മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്

മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കന്‍ അവസാനം ഹൈക്കോടതി ഉത്തരവിറക്കി. സകലരും സഭ അദ്ധ്യക്ഷനായ ആലഞ്ചേരി ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നു. പള്ളീലച്ചന്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. പക്ഷേ സത്യത്തില്‍ ആലഞ്ചേരി ഒരു ഇരമാത്രമാണ്. അദ്ദേഹത്തെ ക്രൂശിക്കുന്നത് കൊണ്ട് പരിഹാരമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത്ഭുതം തോന്നുന്നോ ഇത് കേട്ടിട്ട്?

പ്രതികരണ തൊഴിലാളികളായ നാം കഴിഞ്ഞ കാലത്ത് നടത്തിയ പ്രതികരണങ്ങളെല്ലാം ഒന്ന് പുനര്‍പരിശോധിച്ചേ. ദളിതനെതിരായ ആക്രമണമായാലും, നടിക്കെതിരായ ആക്രമണമായാലും, സ്ത്രീകള്‍ക്കെതിരായ ആക്രമണമായാലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമായാലും നാം എങ്ങനെയാണ് പ്രതികരിച്ചത്? സംശയം വേണ്ട, നമുക്ക് കുറ്റവാളിയായ ഒരു ഇരയുണ്ടാകും. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ അയാളാവും. അയാള്‍ക്ക് ശക്തമായ ശിക്ഷ കൊടുത്ത് ഇനി ആരും ഇതൊന്നും ആവര്‍ത്തിക്കരുത് എന്ന് സന്ദേശം സമൂഹത്തിന് കൊടുക്കണം എന്ന് നമ്മളെല്ലാം ആവശ്യപ്പെടുന്നു. പക്ഷേ കുറ്റകൃത്യങ്ങള്‍ക്ക് എന്തെങ്കിലും കുറവ് വരുന്നുണ്ടോ? ഇല്ല എന്ന് മാത്രമല്ല, അത് നാം പരിശോധിക്കുക കൂടിയില്ല. പ്രതികരണത്തൊഴിലാളികളായ നമുക്ക് അതറിയേണ്ട കാര്യമില്ലല്ലോ. ശരി അടുത്ത പ്രശ്നം വരട്ടേ… എന്നാണ് നമ്മുടെ ഭാവം. (അതിനെക്കുറിച്ച് സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം എന്നൊരു കുറിപ്പുകള്‍ എഴുതിയിരുന്നു.)

ഇവിടെ പുതിയ പ്രശ്നമെന്നത് ഒരു മത നേതാവിന് മേലാണ് ആരോപണം വരുന്നത്. അതും കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍. മതവും ദൈവവുമൊക്കെ മനുഷ്യന്റെ ആത്മീയ, മാനസിക സമാധാനത്തിന് വേണ്ടിയുള്ള സ്ഥാപനങ്ങളാണ്. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്ന ഈ ആരോപണങ്ങളെല്ലാം തികച്ചും ലൌകികമായ കാര്യങ്ങളെ കുറിച്ചുമാണ്. വസ്തു വില്‍ക്കുന്നു, കടം വാങ്ങുന്നു, പലിശ കൊടുക്കുന്നു, ഇടനിലക്കാര്‍ പണം തന്നില്ല, നഷ്ടം വരുന്നു. ഇതൊന്നും ആത്മീയമായ കാര്യമല്ല. അപ്പോള്‍ ചോദ്യം എന്നത് എന്തിന് മത-ആത്മീയ സ്ഥാപനങ്ങള്‍ ഇത്തരം മ്ലേഛമായ പണമിടപാടുകളില്‍ പങ്കെടുക്കുന്നു?

അതാണ് പണത്തിന്റെ മായാ ലോകം. പണം താങ്കളെ അഴിമതിക്കാരനാക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് പണമെന്ന് താങ്കള്‍ ചോദിച്ചിട്ടുണ്ടോ? ഇല്ല, താങ്കള്‍ക്കത് അറിയാം എന്നാവും ഭാവം, അല്ലേ. സത്യത്തില്‍ പണം എന്നാല്‍ മറ്റാരോ എടുത്ത കടം ആണ്. താങ്കള്‍ അദ്ധ്വാനിച്ച് നേടിയെടുത്തതാണെങ്കില്‍ കൂടിയും അത് മറ്റാരോ എടുത്ത കടം കൈമാറി താങ്കളുടെ കൈയ്യിലെത്തിയതാണ്. വാണിജ്യ ബാങ്കുകളാണ് അത് നിര്‍മ്മിക്കുന്നത്. ഇന്‍ഡ്യയില്‍ 85% ഉം, അമേരിക്കയില്‍ 95% വും ബ്രിട്ടണില്‍ 97% ഉം ഇങ്ങനെ ബാങ്ക് നിര്‍മ്മിക്കുന്ന പണമാണ്. അത് വേറൊരു പ്രശ്നം. അതല്ലല്ലോ ഇവിടുത്തെ ചര്‍ച്ചാ വിഷയം. അതിലേക്ക് വരാം.

മുതലാളിത്തം എന്ന നമ്മുടെ ഈ പിരമിഡ് വ്യവസ്ഥയില്‍ കൂടുതല്‍ പണമെന്നാല്‍ കൂടുതല്‍ അധികാരം എന്നാണ്. അതുകൊണ്ട് എല്ലാവര്‍ക്കും എങ്ങനെയും കഴിയുന്നത്ര പണം സ്വന്തമാക്കി ഈ പിരമിഡ് വ്യവസ്ഥയുടെ മുകളിലേക്ക് കടന്ന് കൂടാക എന്നതാകുന്നു ലക്ഷ്യം. അത് മാത്രമല്ല, നിങ്ങള്‍ക്ക് രണ്ട് സാദ്ധ്യതകള്‍ മാത്രമേ ഈ വ്യവസ്ഥയിലുള്ളു. ഒന്നുകില്‍ ഏറ്റവും അടിത്തട്ടിലെ കൂലിപ്പണി ചെയ്ത് ദുരിതപൂര്‍ണ്ണമായ കാലം കഴിക്കുക. അല്ലെങ്കില്‍ പിമിഡിന്റെ മുകളിലേക്ക് കയറി ഉന്നത ആഡംബര സുഖജീവിതം നയിക്കുക. ആര്‍ക്കും സ്വയം നശിക്കാന്‍ ആഗ്രഹമുണ്ടാവില്ലല്ലോ. അതുകൊണ്ട് എല്ലാവരും മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നു. ആശ്രമത്തിന്റെ ഫലമായാണ് സമ്പദ്‌വ്യവസ്ഥ ഉണ്ടാകുന്നത്. അല്ലെങ്കില്‍ ആ ശ്രമത്തെ തന്നെ സമ്പദ്‌വ്യവസ്ഥ എന്ന് പറയാം.

മുകളിലേക്ക് കയറിയവര്‍ക്ക് സുഖമായ ജീവിതമാണെന്നത് സത്യത്തില്‍ ഒരു തോന്നല്‍ മാത്രമാണ്. അവര്‍ക്കും രണ്ട് ജോലിയുണ്ട്. ഒന്ന് ഇപ്പോഴുള്ള നില നിലനിര്‍ത്തുക, രണ്ട് ഇനിയും മുകളിലേക്ക് കയറുക. എങ്ങനേയും പിടിച്ച് നില്‍ക്കാന്‍ അതത് നിലകളിലുള്ളവര്‍ ആ നിലക്കനുസൃതമായ എന്ത് പ്രവര്‍ത്തിയും ചെയ്യുന്നതില്‍ മടിയുള്ളവരല്ല. അങ്ങനെ ഈ വ്യവസ്ഥ ഒരേ സമയം തന്നെ ഒരു പോലെ മുകളിലുള്ളവരേയും താഴെയുള്ളവരേയും എന്തിന് നമ്മുടെ ജീവന് അടിസ്ഥാനമായ പ്രകൃതിയെ പോലും ദ്രോഹിക്കുന്നു എന്ന് ഇതിനെക്കുറിച്ച് 150 വര്‍ഷം മുമ്പേ പഠിച്ച ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. വ്യക്തികള്‍ മാത്രമല്ല, സ്ഥാപനങ്ങളും, സര്‍ക്കാരുകളും, കമ്പനികളും, ആത്മീയരും ഒക്കെ ഈ സ്വഭാവത്തില്‍ നിന്ന് അതീതരല്ല. അത് കുറ്റവാളികളെ സൃഷ്ടിക്കുകയും അവരെ ക്രൂശിക്കുകയും പുതിയ കുറ്റവാളികള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു.

ആലഞ്ചേരിയും അങ്ങനെ കുറ്റവാളിയായി ആരോപിക്കപ്പെട്ടതാണ്. ആലഞ്ചേരി മാത്രമല്ല ഈ വ്യവസ്ഥ കുറ്റക്കാരമെന്ന മുദ്രകുത്തുന്നതവരിലെ വലിയ ഭൂരിപക്ഷവും ഇങ്ങനെ കുറ്റവാളികളായവരാണ്. സത്യത്തില്‍ ഇവരല്ല കുറ്റവാളികള്‍, പകരം മനുഷ്യനേയും മറ്റ് ജീവിവര്‍ഗ്ഗങ്ങളേയും പോലും നശിപ്പിക്കുന്ന ഈ പിരമിഡ് വ്യവസ്ഥയാണ് കുറ്റവാളി. ഈ വ്യവസ്ഥയുമായി വിമര്‍ശനാത്മകമായ നിലപാടെടുക്കാത്ത എല്ലാവരും ഈ അഴുക്കുചാലിലേക്ക് വീഴും എന്ന് Richard Pryor പറയുന്ന വ്യവസ്ഥ.

എന്നാല്‍ ആ വിമര്‍ശനം പോലും സംവരണം ചെയ്യപ്പെട്ടതാണ്. കമ്യൂണിസ്റ്റുകാര് മാത്രമേ അതിനെ വിമര്‍ശിക്കാവൂ എന്നാണ്. ഇത് ഈ വ്യവസ്ഥയുടെ തന്നെ തന്ത്രമാണ്. അതായത് കമ്യൂണിസ്റ്റുകാരോടെ എതിര്‍പ്പുള്ളവരെല്ലാം വ്യവസ്ഥയെ അനുകൂലിച്ചുകൊള്ളണം എന്ന്. അതാണ് നടക്കുന്നത്. മുതലാളിത്തത്തിന് ആരോടും തൊട്ടുകൂടായ്മയില്ല. അതുകൊണ്ടാണല്ലോ ലോകത്തിന്റെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യത്തിന് ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത രാജ്യത്തിന്റെ ചങ്ങാതിയാവുകുയും അവര്‍ക്ക് വേണ്ട കൂലിപ്പണി ചെയ്തുകൊടുക്കുകയും ചെയ്യുന്നത്. കൊടിയുടെ നിറം ചുവപ്പാണെങ്കിലും നിങ്ങള്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ചെയ്യുന്നെങ്കില്‍ മുതലാളിത്തത്തിന് നിങ്ങള്‍ പ്രീയപ്പെട്ടവരാകും. അതുകൊണ്ട് നമുക്ക് ആദ്യം വേണ്ടത് നാം ആരായാലും, ഏത് പാര്‍ട്ടിക്കാരായാലും ഈ കുറ്റവാളി വ്യവസ്ഥയെ വിമര്‍ശിക്കുക എന്ന പ്രവര്‍ത്തി ചെയ്യുകയാണ്. അത് കമ്യൂണിസ്റ്റുകാരുടെ കുത്തകയല്ല. കുത്തകയാണെന്ന് ഭാവിക്കുന്നത് ഒരു തട്ടിപ്പാണ്. വ്യവസ്ഥക്ക് ഒരു പോറലുപോലുമുണ്ടാക്കാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്ത്രം.

ആത്മീയ സ്ഥാപനങ്ങള്‍ എന്തിന് പണം ഉപയോഗിക്കുന്നു? പണത്തെ പൂര്‍ണ്ണമായി വര്‍ജ്ജിക്കുക. താങ്കളുടെ ദൈവത്തെ പണം അശുദ്ധമാക്കെ നോക്കേണ്ടത് താങ്കളുടെ കടമയാണ്. ആത്മീയ സ്ഥാപനങ്ങള്‍ എന്തിന് പണം വാങ്ങുന്ന വിദ്യാലയങ്ങളും, ആശുപത്രികളും മറ്റും നടത്തുന്നു? അവ സര്‍ക്കാരിന് തിരികെ കൊടുക്കുക. സര്‍ക്കാരിന്റെ ജോലിയാണ് പൊതുകാര്യങ്ങള്‍‍ ചെയ്യുന്നത്. വിശ്വാസി ജനം അധാര്‍മ്മികതയുടേയും അനീതികളുടേയും അഴുക്കുചാലില്‍ കിടന്നുഴലുമ്പോള്‍ മതവും ആത്മീയതയും പണവ്യവസ്ഥയുടെ ഇരകളായി മാറാന്‍ പാടില്ല. മനുഷ്യന്റെ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ മാത്രം മുഴുകി അവരുടെ ആത്മീയമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. നിയന്ത്രണമില്ലാത്ത മുതലാളിത്തം ചെകുത്താന്റെ ചാണകമാണെന്ന് വരെ പോപ്പ് ഫ്രാന്‍സിസ് പറഞ്ഞ കാലമാണിത്. അതുകൊണ്ട് വിശ്വാസികളെല്ലാം മുതലാളിത്തത്തിനെതിരായ സമരത്തിലേക്ക് എത്തിച്ചേരുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )