ഥയിലും അയഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയിലും കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ധനകാര്യ ഉല്‍പ്പന്നങ്ങളുടെ ഊഹക്കച്ചവടത്തിന് വേണ്ടി ധന കമ്പോളത്തില്‍ പണം നിര്‍മ്മിക്കാനുള്ള അനന്ത സാദ്ധ്യതകളാണുള്ളത്. ധനകമ്പോളത്തില്‍ ഒഴുകിനടക്കുന്ന വലിയ അളവ് പണം തന്നെയാണ് അതിനുള്ള തെളിവ്.

സ്വകാര്യ ബാങ്കിങ് വലിയ അഭിവൃത്തി വളര്‍ച്ചക്ക് പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഇപ്പോഴത്തെ സംവിധാനത്തെ പിന്‍തുണക്കുന്നവര്‍ വാദിക്കും. ഇതും സംശയാസ്പദമാണ്. ഒന്ന്, പൊതു പണ നിര്‍മ്മാണം പോലെ സ്വകാര്യബാങ്കുകള്‍ക്ക് പകരം ബദല്‍ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നുവെങ്കില്‍ അഭിവൃത്തി വളര്‍ച്ചയും സുസ്ഥിതിയും ഇതിലും കൂടുതലായിരിക്കും എന്ന് അടുത്ത അദ്ധ്യായത്തില്‍ നമുക്ക് കാണാം. രണ്ട്, സ്വകാര്യ ബാങ്കിങ്ങ് മൂലം നിര്‍മ്മിക്കപ്പെടുന്ന പണത്തിലധികവും സുസ്ഥിരമല്ല. കാരണം അത് ഊഹക്കച്ചവടത്തിനാണ് ഉപയോഗിക്കുന്നത്. അത്തരം അഭിവൃത്തി വളരെ വേഗം വളരാം – അടുത്ത തകര്‍ച്ച വരെ.

വിവിധ ദാദാക്കള്‍ തമ്മിലുള്ള മല്‍സരമേ സമ്പത്ത് നിര്‍മ്മിക്കുന്ന കണ്ടുപിടുത്തങ്ങള്‍ നിര്‍മ്മിക്കൂ എന്ന് സ്വകാര്യ പണനിര്‍മ്മാണത്തിന്റെ വക്താക്കളും സ്വകാര്യ സ്ഥാപനങ്ങള്‍ പൊതുവിലും പറയുന്ന കാര്യമാണ്.

എന്നിരുന്നാലും ഇത്ര നല്ല ഒരു സാമ്പത്തിക ഉപകരണമായിട്ടുകൂടി അത് സാമ്പത്തിക തകര്‍ച്ചക്ക് കാരണമായി. ഇത്തരത്തലുള്ള കണ്ടുപിടുത്തങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും വളരേറെ ലാഭകരമായിട്ടു കൂടി അതിന്റെ ഫലം പൊതു താല്‍പ്പര്യവുമായി ഒത്തു പോകുന്നില്ല എന്ന് കാണാം. കണ്ടുപിടുത്തങ്ങള്‍ സ്വകാര്യമേഖലയില്‍ മാത്രമുള്ളതാണെന്ന തെറ്റിധാരണയും ഇതിന്റെ കൂടെയുണ്ട്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ഇത്രയേറെ കമ്പനികള്‍ പൊതു സര്‍വ്വകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായുമൊക്കെ സഹകരിക്കുന്നു? എന്തിന് തങ്ങളുടെ പണി അവരെക്കൊണ്ട് കരാറടിസ്ഥാനത്തില്‍ ചെയ്യിക്കുന്നു? [നമ്മുടെ രാജ്യത്തിന്റെ കാര്യമല്ല ഇവിടെ പറയുന്നത്.]

ഇപ്പോഴത്തെ വ്യവസ്ഥയുടെ പ്രതിരോധം

നമ്മുടെ ഇപ്പോഴത്തെ പണ സംവിധാനത്തിന് ധാരാളം കുഴപ്പങ്ങളുണ്ട്. ബാങ്കുകാര്‍, വ്യാപാരികള്‍, consultants, lobbyists, സ്വകാര്യബാങ്ക് ഓഹരിയുടമകള്‍ എന്നിവര്‍ക്കൊഴിച്ച് വ്യക്തമായ ഗുണങ്ങളില്ലതാനും. എന്നിട്ടും വ്യവസ്ഥ ഉറപ്പോടെ രൂഢമൂലമായതാണ്. പ്രധാനമായും അതിന് കാരണം മുമ്പ് പറഞ്ഞത് പോലെ പൊതുജനം, മാധ്യമം, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തികശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ഇപ്പോഴത്തെ സംവിധാനം മാറ്റമില്ലാത്തതാണെന്ന് അംഗീകരിക്കുന്നത് കൊണ്ടാണ്. മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിനെയാണ് കുറ്റം പറയേണ്ടത്. അത് പക്ഷം ചേരാത്ത വിശകലവും ചര്‍ച്ചയും നടത്തണം. എന്നാല്‍ വളരെ കുറവ് സാമ്പത്തികശാസ്ത്രജ്ഞര്‍ മാത്രമേ പണ വ്യവസ്ഥയെ ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നുള്ളു, അങ്ങനെ മാറ്റമില്ലാത്ത സ്ഥിതിയെ പിന്‍തുണക്കുന്നു.

ഈ വിഷയം കൊണ്ടുവന്നാലും, അതിനെ വ്യത്യസ്ഥ പണ സംവിധാനങ്ങളുടെ ഗുണവും ദോഷവുമായി വസ്തുനിഷ്ടമായി വിശകലനം ചെയ്തല്ല തീരുമാനങ്ങളെടുക്കുന്നത്. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഉദാഹരണങ്ങളും അബദ്ധമായ വാദങ്ങളും ചേര്‍ത്ത് ചര്‍ച്ചയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ബദല്‍ സംവിധാനങ്ങള്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ സര്‍ക്കാരിന് വേണ്ടി നടത്തുന്ന പണ നിര്‍മ്മാണത്തെ ധനകാര്യവും സമ്പദ്‌ഘടനാപരവുമായ ദുരന്തങ്ങളുണ്ടാവുമെന്ന് പറഞ്ഞ് തള്ളിക്കളയുന്നു. പ്രീയപ്പെട്ട ഭീകരരൂപി എന്നത് അമിത പണപ്പെരുപ്പം(hyperinflation) ആണ്. 1920കളിലെ ജര്‍മ്മനിയാണ് ഉദാഹരണമായി പറയുന്നത്. ജര്‍മ്മന്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും ഒഴുവാക്കാനാകില്ലെങ്കിലും ജര്‍മ്മനിയിലെ അമിത പണപ്പെരുപ്പത്തിന് കാരണമായത് സ്വകാര്യബാങ്കുകള്‍ ആണ് എന്ന് നല്ല ചരിത്രപരമായ ഗവേഷണത്തില്‍ നിന്ന് മനസിലാകും. അതുപോലെ ധാരാളം വിജയകരമായ പൊതു പണ നിര്‍മ്മാണം അമിത പണപ്പെരുപ്പം ഉണ്ടാക്കിയിട്ടില്ല എന്ന ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാറുമില്ല.

സ്വകാര്യബാങ്കുകളേക്കാള്‍ ഉത്തരവാദിത്തോടുകൂടിയാണ് സര്‍ക്കാരുകള്‍ പണം നിര്‍മ്മിക്കുന്നത് എന്നതിന്റെ ചരിത്രത്തിലുടനീളമുള്ള ധാരാളം ഉദാഹരണങ്ങള്‍ Chicago Plan Benes and Kumhof നെക്കുറിച്ചുള്ള IMF പഠനത്തില്‍ കൊടുത്തിട്ടുണ്ട്. പ്രധാനമായും പണം നിര്‍മ്മിക്കാനുള്ള അവകാശം സ്വകാര്യ മേഖലക്ക് നല്‍കുന്നതിനാലാണ് വലിയ സാമ്പത്തിക, ധനകാര്യ പ്രശ്നങ്ങള്‍, ഇടവിട്ടുണ്ടാകുന്ന അമിതമായ വളര്‍ച്ച് അതിന് ശേഷം വരുന്ന തകര്‍ച്ച, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയുണ്ടാകുന്നത്.

http://bsd.wpengine.com/wp-content/uploads/2015/06/Our-Money-A4.pdf

— സ്രോതസ്സ് positivemoney.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s