പേറ്റന്റ് നിയമം ഇന്ത്യ കീഴടങ്ങുന്നു

ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഇനിമുതൽ പ്രയോഗിക്കില്ലെന്ന് ഇന്ത്യ സ്വകാര്യമായി ഉറപ്പുനൽകിയെന്ന് അമേരിക്ക-ഇന്ത്യ ബിസിനസ് കൗൺസിൽ, അമേരിക്കയിലെ മരുന്ന് ഉത്പാദകരുടെ സംഘടനയായ ഫാർമസ്യൂട്ടിക്കൽ റിസർച്ച് ആൻഡ് മാനുഫാക്ചറേഴ്‌സ് ഓഫ് അമേരിക്ക, യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ വൻകിട മരുന്നുകമ്പനികളുടെ താത്പര്യത്തിന് വഴങ്ങി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ മാറ്റം വരുത്താനുള്ള അമേരിക്ക-ഇന്ത്യ ഭരണാധികാരികളുടെ രഹസ്യവും പരസ്യവുമായ നീക്കങ്ങൾ ഇതിനകം വെളിച്ചത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാർത്ത തീരെ അപ്രതീക്ഷിതമല്ല.

ഇന്ത്യൻ പേറ്റന്റ് വ്യവസ്ഥകളിൽ വിദേശ മരുന്നുകമ്പനികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ മാറ്റംവരുത്തുക എന്നത് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2015 ജനവരിയിലെ ഇന്ത്യാ സന്ദർശനത്തിലെ പ്രധാന അജൻഡകളിലൊന്നായിരുന്നു. അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇരുസർക്കാറും നടത്തിയശേഷമാണ് ഒബാമ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2014 സപ്തംബറിലെ അമേരിക്കാ സന്ദർശനത്തിന് മുന്നോടിയായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ ഔഷധവില നിയന്ത്രണ അധികാരം അമേരിക്കൻ സർക്കാറിനുള്ള ഗുഡ്‌വിൽ സന്ദേശമെന്ന മട്ടിൽ പരിമിതപ്പെടുത്തിയത് വലിയ വിവാദമായി മാറിയിരുന്നു. ഒബാമയുടെ ഇന്ത്യാസന്ദർശനത്തിനുമുമ്പ് നടന്ന മോദിയുടെ അമേരിക്കാസന്ദർശനവേളയിൽ ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനായി ഒരു ഉന്നതാധികാര സംയുക്തസമിതിയും രൂപവത്കരിച്ചിരുന്നു. തുടർന്ന് പേറ്റന്റ്നയം രൂപവത്കരിക്കുന്നതിനായി ആറംഗ വിദഗ്ധസമിതി ഇന്ത്യയിലും രൂപവത്കരിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിനുമുമ്പ് ഇന്ത്യയിലെത്തിയ ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ പ്രതിനിധികളടങ്ങിയ ബൗദ്ധിക സ്വത്തവകാശ ഉടമകളുടെ സംഘടനയുടെ (Intellectual Property Owners Association) ഭാരവാഹികൾ ഇന്ത്യൻ പേറ്റന്റ് ഓഫീസിലെ ഉദ്യോഗസ്ഥരുമായും ജഡ്ജിമാരടക്കമുള്ള നിയമജ്ഞരുമായും ചർച്ചനടത്തുകയും ചെയ്തു. മാത്രമല്ല, പേറ്റന്റ് നിയമത്തിൽ അമേരിക്ക ആവശ്യപ്പെടുന്ന മാറ്റങ്ങൾ വരുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന അരവിന്ദ് സുബ്രഹ്മണ്യനെ ഇന്ത്യയുടെ മുഖ്യസാമ്പത്തികോപദേഷ്ടാവായി നിയമിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇരുസർക്കാറും നടത്തിയശേഷമാണ് ഒബാമ ഇന്ത്യയിലെത്തിയത്. ലോക വ്യാപാരസംഘടനയുടെ നിബന്ധനപ്രകാരം 2005-ൽ പുതുക്കിയ ഇന്ത്യൻ ബൗദ്ധിക സ്വത്തവകാശനിയമത്തിലെ രാജ്യതാത്പര്യം സംരക്ഷിക്കാനായി അവശേഷിച്ചിട്ടുള്ള പേറ്റന്റ് വ്യവസ്ഥകൾകൂടി മാറ്റിയെടുക്കുന്നതിൽ അമേരിക്കൻ സമ്മർദതന്ത്രങ്ങൾ വിജയിച്ചുവെന്നാണ് ഒബാമയുടെ സന്ദർശനത്തെത്തുടർന്ന് അംഗീകരിച്ച സംയുക്തപ്രസ്താവന വ്യക്തമാക്കിയത്.

ലോക വ്യാപാരസംഘടനയുടെ നിബന്ധനപ്രകാരം 2005-ൽ പുതുക്കിയ ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ ഇന്ത്യൻ താത്പര്യത്തിന് ഹാനികരമായ രീതിയിൽ നിർബന്ധിത ലൈസൻസ് (Compulsory Licensing), 3(ഡി) എന്നീ വകുപ്പുകൾ നീക്കംചെയ്യുന്നതിനും വിവരകുത്തക (Data Exclusivity) എന്ന പുതിയ വകുപ്പ് ചേർക്കുന്നതിനും വേണ്ടിയാണ് അമേരിക്ക സമ്മർദംചെലുത്തിവരുന്നതും ഇന്ത്യൻ സർക്കാർ അതിന് കൂട്ടുനിൽക്കുന്നതും.

ദോഹ പ്രഖ്യാപനം
ലോകവ്യാപാരസംഘടനയിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളും നടപ്പാക്കേണ്ട മിനിമം ബൗദ്ധികസ്വത്തവകാശനിയമങ്ങളാണ് ട്രിപ്‌സിൽ (Trade Related Aspects of Intellectual Property Rights) ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ എൻ.ഡി.എ., യു.പി.എ. സർക്കാറുകൾ വരുത്തിയ ഭേദഗതികളോടെയാണ് 2005-ൽ പുതിയ പേറ്റന്റ് നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽവന്നത്. ട്രിപ്‌സ് നിയമം നടപ്പാക്കിയതിനെത്തുടർന്ന് നിരവധി വികസ്വരരാജ്യങ്ങളിൽ ജീവൻരക്ഷാ ഔഷധങ്ങളുടെ വില കുതിച്ചുയർന്നു. ഇതേത്തുടർന്ന് ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളുടെ സമ്മർദഫലമായി 2001 നവംബറിൽ ദോഹയിൽ ചേർന്ന ലോകവ്യാപാരസംഘടനയുടെ നാലാം മന്ത്രിതല സമ്മേളനത്തിൽ ചില വിട്ടുവീഴ്ചകൾക്ക് (Doha Flexibilities) ലോകവ്യാപാരസംഘടന തയ്യാറായി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി നിർബന്ധിത ലൈസൻസിങ് വ്യവസ്ഥ നടപ്പാക്കാൻ വികസ്വരരാജ്യങ്ങളെ അനുവദിച്ചതാണ് ഇതിൽ പ്രധാനപ്പെട്ടത്. പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്ന ഏത് അടിയന്തര സാഹചര്യത്തിലും നിർബന്ധിത ലൈസൻസ് നടപ്പാക്കാമെന്ന് ദോഹ പ്രഖ്യാപനത്തിൽ പറയുന്നു. മാത്രമല്ല, നിർബന്ധിത ലൈസൻസ് നടപ്പാക്കുന്നതിനുള്ള അടിയന്തര സാഹചര്യങ്ങൾ എന്തെന്ന് തീരുമാനിക്കാനുള്ള അവകാശവും അംഗരാജ്യങ്ങൾക്കുണ്ടാവുമെന്ന്‌ ദോഹപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

ദോഹ പ്രഖ്യാപനത്തെത്തുടർന്ന് നിരവധി രാജ്യങ്ങൾ നിർബന്ധിത ലൈസൻസിലൂടെ ജീവൻരക്ഷാ മരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 17 രാജ്യങ്ങളിലായി 24 ഔഷധങ്ങൾക്ക് നിർബന്ധിത ലൈസൻസ് അനുവദിച്ചിട്ടുണ്ട്‌. ഇവയിൽ കൂടുതലും എയ്ഡ്‌സ് രോഗത്തിനുള്ള മരുന്നുകളാണ്. ചില രാജ്യങ്ങൾ നിർബന്ധിത ലൈസൻസ് ഏർപ്പെടുത്തുമെന്ന സമ്മർദംചെലുത്തി മരുന്നുകമ്പനികളുമായി വിലപേശിയതിനെത്തുടർന്ന് വിലകുറച്ച് മരുന്ന് മാർക്കറ്റ് ചെയ്യാമെന്ന് പല കമ്പനികളും സമ്മതിച്ചിട്ടുണ്ട്.

നിർബന്ധിത ലൈസൻസ്
-1ഔഷധങ്ങളുടെ അമിതവില, ഔഷധ ദൗർലഭ്യം, രാജ്യത്തിന്റെ ആവശ്യമനുസരിച്ചുള്ള അളവിൽ മരുന്നുത്‌പാദിപ്പിക്കാൻ കമ്പനികൾക്ക് കഴിയാത്ത അവസ്ഥ, പേറ്റന്റ് അനുവദിച്ച് നിശ്ചിത കാലയളവിനുള്ളിൽ മരുന്നുത്‌പാദിപ്പിക്കാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധിത ലൈസൻസ് പ്രകാരം പേറ്റന്റ് എടുക്കാത്ത കമ്പനികൾക്ക് മരുന്ന്‌ ഉത്‌പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ് ഓഫീസിന്‌ നൽകാനാവും. ലോകത്ത് പലരാജ്യങ്ങളിലും നിർബന്ധിത ലൈസൻസ്‌വ്യവസ്ഥ പ്രകാരം മരുന്നുത്‌പാദിപ്പിക്കാൻ കമ്പനികൾക്ക് അനുവാദം നൽകിയിട്ടുണ്ട്‌. ഇന്ത്യ ഇതുവരെ നിർബന്ധിത ലൈസൻസിങ്‌ പ്രയോഗിച്ചിരുന്നില്ല.

നിർബന്ധിത ലൈസൻസ് വ്യവസ്ഥപ്രകാരം കാൻസർ ചികിത്സയ്ക്കുള്ള വിലകുറഞ്ഞ മരുന്ന്‌ ഉത്‌പാദിപ്പിക്കാൻ ഒരു ഇന്ത്യൻ കമ്പനിയെ അനുവദിച്ചുകൊണ്ട്‌, ഇന്ത്യൻ പേറ്റന്റ് കൺട്രോളർ പി.എച്ച്. കുര്യൻ 2012 മാർച്ചിൽ പുറപ്പെടുവിച്ച ചരിത്രംസൃഷ്ടിച്ച ഉത്തരവ് ബഹുരാഷ്ട്ര മരുന്നുകമ്പനികളെ ഞെട്ടിച്ചു. ജർമൻ കമ്പനിയായ ബേയർ കോർപ്പറേഷന്റെ, നെക്സാവർ (Nexavar) എന്ന കമ്പനിനാമത്തിൽ വിൽക്കുന്ന സൊറാഫെനിബ് റ്റൊസിലേറ്റ്(Sorafenib Tosylate) എന്ന കാൻസറിനുള്ള മരുന്ന് ഒരുമാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയ്ക്ക് വിറ്റിരുന്ന സ്ഥാനത്ത് കേവലം 8800 രൂപയ്ക്ക് ഉത്‌പാദിപ്പിച്ച് മാർക്കറ്റ് ചെയ്യാൻ തയ്യാറായ ഇന്ത്യൻ കമ്പനിയായ നാറ്റ്‌കോയ്ക്കും വിലകുറഞ്ഞ മരുന്നുത്‌പാദിപ്പിക്കാൻ തയ്യാറുള്ള മറ്റു കമ്പനികൾക്കും നിർബന്ധിത ലൈസൻസിങ്‌ വഴി അതിനുള്ള അവസരം പേറ്റന്റ് കൺട്രോളർ നൽകി. ആയിടെ ഇന്ത്യ സന്ദർശിച്ച അന്നത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റൻ ഇന്ത്യൻ ഐ.പി.ആറിലെ ഇത്തരം വകുപ്പുകൾ പ്രയോഗിക്കുന്നതിലുള്ള അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പി.എച്ച്. കുര്യന്റെ ഉത്തരവിനെതിരെ ബേയർ നൽകിയ അപ്പീൽ സുപ്രീംകോടതി പിന്നീട് തള്ളിക്കളഞ്ഞു. ഏറ്റവും അവസാനം ലഭിച്ച വിവരമനുസരിച്ച് ബേയർ നെക്സാവർ 1,40,215 രൂപയ്ക്കും സിപ്ല അവരുടെ ബ്രാൻഡ് മരുന്ന് സൊറാനിബ് (Soranib) കേവലം 3400 രൂപയ്ക്കുമാണ് (200 മില്ലിഗ്രാം) വിറ്റുവരുന്നത്.

(ഡി) വകുപ്പ്
അനാവശ്യ പേറ്റന്റുകൾ ഒഴിവാക്കുന്നതിനുള്ള 3(ഡി) വകുപ്പ് നീക്കംചെയ്യണമെന്നതാണ് അമേരിക്കയുടെ മറ്റൊരാവശ്യം. ചികിത്സാപരമായി പ്രസക്തിയില്ലാത്ത നേരിയ മാറ്റം രാസവസ്തുക്കളിൽ വരുത്തിയും പഴയ ഔഷധങ്ങൾക്ക് പുതിയ ഉപയോഗം അവകാശപ്പെട്ടും മറ്റും പേറ്റന്റ് കാലാവധി നീട്ടുന്നതിൽനിന്ന് മരുന്നുകമ്പനികളെ വിലക്കുന്ന 3(ഡി) എന്ന വകുപ്പ് ഇടതുപാർട്ടികളുടെ ഇടപെടലിനെത്തുടർന്നാണ് പേറ്റന്റ് നിയമത്തിൽ ഉൾപ്പെടുത്തിയത്. 3(ഡി) വ്യവസ്ഥ ട്രിപ്‌സ് നിയമങ്ങൾക്കെതിരാണെന്നവകാശപ്പെട്ട് നൊവാർട്ടിസ് (Novartis) എന്ന സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനി ഫയൽചെയ്ത കേസ് കഴിഞ്ഞവർഷം സുപ്രീംകോടതി തള്ളിക്കളഞ്ഞത് സാർവദേശീയശ്രദ്ധയാകർഷിച്ചിരുന്നു. ജിലിയാഡ് സയൻസസ് എന്ന അമേരിക്കൻ കമ്പനിയുടെ, ഹെപ്പറ്റൈറ്റിസ് സി എന്ന കരൾരോഗത്തിനുള്ള വിലകൂടിയ വാക്സിന് പേറ്റന്റ് നൽകാൻ 3(ഡി) വകുപ്പ് പ്രയോഗിച്ച് ഇന്ത്യൻ പേറ്റന്റ് കൺട്രോളർ അനുമതി നിഷേധിച്ചിരുന്നു. ഇതെല്ലാം അമേരിക്കയെ അരിശംകൊള്ളിച്ചിരുന്നു. കോടതിയുടെയും പേറ്റന്റ് കൺട്രോളറുടെയും ഇടപെടൽ അവസാനിപ്പിക്കുന്നതിനാണ് പേറ്റന്റ് നിയമംതന്നെ മാറ്റണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നത്.

വിവരകുത്തകനിയമം
നിർബന്ധിത ലൈസൻസിങ് നിഷ്‌ക്രിയമാക്കാൻ, വികസിതരാജ്യങ്ങളുടെമേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു നിയമമാണ് വിവരകുത്തകനിയമം. ഔഷധങ്ങൾക്ക് പേറ്റന്റ് നൽകുമ്പോൾ ഔഷധോത്‌പാദനം സംബന്ധിച്ച് എല്ലാ വിവരങ്ങളും ഡ്രഗ്‌സ് കൺട്രോളർക്ക് നൽകണമെന്നാണ് ഇപ്പോഴുള്ള നിയമം. ഇതിൽ ഔഷധത്തിന്റെ പാർശ്വഫലങ്ങളും ഫലസിദ്ധിയും മരുന്ന് കണ്ടെത്തുന്നതിനായി നടത്തുന്ന പരീക്ഷണവിവരങ്ങളും ഉൾപ്പെടുന്നു. പേറ്റന്റ് കാലാവധി കഴിഞ്ഞാൽ ഈ വിവരങ്ങൾ താത്പര്യമുള്ള ആർക്കും ലഭിക്കുന്നതാണ്. പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾ വിലകുറച്ച് ജനറിക്നാമത്തിൽ മാർക്കറ്റ്‌ചെയ്യുന്ന കമ്പനികൾ ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്‌പാദനം നടത്തുന്നത്. അഞ്ചുവർഷത്തേക്ക് ഒരുസാഹചര്യത്തിലും ഔഷധപരീക്ഷണവിവരങ്ങൾ പുറത്തുവിടാതിരിക്കണമെന്ന്‌ വിവരകുത്തകനിയമം നിഷ്കർഷിക്കുന്നു. വിവരകുത്തകനിയമം പ്രാബല്യത്തിൽവന്നാൽ പേറ്റന്റ്‌നൽകി അഞ്ചുവർഷത്തേക്ക് നിർബന്ധിത ലൈസൻസ് ഉപയോഗിക്കാൻ പറ്റാതെവരും. പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾ തുടർന്നും വൻവിലയ്ക്കു വിൽക്കാൻ കുത്തകക്കമ്പനികൾക്ക് അവസരം ലഭിക്കുകയും ചെയ്യും.

ലോകമെമ്പാടുമുള്ള ജനകീയാരോഗ്യപ്രവർത്തകർ പാവപ്പെട്ടവരുടെ മരുന്നുകട, വികസ്വരരാജ്യങ്ങളുടെ ഫാർമസി എന്നെല്ലാം വിശേഷിപ്പിക്കുന്ന ഇന്ത്യൻ ഔഷധമേഖലയുടെ തകർച്ചയ്ക്കു കാരണമായേക്കാവുന്ന പേറ്റന്റ് നിയമ ഭേദഗതികൾക്കെതിരെ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യാസന്ദർശനത്തിനു പുറപ്പെടുന്ന അവസരത്തിൽ പബ്ലിക് സിറ്റിസൺ, ട്രീറ്റ്‌മെന്റ് ആക്‌ഷൻ ഗ്രൂപ്പ് തുടങ്ങിയ 11 സന്നദ്ധസംഘടനകൾ ചേർന്ന് ഒബാമയ്ക്കയച്ച കത്തിൽ, നിരവധി രാജ്യങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞവിലയ്ക്കു നൽകുന്ന ഇന്ത്യൻ ഔഷധമേഖലയ്ക്ക്‌ ഹാനികരമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് ഒബാമയോടാവശ്യപ്പെട്ടിരുന്നു. ദരിദ്രരായ എയ്ഡ്‌സ് രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നതിനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പദ്ധതിയിലേക്കുള്ള (American President’s Emergency Plan for AIDS Relief) 97 ശതമാനം മരുന്നും ഇന്ത്യൻ കമ്പനികളാണു നൽകുന്നതെന്ന് ഇവർ പ്രസിഡന്റ് ഒബാമയെ ഓർമിപ്പിക്കുകയുണ്ടായി. വൻകിട മരുന്നുകമ്പനികളുടെ സമ്മർദത്തിനു വഴങ്ങി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്താൻ അമേരിക്കൻ സർക്കാർ കൂട്ടുനിൽക്കരുതെന്നും ഒബാമയോട് ഈ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംഭവിച്ചത് മറിച്ചാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

ഔഷധവിലനിയന്ത്രണ നിയമത്തിൽ വെള്ളം ചേർക്കുകയും പുതുതായി പേറ്റന്റ് ചെയ്യപ്പെട്ട മരുന്നുകൾ വിലനിയന്ത്രണത്തിൽനിന്ന്‌ ഒഴിവാക്കുകയും ചെയ്തതോടെ ഇന്ത്യയിൽ ഔഷധവില കുതിച്ചുയർന്നുകൊണ്ടിരിക്കയാണ്. മരുന്നുവില കുറയ്ക്കാൻ ഇന്ത്യാസർക്കാറിന്റെ കൈയിലുള്ളതും ലോകവ്യാപാരസംഘടന അംഗീകരിച്ചതുമായ ശക്തമായ വകുപ്പാണ് നിർബന്ധിത ലൈസൻസ് വ്യവസ്ഥ. ഇതുകൂടി നീക്കംചെയ്താൽ ഔഷധവില ഒരു നിയന്ത്രണവുമില്ലാതെ വർധിച്ചുകൊണ്ടിരിക്കും. കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി പുതുതായി കണ്ടെത്തിക്കൊണ്ടിരിക്കുന്ന കൂടുതൽ ഫലവത്തും പാർശ്വഫലങ്ങൾ കുറഞ്ഞവയുമായ മരുന്നുകളുടെ പ്രയോജനം ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ലഭ്യമല്ലാതെപോവും.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനംമാത്രം വരുന്ന കേരളീയരാണ് രാജ്യത്ത് വിറ്റുവരുന്ന മരുന്നിന്റെ 10 ശതമാനത്തോളം ഉപയോഗിക്കുന്നത്. കേരളത്തിൽ മൊത്തം ആരോഗ്യച്ചെലവിന്റെ 35 ശതമാനവും മരുന്നിനായാണു ചെലവിടേണ്ടിവരുന്നത്. കാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങൾക്കാവശ്യമായ മരുന്നുകളുടെ വിലയാണ് പ്രധാനമായും വർധിച്ചുവരുന്നത്. ഇത്തരം രോഗമുള്ളവർ കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഔഷധവിലവർധന കുടുംബബജറ്റുകളെ മാത്രമല്ല ഇപ്പോൾത്തന്നെ ആരോഗ്യാവശ്യങ്ങൾക്കുള്ള സാമ്പത്തികസ്രോതസ്സ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സംസ്ഥാനസർക്കാറിന്റെ ബജറ്റിനെയും പ്രതിസന്ധിയിലാക്കും.

(Mar 9, 2016)

— source mathrubhumi.com by ഡോ. ബി. ഇക്ബാൽ 2017-11-23

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )