ഈ ജനസംഖ്യാവാദം കേട്ട് മടുത്തു

വ്യാവസായിക കൃഷി ശാസ്ത്രജ്ഞ തൊഴിലാളികളും മറ്റ് വികസന വാദികളും സ്ഥിരമായി പറയുന്ന വാദമാണ് ജനസംഖ്യാവാദം. ഇപ്പോള്‍ നമുക്ക് 130 കോടി ജനസംഖ്യയുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഇതാണ്. അതുകൊണ്ട് അടുത്ത് 30 വര്‍ഷത്തില്‍ മൊത്തം ജനസംഖ്യ ഇത്രയും ആകും. അവര്‍ക്ക് കഴിക്കാന്‍ ആഹാരം വേണം. അതിന് നാം കൂടുതല്‍ തീവൃമായി വ്യാവസായിക കൃഷി നടത്തണം. ശരിയല്ലേ ഇവര്‍ പറയുന്നത്?

കാള പെറ്റു… കയറെടുക്ക്… അല്ലേ. നിക്ക് .. നിക്ക് .. നിക്ക്. ആസൂത്രണത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവ് ചെയ്ത് ഒന്ന് പിറകോട്ട് വരൂ. എന്താണ് ഇവര്‍ പറയുന്ന അടിസ്ഥാന പ്രസ്ഥാവന? അത് ജനസംഖ്യ വര്‍ദ്ധിക്കുന്നു എന്നാണ് അല്ലേ. ശരി. നിങ്ങള്‍ ശാസ്ത്രബോധമുള്ള ആളാണെങ്കില്‍ ഈ പ്രസ്ഥാവന കിട്ടിയാല്‍ എന്ത് ചോദ്യമാകും നിങ്ങളുടെ മനസില്‍ ആദ്യം വരുന്നത്? ഓര്‍ക്കൂ…. അത് എന്തുകൊണ്ട് എന്ന ചോദ്യമാണ്. അതായത് എന്തുകൊണ്ട് ജനസംഖ്യ വര്‍ദ്ധിക്കുന്നു? ആ ചോദ്യം നിങ്ങള്‍ ചോദിച്ചോ? അതിന് ഉത്തരം കിട്ടിയോ?

ഇവമ്മാര് ബല്യ ചാത്രജ്ഞന്‍മാരും ചാത്ര പ്രചാരകരും ഉന്നതരും ഒക്കെയാണ്. പക്ഷേ ശാസ്ത്രബോധത്തിന്റെ ഏറ്റവും അടിസ്ഥാന ചോദ്യമായ എന്തുകൊണ്ട് എന്ന ചേദ്യം ചോദിച്ചിട്ടില്ല. അതിന് ഉത്തരവുമില്ല. അതിനെക്കുറിച്ച് പറയുന്നുമില്ല. പക്ഷേ പരിഹാരം കൃത്യമായുണ്ട്. ചോദ്യം ഒന്നും ചോദിക്കരുത്. ഞങ്ങള് പറയുന്നത് അങ്ങ് കേട്ടോണം. ഇതാണ് നയം. എന്തെങ്കിലും ചീഞ്ഞ് നാറുന്നതായി തോന്നുന്നോ? (എന്തുകൊണ്ടിനെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. അത് പിന്നീടാക്കാം.)

എന്തുകൊണ്ട് ജനസംഖ്യ വര്‍ദ്ധിക്കുന്നു?

എന്താവാം കാരണം. കൂടുതല്‍ ആഹാരം കിട്ടുന്നു, മെച്ചപ്പെട്ട ചികില്‍സ കിട്ടുന്നു. ഇതൊക്കെക്കൊണ്ടല്ലേ? ശരിയാണ്. പക്ഷെ അതാകുമോ ജനസംഖ്യാവര്‍ദ്ധനവിനെ മുന്നോട്ട് തള്ളുന്നത്? പക്ഷേ ഈ സിദ്ധാന്തം ശരിയാണെങ്കില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുണ്ടാകേണ്ടത് കൂടുതല്‍ ആഹാരവും മെച്ചപ്പെട്ട ചികില്‍സയും കിട്ടാന്‍ സാദ്ധ്യതയുള്ള ഏറ്റവും സമ്പന്നരായ ആളുകളുടെ വീട്ടില്ലല്ലേ? നമ്മുടെ ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചേ. സമ്പന്നരായ ആളുകളുടെ കുടുംബാംഗങ്ങളുടെ എണ്ണം കുറവാണ്. അപ്പോള്‍ വേറെന്തോ കാര്യമുണ്ടാകും.

ഒരു ചിന്താ പരീക്ഷണം

നിങ്ങള്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനാണെന്ന് കരുതുക. നിങ്ങള്‍ക്ക് വര്‍ദ്ധിച്ച് വരുന്ന ഒരു സ്ഥിരവരുമാനമുണ്ട്. നിങ്ങള്‍ വിവാഹം കഴിക്കുന്നു. ഭാര്യക്കും ജോലിയുണ്ട്. കുട്ടിയുണ്ടായി. മിക്ക മലയാളികളേയും പോലെ ഇവനെ നമുക്കൊരു ഡോക്റ്ററാക്കണമെന്ന് തീരുമാനിക്കുന്നു. ഇനി ഒരു കുട്ടി കൂടി മതി എന്ന് നിശ്ഛയിക്കുന്നു. അടുത്ത ഒരു 25 വര്‍ഷക്കാലം നിങ്ങളുടെ വരുമാനത്തിന്റെ നല്ല ഒരു അംശം അവരുടെ വിദ്യാഭ്യാസത്തിനായി ചിലാവക്കുന്നു. അവര്‍ മെച്ചപ്പെട്ട ഒരു തൊഴില്‍ കണ്ടെത്തി അവരുടെ വഴിക്ക് പോകുന്നു. കുട്ടികള്‍ ഒന്നോ രണ്ടോ മതി എന്ന് എന്തുകൊണ്ട് നിങ്ങള്‍ തീരുമാനിച്ചു? കാരണം കൂടുതല്‍ ഉയര്‍ന്ന സ്ഥാനമുള്ള തൊഴിലിലേക്ക് കുട്ടിയ എത്തിക്കാന്‍ കൂടുതല്‍ പണച്ചിലവും കൂടുതല്‍ കാലവും വേണം. കുട്ടികളുടെ എണ്ണം കൂടിയാല്‍ അത് നടക്കില്ല. താഴ്ന്ന കൂലിപ്പണിക്കാരായ 10 കുട്ടികളുള്ളതിനേക്കാള്‍ അഭിമാനമുള്ളതല്ലേ കളക്റ്ററായ ഒരു കുട്ടി മാത്രമുണ്ടാകുന്നത്.

ഇനി നമുക്ക് ഇതിന്റെ നേരേ വിപരീതം നോക്കാം. നിങ്ങള്‍ ഒരു പിച്ചക്കാരനാണെന്ന് കരുതുക. ഒരു ദിവസം പിച്ചയെടുത്താല്‍ 100 രൂപ കിട്ടുമെന്ന് കരുതുക. പിന്നീട് നിങ്ങള്‍ ഒരു പിച്ചക്കാരിയെ വിവാഹം കഴിക്കുന്നു. അപ്പോള്‍ നിങ്ങളുടെ കുടുംബത്തിന്റെ മൊത്തം വരുമാനം 200 രൂപയായി. നിങ്ങള്‍ക്ക് കുട്ടിയുണ്ടായി. അവനും പിച്ചയെടുക്കാന്‍ പോയി. അപ്പോള്‍ വരുമാനം 300 രൂപയായി. അതായത് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കുടുംബത്തിന്റെ വരുമാനം വര്‍ദ്ധിക്കുന്നു. എന്താവും നിങ്ങളുടെ ചിന്ത? എങ്ങനെയും അംഗ സംഖ്യ വര്‍ദ്ധിപ്പിക്കണം എന്നാകും നിങ്ങളുടെ ചിന്ത.

ഇത് സാങ്കല്‍പ്പികമായ കഥയാണെങ്കിലും സ്ഥിരവരുമാനമില്ലാത്തവരെ സംബന്ധിച്ചടത്തോളും അവരുടെ വീടിന്റെ തൊഴിലില്‍ സഹായിക്കാന്‍ ആളുകളുടെ എണ്ണം കൂടുന്നത് സാമ്പത്തികമായി അവര്‍ക്ക് ഗുണകരമായിരിക്കും. സമ്പത്തിന്റെ ഒരു പരിധി കഴിഞ്ഞാല്‍ മാത്രമേ അതിന് മാറ്റം വരുകയുള്ളു. അതായത് ആ നിലയിലെത്തിയാല്‍ പിന്നെ നാളെക്കുറിച്ച് ആസൂത്രണം ചെയ്യാനുള്ള ശേഷിയിലേക്ക് കുടുംബം എത്തും. ആ സ്ഥിതിയില്‍ എത്തിയാല്‍ പിന്നെ കുട്ടികളുടെ എണ്ണം കുറക്കുന്നതാണ് കൂടുതല്‍ നല്ല കാര്യം.

രാജ്യങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധനവുണ്ടാകുന്നത് ദരിദ്രരാജ്യങ്ങളിലാണ്. എന്നാല്‍ ഇന്ന് ലോകത്ത് പട്ടിണി കിടക്കുന്ന 82 കോടിപ്പേരുണ്ട്. ഇന്‍ഡ്യയുടെ ജനസംഖ്യയുടെ 80% ആളുകള്‍ ദിവസം 20 രൂപ വരുമാനത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്കൊന്നും നാളെ എന്നെരു ലോകമില്ല. പട്ടിണി, ദാരിദ്ര്യം, അക്രമം, പരിസ്ഥിതി ദുരന്തം തുടങ്ങിയ എല്ലാ അനീതികളും ഇവര്‍ക്ക് സഹിക്കേണ്ടിവരുന്നു. മുതലാളിത്തത്തിന്റെ ഗുണങ്ങളൊന്നും തന്നെ അനുഭവിക്കുന്നുമില്ല. പക്ഷെ അതുണ്ടാക്കുന്ന എല്ലാ ദുരിതങ്ങളും സഹിക്കുകയും ചെയ്യുകയാണ് ഇവര്‍. അവരെയാണ് നിങ്ങള്‍ കുറ്റപ്പെടുത്തുന്നത്. ഇരയെ വേട്ടക്കാരനായി വരുത്തുന്ന മുതലാളിത്തത്തിന്റെ സ്ഥിരം തന്ത്രം.

ദാരിദ്ര്യം കൊണ്ടാണ് ജനസംഖ്യ വര്‍ദ്ധിക്കുന്നത് എന്ന സത്യം മനസിലാക്കുക

അവരുടെ വാദമനുസരിച്ച് ജനസംഖ്യ വര്‍ദ്ധിക്കുന്നത് കൊണ്ടല്ലേ നമുക്ക് കൃഷി കൂട്ടേണ്ടിവരുന്നത്. അപ്പള്‍ ജനസംഖ്യ കുറയുകാണെങ്കിലോ? കുറച്ച് കൃഷി മാത്രം ചെയ്താല്‍ മതി. അതായത് നമുക്ക് ദാരിദ്ര്യം കുറച്ചാല്‍ ജനസംഖ്യാ വര്‍ദ്ധനവ് കുറക്കാനാകും. അതുകൊണ്ട് കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയും കൂടുതല്‍ സാങ്കേതികവിദ്യാ കേന്ദ്രീകൃതമാക്കുകയും ചെയ്യുന്നതിന് പകരം നാം ദാരിദ്ര്യം ഇല്ലാതാക്കുന്ന പരിപാടികള്‍ ചെയ്യണം. കൃ‍ഷിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അതാണ് ഏറ്റവും വലിയ കൃ‍ഷി. അതുകൊണ്ട് ഇനിയെങ്കിലും ജനസംഖ്യയെ കുറ്റം പറയുന്നത് നിര്‍ത്തുക. പകരം ദാരിദ്ര്യം ഇല്ലാതാക്കാനുള്ള രാഷ്ട്രീയ പദ്ധതികള്‍ ആവിഷ്കരിക്കുക.

***

ഓടോ:
ദാരിദ്ര്യം ഈ വ്യവസ്ഥയുടെ ഘടനാപരമായ കുഴപ്പമാണ്. ഈ സമൂഹത്തെ സംഘടിപ്പിച്ചിരിക്കുന്ന രീതിയുടെ കുഴപ്പമാണ്. ഞൊടുക്ക് വിദ്യകള്‍ കൊണ്ടോ വിപ്ലവം നടത്തിയോ അത് പരിഹരിക്കാമെന്ന് കരുതരുത്.

താങ്കള്‍ക്ക് ഒരു ഗൃഹപാഠം:
ഇവര്‍ എന്തുകൊണ്ട് ജനസംഖ്യാവാദം ഉന്നയിക്കുന്നു?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “ഈ ജനസംഖ്യാവാദം കേട്ട് മടുത്തു

  1. താങ്കളെപ്പോലുള്ള പ്രതിഭകളെ ലോകത്തിനാവശ്യമുണ്ട് . പക്ഷേ താങ്കളുടെ പല പിന്തിരിപ്പൻ തീരുമാനങ്ങളോട് യോജിക്കാനാവുന്നില്ല . ഉദാഹരണത്തിന് എനിക്ക് താങ്കൾക്ക് കുറച്ചു പണം അയച്ചു തരണമെന്ന് ആഗ്രഹിച്ചപ്പോൾ അതിന് സാധിക്കില്ല . കാരണം താങ്കൾ ഒരു ഗൂഗിൾ പേ പോലുള്ള അക്കൗണ്ട് ഇതുവരെ എടുത്തിട്ടില്ല. google pay എടുക്കാതെ താങ്കൾക്ക് പണം തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല . ക്ഷമിക്കുക നന്ദിപൂർവ്വം ശ്രീ G . 0.D

    1. ഹഹഹ…സൂപ്പര്‍ തമാശ ആണല്ലോ
      ക്ഷമിക്കണം. ഗൂഗിള്‍ എന്താണെന്ന് ശരിക്കറിയാവുന്ന എന്നെ പോലുള്ളവര്‍ക്ക് ഒരിക്കലും സ്വീകരിക്കാനാകാത്ത ഒരു കാര്യമാണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്.
      കാണുക https://neritam.com/?cat=1546633
      സംഭാവനക്ക് പകരം താങ്കള്‍ക്ക് ഈ സൈറ്റ കൂടുതലാളുകളുകളേക്കെത്തിക്കുന്ന പ്രവര്‍ത്തി ചെയ്യാനാകും.
      അഭിപ്രായം പറഞ്ഞതിനും സഹായങ്ങള്‍ക്കും വളരെ നന്ദി.

ഒരു അഭിപ്രായം ഇടൂ