കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്

സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉള്‍പ്പടെ എല്ലാ അംഗങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നത് സൂര്യനാണ്. ആ സൂര്യന്റെ ഉപരിതലത്തിലെ താപനില 5,505 °C ആണ്. സൂര്യനില്‍ നിന്ന് അകന്ന് പോകും തോറും ചൂടിന്റെ അളവ് കുറഞ്ഞ് വരും. 454 കോടി കിലോമീറ്റര്‍ അകലെയായ നെപ്റ്റ്യൂണില്‍ എത്തുമ്പോഴേക്കും താപനില −201 °C അവരെ എത്തുന്നു. അതായത് ചൂടേയില്ല എന്ന സ്ഥിതി. അപ്പോള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തിനാവണമെല്ലോ ഏറ്റവും കൂടുതല്‍ ചൂട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍.

ബുധന്‍ അല്ല ഏറ്റവും ചൂട് കൂടിയ ഗ്രഹം

സൂര്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഗ്രഹമാണ് ബുദ്ധന്‍. 6.9 കോടി കിലോമീറ്റര്‍ അകലെ വരെയുള്ള ഭ്രമണപഥത്തിലൂടെയാണ് അത് സഞ്ചരിക്കുന്നത്.അവിടുത്തെ ശരാശരി താപനില 67°C ആണ്. സൂര്യനില്‍ നിന്ന് 10.8 കോടി കിലോമീറ്റര്‍ അകലെയുള്ള ശുക്രനില്‍ ശരാശരി താപനില 462°C ആണ്. അതിനേക്കാള്‍ അകലെയുള്ള ഭൂമിയില്‍ ശരാശരി താപനില 14.2°C ഉം അതിനേക്കാളകലത്തിലുള്ള ചൊവ്വയില്‍ ശരാശരി താപനില −63°C ആണ്.

ഗ്രഹം ദൂരം കിലോമീറ്റര്‍ താപനില
ബുധന്‍ 6.9 കോടി 67°C
ശുക്രന്‍ 10.8 കോടി 462°C
ഭൂമി 15 കോടി 14.2°C
ചൊവ്വ 24 കോടി −63°C

സൂര്യനില്‍ നിന്ന് ബുധനേക്കാള്‍ ഇരട്ടി അകലത്തില്‍ നിന്നിട്ടും ബുധന് കിട്ടുന്ന സൌരോര്‍ജ്ജത്തിന്റെ 25% മാത്രം കിട്ടിയിട്ടും ശുക്രന് ബുധനേക്കാള്‍ കൂടുതല്‍ ചൂട് എങ്ങനെ കിട്ടുന്നു? ശുക്രന്‍ സ്വന്തമായി തീ കത്തിക്കുന്നുണ്ടോ? ഇല്ല.

നാം ഒരു പാത്രം ചൂട് ചായ മേശപ്പുറത്ത് വെച്ചിരുന്നാല്‍ കുറച്ച് കഴിയമ്പോള്‍ അതിന്റെ ചൂട് ഇല്ലാതാകുന്നത് കാണാനാകും. ചൂട് എവിടെ പോയി. അത് താപവികിരണമായി പുറത്തേക്ക് പോയി. ചൂടായ എല്ലാ വസ്തുക്കളില്‍ നിന്നും താപം വികിരണമായി പുറത്തേക്ക് പോകുന്നുണ്ട്. നമ്മുടെ ശരീരത്തില്‍ നിന്നും താപം പുറത്തേക്ക് പോകുന്നുണ്ട്. infrared ക്യാമറയിലൂടെ നോക്കിയാല്‍ അത് കാണാനാകും. പക്ഷേ നാം ഒരു പുതച്ചാല്‍ ചൂട് പുറത്തേക്ക് അത്ര വേഗം പോകില്ല. അതേ തത്വമാണ് ശുക്രനിലും പ്രവര്‍ത്തിക്കുന്നത്. അതിന് ഒരു പേരുണ്ട്. green house effect (ഹരിതഗൃഹപ്രഭാവം).

എന്താണ് ഹരിതഗ്രഹപ്രഭാവം

ആ പേര് വരാന്‍ ഒരു കാരണമുണ്ട്. നമ്മേ പോലെ ജീവിക്കാന്‍ അനുയോജ്യമായ ഒരു കാലാവസ്ഥയല്ല തണുപ്പ് രാജ്യങ്ങളിലുള്ളത്. അവിടെ തണുപ്പായാല്‍ സാധാരണ ചെടികള്‍ നശിച്ച് പോകും. അത്തരം സ്ഥലങ്ങളില്‍ കൃഷിക്കാര്‍ green house എന്ന് വിളിക്കുന്ന പ്രത്യേക കൂടാരങ്ങള്‍ക്കകത്താണ് കൃഷി ചെയ്യുന്നത്. അതിനകത്ത് ചെടികള്‍ക്ക് വളരാനാവശ്യമായ താപനിലയുണ്ടാകും. താപം പുറത്ത് പോകാതെ കൂടാരം ഒരു പുതപ്പ് പോലെ പ്രവര്‍ത്തിക്കും. പക്ഷേ സൂര്യപ്രകാശത്തെ അകത്തേക്ക് കടത്തിവിടുകയും ചെയ്യും.

ഗ്രഹങ്ങളുടെ ചുറ്റുമുള്ള പുതപ്പാണ് അവയുടെ അന്തരീക്ഷം. അത്തിലെ ചില വാതകങ്ങള്‍ കാരണമാണ് ഈ സ്വഭാവമുണ്ടാകുന്നത്. പ്രത്യേകിച്ച് രണ്ട് വ്യത്യസ്ഥ ആറ്റങ്ങളുള്ള വാതകങ്ങളിലും മൂന്നില്‍ കൂടുതല്‍ ആറ്റങ്ങളുള്ള എല്ലാ വാതകങ്ങളിലും ആണ് ഈ സ്വഭാവം കാണപ്പെടുന്നത്. ഉദാരണത്തിന് കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ് CO2, നീരാവി, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവ.

സൂര്യന്റെ ചൂട് കൊണ്ട് ഭൂമിയുടെ ഉപരിതലം ചൂടായിക്കഴിഞ്ഞാല്‍ അത് താപമായി തിരികെ വികിരണങ്ങള്‍ പുറത്തുവിടുന്നു. അന്തരീക്ഷത്തിലൂടെ പോകുന്ന ഈ വികിരണങ്ങള്‍ ഹരിതഗൃഹവാതകങ്ങള്‍ ആഗിരണം ചെയ്ത് സ്വയം ചൂടാവുന്നു. ഒരു പരിധി കഴിഞ്ഞാല്‍ അവയും പിന്നീട് താപം വികിരണമായി പുറത്തുവിടുന്നു. പക്ഷേ ഇവിടെ ഒരു പ്രത്യേകതയുണ്ട്. ഈ വാതക തന്‍മാത്രകള്‍ എല്ലാ ദിശയിലും വികിരണങ്ങള്‍ പുറത്തുവിടുന്നു. അതുകൊണ്ട് പുറത്തേക്ക് പോകേണ്ടിയിരുന്ന വികിരണത്തില്‍ പകുതി തിരികെ ഭൂമിയിലേക്ക് പതിക്കാന്‍ കാരണമാകുന്നു. അത് താപനില വീണ്ടും ഉയര്‍ത്തുന്നു. അത് ആവര്‍ത്തിക്കുന്നു. ഫലത്തില്‍ കിട്ടിയ ഊര്‍ജ്ജത്തിന്റെ വലിയൊരു ഭാഗം ഇവിടെ കുടുങ്ങിക്കിടക്കുന്നു. അത് അന്തരീക്ഷത്തിന്റേയും കടലിന്റേയും താപനില ഉയര്‍ത്തുന്നു. ഇതിനെയാണ് ആഗോളതപനം എന്ന് പറയുന്നത്. ജലത്തിന്റെ പ്രത്യേക സ്വഭാവം കാരണം അധികം ചൂടും ഇപ്പോള്‍ ആഗിരണം ചെയ്യുന്നത് കടലാണ് എന്നുകൂടി ഓര്‍ക്കുക.

Svante Arrhenius

1824 ല്‍ Joseph Fourier എന്ന ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചത്. അതായത് ഇത് പുതിയ കാര്യമൊന്നുമല്ല എന്ന് സാരം. അതിന് ശേഷം 1896 ല്‍ Svante Arrhenius എന്ന ശാസ്ത്രജ്ഞന്‍ ഇത് കൃത്യമായി തെളിവുകളോടുകൂടി കണക്കാക്കി. (അദ്ദേഹം ഗ്രറ്റ തുന്‍ബര്‍ഗ്ഗിന്റെ മുതു മുതു മുത്തച്ഛനാണ്.) Arvid Högbom എന്ന ശാസ്ത്രജ്ഞന്‍ അകാലത്തെ വ്യവസായശാലകളില്‍ നിന്ന് പുറത്തുവരുന്ന CO2 പ്രകൃതി ദത്തമായ geochemical പ്രവര്‍ത്തനം വഴി പുറത്തുവരുന്ന CO2ന് തുല്യമാണെന്ന് കണ്ടെത്തി. വ്യവസായവത്കരണത്തിന് മുമ്പുള്ള കാലത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡെന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ് അന്തരീക്ഷത്തില്‍ ഏകദേശം 280 parts per million (ppm) ആയിരുന്നു. അദ്ദേഹത്തിന്റെ കണക്കനുസരിച്ച് ഇത് ഇരട്ടിയായാല്‍ ഭൂമിയുടെ താപനില 5 – 6 °C കൂടും. 1906 ല്‍ അദ്ദേഹം ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. (ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള IPCC യുടെ കണക്ക് 2 – 4.5 °C ആണ്). 3000 വര്‍ഷങ്ങളെങ്കിലും കഴിഞ്ഞെങ്കിലേ ഇത് സംഭവിക്കുകയുള്ളു എന്നാണ് Arrhenius കരുതിയത്. എന്നാല്‍ എണ്ണയും കല്‍ക്കരിയും കത്തിച്ച് മനുഷ്യന്‍ ഉടന്‍ തന്നെ ഇത് നേടിയെടുക്കും.

ശുക്രനിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പൊള്ളിക്കുമെങ്കില്‍

സൂര്യനില്‍ നിന്ന് ബുധനേക്കാള്‍ ഇരട്ടി അകലത്തില്‍ നിന്നിട്ടും ബുധന് കിട്ടുന്ന സൌരോര്‍ജ്ജത്തിന്റെ 25% മാത്രം കിട്ടിയിട്ടും, ശുക്രന്‍ അതിന് കിട്ടുന്ന ഊര്‍ജ്ജത്തില്‍ കൂടുതലും പുറത്ത് വിടാതെ സൂക്ഷിക്കുന്നതിനാലാണ് അവിടെ ചൂട് കൂടുതലാകുന്നത്. ആ അന്തരീക്ഷത്തിന്റെ 96.5% ഉം നിറമോ മണമോ ഇല്ലാത്ത പാവം ഈ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. വേണമെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷം എന്ന് വിളിക്കാം. അതിനാല്‍ സൌരയൂഥത്തിലേക്കും ഏറ്റവും കൂടുതല്‍ ഹരിതഗ്രഹപ്രഭാവം ശുക്രനില്‍ സംഭവിക്കുന്നു. അതുകൊണ്ട് സൌരയൂഥത്തിലെ ഏറ്റവും ഉയര്‍ന്ന താപനില അവിടെ കാണുന്നു. ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രത വര്‍ദ്ധിക്കുന്നതിനനുസരിച്ച് അത് കുടുക്കി നിര്‍ത്തുന്ന താപത്തിന്റെ അളവും വര്‍ദ്ധിക്കും.

എന്നാല്‍ ബുധന്‍ സൂര്യന്റെ വളരെ അടുത്തായിട്ടും അതിന്റെ അന്തരീക്ഷത്തില്‍ ഈ വാതകമില്ലാത്തതിനാല്‍ അധികമായ ചൂടാക്കല്‍ അവിടെയുണ്ടാവില്ല. താപത്തെ താങ്ങി നിര്‍ത്താനായി അവിടെ ഒന്നുമില്ല. അതുകൊണ്ട് അതിന്റെ അന്തരീക്ഷം ശുക്രനേക്കാള്‍ തണുത്തിരിക്കുന്നു.

ശുക്രനില്‍ മനുഷ്യരോ വ്യവസായമോ വികസനമോ ഒന്നുമില്ല. സ്വാഭാവികമായാണ് അവിടെ CO2 ഉണ്ടായത്. CO2 ഉണ്ടെങ്കില്‍ അത് അതിന്റെ സവിശേഷ സ്വഭാവം കാണിക്കും. പ്രകൃതിയെ സംബന്ധിച്ചടത്തോളം ആര് എന്ത് ചെയ്യുന്നു എന്നല്ല, ഓരോ കാര്യത്തിനും അതിന്റെ സവിശേഷമായ വസ്തുനിഷ്ടമായ സ്വഭാവമുണ്ട്. എന്തൊക്കെയായാലും ആ സ്വഭാവങ്ങള്‍ പ്രവര്‍ത്തിക്കും. അത് നിങ്ങളുടെ അനുമതിയോ നിയമമോ അനുസരിക്കില്ല.

ഭൂമിയിലും ആ വാതകമുണ്ട്. സത്യത്തില്‍ ഭൂമിയിലെ ജീവന്റെ അനുയോജ്യമായ കാലാവസ്ഥ നല്‍കുന്നതില്‍ അതിന് വലിയ പങ്കുണ്ട്. അതും മറ്റ് ഹരിതഗൃഹവാതകങ്ങളും കോടിക്കണക്കിന് വര്‍ഷങ്ങളായി ഒരു സന്തുലിതാവസ്ഥയിലായിരുന്നു. അതാണ് നമുക്ക് ഒരു ആസൂത്രിത ജീവിതത്തിന്* അവസരം തന്നത്. പക്ഷേ വ്യാവസയായിക വിപ്ലവത്തിന് ശേഷം ഭൂമിക്കടിയില്‍ കുഴിച്ച് മൂടിക്കിടന്നിരുന്ന കാര്‍ബണ്‍ പുറത്തെടുത്ത് കത്തിക്കുന്നത് വഴി മുമ്പില്ലാതിരുന്ന കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുകയും അതിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അത് പല പോസിറ്റീവ് ഫീഡ്ബാക്ക് ചക്രങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്ഥിതി കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കുന്നു. 1750 വരെ 280 ppm ആയിരുന്നു അതിന്റെ സാന്ദ്രത. ഇപ്പോള്‍ അത് 410 ppm ആണ്. അതിന്റെ ഫലമായി കൂടുതല്‍ ചൂട് ഇവിടെ തങ്ങി നില്‍ക്കുന്നതിന് കാരണമായി. നമ്മുടെ കാലാവസ്ഥ മുമ്പില്ലാത്ത വിധം പ്രതികരിക്കുന്നതിന്റെ കാരണം അതാണ്.

***

* പല തലത്തിലുള്ള ആസൂത്രത ജീവിതമാണ് നമുക്കുള്ളത്.

നാം ഉപയോഗിക്കുന്നതൊന്നും നാം നിര്‍മ്മിക്കുന്നവയല്ല. ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങി അനേകം കാര്യങ്ങള്‍ നമുക്ക് വേണം. അതെല്ലാം നമുക്ക് വേണ്ട സമയത്ത് വേണ്ട അളവില്‍ എത്തിക്കുന്നതിന് വലിയ ആസൂത്രണം വേണം. അത് സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, നീതിന്യായം എന്ന് വിശാലമായ അര്‍ത്ഥത്തില്‍ വിഭജിച്ചിരിക്കുന്ന സംവിധാനമാണ് ചെയ്യുന്നത്. നമ്മുടെ പ്രവര്‍ത്തികളും വന്‍തോതില്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു. 8 മണിക്കൂര്‍ ജോലി ചെയ്ത് തിരിച്ച് വരുമ്പോള്‍ നമുക്ക് വാങ്ങാനായി അരി കടയിലെത്തിയിരിക്കും. അത് വേവിക്കാനുള്ള ഗ്യാസ് വീട്ടിലുണ്ടാവും. ഇതിന്റെ എല്ലാം അടിസ്ഥാനം ഭൂമിയിലെ പരിസ്ഥിതി സുസ്ഥിരതയാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )