അടുത്തകാലത്ത് മഴ എപ്പോള്‍ പെയ്താലും പറയുന്ന ഒരു ന്യായീകരണമാണ് ന്യൂനമര്‍ദ്ദം. ഉഗാണ്ടയില്‍ ന്യൂനമര്‍ദ്ദമുണ്ടായി. അതിനാല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും. നമുക്ക് ഉത്തരമെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി സമാധാനപരമായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകാം. അല്ലേ?
ന്യൂനമര്‍ദ്ദം എന്നത് ശരിക്കും ഒരു തട്ടിപ്പാണ്. നമ്മുടെ ശ്രദ്ധ മാറ്റാന്‍ പറയുന്ന കാര്യം. ന്യൂനമര്‍ദ്ദം പണ്ടും ഉണ്ടാകാറില്ലേ? ഇപ്പോഴെന്താണ് പ്രശ്നം. ഇവിടെ മാത്രമല്ലല്ലോ, ലോകം മൊത്തം എന്തേ ന്യൂനമര്‍ദ്ദം ഒരു വാര്‍ത്തയാവുന്നു? എന്തേ തീവൃകാലാവസ്ഥ എന്നത് ഒരു സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്നു? ഇത്തരം അനേകം ചോദ്യങ്ങള്‍. ന്യൂനമര്‍ദ്ദം എന്ന ഒറ്റ വാക്കില്‍ നാം പ്രശ്നത്തെ ഒതുക്കുമ്പോള്‍ ശരിക്ക് ചോദിക്കേണ്ട ധാരാളം ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്.
കേരളത്തില്‍ തന്നെ മഴക്ക് കഴിഞ്ഞ 10 വര്‍ഷത്തില്‍ തന്നെ വലിയ ഒരു മാറ്റം വന്നിട്ടുണ്ട് എന്ന് നമുക്കെല്ലാം അനുഭവമുള്ള കാര്യമാണ്. അതായത് മഴത്തുള്ളികള്‍ക്ക് വലിപ്പം കൂടി. 5 മിനിട്ട് മഴ പെയ്താല്‍ മതി മുറ്റം നിറയെ വെള്ളമായി. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? എന്നും നാം ഈ ന്യൂനമര്‍ദ്ദത്തെ പഴിച്ച് കഴിയണോ?
കടലിന്റെ താപനില കുറച്ച് കാലമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കൂടുതല്‍ ബാഷ്പീകരണം സംഭവിക്കും. അന്തരീക്ഷത്തിന്റേയും താപനില കൂടുന്നുണ്ട്. അതുകൊണ്ട് വായുവിന് കൂടുതല്‍ നീരാവിയെ സംഭരിച്ച് നിര്‍ത്താനുമാകുന്നു. പിന്നെ മഴക്കുള്ള ചുറ്റുപാട് തയ്യാറാവുമ്പോള്‍ ഈ നീരാവി വെള്ളമായി ഒറ്റയടിക്ക് ഭൂമിയില്‍ വീഴുന്നു.
മഴവെള്ളം ഇനി തറയില്‍ പതിച്ച് കഴിഞ്ഞാലുള്ള അവസ്ഥ എന്താണ്? പണ്ട് സ്പോഞ്ച് പോലെ വള്ളം വലിച്ചെടുത്തിരുന്ന കാടുകളിന്നില്ല. വെള്ളം പാതി മണ്ണൊലിപ്പിനാല്‍ ശേഷി കുറഞ്ഞ അണക്കെട്ടുകളെ മുക്കുന്നു. ഇനി അത് നാട്ടിന്‍ പുറങ്ങളിലെത്തിയാലോ പണ്ട് മണ്ണിലൂടെ താഴേക്ക് കിനിഞ്ഞിറങ്ങുന്നാനുള്ള അവസരം മുറ്റത്തും റോഡിന്റെ വശത്തുമെല്ലാം പാകിയിരിക്കുന്ന കോണ്‍ക്രീറ്റിനാല്‍ തടയപ്പെടുന്നു. അത് കുത്തിയൊലിച്ച് താഴ്ന്ന സ്ഥലത്തേക്ക് പോയി കെട്ടിക്കിടക്കുന്നു. രാസവളങ്ങളുടെ ഉപയോഗം മണ്ണിന് ജലം സംഭരിക്കാനുള്ള ശേഷിക്കുറക്കുന്നു.
എന്തുകൊണ്ടാണ് താപനില കൂടുന്നത്? ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരിയും എണ്ണയും നാം കത്തിക്കുന്നത് വഴി അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2)അളവ് വര്‍ദ്ധിക്കുന്നു. CO2 ഒരു ഹരിതഗ്രഹവാതകമാണ്. അതായത് അത് ചൂട് പുറത്ത് വിടാത്തെ ഒരു പുതപ്പ് പോലെയാണ്. ആ പുതപ്പിന്റെ കട്ടി കൂടും തോറും ഭൂമിയുടെ താപനില വര്‍ദ്ധിക്കും. അതിനെ ആഗോളതപനം എന്ന് വിളിക്കുന്നു. അങ്ങനെ ഭൂമിയുടെ കാലാവസ്ഥ മൊത്തത്തില്‍ തകിടം മറിയും. ഇതിനെ കാലാവസ്ഥാ മാറ്റമെന്ന ഓമനപ്പേരില്‍ വിളിക്കുന്നു.
അതുകൊണ്ട് തീവൃമഴയെന്നത് നാം കത്തിക്കുന്ന ഇന്ധനത്തിന്റെ പ്രതിഫലമാണ്. വണ്ടിയിലടിക്കുന്നതോ വൈദ്യുതിക്കായോ കത്തിക്കുന്ന ഫോസിലിന്ധനം മാത്രമല്ല കുഴപ്പം. സിമന്റ്, രാസവളം തുടങ്ങി നാം ഉപയോഗിക്കുന്ന എല്ലാം നിര്‍മ്മിക്കുന്നത് ഇപ്പോള്‍ ഫോസിലിന്ധനങ്ങള്‍കത്തിച്ചാണ്.
കാലാവസ്ഥാ മാറ്റം എങ്ങനെ കേരളത്തെ ബാധിക്കുമെന്നത് ഒരു ചോദ്യമായിരുന്നു ഇതുവരെ. ഇപ്പോള്‍ കാര്യം കൂടുതല്‍ വ്യക്തമായി. ചിലസ്ഥലങ്ങള്‍ കൊടിയ വരള്‍ച്ചയിലകപ്പെടുമ്പോള്‍ കേരളം പ്രളയത്തിന്റെ നാടായി മാറും എന്ന് തോന്നുന്നു. ന്യൂനമര്‍ദ്ദം എന്ന് പറയുന്നത് അടിസ്ഥാനമായ ഫോസിലിന്ധനമെന്ന അടിസ്ഥാന പ്രശ്നത്തിലില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്. അത് കേവലവാദമാണ്. അതുകൊണ്ട് ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ, ആഗോളതപനം എന്ന് പറയുക.
ഇപ്പോള്‍ നടക്കുന്നതൊക്കെ വെറും സാമ്പിളാണ്. ശരിക്കുള്ള മാറ്റം വരാനിരിക്കുന്നതേയുള്ളു. ഒത്തുപിടിച്ചാല്‍ നമുക്കത് വേഗം തന്നെ നടപ്പാക്കാം.
(താപനം എന്നൊരു വാക്കില്ല. ആഗോളതപനം എന്നതാണ് ശരിയായ വാക്ക്.)
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.